രചന – സുധീ മുട്ടം
“ഡീ ഗായൂ നീയിവിടെ….
എനിക്ക് ആശ്ചര്യമായി…
” ഞാൻ എന്റെ ജോലിസ്ഥലം വിട്ടു പോകണെമെങ്കിൽ പ്രമോഷനോടു കൂടി നീയെനിക്കൊരു ട്രാൻസ്ഫർ വാങ്ങിത്താടീ”
പറഞ്ഞിട്ടവൾ എനിക്ക് അരികിലേക്ക് നീങ്ങി.ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റു അവളുടെ തോളിൽ കൈവെച്ചു…
“എല്ലാവരും പറഞ്ഞ ഗായത്രി നീയാണെന്ന് ഞാൻ വിചാരിച്ചില്ല”
“ഞാനും നിന്നെയൊട്ടും പ്രതീക്ഷിച്ചില്ല.”
“എന്റെ ഫസ്റ്റ് പോസ്റ്റിങ്ങാണ്.ഇവിടെയാണ് കിട്ടിയത്. എന്തൊക്കെയുണ്ടെടീ വിശേഷം”
കൂട്ടുകാരിയെ കിട്ടിയതോടെ എനിക്ക് ഉത്സാഹമേറി…
“ഭർത്താവും കുട്ടികളും സുഖമായിരിക്കുന്നോ””
“സുഖമായിട്ടിരിക്കുന്നു.ഹസ് ഗൾഫിലാണ്”
“അതൊക്കെ പോട്ടേ.നിന്റെയും ഹരിയുടെയും വിവാഹം കഴിഞ്ഞോ?”
ഗായൂന്റെ പൊടുന്നനെയുളള ചോദ്യത്തിന് മുന്നിൽ ഞാൻ മൗനം പാലിച്ചു…
“എന്താടി ഒന്നും മിണ്ടാത്തെ”
“നീയൊന്ന് വന്നേ”
ഞാൻ ഗായത്രിയുടെ കയ്യും പിടിച്ചു പുറത്തേക്കിറങ്ങി.വാകപ്പൂമരത്തിന്റെ ചുവട്ടിൽ ഞാനും ഗായത്രിയും കൂടി നിന്നു…
“അവിടെ എല്ലാവരും ശ്രദ്ധിക്കും ഗായൂ.അതാണ് ഇങ്ങോട്ട് വിളിച്ചിത്”
ഗായത്രിയുടെ കണ്ണുകളിൽ ഒരായിരം സംശയങ്ങളും ചോദ്യങ്ങളും ഞാൻ കണ്ടു.ഗായൂ എന്തെങ്കിലും ചോദിക്കും മുന്നേ ഞാൻ അങ്ങോട്ടെല്ലാം വിശദീകരിച്ചു….
“എന്താ നയനേ നീ പറയുന്നത്..ഇത്രയും കാലം തപസ്സിരുന്ന നിന്നെ ഒഴിവാക്കാൻ ഹരിക്ക് എങ്ങനെ കഴിഞ്ഞു”
അവളുടെ സംസാരിത്തിലെ ആശങ്ക എനിക്ക് മനസ്സിലാകുമായിരുന്നു…
“എന്നെക്കാൾ യോഗ്യത ആ പെൺകുട്ടിക്കാടി.എന്നെ എന്തിനു കൊള്ളാം”
“നീയിങ്ങനെയൊരു പൊട്ടിപ്പെണ്ണായല്ലോടീ.ഞാനായിരുന്നെങ്കിൽ അയാളെ വിടില്ലായിരുന്നു”
ഗായുവിന്റെ വാക്കുകളിൽ രോഷം നിറഞ്ഞിരുന്നു…
“നടക്കാഞ്ഞത് നന്നായെടീ ഗായൂ.നമ്മളെ ആവശ്യമില്ലാത്തയിടത്ത് വലിഞ്ഞു കയറി ചെന്നാൽ നാളെയൊരിക്കൽ നമ്മൾ അധികപ്പറ്റാകും”
“അതും ശരിയാണ്.. ഹരിയുടെ വിവാഹദിവസം നിനക്ക് ജോലിയിൽ കയറേണ്ടി വന്നത് നന്നായി.നാളെയൊരിക്കൽ അയാൾ നിന്റെ മഹത്വം മനസ്സിലാക്കും”
“സാരമില്ലെടി..നീയാ വിഷയം വിട്ടേക്ക്…”
“എവിടായാ തങ്ങാൻ ഉദ്ദേശിക്കുന്നത്. അതോ പോയിവരാനാണൊ?”
