വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാറിന്റെ വൈപ്പർ
ഇരുളിലെ ചതിക്കുഴി
മഴ കനത്തു പെയ്യുകയാണ്. ആകാശത്തിന്റെ മാറ് പിളർന്നു വീഴുന്ന ഇടിമിന്നലുകൾ രാത്രിയുടെ കറുപ്പിന് നിമിഷനേരത്തേക്ക് ചെകുത്താന്റെ വെളിച്ചം നൽകി.
ഓഫീസിലെ നീണ്ട ജോലിക്കുശേഷം അരുൺ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാറിന്റെ വൈപ്പർ പരമാവധി വേഗതയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, കണ്ണാടിയിലൂടെ പുറത്തേക്ക് കാണുന്ന കാഴ്ചകൾ മങ്ങിയ ചിത്രങ്ങൾ പോലെയായിരുന്നു. എങ്ങും വിജനമായ റോഡ്. വശങ്ങളിൽ ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ കൊടുങ്കാറ്റിൽ കൈകൾ വീശി വിളിക്കുന്ന പ്രേതങ്ങളെപ്പോലെ തോന്നിപ്പിച്ചു.
ഫോൺ സൈലന്റ് മോഡിൽ ആയതിനാൽ, പിൻസീറ്റിൽ കിടന്നു കാറിൻ്റെ വിറയലിൽ അത് വിറയ്ക്കുന്നത് അരുൺ അറിഞ്ഞില്ല. വീട്ടിൽ നിന്ന് ഏറെ അകലെയാണ് അവൻ. സമയം പതിയെ അർദ്ധരാത്രിയോട് അടുക്കുന്നു.
പെട്ടെന്ന്, കാറിന്റെ എൻജിൻ ഒരു വിചിത്രമായ ശബ്ദത്തോടെ നിലച്ചു. വണ്ടി ഒരു വശത്തേക്ക് ഒതുങ്ങി നിന്നു. എങ്ങും വിജനമായ, ആൾപാർപ്പില്ലാത്ത ഒരു വഴിയോരം!
“നാശം! സ്റ്റോപ്പ് ആവാൻ കണ്ട ഒരു സ്ഥലം!” അരുൺ ദേഷ്യത്തോടെ സ്റ്റിയറിംഗിൽ ശക്തിയായി ഇടിച്ചു.
അവൻ കയ്യിലെ വാച്ചിലേക്ക് നോക്കി. 11 മണിക്ക് നിൽക്കുന്ന മുള്ളുകൾ! “പുല്ല്, എല്ലാം കേടാവാൻ കണ്ട ഒരു സമയം!” അവൻ ദേഷ്യത്തോടെ പിൻസീറ്റിലേക്ക് കൈനീട്ടി ഫോൺ എടുത്തു. ഭാര്യ നീനയുടെ പത്തിലധികം മിസ്സ്ഡ് കോളുകൾ! അവൻ ഉടൻ തന്നെ തിരിച്ചു വിളിച്ചു.
“ഹലോ, നീനാ…”
“അരുൺ! നീ എവിടെയാ? വരാൻ ഒരുപാട് വൈകിയല്ലോ, എനിക്ക് പേടിയാവുന്നു!” നീനയുടെ ശബ്ദത്തിൽ വിറയലുണ്ടായിരുന്നു.
“വണ്ടി കേടായി നീനാ… വഴിയിൽ എവിടെയോ ആണ്. പുറത്ത് ഭയങ്കര മഴയായതുകൊണ്ട് സ്ഥലം ക്ലിയറല്ല.”
“അരുൺ, ഞാൻ അങ്ങോട്ട് വരട്ടെ? കാറെടുത്ത്…”
“ഏയ്, വേണ്ട നീനാ! ഈ വഴി ഒട്ടും ശരിയല്ല. നല്ല മഴയുണ്ട്. ഞാൻ എങ്ങനെയെങ്കിലും എത്തിക്കോളാം, നീ പേടിക്കണ്ട.”
“ശരി അരുൺ… സൂക്ഷിക്കണം.”
