രചന – നന്ദിത ദാസ്
ഉള്ളിൽ നിറയെ ഭീതിയുമായിട്ടാണ് ഞാൻ ഹോസ്പിറ്റലിന്റെ ഓരോ പടവുകളും ചാടി കയറിയത്….
അരുതാത്തത് ഒന്നും സംഭവിച്ചു കാണല്ലേ എന്ന പ്രാർത്ഥന ആയിരുന്നു മനസ്സ് നിറയെ… ICU ന്റെ വാതിൽക്കൽ നിൽക്കുന്നവരെ പോലും ശ്രദ്ധിക്കാതെ ഞാൻ അകത്തേക്ക് കയറുവാൻ ശ്രമിച്ചു….
“കുട്ടി… താൻ എന്താ ഈ കാണിക്കുന്നേ… അകത്തോട്ടു ആരെയും കടത്തി വിടില്ല…. ”
“സിസ്റ്റർ പ്ലീസ്… ഒരു തവണ… ഒരൊറ്റ തവണ ഞാൻ ഒന്ന് കണ്ടോട്ടെ…. ”
“ഇവിടെ കിടന്നു ബഹളം ഉണ്ടാകാതെ കുട്ടി… പറയുന്നത് കേൾക്കു… ഞാൻ ഡോക്ടറോട് ചോദിക്കട്ടെ… ”
കുറേ നേരത്തിനു ശേഷം അവർ വന്നു..
“ദിൽന ആണോ? കുറച്ചു മുൻപ് ഇവിടുന്നു വിളിച്ചത് കുട്ടിയെ ആണോ? ”
“അതെ… അത് ഞാൻ തന്നെയാ… ”
“എങ്കിൽ കുട്ടി അകത്തോട്ടു വന്നോളൂ… ഡോക്ടർ വിളിക്കുന്നുണ്ട്… ”
ശ്വാസം നിലച്ചു പോകുന്ന അവസ്ഥയിൽ വരെ എത്തിയിരുന്നു…
“ഡോക്ടർ… ”
“ദിൽന അല്ലേ… ഇരിക്കു… ഇത്ര ടെൻഷൻ ആകാൻ ഒന്നുല്ല…. ബോധം മറയുന്നതിനു മുൻപ് പേഷ്യന്റ് കുട്ടിയുടെ പേരാണ് പറഞ്ഞത്… അതാണ് ഞങ്ങൾ കൂടെ ഉണ്ടായിരുന്നവരുടെ കൈയിൽ നിന്നും നമ്പർ വാങ്ങി തന്നെ വിവരം അറിയിച്ചത്… പേടിക്കാൻ ഒന്നുല്ല… കുറേ ബ്ലഡ് പോയിട്ടുണ്ട്… അതിന്റെ ക്ഷീണം ഉണ്ട് ബോധം വരാൻ കുറച്ചു സമയം കൂടി എടുക്കും…. ”
“എനിക്കൊന്നു കാണണം ഡോക്ടറെ…. ഒരൊറ്റ പ്രാവിശ്യം മതി ”
“ബോധം വന്നോട്ടെ ഉടനെ കാണാം… ”
“മ്മ് ”
അവിടെ നിന്നും പുറത്തേക്കിറങ്ങുമ്പോളാണ് കരഞ്ഞു തളർന്നു റൂമിന്റെ വാതിൽക്കൽ നിൽക്കുന്നവരെ ഞാൻ ശ്രദ്ധിക്കുന്നത് തന്നെ…. എന്നെ കണ്ടപ്പോളേക്കും അവർ ഓടി വന്നു എന്നെ കെട്ടിപിടിച്ചു ഏങ്ങലടിച്ചു കരയാൻ തുടങ്ങി…
“ഞങ്ങളുടെ ചേച്ചിക്ക് എന്നതാ പറ്റിയെ ചേച്ചി… ഡെല്ലേച്ചിക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞങ്ങളും ജീവിച്ചിരിക്കില്ല ചേച്ചി…. ”
ഞാൻ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു…
“ഒന്നുല്ലടാ…. നിങ്ങളുടെ ചേച്ചിക്ക് ഒന്നും പറ്റില്ല… ബോധം വന്നാലുടൻ നമുക്ക് കയറി കാണാം കേട്ടോ… മക്കള് രണ്ടാളും സങ്കടപ്പെടണ്ട…. ”
ഞാൻ അത് പറഞ്ഞപ്പോൾ എന്റെ തോളിലേക്ക് ഒന്നൂടി ചാഞ്ഞു ആ കുട്ടികൾ കണ്ണീരു തുടച്ചു….
