എന്നത്തെയും പോലെയായിരുന്നു
അന്നും ഞങ്ങൾ പിണങ്ങിയത്
പതിവ് പോലെ ബാഗ് പായ്ക്ക് ചെയ്ത്
അവളിറങ്ങിപ്പോകുമ്പോൾ ഇതെത്ര കണ്ടതാണ് എന്ന ഭാവത്തിൽ ഞാൻ അനങ്ങാതിരുന്നു
സാധാരണ പോലെ വൈകുന്നേരം വരുന്ന അവളുടെ കോള് കാണാതിരുന്നപ്പോൾ ഇപ്രാവശ്യത്തെ പിണക്കം കുറച്ച് ഗൗരവമുളളതാണെന്ന് എനിയ്ക്ക് മനസ്സിലായി.
സാരമില്ല നാളെയവൾ വിളിക്കും 24 മണിക്കൂറിൽ കൂടുതൽ എന്നോട് മിണ്ടാതിരിക്കാൻ അവൾക്കാവില്ലെന്നെനിക്കറിയാം
മൊബൈൽ നോക്കി കണ്ണ് കഴച്ചപ്പോൾ
നെറ്റ് ഓഫ് ചെയ്തിട്ട് ഞാൻ മുറിയിൽ വന്ന് കിടന്നു.
ബെഡ് സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുൻപ് സൈഡ് ടേബിളിൽ ഇരിക്കുന്ന ഞങ്ങടെ ഫോട്ടോ എടുത്ത് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിക്കാൻ ഞാൻ മറന്നില്ല
പിറ്റേന്ന് , തട്ടി ഉണർത്താൻ അവളില്ലാതിരുന്നത് കൊണ്ട് നേരം വൈകിയാണ് ഞാനുണർന്നത്
സമയം നോക്കിയിട്ട് വേഗം നെറ്റ് ഓൺ ചെയ്ത് അവളുടെ ഗുഡ് മോർണിങ്ങ് വന്നിട്ടുണ്ടോയെന്ന് ഉത്ക്കണ്ഠയോടെ
ഞാൻ നോക്കി.
അവസാനമായി അവൾ ഓൺലൈനിൽ ഉണ്ടായിരുന്നത് ഇന്നലെ 10 am നാണെന്ന് വാട്സ് ആപിൽ കാണിച്ചപ്പോൾ ഉള്ളിലൊരാധിയുണർന്നു
ഒരു നിമിഷം പോലും മൊബൈലിൽ നിന്നും കണ്ണെടുക്കാത്തവളാണ് ,ഇപ്പോൾ 22 മണിക്കൂർ കഴിഞ്ഞിട്ടും നെറ്റ് ഓണാക്കാത്തതെന്നറിഞ്ഞ്
എൻ്റെ ആശങ്ക വർദ്ധിച്ചു.
ഇനിയും അവളുടെ വിളിയ്ക്കായി കാത്തിരിക്കാതെ അവളുടെ മൊബൈലിലേയ്ക്കൊന്ന് വിളിച്ച് നോക്കുന്നതാണ് നല്ലതെന്ന് എനിയ്ക്ക് തോന്നി
ഞാൻ പെട്ടന്ന് അവളുടെ ഫോണിലേയ്ക്ക് വിളിച്ചു, ചെവിയിൽ മാത്രമല്ല പുറത്തും അവളുടെ ഫോണിൻ്റെ റിംഗ് ടോൺ കേട്ടപ്പോൾ ആകാംക്ഷയോടെ ഞാൻ അടുക്കളയിലേയ്ക്ക് ചെന്നു
അവിടെ ഫ്രിഡ്ജിൻ്റെ മുകളിലിരുന്ന് അവളുടെ ഫോൺ ബെല്ലടിക്കുന്നു
അപ്പോൾ എന്നോടുള്ള വാശിക്ക് ഫോണെടുക്കാതെയാണോ
അവൾ പോയത് ?
എൻ്റെ മനസ്സിൽ അപായ മണി മുഴങ്ങി
ഞാൻ വേഗം അവളുടെ അച്ഛൻ്റെ ഫോണിലേയ്ക്ക് വിളിച്ചു
ങ്ഹാ മോനേ ഞാനിപ്പോൾ അമ്മയോട് പറഞ്ഞതേയുളളു നിന്നെയൊന്ന് വിളിക്കണമെന്ന് , അവളുടെ ഓർമ്മ ദിവസം ചടങ്ങ് കഴിഞ്ഞ് മോനിവിടുന്ന് പോയതല്ലേ?
പിന്നെ ഇങ്ങോട്ടൊന്ന് വന്നതേയില്ലല്ലോ ?
അച്ഛൻ പറഞ്ഞത് കേട്ട്,
എൻ്റെ ശ്വാസം നിലച്ചു പോയി ,
എന്തൊരു മറവിയാണെനിയ്ക്ക് ?
ഞാനുമായി അവളിവിടുന്ന് പിണങ്ങി ഇറങ്ങിയിട്ട് വർഷം മൂന്ന് കഴിഞ്ഞു
അന്നവൾ ഇറങ്ങിപ്പോയത് മരണത്തിലേക്കായിരുന്നു,
എന്തിനാന്നറിയാമോ ? എന്നോടുള്ള വാശി തീർക്കാൻ ,എന്നോടവൾക്ക് ജയിക്കാൻ ,അവൾ പോയാൽ ഞാൻ വേദനിക്കുമല്ലോ? ഇഞ്ചിഞ്ചായി എന്നെ കൊല്ലാനായിരുന്നു അവളുടെ ഉദ്ദേശം,
എന്തായാലും അവളുടെ ഉദ്ദേശ്യം സാധിച്ചു
സാരമില്ല ഇനി മുതൽ അവൾ ജയിച്ചോട്ടെ തോറ്റ് കൊടുക്കാൻ ഞാൻ തയ്യാറാണ്
പക്ഷേ മൂന്ന് കൊല്ലങ്ങൾക്ക് മുമ്പ് ഈ തിരിച്ചറിവ് എനിക്കുണ്ടായില്ലല്ലോ?
നഷ്പ്പെട്ട് കഴിഞ്ഞ് വീണ്ടുവിചാരമുണ്ടായിട്ടെന്ത് കാര്യം ?
ഇനി ഞാനൊന്ന് കിടക്കട്ടെ ,എൻ്റെ തലപെരുക്കുന്നു,🥹
തൈപ്പറമ്പൻ .

by