അങ്ങോട്ട് പറയണമെന്നു കരുതിയതാണ് അതിനു മുമ്പേ എന്റെ മനസ് ഗായത്രി വായിച്ചു…
“താമസമൊന്നും ശരിയായില്ല ഗായൂ.എവിടെയെങ്കിലും പേയിങ്ങ് ഗസ്റ്റായിട്ട് തങ്ങാമെന്ന് കരുതുന്നു.അതും പറ്റിയില്ലെങ്കിൽ വീട്ടിലേക്ക് തിരിച്ച് പോകും”
ഞാൻ വിഷമത്തോടെ അവളെ നോക്കി..
“അതിനു നീയെന്തിനാ സങ്കടപ്പെടുന്നത്.എന്റെ വീട്ടിലേക്ക് പോരേ ഞാനും മക്കളും മാത്രമേയുള്ളൂ”
എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി…
“ഭഗവതിയെന്നെ കൈവിട്ടില്ലല്ലോ”
“ഒരാഴ്ച കഴിഞ്ഞു ലക്ഷമിയമ്മ കൂടി വരുന്നുണ്ട്. അതിനിടയിൽ ഒരുവാടകവീട് സംഘടിപ്പിക്കണം”
“വീടിന്റെ കാര്യം അറ്റൻഡർ രമേശിനോട് പറയാം.അയാൾ ശരിയാക്കി തരും”
“താങ്ക്സ് ഡീ”
“താങ്ക്സ് നീവെച്ചോ.ജോലി കിട്ടിയതിന് ചെലവ് ചെയ്താൽ മതി…
” അത് ഞാനേറ്റു”
“എങ്കിൽ വാ..ഓരോന്നും പറഞ്ഞു തരാം”
ഗായത്രിയെനിക്ക് ഓഫീസിലെ ഓരോ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തന്നു…
“അതേ എല്ലാവരുമായും അധികം അടുപ്പമൊന്നും വേണ്ടാ.കുറച്ചു അകലമിട്ട് നിന്നാൽ മതി”
ഗായൂ പറഞ്ഞതിന്റെ പൊരുളെനിക്ക് മനസിലായി…
“ആരുമായും അധികം അടുപ്പം വേണ്ടെന്ന് ഞാൻ തീരുമാനിച്ചതാണ്”
അവളുകൂടി ഓഫീൽ ഉണ്ടായതിനാൽ എനിക്ക് വിരസതയൊന്നും തോന്നിയില്ല.ചുറുചുറുക്കോടെ ജോലി ചെയ്തു തീർത്തു…
വൈകുന്നേരം ഞങ്ങൾ കുറച്ചു നേരത്തെയിറങ്ങി.ചേപ്പാട്ടാണ് ഗായത്രിയെ വിവാഹം കഴിപ്പിച്ചു അയച്ചത്.അവൾക്കൊരു ആക്റ്റീവ ഉണ്ടായതുകൊണ്ട് യാത്ര അതിലായിരുന്നു…
“നമുക്ക് ഹരിപ്പാട് വരെയൊന്നു പോകണം.കുറച്ചു പച്ചക്കറികൾ വാങ്ങണം”
“അതിനെന്താ ഗായൂ ഞാൻ റെഡിയാണ്”
നങ്ങ്യാർകുളങ്ങരയിൽ നിന്നും ഹരിപ്പാടിനു രണ്ടു കിലോമീറ്റർ ദൂരമെയുള്ളൂ.ടൗൺഹാളിൽ കൂടി കറങ്ങി പച്ചക്കറിയും കുറച്ചു അത്യാവശ്യസാധനങ്ങളും വാങ്ങി നേരെ ചേപ്പാടിനു പോയി…
പോകുന്ന വഴിയിൽ അവളെനിക്ക് കാഞ്ഞൂർ ദേവീക്ഷേത്രം കാണിച്ചു തന്നു…
“വനദുർഗ്ഗയാണ് പ്രതിഷ്ഠ.. ഇവിടത്തെ ഭഗവതിക്ക് ശക്തി കൂടുതലാണ്..
