Karimizhi

The World of Malayalam Stories

മലയാളം കഥ - കരിനീല
Malayalam short stories

ബസ്സിലെ ക്ലീനർ ബസ്സിൽ തട്ടി ഒച്ച

മാർച്ച്‌ സ്റ്റോറി 1

സ്വർണകൂട്

 

”  സ്റ്റാൻഡ് എത്തി…  സ്റ്റാൻഡ് എത്തി…വേഗം ഇറങ്ങ്  വേഗം ഇറങ്ങ്. ”

ബസ്സിലെ ക്ലീനർ ബസ്സിൽ തട്ടി ഒച്ച ഉണ്ടാക്കി ഉറക്കെ പറഞ്ഞു.

 

 

 

 

“എല്ലാവരും കൂടി മുമ്പിലേക്ക് തള്ളി വരാതെ കുറച്ചുപേർ പുറകിൽ കൂടി ഇറങ്ങൂ. പുറകിൽ കുറച്ചുപേരല്ലേ ഉള്ളൂ.ദേ  പെൺകൊച്ചുങ്ങളെ പുറകിൽ കൂടി ഇറങ്ങിയെ ” ക്ലീനർ ഒച്ച എടുത്തു പറഞ്ഞു.

 

 

 

” നമുക്ക് പിറകിൽ കൂടി ഇറങ്ങാം ” പേടിച്ചുകൊണ്ട്  നന്ദിനി തന്റെ കൂട്ടുകാരിയായ റിയയോട് പറഞ്ഞു.

 

 

 

 

” ആ നമുക്ക് അതിൽ കൂടി ഇറങ്ങാം. അല്ലെങ്കിൽ തന്നെ എന്നെ അയാൾക്ക് കണ്ണിനു നേരെ കണ്ടുകൂടാ ” എന്നും പറഞ്ഞ് റിയ നന്ദിനിയെ വലിച്ചു കൊണ്ട് നടന്നു.

 

 

 

റിയയുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ  നന്ദിനി പുറകിലേക്ക് വീഴാനായി ആഞ്ഞു. പക്ഷേ രണ്ടു കരങ്ങൾ നന്ദിനിയെ താങ്ങി. നന്ദിനി ആ കൈയിൽ കിടന്ന് പുറകിലേക്ക് നോക്കിയപ്പോൾ രണ്ട് കരിനീലക്കണ്ണുകളെയാണ് ആദ്യം കണ്ടത്.

 

 

 

അയാൾ നന്ദിനി തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

 

“ഹലോ ഒന്നു നേരെ നിൽക്കുമോ  ” അയാൾ  ഗൗരവത്തോടെ നന്ദിനിയോട് ചോദിച്ചു.

 

നന്ദിനി ആണെങ്കിൽ ആകെ ചമ്മി. കാരണം ഇത്രയും നേരം അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു.

 

 

 

 

” സോറി” അതും പറഞ്ഞ് അവൾ വേഗം ബസ്സിൽ ഇന്ന് ഇറങ്ങാൻ പോയപ്പോൾ  അവളുടെ മുടിയിൽ ആരോ പിടിച്ചു വലിച്ചു.

 

 

 

തിരിഞ്ഞു നോക്കുമ്പോൾ  അവളുടെ മുടി അയാളുടെ വാച്ചിൽ കുടുങ്ങിയിരിക്കുന്നു.  വാച്ച് പൊട്ടാതിരിക്കാൻ വേണ്ടി അയാൾ മുടിയുടെ തുമ്പിൽ പിടിച്ചിട്ടുണ്ട്.അവൾ വേഗം മുടി പിടിച്ചു വലിച്ചു…

 

അയാൾ വേഗം തന്നെ അവളുടെ അടുത്ത് വന്ന് .

 

” മുടി പിടിച്ചു വലിക്കല്ലേ വാച്ച് പൊട്ടിപ്പോകും. കൂടാതെ ഈ നല്ല ഭംഗിയുള്ള മുടിയും പൊട്ടിപ്പോകും. ഞാൻ മുടി വാച്ചിൽ നിന്ന് ഊരി തരാം  ” അയാൾ കുസൃതിയോടെ ചിരിച്ചിരിച്ചുകൊണ്ട് പറഞ്ഞു.

