രചന – നന്ദിത ദാസ്
“നേരെ നോക്കി വണ്ടി ഓടിക്കു കണ്ണേട്ടാ….
എന്റെ മുഖത്താണോ റോഡ്?? ”
“നീ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കുമ്പോൾ ഞാൻ എങ്ങനെ നന്നായി ഡ്രൈവ് ചെയ്യാനാ എന്റെ നന്ദു…. ”
“ആവിശ്യം ഇല്ലാതെ കണ്ണേട്ടൻ എന്നെ വഴക്ക് പറഞ്ഞിട്ടല്ലേ…
എനിക്ക് കുറച്ചു ദിവസം കൂടി ആദിക്കുട്ടന്റെ കൂടെ നിൽക്ക ണമെന്നുണ്ടായിരുന്നു…. ”
“ആഹ് ബെസ്റ്റ്…
നീ വീട്ടിലോട്ടു ചെല്ല് അച്ഛന്റെ കൈയിൽ നിന്നും ശരിക്കും കിട്ടും…
കൂട്ടത്തിൽ നിന്റെ താളത്തിനൊത്ത് തുള്ളിയതിനു എനിക്കും കിട്ടും…”
“അച്ഛൻ വഴക്കൊന്നും പറയില്ല…
ഇത്രയും ദിവസം കാണാതിരുന്നതിന്റെ സങ്കടം കാണും അത്രേ ഉള്ളു… ”
“എന്റെ അറിവിൽ ഇന്നേവരെ നീ വീട്ടിൽ നിന്നും ഇങ്ങനെ മാറിനിന്നതായി ഓർക്കുന്നില്ല…
ആഹ് എന്തായാലും വല്ലപ്പോഴുമൊക്കെ ഇങ്ങനെ മാറി നിൽക്കുന്നത് നല്ലതാ…
നമ്മുടെ കല്യാണം കഴിഞ്ഞാൽ പിന്നെ ഇടയ്ക്കൊക്കെ അല്ലേ വീട്ടിൽ പോകാൻ പറ്റു… ”
“ഓഹോ അത് കണ്ണേട്ടൻ ഒറ്റയ്ക്ക് അങ്ങ് തീരുമാനിച്ചാൽ മതിയോ…? ”
” അത് കൊള്ളാം…
പിന്നെ ഞാൻ അല്ലാതെ വേറെ ആരാ തീരുമാനിക്കുന്നത് ”
“എന്ത് പറഞ്ഞാലും ഒടുവിൽ ഒരു കല്യാണം…
ഈശ്വരാ ഏത് നേരത്താണോ എന്റെ കണ്മുന്നിൽ ഇങ്ങേരു വന്നു പെട്ടത്…
ഒരു നോട്ടത്തിനു ഇത്രയും പവർ ഉണ്ടെന്നു കാവിലെ പൂരത്തിനാണ് മനസ്സിലായത്…. ”
“എങ്കിൽ ഞാൻ ഒരു കാര്യം തുറന്നു പറയട്ടെ നന്ദു… ”
“എന്ത്?? ”
“ശരിക്കും ഞാൻ നിന്നെ നോക്കാൻ തുടങ്ങിയത് പൂരത്തിന്റെ അന്നൊന്നും അല്ല…
അതുക്കും എത്രയോ മുൻപേ നിന്റെ മുന്നിൽ കൂടി തേരാ പാരാ ഞാൻ പോയിട്ടുണ്ട്…
നീ ഒന്ന് മൈൻഡ് ചെയ്ത കൂടി ഇല്ല… ”
“എപ്പോൾ? സത്യായിട്ടും ഞാൻ കണ്ടിട്ടില്ലാലോ കണ്ണേട്ടൻ എന്നെ നോക്കുന്നത്… ”
“ഹും നീ കാണില്ല…
ചുമ്മാ കൂട്ടുകാരുടെ കൂടെ ചളിയും അടിച്ചു നടക്കുന്ന നിനക്ക് എവിടാ എന്നെ നോക്കാൻ ടൈം… ”
“ഓഹ് പിന്നേ…
യാമി പറഞ്ഞു എനിക്ക് കണ്ണേട്ടനെ അറിയാരുന്നു…