ഫോൺ കട്ട് ചെയ്ത് അവൻ കാറിന്റെ ഹെഡ്ലൈറ്റ് തെളിച്ചു. ആ വെളിച്ചം മുന്നിലെ കനത്ത ഇരുട്ടിനെ തുളച്ചു കയറാൻ പാടുപെട്ടു. പകൽസമയത്ത് ആളുകൾ വന്നും പോയുമിരിക്കുന്ന ഈ വഴി, രാത്രിയിൽ ഒരു ശ്മശാനത്തിന്റെ ഭീകരതയോടെ ശൂന്യമായിക്കിടക്കുന്നു.
മഴയുടെ ശക്തി അല്പം കുറഞ്ഞു. അരുൺ വർക്ക്ഷോപ്പിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും നെറ്റ്വർക്ക് കിട്ടുന്നുണ്ടായിരുന്നില്ല. പെട്ടെന്നാണ് കാറിന്റെ ഡ്രൈവർ സൈഡിലെ ഗ്ലാസിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്.
തക്ക്… തക്ക്… തക്ക്…
അരുൺ ഞെട്ടിപ്പോയി. ഈ അർദ്ധരാത്രിയിൽ, ഈ വിജനമായ സ്ഥലത്ത് ആര്? അവൻ സാവധാനം ഗ്ലാസ് താഴ്ത്തി. പുറത്ത് ഒരു യുവതി! നനഞ്ഞു കുതിർന്ന വസ്ത്രങ്ങൾ, വിറയ്ക്കുന്ന ചുണ്ടുകൾ.
“എന്താ വേണ്ടത്?” അരുൺ അല്പം ദേഷ്യത്തോടെ ചോദിച്ചു.
“അതെ… എന്നെ അടുത്തുള്ള ബസ് സ്റ്റോപ്പ് വരെ ഒന്ന് കൊണ്ടുപോകാമോ? പ്ലീസ്…” അവളുടെ ശബ്ദത്തിൽ യാചനയുണ്ടായിരുന്നു.
“ഒന്നു പോയേ ഹേ! ഇവിടെ മനുഷ്യന്റെ വണ്ടി കേടായി ഭ്രാന്ത് പിടിച്ചിരിക്കുമ്പോൾ ആണോ ഡ്രോപ്പ് ചെയ്യാൻ ചോദിക്കുന്നത്? എനിക്ക് വേറെ പണിയില്ലേ!” അവൻ ദേഷ്യത്തോടെ ഗ്ലാസ് പൊക്കി വെച്ചു.
അല്പസമയത്തിനകം മഴ വീണ്ടും ശക്തിപ്പെട്ടു. കാറിനുള്ളിൽ ഇരുന്ന് അരുൺ വീണ്ടും ബോണറ്റ് തുറന്ന് ശരിയാക്കാൻ ശ്രമിച്ചെങ്കിലും നടപ്പില്ലെന്ന് കണ്ട് തിരികെ കാറിലേക്ക് കയറിയിരുന്നു.
തക്ക്… തക്ക്… തക്ക്…
വീണ്ടും ആ മുട്ട്! അരുണിന്റെ നിയന്ത്രണം വിട്ടു. അവൻ ഗ്ലാസ് താഴ്ത്തി അലറി: “തനിക്ക് എന്താടി വേണ്ടത്?!”
“മഴ ശക്തിയായി പെയ്യുകയാണ്… എന്റെ കയ്യിൽ കുടയില്ല. ഞാൻ… ഞാൻ കാറിൽ കയറി ഇരുന്നോട്ടെ? പ്ലീസ്…”
“ഈ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല! ആ വക പരിപാടിയൊന്നും വേണ്ട, താൻ നടക്കാൻ നോക്ക്!”
“പ്ലീസ്… അങ്ങനെയൊന്നും പറയരുത്. ഈ രാത്രിയിൽ എന്നെ ഇവിടെ ഉപേക്ഷിക്കരുത്…” അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു.