“പപ്പ അവിടെ ഒറ്റക്കല്ലേ മക്കളെ… രണ്ടാളും വീട്ടിലേക്കു പൊയ്ക്കോ… ചേച്ചി ഉണ്ടല്ലോ ഇവിടെ… ”
“പപ്പയെ നോക്കാൻ ആളെ ഏല്പിച്ചിട്ടാ ഞങ്ങൾ വന്നത്… ഡല്ലേച്ചിയെ കാണാതെ ഞങ്ങൾ പോവില്ല…. ”
“ഈ സമയത്തു വാശി വേണോ കുട്ടന്മാരെ… ആഹ് എങ്കിൽ പോട്ടെ ഞാൻ നിർബന്ധിക്കുന്നില്ല… പിന്നെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ… ”
“എന്താ ചേച്ചി? ”
“ആരാ സംഭവം ആദ്യം കണ്ടത്? പെട്ടെന്ന് എന്താ അവൾക്കു പറ്റിയത്? ”
“ഞാനാ ചേച്ചി ആദ്യം കണ്ടത്… കുഞ്ഞുസ് പപ്പയുടെ അടുത്തായിരുന്നു… കാശ് കൊടുക്കാൻ ഉള്ള ആരോ രാവിലെ വന്നു നല്ല വഴക്കാരുന്നു… പക്ഷേ അപ്പോൾ ചേച്ചിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയില്ല… ഉച്ചകഴിഞ്ഞു കുളപ്പടവിൽ പോയിരിക്കുന്ന പതിവുണ്ട് ചേച്ചിക്ക്… സാധാരണ ഉള്ള സമയം കഴിഞ്ഞും ചേച്ചിയെ കാണാത്തത് കൊണ്ടാണ് ഞാൻ അവിടേക്കു ചെല്ലുന്നത്… വെയിൻ കട്ട് ചെയ്തു കുളപ്പടവിൽ കിടക്കുന്ന രീതിയിലാണ് ഞാൻ ചേച്ചിയെ അവിടെ കാണുന്നത്…. എന്റെ നിലവിളി കേട്ടു ആരൊക്കെയോ ഓടി വന്നു ഹോസ്പിറ്റലിൽ ആക്കാൻ സഹായിച്ചു… അപ്പോളും ചെറിയ ബോധം ഉണ്ടായിരുന്നു…. ”
“മ്മ് പോട്ടെ… നിങ്ങൾ സമാധാനപ്പെടു… ഒന്നും സംഭവിച്ചില്ലലോ…. എല്ലാം ശരിയാകും…. ”
“ഡെല്ലക്കു ബോധം തെളിഞ്ഞിട്ടുണ്ട്…. കുട്ടി കയറി കണ്ടോളു… ”
“ഞങ്ങൾക്കും കാണണം ചേച്ചിയെ ”
“ഇപ്പോൾ വാശി പിടിക്കല്ലേ മക്കളേ… ഞാൻ കയറി സംസാരിച്ചിട്ട് വരാം… നിങ്ങൾ ഇവിടെ ഇരിക്കു….”
