സ്നേഹതീരം
” എന്റെ നന്ദിനി നിന്നെ സമ്മതിക്കണം.. ഇപ്പോൾ നിന്നെപ്പോലെ നടക്കുന്ന ഒരാളും ഈ കാലഘട്ടത്തിൽ ഇല്ല.. പൗഡർ കൺമഷി പൊട്ട്…കഴിഞ്ഞു നിന്റെ മേക്കപ്പ്…”
” ഞാൻ മോയ്സ്ചറൈസർ തേക്കാറുണ്ട് സമ.. ”
” ഓ… വലിയ കാര്യമായി പോയി അവളുടെ ഒരു മോസ്‌ച്ചുറൈസർ..” സാന്ദ്ര നന്ദിനിയെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു..
നന്ദിനിയും സാന്ദ്രയും സമയും ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡൻസ് ആണ്.. നന്ദിനിയും സാന്ദ്രയും പ്ലസ് വൺ മുതൽ ഒരുമിച്ചാണ് സമ ഈ കൊല്ലമാണ് ഈ കോളേജിലേക്ക് വന്നത്. അവളുടെ ഉപ്പയ്ക്ക് ജോലി ട്രാൻസ്ഫർ ആയപ്പോൾ വന്നു ചേർന്നാണ് അവൾ..
” എന്റെ സമാ… ഇവൾ ഒട്ടും ഒരുങ്ങാത്തതിന് കാരണം എന്താണെന്ന് അറിയോ.. ”
സാന്ദ്ര ചോദിച്ചപ്പോൾ സമ അറിയില്ല എന്ന് പറഞ്ഞ തലയാട്ടി..
” നമ്മൾ ഒരുങ്ങി നടക്കുന്നത് എന്തിനാ എല്ലാവരെയും കാണിക്കാൻ.. സത്യം പറഞ്ഞാൽ ചെക്കന്മാരെ വല്ലവരെയും സെറ്റക്കാൻ.. പക്ഷേ ഇവൾക്ക് അതിന്റെ ആവശ്യമില്ല.. ഇവൾക്ക് അല്ലെങ്കിൽ ഒരു സുന്ദരൻ മുറ ചെറുക്കൻ ഉണ്ടല്ലോ.. എന്ത് ഗ്ലാമർ ആണ്… ഈ കൊല്ലം ഇവരുടെ കല്യാണവും ഉണ്ടാകും.. ”
സാന്ദ്ര പറഞ്ഞു കഴിഞ്ഞപ്പോൾ സമ ആണോ എന്ന് അത്ഭുതത്തോടെ കണ്ണു വിടർത്തി നന്ദിനിയെ നോക്കി നന്ദിനീയാണെങ്കിൽ നാണിച്ചു നിൽക്കുകയാണ്..
” അമ്പടി കള്ളി എന്താ ആളുടെ പേര്.. ”
” കിരൺ… ഞാൻ കിരണെട്ടാന്നാ വിളിക്കാറ്…. ” അത് പറയുമ്പോൾ അവളുടെ മുഖം അന്തി ചുവപ്പ് നിറഞ്ഞ മാനം പോലെയായി..
” ആൾ എന്താ ചെയ്യുന്നത്.. ” സമ ആകെ എക്സൈറ്റ്മെന്റിൽ ചോദിച്ചു..
” കിരണെട്ടൻ ഐടി പ്രൊഫഷണൽ ആണ്..”
” നീ ആർട്സ്… കിരൺ ഏട്ടൻ ഐടി അല്ലേ.. ” സമ പറഞ്ഞപ്പോൾ അവൾ നാണത്തോട് തല കുലുക്കി കൊണ്ട് പുഞ്ചിരിക്കുകയാണ് ചെയ്തത്.
കിരൺ അവളുടെ കോളേജിനു മുന്നിലൂടെയാണ് ഓഫീസിലേക്ക് പോകുന്നതും വരുന്നതും.. ചില ദിവസങ്ങളിൽ നേരത്തെ ഇറങ്ങുന്ന സമയത്ത് കോളേജിൽ ഫ്രണ്ടിൽ നന്ദിനിയെ കാത്തു നിൽക്കാറുണ്ട്.. അങ്ങനെ അവളെയും കൂട്ടിയാണ് വീട്ടിലേക്ക് പോകാറ്.. കിരണിന്റെ വീട് കഴിഞ്ഞാണ് നന്ദിനിയുടെ വീട് എങ്കിലും… നടന്നുപോകാനുള്ള ദൂരമേയുള്ളൂ.. എന്നാലും അവൻ അവളുമായി വരുമ്പോൾ അവളുടെ വീട്ടിൽ ഇറക്കിയിട്ടാണ് തിരികെ വരാറ്… അങ്ങനെ കോളേജിൽ വരുന്ന സംഭവങ്ങളിൽ സാന്ദ്രയും സമയമായി അവൻ നല്ല കൂട്ടായി…
അങ്ങനെ ഡിഗ്രി എക്സാം എല്ലാം കഴിഞ്ഞ് ഇരിക്കുന്ന സമയം.. എത്രയും പെട്ടെന്ന് കിരണിന്റെ വിവാഹം നടത്തണമെന്ന് അപ്പച്ചി വീട്ടിൽ വന്ന് അച്ഛനോട് പറയുന്നത് അവൾ കേട്ടിരുന്നു.. അവളാ കാര്യം അപ്പോൾ തന്നെ കൂട്ടുകാരിമാരെ വിളിച്ചു പറയുകയും ചെയ്തു.. അവരും അത് കേട്ട് നല്ല എക്സൈറ്റ്മെന്റിലായി.. കൂട്ടുകാരിയുടെ കല്യാണത്തിന് അടിച്ചുപൊളിക്കാനുള്ള പ്ലാൻ അവർ രണ്ടുപേരും ഇപ്പോഴേ തയ്യാറാക്കാൻ തുടങ്ങി…..
ഇന്നാണ് പെണ്ണുകാണൽ ചടങ്ങ്….
നന്ദിനിയുടെ സ്വന്തക്കാർ എല്ലാവരും എത്തിയിട്ടുണ്ട്.. പ്രത്യേകിച്ച് അമ്മ വീട്ടുകാർ.. അച്ഛൻ വീട്ടിലെ ആളാണല്ലോ കിരൺ അതിനാൽ കുറച്ചുപേരും കിരണിന്റെ വീട്ടിലും കുറച്ചുപേരെ നന്ദിനിയുടെ വീട്ടിലും ഉണ്ട്..