ഒരുദിവസം ഗായൂന്റെ കൂടെ ഇവിടെ വരണം.സമാധാനമായിട്ട് അമ്മയെ കണ്ടൊന്നു കൈകൂപ്പി തൊഴണം”
ഞാൻ മനസ്സിൽ കരുതി…
“ദേ ഇതാണ് NTPC Road ”
നാഷ്ണൽ ഹൈവേക്ക് കുറുകെയുള്ള റോഡ് ഗായത്രി ചൂണ്ടിക്കാട്ടി.
“പടിഞ്ഞാറോട്ട് ആ റോഡിൽ കൂടി പോയാൽ കായംകുളം ചൂളത്തെരുവിലെത്താം.അവിടെയാണ് എൻ റ്റി പിസി യുടെ കറന്റ് ഉൽപ്പാദനകേന്ദ്രം.ഇതിനു കിഴക്ക് അവിടത്തേക്ക് ആവശ്യമായ നാഫ്ത കൊണ്ട് വരുന്നത്.ഇനിയും കിഴക്ക് വടക്കോട്ട് പോയാൽ മുട്ടം വഴി പള്ളിപ്പാട്ടെത്തും.അവിടെ അച്ചൻ കോവിലെ ആറ്റിൽ നിന്നാണ് കറന്റ് ഉൽപ്പാദിപ്പിക്കുന്നതിനു ആവശ്യമായ വെള്ളം പൈപ്പ് ലൈൻ വഴി കൊണ്ട് വരുന്നത്”
ഗായൂ എനിക്ക് ചിരപരിചിതയെപ്പോലെ സ്ഥലങ്ങൾ പരിചയപ്പെടുത്തി തന്നു…
പഴയ ഗായുവിൽ നിന്ന് ഗായത്രി ഒരുപാട് മാറിയെന്ന് എനിക്ക് തോന്നി..പണ്ടത്തെ ഗായൂ മിണ്ടാപ്പൂച്ചയാണ്.ഇപ്പോഴവൾ വാതോരാതെ സംസാരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി…..
“ഡീ ഈ സ്ഥലമൊക്കെ എവിടെയോ കേട്ടിട്ടുണ്ടല്ലോ”
“പിന്നെ കേൾക്കാതിരിക്കുവോ പത്മരാജന്റെയും മധുമുട്ടത്തിന്റെയും എസ്പി പിളളയുടെയും എംജി ശ്രീകുമാറിന്റെയുമൊക്കെ നാടല്ലേ ഹരിപ്പാട്”
“ചുമ്മാതല്ല ഗായൂ പറഞ്ഞപ്പോൾ സ്ഥലങ്ങളൊക്കെ എവിടെയോ കേട്ടിട്ടുണ്ടെന്നത്…
ചേപ്പാട് ഹൈവേ സൈഡിലുളള ഇരുനിലമാളികയായിരുന്നു ഗായത്രിയുടെ വീട്….
ആക്റ്റീവ കാർ പോർച്ചിൽ നിർത്തിയപ്പോൾ ഞാൻ പിന്നിൽ നിന്നും ഇറങ്ങി….
സ്കൂട്ടറിന്റെ ശബ്ദം കേട്ടപ്പോൾ രണ്ടു കുസൃതിക്കുടുക്കൾ ഓടിവന്നു…
ഓമനത്വമുളള രണ്ടു ഇരട്ടപെൺകുട്ടികൾ.നാലുവയസ്സ് കാണുമായിരിക്കും…
അമ്മേയെന്ന് വിളിച്ചു രണ്ടും കൂടി ഗായത്രിയിലേക്ക് ചാടിക്കയറാൻ ഒരുങ്ങി.പക്ഷേ രണ്ടു പേരും എന്നെക്കണ്ടതും പതിയെ പിറകോട്ടു വലിഞ്ഞു…
” അമ്മയുടെ കൂട്ടുകാരിയാ.ഇത് നയന ആന്റി”
ഗായത്രി എന്നെ രണ്ടു പേർക്കും പരിചയപ്പെടുത്തി… ആദ്യത്തെ അപരിചിതത്വം മാറിയതും രണ്ടു പേരും എന്നോട് നന്നായി ഇണങ്ങി….
