08/05/2026

ഭാഗ്യജാതകം : ഭാഗം 42

രചന – അയിഷ അക്ബർ

വീട്ടിലേക്ക് കയറുമ്പോഴും രണ്ട് പേരുടെയും മുഖത്ത് ഒരിളം ചിരി നിറഞ്ഞു നിന്നിരുന്നു…..

വീടിനകത്തേക്ക് കയറിയപ്പോൾ കോലായിൽ തന്നെ എല്ലാവരുമുണ്ടായിരുന്നു….

എന്നാൽ പതിവ് സന്തോഷം ആരുടെ മുഖത്തും കാണാൻ കഴിഞ്ഞില്ല…..

അച്ഛൻ തന്നെയൊന്ന് നോക്കിയ ശേഷം തല താഴ്ത്തിയിരുന്നു…..

രാഹുലേട്ടൻ വികാരങ്ങളെത്തുമില്ലാത്തൊരു നോട്ടം തന്നിലേക്കേറിഞ്ഞു….

അമ്മയാണെങ്കിൽ തന്നെയും ശിവയെയും ദേഷ്യത്തോടെ നോക്കുന്നുണ്ട്….

ആ ദേഷ്യത്തിൽ മറഞ്ഞിരിക്കുന്ന ദുഃഖത്തെയും തനിക്കളന്നെടുക്കാൻ കഴിഞ്ഞു……

നടക്കാൻ പോകുന്ന കാഴ്‌ച ഒപ്പിയെടുക്കാൻ നിൽക്കുന്ന കണക്കെ അവരോട് ചേർന്ന് വേണിയും നിൽക്കുന്നുണ്ടായിരുന്നു….

അവിടെ നിറഞ്ഞു നിന്നിരുന്ന മൂകതക്ക് കാരണമെന്തെന്നറിയാതെ ശിവ തന്നെ നോക്കി…..

എന്താ…. എന്താ എല്ലാവരും ഇങ്ങനെയിരിക്കുന്നത്….

ചോദിച്ചത് വളരേ പതുക്കെയാണെങ്കിലും ഹൃദയം എന്തെന്നറിയാൻ വളരേ ശബ്ദത്തിൽ മിടിക്കുന്നുണ്ടായിരുന്നു…….

ആരുടെ ഭാഗത്തു നിന്നും അനക്കമില്ല…..

എന്താ…. എന്താ ഏട്ടാ എല്ലാവർക്കും പറ്റിയത്….

രാഹുലിന്റെ നേർക്ക് നിന്നത് ചോദിക്കുമ്പോൾ അവനെന്തെങ്കിലും പറയും മുന്പേ ജാനകി ചാടിയേണീറ്റു…..

ഞങ്ങൾക്കല്ലടാ…. പറ്റിയത് മുഴുവൻ നിനക്കാ….

പറയുമ്പോൾ അവരുടെ ശബ്‌ദമിടറിയിരുന്നു…..

ഒന്നും മനസ്സിലാവാതെ നിന്ന ആദിയുടെ കൈകളിൽ രഘു പിടിച്ചു….

നിന്റെ കമ്പനിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ മോനെ……

രഘു അത് ചോദിച്ചതും ആദിയോന്നു പരുങ്ങി….

അത്…. അതച്ചാ കാര്യമാക്കാനൊന്നുമില്ല…..

അവനത് പറയുമ്പോൾ ജാനകി ദേഷ്യത്തോടെ അവന്റെ കൈകൾ വലിച്ചു….

പിന്നെന്താടാ ഇത്…… കമ്പനി പൂട്ടണമെന്ന് പറഞ്ഞുള്ള കത്താണിത്….

അതും പറഞ്ഞു അവന്റെ കൈകളിൽ ഒരു കത്തു വെച്ച് കൊടുത്തപ്പോൾ അവനാകെ തളരുന്നത് പോലെ തോന്നി……

അവനത് തുറന്ന് വായിക്കും തോറും അവന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ

അത്രയേറെ സ്വപ്നം കണ്ട് തന്റെ സ്വന്തം അധ്വാനത്തിൽ വളർത്തി കൊണ്ട് വന്നതാണത്….. തന്റെ ജീവന് തുല്യം……

ഓർക്കുമ്പോൾ അവന് ശ്വാസം വിലങ്ങുന്നത് പോലെ….

