09/05/2026

ജീവന്റെ പാതി : ഭാഗം 09

രചന – രോഹിണി ആമി

ചുറ്റിനും നോക്കിയിട്ടും ജീവനെ കണ്ടില്ല…….. ഇനി ഇട്ടിട്ടു പോയിട്ടുണ്ടാവുമോ…….അതും ചെയ്യും…….. എനിക്കാണെങ്കിൽ വഴിയും നിച്ഛയമില്ല……… ഇന്ദു ഓർത്തു……. അമ്പലത്തിനു വെളിയിൽ വന്നപ്പോൾ കണ്ടു ബൈക്കിൽ ചാരി നിന്ന് എന്തോ ആലോചിക്കുന്ന ജീവനെ ……. എനിക്കിട്ട് അടുത്ത പണി എന്തു തരാമെന്ന് ആലോചിക്കുവാ ദുഷ്ടൻ……..

ഇതിനും വേണ്ടി പാപങ്ങൾ ചെയ്തു കൂട്ടിയിരുന്നോ…….. എന്തൊരു പ്രാർത്ഥന ആയിരുന്നു…… തന്റെ നേരെ നടന്നു വരുന്ന ഇന്ദുവിനോട് ചോദിച്ചു………

തിരിച്ചൊന്നും പറയാതെ ഇന്ദു ഇലക്കീറിൽ നിന്നും വിരലിൽ തോണ്ടി ചന്ദനം എടുക്കുന്നത് കണ്ട് ജീവൻ നെറ്റിയിൽ പാറിക്കിടന്ന മുടി ഒതുക്കി……….. ഇന്ദ്രന് വേണ്ടി കഴിപ്പിച്ച പ്രസാദം ആണെങ്കിലും തൊട്ടു തരുന്നത് എന്റെ ഇന്ദുവല്ലേ…….. അത് വേണ്ടാന്നു പറയാൻ ജീവനാവില്ല…….. പക്ഷേ അവളത് ബൈക്കിന്റെ മുന്നിൽ തൊട്ടു വെച്ചു…….. അതിലൊരു തുളസിയിലയും ഒട്ടിച്ചു വെച്ചു………

ഈശ്വരാ നീയെന്നെ രക്ഷിച്ചു……… എങ്ങാനും ഇപ്പോൾ നെറ്റി കാണിച്ചു കൊടുത്തിരുന്നെങ്കിൽ ചമ്മി ഒരുവഴി ആയേനെ……

ഇന്ന് എന്റെ ഏട്ടന്റെ ബർത്ത്ഡേ ആണ്…….. അതുകൊണ്ടാണ് ജീവൻ പറയുന്നതും ചെയ്യുന്നതുമെല്ലാം സഹിച്ചു കൂടെ വന്നത്……. എന്നുവെച്ചു കൂടുതൽ അങ്ങ് ആളാവണ്ട……. ഇനിയും സഹിച്ചുവെന്ന് വരില്ല ഞാൻ…….. കേട്ടല്ലോ……..

അതും പറഞ്ഞു കിട്ടിയ പ്രസാദത്തിൽ നിന്നും അവലും പഴം നുറുക്കിയതും തേങ്ങാക്കൊത്തും മടമടാന്ന് തിന്നുവാ…….. ഇവിടെ മനുഷ്യന്റെ വയറ്റിൽ തീവണ്ടി ഓടുവാ……. അതിൽ കുറച്ചു എനിക്കൂടെ തന്നു കൂടെ…….. അതെങ്ങനെ അവന്റെയല്ലേ പെങ്ങൾ………. മനുഷ്വത്വം തൊട്ടു തീണ്ടിയിട്ടുണ്ടോ………. ഓർത്തു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ഇന്ദു പ്രസാദം നീട്ടിയിരുന്നു…… വാങ്ങണമെന്നും കഴിക്കണമെന്നുമുണ്ട്……. പക്ഷേ അഭിമാനം എന്നൊന്നുണ്ടല്ലോ…… സമ്മതിച്ചു തരണ്ടേ…….

കുറച്ചു നേരം നീട്ടിപ്പിടിച്ചിട്ടും എടുക്കുന്നില്ലന്നു തോന്നിയപ്പോൾ ഇന്ദു കൈവലിച്ചു……. ഒന്നു ജീവനെ സൂക്ഷിച്ചു നോക്കി…….. ആ നോട്ടത്തിലൂടെ അവൾ എന്തൊക്കെയോ പറയുന്ന പോലെ തോന്നി ജീവന്……… ഒന്നും പറയാതെ ഇന്ദു ബൈക്കിൽ കയറി……… ഇങ്ങോട്ടു പോന്നപ്പോൾ ഉണ്ടായിരുന്ന ആ ഒരു ഉന്മേഷം തിരിച്ചു പോകുമ്പോൾ ഉണ്ടായിരുന്നില്ല ജീവന്……. അവളുടെ നോട്ടം തന്റെ മനസ്സിനെ വല്ലാതെ താളം തെറ്റിക്കുന്നു …… ഇന്ദ്രനോടുള്ള പകയും പ്രതികാരവും കഴിയുമ്പോൾ പിന്നീട് സ്നേഹിക്കുവോ എന്നെ അവൾ………. വെറുപ്പായിരിക്കില്ലേ……… തന്നെ ഇട്ടിട്ടു പോകില്ലേ…… പിന്നെ താൻഇപ്പോൾ എന്തിനാ ഇത്രയുമധികം സ്നേഹിക്കുന്നത് അവളെ……. ലക്ഷ്യം പൂർത്തിയാകുമ്പോൾ സന്തോഷം എന്നൊന്ന് തന്റെ ജീവിതത്തിൽ നിന്നേ പോയിടും…….. ഇന്ദുവെന്ന തന്റെ സന്തോഷം……

