രചന – രാജേഷ് ദിബു
“തെറ്റ് “…
കണ്ണുതുറന്നതും ഉറക്കച്ചടവോടെ അയാളുടെ വലതു കൈയാൽ പരതി മേശപ്പുറത്തു ഇരുന്ന കപ്പിൽ കൈ എത്തി പിടിച്ചു..
കാപ്പി അപ്പോഴേയ്ക്കും തണുത്താറിയിരുന്നു..
കിടക്കയിൽ ചാരി കിടന്നു കൊണ്ടു തന്നെ അയാൾ കാപ്പി വലിച്ചുകുടിച്ചു..
മേഘ ജനാല തുറന്നിട്ടുണ്ട്.. ഇളം കാറ്റിലെ കോച്ചുന്ന തണുപ്പ് അപ്പോഴും മുറി വിട്ടു പോയിരുന്നില്ല..
എന്നിരുന്നാലും രാത്രിയിൽ അവൾ പറഞ്ഞ വാക്കുകൾ ഒരു ഉൾവിളി പോലെ മനസ്സിൽ കിടന്നു അലയടിക്കുകയാണ്..
തിയ്യതി ഒക്കെകഴിഞ്ഞു..ആയില്ലല്ലോ കണ്ണേട്ടാ ഇത്തവണ ഈശ്വരൻ നമ്മുടെ പ്രാർത്ഥന കേട്ടു എന്നാണ് തോന്നുന്നത്..
കണ്ണേട്ടൻ അച്ഛനാകാൻ പോകുന്നു..
എത്രകണ്ടു ആഴ്ന്നു ചിന്തിച്ചിട്ടും അതിനുള്ള മറുപടി മാത്രം തനിക്ക് ലഭിക്കുന്നില്ല..
ഇനി അവൾ തന്റെ മുൻപിൽ അഭിനയിക്കുകയാണോ..
അതോ വൈദ്യലോകത്തിന് തെറ്റുപറ്റിയത് ആയിരിക്കുമോ, എന്നാലും താൻ പോലുമറിയാതെ അങ്ങനെയൊക്കെ സംഭവിക്കുമോ..?
വർഷങ്ങൾക്കു മുൻപ് തനിക്ക് ഒരു അച്ഛനാകാൻ സാധിക്കില്ലയെന്ന് ഡോക്ടർമാർ വിധി എഴുതിയത് വെറും പൊയ്‌വാക്കുകൾ ആയിരുന്നുവോ..
ആലോചിക്കും തോറും തല പൊട്ടിതെറിക്കുന്നത് പോലെ അവനു തോന്നി..തന്റെ ചോരയിൽ ഒരു കുഞ്ഞു അതു വെല്ലുവിളി തന്നെയായിരുന്നു.
ഇത്രയും നാൾ താൻ കാത്തു സൂക്ഷിച്ചു വെച്ച സത്യം ഈ നിമിഷം തുറന്ന പുസ്‌തകം ആയി പോകുമോ എന്ന് അയാൾ ഭയന്നു.
അന്ന് ആ അപകടത്തിൽ സ്വാതിയുടെ ജീവൻ അപഹരിച്ചു കൊണ്ടു ഈശ്വരൻ കടന്നു കളഞ്ഞപ്പോൾ ആരുടെയോ ശാപം പോലെ..തന്റെ അരയ്ക്ക് താഴെ തളർന്നു പോയ കാഴ്ചവസ്തുവിൽ എങ്ങിനെയാണ് ഒരു കുഞ്ഞിന് ജന്മം നൽകുവാൻ കഴിയുക..
അയാൾ തല ഏന്തി വലിച്ചു പാതി തുറന്നിട്ട ജാലകപഴുതിലൂടെ പുറത്തേക്ക് കണ്ണുകളോടിച്ചു .. മുറ്റം അടിച്ചു വാരുന്ന അവളെയൊന്നു ഒളിക്കണ്ണിട്ടുഴിഞ്ഞു നോക്കി.. അവൾ എല്ലാം തികഞ്ഞ സ്ത്രീയാണ്.. വശ്യതയാർന്ന മുഖം.. മാംസളങ്ങളായ മാറിടങ്ങൾ,ഒതുങ്ങിയ അരക്കെട്ട്..വടിവൊത്ത ശരീരം എന്നിട്ടും ആ പൂപോലുള്ള മേനിയിൽ താനിന്നു വരെ അറിഞ്ഞു കൊണ്ടു ആസ്വദിച്ചിട്ടില്ല..