“നീ ഓഫീസിൽ പോകുമ്പോൾ മക്കളെയാരാ നോക്കുന്നത്”
ഞാൻ സംശയത്തോടെ അവളെ നോക്കി…
“എന്റെ അമ്മായിയമ്മ നോക്കും.ഇവിടെ നിന്ന് രണ്ടു വീടിനു അപ്പുറത്താണ് തറവാട്”
“വന്നകാലിൽ നിൽക്കാതെ അകത്ത് കയറെടീ..”
ഗായത്രി അകത്ത് കയറിയ പിന്നാലെ ഞാനും കൂടെ ചെന്നു.കുസൃതിക്കുടുക്കകൾ മുന്നിലും നടന്നു…
ഞങ്ങൾ ഹാളിനകത്തേക്ക് കടന്നു.അവിടെ ടീവിക്ക് മുമ്പിലിരിക്കുന്നൊരു മദ്ധ്യവയയ്ക്ക ഇരിപ്പുണ്ട്.ഞങ്ങളെ കണ്ടതും അവരുടെ ശ്രദ്ധ ഞങ്ങളിലായി….
ഗായത്രിയിൽ നിന്ന് അവരുടെ കണ്ണുകൾ എന്നിൽ വന്നുനിന്നു…
നല്ല കുലീനത്വമുളളവർ..മുഖശ്രീയുമുണ്ട്.തറവാട്ടിൽ പിറന്നതിന്റെ ഗാംഭീര്യം മുഖത്ത് അറിയാം.എപ്പോഴും മുഖത്ത് പുഞ്ചിരിയുണ്ട്…
“ഇതാണ് ഏട്ടന്റെ അമ്മ സരസ്വതി..”
ഗായത്രി അമ്മയെ എനിക്ക് പരിചയപ്പെടുത്തി…
“അമ്മേ ഇതാണെന്റെ നാട്ടുകാരിയും ഏറ്റവും അടുത്ത കൂട്ടുകാരിയും.പേര് നയന.ഇപ്പോൾ എന്റെ കൂടെ വർക്ക് ചെയ്യുന്നു”
എനിക്ക് അവരെ കണ്ടപ്പോൾ ലക്ഷമിയമ്മയെ ഓർമ്മ വന്നു…ഞാൻ ഗായത്രിയുടെ അമ്മായിയമ്മയുമായി പെട്ടെന്ന് അടുത്തു…
പാവമാണ് അവരെന്നെ എനിക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായിരുന്നു.ഞങ്ങൾ തമ്മിൽ ഒരുപാട് സംസാരിച്ചു.വീട്ടിലെ വിശേഷങ്ങൾ തിരക്കിയപ്പോൾ ഒരുമൂളലിൽ എല്ലാം ഒതുക്കി…
“എന്തായാലും ഗായത്രിക്കൊരു കൂട്ടായല്ലോ”
സരസ്വതിയമ്മ നെടുവീർപ്പെട്ടു….
ഗായത്രിയുടെ ഭാഗ്യം ഇതുപോലൊരു അമ്മായിയമ്മയെ അവൾക്ക് കിട്ടിയല്ലോ…
ഗായത്രി ഞങ്ങൾക്ക് ചായയിട്ടു കൊണ്ടു വന്നു.ചായ കുടി കഴിഞ്ഞു സരസ്വതിയമ്മ യാത്ര പറഞ്ഞിറങ്ങി….