“മ്മ് ”
അകത്തേക്ക് കയറി ചെന്നപ്പോൾ ഡെല്ല റൂമിന്റെ ചുവരിലേക്കു കണ്ണും നട്ട് കിടക്കുവായിരുന്നു… എന്നെ കണ്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി… ഞാൻ അവളുടെ അടുത്ത് ചെന്നു ആ കണ്ണുനീർ തുടച്ചു… അവളുടെ കൈ എടുത്തു നോക്കി സൗമ്യമായി ചോദിച്ചു…
“എല്ലാം നിന്നോട് ഞാൻ പറഞ്ഞു തന്നതല്ലേ…. ആ കുഞ്ഞുങ്ങളെയും എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്ന ആ മനുഷ്യനെയും ഒരു നിമിഷമെങ്കിലും നീ മറന്നു കളഞ്ഞില്ലേ മോളെ… ”
എന്റെ കൈകൾ കൂട്ടി പിടിച്ചു അവൾ പൊട്ടിക്കരഞ്ഞു… വാക്കുകൾ കിട്ടാതെ ഒരുപാട് വിഷമിച്ചു ഞങ്ങൾ…
“എനിക്ക് വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല… ആകെ ഉള്ള ആശ്രയം മരണം മാത്രം ആണെന്ന് ഒരു നിമിഷം തോന്നിപ്പോയി… മരിക്കാൻ തീരുമാനിച്ചപ്പോളും മനസ്സ് നിറയെ അനിയത്തിമാരും പപ്പയും കൂടെ പിറക്കാതെ കൂടപ്പിറപ്പായി മാറിയ നീയും മാത്രം ആയിരുന്നു…. ”
“എല്ലാം പരിഹരിക്കാമെന്ന് ഞാൻ പറഞ്ഞതല്ലേ… എന്നിട്ടും നീ? ”
“ഇത് നിന്നെക്കൊണ്ട് പരിഹരിക്കാൻ ആവില്ല മോളെ… മനസിന്റെ താളം തെറ്റിപ്പോയി… കുറച്ചു ദിവസമായി വല്ലാത്ത അസ്വസ്ഥത തുടങ്ങിയിട്ട്… ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല… പക്ഷേ ഉള്ളിൽ എവിടെയോ ചെറിയ ചില സംശയങ്ങൾ ഉണ്ടായിരുന്നു… ഒടുവിൽ അത് സത്യമാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ…. ”
“നീ എന്താ പറഞ്ഞു വരുന്നത്? ആർ യു ക്യാരിയിങ്? ”
“യെസ്… ഐ ആം പ്രെഗ്നന്റ് ”
“എന്റെ കർത്താവേ…. തീച്ചൂളയിൽ ആക്കിയാല്ലോ നീ ഞങ്ങളെ…
ഇനി ഇപ്പോൾ എന്താടി ചെയ്യുന്നേ… ”
“എനിക്കൊന്നും അറിഞ്ഞുകൂടാ… എന്റെ അനിയത്തിമാരുടെ മുഖത്ത് ഞാൻ ഇനി എങ്ങനെ നോക്കും… പിഴച്ചു പോയില്ലേ അവരുടെ ചേച്ചി… ”
വീണ്ടും ഓരോന്ന് പറഞ്ഞു അവൾ കരയാൻ തുടങ്ങി…
“ആദ്യം ഈ കരച്ചിൽ ഒന്ന് അവസാനിപ്പിക്കു… നീ തെറ്റൊന്നും ചെയ്തിട്ടില്ലലോ… ഇനി ഒരൊറ്റ വഴിയേ ഉള്ളു… ജിതിനെ ഇവിടെ വരുത്തണം… ”
“വേണ്ടടി… വേണ്ട… എന്തായാലും ഇത്രയും ആയില്ലേ… ഈ കുഞ്ഞിനെ ഞാൻ കൊല്ലാനൊന്നും പോകുന്നില്ല… അയാൾ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ… ദൂരെ നിന്നെങ്കിലും ചൂണ്ടി കാണിക്കാമല്ലോ എന്റെ കുഞ്ഞിന്റെ അച്ഛൻ ആണെന്ന്… നീ എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി… ”
“പിന്നേ ഒന്ന് പോടീ… ജിതിൻ ഇവിടെ വരും… ഞാൻ വരുത്തും… ഇതെന്റെ ഉത്തരവാദിത്തം ആണ്… അതുപോലെ ഇപ്പോൾ എന്റെ ആവിശ്യവും ആയി പോയി… ”
ഞാൻ വിളിച്ചു മിനിറ്റുകൾക്കകം ജിതിൻ പാഞ്ഞെത്തി…
“എന്താടോ… എന്തിനാ ഇവിടെ വരാൻ പറഞ്ഞത്? ”
“അകത്തേക്ക് വാ… ഒരാളെ കാണിച്ചു തരാം… ”