പലപ്പോഴും അവൾ അവസരം ഒരുക്കിയിട്ടും തനിക്ക് ഒന്നും തോന്നിയില്ലെങ്കിൽ…അയാൾ സ്വയം ശപിച്ചു കൊണ്ടു തന്റെ കണ്ണുകൾ അവളിൽ നിന്നും പിൻവലിച്ചു..
രാവിലെ മുതൽ അവൾ സന്തോഷത്തിലാണ്.. മുറ്റമടിക്കുമ്പോഴും അവളുടെ ചെറിയ മൂളിപ്പാട്ട് അവനു കേൾക്കാമായിരുന്നു..
കുറച്ചു ദിവസമായി അവൾക്ക് പതിവില്ലാത്ത ക്ഷീണവും ഛർദ്ദിയും താൻ ശ്രദ്ധിച്ചിരുന്നതാണ്.. എന്നാൽ അതു മനസ്സിനെ തളർത്തുന്ന അസത്യത്തെ വെളിപ്പെടുത്തുന്നതിനുള്ള ഉത്തരമാണ് എന്ന് തനിക്കറിയില്ലായിരുന്നു…
കൃഷ്ണൻ തന്റെ പഴയ ഓർമ്മകളെ ഒന്നു പൊടിതട്ടിയെടുത്തു..
“മോനെ സുകുമാരൻ പോയി നീ അവൾക്ക് ഒരു ജീവിതം കൊടുക്കെടാ..”
അമ്മാവൻ മരിച്ചു പുലയടിയിന്തരം കഴിഞ്ഞപാടെ അമ്മയുടെ ആദ്യത്തെ ആഗ്രഹം…
“എനിക്കു പെൺകുട്ടികൾ ഇല്ല അവൾ നല്ല കുട്ടിയാണ്.. നിന്നെ പൊന്നു പോലെ നോക്കും..”
“വേണ്ടമ്മേ മുറപ്പെണ്ണിനെ കെട്ടുന്ന കാലം എല്ലാം പഴകിയിരിക്കുന്നു.. നമുക്ക് അവൾക്ക് വേറെ വല്ല നല്ല ആലോചനകൾ നോക്കാമെന്നേ ‘
സ്വാതിയെ രഹസ്യമായി വിവാഹം കഴിച്ച തനിക്ക് ആ കല്യാണത്തിൽ ഒട്ടും താലപര്യമുണ്ടായിരുന്നില്ല എന്ന് വരുത്തി തീർക്കുവാൻ താൻ കളിച്ച നാടകം ഒന്നും അമ്മയുടെ അടുത്ത് ചിലവായതുമില്ല.. അവസാനം.. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി നെല്ലേരി ദേവി ക്ഷേത്രത്തിൽ വച്ചു അവളെ താലി കെട്ടി കൂട്ടികൊണ്ട് വരുമ്പോൾ ഒന്നേ താൻ അവളോട് ആവശ്യപ്പെട്ടുള്ളു..
നിന്നെ ഒരു ഭാര്യയായി കാണുവാൻ എനിക്കു കുറച്ചു സമയം തരണം.. കാരണം.. ഇത്രയും നാൾ മുറപ്പെണ്ണ് ആയിരുന്നാലും ഒരു പെങ്ങൾ ആയിട്ടായിരുന്നു നിന്നെ ഞാൻ കണ്ടിരുന്നത് .. അതു മനസ്സിൽ നിന്നും പെട്ടന്ന് മായ്ക്കുവാൻ പെട്ടന്ന് കഴിയില്ല.
ഒരുപക്ഷെ വർഷങ്ങൾ തന്നെ വേണ്ടി വന്നേക്കാം..
