ഡിഗ്രി പഠിക്കുമ്പോ ആണ് വണ്ടി ഓടിക്കണം ലൈസെൻസ് എടുക്കണം എന്ന മോഹം എനിക്ക് തോന്നിയത്…അങ്ങനെ അച്ഛൻ എന്നെയും അനിയത്തിയെയും ഒരു ഡ്രൈവിംഗ് സ്കൂളിൽ കൊണ്ടേ ചേർത്തു…. ഫോം ഫിൽ ചെയ്യാൻ നേരം അവർ ചോദിച്ചു എന്തിന്റെയൊക്കെ വേണം എന്ന്… ഞങ്ങൾ ചാടി കേറി പറഞ്ഞു ടുഉം ഫോർഉം… ചേട്ടൻ അപ്പൊ ചോദിച്ചു ടൂ വിത്ത് ഗിയർ ഓഹ് വിത്ത് ഔട്ട് ഗിയർ ഓഹ്…വിത്ത് ഗിയർ വെക്കട്ടെ ഭാവി ബുള്ളറ്റ് ഒകെ ഓടിചോണ്ട് പോണമെന്നു തോന്നിയാലോ… ബുള്ളറ്റ് എന്നു കേട്ടതും ഞാൻ വീണു പോയി…
ഫസ്റ്റ് ഡേ ചുമ്മാ വണ്ടി ഒകെ കാണിച്ചു ഇതാണ് ക്ലച്ച് ആക്ക്സിലറെറ്റാർ എന്നൊക്കെ പറഞ്ഞു തന്ന് കുറച്ച് തിയറി ക്ലാസ്സ് എടുത്ത്…അനിയത്തി നല്ലോണം ബൈക്ക് ഓടിക്കണ ആൾ ആയിരുന്നു… ഞാൻ ഇതുവരെ സൈക്കിൾ പോലും മര്യാദക്ക് ഓടിച്ചിട്ടില്ല…ഉരുട്ടി ഉരുട്ടി ആയിരുന്നു എന്റെ സൈക്കിൾ പോകാറ്….ആദ്യം ടു വീലർ പഠിക്കാം എന്നിട്ട് കാർ പഠിക്കാം എന്നവർ പറഞ്ഞു, ഞങ്ങൾ ഒകെ വെച്ചു കൊടുത്തു… അങ്ങനെ ഞങ്ങടെ പേടകം എത്തി… M80… ബൈക്ക് ഒകെ ഓടിചോണ്ട് നടക്കണ അനിയത്തിക്ക് M80 ഒരു വിഷയമല്ലാർന്ന്..പക്ഷെ എനിക്ക്…..
M80ൽ കേറി ആക്ക്സിലറേറ്റർ കൊടുത്തതും ഞാൻ പറന്ന് പോയതും ഒരുമിച്ചയിരുന്നു… അതോടെ ഞാൻ പറഞ്ഞു എനിക്ക് ആദ്യം കാർ പഠിച്ച മതി….
അങ്ങനെ അനിയത്തി ടു വീലറും ഞാൻ 4 വീലറും ആയി…എന്റെ കാർ പോണത് കണ്ടാൽ കാലൻ വരെ കരഞ്ഞു പോകുവാർന്നു…പിന്നെ എങ്ങിട്ടും ഉരുണ്ടുവീഴില്ല എന്ന ഉറപ്പ് ഉള്ളോണ്ട് എനിക്ക് കാർ ഇഷ്ടർന്നു.. ദേഹം നൊന്തുളള ഏർപ്പാട് ഒന്നും എനിക്ക് ഇഷ്ടല്ലാർന്നു… ഞാൻ കാർ ഓടിക്കണ കണ്ടിട്ട് ഇതെന്താ പാമ്പ് പോണതോ… വണ്ടി കള്ള് കുടിച്ചിട്ട് ഉണ്ടോ എന്നൊക്കെ സ്ഥിരം ക്ലിഷെ കമന്റ് ആയി മാറിയിരുന്നു… ഇങ്ങനെയോക്കേയോ അത്യാവശ്യം കാർ ഓടിക്കാൻ പഠിച്ചു… എന്നാ പിന്നെ H എടുത്തു കളയാം എന്നായി… Hന് വേണ്ടി കുത്തിയ കമ്പിയിൽ ഞാൻ ഓടിച്ചു വളക്കാത്ത ഒരു കമ്പി പോലും ആ ഗ്രൗണ്ടിൽ കാണുല്ലാ… അത്രക്ക് മനോഹരമായിരുന്നു എന്റെ വണ്ടി ഓടിക്കൽ… എന്റെ ചത്തു കിടന്നുളള പ്രകടനത്തിൽ സഹതാപം തോന്നി വണ്ടി ഓടിക്കാൻ പഠിപ്പിക്കണ ചേട്ടന്മാർ വരെ ദൈവത്തെ വിളിച്ച് പ്രാർഥിച്ചിടുണ്ടാവണം ഞാൻ ഇങ്ങനെയൊക്കെയോ H എടുക്കാൻ പഠിച്ചു…