എല്ലാവരും ഒത്തൊരുമയോട് പോകുന്ന കുടുംബമാണ് ഇരുവരുടെയും… അതിനാൽ എന്തെങ്കിലും ഫംഗ്ഷൻ ഉണ്ടെങ്കിൽ അത് തറവാട് വീടായാൽ നന്ദിനിയുടെ വീട്ടിൽ വച്ച് എല്ലാവരും കൂടുകയും ചെയ്യും…
” നന്ദിനി നീ അങ്ങ് സുന്ദരിയായല്ലോ.. ഇന്നെങ്കിലും നിനക്ക് കുറച്ചു മേക്കപ്പ് ചെയ്യാൻ തോന്നിയല്ലോ.. ” നന്ദിനിയുടെ അമ്മയുടെ ആങ്ങളയുടെ മകളായ സൗപർണിക ആദ്യമായുള്ള നന്ദിനിയുടെ മേക്കപ്പ് കണ്ടു ചോദിച്ചു…
” ചേച്ചി ഇന്നെങ്കിലും ഒരുങ്ങണ്ടേ..”
” അത് ശരിയാ… വീട്ടില് ഒരു ഫംഗ്ഷൻ വരുമ്പോൾ ഒരുങ്ങാതെ..പറ്റില്ലല്ലോ ”
” ചേച്ചിയെ കാണാൻ ഈ ദാവണിയിൽ നല്ല ഭംഗിയുണ്ട്.. ചേച്ചി നന്നായി ഒരുങ്ങിയിട്ടുണ്ടല്ലോ.. ”
” അല്ലെങ്കിലും ഞാൻ നിന്നെ പോലെ ഒന്നുമല്ല… ഞാൻ എപ്പോഴും ഒരുങ്ങിയ നടക്കുന്നത്.. ഇന്ന് ഒരു നല്ല കാര്യമല്ലേ അപ്പോൾ കൂടുതൽ ഒരുങ്ങി..”
സൗപർണിക പറഞ്ഞപ്പോൾ നന്ദിനി ചിരിയോടെ അതെ എന്ന് തലയാട്ടി..
ഇരു കുടുംബത്തിലെയും എല്ലാ ബന്ധക്കാർക്കും നന്ദിനിയെ ഒരുപാട് ഇഷ്ടമാണ് കാരണം ഏറ്റവും അടക്കവും ഒതുക്കവും കാരണവന്മാർ പറഞ്ഞാൽ അനുസരിക്കുന്ന കുട്ടിയും നന്ദിനി ആണ്.. ഒരു പഞ്ചപാവം നാട്ടിൻ പുറത്തുകാരി കുട്ടി.. ആരോടും എതിർത്തൊന്നും സംസാരിക്കാറില്ല..
” നന്ദിനിയെ അങ്ങ് സുന്ദരിയായല്ലോ .. ”
തെറ്റുമുട്ടയുടുത്ത് സുന്ദരിയായി നിൽക്കുന്ന നന്ദിനിയെ കണ്ട് ഇളയ അമ്മായി അവളുടെ തലയിൽ തഴുകികൊണ്ട് പറഞ്ഞു..
” നാത്തൂനെ അവൾ ഇന്ന് അമ്പലത്തിൽ പോയിരുന്നു.. എപ്പോഴും എന്തെങ്കിലും ഡ്രസ്സ് ഇട്ടാ പോണത്…ഇന്നെന്താ നല്ല ദിവസമായിട്ടാണെന്ന് തോന്നുന്നു…സെറ്റും മുണ്ടും ഒക്കെ ഉടുത്തിട്ട് പോയി..”
നന്ദിനിയുടെ അമ്മ അവളുടെ മുടി ഒതുക്കി വച്ച് കൊടുത്തുകൊണ്ട് പറഞ്ഞു..
നന്ദിനി ഇതെല്ലാം കേട്ട് പുഞ്ചിരിച്ചു നിൽക്കുകയാണ്..
അപ്പോഴാണ് കിരണും വീട്ടുകാരും എത്തിയത്.. മുതിർന്നവർ എല്ലാം വീടിന്റെ ഉമ്മറത്തേക്ക് ചെന്നപ്പോൾ നന്ദിനി വേഗം അടുക്കളയിലേക്ക് പോയി അവൾക്കാണെങ്കിൽ ആകെ നാണമൊക്കെ വരുന്നുണ്ട്..
” അപ്പച്ചിയുടെ മോള് അങ്ങ് സുന്ദരിയായല്ലോ.. ഇങ്ങനെയൊക്കെ ഒരുങ്ങാൻ അറിയാല്ലേ.. ” നന്ദിനിയുടെ നെറുകയിൽ ഉമ്മ വച്ചുകൊണ്ട് കിരണിന്റെ അമ്മ പറഞ്ഞു.അവർക്ക് നന്ദിനീ യെ ഒരുപാട് ഇഷ്ടമാണ്.. അവർക്ക് മാത്രമല്ല എല്ലാവർക്കും…
” അതെ സംസാരം ഒക്കെ പിന്നെ ആദ്യം ആ ചടങ്ങു അങ്ങ് കഴിയട്ടെ..” നന്ദിനിയുടെ അച്ഛൻ അടുക്കളയിൽ വന്നു പറഞ്ഞപ്പോൾ പെണ്ണുങ്ങളെല്ലാം പുഞ്ചിരിയോടെ നിന്നു..
” അതെ ചായയും പലഹാരങ്ങളും എല്ലാം എടുക്ക് നമുക്ക് പെണ്ണുകാണൽ ചടങ്ങിന് പോകാം.. ” കൂട്ടത്തിൽ ഒരു അമ്മായി പറഞ്ഞപ്പോഴേക്കും നന്ദിനിക്ക് അങ്ങ് നാണം വന്നു.. അമ്മായിയുടെ ഡയലോഗ് കേട്ട് ബാക്കി മുതിർന്നവരൊക്കെ ചിരിക്കുന്നുണ്ട്.
നന്ദിനി വേഗം ചായ ട്രേ എടുക്കാൻ നേരം
” എന്റെ കൊച്ചേ….അത് നീ ചായ എടുത്ത് ആ സാരി തട്ടി താഴെ ഇടാൻ അല്ലേ.. നീ ആ ലഡുവിന്റെ പ്ലേറ്റ് എടുക്ക്..”
നന്ദിനിയുടെ അമ്മ പറഞ്ഞത് കേട്ടപ്പോൾ അവൾ ചെറിയ ചമ്മലോടെ ചായയുടെ ട്രേ താഴെ വച്ചുകൊണ്ട് ലഡുവിന്റെ പ്ലേറ്റ് എടുത്തു..
