കല്യാണം ഉറപ്പിച്ചതില്‍ പിന്നെ മനസ്സില്‍ വേദനയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി..
പിറന്ന വീടുംനാടും വിട്ട് അറിയാത്ത ഏതോ ദിക്കിലേയ്ക്ക് താന്‍ യാത്രയാവുകയാണ്.
വിരഹത്തിന്‍റെ നൊമ്പരക്കടലിലേയ്ക്ക് എടുത്തെറിയപ്പെടുകയാണ് മനസ്സ് പലപ്പോഴും.
അമ്മ..അച്ഛന്‍..അനിയന്‍..
എങ്ങനെ അവരെ പിരിഞ്ഞിരിക്കും?
അമ്മയുടെ സ്നേഹം ഇപ്പോള്‍ മുമ്പത്തേതിലും കൂടിയിട്ടുണ്ട്. ‘അനൂ..’ എന്ന വിളിയില്‍പോലും നേര്‍ത്ത വേദനയും വിഷാദവും തങ്ങിനില്‍ക്കുന്നു.
അടുക്കളയില്‍ ഭക്ഷണം തയ്യാറായാല്‍ അമ്മതന്നെ ടേബിളില്‍ കൊണ്ടുവെയ്ക്കും. എന്നിട്ട് റൂമില്‍ വന്ന് മൊബൈലില്‍ മുഖംപൂഴ്ത്തിയിരിക്കുന്ന തന്നെ വാതില്‍ക്കല്‍ ഒന്നുരണ്ടു മിനിറ്റ് മൗനമായി നോക്കിനില്‍ക്കും. പിന്നെ ആര്‍ദ്രമായി വിളിക്കും,
”അനുക്കുട്ടി..വാ ചോറുണ്ണാം..”
മുമ്പൊന്നും അങ്ങനെയല്ലായിരുന്നു.
അടുക്കളയില്‍ നേരാംവണ്ണം സഹായിക്കാത്തതിന്, അച്ഛന്‍റെയും അനിയന്‍റെയും ഡ്രസ്സ് അലക്കാത്തതിന്, സറ്റൗവില്‍ വെച്ച പാല്‍ തിളച്ചുതൂവിയതിന്..
എല്ലാം അമ്മ ഒത്തിരി ദേഷ്യപ്പെടാറുണ്ടായിരുന്നു.
ഇന്ന് അമ്മ ഒന്നും കല്‍പ്പിക്കാറില്ല. പറയാറില്ല. തന്നെ അടുത്ത് കാണുമ്പോഴേയ്ക്കും അമ്മയുടെ മുഖം വേദനയാല്‍ നിറയും..പുഞ്ചിരിമായും..
തന്‍റെ സ്വന്തമെന്നു കരുതിയ കളിപ്പാട്ടം എന്നെന്നേയ്ക്കുമായി നഷ്‌ടപ്പെടുന്നവന്‍റെ മുഖമാണ് അനിയന്‍റേത്. അവനോട് തല്ലുകൂടാത്ത ദിവസങ്ങളില്ലായിയുന്നു.
അച്ഛന്‍ വരുമ്പോള്‍ കൊണ്ടുവരുന്ന ചോക്ളേറ്റിനും ഐസ്ക്രീമിനും വേണ്ടി അവനോട് അടികൂടുന്നതും തട്ടിപ്പറിക്കുന്നതും..
മണ്ടക്ക് കിഴുക്കുന്നതും മാന്തുന്നതും..
ഇന്ന്,
അവനും പാടെ മാറി.
അവന്‍റെ നോട്ടത്തില്‍ പോലും ഒരു കരച്ചില്‍ പെയ്യാന്‍ വെമ്പുന്നു. അച്ഛന്‍ കൊണ്ടുവന്ന മിഠായിയും മറ്റും അവന്‍ തൊട്ടു നോക്കാറേയില്ല! എല്ലാം നിശ്ശബ്ദമായി അവന്‍ എനിക്കു വിട്ടുതരുന്നു.. തല്ലുകൂടി നേടിയെടുക്കാത്ത ആ മധുരങ്ങള്‍ യുദ്ധമില്ലാതെ കൈവന്ന രാജ്യം പോലെ ഇത്തിരിപോലും വിജയത്തിന്‍റെ സന്തോഷമോ സംതൃപ്തിയോ തരാതാവുന്നു..