ഇടയ്ക്കൊക്കെ കണ്ടിട്ടും ഉണ്ട്…
അല്ലാതെ നിങ്ങള് എന്നെ നോട്ടമിട്ടതോന്നും ഞാൻ അറിഞ്ഞില്ല മനുഷ്യാ…. ”
“ആഹ് എങ്കിൽ മോളു കേട്ടോ ഈ കണ്ണന്റെ നെഞ്ചിൽ നീ എങ്ങനെയാണ് കൂട് കൂട്ടിയെതെന്നു…
പണ്ട് യാമിയുടെ അമ്മ ഇല്ലത്തു പുറം പണിക്കു വരുന്ന പതിവ് ഉണ്ടായിരുന്നു…
കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിരുന്നു ഗീതാമ്മ ഞങ്ങൾക്ക്…
എന്ത് സംസാരിച്ചാലും ഗീതാമ്മ ഒടുവിൽ കൊണ്ട് നിർത്തുന്നത് നന്ദുവിൽ ആയിരിക്കും…
അവരുടെ സംസാരത്തിൽ നിന്നാണ് നിന്റെ പേര് ഞാൻ ആദ്യമായി കേൾക്കുന്നത്…
യാമിയെ പോലെ തന്നെ നന്ദുവും അവർക്കു മകൾ ആണെന്ന് പറഞ്ഞപ്പോൾ അത് ഒരു വെറും വാക്കാണെന്നാണ് ഞാൻ കരുതിയത്…
പലപ്പോഴും യാമിയുടെ ഒപ്പം നിന്നെ കണ്ടിട്ടുണ്ടെങ്കിലും നന്ദുനെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് ഫീസ് കൊടുക്കാത്തതിന്റെ പേരിൽ ഒരിക്കൽ യാമിയെ ട്യൂഷനിൽ നിന്നും ഇറക്കി വിട്ട ദിവസം ആണ്…
കോളേജിൽ പഠിക്കുന്ന സമയത്തു ഞാനും അവിടെ ട്യൂഷൻ എടുത്തിരുന്നു…
യാമി കരഞ്ഞു കൊണ്ട് പോകുന്നത് കണ്ടു കാര്യം അന്വേഷിച്ചപ്പോളാണ് കാര്യങ്ങളൊക്കെ ഞാൻ അറിയുന്നത്..
പ്രിൻസിപ്പലിനെ കണ്ടു യാമിയെ തിരികെ കയറ്റണമെന്നു പറയാൻ ഞാൻ അവിടേക്ക് ചെന്നപ്പോൾ ആ റൂമിൽ നീ ഉണ്ടായിരുന്നു…
കൈയിൽ കിടന്ന ചെയിൻ ഊരികൊടുത്തുകൊണ്ട് കരഞ്ഞുകൊണ്ട് യാമിയെ ക്ലാസ്സിൽ കയറ്റാൻ അപേക്ഷിക്കുന്ന നിന്റെ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്…
അന്ന് സർ അത് വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും യാമിയെ തിരികെ ക്ലാസ്സിൽ കയറ്റിയിരുന്നു…
പിറ്റേന്ന് നിന്റെ അച്ഛനുമായി വന്നു ഒരുവർഷത്തേക്കുള്ള യാമിയുടെ മുഴുവൻ ഫീസും കെട്ടിയപ്പോളും ഞാൻ അവിടെ തന്നെ ഉണ്ടായിരുന്നു…
പിന്നെയും എത്രയോ വെട്ടം മറ്റുള്ളവരെ സഹായിക്കാനുള്ള നിന്റെ മനസ്സ് ഞാൻ കണ്ടിരിക്കുന്നു…