അരുൺ ഒരു നിമിഷം ആലോചിച്ചു. പുറത്തെ കനത്ത മഴ കണ്ടപ്പോൾ അവന് അല്പം അനുകമ്പ തോന്നി. “ആ, കയറി ഇരുന്നോ! പക്ഷേ മിണ്ടരുത്!”
“ഒരുപാട് നന്ദി…” അവൾ പിൻസീറ്റിലേക്ക് കയറിയിരുന്നു.
അപ്പോൾ വീണ്ടും നീനയുടെ കോൾ വന്നു.
“അരുൺ… ഇപ്പോഴും വണ്ടി ശരിയായില്ലേ?”
“ഇല്ല നീനാ, മഴയും കൂട്ടാണ്…”
“അരുൺ… എനിക്ക് പേടിയാകുന്നു. ഈ മഴയുള്ള രാത്രിയിൽ നീ അടുത്തുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുകയാ…” നീനയുടെ വാക്കുകളിൽ സ്നേഹവും ആശങ്കയും തുളുമ്പി.
“ഞാനും നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് നീനാ…”
“ഞാൻ കാറുമായി അങ്ങോട്ട് വരട്ടെ അരുൺ?”
“വേണ്ട നീനാ! ഈ വഴി വളരെ മോശമാണ്. ഈ രാത്രിയിൽ നീ ഒറ്റയ്ക്ക് വരരുത്. ഞാൻ എങ്ങനെയെങ്കിലും വേഗം വരാൻ നോക്കാം.”
“ശരി അരുൺ… വേഗം വാ…”
ഫോൺ വച്ച ശേഷം അരുൺ ചുറ്റും നോക്കി. ആരെങ്കിലും സഹായത്തിന് വരുമോ എന്നൊരു പ്രതീക്ഷ.
പെട്ടെന്ന് പിൻസീറ്റിലിരുന്ന പെൺകുട്ടി സംസാരിച്ചു: “എന്താ നോക്കുന്നത്? ആരെങ്കിലും സഹായത്തിന് വരുമോ എന്നാണോ?”
“താൻ തന്റെ കാര്യം നോക്ക്!” അരുൺ വിരട്ടി.
“ഭാര്യയോട് സംസാരിച്ചപ്പോൾ നല്ല സന്തോഷത്തിലായിരുന്നല്ലോ… ആ ചിരിയൊക്കെ എവിടെപ്പോയി?”
“അത് എന്റെ ഭാര്യ! നീ വേറൊരു പെണ്ണ്! രാത്രിയിൽ അറിയാത്ത പെണ്ണുങ്ങളോട് സംസാരിക്കാൻ എനിക്ക് താല്പര്യമില്ല.”
“ചിലന്മാരൊക്കെ സ്വന്തം ഭാര്യയോട് നല്ല രീതിയിൽ സംസാരിക്കുകയും, വഴിയിൽ കാണുന്ന പെണ്ണുങ്ങളോട് കൊഞ്ചുകയും ചെയ്യുമല്ലോ…” അവൾ ഒരു തരം വിചിത്രമായ ചിരിയോടെ പറഞ്ഞു.
“നിനക്ക് ഇപ്പോൾ എന്താ വേണ്ടത്? ഞാൻ അങ്ങനത്തെ ആളല്ല, കേട്ടല്ലോ!”
“ശരി, ശരി…” അവൾ തണുത്ത ശബ്ദത്തിൽ പറഞ്ഞു.
മഴ അല്പം ശമിച്ചപ്പോൾ അരുൺ പറഞ്ഞു: “മഴ മാറിയിട്ടുണ്ട്, താൻ വണ്ടിയിൽ നിന്ന് ഇറങ്ങാൻ നോക്ക്.”
അവൻ ഡോർ അൺലോക്ക് ചെയ്യാൻ തുടങ്ങിയതും, വിന്നൽ വേഗത്തിൽ ആ പെൺകുട്ടി മുന്നിലേക്ക് ആഞ്ഞു വന്ന് കാറിന്റെ താക്കോൽ ഊരിയെടുത്തു!
“എന്താടി കാണിക്കുന്നത്? താക്കോൽ ഇങ്ങു താ!” അരുൺ അലറി.