 

 

ചിരിച്ചപ്പോൾ ഉള്ള അയാളുടെ നുണക്കുഴിയിൽ നന്ദിനി കണ്ണെടുക്കാതെ നോക്കി നിന്നു.

 

” അതെ കണ്ണും കണ്ണും നോക്കി നിൽക്കണമെങ്കിൽ ബസ്സിൽ നിന്ന് താഴെ ഇറങ്ങി നിൽക്ക് ” ക്ലീനർ  ഉറക്കെ പറഞ്ഞു.

 

അവർ രണ്ടുപേരും വേഗം ബസ്സിൽ നിന്ന് പുറത്തിറങ്ങി.

 

ഇതെല്ലാം കണ്ട റിയ ആകെ കിളി പോയി നിൽക്കുകയാണ്.അവൾ നന്ദിനിയുടെ കൈയും പിടിച്ച് വലിച്ചുകൊണ്ട് അവിടെനിന്ന് വേഗം പോയി. പോകുന്ന വഴി നന്ദിനി അയാളെ തിരിഞ്ഞുനോക്കി.

 

” എന്റമ്മോ എന്തു ഭംഗിയാണ്. ” റിയ ആശ്ചര്യത്താൽ പറഞ്ഞു.

 

“എന്ത് ” നന്ദിനി റിയയോട് ഒന്നും മനസ്സിലാവാതെ ചോദിച്ചു.

 

” ഓ പൊട്ടത്തി…..അവൾക്കൊന്നും മനസ്സിലായില്ലല്ലേ. എടി നിങ്ങൾ രണ്ടുപേരും കണ്ണിൽ കണ്ണും നോക്കിനിൽക്കുന്നത് ഞാൻ കണ്ടല്ലോ. ഉഫ്  എന്ത് സീനായിരുന്നു.

മൊബൈൽ എടുത്ത് ഒരു  ഫോട്ടോ എടുക്കണമായിരുന്നു. പക്ഷേ ആ സമയത്ത് എന്റെ കിളി പോയില്ലേ. അതുകൊണ്ട് ഒന്നും പറ്റിയില്ല. “റിയ നിരാശയോടെ പറഞ്ഞു.

 

 

 

“ഒന്ന് പോയെടി അങ്ങനെയൊന്നുമില്ല.  നീ അല്ലെ  എന്നെ വലിച്ചുകൊണ്ടു പോയത്. അപ്പോൾ ഞാൻ വീഴാൻ പോയപ്പോ ആ ചേട്ടൻ പിടിച്ചു. പിന്നെ എന്റെ മുടി ചേട്ടന്റെ വാച്ചിൽ കുടുങ്ങി. അത്രയേ ഉള്ളൂ അല്ലാതെ എഴുതാപ്പുറം ഒന്ന് വായിക്കേണ്ട.” നന്ദിനി കപട ദേഷ്യത്തോടെ പറഞ്ഞു. എന്നാൽ അവളുടെ  ചൊടിയിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

 

 

 

” എന്ത് ലുക്ക് ആണല്ലേ ആ ചേട്ടൻ. നല്ല വെളുത്തിട്ട് നീലക്കണ്ണുമായി, നല്ല നുണക്കുഴിയുള്ള ചിരി, അത്യാവശ്യ പൊക്കവും വണ്ണവും ഉള്ള  ഒരു സുന്ദരൻ. അടിപൊളി”റിയ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.

 

അന്നു മുഴുവൻ വർത്താനം ആ ചേട്ടനെ കുറിച്ച് തന്നെയായിരുന്നു.

 

പിറ്റേദിവസം രാവിലെ  ബസ്റ്റാൻഡിൽ ഇറങ്ങി  കോളേജിൽ പോകുന്ന വഴിയരികിൽ  ഉള്ള ഒരു ഓഫീസിന്റെ ഫ്രണ്ടിൽ അയാൾ നിൽക്കുന്നുണ്ടായിരുന്നു.

 

നന്ദിനിയെ കണ്ടതും അയാൾ നിറഞ്ഞ ഒരു ചിരി നൽകി.

 

അതുകണ്ട റിയാ അയാൾക്ക് റ്റാറ്റാ കൊടുത്തു.