ഓരോരുത്തരും ഓരോ പ്ലേറ്റ് എടുത്തപ്പോൾ സൗപർണിക ചായയുടെ ട്രെ ആണ് എടുത്തത്.
സൗപർണിക ചായ എടുത്തപ്പോൾ നന്ദിനിക്ക് അത്രയങ്ങ് ഇഷ്ടം തോന്നിയില്ല കാരണം താനാണല്ലോ ചായ എടുക്കേണ്ടത്.. എന്നാലും തന്റെ പെണ്ണുകാണൽ ചടങ്ങ് ആണല്ലേ എന്നോർത്ത് അവൾ സന്തോഷത്തോടെ എല്ലാവരുടെയും കൂടെയും ഹാളിലേക്ക് നടന്നു..
അവൾ ലഡു ടേബിളിൽ വച്ച് പതിയെ കിരണിനെ നോക്കി. അവൻ അവളെ നോക്കി ഇരു കണ്ണും അടച്ചു കാട്ടി.. അവൾക്ക് അവൾക്ക് അങ്ങ് നാണം വന്നു എന്നാലും ഒരിക്കൽ കൂടി അവനെ നോക്കി.. മുണ്ടിലും ഷർട്ടിലും അവൻ അതീവ സുന്ദരൻ ആയിരുന്നു..
അവൾ അവിടെ നിന്ന് കുറച്ചു മാറി തന്റെ അമ്മയുടെ അടുത്ത് പോയി നിന്ന സമയത്താണ് സൗപർണിക ചായയുമായി നേരെ അടുത്ത് ചെന്ന് അവന് ചായ കൊടുത്തത്.. അത് കണ്ടപ്പോൾ സത്യത്തിൽ നന്ദിനിക്ക് കുശുമ്പ് തോന്നി..
” സൗപർണിക ചേച്ചി എപ്പോഴും അതേ….വലിയ ആളാവാൻ വേണ്ടി എല്ലാത്തിലും കയറി ഇടപെടും..” നന്ദിനി കേരളം പരസ്പരം നോക്കി ചിരിക്കുന്നത് കണ്ടു മുഖം വീർപ്പിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു..
” പെണ്ണുകാണൽ ചടങ്ങ് എല്ലാം കഴിഞ്ഞല്ലോ ഇനി നിശ്ചയവും കല്യാണവും ഒക്കെ എത്രയും പെട്ടെന്ന് തന്നെ നടത്താം..” കിരണിന്റെ അച്ഛൻ പറഞ്ഞപ്പോൾ എല്ലാവരും ആ അഭിപ്രായത്തെ അനുകൂലിച്ചു…
” ഇനി ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കണം എങ്കിൽ ആവാം.. പരിചയമുള്ളവർ ആണെങ്കിലും ചടങ്ങൊന്നും തെറ്റിക്കേണ്ട.. ” കിരണിന്റെ അമ്മ പറഞ്ഞപ്പോൾ പുഞ്ചിരിയോടെ അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു…
നന്ദിനി ആണെങ്കിൽ ആകെ ഒരു വെപ്രാളം തോന്നി ചിലവിനോട് ഒറ്റയ്ക്ക് കുറെ സംസാരിച്ചിട്ടുണ്ടെങ്കിലും പെണ്ണുകാണൽ ചടങ്ങിന് സംസാരിക്കുക എന്നത് ഒരു വേറെ രീതിയാണല്ലോ.. അവൾക്ക് അതിൽ നല്ല ചമ്മൽ ഉണ്ട്…
അവൾ ചമ്മലോടെ പതിയെ തല ഉയർത്തി നോക്കിയപ്പോൾ കിരണും സൗപർണികയും കൂടി പുറത്തേക്ക് പോകുന്നു.. അതുകണ്ട് അവൾക്കൊരു പകപ്പ് തോന്നി. താനും കിരൺ ഏട്ടനും അല്ലേ പോകേണ്ടത് ഇവർ എന്തിനാ പോകുന്നത് എന്ന രീതിയിൽ അവൾ എല്ലാവരെയും നോക്കിയപ്പോൾ എല്ലാവരും അവരുടെ പോക്ക് കണ്ട് പുഞ്ചിരിയോടെ നിൽക്കുന്നു… നന്ദിനിക്ക് ആകെ സംശയം തോന്നി..
” അതെന്താ…കിരൺ ഏട്ടന്റെ കൂടെ സൗപർണിക ചേച്ചി പോകുന്നത്..” തന്റെ സംശയം കുറച്ച് ഉറക്കെ തന്നെയാണ് നന്ദിനി ചോദിച്ചത്.
നന്ദിനിയുടെ ആ ചോദ്യം കേട്ട് പുറത്തേക്ക് ഇറങ്ങുകയായിരുന്നു കിരണും സൗപർണികയും അവിടെ നിന്നുകൊണ്ട് നന്ദിനിയെ നോക്കുന്നുണ്ട്.. അതുപോലെതന്നെ നന്ദിനി എന്താ ഇങ്ങനെ പറയുന്നത് എന്ന രീതിയിൽ എല്ലാവരും അവളെ നോക്കുകയാണ്..
എല്ലാവരുടെയും നോട്ടം തന്നിലാണെന്ന് അറിഞ്ഞപ്പോൾ നന്ദിനിക്ക് ആകെ അസ്വസ്ഥത തോന്നി..
” എന്താ എല്ലാവരും ഇങ്ങനെ നോക്കുന്നത്.. എന്റെയും കിരണേട്ടന്റെയും പെണ്ണ് കാണൽ അല്ലേ… അപ്പോൾ ഞാൻ അല്ലേ കിരണേട്ടന്റെ കൂടെ പോകേണ്ടത്… ”
നന്ദിനിയുടെ വാക്കുകളിൽ എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടായി പ്രത്യേകിച്ച് കിരണിന്…
” നന്ദിനി.. നീയെന്താ ഒന്നുമറിയാത്തതുപോലെ പറയുന്നത്.. ഇന്ന് കിരണിന്റെയും സൗപർണികയുടെയും പെണ്ണ് കാണാൽ ചടങ്ങാണ്..അത് നിനക്ക് അറിയാഞ്ഞിട്ടല്ലല്ലോ.. ” നന്ദിനിയുടെ അമ്മ അവളെ കുറ്റപ്പെടുത്തുന്നത് പോലെ പറഞ്ഞു..