ഡെല്ലയെ അകത്തുകണ്ട ജിതിൻ ഒന്ന് ഞെട്ടി… അയാളെ കണ്ടപ്പോൾ അവളും…നിറ കൺകളോടെ അവൾ അയാൾക്ക് നേരെ മുഖം തിരിച്ചു…
“എന്തിനാ എന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്… ഇവളെ കാണിക്കാനോ… ഞാൻ പറഞ്ഞതല്ലേ ഇവളെ എനിക്ക് ഭാര്യ ആയി കാണാൻ പറ്റില്ലാന്ന്… ”
“താൻ ചൂടാകാതെ… ഭാര്യ ആക്കാൻ ഞാൻ പറഞ്ഞില്ലാലോ… ഇപ്പോൾ വിളിപ്പിച്ചതിനു ഒരു കാരണം ഉണ്ട്… അത് താൻ അറിയണമെന്ന് തോന്നി…
ഡെല്ല പ്രെഗ്നന്റ് ആണ്… സൂയിസൈഡ് നു ശ്രമിച്ചു പരാജയപ്പെട്ടു കിടക്കുവാണ് ഇവൾ… കുഞ്ഞിനെ നശിപ്പിക്കാൻ ഞാൻ എത്ര പറഞ്ഞിട്ടും ഇവൾ അനുസരിക്കുന്നില്ല… അച്ഛനില്ലാത്ത കുഞ്ഞിനെ വളർത്തുമെന്ന വാശിയിലാണ് ഇപ്പോൾ… ആ കുഞ്ഞിന്റെ അച്ഛൻ ആരാണെന്നു എനിക്കറിയാം… ഡെല്ലക്കും… കൂടാതെ മൂന്നാമത് ഒരാൾക്കും… ആ മൂന്നാമൻ ആരാണെന്നു ഊഹിക്കാമല്ലോ… ”
ഞെട്ടി വിളറി വെളുത്തു നിൽക്കുവാണ് പുള്ളി… പക്ഷേ എന്റെ പ്രതീക്ഷയെ എല്ലാം തെറ്റിച്ചുകൊണ്ട് അയാൾ ഡെല്ലക്ക് അരികിലേക്ക് നടന്നടുത്തു…
“സത്യമാണോ… സത്യമാണോ ഞാൻ ഈ കേട്ടത് ഡെല്ല… നീ പറ… എന്റെ കുഞ്ഞു നിന്റെ വയറ്റിൽ ഉണ്ടോ…? ”
“എന്റെ കുഞ്ഞാണ്… എന്റെ മാത്രം കുഞ്ഞ്… നിങ്ങൾ പൊയ്ക്കോ ആരോടും ചൂണ്ടി കൊടുക്കില്ല ഞാൻ എന്റെ കുഞ്ഞിന്റെ അച്ഛൻ ആണെന്ന്.. ”
“നിന്റെ മാത്രം കുഞ്ഞോ… നമ്മുടെ കുഞ്ഞെന്നു പറ ഡെല്ലേ… ”
അവർക്ക് തമ്മിൽ പരസ്പരം സംസാരിക്കാനുള്ള അവസരം കൊടുത്തു ഞാൻ റൂമിനു വെളിയിൽ ഇറങ്ങി… എല്ലാം നന്നായി വരണമെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു…
“നിന്നോട് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റ് ചെയ്തവനാ ഞാൻ… കുറച്ചു നിമിഷം വരെ മനസ്സുകൊണ്ട് പോലും നിന്നെ ഇഷ്ടപ്പെടാൻ എനിക്ക് കഴിഞ്ഞിട്ടില്ല… പക്ഷേ… എന്റെ കുഞ്ഞ് നിന്റെ വയറ്റിൽ ഉണ്ടെന്നറിഞ്ഞ നിമിഷം മുതൽ… ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ നിന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു… എന്റെ ചോരയാണ് നിന്റെ വയറ്റിൽ കുരുത്തതെങ്കിൽ എന്റെ കുഞ്ഞായി തന്നെ ആ കുഞ്ഞു വളരും…
എന്നോട് ക്ഷമിക്കാൻ നിനക്കു കഴിയുമെങ്കിൽ ഈ നിമിഷം നിന്നെ ഞാൻ എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് പോകും… ”
“നിങ്ങളുടെ ഈ മാറ്റം എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല… ”
“തെറ്റുകൾ ഒരുപാട് ചെയ്തിട്ടുണ്ട് ഞാൻ… അതെല്ലാം തെറ്റാണെന്നു മനസ്സിലാക്കാനും തിരുത്താനും എനിക്ക് ദിൽന വേണ്ടി വന്നു… ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് നിന്നിലൂടെ തന്നെ തിരുത്തും ഞാൻ… ”
