കളളനും പെണ്ണും
==============
ബസ് സ്റ്റോപ്പിൽ കയറി നിന്നിട്ടും മഴയുടെ കൈകൾ പതുക്കെ തൊട്ട് തലോടുന്നുണ്ട്. അവൾ ഒന്ന് കൂടെ അകത്തേക്ക് കയറി നിന്നു. വീട്ടിലിരിക്കുമ്പോ സുഖാ, മഴയും കണ്ടങ്ങനെ ഇരിക്കാൻ. പുറത്ത് വല്യ സുഖമൊന്നും ഇല്ല. ഷാൾ വലിച്ച് കൈകൾ തുടക്കുന്നതിനിടെ വെയ്റ്റിംഗ് ഷെഡിന്റെ മൂലയിൽ തന്നെത്തന്നെ നോക്കി നിൽക്കുന്ന അവന്റെ നേർക്ക് കണ്ണുകൾ നീണ്ടു.
“കൊള്ളാലോ പൊളി സാനം… ” അവൾ മനസ്സിൽ ചിരിച്ചുകൊണ്ട് ഓർത്തു.
“എന്താണാവോ ഇത്രയ്ക്ക് നോക്കാൻ..?”
അവളും തിരിച്ചു നോക്കി. സാധാരണ ഇങ്ങനെ നോക്കുമ്പോൾ തിരിച്ചൊരു നോട്ടമെറിഞ്ഞാൽ തീരാവുന്നതാണ് നോർമൽ കോഴികൾ. പക്ഷെ ഇവനോരു കുലുക്കവും ഇല്ലല്ലോ.
ഓ കയ്യിലേക്കാണ് നോട്ടം. അവൾ കൈ ഒന്ന് നീട്ടി നോക്കി. ചന്ദനനിറമുള്ള കൈത്തണ്ടയിൽ തിളക്കമുള്ള ആ രണ്ട് വളകൾ.
“ഓഹ്!! അപ്പോ അതാണ് കാര്യം..”
നോട്ടം പയ്യെ കഴുത്തിലേക്കും നീണ്ടു. രണ്ട് കൊല്ലം കഷ്ടപ്പെട്ട് ജോലി ചെയ്തു മിച്ചം പിടിച്ചതിൽ നിന്ന് വാങ്ങിയ കഷ്ടിച്ച് ഒരു പവനോളം വരുന്ന നേർത്ത മാല ഉണ്ട് അവിടെ. അവൾ അവനെ ആകെയൊന്ന് നോക്കി. കറുപ്പ് ഷർട്ടും ഒരു കാവി ലുങ്കിയും ആണ് വേഷം. ഇരുപത്തിനാലോ ഇരുപത്തഞ്ചോ വയസ് പ്രായം കാണും. കാണാൻ കൊള്ളാം നല്ല വെളുത്ത സുന്ദരൻ ചെക്കൻ. അവൾ ചുറ്റും നോക്കി. ഇരുട്ടാണ് മഴക്കാറിന്റെ. ആരും ഇല്ല അടുത്തൊന്നും. ആരും വെട്ടിത്തെളിക്കാൻ ഇല്ലാത്തതിനാൽ വഴി നിറയെ കുറ്റിച്ചെടികളും പുല്ലും കാട് പോലെ വളർന്നിരിക്കുന്നുണ്ട്.
അവൾ അവനെ ഒന്ന് കൂടെ നോക്കി. അവൻ പരിസരം വീക്ഷിക്കുകയാണ് തന്നെ പോലെ. പിന്നെ ഒന്നും നോക്കിയില്ല അവൾ അവന്റെ അരികിലേക്ക് ചെന്നു നിന്നു. അവൻ ആകെ പകച്ചു പോയെന്ന് വ്യക്തം.
“അതേയ്…” അവൾ കൈ അവന്റെ നേരെ നീട്ടി.
“ഈ വള നോക്കണ്ട.. റോൾഡ് ഗോൾഡാ..” അവൻ അന്തം വിട്ടു നോക്കുകയാണ്. അവളാവട്ടെ ചിരി വിടാതെ സംസാരിക്കുന്നു.