അവൾക്കും അതു പൂർണ്ണ സമ്മത മായിരുന്നു.. വിവാഹം കഴിഞ്ഞിട്ടും ഒരിക്കൽ പോലും ശാരീരികമായി ബന്ധപ്പെടുവാൻ അവൾ നിർബന്ധിച്ചിരുന്നില്ല.. വല്ലപ്പോഴും വരുന്ന അവധിക്ക് പോലും അവൾ ഒരു ഭാര്യയുടെ എല്ലാ കടമകളും നിറവേറ്റിയിരുന്നെകിലും ഒരു സ്ത്രീക്ക് വേണ്ട പലതും തിരിച്ചു നൽകുവാൻ കഴിയാതിരുന്നത് തന്റെ ഉള്ളിലെ അപകർഷതാബോധമാണെന്നു അവളെ പറഞ്ഞ് മനസിലാക്കിയതുമില്ല….
വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഏഴു വർഷം കഴിഞ്ഞിരിക്കുന്നു.. ഇന്ന് എല്ലാം തുറന്നു പറഞ്ഞു മാപ്പ് ചോദിക്കുവാൻ അമ്മയും ജീവിച്ചിരിപ്പില്ല..
തനിക്ക് ഉദ്ധാരണ ശേഷി പോലുമില്ല എന്നവൾ തിരിച്ചറിഞ്ഞിട്ടും ഒരിക്കൽ പോലും അതിനെ കുറിച്ചു തന്നോട് ചോദിക്കാതിരുന്നതിൽ അവനു ആശ്ചര്യം കൂടി വന്നു.. ഒരു പക്ഷേ താൻ അവളെ വഞ്ചിച്ചത് പോലെ അവളും തന്നെ വഞ്ചിക്കുകയായിരുന്നോ..
കാത്തിരിക്കാം അവളായിട്ട് തുറന്നു പറയുമോയെന്ന് നോക്കാം..ചിന്തകൾ കാടു കയറുവാൻ തുടങ്ങിയപ്പോൾ
അയാൾ പതിയെ എഴുനേറ്റു..
കുളി കഴിഞ്ഞു തീൻ മേശയിൽ വന്നിരുന്നു..
“കണ്ണേട്ടോ ഏട്ടന് ഇന്ന് ഓഫീസിൽ പോകണ്ടേ? ‘”
മേശപ്പുറത്ത് ആവിപറക്കുന്ന ഇഡലിയും സാമ്പാറും കൊണ്ടു വയ്ക്കുന്നതിനിടക്ക് കൊഞ്ചി കൊണ്ടാണ് അവൾ പറഞ്ഞത്..
അവളുടെ മുഖത്തേക്ക് നോക്കാതെ അയാൾ “ഇല്ല “എന്ന് മറുപടി കൊടുത്തു.
“അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം കൊണ്ടാണോ”
എന്നവൾ അയാളുടെ കാതിൽ നാണംകൊണ്ട് തുടുത്ത പ്രസരിപ്പോടെ പതിയെ മന്ത്രിച്ചപ്പോൾ ഒരു ഇടിമുഴുക്കം പോലെയാണ് അതവനു അനുഭവപ്പെട്ടത്..
‘”കണ്ണേട്ടാ… നിങ്ങൾ ഒരച്ഛനാവാൻ പോകുന്നു.'”
അയാളുടെ നെഞ്ചിൽ കൊള്ളിയാൻ മിന്നി…
ശരീരം വിറക്കുന്നു.. കണ്ണുകളെ ദേഷ്യം ചുട്ടുപൊളിക്കുന്നു.. ഇനിയും തനിക്കതു കേട്ടു നിൽക്കുവാൻ കഴിയുമോ എന്ന് അറിയില്ല..
ക്ഷമ തന്നിൽ നിന്നും എങ്ങോട്ടാ പോയ് മറഞ്ഞിരിക്കുന്നു
അയാൾ ആക്രോശത്തോടെ
“ഒന്നു നിർത്തോ”
എന്ന് ഉച്ചത്തിൽ അലറി കൊണ്ടു ഇഡലിപാത്രത്തിനെ മുൻപോട്ട് തള്ളി..