“അങ്ങനെ അങ്ങ് ഇറക്കി വിട്ടാലോ?” അവളുടെ ശബ്ദത്തിൽ പെട്ടെന്ന് മാറ്റം വന്നു. വല്ലാത്തൊരു കനത്ത, തണുത്ത ശബ്ദം! “ഒരു കാറിൽ ഒരു പെണ്ണും ആണും മാത്രം… അതും ആരുമില്ലാത്ത ഒരു രാത്രിയിൽ… ഒരു മഴയുള്ള രാത്രിയിൽ… തനിക്ക് ഒന്നും തോന്നുന്നില്ലേ അരുൺ?”
അവൾ തന്റെ പേര് പറഞ്ഞത് കേട്ട് അരുൺ ഞെട്ടി! “ടീ! ചാവി താടി! നിന്നെപ്പോലുള്ള പെണ്ണുങ്ങളാണ് ഈ നാടിന്റെ ശാപം!” അവൻ അവളുടെ കയ്യിൽ നിന്നും ദേഷ്യത്തോടെ ചാവി തട്ടിപ്പറിച്ച്, ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
സമയം പുലർച്ചെ 1 മണിയാകുന്നു. ആ പെൺകുട്ടിയും കാറിൽ നിന്നിറങ്ങി ഇരുട്ടിലേക്ക് നടന്നു നീങ്ങി. “ഇവളെപ്പോലുള്ളവൾ കാരണം എത്ര കുടുംബങ്ങളാണ് നശിക്കുന്നത്…” അവൻ പിറുപിറുത്തു.
ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കാറിന്റെ എൻജിൻ ജീവൻ വെച്ചു! അരുൺ ആശ്വാസത്തോടെ കാറെടുത്ത് മുന്നോട്ട് പാഞ്ഞു.
വഴിയിൽ ആ പെൺകുട്ടി ഒറ്റയ്ക്ക് നടന്നു പോകുന്നത് അവൻ കണ്ടു. അവൻ അവളെ വകവെക്കാതെ കാർ വേഗത്തിൽ ഓടിച്ചു പോയി.
കുറേ ദൂരം മുന്നോട്ട് പോയ അരുണിന്റെ കണ്ണുകൾ വിടർന്നു! കാറിന്റെ വെളിച്ചത്തിൽ അവൻ കണ്ട ആ കാഴ്ച അവന്റെ ചോര തണുപ്പിച്ചു! അവൻ കാർ കേടായി കിടന്ന അതേ വിജനമായ സ്ഥലത്ത് തന്നെ വീണ്ടും എത്തിയിരിക്കുന്നു!
“ഇതെങ്ങനെ സാധിക്കും?” അവൻ ഭയത്തോടെ കാർ വീണ്ടും മുന്നോട്ട് എടുത്തു. കുറച്ചു ദൂരം പോയപ്പോൾ വീണ്ടും ആ പെൺകുട്ടി വഴിയിൽ നടക്കുന്നു!
അരുൺ വണ്ടി സഡൻ ബ്രേക്കിട്ട് അവളുടെ മുന്നിൽ നിർത്തി. അവൾ തിരിഞ്ഞുനിന്ന് അവനെ സൂക്ഷ്മമായി നോക്കി. “എന്തുവേണം?”
“നീ… നീ ആരാണ്? സത്യം പറ! ഈ സ്ഥലം വിചിത്രമായി തോന്നുന്നു…” അരുണിന്റെ ശബ്ദം വിറച്ചു.
പെട്ടെന്ന് അവൾ ആർത്തു അട്ടഹാസിച്ചു! ആ ശബ്ദം കാടിനെ വിറപ്പിച്ചു, മരങ്ങളിലെ പക്ഷികൾ ഭയന്നോടി.
“നിനക്ക് എന്നെ മനസ്സിലായില്ലേ അരുൺ?! ഇവിടം എന്റെ സാമ്രാജ്യമാണ്!”