അന്ന് വഴിയരികിൽ കൈക്കുഞ്ഞുമായി വിശന്നു തളർന്നു വീണ സ്ത്രീക്ക് നീയും യാമിയും ചേർന്ന് ഫുഡ് വാരി കൊടുക്കുന്നതും ആ കുഞ്ഞിന് വേണ്ട ആഹാര സാധനങ്ങൾ വാങ്ങിക്കൊടുക്കുന്നതൊക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു…
യാമിക്കു നൃത്തം പഠിക്കാൻ ആഗ്രഹം
ഉണ്ടെന്ന് മനസ്സിലാക്കി നിന്റെ അച്ഛനെക്കൊണ്ട് അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തത് നീയാണെന്നൊക്കെ ഗീതാമ്മ പറഞ്ഞിട്ടുണ്ട്…
പുറമെ നോക്കുമ്പോൾ നീ എപ്പോളും ഹാപ്പി ആയിരുന്നു…
എത്രയോ തവണ നിന്നെ തന്നെ നോക്കി ഞാൻ നിന്നു സ്വയം സന്തോഷിച്ചിട്ടുണ്ടെന്നോ…
പിന്നീട് ഗീതാമ്മ വീട്ടിൽ വരുമ്പോളൊക്കെ നിന്റെ വിശേഷങ്ങൾ അറിയാനായിരുന്നു എനിക്ക് തിടുക്കം…
ഏട്ടന്മാരുടെ മുന്നിൽ കുറുമ്പുകാരിയായും അച്ഛന്റെ മുന്നിൽ വീട്ടുകുട്ടി ആയും കൂട്ടുകാരുടെ ഇടയിൽ വായാടി പാറു ആയും നീ വിലസി നടന്നപ്പോൾ എന്റെ നെഞ്ചിൽ നിന്നോടുള്ള സ്നേഹം പ്രണയത്തിനു വഴിമാറുക ആയിരുന്നു…
നീ കാണാൻ പാകത്തിന് പലപ്പോഴും ഞാൻ നിന്റെ മുന്നിൽ വന്നു നിന്നിട്ടുണ്ട് പക്ഷേ നീ എന്നെ തല ഉയർത്തി ഒന്ന് നോക്കിയിട്ട് കൂടി ഇല്ല…
കാവിലെ പൂരത്തിന് നിന്നെ വായിനോക്കി നിന്നപ്പോളാണ് അന്നാദ്യമായി നീ എന്നെ നോക്കുന്നത് കണ്ടത്…
പിന്നീട് അങ്ങോട്ട് നിനക്കു കാണാൻ പാകത്തിന് നിന്റെ കൂടെ തന്നെ നിന്നു…
വിളക്കിലെ തിരി മറിഞ്ഞു നിന്റെ ഡ്രസ്സിൽ വീണപ്പോൾ പിന്നെ വേറെ ഒന്നും നോക്കിയില്ല…
ചുറ്റും നിൽക്കുന്നവരെയും നോക്കിയില്ല എങ്ങനെ എങ്കിലും തീ കൊടുത്തണമെന്നേ വിചാരിച്ചുള്ളു അതാണ് മണ്ണിലേക്ക് വലിച്ചിട്ടത്…
എന്തായാലും ആ സംഭവത്തോടെ റൂട്ട് ക്ലിയർ ആയി… ”
“ഇതിലൊക്കെ എന്തിരിക്കുന്നു കണ്ണേട്ടാ…
ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ
പിന്നെ യാമി… അവളോടുള്ള എന്റെ ഇഷ്ടം ഒരുപാട് ഒരുപാട് മുകളിൽ ആണ്…
സത്യത്തിൽ എനിക്ക് അവളെ പോലെ ആകാൻ നല്ല ആഗ്രഹം ആയിരുന്നു…