“വിശ്വസിച്ചോട്ടെ ഞാൻ… ആരും തുണ ഇല്ലാത്തവളാണ്… ഒരിക്കൽ നിങ്ങളായിട്ട് എന്റെ ജീവിതം നശിപ്പിച്ചതാണ്… ഇനി ഒരു ചതി കൂടി താങ്ങാൻ പറ്റില്ല… ”
“വിശ്വസിച്ചോളൂ… എനിക്ക് വേണം എന്റെ കുഞ്ഞിനെ… അവന്റെ അമ്മയെയും… ”
അത്രയും പറഞ്ഞു ജിതിൻ റൂം വിട്ടു പുറത്തിറങ്ങി…
“ദിൽന… തന്നോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല… എന്റെ കണ്ണ് തുറപ്പിച്ചതിനു… എന്നെ ഒരു മനുഷ്യനാക്കിയതിനു… നന്ദി… നന്ദി… തന്റെ മനസ്സ് ഒരുപാട് വേദനിപ്പിച്ചതിനു സോറി… എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്ന അവളെ ഉപേക്ഷിക്കാൻ എനിക്കാവില്ല… ഇതുവരെ ഞാൻ ചെയ്തു പോയ സകലത്തിനും ക്ഷമ ചോദിക്കുന്നു… കല്യാണം ആലോചിച്ചു വന്നതിനും എല്ലാം… ഒരു നല്ല സുഹൃത്തായി താൻ എന്റെയും ഡെല്ലയുടെയും കൂടെ ഉണ്ടാകണം…. ”
ജിതിന്റെ വാക്കുകളിലെ ആത്മാർത്ഥത ആ കണ്ണുനീരിൽ എനിക്ക് കാണാൻ കഴിഞ്ഞു…
“ഡെല്ല വെറും പാവം ആണ്… പൊട്ടി പെണ്ണാണ്… ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ അവളുടെ ചുമലിൽ ആണ്… താൻ അവൾക്കൊരു ജീവിതം കൊടുക്കുവാണെങ്കിൽ… അവളെ സംരക്ഷിക്കുമെന്ന് ഉറപ്പ് തരിക ആണെങ്കിൽ ഇതുവരെ ഉള്ള തന്റെ എല്ലാ തെറ്റും കർത്താവ് ക്ഷമിക്കും… ഒരു പുതു മനുഷ്യനായി ജീവിക്കു… നമ്മൾ മൂന്നുപേരും അല്ലാതെ പുറത്താരും ഇത് അറിയാനും പോകുന്നില്ല… എന്റെ പപ്പയോടു ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം… തന്റെ വീട്ടുകാരെ താൻ പറഞ്ഞു സമ്മതിപ്പിക്കു… എത്രയും പെട്ടെന്ന് അവളെ വീട്ടിലേക്കു കൂട്ടികൊണ്ടു പോകണം… ”
“തീർച്ചയായും… ഞാൻ എങ്കിൽ ഹോസ്പിറ്റൽ ബില്ല് അടച്ചിട്ടു വരാം.. ദിൽന ഡെല്ലയുടെ അടുത്ത് ഉണ്ടാകണേ… ഞാൻ പെട്ടെന്ന് വരാം… ”
“മ്മ് ഒക്കെ ”
“നീ പറ വിശ്വസിക്കണോ ഞാൻ അയാളെ? ”
“നൂറു ശതമാനം വിശ്വസിച്ചോളൂ… നമ്മുടെ പഴയ ബോസ് അല്ല ജിതിൻ ഇപ്പോൾ… മാനസാന്തരം വന്ന നല്ല ഒരു വ്യക്തിയാണ്… ദിവസവും പ്രാർത്ഥിക്കുന്നതിന്റെ ഗുണം കണ്ടില്ലേ മോളെ… തക്ക സമയത്തു നന്മ ചെയ്യാൻ സർവ്വശക്തനായ ഗോഡിന് മാത്രമേ കഴിയു… ഇനി നീ ആ കൈകളിൽ സുരക്ഷിത ആണ്… ”
“എനിക്കൊന്നും ഇപ്പോളും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല… നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്നേ…. ”
ബാക്കി പറയാൻ ഞാൻ അവളെ അനുവദിച്ചില്ല…
ഫോൺ റിങ് ചെയ്യുന്നത് നോക്കിയപ്പോൾ എബി
“ഹെലോ… താൻ ഇത് എവിടെ പോയി കിടക്കുവാ… ചുമ്മാ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ… ”
“ടെൻ മിനിറ്റിനുള്ളിൽ ഞാൻ എത്തിക്കോളാം എബി… ”
എന്തായാലും ജിതിന്റെ ചാപ്റ്റർ ക്ലോസ്… ശരിക്കും ഒരു റിലാക്സേഷൻ തോന്നുന്നുണ്ട് ഇപ്പോൾ 😁
(തുടരും )

by