16/07/2026

ഊർമ്മിളയുടെ വിവാഹം നിശ്ചയിച്ചൂട്ടോ ?

ഊർമ്മിളയുടെ വിവാഹം നിശ്ചയിച്ചൂട്ടോ ?

ഊണ് വിളമ്പുന്നതിനിടയിൽ ഭാര്യ ലക്ഷ്മി പറഞ്ഞത് കേട്ട് ദേവദത്തൻ നമ്പൂതിരി, അമ്പരന്ന് പോയി.

ആര് നിശ്ചയിച്ചൂന്ന് ?
നീയെന്താ ലക്ഷ്മി പറയുന്നത്?

പകപ്പ് മാറാതെ അയാൾ ചോദിച്ചു

വല്യേട്ടൻ ,,,,
അല്ലാണ്ടാരാ ?
ഏട്ടത്തിയുടെ ആങ്ങളയുടെ മോൻ രാഹുലാണ് ചെക്കൻ, പേടിക്കണ്ട, രണ്ട് പേരുടെയും ജാതകങ്ങൾ തമ്മിൽ നല്ല പൊരുത്തമാണ് , മിക്കവാറും രണ്ട്മാസത്തിനുള്ളിൽ തന്നെ കല്യാണം ഉണ്ടാവുമെന്നാണ് ഏട്ടൻ സൂചിപ്പിച്ചത്

ലാഘവത്തോടെയത് പറഞ്ഞിട്ട് ലക്ഷ്മി ചോറിന് മുകളിൽ സാമ്പാറൊഴിച്ചു.

എന്താ ലക്ഷ്മീ നീയി പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല ഊർമ്മിളയുടെ അച്ഛൻ ഞാൻ തന്നെയല്ലേ?

ആകാംക്ഷയോടെ അയാൾ ഭാര്യയുടെ മുഖത്തേയ്ക്ക് നോക്കി.

ദേ എന്നെക്കൊണ്ടൊന്നും പറയിക്കരുത്?
ഈ തറവാട്ടിലെ പെണ്ണുങ്ങളൊന്നും അഴിഞ്ഞാട്ടക്കാരല്ല നിങ്ങടെ പെങ്ങളൊരുത്തി കണ്ട ദളിതൻ്റെ കൂടെ ഇറങ്ങിപ്പോയതിന് ഞാനെന്തോ പറയാനാ?

ലക്ഷ്മീ നിർത്ത്, പറഞ്ഞ് പറഞ്ഞ് നീയെൻ്റെ വീട്ടുകാരുടെ മെക്കിട്ട് കേറണ്ടാ ,അവള് പോയെങ്കിലെന്താ? നല്ല അന്തസ്സായിട്ട് അവനവളെ നോക്കുന്നുണ്ട് , മാത്രമല്ല അവൻ തന്നെയാണ് അവരുടെ കുടുംബത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്, അല്ലാതെ ഇവിടുത്തെ പോലെയല്ല , ഊർമ്മിള എൻ്റെ മകളാണെങ്കിൽ അവൾക്കൊരു വിവാഹാലോചന വരുമ്പോൾ ഞാനറിയണ്ടേ?

അസഹിഷ്ണുതയോടെ അയാൾ ചോദിച്ചു

അല്ല നമ്പൂരി, എന്താ രാവിലെയൊരു ഒച്ചപ്പാടും ബഹളവുമൊക്കെ ?

ആ തറവാട്ടിലെ കാർന്നോരായ ചന്ദ്രമംഗലത്ത് ഗംഗാധരമേനോൻ പെട്ടെന്ന് അങ്ങോട്ട് കടന്നുവന്നു

അല്ലേട്ടാ, ,, ഊർമ്മിളയുടെ കാര്യം അദ്ദേഹത്തെ മുൻകൂട്ടി അറിയിച്ചില്ലെന്നൊരു പരിഭവം, അത്രേയുള്ളൂ, അല്ലാണ്ട് വേറൊന്നുമില്ല

ലക്ഷ്മി വിനയത്തോടെ മറുപടി പറഞ്ഞു

വെറുമൊരു പരിഭവമായിട്ടതിനെ കുറച്ച് കാണണ്ട ലക്ഷ്മി, എൻ്റെ മകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യമാണ് അവളുടെ വിവാഹം, അവൾക്ക് ചേരുന്ന ഇണയെ കണ്ടെത്തേണ്ടത് ,ഒരു അച്ഛനെന്ന നിലയിൽ എൻ്റെ അവകാശമല്ലേ?

ദേവദത്തൻ നമ്പൂതിരി, ക്ഷോഭത്തോടെയാണത് ചോദിച്ചത്.