എന്താടി നീ എന്നെ “പൊട്ടനാക്കുകയാണോ.. അതോ ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണെന്ന് വരുത്തി തീർക്കുവാൻ നീ പരിഹസിക്കുകയാണോ..”
അവൾ ചിരിച്ചു കൊണ്ടു അവനു നേരെയുള്ള കസേര വലിച്ചിട്ടു അതിൽ ഇരുന്നു.. തന്റെ ഇരു കൈകളും താടിയിൽ ഊന്നി കൊണ്ടു അയാളുടെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി…
“കണ്ണേട്ടന്റെ മുഖത്തു ഇപ്പോൾ കാണുന്നത് ആണ് ആണുങ്ങളുടെ ലക്ഷണം.. എന്നാൽ ഇതിനു മുൻപ് ഒരിക്കൽ പോലും താൻ ഇതു കാണാത്തത് കൊണ്ടാവും എനിക്കു ചിരിയാണ് വരുന്നത്..”
ചോരപൊടിഞ്ഞ കണ്ണിലൂടെ ഒരു നോട്ടം അവളിലേക്ക് പായിച്ചെങ്കിലും അവൾ വീണ്ടും അതോർത്തു പൊട്ടി ചിരിക്കുകയാണ് ചെയ്തത് .
അവളുടെ ആ ചിരി മായുവാൻ അധിക സമയം വേണ്ടിവന്നില്ല .. അവനിൽ പ്രതിഫലിച്ച അതേ വികാരം അവളിലും പുനർജനിക്കുകയായിരുന്നു..
“ഞാൻ കണ്ണേട്ടന്റെ ആരാ..
ഭാര്യയൊ വെപ്പട്ടിയോ അതോ പെങ്ങളോ.. അതോ ഇവിടുത്തെ ദാസിയോ..
ഇത്ര കണ്ടു എന്നെ വെറുക്കാൻ മാത്രം..”
അവളുടെ വാക്കുകൾക്ക് ഇടി. മുഴക്കത്തിന്റെ ഘനമുണ്ടായിരുന്നു.. അവളുടെ കണ്ണുകളിലെ അഗ്നി വലയം തന്നെ ദഹിപ്പിച്ചു കളയുമോ എന്നവൻ ഭയപ്പെട്ടു.. തന്നിലെ ഉത്തരം മുട്ടിയ സന്ദർഭങ്ങളെ അവൾ വീണ്ടും മുതലെടുക്കുകയായിരുന്നു…
അവൾ അണ പൊട്ടിയ പുഴപോൽ ഒഴുകി…
“ഒരു ഭാര്യ എന്ന നിലക്ക് എന്നിലെ കുറവുകൾ കണ്ണേട്ടന് ചൂണ്ടി കാണിക്കാമോ.. നേരാ നേരത്തിനു വെച്ചു വിളമ്പി തരുന്നില്ലേ. തുണികൾ അലക്കി തേച്ചു തരുന്നില്ലേ.. ഈ കുടുംബത്തിലെ എല്ലാകാര്യവും നോക്കുന്നില്ലേ.. കിടപ്പറയിൽ പിറന്ന മേനിയിൽ കണ്ണേട്ടന്റെ മുൻപിൽ വന്നു നിന്നിട്ടില്ലേ.. എന്നിട്ടും ഒരു സ്ത്രീയായ എന്റെ മനസ്സ് കണ്ണേട്ടൻ കണ്ടില്ല..
ഇപ്പോഴെങ്കിലും ഇതെല്ലാം തുറന്നു പറഞ്ഞില്ലെങ്കിൽ ഞാൻ ഒരു സ്ത്രീ ആണെന്നുള്ള കാര്യം ഞാൻ തന്നെ മറന്നു പോകും..