എന്നെ തുടരാൻ താല്പര്യമില്ലെന്ന് പറഞ്ഞു നിന്റേതായ ഇഷ്ടത്തോടെ തുടങ്ങിയതല്ലെടാ…..
എന്നിട്ടെന്താ പറ്റിയത്…..

രഘുവത് ചോദിക്കുമ്പോൾ തിറിച്ചു പറയാൻ ഉത്തരമില്ലാതെ ആദി നിന്നു……

എന്താ പറ്റിയതെന്ന് അവനോടെന്തിനാ ചോദിക്കുന്നത്….. എല്ലാം നിങ്ങള് കാരണമാ…. ഞാൻ അന്നെ പറഞ്ഞതാ….. അവൻ കല്യാണം കഴിച്ചില്ലെങ്കിൽ കൂടി സാരമില്ല…. ഇത് പോലൊരു ജാതക ദോഷക്കാരിയെ അവന്റെ തലയിൽ കെട്ടി വെക്കേണ്ടെന്ന്……അന്ന് നിങ്ങൾക്ക് വലുത് നിങ്ങളുടെ അഭിമാനമായിരുന്നല്ലോ…..
ഇപ്പൊ എന്റെ മോനെ പാപ്പരാക്കിയത് കണ്ടില്ലേ…. ഇനിയെന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയണം ഈശ്വരാ…..

നെഞ്ചത് കൈ വെച് കൊണ്ടത് പറഞ്ഞു അവരിരിക്കുമ്പോൾ ശിവ തലയുയർത്തി അവരെയൊന്നു നോക്കി….

എല്ലാവർക്ക് മുമ്പിലും താൻ വിവസ്ത്രയാക്കപ്പെട്ടത് പോലെ അവൾക്ക് തോന്നി…..

അവൾ പതിയേ തല താഴ്ത്തി നിന്നു…..

എന്ത് പറയണമെന്നറിയാതെ ആദിയും…..

ഇവളെ പ്രസവിച്ചതും അമ്മ മരിച്ചു…… വളരും തോറും അച്ഛൻ ദാരിദ്രനായി…. ഇനി നിന്റെ ഊഴമാ….. അവള് നിന്നെയും കൊണ്ടേ പോകൂ……

ശിവ അകത്തു പോ…..

ജാനകി വീണ്ടുമത് പറയുമ്പോൾ ജാനകിയെ വാക്ക് കൊണ്ട് തടുക്കാൻ കഴിയില്ലെന്നുള്ളത് കൊണ്ട് തന്നെയാണ് ശിവയോടായി ആദി അലറിയത്……

ശിവ പതിയേ നടന്നു….. കാലുകൾ തളരുന്നത് പോലെ അവൾക്ക് തോന്നി…..

അവളെ അകത്തേക്കല്ല പറഞ്ഞയക്കേണ്ടത്…. നിന്റെ ജീവിതത്തിൽ നിന്നും പുറത്തേക്കാണ്….
എങ്കിലേ നിനക്ക് നേട്ടങ്ങളുണ്ടാവു….. അല്ലെങ്കിലെന്നും ഇത് പോലെ…..

പറഞ്ഞു മുഴുവനാക്കാൻ കഴിയാതെ ജാനകി വിതുമ്പി….

ആദി അപ്പോഴും ആ കത്തു കയ്യിൽ പിടിച്ചതെ നിൽപ്പ് തുടർന്നു…..

തിരിച്ചൊന്നും പറയാൻ പോലുമാവാതെ…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മുറിയിലെത്തി കതകടച്ചു ശിവ കട്ടിലിലേക്കമർന്നു….

കണ്ണുനീർ തന്റെ കവിളുകളെ തലോടി താഴെക്കുതിർന്നു വീണു….