 

നന്ദിനി അവളെയും വലിച്ചു കൊണ്ട് ഓടി.

 

” മോളെ ആ ചേട്ടൻ നിന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നല്ലോ ”  റിയ നന്ദിനിയെ നോക്കി കളിയാക്കി.

 

“പോ അവിടുന്ന് ” നന്ദിനി കപട ഗൗരവത്തിൽ പറഞ്ഞു.

 

” എടി സത്യം അയാൾ നിന്നെ തന്നെ നോക്കി നിന്നതാണ് ” റിയാ നന്ദിനിയോട് പറഞ്ഞു.

 

” നിനക്കെന്താ വട്ടുണ്ടോ. നീ എന്നെ നോക്ക് ആ ചേട്ടനെ നോക്ക്. ആ ചേട്ടന്റെ അടുത്ത് നിൽക്കാനുള്ള ഭംഗി പോലും എനിക്കില്ല. കറുത്ത സാധാരണക്കാരിയായ എന്നെ ആരു  നോക്കാൻ. ആ ചേട്ടൻ കണ്ടു പരിചയം ഉള്ളതുകൊണ്ട് ചിരിച്ചതായിരിക്കും. ”  നന്ദിനി ഗൗരവത്തോടെ റിയയോട് പറഞ്ഞു.

 

” നിന്റെ അത്രയും നീളമുള്ള മുടി കോളേജിൽ വേറെ ആർക്കെങ്കിലും ഉണ്ടോ. ആ ചേട്ടൻ അതുകണ്ടാണ് വീണത്  എന്ന് തോന്നുന്നു.” പുരികം മുകളിലേക്ക് താഴേക്ക് ആക്കിക്കൊണ്ട്  റിയ നന്ദിനിയോട് ചോദിച്ചു.

 

“നീ ഇങ്ങനെ വർത്തമാനം പറഞ്ഞുകൊണ്ട് നിൽക്കാതെ വാ….   ക്ലാസ് തുടങ്ങാറായി.” നന്ദിനി റിയയെയും കൂട്ടി കോളേജിൽ നടന്നു

 

 

 

 

പിന്നെ അടുപ്പിച്ച് കുറേ ദിവസം രാവിലെയും വൈകുന്നേരവും അയാൾ ഓഫീസിനു മുന്നിൽ നന്ദിനിയെ കാത്തു നിന്നിരുന്നു.

 

 

 

 

നന്ദിനിയും അയാളെ കണ്ടിരുന്നു.എന്നാൽ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല. രണ്ടുപേരും പരസ്പരം നോക്കി ചിരികുമെന്ന് മാത്രം.റിയ പോയി  മിണ്ടാനും നന്ദിനി സമ്മതിച്ചില്ല.

 

ഒരുമാസത്തോളം അത് തുടർന്നുകൊണ്ടിരുന്നു.

 

ഒരു ദിവസം ബസ് സ്റ്റാൻഡിൽ വൈകിട്ട് അവർ നിൽക്കുമ്പോൾ. അയാൾ അവരെ നോക്കി നിൽക്കുകയായിരുന്നു.

 

അവരുടെ കോളേജിലെ ബ്യൂട്ടി ക്യൂൻ  ആയ രേഷ്മ എന്ന പെൺകുട്ടി  അവരുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.

 

“ആ ഏട്ടൻ എന്നെ തന്നെയാണ് നോക്കുന്നത്.  എന്നെ ഒരുപാട് ഇഷ്ടമാണ് എന്ന് തോന്നുന്നു. ഇടക്കിടക്ക് എന്നെ നോക്കി ചിരിക്കുന്നത് കാണാം. എനിക്ക് ചേട്ടനെ ഇഷ്ടമായി.ഞാൻ പോയി ചേട്ടനെ പ്രൊപ്പോസ് ചെയ്യാൻ പോകുന്നു.” വലിയ ജാഡയിൽ അവിടെ നിൽക്കുന്ന പെണ്ണുങ്ങളോട് പറഞ്ഞുകൊണ്ട് അവൾ അവന്റെ അടുത്തേക്ക് ചെന്നു.

 

 

അവൾ അവന്റെ അടുത്ത് പോകുന്നത് കണ്ട് നന്ദിനിക്ക് ആകെ സങ്കടമായി.