വന്ന വഴിയേ അല്ല തിരിച്ചു പോകുന്നത്…….ഇന്ദു ചുറ്റും നോക്കി….. ഇത് നല്ല റോഡാണ്…… അപ്പോൾ മനഃപൂർവം തന്നെ കുടുസ്സിൽ കൂടി കൊണ്ടുവന്നതാണ്……… ഗ്ലാസ്സിൽ കൂടി ജീവനെ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ വല്യ ചിന്തയിലാണ് ആള്……. കണ്ണു രണ്ടും കലങ്ങി….. ചുവന്ന്……. ഇങ്ങനെ കാണുമ്പോൾ മനസ്സിൽ പേടിയാണ്…….. ഏട്ടനെ ഓർത്തു……. ധൈര്യം തന്റെ മുഖത്ത് മാത്രമേ ഉള്ളൂ…….. ഇപ്പോഴും ഏട്ടന്റെ തൊട്ടാവാടിയാണ്…….

ജീവന് ചില നേരം തന്നോടുള്ള സമീപനം കാണുമ്പോൾ പറയണമെന്നുണ്ട്…….. പറയാൻ വന്നതുമാണ്…….. ഏട്ടനെ വെറുതെ വിട്ടേക്ക്…… പകരം ഈ ഇന്ദുവിന്റെ ജീവൻ എടുത്തോളാൻ……. പക്ഷേ എന്ത് അധികാരത്തിൽ പറയും ഞാൻ……. ഏതു ബന്ധം വെച്ചു പറയും ഞാൻ………. ജീവന്റെ വാക്കുകളും പ്രവൃത്തിയും അതുപോലെ മുറിവേൽപ്പിച്ചു തന്നെ…….. മുറി കൂടാത്തവിധം……. ഗ്ലാസ്സിൽ കൂടി രണ്ടാളുടെയും കണ്ണുകൾ കൂട്ടിമുട്ടി…….. ഇന്ദു നോട്ടം മാറ്റിക്കളഞ്ഞു…….

വീട്ടിലെത്തിയതും ബൈക്ക് സ്റ്റാൻഡിൽ വെയ്ക്കും മുന്നേ ജീവൻ പറഞ്ഞു…….. ഇന്ദൂ…… എനിക്കു നന്നായിട്ട് വിശക്കുന്നു……

മുറിയിലേക്ക് പോകാതെ ടേബിളിൽ പ്രസാദം വെച്ചിട്ട് ജീവന് ഭക്ഷണം എടുത്തു വെച്ചു…….. തിരിച്ചു മുറിയിലേക്ക് പോകാൻ പ്രസാദം എടുക്കുമ്പോൾ ജീവൻ ചോദിച്ചു ……..

നിനക്ക് വിശക്കുന്നില്ലേ ഇന്ദൂ…… വാ….. വന്നു കഴിച്ചിട്ട് പോ…….

എനിക്കിപ്പോൾ വേണ്ടാ…… ഞാൻ പിന്നെ കഴിച്ചോളാം…….

അതെന്താ….. അവന്റെ ബർത്ത്ഡേയ്ക്ക് ഉപവാസം എടുത്തു കൊള്ളാമെന്ന് നേർച്ച വല്ലതുമുണ്ടോ…….. മര്യാദക്ക് വന്നു കഴിച്ചോ….. ഇന്നലെ രാത്രി കൂടി ഒന്നും കഴിച്ചിട്ടില്ല നീ….. പട്ടിണി കിടന്നു ആരേയും തോൽപ്പിക്കാൻ ശ്രമിക്കേണ്ട…….. നടക്കില്ല അത്….. ജീവൻ ദേഷ്യത്തിൽ പറഞ്ഞു……..

ആകെ വിഷമത്തിൽ നിന്ന ഇന്ദൂന് അത് കെട്ടപ്പോൾ ദേഷ്യം തോന്നി ജീവൻ എന്ന മനുഷ്യനോട്……….. പിന്നെ ഏട്ടനെ മര്യാദയില്ലാതെ അവൻ ഇവൻ എന്നൊക്കെ വിളിച്ചതിനും…….