തന്നെ കുറ്റപ്പെടുത്തിയതിനേക്കാൾ വേദന താൻ കാരണം ആദിയേട്ടനിങ്ങനെയൊക്കെ സംഭവിച്ചു എന്നോർക്കുമ്പോഴാണോ…. അതോ അത്രയൊക്കെ കേട്ടിട്ടും തനിക്ക് വേണ്ടി ഒരക്ഷരം മറുത്തു പറയാൻ ആരുമില്ലാത്തതിനാണോ…
അതോ ആധിയേട്ടനും തന്നെ ശാപമായി കരുതുന്നു എന്നോർത്താണോ……

അറിയില്ല…..ദുഖത്തിന് കാരണത്തെ അറിയേണ്ട ആവശ്യമില്ലല്ലോ….

നീറിപ്പുകയുന്ന ഹൃദയത്തോടെ അവൾ കിടന്നു……

വസ്ത്രം മാറ്റി അടുക്കളയിലേക്ക് കയറിയതും അവളെ കണ്ട പാടെ മുഖം തിരിച്ചു കൊണ്ട് ജാനകി അടുക്കളയിൽ നിന്നും നടന്നകന്നു……

വേണി സന്തോഷത്തോടെ അവളെ നോക്കിയതും അവൾ കണ്ടെന്നു തോന്നിയത് കൊണ്ടാണ് പെട്ടെന്ന് പിന്തിരിഞ്ഞത്…

വീട് മുഴുവൻ ഒരു മരണ വീട് പോലെ തോന്നി….

ആദിയപ്പോൾ അവിടെ ഇല്ലായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ശിവയെ വിളിച്ചില്ലേ ജാനകി….

ഭക്ഷണം കഴിക്കാൻ എല്ലാവരും ഇരുന്നിട്ടും ശിവയെ കാണാത്തത് കൊണ്ടാണ് രഘുവത് ചോദിച്ചത്…..

അറിയില്ല….. നിങ്ങൾക്കായിരുന്നല്ലോ അവളെയിങ് കെട്ടിയെടുക്കാന്നിട്ട് സമാധാനക്കേട്…… എനിക്കാരുടെയും കാര്യം അന്ന്വേഷിക്കേണ്ട ആവശ്യമില്ല….. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ വിളിച്ചോളൂ……

ജാനകിയുടെ മറുപടി രഘുവിന്റെ വായടച്ചിരുന്നു…

അയാൾ ഭക്ഷണം കഴിച്ചു തുടങ്ങി…..

അപ്പോഴാണ് ആദി കയറി വരുന്നത്….

ആദീ ഇരിക്ക്…. ഭക്ഷണം കഴിക്ക് മോനെ….

രഘുവത് പറയുമ്പോൾ കൈ കഴുകി ആദി ഇരുന്നു…

മനസ്സ് അവിടെയെങ്ങും ആയിരുന്നില്ല….. വിശപ്പൊട്ടും ഇല്ലെങ്കിലും അവൻ ഭക്ഷണം കഴിച്ചു തുടങ്ങി…..

പെട്ടെന്നാണ് അവന് ശിവയെ ഓർമ വന്നത്….

ശിവയെവിടെ….. അവൾ കഴിച്ചോ….

അവൻ എന്തോ ഓർമയിൽ നിന്നെന്ന പോലത് ചോദിച്ചതും ജാനാകിക്ക് ദേഷ്യം വന്നു…..

നിനക്കീ കിട്ടിയതൊന്നും പോരല്ലോ…. ഇനിയും അവളെ ഊട്ടെടാ…..

ജാനകി ദേഷ്യം കൊണ്ട് വിറച്ചു….

അവളെന്ത്‌ ചെയ്തുവെന്നാ അമ്മ പറയുന്നത്….. ആര് കാരണവും ആർക്കും ഒന്നും സംഭവിക്കില്ല….

ആദിയത് പറയുമ്പോൾ ജാനകിയവനെ തറപ്പിച്ചു നോക്കി…

അവൻ പിന്നീടൊരു സംസാരത്തിനിടം കൊടുക്കാതെ മുറിയിലേക്ക് നടന്നു…

മുറിയുടെ വാതിൽ പാതി ചാരി കിടന്നിരുന്നു…..

അവനത് തുറന്ന് മുറിയാകെ അവൾക്കായി പരതി…..