“കമ്മലും അതെ.. ആകെ സ്വർണം ഉള്ളത് ദേ ഈ മാലയാ..” അവൾ മാല വിരൽ കൊണ്ട് പൊക്കി കാണിച്ചു.
“അത്രയ്‌ക്കൊന്നൂല്ലാട്ടോ… ഒരു പവന് ഒന്നര ഗ്രാമിന്റെ കുറവുണ്ട്. ഒത്തിരി ആശിച്ച് പിശുക്കി ജീവിച്ച് മേടിച്ചതാ..”
“ഞാൻ…” അവൻ എന്തോ പറയാനാഞ്ഞു.
“തന്നെ കണ്ടാ ഒരു കള്ളൻ ലുക്ക് ഒന്നും ഇല്ലാലോ പിന്നെന്താ പ്രശ്നം..” അവൾ ഇടത് കൈ എളിയിൽ കുത്തി നിന്നു.
“എന്തെ വല്ല കഞ്ചാവോ മയക്കുമരുന്നോ മേടിക്കാൻ കാശ് ഇല്ലാഞ്ഞിട്ടാ??”
അവന്റെ കണ്ണുകൾ നിറഞ്ഞു വരുന്നത് അവൾ കൗതുകത്തോടെ നോക്കി.
“താൻ കരയാ..?” അവളുടെ സ്വരത്തിലെ കാരുണ്യം അറിഞ്ഞത് കൊണ്ടാവണം അവൻ തലയുയർത്തി അവളെ ഒന്ന് നോക്കി.
“അമ്മ ആശുപത്രീലാ.. കയ്യിലെ കാശോക്കെ തീർന്നെടോ.. വേറെ ആരും ഇല്ല കൂടെ നിക്കാനൊന്നും.. ജോലിക്ക് പോകാനും പറ്റണില്ല.”
“അതിനാണോ പിടിച്ചു പറിക്കാൻ ഇറങ്ങിയെ..?”
“ഞാൻ വേറെ വഴി ഇല്ലാഞ്ഞിട്ട്…”
“വഴി ഇല്ലാണ്ടായ മറ്റുള്ളോരുടെ മുതല് എടുക്കാണോ വേണ്ടേ.. അതും കൊണ്ട് പോയ അവർടെ ശാപം വച്ച് തന്റെ അമ്മയ്ക്ക് സുഖാവോ.. ഇനി തന്നെ ആരേലും പിടിച്ചാ ആ അമ്മയെ പിന്നെ ആര് നോക്കും..” അവൻ ഞെട്ടലോടെ അവളെ നോക്കി.
“ഒരു ബുദ്ധിയും ബോധവും ഇല്ലാണ്ട് ഇറങ്ങിയേക്കാ.. പൊട്ടൻ..” അവൾ ചിരിച്ചു.
“ഞാൻ… ആ അവസ്ഥയില്… ഓർത്തില്ല..”
അവൻ തല കുനിച്ചിരുന്നു. അവൾ അവന്റെ കൈ പെട്ടെന്ന് പിടിച്ചെടുത്തു.
“കൊണ്ട് പോയി എന്താന്ന് വച്ചാ ചെയ്യ്..” അവൻ അമ്പരന്ന് കയ്യിലേക്ക് നോക്കി. അവളുടെ കഴുത്തിൽ കിടന്ന ആ നേർത്ത മാല അവന്റെ കൈവെള്ളയിൽ.
“ഇത്….” അവന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി.
“അയ്യോ വെറുതെ ഒന്നുമല്ല, എന്നെങ്കിലും തന്നെക്കൊണ്ട് കഴിയുമ്പോ തിരിച്ചു തന്നെക്ക്…”
“താനല്ലേ പറഞ്ഞത് ആശിച്ചു മേടിച്ചതാ എന്ന്…”
“അതൊക്കെ ശരി തന്നെ, പക്ഷെ ഒരു ജീവൻ രക്ഷിക്കാൻ പറ്റിയില്ലേൽ ഇതൊക്കെ എന്തിനാ..”