ഞാൻ കൂടെ ഇരിക്കുന്നതും കഴിക്കുന്നതും നിങ്ങൾക്ക് വെറുപ്പല്ലേ……. അത് മാറ്റണ്ട……. ഞാൻ എനിക്ക് ആവശ്യമുള്ളപ്പോൾ അടുക്കളയിൽ ഇരുന്നു കഴിച്ചോളാം…… അത് ആരേയും തോൽപ്പിക്കാനൊന്നുമല്ല…… എനിക്ക് സ്വയം ബോധ്യമാകാനാണ്…… ഈ വീട്ടിൽ ഞാൻ എന്താണെന്നും……. ആരാണെന്നും……..

ഇന്ദു പറഞ്ഞു മുഴുമിപ്പിക്കുന്നതു മുന്നേ ജീവൻ ചാടിയെഴുന്നേറ്റ് കഴിച്ചിരുന്ന പ്ലേറ്റ് തട്ടി താഴേക്കിട്ടു…… ദേഷ്യത്തിൽ ഇന്ദുവിന് അരികിലേക്ക് വന്നു…….

ഇന്ദു ഒരടി പ്രതീക്ഷിച്ചതു പോലെ കണ്ണു രണ്ടും ഇറുക്കി പൂട്ടി നിന്നു….. കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കം ഇല്ലാഞ്ഞു കണ്ണു തുറന്നു……… അവിടെ ജീവൻ ഉണ്ടായിരുന്നില്ല….. പതിയെ നിലത്തു ചിതറി കിടക്കുന്ന ഭക്ഷണം കോരിയെടുക്കുമ്പോൾ കണ്ടു തന്നെ നോക്കി വാതിലിനരികിൽ നിൽക്കുന്ന അമ്മയെ……. കണ്ടാലറിയാം…….. പിറകിൽ അച്ഛനും ഉണ്ട്…….. അമ്മയുടെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു……… ഞാൻ കണ്ടുവെന്ന് മനസ്സിലായതിനാലാവും രണ്ടാളും അകത്തേക്ക് കയറിപോയി……

എത്രയൊക്കെ പറഞ്ഞാലും പ്രവൃത്തിച്ചാലും ജീവനോട് തിരിച്ചൊരക്ഷരം മിണ്ടരുതെന്ന് കരുതും……. പക്ഷേ…. വിഷമം അടക്കാൻ വയ്യാണ്ടാകുമ്പോൾ പൊട്ടിത്തെറിച്ചു പോകും……. അറിയാതെ……. ഇന്നാണെങ്കിൽ മനസ്സിൽ നിറയെ തനിച്ചിരിക്കുന്ന ഏട്ടന്റെ മുഖമാണ്…….. ആകെയൊരു വല്ലാത്ത അവസ്ഥയിലാണുള്ളത്………. തിരുമേനിയുടെ വാക്കുകൾ കൂടി കെട്ടപ്പോൾ ഭയം ഇരട്ടിച്ചു…….
പഴയ അവസ്ഥയിൽ ഇനിയും ഏട്ടൻ പോയാൽ……………

തിരിച്ചു റൂമിലേക്ക്‌ നടന്നു……… വാതിൽക്കൽ എത്തിയപ്പോൾ അകത്തു കണ്ട കാഴ്ച ഇന്ദുവിനെ ഒന്നു ഞെട്ടിച്ചു ……

ജ്യോതി രണ്ടു കൈമുട്ടും കുത്തി എഴുന്നേൽക്കാൻ ശ്രമിക്കുന്നു…….. തല പൊങ്ങുന്നില്ല……. പക്ഷേ ശരീരം ചെറുതായി പൊങ്ങുന്നുണ്ട്……. എങ്ങോട്ടോ അവൾ ശ്രദ്ധിക്കുന്നുണ്ട്……. എന്തോ ഒരു തിടുക്കവും………. ജ്യോതിയുടെ കണ്ണുകൾ പോകുന്നിടത്തേക്ക് ഇന്ദുവും നോക്കി…….. മിനി ടേബിളിൽ ഇരിക്കുന്ന തന്റെ മൊബൈലിലേക്കാണ് അവളുടെ ശ്രദ്ധ…….. ഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ട്……. ആരോ കാൾ ചെയ്യുന്നുണ്ട് തന്നെ……. അത് എടുക്കാൻ ശ്രമിക്കുകയാണ് അവൾ…….. വീണ്ടും വീണ്ടും ശ്രമിക്കുകയാണ്……

ഇന്ദു അകത്തേക്ക് കയറി…….. ഇന്ദുവിനെ കണ്ടതും ജ്യോതി കണ്ണു കൊണ്ട് മൊബൈൽ കാണിച്ചു…….. എടുക്കാൻ പറഞ്ഞു…….

ഏട്ടനാണ്…….. കുറച്ചു മിസ്സ് കാൾ കിടപ്പുണ്ട്……..എടുത്തതും ഇങ്ങോട്ടു കുറെ ചോദ്യങ്ങൾ………

എവിടായിരുന്നു ഇന്ദൂ…… എത്ര നേരമായി ഞാൻ കിടന്നു വിളിക്കുന്നു……..