നന്ദിനി അമ്മ പറഞ്ഞത് വിശ്വസിക്കാൻ പറ്റാതെ അവരെ തന്നെ നോക്കി നിൽക്കുകയാണ്.. ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവളുടെ കരച്ചിൽ കണ്ടപ്പോഴാണ് നന്ദിനിക്ക് എന്തോ തെറ്റിദ്ധാരണ ഉണ്ടെന്ന് മനസ്സിലായത്..
അതോടെ എല്ലാവരും എന്തോ പോലെയായി.. കിരണും ആകെ അസ്വസ്ഥനായി..
” മോളെ… നീ കാര്യം അറിഞ്ഞു എന്നാണ് ഞങ്ങൾ വിചാരിച്ചത്.. ഇത് തറവാട് ആയതുകൊണ്ട് ആണ് സൗപർണികയുടെയും കിരണിന്റെയും പെണ്ണുകാണൽ ഇവിടെ വയ്ക്കാമെന്ന് തീരുമാനിച്ചത്.. ഇവിടെവെച്ച് പെണ്ണുകാണാൽ ചടങ്ങ് നടത്തിയപ്പോൾ മോള് തെറ്റിദ്ധരിച്ചതാണല്ലേ.. ” തന്റെ മകളുടെ അവസ്ഥ കണ്ട് നന്ദിനിയുടെ അച്ഛന് സങ്കടം തോന്നിയെങ്കിലും അയാൾ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു..
നന്ദിനി ആണെങ്കിൽ എല്ലാവരുടെയും സംസാരത്തിൽ ആകെ ഷോക്കാവുകയാണ് കാരണം വളരെ നിസ്സാരമായിട്ടാണ് തന്നെ പൂർണ്ണമായി തഴഞ്ഞുകൊണ്ട് അവർ കിരണിന്റെയും സൗപർണികയുടെയും വിവാഹം നടത്താൻ പോകുന്നത്.
” അപ്പച്ചി എന്തിനാ എന്നെ പറഞ്ഞു പറ്റിച്ചത്.. ” തന്റെ വാക്കുകളെ നിസ്സാര വൽക്കരിച്ചു കൊണ്ടുള്ള ഓരോരുത്തരുടെയും പെരുമാറ്റത്തിൽ സങ്കടം തോന്നി നന്ദിനി വീണ്ടും അപ്പച്ചിയോട് ഉറക്കെ ചോദിച്ചു..
ആ ഒരു ചോദ്യത്തിൽ അപ്പച്ചി ശരിക്കും ഞെട്ടി..
” നന്ദിനി നീ എന്തൊക്കെയാ പറയണേ……നാത്തൂൻ നിന്നോട് എന്തു പറഞ്ഞു എന്നാ…” നന്ദിനിയുടെ ഈ പ്രവർത്തിയിൽ നന്ദിനിയുടെ അമ്മക്ക് നല്ല ദേഷ്യം തോന്നുന്നുണ്ട്.. അവർക്ക് സ്വന്തം മകളെക്കാൾ വലുത് ആങ്ങളയുടെ മകളാണ് എന്നൊരു ഭാവമായിരുന്നു ആ സമയം..
” അമ്മയ്ക്ക് എന്താ എന്നെക്കാളും ഇഷ്ടം സൗപർണികയാണോ… അതുകൊണ്ടാണോ എന്നോട് ഇങ്ങനെയൊക്കെ ചെയ്യുന്നത് .. സൗപർണിക സുന്ദരിയാ അമ്മയെപ്പോലെ തന്നെ അതുകൊണ്ടായിരിക്കും ഭംഗിയില്ലാത്ത എന്നെ ഇഷ്ടമല്ലാത്തത്.. ”
നന്ദിനിയുടെ കരഞ്ഞുകൊണ്ടുള്ള സംസാരത്തിൽ ഇപ്രാവശ്യം അമ്മ ശരിക്കും ഞെട്ടി..
” മോളെ… ” അപ്പച്ചി അവളെ ചേർത്തുപിടിക്കാൻ ശ്രമിച്ചെങ്കിലും അവൾ കൈതട്ടി മാറ്റി..
” അപ്പച്ചിയല്ലേ എപ്പോഴും പറയാറ് കിരൺ ഏട്ടനെ മുറപ്പെണ്ണിനെ കൊണ്ട് കെട്ടിക്കുമെന്ന്.. കിരൺ ഏട്ടന്റെ മുറപ്പെണ്ണ് ഞാനല്ലേ… ബാക്കിയുള്ളവരെല്ലാം വിവാഹം കഴിഞ്ഞവരും പിന്നെയുള്ളവർ കുഞ്ഞുങ്ങളുമാണ്… കല്യാണ പ്രായമായത് ഞാൻ മാത്രമല്ലേ എന്നിട്ട് എന്താ ഇപ്പോൾ എന്നെ മാറ്റിക്കൊണ്ട് സൗപർണികയെ വെക്കുന്നത്… സൗപർണിക സുന്ദരിയായതുകൊണ്ടാണോ.. എന്നേക്കാളും വിദ്യാഭ്യാസം ഉള്ളതുകൊണ്ടാണോ.. ” അതു പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയി…
” മോളെ സൗപർണികയും കിരണിന്റെ മുറപ്പെണ്ണ് അല്ലേ അതുകൊണ്ട് ആണ് മോളുടെ അപ്പച്ചി അങ്ങനെ പറഞ്ഞത്.. ” സൗപർണികയുടെ അമ്മ തന്റെ മകളുടെ കല്യാണം മുടക്കുമോ എന്ന പേടിയിൽ നന്ദിനിയെ പറഞ്ഞ സമാധാനിപ്പിക്കാൻ നോക്കി..
” അതെങ്ങനെയാ അമ്മായി സൗപർണിക കിരണേട്ടന്റെ മുറപ്പെണ്ണ് ആകുന്നത്… കിരൺ ഏട്ടനും നിങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല.. നിങ്ങളുടെ ബന്ധം എന്റെ അമ്മയായിട്ട് മാത്രമാണ് അല്ലാതെ എന്റെ അച്ഛൻ വീട്ടുകാരായിട്ടല്ല… എനിക്ക് മനസ്സിലായി എല്ലാവരും കൂടി എന്നെ പറ്റിച്ചു… എന്നെ പൊട്ടിയാക്കി.. ” ഇത് പറയുമ്പോൾ അവളുടെ കണ്ണിൽനിന്ന് കണ്ണുനീർ നിർത്താതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്..