വിവാഹം കഴിഞ്ഞ അന്നു മുതൽ ഞാൻ കണ്ണേട്ടനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു തുടക്കത്തിൽ വലിഞ്ഞുകേറിവന്നവളെന്ന മേൽവിലാസമായിരുന്ന എന്നെ അതു അത്രക്കണ്ടു ബാധിച്ചിരുന്നില്ല..
ആശ്വാസവാക്കുകൾ കൊണ്ടു അമ്മ എന്നെ സ്നേഹിച്ചു കീഴടക്കിയിരുന്നു…
അമ്മ പോയതിൽ പിന്നെ ഒന്നു മിണ്ടവാൻ പോലും ഒരാൾ ഇല്ലാതെ ഈ വീട്ടിൽ ഞാൻ ഉറങ്ങിയിട്ടുണ്ട്…”
“എത്രകണ്ടു സ്നേഹം ചൊരിഞ്ഞിട്ടും കണ്ണേട്ടന്റെ മനസ്സ് മാറ്റിയെടുക്കാൻ കഴിയാതെ വന്നപ്പോഴാണ്.. എന്നിൽ സംശയത്തിന്റെ കരിനിഴൽ നാമ്പെടുത്തു തുടങ്ങിയത്..
മനക്കട്ടിയുള്ള ഈ നാവിൽ നിന്നും താൻ അന്വേഷിക്കുന്നതു ഒന്നും തന്നെ വരുമെന്ന് വരില്ല എന്നറിയാമായിരുന്നത് കൊണ്ടാണ്.. ഏട്ടൻ അറിയാതെ തന്നെ ഏട്ടനെ കുറിച്ചു അറിയാൻ ഞാൻ ശ്രമിച്ചത് …. ചേട്ടന്റെ കൂട്ടുകാരോടും സഹപ്രവർത്തകരോടും തിരക്കിയപ്പോൾ മുൻപ് ഒരു വാഹനാപകടം സംഭവിച്ചു എന്നറിയാൻ കഴിഞ്ഞു.. അപ്പോഴും സ്വാതി ആരാണെന്നോ ഏട്ടന് സ്വാതിയുമായി എന്താണ് ബന്ധമെന്നോ എന്നൊന്നും എനിക്കറിയില്ലായിരുന്നു..ഏട്ടനെ ചികിൽസിച്ച ഡോക്ടറാണ് എന്നോട് എല്ലാകാര്യവും തുറന്നു പറഞ്ഞത്.. തുടക്കത്തിൽ എനിക്കതു വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല.. അപ്പോഴും ഏട്ടൻ എന്റെ ദൈവമായിരുന്നു..
എല്ലാ സത്യവും തിരിച്ചറിഞ്ഞപ്പോൾ ജീവിക്കണം എന്ന് തന്നെ ഇല്ലാതായി, മരിക്കുവാൻ ഒരുപാട് തവണ ശ്രമിച്ചതു മാണ്.. എന്നാൽ എല്ലാമെന്റെ വിധിയാണ് എന്ന് കരുതി സ്വയം സമാധാനിപ്പിക്കുക
യാണ് ഉണ്ടായത്..”
“എന്നാൽ ഏട്ടനോടും അമ്മയോടും വാക്കുകൾ കൊണ്ടും നുള്ളി നോവിക്കാത്ത എന്നെ വഞ്ചിച്ചു എന്നറിഞ്ഞപ്പോൾ.. മരിക്കുന്നതിന് മുൻപെങ്കിലും ഏട്ടൻ എന്നോട് എല്ലാതുറന്ന ഒരു ദിവസം വരുമെന്ന് ഞാനും കാത്തിരുന്നു..
വർഷങ്ങൾ കൊഴിഞ്ഞുകൊണ്ടേയിരുന്നു… അന്നും ഇന്നും നിങ്ങൾക്ക് ഒരു നല്ല ഭാര്യയായി മാത്രമാണ് ജീവിച്ചിട്ടുള്ളത്… എന്നാൽ ഏട്ടൻ ഒരു നല്ല ഭർത്താവായിരുന്നില്ല.. ഏട്ടന് ഉള്ളിൽ ദേഷ്യവും വെറുപ്പും വന്നപോലെ എനിക്കും വന്നു കൂടെ..ഈയൊരു നിമിഷത്തിന് വേണ്ടിയാണു കാത്തിരുന്നത് ..