ഞാൻ അമ്പലത്തിൽ പോയിരുന്നു ഏട്ടാ……. അതാണ്…… ഇപ്പോൾ വന്നതേ ഉള്ളൂ…….

ഞാനും പോയിരുന്നു……..നീ ഇങ്ങോട്ടു വിളിച്ചില്ലല്ലോ…… അതുകൊണ്ട് നിന്നെ ഒന്നു വിളിക്കാൻ തോന്നി…….. വേറൊന്നുമില്ല……. കഴിച്ചോ നീ…….

ഇല്ല ഏട്ടാ……. കഴിക്കണം……

ശരി എങ്കിൽ……… ഇടയ്ക്ക് വിളിക്കണേ ഇന്ദൂട്ടി……….

മ്മ്……. മൂളിക്കേട്ടിട്ട് കാൾ കട്ട്‌ ചെയ്തു………. ഏട്ടന്റെ വിഷമം ആയിരുന്നില്ല അപ്പോൾ ഇന്ദുവിന്റെ മനസ്സിൽ……… ഏട്ടന്റെ കാൾ അറ്റൻഡ് ചെയ്യാൻ ജ്യോതി കാണിച്ച തിടുക്കം……… എഴുന്നേൽക്കാൻ ശ്രമിച്ചത്…. അറ്റൻഡ് ചെയ്തു കഴിഞ്ഞപ്പോൾ ജ്യോതിയുടെ മുഖത്തു കണ്ട സന്തോഷവും ആശ്വാസവും ……… എന്തൊക്കെയോ ഇന്ദുവിന്റെ മനസ്സിൽ കൂടി മിന്നിപ്പോയി……..

എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല ജ്യോതി…… ഞാൻ കണ്ടു നീ എഴുന്നേൽക്കാൻ ശ്രമിച്ചത്……..ശരിക്കും അത്ഭുതം തോന്നുന്നു…… ഈ കിടക്ക വിട്ട് എഴുന്നേൽക്കാൻ നീ തന്നെ ശ്രമിക്കണം മോളേ ……… ശ്രമിച്ചാൽ നടക്കും…… എനിക്ക് നല്ല വിശ്വാസമുണ്ട്………

ഇന്ദു ജ്യോതിയുടെ കൈയിൽ പിടിച്ചു പറഞ്ഞു……… ജ്യോതി തിരിച്ചു ഇന്ദുവിന്റെ കയ്യെടുത്തു ചുണ്ടിൽ വെച്ചു…….. രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞൊഴുകി……..ആരോടും പറയരുതെന്ന് വിലക്കി അവൾ…….. അതെന്താന്നു ചോദിച്ചപ്പോൾ ഒരു കള്ളച്ചിരി ചിരിച്ചു കാണിച്ചു……. സർപ്രൈസ് ആണോ……. ഇന്ദു ചോദിച്ചതിന് വീണ്ടും അതുപോലെ ചിരിച്ചു ജ്യോതി…….. തലയാട്ടി പ്രസാദത്തിൽ നിന്നും ചെറിയൊരു ശർക്കര തുണ്ട് വായിൽ വെച്ചു കൊടുത്തു ഇന്ദു……

തന്റെ ഊഹം ശരിയാണെങ്കിൽ ജ്യോതിയുടെ മനസ്സിൽ തന്റെ ഏട്ടന് വലിയൊരു സ്ഥാനം ഉണ്ട്……. അത് ഏത് സ്ഥാനം മാത്രമെന്ന് അറിയില്ല…….ഏട്ടനെക്കുറിച്ചു പറയുമ്പോഴും ഇപ്പോൾ ഏട്ടന്റെ കാൾ എടുക്കാൻ കാണിച്ച തിടുക്കവും അതിന് തെളിവാണ്…… നോക്കാം എന്താവുമെന്ന്………. എവിടെ വരെ പോകുമെന്ന്………

വിശപ്പിന്റെ വിളി തുടങ്ങിയിരിക്കുന്നു…….. ഇന്ദു കഴിച്ചിട്ട് വരാമെന്നു പറഞ്ഞു ജ്യോതിക്കരികിൽ നിന്നും എഴുന്നേറ്റു………. കഴിക്കാൻ കയ്യിലെടുത്തപ്പോഴാണ് ഓർത്തത് ജീവൻ കഴിക്കാതെ പോയ കാര്യം……….. അതും നല്ല വിശപ്പുണ്ടായിരുന്നു ജീവന്……… വീട്ടിൽ എല്ലാവർക്കും കഴിക്കാൻ എടുത്തു വെച്ചിട്ട് മാത്രം കഴിക്കാനിരിക്കുന്ന അമ്മയെ ഓർത്തു……. കഴിക്കാനെടുത്തത് അവിടെ വെച്ചിട്ട് ജീവന്റെ റൂമിലേക്ക്‌ പോയി…….

