The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അഞ്ജു രാഘവൻ
‘ഏട്ടാ ഒന്നിങ്ങടു വരോ..അടുക്കളയിൽ നിന്നും പ്രിയതമയാണ്. പതിവില്ലാത്ത വിളികേട്ട് ഞാനൊന്ന് അമാന്തിച്ചെങ്കിലും പത്രം മടക്കി അടുക്കളയിലേക്കു ചെന്നു. അവിടെ അവൾ ചുമരും ചാരി തലക്കും കൈകൊടുത്ത് നിക്കുന്ന.’ന്താടി ന്തു പറ്റി? ‘ഏട്ടാ ന്റെ തല കറങ്ങണു. നിക്ക് ചർദ്ദിക്കണം.’രാവിലെതന്നെ എന്താ വലിച്ചു കേറ്റിയേ ചർദ്ദിക്കാൻ?’ഞാനൊന്നും കഴിച്ചില്ല. ചായ മാത്രേ കുടിച്ചുള്ളൂ.’നീയിവിടെ ഇരി.. ഞാനാ ബക്കറ്റ് എടുത്തു തരാ അതിൽ ചർദിച്ചോ’
വേഗം വേഗം എന്ന് അവൾ കൈ കൊണ്ട് ആഗ്യം കാണിച്ചു. ചർദ്ദിയും ഓക്കാനവും എല്ലാം കഴിഞ്ഞ് കട്ടനും ഇട്ടുകൊടുത്ത് ഉമ്മറത്തിരിക്കുമ്പോഴാണ് വെളുപ്പാൻകാലത്തു ക്ഷേത്രദർശനത്തിനു പോയ അമ്മയുടെ വരവ്.അവളുടെ ഇരിപ്പ് കണ്ടു അമ്മ ചോദിച്ചു…
‘ന്താടാ ഇവൾക്കെന്തു പറ്റി? അവൾ വള്ളി പുള്ളി തെറ്റാതെ ഉണ്ടായ കാര്യങ്ങൾ വിശദീകരിച്ചു . എന്റെ കട്ടന്റെ എഫക്ട് കണ്ടു ഞാനും ഒന്നു ചെറുതായി ഞെട്ടി. എല്ലാം കേട്ട് കഴിഞ്ഞു അമ്മ പറഞ്ഞ.’ടാ മോനെ ഇത് മറ്റേതാടാ….’മറ്റേതോ അതെന്താ അമ്മേ? ..’ടാ പൊട്ടാ നീയൊരു അച്ഛനാവാൻ പോണൂന്ന്’
അതു കേട്ടതും എന്റെയും അവളുടെയും കണ്ണുകൾ ഒരുമിച്ച് തിളങ്ങി. അമ്മ മുന്നിൽ നിൽക്കുന്നതുപോലും ഓർക്കാതെ അവളെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്തു.
ഉടനെ തന്നെ അവളേയും അമ്മയേയും കൂട്ടി ആശുപത്രിയിലേക്കു വച്ചു പിടിച്ചു. അവിടെ ചെന്ന് ടെസ്റ്റ് ഒക്കെ ചെയ്തു സംഭവമങ്ങു ക്ലിയറാക്കി. അടുത്ത ആഴ്ച സ്കാനിംഗ് നടത്താന്നും പറഞ്ഞു വീട്ടിലേക്ക്….
പിന്നെ പർച്ചേസിങ്ങോടു പർച്ചേസിങ്ങായിരുന്നു… ആപ്പിൾ, മുന്തിരി, ഓറഞ്ച് തുടങ്ങി ഞാവൽപഴം വരെ, മുരിങ്ങ, ചീര, പയർ, പച്ചക്കറി ഒരു വഴിക്ക്… എന്തിനേറെ പറയാനാ ഉപ്പുതൊട്ടു കർപ്പൂരം വരെ അമ്മ എന്നെ കൊണ്ടു വാങ്ങിപ്പിച്ചു.
അങ്ങനെ രണ്ടാഴ്ച കഴിഞ്ഞു സ്കാനിങ്ങിനു പോയപ്പോ വീണ്ടും ഇരട്ടി സന്തോഷം.. ഒന്നല്ല രണ്ടു കളിക്കുടുക്കകളാണ് ഒമ്പതു മാസം കഴിയുമ്പോ പുറത്തു വരാൻ റെഡിയാവുന്നത്. സന്തോഷം കൊണ്ടു നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ…പിന്നീടങ്ങോട്ട് വീടൊരു ഉത്സവപ്പറമ്പ് ആവുകയായിരുന്നു. മിക്ക ദിവസവും വിരുന്നുകാരുണ്ടാവും.അടുക്കള മൊത്തം പലഹാരപൊതികൾ കൊണ്ടു നിറഞ്ഞു. എന്തേലും കഴിക്കാൻ കൊതിയോടെ ഓടി വരുമെങ്കിലും പലഹാരങ്ങളുടെ മണമടിക്കുമ്പോഴെ അവൾ വാ പൊത്തി ഓടിക്കളയും…ഏഴാം മാസം അവളെ വിളിച്ചോണ്ടുപോയപ്പോൾ അറിയാതെ ഉള്ളിലെവിടെയോ ഒരു നീറ്റൽ… അടുത്ത ആഴ്ച തന്നെ തിരിച്ചു വിളിച്ചോണ്ടുവന്നു. പിന്നെ ഒമ്പതാം മാസത്തിലാ അവളുടെ വീട്ടിൽ പോയത്.