” നന്ദിനി….മോളെ….. അത്…. ” അവളെ സമാധാനിപ്പിക്കാനായി കിരൺ അവളുടെ അടുത്തേക്ക് വന്നു.
” അപ്പച്ചി… നിങ്ങളുടെ മോനോട് എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല.. ഇനി ഒരുകാലത്തും ഞാൻ ഇയാളോട് സംസാരിക്കില്ല…. ഞാനും ഇയാളും തമ്മിൽ ഇനി ഒരു ബന്ധവുമില്ല.. ”
നന്ദിനിയുടെ സംസാരത്തിൽ ഇത്രയും നേരം കല്യാണം മുടങ്ങും എന്ന് പേടിയോടെ നിന്ന സൗപർണിക വീട്ടുകാർക്കും സമാധാനമായി.. എന്നാൽ ബാക്കിയുള്ളവർക്ക് അതൊരു സങ്കടം തന്നെയാണ്..
” നന്ദിനി…. മോൾക്ക് അപ്പച്ചി കിരണിനേക്കാൾ നല്ലൊരു പയ്യനെ കൊണ്ടുവന്ന് തരും… ”
” എന്റെ കാര്യത്തിൽ ഇനി ആരും ഇടപെടാൻ നിൽക്കണ്ട.. എന്റെ കാര്യം തീരുമാനിക്കാൻ എന്റെ അച്ഛനുണ്ട്… എന്റെ അച്ഛൻ മാത്രം മതി.. എനിക്ക് എന്റെ അച്ഛനെ ഒഴിച്ച് വേറെ ആരെയും വിശ്വാസമില്ല..” നിൽക്കുന്ന തന്റെ അച്ഛനെ നോക്കിക്കൊണ്ട് അവൾ എല്ലാവരോടുമായി പറഞ്ഞു.. പിന്നീട് തന്റെ അച്ഛനെ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു..
” അച്ചേ…. ഞാനായിട്ട് ആരുടെയും കല്യാണം മുടക്കുന്നില്ല… ആർക്കും ഒരു ശല്യത്തിനും വരുന്നില്ല.. പക്ഷേ എന്നെ ആരും ശല്യം ചെയ്യാൻ നിൽക്കരുത്.. ” അതും പറഞ്ഞ് അവൾ വീടിനു പുറകിലേക്ക് ഇറങ്ങി നടന്നു.. അവിടെ പുഴവക്കത്തുള്ള തിട്ടയിൽ കയറിയിരുന്നു.
നന്ദിനിയുടെ അമ്മ അവളുടെ പുറകെ പോകാൻ നീന്നപ്പോൾ…
” നീ നിന്റെ ആങ്ങളയുടെ മകളുടെ കല്യാണം ഉറപ്പിക്ക്…. എന്റെ മകളുടെ കാര്യം നോക്കാൻ എനിക്കറിയാം.. ” തന്റെ ഭാര്യയെ ഇഷ്ടക്കേട് നോക്കിക്കൊണ്ട് അയാൾ നന്ദിനീക്ക് പുറകെ പോയി. എന്നാൽ അയാൾ നന്ദിനിയുടെ അടുത്തേക്ക് ചെന്നില്ല കുറച്ചു മാറി അവളെയും നോക്കിയിരുന്നു.. തന്റെ മകൾക്ക് ഇപ്പോൾ ഒറ്റയ്ക്കിരിക്കുന്നതാണ് ആശ്വാസം എന്ന് അയാൾക്കറിയാം… അതുമാത്രമല്ല ഇപ്പോൾ നടക്കുന്ന സംഭവമായി അവൾ പൊരുത്തപ്പെടേണ്ടതും ഉണ്ട്….
തന്റെ ഭർത്താവിന്റെ പെരുമാറ്റത്തിൽ തരിച്ചു നിൽക്കുകയാണ് നന്ദിനിയുടെ അമ്മ.. തന്റെ മകൾ മാത്രമല്ല ഭർത്താവും തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു.. തനിക്ക് തന്നെ ആങ്ങളയെയും മകളെയും ഒരുപാട് ഇഷ്ടമാണ് പക്ഷേ… ഇവർ ചിന്തിക്കുന്നത് പോലെയല്ല..
” അമ്മയാണ് എല്ലാത്തിനും കാരണം മുറപ്പെണ്ണ് എന്നു പറയുന്നതിനു പകരം സൗപർണിക എന്ന് പറഞ്ഞാൽ പോരായിരുന്നോ അതുകൊണ്ടല്ലേ ഈ തെറ്റിദ്ധാരണ വന്നത്.. ” ഈ കാര്യങ്ങളെല്ലാം കണ്ട് അസ്വസ്ഥതയോടെ തന്നെ അമ്മയോട് പറഞ്ഞു..
” നീ എന്തിനാ എന്നെ കുറ്റം പറയുന്നത് ഞാൻ നന്ദിനി മോളുടെ കാര്യം തന്നെയാണ് അന്ന് വിചാരിച്ചിരുന്നത്.. പിന്നെ നിനക്ക് സൗപർണികയെ ഇഷ്ടമാണെന്ന് പറഞ്ഞതുകൊണ്ട് ഞാൻ പിന്നെ ആ കാര്യം സംസാരിക്കാഞ്ഞത്..”
” എല്ലാവരും സ്വന്തം മക്കളുടെ കാര്യത്തിൽ സ്വാർത്ഥരാണ്… സ്വന്തം മക്കളുടെ സന്തോഷമാണ് എല്ലാവർക്കും വലുത്.. പക്ഷേ നിനക്ക് അങ്ങനെയല്ലട്ടോ…സ്വന്തം മകളുടെ സന്തോഷത്തിനേക്കാൾ വലുത് മറ്റുള്ളവരുടെ കാര്യമാണ്.. ”
തന്റെ പെങ്ങളുടെ സംസാരം കേട്ട് കൊണ്ട് അകത്തേക്ക് വന്ന നന്ദിനിയുടെ അച്ഛൻ അവളുടെ അമ്മയെ വീണ്ടും കുറ്റപ്പെടുത്തി..