മുറിയിലേക്ക് കയറണോ വേണ്ടയൊന്ന് ആലോചിച്ചു നിന്നു………. പിന്നെ ഡോറിൽ പതിയെ തട്ടി…….. കുറച്ചു നേരം തട്ടിയപ്പോൾ ജീവൻ വാതിൽ തുറന്നു…… തന്നെ കണ്ടതും മുഖത്ത് എന്തോ ഭാവമാറ്റം……

കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്……. വന്നു കഴിക്ക്……..

എനിക്കു വേണ്ടാ…….. ആവശ്യമുണ്ടേൽ ഞാൻ എടുത്തു കഴിച്ചോളാം……. ആരും കഷ്ടപ്പെടേണ്ട…….. അതും പറഞ്ഞു അകത്തേക്ക് പോയി………. ഇന്ദു വാതിൽക്കൽ തന്നെ നിന്നു പറഞ്ഞു………

ഞാൻ പറഞ്ഞൂന്നേ ഉള്ളൂ……… കഴിക്കുന്നതും കഴിക്കാതെ ഇരിക്കുന്നതും ജീവന്റെ ഇഷ്ടം……. ഭക്ഷണം തട്ടിയെറിയുമ്പോൾ അത് കിട്ടാതെ വിഷമിക്കുന്ന ഒരുപാട് പേരുണ്ട് എന്നോർക്കണം…… കുഞ്ഞുങ്ങൾ ഉൾപ്പെടെ….. മകൻ ചെയ്യുന്നത് കണ്ട് കണ്ണു നിറച്ചു ഒരമ്മ മുറിയിലിരുപ്പുണ്ട്…….. അവരെയൊന്ന് ഓർത്താലും മതി…… എന്തായാലും ഞാൻ കഴിക്കാൻ പോകുവാണ്………. അഹങ്കാരം ഫുഡിനോട്‌ തീർക്കില്ല ഞാൻ…….

എടുത്തത് കഴിക്കാൻ തോന്നുന്നില്ല……… വീട്ടിൽ ഒരാൾ പട്ടിണി കിടക്കുമ്പോൾ എങ്ങനെ കഴിക്കും…… ശീലിച്ചിട്ടില്ല……. ഇന്ദു കഴിക്കാതെ എഴുന്നേൽക്കാൻ തുടങ്ങവേ അടുത്ത് ജീവൻ വന്നിരുന്നത് അറിഞ്ഞു……. അമ്മ വിളമ്പിക്കൊടുക്കു ന്നതും കണ്ടു………. അടുക്കളയിൽ ഇട്ടിരിക്കുന്ന ചെറിയൊരു മേശയാണ്……. ഇതാണ് തന്റെ മാത്രം ഡൈനിങ്ങ് ടേബിൾ……… എന്തിനാ ജീവൻ ഇവിടെ വന്നിരിക്കുന്നത്……. എഴുന്നേറ്റു പോകാൻ ഉള്ളം പറഞ്ഞെങ്കിലും ജീവൻ കഴിക്കട്ടേന്ന് വിചാരിച്ചു………. ഇനി താൻ കാരണം ആരും കഴിക്കാതെ ഇരിക്കേണ്ട…… അമ്മ കരയണ്ട…….

ഇന്ദു കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു പോയി………. ജീവൻ അമ്മയെ ഒന്നു നോക്കി…….. പിന്നെ വയറിലേക്ക് മുഖം ചേർത്തു വെച്ചു…….. അമ്മയ്ക്ക് മനസ്സിലായി മകൻ കരയുവാണെന്ന്……… ഇന്ദുവെന്ന പെണ്ണിന് മുന്നിൽ മകൻ തോറ്റിരിക്കുന്നു……….എന്ത് പറഞ്ഞു ആശ്വസിപ്പിക്കാൻ……….അവനായിട്ട് തുടങ്ങി വെച്ചതാണ്……… ആലോചന പകുതി ആയപ്പോഴാണ് ഞാനും അച്ഛനും അറിഞ്ഞത് ഇന്ദു ഇന്ദ്രന്റെ പെങ്ങൾ ആണെന്ന്…… ഞങ്ങൾ എതിർത്തപ്പോഴേക്കും ജീവൻ പലതും തീരുമാനിച്ചു കഴിഞ്ഞിരുന്നു………. ഒരാൾ പാതി ജീവനോടെ കിടക്കുന്നു…….. ഇനി ഇവനെയും കൂടെ നഷ്ടപ്പെടാൻ സാധിക്കില്ല……… എടുത്തു ചാടി ഒന്നും ചെയ്യാതിരിക്കാൻ കൂട്ട് നിന്നതാണ്………. ഞാൻ മനസ്സിൽ കണ്ടതുപോലെ തന്നെ പ്രാർഥിച്ചത് പോലെ തന്നെ കയറി വന്ന പെണ്ണിന് അവനെ മാറ്റാൻ സാധിച്ചു…….. മിടുക്കി………. അമ്മയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു……….