അവൻ അവളുടെ കൈകൾ ചേർത്ത് പിടിച്ചു നെറ്റി അതിലേക്ക് ചേർത്തു പൊട്ടിക്കരയാൻ തുടങ്ങി. അവൾ എന്ത് വേണമെന്നറിയാതെ ചുറ്റും നോക്കി. അവളുടെയും കണ്ണുകൾ നിറഞ്ഞു തൂവാൻ തുടങ്ങിയിരുന്നു. അവന്റെ കരച്ചിൽ അടങ്ങുന്ന വരെ അവൾ നിന്നു.
“അതേയ് എനിക്ക് പോണം.. വൈകിയാൽ ഹോസ്റ്റലിൽ കേറാൻ പറ്റില്ല… സെന്റ് മേരീസ് ഹോസ്റ്റൽ ഇല്ലേ അവിടാ..” അവൻ ചമ്മലോടെ കൈകൾ പിൻവലിച്ചു.
“മഴ തോർന്നു..” തെളിഞ്ഞ ആകാശത്തേക്കും അവന്റെ മുഖത്തേക്കും നോക്കി അവൾ പറഞ്ഞു.
“പേരെന്താ..?”
“രാഹുൽ..”
“അയ്യേ രാഹുൽ എന്നൊക്കെ പേര് വച്ച് ആരെങ്കിലും മോഷ്ടിക്കാൻ ഇറങ്ങുവോ..?” അവൾ ചിരിച്ചു. ആ ചിരിയോളം ഭംഗിയുള്ള ഒന്നും ജീവിതത്തിൽ താൻ കണ്ടിട്ടില്ല എന്നവന് തോന്നി.
“പോട്ടെ..” അവൾ ഇറങ്ങി നടന്നു.
“ഡോ..” അവൻ വിളിച്ചു. അവൾ തിരിഞ്ഞൊന്നു നോക്കി.
“തന്റെ പേരെന്താ..?”
“എയ്ഞ്ചൽ..” അവൾ അതും പറഞ്ഞ് നേരെ നടന്നു.
******
“കണ്ടവന്റെ കഥയും കേട്ട് ഉണ്ടായിരുന്ന മാലയും കളഞ്ഞ് വന്നേക്കുവാ മാലാഖ..” കൂട്ടുകാരി ജിനി പറയുന്നത് മുഴുവൻ കേട്ട് മിണ്ടാതെ പേഴ്സും തുറന്ന് നോക്കിയിരിക്കുവാരുന്നു അവൾ.
“അവൻ കട്ടോ പിടിച്ചു പറിച്ചോ അമ്മയെ ചികില്സിക്കട്ടെ, നിനക്കെന്തിന്റെ കേടാരുന്നു കൊച്ചെ…?”
“ഡീ നാല് വർഷം മുൻപ് എന്റെ അമ്മ മരിക്കാൻ കിടന്നപ്പോ ഇങ്ങനെ ആരേലും വന്നിരുന്നേൽ ഞാൻ ഇന്നൊരു അനാഥ ആയിപോകുമായിരുന്നോ..?” അവൾ പെട്ടെന്ന് ചോദിച്ചു.
ജിനി മിണ്ടിയില്ല..
“അവൻ വരും നീ നോക്കിക്കോ…” അവൾ പുഞ്ചിരിയോടെ പറഞ്ഞ് മേശമേൽ വച്ചിരുന്ന കൊന്ത എടുത്ത് കഴുത്തിൽ ഇട്ടു. അടച്ചു വെക്കും മുൻപേ ഒന്ന് കൂടി നോക്കി.
“തെറ്റായി പോയില്ലലോ അല്ലെ അമ്മെ..” അവൾ കുസൃതിയോടെ നോക്കിയപ്പോൾ അവിടെ അവളുടെ അമ്മ അവളെ നോക്കി മന്ദഹസിച്ചു…

by