 

കാരണം അവൾ സുന്ദരിയായിരുന്നു. തോളപ്പമുള്ള കളർ ചെയ്ത മുടി, വെളുത്ത ആവശ്യത്തിന് പൊക്കമുള്ള, വണ്ണം കുറഞ്ഞ  ഒരു മോഡേൺ   പെൺകുട്ടി.  കോളേജിലെ മിക്കവരും അവളുടെ പിറകയാണ്. അതാ നന്ദിനിക്ക് ആകെ ഒരു ഭയം.

 

നന്ദിനിയും റിയയും രേഷ്മ എന്താണ് ആ ചേട്ടനോട് പറയുന്നത് അറിയാൻ വേണ്ടി  അവിടേക്ക് തന്നെ നോക്കി നിന്നു. കുറച്ചു ദൂരെ നിൽക്കുന്നതിനാൽ പറയുന്നതൊന്നും ക്ലിയർ ആയില്ല.

 

പക്ഷേ അവരുടെ മുഖഭാവത്തിൽ നിന്നും ആ ചേട്ടന് ദേഷ്യം വന്നു എന്നും രേഷ്മയെ ചീത്ത പറയുന്നുണ്ടെന്നും  മനസ്സിലായി. രേഷ്മ ആണെങ്കിൽ ഒരു പ്രാവശ്യം നന്ദിനിയെ തറുപ്പിച്ച് നോക്കുകയും ചെയ്തു.  ഇതെല്ലാം കണ്ടപ്പോൾ റിയക്ക് വളരെ സന്തോഷമായി. നന്ദിനി ആണെങ്കിൽ  എന്ത് ചെയ്യണം എന്നറിയാതെ നിന്നു.

 

അപ്പോഴേക്കും ആ പയ്യൻ നന്ദിനിയുടെ അടുത്ത് വരികയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.

” എന്റെ പേര് അനൂപ്. കമ്പ്യൂട്ടർ എൻജിനീയറാണ്. എനിക്ക് നന്ദിനിയെ ഒരുപാട് ഇഷ്ടമാണ്. ഞാൻ ഒരാഴ്ച ഇവിടെ ഉണ്ടാവില്ല.  ഒരാഴ്ച കഴിഞ്ഞു വരുമ്പോൾ ഇതിനു മറുപടി നൽകിയാൽ മതി” അത്രയും പറഞ്ഞ് അനൂപ് അവിടെ നിന്നു പോയി.

 

റിയയാണെങ്കിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

 

ആ ഒരാഴ്ച നന്ദിനി  അനൂപിനെ കാത്തിരുന്നു. ഒരാഴ്ച കഴിഞ്ഞ അനൂപ് തിരിച്ചുവന്നപ്പോൾ  നന്ദിനിക്ക് ആകെ ടെൻഷനായി. നന്ദിനി ഒന്നും മിണ്ടാതെ വേഗം നടന്നു കോളേജിലേക്ക് പോയി.

 

അപ്പോൾ അനുപിന് വിഷമമായി. ഒരാഴ്ചയോളം  ഇങ്ങനെ തന്നെ തുടർന്നു.  അവസാനം സഹികെട്ട് അനൂപ് നന്ദിനിയെ തടഞ്ഞുനിർത്തി.

” എന്നെ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് പറയണം അല്ലാതെ ഒളിച്ചു കളിക്കരുത്” അനൂപ് സങ്കടത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു

 

എന്നിട്ട് അനൂപ് തിരിഞ്ഞു നടന്നു പോകാൻ നേരം

” എനിക്ക് അങ്ങനെയൊക്കെ പേടിയാ. എന്റെ വീട്ടിൽ വന്ന് കല്യാണം ആലോചിച്ചാൽ മതി  ” അത്രയും പറഞ്ഞ് നന്ദിനി ഓടിപ്പോയി.

 

അനൂപിനും റിയക്കും ചിരി വന്നു.

 

” ചേട്ടാ ചേട്ടന്റെ നമ്പർ താ അവളോട് വിളിക്കാൻ പറയാം. “റിയ സന്തോഷത്തോടെ അനൂപിനോട് പറഞ്ഞു.