എന്നാൽ അവൾ മുറിയിലുണ്ടായിരുന്നില്ല….

ശിവാ….. അവനുറക്കെ വിളിച്ചു….

വിളി കേൾക്കാൻ അവളില്ലാത്തത് കൊണ്ട് തന്നെ അവനു തലക്ക് ഭ്രാന്ത് പിടിച്ചിരുന്നു……

ശിവാ…… അവൻ അലറി….

എല്ലാവരും മുറിയിലേക്കോടി വന്നു….

അവളെ മുറിയിൽ കാണാത്തത് എല്ലാവരെയും ആശങ്കയിലാഴ്ത്തിയിരുന്നു….

അവൾക്കായി ആ വീട് മുഴുവന്നവർ പരതി….

ആദി ഫോണെടുത്തു ശങ്കരന് വിളിച്ചു…..
ഒന്നും അറിയിക്കാത്ത മട്ടിൽ സംസാരിച്ചു തുടങ്ങിയപ്പോഴേ ശിവ മോൾക്ക് സുഖമല്ലേ എന്ന വാക്കിൽ അവളവിടെയില്ലെന്നത് താനുറപ്പിച്ചു…..

അവന് എല്ലാം കൂടി തലക്കൊരു ഭാരം തോന്നി…

അവൻ കാറെടുത്തു അവൾക്കായി തിരച്ചിൽ തുടങ്ങി….

രാഹുൽ മറ്റൊരു വഴിയേ പോയി…..

അവൾക്കെന്തെങ്കിലും സംഭവിക്കുമോയെന്ന ഭയം അവന്റെ തൊണ്ടക്കുഴിയിൽ കുരുങ്ങി നിന്നു…..

കണ്ണുകൾ അനുസരണയില്ലാതെ ചുവന്നു തുടങ്ങിയിരുന്നു…..

ബസ് സ്റ്റാന്ഡുകളിലും റോഡുകളിലും മുഴുവനായി അവന്റെ കണ്ണുകൾ അലഞ്ഞു നടന്നു……

വഴികളെല്ലാം അപ്പോഴേക്കും ശൂന്യമാവാൻ തുടങ്ങിയിരുന്നു…..

ബസുകളെല്ലാം നിർതിയിട്ട് കഴിഞ്ഞിരുന്നു…

അവസാന ശ്രമമെന്നോണം റെയിൽ വേ സ്റ്റേഷൻ കൂടി നോക്കാമെന്നു കരുതി കയറിയപ്പോഴാണ് ആളൊഴിഞ്ഞൊരു ഭാഗത്തു അവളിരിക്കുന്നത് പോലെ തോന്നിയത്….

ശിവാ…..

അവൻ പിറകിലൂടെ ചെന്ന് വിളിച്ചു അവളാണെന്നത് തീർച്ചപ്പെടുത്തി….

അവൾ പെട്ടെന്ന് തിരിഞ്ഞു…..

അവനെ കണ്ടതും കരഞ്ഞു കലങ്ങിയ കണ്ണുകൾ വിടർന്നു…. അവളെഴുന്നേറ്റ് അവനഭിമുഖമായി നിന്നു…..

ഒരൊറ്റ ശബ്ദത്തോട് കൂടി ആദിയുടെ കൈകൾ അവളുടെ കവിളുകളിൽ പതിച്ചു…..

തെറ്റ് ചെയ്‌തെന്ന ഉറപ്പുള്ളത് കൊണ്ട് തന്നെയാവാം അവൾ തല താഴ്ത്തി നിന്നത്…. അല്ലെങ്കിൽ ആദിയുടെ മുഖത്തെ പരിഭ്രമത്തെ അവൾക്കളന്നെടുക്കാൻ കഴിഞ്ഞിട്ടുണ്ടാവും….

അപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു……

പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്…..

ആ അച്ഛാ… ഇവിടെയുണ്ട്… കുഴപ്പമൊന്നുമില്ല…. രാഹുലേട്ടനോട് വീട്ടിലേക്ക് വന്നോളാൻ പറയു…..