രണ്ടു കൺമണികളെ ഉദരത്തിൽ വഹിക്കുന്നതു കൊണ്ടായിരിക്കും അവൾക്ക് നല്ല ക്ഷീണവും പ്രയാസവുംഉണ്ടായിരുന്നു. ഒമ്പതാംമാസത്തിന്റെ ആദ്യ വാരം തന്നെ അഡ്മിറ്റ് ചെയ്തു. ആദ്യ പ്രസവത്തിന്റെ ഭയപ്പാടുകൾ അവളുടെ മുഖത്ത് നിഴലിച്ചു തുടങ്ങിയിരുന്നു. അഡ്മിറ്റ് ആയതിന്റെ മൂന്നാം നാൾ അവൾക്കു വേദന വന്നു തുടങ്ങി. പ്രസവവാർഡിലേക്കു മാറ്റി. കുറച്ചു മണിക്കൂറുകൾക്ക് ശേഷം നഴ്സ് വന്നു പറഞ്ഞു
‘സിറ്റുവേഷൻ കുറച്ചു ക്രിട്ടിക്കലാ, ബ്ലഡ് അറേഞ്ച് ചെയ്യണം .ഞാൻ രണ്ടുമൂന്നു പേരെ വിളിച്ചു ബ്ലഡ് അറേഞ്ച് ചെയ്തു. തന്റെ നല്ല പാതി അകത്തു കിടന്നു അനുഭവിക്കുന്ന വേദന ഞാൻ പുറത്തിരുന്നു അനുഭവിച്ചു.
അവളുടെ ആങ്ങളമാർ എല്ലാത്തിനും ഓടി നടപ്പുണ്ടായിരുന്നു. എന്റെ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു വിഷമം എന്റെ തൊണ്ടയിൽ കുരുങ്ങി നിന്നു. ഞാൻ കണ്ണടച്ച് ചുമരിൽ ചാരി നിന്നു.ഇനി മുന്നോട്ടൊന്നും ഇല്ലാത്തപോലൊരു തോന്നൽ.ഞാനാകെ തളർന്നു പോയി. ഹൃദയമിടിപ്പിന്റെ ആഘാതത്തിൽ എന്റെ ഹൃദയം തകർന്നുപോകുമോ എന്നുവരെ ഞാൻ ഭയപ്പെട്ടു.
ഇതിനിടയിൽ അവൾക്ക് ബി. പി കൂടി ഓപ്പറേഷൻ തീയറ്ററിലേക്കു മാറ്റി. മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ രണ്ടു നഴ്സുമാർ എന്റെ മാലാഖ കുഞ്ഞുങ്ങളേയുംകൊണ്ടു പുറത്തു വന്നു. രണ്ടു അമ്മമാരും കുഞ്ഞുങ്ങളെ വാങ്ങി എന്റെ നേരേ നീട്ടി. ഞാൻ എന്റെ മാലാഖമാരുടെ നെററിയിൽ മൃദുവായി ചുംബിച്ചു.
തീയേറ്ററിൽ നിന്നും ഡോക്ടർ ഇറങ്ങി വന്നു പറഞ്ഞു
‘ഷീ ഈസ് ഓൾ റൈറ്റ്, സെഡേഷനിലാണ്. ഒരാൾക്കു കയറി കാണാം. ‘അവളെ കാണാൻ ഞാൻ കയറി. പാതിമയക്കത്തിൽ, പാതി കൂമ്പിയ ഇമകൾക്കിടയിലൂടെ അവൾക്ക് എന്നെ കാണാൻ കഴിയുമായിരിക്കും. അവളുടെ അടുത്തുചെന്ന് മായാത്ത സിന്ദൂരചുവപ്പിൽ ഒരു മുത്തം കൊടുത്തു..എന്റെ കണ്ണുകൾ ഞാനറിയാതെ നിറഞ്ഞൊഴുകി….
വേദനകൊണ്ടാണോ സന്തോഷം കൊണ്ടാണോ എന്നറിയില്ല അവളുടെ കൺകോണിലൂടെ ഒരു തുള്ളി കണ്ണുനീർ കിനിഞ്ഞിറങ്ങി ചെവിക്കു പിറകിലൊളിച്ചു.ഞാനെന്റെ നല്ല പാതിയെ എന്റെ നെഞ്ചോടുചേർത്തു പിടിച്ചു, മരണംവരെ ഞങ്ങളെ വേർപിരിക്കരുതേ എന്ന പ്രാർത്ഥനയുമായി….