 

” അത് വേണ്ട ഫോൺ നമ്പറും വിളിയും എല്ലാം  അവളുടെ വീട്ടിൽ പോയി ഞാൻ അവളുടെ അച്ഛനോടും അമ്മയോടും ചോദിച്ചിട്ട് വാങ്ങിച്ചോളാം ” എന്നാ പോട്ടെ ചിരിച്ചുകൊണ്ട്   അനൂപ് തിരിച്ചുപോയി.

 

അങ്ങനെ അവരുടെ പ്രണയം വളർന്നു. ആദ്യമെല്ലാം ഒരു ചിരിയിൽ ഒതുക്കി. പിന്നെ പിന്നെ  ചെറിയ വർത്തമാനത്തിലൂടെ അത് മുന്നോട്ടു പോയി.

 

അനൂപ് ഒരിക്കലും   പ്രണയത്തിൽ തന്റെ സീമകൾ ലംഘിച്ചിട്ടില്ല. ശുദ്ധമായ പ്രണയമായിരുന്നു അവരുടെ.

 

അവർ ഒന്നിച്ച് ചെറിയ ചെറിയ യാത്ര ചെയ്യുമായിരുന്നു.. അപ്പോൾ റിയയും  കൂടെ ഉണ്ടാവും.

 

നന്ദിനി നല്ല ഹാപ്പി ആയിരുന്നു…. അനൂപും.

 

അവർ പരസ്പരം തങ്ങളുടെ കുടുംബങ്ങളെ കുറിച്ച് സംസാരിച്ചു. നന്ദിനിയുടെ പഠിത്തം കഴിയുമ്പോഴേക്കും അനൂപ് വീട്ടുകാരെയും കൊണ്ട് നന്ദിനിയുടെ വീട്ടിൽ വരാമെന്ന് പറഞ്ഞു.

 

ഒരു ദിവസം അനൂപും  നന്ദിനിയും കൂടി ബസ്റ്റാന്റിന്റെ അടുത്ത്  ഇരിക്കുകയാണ് ഇപ്പോൾ റിയ അവരെ ശല്യം ചെയ്യാനായി കൂടെ ഉണ്ടാവാറില്ല.

 

 

 

“അതെ രണ്ടു മൂന്നു ദിവസം  ഞാനിവിടെ ഉണ്ടാവില്ല ട്ടോ. വീട്ടിലേക്ക് ഒരു അത്യാവശ്യമായി പോവുകയാണ്. പിന്നെ നിന്റെ കാര്യം വീട്ടിൽ പറയുകയും ചെയ്യണം. എന്ന് തിരിച്ചു വരും എന്ന് പറയാൻ പറ്റില്ല. രണ്ടുദിവസം അല്ലെങ്കിൽ മൂന്നുദിവസം.  നാലുദിവസം കഴിഞ്ഞ് ശനിയാഴ്ച നമുക്ക് ബീച്ചിൽ ഒരു പ്രോഗ്രാമില്ലേ, അതിന് പോകാം. വൈകിട്ട് മൂന്നുമണിക്ക് വന്നാൽ മതി. അപ്പോൾ നന്ദിനി കുട്ടി വരില്ലേ.” കുസൃതിയോടെ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് അനൂപ് ചോദിച്ചു.

 

 

 

” തീർച്ചയായും വരും അനൂപേട്ടാ. രണ്ടുമൂന്നു ദിവസം അനൂപേട്ടനെ കാണാതിരിക്കുന്നത് ഓർക്കുമ്പോൾ ആണ്. ” സങ്കടത്തോടെ നന്ദിനി പറഞ്ഞു.

 

 

 

 

” ഇനി കോളേജ് കഴിയാൻ കാത്തു നിൽക്കുന്നില്ല.എത്രയും പെട്ടെന്ന് ഞാൻ നിന്നെ കൊണ്ടുപോകും. അപ്പോൾ നന്ദിനിക്കുട്ടി മൂന്നുദിവസം വെയിറ്റ് ചെയ്യൂ” എന്നും പറഞ്ഞ് അവർ അന്ന് പിരിഞ്ഞു.