അമ്മയെ കെട്ടിപ്പിടിച്ചു ഇരിക്കുന്ന ജീവനെ കണ്ടപ്പോൾ ഇന്ദു ഒന്ന് അമ്പരന്നു……… അമ്മയുടെ നോട്ടത്തെ അവഗണിക്കാൻ തോന്നിയില്ല……… ഒന്നു ചിരിച്ചു കാണിച്ചു……. പഴയതിലും പുതുമയോടെ അമ്മ തിരിച്ചും ചിരിച്ചു…….. ഇത് തന്റെ വീട്ടിലും നടക്കാറുണ്ട്…….. അമ്മ എവിടെങ്കിലും ഒന്നിരിക്കാൻ നോക്കിയിരിക്കും ഏട്ടൻ…….. ഒന്നുകിൽ മടിയിൽ തലവെച്ചു കിടക്കും അല്ലെങ്കിൽ പോയി തോളിൽ തല ചായ്ച്ചു വെച്ചിരിയ്ക്കും…….. തനിക്കൊന്നു കിടക്കാൻ ഒരിഞ്ചു സ്ഥലം തരില്ല ആ കുശുമ്പൻ……… നടന്നു പോകുമ്പോൾ ഒന്നുകൂടി തിരിഞ്ഞു നോക്കി ഇന്ദു ………

ഓരോ ദിവസവും കഴിയുമ്പോൾ ഇന്ദു ജ്യോതിയെ എഴുന്നേൽക്കാൻ സഹായിച്ചുകൊണ്ടിരുന്നു……. ജ്യോതിയുടെ മനസ്സിലെ ധൈര്യം ഒന്നു കൊണ്ടു മാത്രം അത് കുറച്ചൊരു ഫലം കണ്ടു…….

ഇന്ദുവിന്റെ മനസ്സിൽ ചെറിയൊരു വാശിയും ഉണ്ടായിരുന്നു……… ജീവന്റെ മുന്നിൽ ജ്യോതിയെ എഴുന്നേൽപ്പിച്ചു നിർത്തി കാണിക്കണമെന്ന് …… സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവൾ എഴുതിയെങ്കിലും അറിയിക്കണം എല്ലാം……… സത്യം അറിയുമ്പോൾ ആ മുഖം ഒന്നു കാണണം…… പ്ലിങ്ങിയ മുഖം…… എന്നിട്ട് വേണം………ഇന്ദു ഒന്നു ചിരിച്ചു……..ആ ചിരി പെട്ടെന്ന് മായുകയും ചെയ്തു……… അറിയാതെ തലയും കുനിഞ്ഞു പോയി……..

കുറച്ചു ദിവസമായി ജീവൻ യാതൊരു വിധത്തിലും ശല്യം ചെയ്യാൻ വരുന്നില്ല……. ഒന്നു കാണാൻ പോലുമില്ല……… കല്യാണത്തിന് വേണ്ടി എടുത്ത ലീവ് ഒക്കെ കഴിഞ്ഞു ന്ന് തോന്നുന്നു……… രാവിലെ പോയിട്ട് വൈകിട്ട് ആണ് വരുന്നത്……… ജോലിക്കാണോ ആവോ……. ആർക്കറിയാം……… എന്തു പറ്റിയോ എന്തോ ……. ഏറെക്കുറെ അതൊരു ആശ്വാസവുമായി ഇന്ദുവിന്…….

ഇന്ദു ഇടയ്ക്കിടെ ജ്യോതിയെ എഴുന്നേൽപ്പിച്ചു ചാരി ഇരുത്തും………. ഏട്ടനാണ് ട്രെയിനർ…….. താൻ പറയുന്നതിലും കൂടുതൽ ജ്യോതിക്ക് അനുസരിക്കാനിഷ്ടം ഏട്ടൻ പറയുമ്പോഴാണ്………. അതുകൊണ്ട് തന്നെ ഏട്ടനോട് ചോദിച്ചിട്ട് സ്പീക്കർ ഓൺ ആക്കി വെച്ചേക്കും………. അത് കേട്ട് ജ്യോതി തനിയെ ചെയ്‌തോളും…….. എല്ലാം പതിയെ മാത്രമേ ചെയ്യാവു ന്ന് ഏട്ടൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്……. പക്ഷേ ജ്യോതിക്ക് ചെറിയൊരു തിടുക്കം ഉണ്ട്……. ഇന്ദു അത് ശാസിച്ചു നിർത്തും……

വൈകുന്നേരം കുളിച്ചു ഇറങ്ങി വന്ന ഇന്ദു ഒരിക്കൽ കണ്ടത് ജ്യോതി ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്നതാണ്……… ഇവളെന്താ ഈ കാണിക്കുന്നത്…… എഴുന്നേറ്റു നടക്കാൻ ധൃതി കാണിക്കരുത് ന്ന് ഏട്ടൻ പ്രത്യേകം പറഞ്ഞതാണ്…….. അതും തനിച്ചു എഴുന്നേൽക്കാൻ ശ്രമിക്കരുത് ന്ന്……… ഒന്നു വീണുപോയാൽ കഷ്ടപ്പെട്ടത് എല്ലാം വെള്ളത്തിലാകും………. ഇന്ദു ഓടി വന്നപ്പോഴേക്കും ജ്യോതി എഴുന്നേറ്റു കഴിഞ്ഞിരുന്നു ……… വേച്ചു പോയ ജ്യോതിയെ പിടിക്കാൻ ആഞ്ഞ ഇന്ദുവിന്റെ കയ്യിൽ അവൾ നിന്നില്ല……… ജ്യോതി താഴേക്കു കുഴഞ്ഞു വീണു………….