“ഒഴിവ് ദിവസം കിട്ടുമ്പോൾ ഗായത്രിയുടെ കൂടെ തറവാട്ടിലേക്കൊന്ന് വരണം മോളേ”
ഇറങ്ങും മുമ്പേ അവരെന്നെ അവിടേക്ക് ക്ഷണിച്ചു…
“വരാം അമ്മേ…
” ശരി എന്നാൽ ഞാൻ ഇറങ്ങട്ടെ…
അവർ നടന്നകലുന്നതും നോക്കി നിന്നു…
“നയനേ കുളിക്കണമെങ്കിൽ കുളിച്ചിട്ട് വാടീ”
ഗായത്രി കുളി കഴിഞ്ഞു മുടി തോർത്തുകയായിരുന്നു.ഞാനും ബാത്ത് റൂമിൽ കയറി തണുത്ത വെളളത്തിൽ കുളിച്ചു…
എനിക്കുളള മുറി ഗായത്രി കാണിച്ചു തന്നു.ബാഗ് ഗായു എടുത്തു വെച്ചിരുന്നു….
ലക്ഷ്മിയമ്മയെ ഇതുവരെ വിളിച്ചില്ലല്ലോ എന്ന് ഓർമ്മ വന്നതോടെ മൊബൈലെടുത്ത് അമ്മയെ വിളിച്ചു…
“ഹരിയേട്ടന്റെ വിവാഹവിശേഷങ്ങൾ അമ്മ അധികം പറഞ്ഞില്ല.എന്നെ നോവിക്കണ്ടാന്ന് പാവം കരുതിക്കാണും…
ഫോൺ വിളിച്ചു കഴിഞ്ഞു ഞാൻ ഗായൂന്റെയും മക്കളുടെ കൂടെയും കൂടി.. കുസൃതികളുള്ളതിനാൽ സമയം പോയതറിഞ്ഞില്ല….
” നൈറ്റിലേക്ക് ചപ്പാത്തിയും വെജിറ്റബിൾ കുറുമയും ആയാലോ”
ഗായൂന്റെ ചോദ്യം കേട്ടെനിക്ക് ചിരിവന്നു…
“ഡീ നിനക്ക് ഇഷ്ടമുള്ളത് എന്തായാലും ഞാൻ കഴിക്കും”
ഗായൂന്റെയൊപ്പം കിച്ചണിൽ കയറാൻ ഒരുങ്ങിയതും അവളെന്നെ ഓടിച്ചു…
“നീയെന്റെ ഗസ്റ്റാണ്.മക്കളുടെ കൂടെ ഇവിടിരുന്നാൽ മതി”
“ഓ..ശരി”
ഞാൻ മക്കളുടെ കൂടെ പാട്ട് പാടിയും കഥ പറഞ്ഞും സമയം കളഞ്ഞു….
സമയമായപ്പോൾ ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ കുറെസമയം വിശേഷങ്ങൾ പറഞ്ഞിരുന്നു. കിടക്കാൻ നേരം ഒരുപാട് ലേറ്റായി….
താമസിച്ചാണ് കിടന്നതെങ്കിലും ഞാൻ ആറുമണിക്ക് ഉണർന്നു. കുറച്ചു സമയം കൂടി വെറുതെ കിടന്നു..
ഞാൻ എഴുന്നേറ്റു ചെല്ലുമ്പോൾ ഗായത്രിയും മക്കളും ഉണർന്നട്ടില്ല….
പതിവ് തെറ്റിക്കാതെ കുളിയും കഴിഞ്ഞു ഞാൻ കിച്ചണിൽ കയറി ചായയിട്ടു.ഗായുവിനും മക്കൾക്കും മാറ്റിവെച്ചതുശേഷം എനിക്കുളള ചായയുമായി ഞാൻ മുറിയിലെത്തി….
ചായ കുടിച്ചുകൊണ്ട് ഞാൻ ജനാലവാതിൽ തുറന്നിട്ടു.പുറത്തേക്ക് നോക്കിയ ഞാൻ കണ്ടത് അടുത്ത വീട്ടിലെ സുമുഖനായൊരു ചെറുപ്പക്കാരൻ ഇങ്ങോട്ടും നോക്കി നിന്നു പല്ല് ബ്രഷ് ചെയ്യുന്നതാണ് …
ഞങ്ങളുടെ മിഴികൾ പരസ്പരം കോർത്തതും ഞാൻ പെട്ടെന്ന് ജാലകവാതിൽ അടച്ചു….
തുടരും

by