 

 

 

പിറ്റേദിവസം നന്ദിനി വീട്ടുകാരുമൊത്ത് കൃഷ്ണന്റെ   അമ്പലത്തിൽ പോയി. വൈകുന്നേരം ദീപാരാധനയ്ക്കാണ് പോയത്. അമ്പലത്തിൽ വിശേഷാൽ ചടങ്ങുള്ളതിനാൽ  അമ്പലത്തിൽ ചുറ്റും എല്ലാവരും ചേർന്ന് ദീപം   തെളിയിക്കുകയായിരുന്നു. അനൂപിനും അവൾക്കും നല്ലത് വരുത്താനാണ് അവൾ പ്രാർത്ഥിച്ചത്.

 

ദീപം തെളിയിച്ചു അവൾ തിരിഞ്ഞു നിൽക്കുമ്പോൾ  അവളുടെ മുടി  വിളക്കിലെ തീ നാളത്തിൽ നിന്നും കത്തു പിടിച്ചു. അവിടെയുള്ള ചിലർ ചേർന്ന്  മുടിയിൽ പടരുന്ന തീ അണച്ചു.

 

നന്ദിനിക്ക് പേടിച്ച് ബോധം പോയി. ഹോസ്പിറ്റലിൽ എത്തി പോയി ട്രിപ്പ് ഇട്ടു കഴിഞ്ഞപ്പോഴേക്കും ഒക്കെയായി. ഇടുപ്പു വരെ നീണ്ടു നിന്ന മുടി. കഴുതൊപ്പം  മാത്രമായി. നന്ദിനിക്ക് ആകെ സങ്കടമായി. റിയ അവളെ സമാധാനിപ്പിച്ചു.

 

” നിന്റെ അനൂപേട്ടനെ കാണുമ്പോൾ നിന്റെ വിഷമമെല്ലാം  മാറിക്കോളും” റിയ ചിരിച്ചുകൊണ്ട് പറഞ്ഞു.

അതു കേട്ടപ്പോൾ  നന്ദിനിയുടെ മുഖത്തും ഒരു ചിരി ഉണ്ടായി.

 

നാലുദിവസം കഴിഞ്ഞ്  ഉച്ചകഴിഞ്ഞ്    2.50 ആയപ്പോഴേക്കും നന്ദിനിയും റിയയും കൂടി ബീച്ചിൽ എത്തി.

 

” നീ ഇവിടെ അനൂപേട്ടനെ കാത്തിരിക്ക്

….ഞാൻ പ്രോഗ്രാം നടക്കുന്ന സ്ഥലത്ത് ഉണ്ടാകും. നീയും അനൂപേട്ടനും കൂടി സംസാരിച്ചു കഴിഞ്ഞ ശേഷം വന്നാൽമതി….ദേ നിന്റെ അനൂപേട്ടൻ വരുന്നുണ്ട്  അപ്പോൾ ഞാൻ പോയിട്ട് വരാം.  സന്തോഷത്തോടെ ഇരിക്കട്ടോ ” എന്നും പറഞ്ഞ് റിയ ഗാനമേള നടക്കുന്നിടത്തേക്ക് പോയി.

 

അനൂപ് റിയയെ നോക്കി കൈവീശി കാണിച്ച ശേഷം  നന്ദിനിയുടെ അടുത്തേക്ക്  വന്നു.

 

വന്ന ഉടനെ തന്നെ നന്ദിനിയുടെ മുടി പിടിച്ചുനോക്കി.

 

“എന്താ..എന്താ പറ്റിയത്. നീ എന്തിനാ മുടിവെട്ടി കളഞ്ഞത് ” അനൂപ് ആദ്യമായി ദേഷ്യത്തോട് ഒച്ച എടുത്തു.

 

നന്ദിനി ഒച്ചകേട്ട് പേടിച്ചുപോയി.

 

“ഞാൻ വെട്ടിയതെല്ലാ അനൂപേട്ടാ. കത്തി പോയതാണ് ” നന്ദിനി കരഞ്ഞുകൊണ്ട് പറഞ്ഞു.

 

“ഇനി നീ ഒന്നും പറയണ്ട. എനിക്ക് നിന്നെ വേണ്ട. നിന്നെ കാണണ്ട. മാറിപ്പോടി അവിടുന്ന്….ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല. ഇനി നീ എന്നെ കാണില്ല. പോടീ ” എന്നും ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവളെ ആ മണ്ണിൽ   തള്ളിയിട്ടു.