ഇന്ന് നമ്മൾ തുല്യരാണ്..”
“തെറ്റു ചെയ്തിട്ട് ന്യായം പറയുന്നോടി പിഴച്ചവളെ..”
“ഏട്ടന്റെ പ്രയോഗം കൊള്ളാം പിഴച്ചവൾ…”
“ഞാൻ പറഞ്ഞത് മനസിലായില്ല എന്ന് തോന്നുന്നു.. ഇപ്പോൾ നമ്മൾ തുല്യരാണ്…”
അതിനു മറുപടി പറയാതെ അയാളുടെ ശിരസ്സ് വീണ്ടും താഴ്ന്നു…
“ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല.. അറിഞ്ഞു കൊണ്ടു ഞാൻ ഏട്ടനെ വഞ്ചിച്ചിട്ടില്ല.. മാസമുറയുടെ ക്രമം തെറ്റിയുള്ള വരവും കൂടുതൽ ബ്ലീഡിങ്ങും വല്ലാത്ത വയറു വേദനയും അനുഭവപ്പെട്ടപ്പോഴാണ് .. ഞാൻ ഒരു ഡോക്ടറേ കാണാൻ തീരുമാനിച്ചത്..
ഏട്ടന് തിരക്കല്ലേ തന്നെ നോക്കുവാൻ എവിടെയാ സമയം..ആദ്യമെല്ലാം ആശുപത്രിയിൽ പോകാതെ കഴിച്ചു കൂട്ടി അവസാനം കഴിയാതെ വന്നപ്പോൾ..”
“ഡോക്ടർ രാമചന്ദ്രൻ ഏട്ടൻ അറിയുമായിരിക്കും.. പ്രായമായ അദ്ദേഹത്തിനോട് എല്ലാം തുറന്നു പറയാൻ എനിക്കു ഒരു മടിയും ഉണ്ടായിരുന്നില്ല.. ഒരു ഡോക്ടർ എന്നതിലുപരി അദ്ദേഹത്തിന്റെ വാക്കുകൾ എനിക്കു ഒരാശ്വസ മായിരുന്നു… ഏട്ടന്റെ കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ എന്നെ ആശ്വസിപ്പിക്കാൻ ആണ് എന്നെ പുണർന്നത് എന്നാൽ ആ നെഞ്ചിലെ ചൂട് എന്നിലെ സ്ത്രീയേ ഉണർത്തി.. ആ കരവലയത്തിനകത്തു ഞാൻ പറ്റിചേർന്നു കിടക്കുകയായിരുന്നു..”
“ജീവിതത്തിൽ ഇന്ന് വരെ ലഭിക്കാത്തിരുന്നതാലാകും എന്റെ കൈകളും അദ്ദേഹത്തെ വരിഞ്ഞു മുറുക്കുകയായിരുന്നു.. ഞാൻ തെറ്റുചെയ്യുകയായിരുന്നെന്നെനിക്ക് തോന്നിയിരുന്നില്ല.. ആ ഒരു നിമിഷം എല്ലാം മറന്നു.. ഞാൻ ഭാര്യയാണെന്നതു പോലും…എന്തോ എന്നിലെ സ്ത്രീത്വം അദ്ദേഹത്തിന് കീഴടങ്ങുകയായിരുന്നു..
ഇന്ന് ഈ കാര്യം തുറന്നു പറയുമ്പോൾ ഏട്ടന്റെ മനസിലെ കുറ്റബോധം എന്നിലേക്ക് ഒരു തുറന്നു വിട്ട പറവയെ പോലെ ഒഴുകുമെന്ന് ഞാൻ കരുതി..
ഏട്ടൻ ചെയ്തതു ശരിയാണെങ്കിൽ ഞാനും ചെയ്തത് ശരിയാണ്.. ഏട്ടൻ ചെയ്തത് തെറ്റാണെങ്കിൽ ഞാനും സമ്മതിക്കുന്നു.. ഞാനും ചെയ്തത് തെറ്റാണു എന്ന്.. ഏട്ടന് തീരുമാനിക്കാം..