എന്ത് കാര്യവും നല്ല പക്വതയോടെ അവൾ ചെയ്യുമ്പോൾ കൊതിയാകും അതുപോലെ ആകാൻ…
പക്ഷേ ഞാൻ എത്ര ശ്രമിച്ചാലും വീണ്ടും പഴയ പടി ആകും… ”
“താൻ നല്ല ബോൾഡ് അല്ലേ മിടുക്കി കുട്ടി…
പിന്നെ ചിലസമയത്തു നിന്റെ സ്വഭാവം വെറും കുഞ്ഞിപ്പിള്ളേരെ പോലെ ആണ്…
ആഹ് അത് എങ്ങനെയാ അച്ഛനും ഏട്ടന്മാരും കൊഞ്ചിച്ചു വെച്ചേക്കുവല്ലേ ”
“ഓഹ് പിന്നേ അതൊക്കെ എന്തായാലും മാറാൻ പോകുന്നില്ല…
യാമി അവിടെ ഒറ്റയ്ക്കു എന്തായി കാണുമോ എന്തോ? ”
“അവള് ഹാപ്പി ആയിരിക്കും അതോർത്തു താൻ വിഷമിക്കണ്ട…
ഇനി ഒരുപാട് ദൂരം ഉള്ളതല്ലേ നന്ദു ചെറുതായിട്ട് ഒന്ന് മയങ്ങിക്കോ… ”
“മ്മ് ”
ഞാൻ പതിയെ കണ്ണുകൾ അടച്ചു…
മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് ആദിയുടെ മുഖം ആണ്…
മനസ്സിൽ ഒരു വല്ലാത്ത ഭാരം പോലെ…
കണ്ണേട്ടൻ അടുത്തുണ്ടായിട്ടും ഒരു സന്തോഷം തോന്നിയില്ല…
എന്തോ ഹിതമല്ലാത്തത് സംഭവിക്കാൻ പോകുന്നതുപോലെ ഒരു തോന്നൽ….
****-******—-****************—*******
“യാമിക്കു വിഷമം ആയോ നന്ദു പെട്ടെന്ന് പോയത്? ”
“വിഷമം ഉണ്ട്…
പക്ഷെ സാരമില്ല വിനുവേട്ടാ അവൾക്കു ഹോസ്പിറ്റലിൽ പോകേണ്ട സമയം ആകുന്നു… അതാകും അച്ഛൻ പെട്ടെന്ന് ചെല്ലാൻ പറഞ്ഞത്… ”
“മ്മ്… ഇവിടെ തനിക്കു ഇഷ്ടം ആയോ… ”
“ആഹ് ഇഷ്ടായി…
നന്ദു പറഞ്ഞതുപോലെ ഒരാളെങ്കിലും നമ്മൾ മുഖാന്തിരം രക്ഷ പെട്ടാൽ അതില്പരം പുണ്യം വേറെ എന്താ ഉള്ളത്… ”
“മ്മ് അതും ശരിയാ… പക്ഷേ എല്ലാം നമ്മൾ വിചാരിക്കുന്നതുപോലെ കലങ്ങി തെളിഞ്ഞാൽ മതിയാരുന്നു… ”
“ശരിക്കും ഇവിടെ വന്നപ്പോൾ മുതൽ ഞാൻ യാമി ആണെന്ന് പോലും മറന്നു പോകുന്നു…
ലെച്ചുവിലേക്കു മാറി പോകുന്നത് പോലെ… ”
അത്രയും പറഞ്ഞു ഞാൻ അപ്പായുടെ റൂമിലേക്ക് ചെന്നു…
ഹരിയേട്ടൻ അവിടെ ഉണ്ടായിരുന്നു…
എന്നെ കണ്ടപ്പോൾ ചെറുതായി ഒന്ന് പുഞ്ചിരിച്ചു…
അപ്പ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കുന്നുണ്ട്…
അത് കണ്ടിട്ടാകണം ഹരിയേട്ടൻ പറഞ്ഞു…