 

ഐസ്ക്രീം വാങ്ങി  ഇവരുടെ അടുത്തേക്ക് വരികയായിരുന്ന റിയ. നന്ദിനിയെ അനൂപ് തള്ളിയിടുന്നത് കണ്ട്  നന്ദിനിയുടെ അടുത്തേക്ക് ഓടി വന്നു.

 

” എന്താടോ താൻ നന്ദിനിയെ തള്ളിയിട്ടത് ” ദേഷ്യത്തോടെ റിയ അനൂപിനോട് ചോദിച്ചു.

 

അവളെയും നന്ദിനിനേയും ദേഷ്യത്തോടെ നോക്കി  അനൂപ് അവിടെ നിന്നു പോയി.

 

വേറെ ഒരു കണ്ട് മുട്ടലോ സംസാരമോ ഇല്ലാതെ നന്ദിനിയുടെ പ്രണയം അവിടെ അവസാനിച്ചു

 

 

 

നന്ദിനി ആ ഷോക്കിൽ നിന്നും മുക്തി ആവാൻ  കുറച്ച് സമയം എടുത്തു.റിയ അവളെ സമാധാനിപ്പിച്ച്  കൂടെ തന്നെ ഉണ്ടായിരുന്നു.

 

പിന്നെ അനൂപിനെ അവർ ആരും കണ്ടിട്ടില്ല.

 

 

രണ്ടു വർഷങ്ങൾക്കു ശേഷം

 

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം

 

” റിയേ  നീ ഇങ്ങോട്ട് വരുന്നില്ലേ ” നന്ദിനി സന്തോഷത്തോടെ റിയോ ട് ചോദിച്ചു.

 

അപ്പോൾ ഫോണിന്റെ മറുതലക്കൽ നിന്ന്  റിയയുടെ കരച്ചിൽ കേട്ടു.

 

” എന്തിനാ നീ കരയുന്നത്” നന്ദിനി പരിഭ്രമത്തോടെ റിയയോട് ചോദിച്ചു.

 

” നീ നന്ദിനി നീ  ന്യൂസ് ചാനൽ ഒന്ന് വച്ച് നോക്കിയേ. ” എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു.

 

” എന്തിനാ നീ കരയുന്നെ. ന്യൂസ് ചാനലിൽ എന്താ”നന്ദിനി ടെൻഷനോടെ ചോദിച്ചു.

 

“നീ ടിവിവെച്ച് നോക്കു നന്ദിനി. നീ പക്ഷേ ടെൻഷനൊന്നും അടിക്കരുത്. ഞാൻ എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരാം. ” എന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് റിയ  ഫോൺ വെച്ചു.

 

നന്ദിനി വേഗം തന്നെ ടിവി ഓൺ ആക്കി. അപ്പോൾ അതിലൊരു ബ്രേക്കിംഗ് ന്യൂസ് പോയിക്കൊണ്ടിരിക്കുന്നു. അതിൽ അനൂപിന്റെ ഫോട്ടോ കാണിക്കുന്നുണ്ടായിരുന്നു. അപ്പോൾ തന്നെ അവൾ ഞെട്ടി. പിന്നെ വാർത്ത എന്താണെന്ന് നോക്കിയപ്പോൾ അവൾക്ക് തലകറങ്ങുന്നത് പോലെ തോന്നി.

 

അവൾ ടിവി ഓഫ് ചെയ്ത്  കരഞ്ഞുകൊണ്ട്  അവിടെയുള്ള കട്ടിലിൽ കിടന്നു.

 

അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും റിയ ഓടി നന്ദിനിയുടെ അടുത്തേക്ക് വന്നു.

 

“നമ്മൾ രക്ഷപ്പെട്ടെടീ.  അല്ലെങ്കിൽ എന്തായാനെ. ഓർക്കുമ്പോൾ തന്നെ കയ്യും കാലും വിറക്കുന്നു”.  റിയ കരഞ്ഞുകൊണ്ട് നന്ദിനിയോട് പറഞ്ഞു.

 

” കൃഷ്ണനാ… എന്റെ ഭഗവാനാ…എന്നെ രക്ഷിച്ചത്. അല്ലെങ്കിൽ ഞാനിപ്പോൾ. “എന്ന് നന്ദിനി കരഞ്ഞു പറഞ്ഞു.