എന്റെ വയറ്റിൽ ഒരു ബീജം നിക്ഷേപിച്ചു എന്ന് കരുതി അയാൾ ഒരിക്കലും എന്റെ ഭർത്താവ് ആകുന്നില്ല.. എന്റെ കുഞ്ഞിന്റെ അച്ഛനും ആകുന്നില്ല..’
“ആ ഓർമ്മകളിൽ ഞാൻ ജീവിക്കാനും പോകുന്നില്ല.. ,ഇക്കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ട് പോലും ഇല്ല…മരിക്കാൻ ഇനി ആരുടെയും സമ്മതം ആവശ്യമില്ലലോ..”
അത്രയും പറഞ്ഞു കൊണ്ടു അവൾ തെന്നി തെറിച്ച ഇഡലി പാത്രവും എടുത്തു കൊണ്ടു അടുക്കളയിലേക്ക് നടന്നു..
മരവിച്ച മനസുമായി അയാൾ സാവധാനം എഴുന്നേറ്റു.. ഇനിയെന്ത് എന്നുള്ള ചോദ്യത്തിന് അയാളുടെ പക്കൽ ഉത്തരമുണ്ടായിരുന്നില്ല
കൂട്ടം തെറ്റിയ ഉറുമ്പിനെ പോലെ അയാൾ ആ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു .
ചിന്തകളിൽ ഇരുട്ടു കയറി തുടങ്ങിയപ്പോൾ അയാൾ മുറിയിലേക്ക് നടന്നു
അവളുടെ കാൽ പെരുമാറ്റം ഒരു നിമിഷം തന്നിൽ നിന്ന് അകന്ന നിമിഷം അയാൾ മുറിയുടെ വാതിൽ കുറ്റിയിട്ടു കട്ടിലിൽ അമർന്നിരുന്നു. ‘
ആരാണ് തെറ്റുചെയ്തത് ഞാനോ അതോ അവളോ അയാൾ ഒരു ഭ്രാന്തനെ പോലെ സ്വയം ചോദിച്ചു കൊണ്ടിരുന്നു..
ഒടുവിൽ അയാൾ തീരുമാനിച്ചുറപ്പിച്ചു..
തെറ്റു ചെയ്തതു താൻ മാത്രമായിരുന്നു.. അന്നവളോട് എല്ലാം തുറന്നു പറയുകയാണെങ്കിൽ അവൾ ആരെയെങ്കിലും വിവാഹം കഴിച്ചു സന്തോഷമായി ജീവിച്ചേനെ..
എന്റെ സ്വാർഥത.. എല്ലാത്തിനും താൻ ഒറ്റയൊരുത്തൻ മാത്രമാണ് ഉത്തരവാദി..ഏതൊരു സ്ത്രീക്കും പറ്റാവുന്ന ഒരു തെറ്റെ അവൾക്കും പറ്റിയുള്ളൂ.. അവളും ഒരു സ്ത്രീയല്ലേ അവളുടെ ശരീരത്തിൽ കൂടി ഒഴുകുന്നതും ചോരയല്ലേ…
ഞാൻ ആണ് അവളുടെ മുൻപിൽ അഭിനയിച്ചത്…
ഇത്രെയും നാൾ എല്ലാം അറിഞ്ഞിരുന്നിട്ടും അവൾ ഒരു നല്ല ഭാര്യയായി എന്നോടൊപ്പം ജീവിച്ചില്ലേ..
ഞാൻ ആണ് തെറ്റുകാരൻ ഞാൻ മാത്രമാണ്
ഒരു ഭ്രാന്തനെ പോലെ
‘ അയാൾ സ്വയം പറഞ്ഞുകൊണ്ടിരുന്നു…
പതിവിലും വേഗതത്തിൽ ഹൃദയം സ്പന്ദിക്കുന്നതു തനിക്ക് തിരിച്ചറിയാൻ കഴിയുന്നു..