അവളുടെ രൂപം മാറാൻ തുടങ്ങി. സുന്ദരിയായ ആ പെൺകുട്ടിയുടെ ചർമ്മം വലിഞ്ഞു മുറുകി, മുടികൾ കൊഴിഞ്ഞു വീണു, ചർമ്മം പഴകിയ കടലാസ് പോലെയായി. ഒരു നിമിഷം കൊണ്ട് അവൾ വാർദ്ധക്യം ബാധിച്ച, ഭയാനകമായ ഒരു പ്രേത രൂപമായി മാറി!
അരുൺ ഭയന്നു വിറച്ച് കാറിന്റെ ഗ്ലാസ് കയറ്റിയിട്ട്, വണ്ടി പരമാവധി വേഗത്തിൽ മുന്നോട്ട് ഓടിച്ചു. പേടി കൊണ്ട് അവന്റെ വസ്ത്രങ്ങൾ വിയർപ്പിൽ കുതിർന്നു.
അല്പസമയം കഴിഞ്ഞപ്പോൾ, കാറിന്റെ ബാക്ക് വ്യൂ മിററിലേക്ക് അവൻ വെറുതെ കണ്ണോടിച്ചു.
അവന്റെ ഹൃദയമിടിപ്പ് നിലച്ചുപോയി!
പിൻസീറ്റിൽ ആരോ ഇരിക്കുന്നു! പുറത്തേക്ക് തിരിഞ്ഞിരിക്കുന്ന ഒരു കറുത്ത രൂപം!
അരുൺ കാർ സഡൻ ബ്രേക്കിട്ടു. ആ രൂപം സാവധാനം അരുണിന് നേരെ തല തിരിച്ചുവെച്ചു.
അതൊരു മനുഷ്യരൂപമായിരുന്നില്ല! മുഖം മുഴുവൻ വെട്ടുകൊണ്ട ആഴത്തിലുള്ള മുറിവുകൾ. ഒരു കണ്ണിലെ കൃഷ്ണമണി പുറത്തേക്ക് തള്ളി നിലത്തു വീഴാൻ പാകത്തിൽ തൂങ്ങിനിൽക്കുന്നു. ചോരയൊലിക്കുന്ന ചുണ്ടുകൾക്കിടയിലൂടെ വന്യമായ ഒരു ചിരി!
“അമ്മേ!” അരുൺ നിലവിളിച്ചുകൊണ്ട് കാറിന്റെ ഡോർ തുറന്ന് കാട്ടിലേക്ക് ഓടി.
ഇരുട്ടിലൂടെ, മുള്ളുകളെയും വള്ളികളെയും വകവെക്കാതെ അവൻ പ്രാണരക്ഷാർത്ഥം ഓടി. ശ്വാസം മുട്ടിയപ്പോൾ അവൻ ഒരു കൂറ്റൻ മരത്തിന്റെ ചുവട്ടിൽ തളർന്നിരുന്നു. ശ്വാസമെടുക്കാൻ പോലും അവൻ ഭയന്നു.
പെട്ടെന്ന്… സര… സര…
ചുറ്റുമുള്ള ഉണങ്ങിയ കരിയിലകൾ അനങ്ങുന്ന ശബ്ദം! ആരോ അവന്റെ അടുത്തേക്ക് നടന്നു വരുന്നു! അരുൺ ശ്വാസം അടക്കിപ്പിടിച്ചു.
പെട്ടെന്ന് അവൻ തോൾഭാഗത്ത് ശക്തമായ ഒരു തണുപ്പ് ಅನುഭവപ്പെട്ടു. കനത്ത ഒരു കൈ അവന്റെ തോളിൽ അമരുന്നതുപോലെ! അവൻ ഞെട്ടി തിരിഞ്ഞുനോക്കി. ഒന്നുമില്ല!
വീണ്ടും കരിയിലകളുടെ ശബ്ദം അടുത്തു വന്നു. അവൾ തന്നെ വേട്ടയാടുകയാണ്! അരുൺ കാലുകൾ നെഞ്ചോടു ചേർത്തുപിടിച്ച് വിറച്ചു.