” വിവാഹം ഉറപ്പിക്കാൻ വേണ്ടിയാണ് ഇവിടെ വന്നത് ആ വിവാഹം നടക്കട്ടെ.. അത് ഞാനോ എന്റെ മകളും ഒരിക്കലും ഒരു തടസ്സവും പറയില്ല… പെങ്ങളെ നിന്റെ മകന്റെ സന്തോഷത്തിൽ ഞാനും എന്റെ മകളും തടസ്സമാവില്ല.. എന്റെ മകളുടെ വിഷമം അത് മാറ്റാൻ ഞാനുണ്ട്… നിങ്ങൾ എത്രയും പെട്ടെന്ന് ഈ കാര്യങ്ങളൊക്കെ ഒന്ന് തീരുമാനിച്ച് ഇവിടെ നിന്നു ഒന്ന് പോയി തരുമോ..” എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി എന്ന് പറയാതെ പറഞ്ഞുകൊണ്ട് അയാൾ വീണ്ടും പുറത്തേക്ക് പോയി..
ആ ഒരു സംഭവത്തിനുശേഷം നന്ദിനിയിൽ പ്രകടമായ മാറ്റമാണ് ഉണ്ടായത്.. അന്നൊരു ദിവസം അവൾ കുറേ കരഞ്ഞു എന്നല്ലാതെ പിന്നീട് അവൾ ഈ കാര്യം ഓർത്തു കരഞ്ഞില്ല.. അതുപോലെതന്നെ അവൾ അധികം സംസാരിക്കുന്നത് നിർത്തി.. തന്റെ അച്ഛനോടല്ലാതെ വേറെ ആരോടും അവൾ ഒന്നും സംസാരിക്കാറില്ല… അമ്മയോട് അത്യാവശ്യ കാര്യങ്ങൾ പറയുമെന്ന് മാത്രം വേറെ എല്ലാവരെയും അവോയ്ഡ് ചെയ്യുകയാണ് ചെയ്തത്.. അവർ എന്തെങ്കിലും ചോദിച്ചാൽ അത്യാവശ്യമുള്ളതാണെങ്കിൽ ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയും അല്ലാതെ സൗഹൃദപരമായുള്ള സംസാരവും ഇല്ല .
കിരൺ അവളോട് ക്ഷമ പറയാൻ വന്നപ്പോൾ അവനെയൊന്നു നോക്കാനോ അവനോട് ഒന്നു സംസാരിക്കാനോ അവൾ നിന്നില്ല… പൂർണ്ണമായും അവൾ അവനെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി.. അവളോട് സംസാരിക്കാൻ വീട്ടിൽ വന്നാൽ അവൾ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല കോളേജിൽ വച്ച് കാണുകയാണെങ്കിൽ ഇങ്ങനെ ഒരാൾ അവിടെ നിൽക്കുന്നില്ല എന്ന ഭാവത്തിലാണ് അവൾ പോകുന്നത്..
ഇന്നാണ് കിരണിന്റെ കല്യാണം..
അപ്പച്ചി അവൾക്ക് വിവാഹത്തിനുള്ള ഡ്രസ്സ് ഒക്കെ എടുത്തു കൊടുത്തെങ്കിലും അവൾ അത് തൊട്ടുപോലും നോക്കിയില്ല.
നന്ദിനിയുടെ അമ്മയ്ക്ക് ആണെങ്കിൽ അവളോട് വിവാഹത്തിന് വരാൻ പറയാൻ പോലും പേടി തോന്നി… കാരണം ഇപ്പോൾ കുറെ ആയിട്ട് തന്നെ ഭർത്താവും മകളും തന്നെ ഒഴിവാക്കുന്നതുപോലെയാണ്…
താലികെട്ടുന്നതിന് കുറച്ചു മുൻപ് പന്തലിലേക്ക് നോക്കിയപ്പോഴാണ് ഒരു സൈഡിലായി തന്നെ നോക്കിയിരിക്കുന്ന നന്ദിനിയെ കണ്ടത്… തന്നെ തന്നെ നോക്കി ഇരിക്കുകയാണ്. എന്നാൽ മുഖത്ത് സങ്കടമല്ല നിർവികാരത ആണ് കാണുന്നത്…
നന്ദിനിയെ കണ്ടപ്പോൾ അപ്പച്ചി ഓടി അവളുടെ അടുത്തേക്ക് വന്നു.. അന്നത്തെ സംഭവത്തിനുശേഷം ഇന്നാണ് അവളെ ഒന്ന് മര്യാദയ്ക്ക് നേരിട്ട് കാണുന്നത്.
തങ്ങൾ വാങ്ങിക്കൊടുത്താൽ ഡ്രസ്സ് ഇടാതെ പഴയ ഒരു ചുരിദാർ ഇട്ടുവന്ന നന്ദിനിയെ അവർ ശ്രദ്ധിച്ചെങ്കിലും അതൊന്നും അവളോട് ചോദിക്കാൻ പോയില്ല.. അവൾ കല്യാണത്തിന് പങ്കെടുത്തപോൾ തന്നെ അവർക്ക് സമാധാനം തോന്നിയിരുന്നു. കാരണം താൻ അവളോട് തെറ്റ് ചെയ്തു എന്ന കുറ്റബോധം അവർക്ക് ഇപ്പോൾ നന്നായിട്ടുണ്ട്…
” മോളെ സ്റ്റേജിന്റെ അങ്ങോട്ടേക്ക് വാ..”
” അമ്മായി ഇനിയും എന്നോട് ഇങ്ങനെ അഭിനയിച്ചു പെരുമാറേണ്ട ആവശ്യമില്ല.. അമ്മായി…അമ്മായിയുടെ മകന്റെയും മരുമകളുടെയും അടുത്തേക്ക് ചെല്ല്… ” വെട്ടി തുറന്നുള്ള സംസാരത്തിൽ അമ്മായി കണ്ണുനിറച്ചുകൊണ്ട് സ്റ്റേജിലേക്ക് പോയി..
ഇന്നത്തോടെ എല്ലാം മറക്കണം എന്ന് വിചാരത്തോടെ തന്നെയാണ് കിരണിന്റെ കല്യാണം കാണാനായി നന്ദിനി അവിടെ എത്തിയത്.. അതുപോലെ തന്നെ കിരണിന്റെ കല്യാണം മനസ്സിൽ പതിപ്പിച്ച ശേഷം അവർ ഭക്ഷണം പോലും കഴിക്കാതെ അവിടെ നിന്നുപോയി…
രാത്രിയിൽ തന്നെ മുറിയിൽ ഇരിക്കുകയാണ് കിരൺ അവൻ ആകെ അസ്വസ്ഥനാണ്.. അപ്പോഴാണ് പാൽ ഗ്ലാസ് മായി സൗപർണിക വന്നത്.. അവളെ കണ്ട് ഒന്നു പുഞ്ചിരിച്ചു എന്നല്ലാതെ അവളെ മുറിയിൽ കണ്ട എക്സൈറ്റ്മെന്റ് ഒന്നും അവന് ഉണ്ടായിരുന്നില്ല..