പിന്നെ M80യിലായി അടുത്ത പ്രകടനം… കാർ ആകുമ്പോ വീഴുല്ലാർന്നല്ലോ അതോണ്ട് എനിക്ക് ഇഷ്ടർന്നു… പക്ഷെ M80 ഞാൻ കേറിയ പിന്നെ ചോരകണ്ടേ അടങ്ങു അതായിരുന്നു ശീലം… അവസാനം ഞാൻ തീരുമാനിച്ചു ടു വീലർ വേണ്ട… ഇനിയെന്റെ മേത്ത് തൊലി പോവാൻ ഒരു സ്ഥലം പോലും മിച്ചമില്ലാ എന്നതാണ് സത്യം… അപ്പൊ വരുണേട്ടൻ അതായത് വണ്ടി ഓടിക്കാൻ പഠിപ്പിക്കണ ചേട്ടൻ പറഞ്ഞു 8 എങ്കിലും എന്നാ എടുത്ത് പഠിക്ക് ഇത്രേം ഒന്നുല്ലേല്ലും വീണതല്ലേ… അതായിരുന്നു എന്റെ പ്രശ്നവും ഞാൻ വീണ് വീണ് എന്റെ പരുപാടി തീരാറായാർന്നു….എന്നായാലും ഇത്രേം ആയി എന്നാ 8 എടുക്കാം എന്നായി… 8 പോയിട്ട് ഒരു ഒന്ന് എടുക്കാൻ പോലും എനിക്ക് പറ്റണില്ലാർന്നു…. എന്റെ അതിമനോഹരമായ പ്രകടനം കണ്ടു കണ്ടു ഡ്രൈവിംഗ് ക്ലാസ്സിൽ ഇടക്ക് കേറി വരുന്ന പൂച്ച വരെ വരാതെയായി…. 8 ഒഴികെ ബാക്കി എല്ലാ ആക്കങ്ങളും ആയാർന്നു .. നീയൊരു കാര്യം ചെയ്യ് ലൈസെൻസ് എടുക്കാൻ നേരം രണ്ടു തവണ 4 വരച്ചു കാണിച്ചിട്ട് പുള്ളിയോട് കൂട്ടിക്കോളാൻ പറ എന്ന് അപ്പറെ നിക്കണ ഒരു തെണ്ടി കമന്റഉം പാസ്സാക്കി അത് കേട്ട് ഞാൻ ഒഴികെ ബാക്കി എല്ലാരും ചിരി… എനിക്കാനേൽ സങ്കടംകൂടി വരുവാർന്നു…. മനുഷ്യൻ വെയിലത്ത് കിടന്ന് രാവിലെ തുടങ്ങിയ സർക്കസ്സാ…
അന്ന് വൈകിട്ട് ഞാൻ പോവാൻ നേരം എന്നെ വരുണേട്ടൻ വിളിച്ചിട്ട് ചോദിച്ചു നിനക്ക് എന്താ വണ്ടി ഓടിക്കാൻ പറ്റാത്തെ എന്നറിയ്യോ എന്ന്… ഞാൻ കൊറേ റീസൺസ്സ് നിരത്തി…. എടി പൊട്ടി അതൊന്നുമല്ല… നിനക്ക് വണ്ടി ഓടിക്കാൻ പറ്റാത്തത്ത് നിനക്ക് വണ്ടിയെ ഇഷ്ടം അല്ലാത്തത് കൊണ്ടാ….
ഇന്ന് ഈ ട്രാക്കിൽ ഒരു ഗേൾ ബൈക്ക് സ്റ്റാണ്ണറായി നിക്കുമ്പോ എന്റെ കാതിൽ അന്ന് എന്നോട് വരുണേട്ടൻ പറഞ്ഞത് മുഴങ്ങുന്നപോലെ തോന്നി…” നീ എന്ന് വണ്ടിയെ പ്രണയിച്ചു തുടങ്ങുന്നോ അന്ന് വണ്ടിയും നിന്നെ തിരിച്ചു പ്രണയിച്ചു തുടങ്ങും….”
Story written by – Anjitha Sindhu Saji

by