ദേവൻ പറഞ്ഞത് കാര്യമാണ്, പക്ഷേ അച്ഛനെന്ന നിലയിലുള്ള എല്ലാ കടമകളും താൻ നിർവ്വഹിച്ചിട്ടുണ്ടോ എന്ന് ഒന്നാലോചിച്ച് നോക്കുന്നത് നല്ലതാണ്
അപ്പനപ്പൂപ്പൻമാർ വിറ്റ് തുലച്ച് അവസാനം ഇടിഞ്ഞ് വീഴാറായ തറവാട് മാത്രമായിരുന്നു തൻ്റെ തന്ത കേശവൻ നമ്പൂതിരിക്ക് ഇരുപത്തിയഞ്ച് കൊല്ലങ്ങൾക്ക് മുമ്പ് ആകെ ഉണ്ടായിരുന്നത് , തൻ്റെ മൂന്ന് സഹോദരിമാരെ കെട്ട് പ്രായം കഴിഞ്ഞിട്ടും വേളികഴിച്ച് വിടാൻ പാവം നമ്പൂതിരിക്ക് നിവൃത്തിയില്ലായിരുന്നു,

അത് മുൻകൂട്ടി അറിഞ്ഞത് കൊണ്ടാണ്, തൻ്റെ രണ്ടാമത്തെ സഹോദരി ഉണ്ണിമായ അവൾക്കിഷ്ടപ്പെട്ട ഒരുത്തൻ്റെ കൂടെ ഇറങ്ങിപ്പോയത്, അതിൽ മനം നൊന്ത് നമ്പൂതിരി ആത്മഹത്യ ചെയ്തു പക്ഷേ മരിക്കാൻ ഭയമായിട്ടും ,തൻ്റെ മക്കളുടെ ജീവനെടുക്കാൻ കഴിയാതെയും നിസ്സഹായായി പോയ, ഒരു പാവം അന്തർജ്ജനമുണ്ടായിരുന്നു,
തൻ്റെ അമ്മ യാമിനി തമ്പുരാട്ടി , സമ്പന്നരായ സ്വന്തക്കാരും , സമുദായത്തിൽ പെട്ടവരും തിരിഞ്ഞ് നോക്കാതെ വന്നപ്പോൾ, അവര് സഹായം ചോദിച്ച് വന്നത്, ഈ മേനോൻ്റെ മുന്നിലായിരുന്നു ,

അവരുടെ ഒരേ ഒരു മകനായ ദേവദത്തൻനമ്പൂതിരിക്ക്
എൻ്റെ കമ്പനിയിൽ ഒരു
ജോലി കൊടുക്കണമെന്നും, മറ്റ് വരുമാനമൊന്നുമില്ലാത്തത് കൊണ്ട് , ഇല്ലത്ത് അരപട്ടിണിയാണെന്നും , ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോയാൽ, ഇല്ലത്തെ അവശേഷിക്കുന്ന മൂന്നാല് ജീവിതങ്ങൾ, പട്ടിണി കിടന്ന് മരിക്കേണ്ടി വരുമെന്നും പറഞ്ഞ്, എൻ്റെ മുന്നിൽ നിന്നവർ പൊട്ടി കരഞ്ഞപ്പോൾ, എൻ്റെ മനസ്സലിഞ്ഞ് പോയി , അന്ന് ഞാൻ തൻ്റെ അമ്മതമ്പുരാട്ടിയോടൊരു കാര്യം
അങ്ങോട്ട് പറഞ്ഞു ,

പ്രീ ഡിഗ്രിക്കാരനായ നിങ്ങടെ മകന് പറ്റിയ ജോലി ഒഴിവുകളൊന്നും ,തല്ക്കാലം കമ്പനിയിൽ ഇല്ലെന്നും ,
ജാതി ഒരു പ്രശ്നമല്ലെന്നുണ്ടെങ്കിൽ,
നിങ്ങടെ മകനെക്കൊണ്ട് ,എൻ്റെ സഹോദരിയെ വിവാഹം കഴിപ്പിക്കുകയാണെങ്കിൽ, മുടങ്ങാതെ എല്ലാമാസവും ,ഇല്ലത്തേയ്ക്കാവശ്യമായ നെല്ലും തേങ്ങയും പച്ചക്കറികളുമൊക്കെ, ഞാൻ കൃത്യമായി എത്തിച്ച് തരാമെന്ന്,

അതിന് പെട്ടെന്നൊരു മറുപടി പറയാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും ,പിറ്റേന്ന് നിൻ്റെ ജാതകവുമായി അവര് വീണ്ടും വന്നു, പൊരുത്തം നോക്കിയിട്ട് നിൻ്റെയും ലക്ഷ്മിയുടെയും വിവാഹം തീരുമാനിച്ചോളാൻ അവരന്ന് പറഞ്ഞു,

അത്രയും പറഞ്ഞ് ടേബിളിലിരുന്ന ജെഗ്ഗിലെ വെള്ളമെടുത്ത് ഗംഗാധരമേനോൻ വായിലേയ്ക്ക് കമഴ്ത്തി.

അതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങളല്ലേ ? എന്നെ ഇവിടുത്തെ അടിമയാക്കിയിട്ടല്ലേ ,നിങ്ങളിത് വരെ എൻ്റെ ഇല്ലത്തേയ്ക്ക് വേണ്ട പലവ്യഞ്ജനങ്ങൾ കൊടുത്ത് വിട്ടത് ?, അന്നേ നിങ്ങളൊരു സ്വാർത്ഥനാണെന്നെനിക്കറിയാം, അതിബുദ്ധിമാനാണ് നിങ്ങൾ , ഞങ്ങടെ വേളി കഴിഞ്ഞതോടെ, ഇവിടുത്തെ കാര്യസ്ഥനെ നിങ്ങൾ പറഞ്ഞ് വിട്ടു, എന്നിട്ട് അയാളുടെ ജോലി മുഴുവൻ എൻ്റെ തലയിൽ കെട്ടിവച്ചു , ഒരു വെടിയ്ക്ക് രണ്ട് പക്ഷി ,കാര്യസ്ഥന് കൊടുത്തോണ്ടിരുന്ന ശമ്പളവും ലാഭം കിട്ടി , ഇടയ്ക്കിടെ ചുഴലി വരുന്ന പെങ്ങൾക്ക്, ചുളുവിന് ഒരു നമ്പൂതിരിച്ചെക്കനെയും കിട്ടി , ഞാൻ വന്നില്ലായിരുന്നെങ്കിൽ, നിത്യരോഗിയായ നിങ്ങടെയീ പെങ്ങള് , മൂക്കിൽ പല്ല് മുളച്ച്
ഈ തറവാട്ടിലിരുന്ന് ജീർണ്ണിച്ച് പോകുമായിരുന്നെന്ന്, മുൻകൂട്ടി നിങ്ങൾക്കറിയാമായിരുന്നു അല്ലേ?,

ദേവദത്തൻനമ്പൂതിരിയുടെ
ചെകിടടിച്ചൊരു അടിയായിരുന്നു
മറുപടിയായി ഗംഗാധരമേനോൻ ആദ്യം കൊടുത്തത്.