അയാൾ തലയുയർത്തി മുകളിലേയ്ക്ക് നോക്കി.. നിശ്ചലമായി കിടക്കുന്ന ഫാൻ തന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്നയാൾ തെറ്റിദ്ധരിച്ചു..
എന്റെ മരണം തെറ്റുകൾക്ക് ഒരു പ്രായശ്ചിത്യമാകുമോ..
നിശബ്ദശതയേ അയാളുടെ ചെറിയ തേങ്ങലുകൾ മുക്കിക്കളഞ്ഞു. ആദ്യമായ് താൻ കരയുകയാണ്… എന്റെ കണ്ണിൽ പൊടിഞ്ഞ കണ്ണുനീരിന് വേദനയുടെ നിറമാണന്നു അയാൾക്ക് തോന്നി..
കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണു നീരിന് ഉപ്പുരസമുണ്ടായിരുന്നു അന്നയാൾ ആദ്യമായി തിരിച്ചറിഞ്ഞു..
അരുത് എന്റെ മരണം അവൾക്ക് അതു അംഗീകരിച്ചിരിക്കുവാൻ കഴിയില്ല… അവൾ തനിച്ചാകും.. ഈ ലോകം അവളെ കുറ്റപ്പെടുത്തും അച്ഛനില്ലാത്ത ഒരു കുഞ്ഞിന് ജന്മം നൽകിയവൾ എന്ന് പഴിചാരും..
അവൾ ചെയ്തതാണ് ശരി അറിയാതെ ആണെങ്കിലും ഞാൻ ഒരു ആണാണെന്ന് സമൂഹത്തിനു മുൻപിൽ തുറന്നു പറഞ്ഞിരിക്കുന്നു..
താനൊരു അച്ഛനാകാൻ പോകുന്നു എന്ന യാഥാർഥ്യം അയാൾ പതിയെ ഉൾക്കൊള്ളൂവാൻ ശ്രമിച്ചു..
അവളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല ശ്രമിച്ചതുമില്ല എന്ന് വേണം പറയാൻ . ഇനിയുള്ള കാലം അവൾക്കൊരു നല്ല ഭർത്താവായി ജീവിക്കണം ഇത്രയും നാൾ കെട്ടി വെച്ച വഞ്ചനയുടെ മൂടുപടം പറിച്ചെറിയണം
അയാൾ കണ്ണുകൾ തുടച്ചു..
വാതിൽ തുറന്നു.. ഇവിടെ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന മട്ടിൽ അടുക്കളയിൽ തിരക്കിട്ടു ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തന്റെ ഭാര്യയുടെ പിന്നഴക് ആസ്വദിച്ചു അല്പനേരം അവളുടെ പിറകിൽ തന്നെ നിലയുറപ്പിച്ചു.. താൻ കാണാതെ പോയ തന്റെ ഭാര്യയുടെ സൗന്ദര്യം..
അയാൾ പിറകിൽ ചെന്നു അവളെ വട്ടം ചേർത്തു പിടിച്ചു.. പിൻ കഴുത്തിൽ അമർത്തി ചുംബിച്ചു…
മാപ്പ് അർഹിക്കുന്നില്ല എന്നിരുന്നാലും ചോദിക്കുകയാണ് ഇനിയെങ്കിലും നിന്നെ ഞാൻ ഒന്നു സ്നേഹിച്ചോട്ടെ.. എന്റെ എല്ലാമെല്ലാമായ ഭാര്യയായിട്ടു..
അവൾ തിരിഞ്ഞു നിന്നു അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി.. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു
അവൾ പൊട്ടിക്കരഞ്ഞു കൊണ്ടു അയാളുടെ നെഞ്ചിലേയ്ക്ക് ചാഞ്ഞു..
“കണ്ണേട്ടാ…”
ആ വിളി ചെന്നു തറച്ചത് അവന്റെ ഹൃദയത്തിലായിരുന്നു… സ്നേഹബാഷ്പം പെയ്തിറങ്ങിയ നിമിഷം ഇരുവരും തിരിച്ചറിഞ്ഞു..

by