17/07/2026

പങ്കുവെയ്ക്കൽ

പങ്കുവെയ്ക്കൽ
*****************
അവൾക്ക് ഏഴര ആകുമ്പോൾ ജോലിക്ക് പോകാൻ ഇറങ്ങണം..അഞ്ച് മണിക്ക് മുൻപ് തന്നെ അവളെഴുന്നേറ്റ് പണി തുടങ്ങും…
ഉറക്കം വന്നെങ്കിലും പിന്നെയും കിടക്കാൻ തോന്നിയില്ല ആനന്ദിന്…അവനും എഴുന്നേറ്റ് ചെന്നു അടുക്കളയിലേക്ക്…അവള് ചപ്പാത്തിക്കുള്ള പൊടിയിൽ ചൂട് വെള്ളം ഒഴിച്ചിട്ടിട്ട് ഉരുളകിഴങ്ങ് കഴുകി കുക്കറിൽ ഇടുന്നു…

ആനന്ദ് പതുക്കെ ആ പൊടി കുഴയ്ക്കാൻ തുടങ്ങി…

” പോയി കിടന്നോ അനുവെട്ടാ..ഞാൻ ചെയ്യാം..”

“സാരമില്ലടി…നീയാ ജനൽ തുറന്നിട്ടെ..കുറച്ച് ശുദ്ധ വായു കയറട്ടെ…”

അവള് ജനൽ തുറന്നിട്ടു..

അടുക്കള മതിലിനും അപ്പുറം മധുവെട്ടൻ്റെ വീടാണ്…മധുവേട്ടൻ്റെ ഭാര്യ ആശ ചേച്ചിക്ക് അടുത്തുള്ള ഒരു കമ്പനിയിൽ ജോലി ഉണ്ട്.. ആശ ചേച്ചിക്കും പോകണം എട്ട് മണിക്ക്..അത് കൊണ്ട് ആശ ചേച്ചിയും എഴുന്നെൽക്കും വെളുപ്പിന്…അപ്പുറത്ത് ഓടി നടന്നു പണി ചെയ്തു കൊണ്ട് നടക്കുന്ന ആശ ചേച്ചിയെ ആനന്ദും പവിത്രയും കാണുന്നുണ്ടായിരുന്നു..

അവള് ഓരോരോ ജോലി ചെയ്തു തീർത്ത് കൊണ്ടിരിക്കുന്നതിനിടയിൽ ആനന്ദ് ചപ്പാത്തി പരത്താൻ തുടങ്ങി..

കുറച്ച് കഴിഞ്ഞ് അപ്പുറത്തെ വീട്ടിൽ ഉറക്കം വിട്ട് എഴുന്നേറ്റ് വന്ന ആശ ചേച്ചിയുടെ ഭർത്താവ് മധുവെട്ടൻ പല്ല് തേച്ചു കൊണ്ട് ഇങ്ങോട്ട് നോക്കി നിൽക്കുന്നത് ആനന്ദ് ശ്രദ്ധിച്ചു..

ഏഴര ആയപ്പോൾ പവിയെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയിട്ട് വന്നു ആനന്ദ് പവി വാഷിംഗ് മെഷീനിൽ ഇട്ടിരുന്ന തുണി എടുത്ത് പുറത്ത് അയയിൽ വിരിച്ചിട്ടൂ…കുറച്ച് പൂച്ചെടികൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട് പവി…അതോന്ന് നനയ്ക്കണം…ഓഫീസിൽ നിന്ന് വന്നിട്ട് വൈകിട്ട് നനയ്ക്കാം…

ചെറിയ ഹോസ് ഉപയോഗിച്ച് വൈകിട്ട് അവനത് നനച്ചു കൊണ്ടിരിക്കുമ്പോഴാണ് അപ്പുറത്തെ മധുവെട്ടൻ ഇപ്പുറത്തേക്ക് വന്നത്…

“വല്യ പാടാ ഇല്ലെ ആനന്ദിന്…”?മധുവേട്ടൻ ചോദിച്ചു..