പെട്ടെന്ന്, ആകാശത്തുനിന്ന് വീഴുന്നതുപോലെ ഒരു വെളുത്ത രൂപം അവന്റെ മുന്നിലേക്ക് വന്നു വീണു!
അതൊരു പെൺകുട്ടിയുടെ മൃതദേഹമായിരുന്നു! വെളുത്ത വസ്ത്രം മുഴുവൻ ചോരയിൽ കുതിർന്നിരിക്കുന്നു! അരുൺ എഴുന്നേറ്റു ഓടാൻ തുടങ്ങിയതും, നിലത്തു കിടന്ന ആ രൂപം നീണ്ട നഖങ്ങളുള്ള കൈകൾ കൊണ്ട് അവന്റെ കാലുകളിൽ മുറുകെ പിടിച്ചു!
“എന്നെയൊന്ന് വിടെടീ!” അവൻ അതിനെ തട്ടിമാറ്റി മുന്നോട്ട് ഓടി.
ആ സമയം അവന്റെ ഫോൺ വീണ്ടും റിങ് ചെയ്തു! നീനയാണ്!
അവൻ വിറയ്ക്കുന്ന കൈകളോടെ ഫോൺ എടുത്തു: “നീനാ! എന്നെ രക്ഷിക്കൂ! ഞാൻ ഒരു വലിയ അപകടത്തിലാണ്! ഇവിടെ… ഇവിടെ എന്തൊക്കെയോ ഉണ്ട്!”
“അരുൺ! എന്താ പറയുന്നത്? നീ എവിടെയാ?”
ഫോൺ സംഭാഷണം പൂർത്തിയാകും മുമ്പ്, ആ ഭയാനകമായ രൂപം അവൻ്റെ തൊട്ടുമുന്നിൽ വായുവിൽ ഉയർന്നു നിന്നു! ഫോൺ കയ്യിൽ നിന്നും നിലത്തു വീണു പൊട്ടി.
“എന്തൊക്കെയോ ഉണ്ട് എന്നല്ല അരുൺ പറയേണ്ടത്…” ആ രൂപം ഭയാനകമായ ശബ്ദത്തിൽ സംസാരിച്ചു. “ഇവിടെ ‘മേഘ’ ഉണ്ടെന്ന് പറ! ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന, നിന്നെപ്പോലുള്ള കഴുകന്മാർ പിച്ചിിച്ചീന്തിയ മേഘ!”
അരുണിന്റെ കണ്ണുകൾ ഭയം കൊണ്ട് വിടർന്നു. അവൻ്റെ മനസ്സ് വർഷങ്ങൾക്കു പിന്നിലേക്ക് പാഞ്ഞു.
മൂന്ന് വർഷങ്ങൾക്ക് മുൻപ്…
മേഘ… ദരിദ്ര കുടുംബത്തിലെ പ്രകാശമായിരുന്നു അവൾ. തളർന്നു കിടക്കുന്ന അച്ഛനും, കൂലിപ്പണിക്ക് പോകുന്ന അമ്മയ്ക്കും ഏക ആശ്രയം. കോളേജിലെ ക്ലാസ് ടോപ്പർ.
ഒരു ദിവസം ക്ലാസ്സിൽ വെച്ച് ടീച്ചർ പറഞ്ഞു: “മേഘ തോമസ്, എല്ലാവരുടെയും നോട്ട്ബുക്കുകൾ വാങ്ങി എന്റെ ഓഫീസിൽ കൊണ്ടുവെക്കൂ.”
നോട്ടുകൾ വാങ്ങുന്നതിനിടയിൽ, അരുണും അവന്റെ ഗാങ്ങും ബുക്കുകൾ കൊടുക്കാൻ കൂട്ടാക്കിയില്ല. മേഘ അവരോട് പറഞ്ഞു: “ഒന്നുമില്ലെങ്കിലും ഇത്രയും വലുതായില്ലേ, കുറച്ച് പക്വത കാണിച്ചൂടെ?”
ആ വാക്ക് അരുണിന്റെയും കൂട്ടരുടെയും അഹങ്കാരത്തിന് ഏറ്റ മുറിവായിരുന്നു. അവളോട് പകരം വീട്ടാൻ അവർ തിരുമാനിച്ചു.