പ്രണയ വിവാഹമാണ് കാത്തിരുന്ന ദിവസമാണ് എന്നിട്ടും അവനിലുള്ള ഈ സമീപനം നന്ദിനി കാരണമാണെന്ന് സൗപർണികൾക്ക് മനസ്സിലായി. അതിനാൽ അവൾക്ക് നന്ദിനീയോട് ദേഷ്യം തോന്നി..
സൗപർണിക പാല് ടേബിളിൽ വെച്ചുകൊണ്ട് അവന്റെ അടുത്ത് വന്ന് അവന്റെ ഷോൾഡറിൽ തല വച്ചിരുന്നു.. അവൻ ഒരു കൈയാൽ അവളെ ചേർത്തുപിടിക്കുകയും ചെയ്തു…
” എന്നാലും കിരൺ ഏട്ടാ നന്ദിനിയുടെ ഒരു കാര്യം…ഐറ്റി പ്രൊഫഷണൽ ആയ മോഡേൺ ആയ കിരൺ ഏട്ടന് നന്ദിനി പ്രണയിച്ചു എന്നു പറഞ്ഞപ്പോഴാണ് എനിക്ക് അത്ഭുതം.. അവളെപ്പോലുള്ള പട്ടിക്കാട്ട്കാരിക്ക് കിരണേട്ടനെ പോലുള്ള ആള് ചേരുമോ.. ”
സൗപർണികയുടെ സംസ്ഥാനത്തിൽ കിരൺ ശരിക്കും ഞെട്ടിപ്പോയി. കാരണം ആദ്യമായി അവൾ ഇങ്ങനെ കുശുമ്പ് പോലുള്ള സംസാരമൊക്കെ സംസാരിക്കുന്നത്.
” അന്ന് നീ എന്നെ പ്രൊപ്പോസ് ചെയ്തില്ലായിരുന്നെങ്കിൽ നിന്റെ പ്രണയത്തിൽ ഞാൻ അകപ്പെട്ടില്ലായിരുന്നെങ്കിൽ ഉറപ്പായും നിന്റെ ഈ സ്ഥാനത്ത് നന്ദിനി ആയിരുന്നേനെ… പിന്നെ ഒരു കാര്യം നീ അവളോട് ഒരു തെറ്റും ചെയ്തില്ല എന്നൊരു ഭാവമുണ്ടല്ലോ അത് മാറ്റിക്കോ… എന്റെയും നന്ദിനിയുടെയും വിവാഹക്കാര്യം അമ്മ സംസാരിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടുകൂടി …. നീയാണ് എന്നെ പ്രൊപ്പോസ് ചെയ്തത്…. ഞാൻ നന്ദിനിയെ പ്രണയിച്ചിട്ടില്ലെങ്കിൽ കൂടിയും നിന്നോടുള്ള സ്നേഹം പറയുന്നതിനു മുൻപേ നന്ദിനിയോട് ആ കാര്യം തുറന്നു പറയണമായിരുന്നു… അതാണ് ഞാൻ ചെയ്ത തെറ്റ്.. അതുകൊണ്ട് അവളുടെ കണ്ണീരിന് എന്നെങ്കിലും നമ്മൾ മറുപടി കൊടുക്കേണ്ടിവരും… ”
അവന്റെ വാക്കുകൾ കേട്ടപ്പോൾ സൗപർണിക മുഖം വീർപ്പിക്കുകയാണ് ചെയ്തത്…
ദിവസങ്ങൾ കടന്നുപോയി നന്ദിനി അവളുടെ പഠിത്തവുമായി മുന്നോട്ടു പോയി.. കിരണിനെയും വീട്ടുകാരെയും പൂർണ്ണമായും അവർ അവോയ്ഡ് ചെയ്തു… ഒരിക്കൽ അപ്പച്ചി അവൾക്ക് വലിയൊരു കുടുംബത്തിൽ നിന്ന് ആലോചന കൊണ്ടുവന്നു.. അവളോട് ചെയ്ത തെറ്റ് തിരുത്താനുള്ള അവസരമായി.. പക്ഷേ അവൾ ആ ആലോചന നിരസിക്കുകയാണ് ചെയ്തത്… പഠിച്ച ഒരു ജോലി വാങ്ങിയതിനു ശേഷമേ ഇനി കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്ന് അവളുടെ അച്ഛനോട് പറഞ്ഞു..
10 വർഷങ്ങൾക്കു ശേഷം
” ഇവളെന്താടാ ഇങ്ങനെ മുഖം കയറ്റി വച്ചിരിക്കുന്നത്.. നിങ്ങൾ നൂലുകെട്ടിന് വരുന്നില്ലേ.. ”
കിരണിന്റെ അമ്മ ദേഷ്യത്തോടെ കിരണിനോട് ചോദിച്ചു..
” അമ്മേ അവൾ വരുന്നില്ല എന്ന്… ” സൗപർണികയെ നോക്കി ഇഷ്ടപ്പെടാത്ത രീതിയിൽ പറഞ്ഞു…
” ഞാൻ വരുന്നില്ല അമ്മ എല്ലാവരും എന്നെ മച്ചി എന്ന് വിളിക്കും ..’ സൗപർണിക സങ്കടത്തോടെ പറഞ്ഞു..
” ആണോ… എന്നാൽ നന്നായൊള്ളൂ.. വിവാഹം കഴിഞ്ഞ ഉടനെ ഒരു കുഞ്ഞിനെ ദൈവം തന്നപ്പോൾ സൗന്ദര്യം പോകും എന്ന് പറഞ്ഞ് അതിനെ വയറ്റിൽ വെച്ച് കൊന്നു അതിന് എന്റെ പുന്നാര മോനും സപ്പോർട്ട് ചെയ്തു.. എന്നിട്ട് ഇപ്പോൾ എന്തായി ഒരു കുഞ്ഞിന് വേണ്ടി ഇപ്പോൾ ലോകം മുഴുവൻ ചികിത്സയും പ്രാർത്ഥനയുമായി നടക്കുന്നു.. ഞാനും നീയും നിന്റെ ഭാര്യയും ചെയ്ത പ്രവർത്തിയുടെ ഫലമാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്… ആ ഒരു പാവം പെൺകുഞ്ഞിന്റെ കണ്ണീരിന്റെ ഫലം.. അത് അനുഭവിക്കാതെ തീരില്ല… മര്യാദക്ക് നിന്റെ ഭാര്യയുമായി നന്ദിനിയുടെ കുഞ്ഞിന്റെ നൂലുകെട്ടലിന് വന്നോ…” അമ്മയുടെ ദേഷ്യം കണ്ട് അവൾ നൂലുകെട്ടിനു പോകാമെന്ന് തീരുമാനിച്ചു.