അകത്തേക്ക് കയറിവന്ന ജീവൻ കണ്ടത് ഇന്ദു ജ്യോതിയെ താഴേക്ക് വീഴ്ത്തും പോലെയാണ്…… വീണു കിടക്കുന്ന ജ്യോതിയെ താങ്ങാൻ ഇന്ദു ശ്രമിച്ചു……. പക്ഷേ ഭാരം കാരണം പറ്റുന്നില്ല…… ഇന്ദുവിന് വിഷമവും ദേഷ്യവും വന്നു…….. ദേഷ്യത്തിൽ ചോദിച്ചു…….

എന്താ ജ്യോതി നീ പറഞ്ഞാൽ അനുസരിക്കാത്തത്…….. എത്ര തവണ ഞാൻ പറഞ്ഞു………

ജീവൻ ജ്യോതിന്ന് വിളിച്ചു പെട്ടെന്നു അകത്തേക്ക് കയറി വന്നു……… അവളെ വാരിയെടുത്തു ബെഡിൽ കിടത്തി…….. കവിളിൽ പതിയെ തട്ടി……. മയങ്ങിപ്പോയതാണ്……… അവൾ പതിയെ കണ്ണു തുറന്നു………..

ജ്യോതിയുടെ അടുത്തു വന്നിരുന്ന ഇന്ദുവിനെ നോക്കിയപ്പോൾ ജ്യോതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി …… ആ കണ്ണുനീർ വീണ്ടും ജീവന് തെറ്റിദ്ധാരണ ഉണ്ടാക്കി…… അവൾ വീഴാൻ കാരണം ഇന്ദുവാണെന്ന് തന്നെ കരുതി……… കണ്ടതും അങ്ങനെ തന്നെയാണ്…..

മാറി നിൽക്ക്…….. തൊട്ട് പോകരുത്……. നിന്നോട് ജ്യോതിയുടെ കാര്യങ്ങൾ നോക്കാൻ പറയുമ്പോൾ ഞാൻ ഓർത്തില്ല എന്നെപ്പോലെ തന്നെ നിന്റെ മനസ്സിലും പക ഉണ്ടാവുമെന്ന്….. അവളെ കൊല്ലാനാണോ നീ നോക്കിയത്……..
ജീവൻ ദേഷ്യത്തിൽ ചോദിച്ചു……….

ജീവൻ……… ചുമ്മാ വായിൽ തോന്നുന്നത് പറയരുത്….. ഞാൻ……..

പറയുന്നത് മുഴുമിപ്പിക്കാൻ പോലും സമ്മതിക്കാതെ കൈവീശി ഒരടിയായിരുന്നു……..

എന്റെ ശത്രുപക്ഷത്തായിരുന്നെങ്കിലും എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു നിന്നെ…… നീ ജ്യോതിയെ നന്നായി നോക്കുമെന്ന്……. പക്ഷേ……….. ജീവൻ അവളെ തിരിഞ്ഞു നിന്നു………. മുടിയിൽ കൈ കൊരുത്തു പിടിച്ചു………

ഇന്ദു ജ്യോതിയെ നോക്കി……. അവൾക്ക് ഒന്നനങ്ങാൻ പോലും സാധിക്കുന്നില്ലെന്ന് മനസ്സിലായി……..ഇന്ദുവിന് അവളുടെ അവസ്ഥ കണ്ടിട്ട് സഹിച്ചില്ല……. ദയനീയമായി കണ്ണുകൾ കൊണ്ട് ചോദിച്ചു…….. ഞാൻ പറഞ്ഞതല്ലേ തനിയെ ഒന്നിനും ശ്രമിക്കരുതെന്ന്……… ജ്യോതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി………

ഇപ്പോഴും തലയിൽ ഒരു പെരുപ്പാണ്…… കവിളിൽ നിന്നും കൈ എടുക്കാൻ സാധിച്ചിട്ടില്ല ഇതുവരെ………. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വേദന………. ആരും ഇതേവരെ ഒന്ന് നോവിച്ചിട്ടില്ല…… അതിനിട വരുത്തിയിട്ടില്ല…… വീണ്ടും ഒന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ ജീവൻ തെറ്റ്‌ ചെയ്തു…….. അതിനുമപ്പുറം ജ്യോതിയുടെ അവസ്ഥയിൽ ആയിരുന്നു ഇന്ദുവിന് വിഷമം മുഴുവൻ…….. എന്തൊക്കെ സ്വപ്‌നങ്ങൾ കണ്ടു അവൾ കുറച്ചു ദിവസങ്ങളായി……….. ഇന്ദു കണ്ണടച്ച് നിന്നു……..