അത്രയും പറഞ്ഞു ആദി ഫോൺ വെക്കുമ്പോഴും ശിവ അതേ നിൽപ്പ് തന്നെയായിരുന്നു…

ആദി ഫോൺ പോക്കറ്റിലേക്കിട്ട് ആ സിമെന്റ് ബെഞ്ചിലേക്കിരുന്നു…..

അവനരികത്തായി അവളും…..

എങ്ങോട്ടാ യാത്ര……
അവനത് ചോദിക്കുമ്പോൾ അവളൊന്നും മിണ്ടിയില്ല….

അവൾ കയ്യിൽ ചുരുട്ടിപ്പിടിച്ച ടിക്കറ്റ് അവൻ വാങ്ങി….

ഓഹ്…. കുറച് ദൂരേകാണല്ലോ…. അവിടെ ആരാ ഉള്ളത്….

ആദിയത് ചോദിക്കുമ്പോൾ ശിവ മിഴികളുയർത്തി അവനെ നോക്കി….

അറിയില്ല….
വീണ്ടും അവൾ തല താഴ്ത്തി….

എന്നെ കൂടി കൂട്ടാവോ….

അവൻ അവളുടെ മിഴികളിൽ നോക്കിയത് ചോദിക്കുമ്പോൾ അവൾ തളരുന്നത്പോലെ തോന്നി…..

മതി….. ഒരുമിച്ചുള്ള യാത്രയിൽ നിങ്ങൾക്ക് നഷ്ടങ്ങൾ മാത്രമേ വന്നിട്ടുള്ളൂ….. ഇനിയും വരുമായിരിക്കും…..

അവൾ ദൂരേക് നോക്കിയത് പറയുമ്പോൾ ആദിക്ക് സങ്കടം വന്നു….

നഷ്ടങ്ങളുടെ കണക്കിൽ നിന്നെ കൂടി ചേർക്കാനാണോ പറയുന്നത്….. ആത്മാവില്ലാതെ ജീവിച്ചു എന്ത് നേടിയിട്ടെന്തിനാ….
എന്റെ നഷ്ടങ്ങളുടെ കണക്കിൽ നിന്റെ പേരെഴുതപ്പെട്ടാൽ അതിലും വലിയ എന്ത് നഷ്ടമാണെനിക്ക് വരാനുള്ളത്……

അവൻ എഴുന്നേറ്റു…..
കൂടെ അവളും……

ശബ്ദമിടറി അത്രയും പറഞ്ഞു നിർത്തുന്നവനോട് തിരിച്ചെന്ത് പറയണമെന്നവൾക്കറിയില്ലായിരുന്നു…

എത്ര വലിയ പ്രതിസന്ധികളിലും തന്നെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നവന് താൻ കാരണം ഒന്നും സംഭവിക്കരുതെന്ന് മാത്രമായിരുന്നു അവളുടെ പ്രാർത്ഥന…..

ഒന്നുമില്ലാത്ത ആദിയെ നിനക്ക് വേണ്ടെങ്കിൽ നിനക്ക് പോവാം…..

അവനത് പറയുമ്പോൾ അവൾ ഇടം കയ്യാലേ അവന്റെ വായ മൂടി..

ഒന്നും പറയാൻ അവൾക്ക് കഴിയുന്നില്ലെങ്കിലും മിഴികൾ നിറഞ്ഞു തൂവിയിരുന്നു…

പെയ്തു കണ്ടിട്ടില്ലാത്ത ആ മിഴികൾ ഇത്രയും നിറഞ്ഞു കവിയണമെങ്കിൽ അത് തന്നെയാർത്തു തന്നെയാവുമെന്ന് അവനുറപ്പായിരുന്നു…..

വലതു കൈ കൊണ്ട് അവനവളെ വലിച്ചു നെഞ്ചോട് ചേർത്തു…..

ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്റെ മാറോടവൾ ചേർന്ന് കിടന്നു…..

അവന്റെ ഷർട്ടപ്പോഴേക്കും നനഞ്ഞു കുതിർന്നിരുന്നു……

അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം അവളുടെ മുടിയിഴകിൽ അവൻ പതിയേ തലോടിയിരുന്നു…….

(തുടരും )