 

പിന്നെയും നന്ദിനിയും റിയെയും കൂടി കെട്ടിപ്പിടിച്ചു കരഞ്ഞു. കൂടെ ദൈവത്തോട് നന്ദിയും പറഞ്ഞു.

 

 

ടിവിയിൽ പോയിക്കൊണ്ടിരിക്കുന്ന ന്യൂസ് ഇങ്ങനെയായിരുന്നു.

 

.

 

 

കുപ്രസിദ്ധ കൊലയാളി ‘വിക്ടർ’ പോലീസ് വലയിൽ: ആറ് കൊലപാതകങ്ങൾക്ക് പിന്നിലെ ക്രൂരത പുറത്ത്

​കൊച്ചി: വർഷങ്ങളായി പോലീസിനെ വെട്ടിച്ച് നടന്ന കുപ്രസിദ്ധ കൊലയാളി വിക്ടർ ഒടുവിൽ പിടിയിലായി. ഏഴാമത്തെ കൊലപാതകത്തിനുള്ള തയ്യാറെടുപ്പിനിടെ അതീവ രഹസ്യമായി നടത്തിയ നീക്കത്തിലൂടെയാണ് പോലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തിയത്. ആറിലധികം യുവതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇയാൾക്ക് ഗുരുതരമായ മാനസിക വൈകല്യമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.

​നീണ്ട മുടിയുള്ളവരോടുള്ള പക

​നീളമുള്ള മുടിയുള്ള പെൺകുട്ടികളെയാണ് വിക്ടർ തന്റെ ഇരകളായി തിരഞ്ഞെടുത്തിരുന്നത്. പ്രണയം നടിച്ച് അടുപ്പത്തിലാവുകയും തുടർന്ന് അവരെ കൊലപ്പെടുത്തുകയുമായിരുന്നു ഇയാളുടെ രീതി. പ്രതിയുടെ ഭൂതകാലത്തെ ദുരനുഭവങ്ങളാണ് ഇത്തരം ക്രൂരതകളിലേക്ക് ഇയാളെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

​തകർന്ന ബാല്യവും പകയുടെ തുടക്കവും

​വിക്ടറിന് 12 വയസ്സുള്ളപ്പോൾ നീളമുള്ള മുടിയുണ്ടായിരുന്ന ഇയാളുടെ അമ്മ, ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയിരുന്നു. ഇതിൽ മനംനൊന്ത് പിതാവ് വിക്ടറിന്റെ കൺമുന്നിൽ വച്ച് ആത്മഹത്യ ചെയ്തു. ഈ ആഘാതം ബാലനായ വിക്ടറിന്റെ മാനസികനിലയെ തെറ്റിച്ചു. തുടർന്ന് കുറച്ചുകാലം മെന്റൽ അസൈലത്തിൽ കഴിഞ്ഞ ഇയാളെ പിന്നീട് അച്ഛന്റെ വീട്ടുകാർ കൊണ്ടുപോയി.

​18-ാം വയസ്സിൽ തന്നെ സംരക്ഷിച്ചിരുന്ന അച്ഛമ്മ കൂടി മരിച്ചതോടെ വിക്ടർ വീട്ടിൽ നിന്നും ഒളിച്ചോടി. തുടർന്ന് സുമനസ്സുകളുടെ സഹായത്തോടെ പഠനം പൂർത്തിയാക്കിയ ഇയാൾ കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം നേടി. എന്നാൽ വിദ്യാഭ്യാസവും ജോലിയും ഇയാളിലെ കൊലപാതകിയെ മാറ്റിയില്ല. അമ്മയോടുള്ള പക നീളമുള്ള മുടിയുള്ള യുവതികളോട് തീർക്കുകയായിരുന്നു വിക്ടർ ചെയ്തിരുന്നത്.

​പോലീസ് നടപടി

​വിക്ടറിന്റെ മുൻകാല ചരിത്രവും മാനസിക നിലയും പരിശോധിച്ച പോലീസ്, ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇയാൾക്ക് പിന്നിൽ മറ്റ് സഹായികളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

LEAVE A RESPONSE