“ലെച്ചു… അപ്പാവുക്ക് നല്ല മാറ്റം ഉണ്ട് നാളെ തന്നെ നമുക്ക് ഹോസ്പിറ്റലിലേക്ക് മാറ്റിയാലോ… ”
പെട്ടെന്ന് എന്ത് പറയണമെന്ന് പിടികിട്ടിയില്ല…
അപ്പ എന്നെ തന്നെ നോക്കി കിടക്കുവാണ്…
“ആഹ് കൊണ്ടുപോകാം ഹരിയേട്ടാ… അതായിരിക്കും ഒന്നുകൂടി നല്ലത്… ”
ഞാൻ അത് പറഞ്ഞപ്പോൾ അപ്പ ഒന്ന് പുഞ്ചിരിച്ചു…
ഹരിയേട്ടൻ റൂമിനു വെളിയിൽ പോയപ്പോളാണ് എന്റെ ശ്വാസം ഒന്ന് നേരെ വീണത്…
“അപ്പോൾ നാളെ നമുക്ക് ഹോസ്പിറ്റലിൽ പോകാം കേട്ടോ…
പെട്ടെന്ന് അസുഖം ഭേദം ആകണം എന്നിട്ട് വേണം പണ്ടത്തെപ്പോലെ നമ്മുടെ ജീവിതം സംഗീതമയമാക്കാൻ…
അപ്പായുടെ തബല അതേപോലെ ഇരുപ്പുണ്ട്… എത്ര വർഷമായി അതൊക്കെ പൊടി പിടിച്ചു ഇരിക്കാൻ തുടങ്ങിയിട്ട്…
എന്റെ വീണയുടെ കമ്പി മുഴുവൻ തുരുമ്പിച്ചു…
ഇനി പുതിയ കമ്പി കെട്ടിക്കണം… ”
യാമിയുടെ സംസാരം കേട്ടുകൊണ്ടാണ് ഞാൻ അവിടേക്ക് ചെന്നത്…
ഇവൾ ഇത് എന്തൊക്കെയാ പറയുന്നത്…
ലെച്ചുന്റെ അപ്പ തബല വായിക്കുമെന്ന് എനിക്ക് പോലും അറിയില്ലലോ…
ഒരു വീണ പോലും ഇവിടെയെങ്ങും ഞാൻ കണ്ടതും ഇല്ല… പിന്നെ ഇവൾ ഇതെന്താ ഇങ്ങനെ സംസാരിക്കുന്നത്…
എന്റെ കാൽപ്പെരുമാറ്റം കേട്ടു അവൾ തിരിഞ്ഞു നോക്കി…
“ആഹ്ഹ് വിനു… വാ വാതിൽക്കൽ തന്നെ നിൽക്കുവാണോ…
അപ്പയ്ക്ക് ഓർമ ഉണ്ടോ വിനുവിനെ…
എന്റെ കൂടെ സ്വാതി തിരുനാൾ കോളജിൽ ഉണ്ടായിരുന്ന വിനു…
ആള് എപ്പോൾ പേരുകേട്ട വയലിനിസ്റ്റ് ആണ് വിനയ ചന്ദ്ര ദേവ്… ”
ലെച്ചുന്റെ അപ്പ എന്നെ നോക്കി…
ആ മനുഷ്യന്റെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണീർതുള്ളികൾ മതിയായിരുന്നു എന്നെ അയാൾ ഓർക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ…
യാമി ആ മനുഷ്യന്റെ കൈകളിൽ പിടിച്ചു എന്തൊക്കെയോ പറയുന്നുണ്ട്
എനിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല
എന്തൊക്കെയോ എവിടൊക്കെയോ കുഴപ്പം ഉള്ളതുപോലെ തോന്നി…
യാമിയുടെ കൈയും പിടിച്ചു വലിച്ചു ഞാൻ റൂമിനു വെളിയിലേക്കു വന്നു…
(തുടരും )

by