പത്തുവർഷംകൊണ്ട് കുറെ മാറ്റം സംഭവിച്ചു.. നന്ദിനി പിജിയും ബി എഡും കഴിഞ്ഞ് കഷ്ടപ്പെട്ട് പിഎസ്സി പഠിച്ച പ്ലസ് ടു അധ്യാപികയായി.
അവൾക്ക് പഠിച്ച കോളേജിലെ അധ്യാപകൻ അവളെ കണ്ട് ഇഷ്ടപ്പെട്ട വിവാഹാലോചനയുമായി വന്നു… ആ ആലോചന എന്തുകൊണ്ടും അവൾക്ക് യോജിച്ചതിനാൽ ആ വിവാഹം നടത്തി.. അവൾക്ക് മൂന്നര വയസ്സായ മകനും 28 ദിവസം പ്രായമുള്ള മകളും ഉണ്ട്.
നന്ദിനിയും ഭർത്താവും മക്കളും വളരെയധികം സന്തോഷത്തോടെ ജീവിക്കുകയാണ്..
കിരണും സൗപർണികയും വരുമ്പോൾ നൂലുകെട്ട് ചടങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്..
നന്ദിനിയുടെ മടിയിൽ മൂത്ത കുഞ്ഞ് ഇരിക്കുന്നുണ്ട് ഭർത്താവിന്റെ മടിയിൽ ഇളയ കുഞ്ഞിനെ നൂലുകെട്ടിനായി ഇരുത്തിയിരിക്കുകയാണ്….
നന്ദിനിയുടെയും ഭർത്താവിന്റെയും സന്തോഷം അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം.. കിരൺ വളരെയധികം സന്തോഷത്തോടെ ആ കുടുംബത്തെ നോക്കി നിന്നു.. സൗപർണികക്ക് ആണെങ്കിൽ അത് കണ്ട് നിരാശ തോന്നുന്നുണ്ട് തനിക്ക് ഇതുപോലൊരു സന്തോഷമുള്ള കുടുംബം ഇല്ലല്ലോ…
അവനവൻ ചെയ്ത പ്രവർത്തിയുടെ ഫലം അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നു . സ്വന്തം സന്തോഷത്തിനും വേണ്ടി മറ്റുള്ളവരെ വിഷമിപ്പിക്കുമ്പോൾ…. ദൈവം അതിന് തിരിച്ചടി തരും എന്ന് അവർ ഓർത്തിരുന്നില്ല..
നൂലുകെട്ട് ചടങ്ങ് എല്ലാം ഭംഗിയായി കഴിഞ്ഞു..
” നന്ദൂസേ..തനിക്ക് കിരണിനോട് ഒന്ന് സംസാരിക്കാമായിരുന്നു.. ” നന്ദിനിയുടെ ഭർത്താവ് അവളുടെ ചെവിയിൽ പതിയെ പറഞ്ഞു.
” അയാൾ എന്റെ ക്ഷമ അർഹിക്കുന്നില്ല..” അത്രമാത്രം പറഞ്ഞുകൊണ്ട് ഭർത്താവിനെ ഒരു പിച്ചും കൊടുത്തു അവൾ ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ ചാരി..
അയാൾ അവളെ പുഞ്ചിരിയോടെ ചേർത്തുപിടിച്ചു.
നന്ദിനിക്ക് ജീവിതത്തിൽ യഥാർത്ഥ പ്രണയം ലഭിച്ചു..
മച്ചി എന്ന വിളി കേട്ട് മനസ്സുമടുത്ത് വളരെയധികം വിഷമത്തോടെ ഒരു കസേരയിൽ ഇരിക്കുകയാണ് സൗപർണിക .. അതിനടുത്തായി കിരണമുണ്ട്.. നന്ദിനിയുടെ കുഞ്ഞിനെ എടുക്കാൻ പോയപ്പോൾ മച്ചിയാണ് കുഞ്ഞിനെ തൊട്ടാൽ കണ്ണേറ് കിട്ടുമെന്ന് ആരോ പറഞ്ഞതിന്റെ സങ്കടത്തിൽ ഇരിക്കുകയാണ്.
താൻ തന്റെ കുഞ്ഞിനെ അന്ന് വേണ്ടെന്നു വെച്ചില്ലെങ്കിൽ ഒരിക്കലും തനിക്ക് ഈ ഒരു അവസ്ഥ വരില്ലായിരുന്നു എന്ന് സൗപർണികക്കറിയാം.. കിരണിനും അവളെ മുഴുവനായി കുറ്റം പറയാൻ പറ്റില്ല അവളുടെ വാക്കുകൾ കേട്ട് അവനും ആ പാതകം ചെയ്യാൻ കൂട്ടുനിന്നു…
അവർ രണ്ടുപേരും വിഷമിച്ചിരിക്കുന്ന സമയത്താണ് പെട്ടെന്ന് സൗപർണിയുടെ മുന്നിലേക്ക് നന്ദിനിയുടെ കുഞ്ഞിനെ ആരോ നീട്ടിയത്.. അവൾ കണ്ണുനിറച്ച് കുഞ്ഞിനെ വാങ്ങി ആരാണ് തന്നത് എന്ന് നോക്കിയപ്പോൾ നന്ദിനി ആയിരുന്നു..
അവൾ സൗപർണികയും നോക്കി പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു നടക്കാൻ നേരം..
” നന്ദിനി എന്നോട് ക്ഷമിക്കണം… ”
” എന്തിനാ ക്ഷമ ചോദിക്കുന്നത് എനിക്ക് നിങ്ങളോട് യാതൊരു ദേഷ്യവും ഇല്ല.. അന്ന് നിങ്ങൾ ചെയ്ത പ്രവർത്തികളുടെ ഫലം കാരണം എനിക്കിപ്പോൾ നല്ലൊരു ജീവിതമുണ്ട്.. അതിൽ ഞാൻ 100% സന്തോഷവതിയാണ്.. ” അതും പറഞ്ഞ് കിരണിനെ നോക്കുകകൂടി ചെയ്യാതെ അങ്ങനെ തന്റെ ഭർത്താവിനെയും നേരെ സന്തോഷത്തോടെ നടന്നു..
അവസാനിച്ചു
സുബിഷ

by