കയ്യിൽ ശക്തിയിൽ ഒരു പിടി വീണു……. ജീവനാണ്……… മതി…… നിന്റെ ഇവിടുത്തെ താമസം ഇന്നത്തോടെ കഴിഞ്ഞു …… ഞാൻ നിന്നെ കുറച്ചൊന്നു വിശ്വസിച്ചു പോയി…….. ഇനിയൊരു നിമിഷം ഇവിടെ നീ നിൽക്കേണ്ട……. ഇപ്പോൾ ഇറങ്ങണം……… വാ……..

ഇന്ദുവിന്റെ കയ്യിൽ പിടിച്ചു ശക്തിയിൽ വലിച്ചു പുറത്തേക്കു നടന്നു………. ഇന്ദു തിരിഞ്ഞൊന്ന് ജ്യോതിയെ നോക്കി…….. അവൾ കണ്ണടച്ച് പിടിച്ചിരിക്കുകയാണ്………… കണ്ണുനീർ മാത്രം ഒഴുകുന്നുണ്ട്……….

അച്ഛനും അമ്മയും ബഹളം കേട്ട് ഓടി വന്നു…….. ജീവനെ തടഞ്ഞെങ്കിലും ജീവൻ അനുസരിക്കാൻ കൂട്ടാക്കിയില്ല…… ഇന്ദുവിനെ വീടിന് വെളിയിൽ കൊണ്ടു നിർത്തി ജീവൻ…….

ഇനി നിനക്ക് നിന്റെ സ്വാതന്ത്ര്യത്തിൽ ജീവിക്കാം…….. നിന്റെ വീട്ടിൽ…… ഇവിടുത്തെ ജീവിതം കഴിഞ്ഞു…… കൂടെ ഞാനുമായിട്ടുള്ളതും……… ജീവൻ അവളുടെ മുഖത്ത് നോക്കാതെ അത്രയും പറഞ്ഞു തിരിഞ്ഞു………..

ഇന്ദു ജീവന്റെ കയ്യിൽ പിടിച്ചു നിർത്തി ……….. എന്നെ വിശ്വസിക്കാൻ ഞാൻ പറയില്ല…….. അത് നഷ്ടപ്പെട്ടെന്ന് ജീവൻ പറഞ്ഞു കഴിഞ്ഞു……. പക്ഷേ ഒന്നു മാത്രം പറയാം…….. ഇവിടെ വന്നു കയറിയ അന്ന് മുതൽ ഇന്നു വരെ ഈ വീടിനോ ജീവനോ ദ്രോഹം വരുന്നത് ഞാൻ ചെയ്തിട്ടില്ല……… കുറച്ചു മുൻപ് വരെ എന്റെ മനസ്സിൽ ജീവൻ എന്നൊരാൾ ഉണ്ടായിരുന്നു….. എന്നെ വെറുപ്പാണെന്ന് അറിഞ്ഞിട്ടും ഉള്ളിൽ കൊണ്ടു നടന്നു………പക്ഷേ ഈ നിമിഷം മനസ്സിലായി പലതും…… ഞാനാ ചിന്ത പാടേ ഉപേക്ഷിക്കുകയാണ്….. എനിക്ക് വിഷമം ഇല്ല…….എങ്കിലും എത്ര പെട്ടെന്നാണ് ജീവൻ എല്ലാം പറഞ്ഞവസാനിപ്പിച്ചത്…….

ജ്യോതിയെ ഒരു ഡോക്ടറെ കാണിക്കണം……. അവളുടെ ശരീരത്തിന് പല മാറ്റങ്ങളും വന്നിട്ടുണ്ട്………. ഇന്ദു ജീവന്റെ കയ്യിലെ പിടി വിട്ടു…….

ജീവൻ ഉള്ളിലേക്ക് കയറിയിട്ട് വാതിൽ വലിച്ചടച്ചു………. അറിയാം….. വിളക്കു കത്തിച്ചു വെച്ചിട്ട് വാതിൽ അടയ്ക്കരുതെന്ന്……… ഈ വീട്ടിലെ ലക്ഷ്മിയെയാണ് വീടിന് വെളിയിലേക്ക് ഇറക്കി വിട്ടത് ……..ഇനി ആർക്കു വേണ്ടിയാ…….. ജീവൻ സ്വന്തം മുറിയിലേക്ക് പോയി……. ലൈറ്റ് ഓഫ്‌ ചെയ്തു…… ഇരുളിന്റെ മറവിലേക്ക് മുഖം മറച്ചു …….

ഇന്ദുവിന് എന്താ ചെയ്യേണ്ടതെന്ന് അറിയാൻ വയ്യാതായി…….ഇരുളിലേക്ക് നോക്കി നിന്നു……… ഈ ഇരുട്ടിൽ താനും കത്തിച്ചു വെച്ചിരിക്കുന്ന ദീപവും മാത്രം…… മനസ്സിൽ ഇനിയെന്ത് എന്ന് ചിന്തിക്കും മുന്നേ കയ്യിൽ ഒരു പിടി വീണു……..

തുടരും