“എന്ത് പാട്..എന്താ മധുവെട്ടൻ ഉദ്ദേശിച്ചത്…”? ആനന്ദ് തിരികെ ചോദിച്ചു…

“അല്ല…ഞാൻ കണ്ടാരുന്ന്…വെളുപ്പിന്..നീ നിന്ന് ചപ്പാത്തി പരത്തുന്നത്…രാവിലെ തുണി വിരിക്കുന്നത്…ഇപ്പൊ ദേ ചെടി നനയ്ക്കുന്ന്…”

“അതിനു..അതിനിപ്പോ എന്താ…എൻ്റെ വീട്ടിൽ…എനിക്കും കൂടി കഴിക്കേണ്ടുന്ന ഭക്ഷണം ഉണ്ടാക്കാൻ…ഞാനും കൂടി ഇടുന്ന ഡ്രസ്സ് കഴ്‌കിയത് വിരിച്ചിടാൻ…എൻ്റെ വീടിൻ്റെ മുറ്റത്ത് നിൽക്കുന്ന ചെടി നനയ്ക്കാൻ ഇതിനൊക്കെ സഹായിച്ചു എന്ന് വെച്ച് എനിക്ക് എന്ത് പോകാനാ മധുവെട്ടാ…”

“ഓ..വലിയ കാര്യമല്ലേ…”വീണ്ടും മധുവെട്ടൻ…

ഇതുകേട്ട് കൊണ്ടാണ് ആനന്ദിൻ്റെ കൂട്ടുകാരൻ ഹരി അവിടേക്ക് വന്നത്..

“ഇത് ഈ പഴയ ജനറേഷൻ്റെ പ്രശ്നമാ ആനന്ദ്…”

“ഇതിൽ ജനറേഷൻ കാര്യമൊന്നുമില്ല ഡാ…ഇത് നമ്മുടെയൊക്കെ മനസ്സിൻ്റെ പ്രശ്നം മാത്രമാണ് .. ഏത് ജനറേഷൻ ആണെങ്കിലും കൂടെയുള്ള ആളെ മനസ്സിലാക്കുക എന്നതാണ് കാര്യം…”

“അടിച്ചമർത്തലിനും ഭർത്താവ് ഉദ്യോഗത്തിനും ഒന്നും ഇപ്പൊ വലിയ ഡിമാൻ്റില്ല മധുവെട്ടാ…കൂടുതലൊന്നും അവർക്ക് വേണ്ടാ..അവരോടൊപ്പം സന്തോഷത്തോടെ ഒന്നിരുന്നാൽ മതി…എന്തെങ്കിലും രണ്ടു വാക്ക് മിണ്ടിയാൽ മതി…അവരെ ഒന്ന് കേട്ടാൽ മതി…സന്തോഷമായാലും സങ്കടമായാലും ജോലിയായാലും പങ്ക് വെയ്ക്കലിൽ അല്ലേ മധുവേട്ടാ മധുരം കൂടുന്നത്…അല്ലാതെ കിടക്ക മാത്രം പങ്കിടാൻ അങ്ങോട്ട് ചെന്നാൽ അവരുടെ മനസ്സിൽ നമ്മൾ ഉണ്ടാവില്ല മധുവെട്ട…അവരുടെ മനസ്സിൽ നമ്മൾക്ക് ഇടം ഇല്ലെങ്കിൽ പിന്നെ നമ്മൾ എന്തിനാ…..”ബാക്കി പറയുന്നതിന് മുൻപ് ആനന്ദിൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി…

“പവിയാ…അവള് സ്റ്റോപ് എത്താറായി എന്ന്…എന്നാ ഞാൻ പോയി അവളെ കൂട്ടട്ടെ…”

ചെറു ചിരിയോടെ തന്നെ കടന്നു ബുള്ളറ്റിൻ്റെ ചാവിയുമായി പോകുന്ന ആനന്ദിനെ മധു അല്പം ആരാധനയോടെ നോക്കി നിന്ന് പോയി…

……………….Divya Kashyap