സുഖമില്ലാത്ത എൻ്റെ പെങ്ങളെ കുറിച്ച് വേണ്ടാധീനം പറഞ്ഞാലുണ്ടല്ലോ? വെച്ചേക്കില്ല ഞാൻ, എൻ്റെ നെഞ്ചിലിട്ടാണ് ഞാനെൻ്റെ പെങ്ങൾമാരെ വളർത്തിയത്, അവളുടെ മൂത്ത രണ്ട് പേരെയും വിവാഹം കഴിച്ചയച്ചിട്ടും ,ഇവളെ മാത്രം ഞാൻ എൻ്റെ കൺവെട്ടത്ത് നിന്ന് മാറ്റാതെ നിർത്തിയിരിക്കുന്നത് ,അവൾക്ക് അങ്ങനൊരു അസുഖം ഉള്ളത് കൊണ്ട് തന്നെയാണ്, , അതൊരു മാറാവ്യാധിയാണെന്നോ ,ഗുരുതര രോഗമാണെന്നോ ഒരു ഡോക്ടറും പറഞ്ഞിട്ടുമില്ല ,പിന്നെ നീ പറഞ്ഞല്ലോ? നീ വന്നില്ലായിരുന്നെങ്കിൽ, എൻ്റെ പെങ്ങള് ഈ തറവാട്ടിലിരുന്ന്, തുരുമ്പെടുത്ത് പോകുമെന്ന്? നീ മുല്ലശ്ശേരി തറവാടിനെ കുറിച്ചും ,മാമംഗലത്ത് കാരെ കുറിച്ചുമൊക്കെ കേട്ടിട്ടുണ്ടാവുമല്ലോ? അവിടുത്തെ ഡോക്ടറും എൻജിനീയറുമൊക്കെയായ ,നല്ല ചുള്ളൻ ആമ്പിള്ളേരുടെ ആലോചനകൾ വന്ന് നില്ക്കുന്ന സമയത്താണ്, നിൻ്റെ അമ്മ അന്തർജ്ജനം ,സഹായം ചോദിച്ച് വരുന്നത്, അന്ന് ഡോക്ടറെയും എൻജിനിയറെയും ഒഴിവാക്കി ,വെറും പ്രീഡിഗ്രിക്കാരനും അരപ്പട്ടിണിക്കാരനുമായ നിന്നെ തിരഞ്ഞെടുത്തത്, നിൻ്റെ ജാതി മഹിമ കണ്ടിട്ടല്ല , സുഖമില്ലാത്ത എൻ്റെ കുട്ടി, എന്നും എൻ്റെ ഒപ്പമുണ്ടാവണമെന്ന എൻ്റെ സ്വാർത്ഥത കൊണ്ട് തന്നെയാണ് ,അതിന് ഞാൻ പകരം കൊടുത്തത് ,മാസാമാസം നാളികേരവും നെല്ലും പല വ്യഞ്ജനങ്ങളും മാത്രല്ല , ബാക്കിയുള്ള നിൻ്റെ രണ്ട് സഹോദരിമാരെ, നല്ല നിലയിൽ വിവാഹം കഴിച്ചയപ്പച്ചതാരാണെന്ന് നിനക്കറിയാമല്ലോ ? പിന്നെ നീ നേരത്തെ ലക്ഷ്മിയോട് പറഞ്ഞില്ലേ ?നിൻ്റെ സഹോദരിയെ വിളിച്ചിറക്കി കൊണ്ട് പോയ ദളിതനായ മച്ചൂനൻ ,അവളെ പൊന്ന്പോലെ നോക്കുന്നുണ്ടെന്ന്, അത് സത്യം തന്നെയാണ്, പക്ഷേ , ജാതിവെറി മൂത്ത നിൻ്റെ സമുദായക്കാരന്ന് ,ഒരു നികൃഷ്ടജീവിയെപ്പോലെ അയാളെ ക്രൂരമായി മർദ്ദിച്ചവശനാക്കി പാടത്തേയ്ക്കെറിഞ്ഞപ്പോൾ, അയാളെ എടുത്ത് കൊണ്ട് പോയി, ചികിത്സിച്ച് പഴയ രൂപത്തിലാക്കി ,നല്ലൊരു ജോലിയും വാങ്ങി കൊടുക്കാൻ, ഈ ചന്ദ്രമംഗലത്ത് ഗംഗാധരമേനോൻ തന്നെ വേണ്ടി വന്നു , അത് കൊണ്ട് മാത്രമാണ്, നിൻ്റെ സഹോദരിയ്ക്ക് യാതൊരു കുറവും വരാതെ, മച്ചൂനൻ , പൊന്ന് പോലെ നോക്കുന്നത് , ഇതൊന്നും പറയാൻ ഞാൻ ഉദ്ദേശിച്ചതല്ല ,പക്ഷെ ഇപ്പോഴെങ്കിലും താനിതറിഞ്ഞില്ലെങ്കിൽ, എൻ്റെ പെങ്ങളുടെ ജീവിതം തൻ്റെ ഔദാര്യം മാത്രമാണെന്ന് തനിക്കൊരു തോന്നലുണ്ടാകും , പിന്നെ മരുമക്കത്തായ സമ്പ്രദായമാണ് പണ്ട് മുതലേ ഈ തറവാട്ടിലുള്ളത് ,അത് കൊണ്ട് തന്നെ ഊർമ്മിളയുടെ കല്യാണക്കാര്യത്തിൽ അച്ഛനെക്കാൾ അവകാശം, അമ്മാവനായ എനിയ്ക്ക് തന്നെയാണ് , എൻ്റെ സ്വത്തിൻ്റെ പാതി അവകാശമാണ് ,ഞാനവൾക്ക് വിവാഹ സമ്മാനമായി കൊടുക്കുന്നത്, കോടികൾ ആസ്തിയുള അത്രയും സ്വത്ത് തൻ്റെ ഇല്ലത്തുണ്ടെങ്കിൽ ,താൻ ഊർമ്മിളയുടെ വിവാഹം നടത്തിക്കോളു , ,

അത്രയും പറഞ്ഞ് ഗംഗാധരമേനോൻ ഇറങ്ങിപ്പോയപ്പോൾ നിസ്സഹായനായ ദേവദത്തൻ നമ്പൂതിരി അമർഷംകടിച്ചമർത്തി എഴുന്നേറ്റ് പോയി കൈകഴുകി .

NB:- ഇവിടെ ആരാണ് തെറ്റുകാരൻ? ആരുടെ ഭാഗത്താണ് ന്യായം? , ഉത്തരം നിങ്ങൾ കണ്ട് പിടിക്കുക, അഭിപ്രായം പറയുക😊

തൈപ്പറമ്പൻ .