അന്തിയില്‍ വീടണഞ്ഞ് കുപ്പായം ഹാങ്കറില്‍ തൂക്കി തിരിയുമ്പോള്‍ ‘മോളേ..” എന്നാണിപ്പോ അച്ഛന്‍ ആദ്യം വിളിക്കാറ്. തോളില്‍ കൈയിട്ട് ഉമ്മറത്തെ അച്ഛന്‍റെ ചാരുകസേര വരെ കൊണ്ടുപോവും..
മുറ്റത്തെ പൊഴിഞ്ഞുവീണ മാവിലകളില്‍ നിലാവ് കളമെഴുതുന്നതു നോക്കി ഞങ്ങള്‍ നിശ്ശബ്ദമിരിക്കും..ചിലപ്പോ അച്ഛന്‍ എന്‍റെ കുട്ടിക്കാലത്തെ രസങ്ങള്‍ പറയും.
അച്ഛന് കര്‍ണ്ണാടകയിലേയ്ക്ക് ട്രാന്‍സഫറായപ്പോ ഞാന്‍ പൊട്ടിക്കരഞ്ഞതും ‘അച്ഛന്‍ പോണ്ടാ..’ എന്നും പറഞ്ഞ് വാവിട്ട് നിവിളിച്ചതും ഒരുദിവസം പച്ചവെളളം പോലും കുടിക്കാതെ കഴിഞ്ഞതും മറ്റും പറഞ്ഞ് അച്ഛന്‍ ചിരിക്കും. കൂടെ ഞാനും…ഇടയ്ക്ക് എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകും..അച്ഛന്‍ കാണാതിരിക്കാന്‍ മുറ്റത്തെ നിലാവെട്ടത്തേയ്ക്ക് ഞാന്‍ മുഖംതിരിക്കും..
ഈയടുത്ത് കുളിച്ചുകഴിഞ്ഞ് തലയില്‍ രാസ്നാദിപ്പൊടി തേച്ചുതരുമ്പോള്‍ അമ്മ ഏങ്ങലടിച്ചു. എനിക്ക് സഹിക്കാനായില്ല. അമ്മയെ കെട്ടിപ്പിടിച്ച് ഞാനും ഒത്തിരി കരഞ്ഞു. കരച്ചിലിനിടയില്‍ എപ്പോഴോ ഞാന്‍ ഗദ്ഗദത്തോടെ ചോദിച്ചുപോയി,
”എന്തിനാമ്മേ എന്നെ കല്യാണം കഴിപ്പിച്ചുവിടുന്നേ..ഞാനിവിടത്തന്നെ കഴിഞ്ഞോളാം. അമ്മയുടയും അച്ഛന്‍റെയും മോളായിട്ട്..”
അമ്മയുടെ ഏങ്ങലിന്‍റെ ശക്തി കൂടുകമാത്രം ചെയ്തു.
എന്‍റെ കിങ്ങിണിപ്പൂച്ച..പാല്‍നിറമുളള നിമ്മിപ്പയ്ക്കിടാവ്..മുറ്റത്തെ മുല്ലവളളികള്‍..അരളിമരം..ചാമ്പക്ക….
അയലത്തെ കളിക്കൂട്ടുകാര്‍..മിനി, പാറു, യദൂട്ടന്‍, തടിയന്‍ കണ്ണന്‍…….
എന്‍റെ വീട്..
ചെമ്പകമണമുളള ജനാലപ്പഴുതുകള്‍..അഴികള്‍ക്കപ്പുറം
ഹരിതാഭയണിഞ്ഞ തെക്കേപ്പാടം..കിഴക്കന്‍ കാറ്റ്..കൊന്നപ്പൂക്കള്‍..അന്തിയൂര്‍ക്കുന്ന് ഉത്സവം..പുള്ളുവന്‍പാട്ട്..
നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിന് ഏടുകള്‍ മതിയാവില്ലല്ലോ..!
click- Different point

by