കോളേജ് ടൂർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച്, പണമില്ലാത്ത മേഘയെ അധ്യാപകരെക്കൊണ്ട് നിർബന്ധിച്ച് അവർ കൂടെക്കൂട്ടി. രാത്രിയിൽ, വിജനമായ ഒരു റിസോർട്ടിന് സമീപം വെച്ച് അരുണും സംഘവും മേഘയെയും അവളുടെ രണ്ട് കൂട്ടുകാരികളെയും ക്രൂരമായി മൃഗീയ വാസനകൾക്ക് ഇരയാക്കി!
കരഞ്ഞു യാചിച്ച മേഘയുടെ തലയിലേക്ക് അരുൺ ഒരു വലിയ കല്ലെടുത്തിട്ടു.
തലയോട്ടി തകർന്ന്, കണ്ണുകളിൽ ചോര പടരുമ്പോഴും അവളുടെ മനസ്സിൽ തളർന്നു കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖമായിരുന്നു. കണ്ണ് അടയുന്നതിന് തൊട്ടുമുമ്പ് അവൾ കണ്ടത് തന്നോട് ഒരു ദയയും കാണിക്കാത്ത അരുണിന്റെ ചിരിക്കുന്ന മുഖമായിരുന്നു!
“മേഘ… പ്ലീസ്… എന്നെ ഒന്നും ചെയ്യരുത്! ഞാൻ മാപ്പ് ചോദിക്കാം!” അരുൺ കാൽക്കൽ വീണു നിലവിളിച്ചു.
“ഞാനും അന്ന് നിന്റെ കാൽക്കൽ വീണു കെഞ്ചിയതല്ലേ അരുൺ?!” മേഘയുടെ ശബ്ദത്തിൽ ഒരു വലിയ ദുരന്തത്തിന്റെ ഇരമ്പലുണ്ടായിരുന്നു. “എന്നെ വിടാൻ ഞാൻ കേണപേക്ഷിച്ചപ്പോൾ നീ കേട്ടോ? എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ മാത്രമായിരുന്നു ആശ്രയം!”
“മേഘ… പ്ലീസ്…”
“ഇല്ല അരുൺ! ഇന്ന് നിന്റെ വധശിക്ഷയാണ്!”
മേഘ തന്റെ നീണ്ട, കൂർത്ത നഖങ്ങൾ അരുണിന്റെ രണ്ട് കണ്ണുകളിലേക്കും ആഴത്തിൽ ഇറക്കി!
“ആഅഹ്ഹ്ഹ്ഹ്ഹ്!” കാടിനെ വിറപ്പിച്ചുകൊണ്ട് അരുണിന്റെ ഭയാനകമായ നിലവിളി ഉയർന്നുകേട്ടു.
അവളുടെ നഖങ്ങൾ അവന്റെ കണ്ണുകൾ തുളച്ച് മാംസവും മജ്ജയും വലിിച്ചെടുത്തു. അരുണിന്റെ ശരീരം വെട്ടിവിറച്ചു. നിമിഷങ്ങൾക്കകം അവന്റെ ശരീരത്തിലെ രക്തവും മാംസവും വലിിച്ചെടുക്കപ്പെട്ട്, അവൻ ഒരു അസ്ഥികൂടം പോലെ നിലത്തേക്ക് ജീവനറ്റ് വീണു!
തൊട്ടടുത്ത്, പുല്ലുകൾക്കിടയിൽ കിടന്ന അവൻ്റെ തകർന്ന ഫോണിൽ അപ്പോഴും നീനയുടെ കോൾ വരുന്നുണ്ടായിരുന്നു…
“അരുൺ… അരുൺ… നീ എവിടെയാ? മറുപടി പറയൂ…”
പക്ഷേ, ആ ചോദ്യത്തിന് മറുപടി നൽകാൻ അവിടെ തണുത്തുറഞ്ഞ ഒരു മൃതദേഹം മാത്രം ശേഷിച്ചിരുന്നു. 🌧️💀






