22/06/2026

പ്രണയമായ്

പ്രണയമായ്

“എറിക്ജോണിനൊപ്പമല്ലാതെ ഈ നതാരക്കൊരു ജീവിതം ഉണ്ടാവില്ല. അങ്ങനെ സംഭവിച്ചാൽ പിന്നെ ഞാനെന്ന ജന്മം ഭൂമിയിലും ഉണ്ടാകില്ല, സത്യം ”

അന്നവൾ പറഞ്ഞവാക്കുകൾ അവന്റെ കാതുകളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.അവൾക്കെന്തെങ്കിലും സംഭവിച്ചുകാണുമോ എന്ന ചിന്ത അവനിൽ ശക്തിപ്പെട്ടു. എങ്ങനെയൊക്കെയോ ആ ദിവസം അവൻ തള്ളിനീക്കി.

ദിവസങ്ങൾ പോയികൊണ്ടിരുന്നു,എന്നിട്ടും അവൾ കോളേജിലേക്ക് വന്നില്ല. അവളെക്കുറിച്ചൊരു വിവരവുമില്ല.അവന്റെ പ്രതീക്ഷ അസ്‌തമിക്കാൻ തുടങ്ങി. ഇനിയും അവൾ വരുമെന്ന് കരുതി കാത്തിരിക്കാൻ അവനാകുമായിരുന്നില്ല.കോളേജിൽ നിന്ന് അവളുടെ അഡ്രസ് തപ്പിയെടുത്തു അവളുടെ വീട്ടിലേക്ക് തിരിച്ചു,

“ആരാ?”

സൗമ്യതയാർന്നൊരു സ്ത്രീശബ്‍ദം കേട്ട് എറിക് തിരിഞ്ഞു നോക്കി.നതാരയുടെ അമ്മയാകാം അതെന്ന് അവൻ ഊഹിച്ചു.

“ഇത് നതാരയുടെ വീടല്ലേ?”

എറിക് തിരികെ ചോദിച്ചു. ഒരു ചെറിയ സംശയത്തോടെ അവർ അതെ എന്ന് മറുപടി നൽകി.

“ഞാൻ എറിക്ജോൺ , നതാരയുടെ ടീച്ചർ ആണ്. കുറച്ച് ദിവസമായി ആ കുട്ടി ലീവ് ആയിരുന്നല്ലോ അതറിയാൻ വേണ്ടി വന്നതാണ്.അവളില്ലെ ഇവിടെ?”

ടീച്ചർ ആണെന്ന് മനസിലായതും ഒരു പുഞ്ചിരിയോടെ അവർ എറിക്കിനെ വീട്ടിലേക്ക് ക്ഷണിച്ചു,

“കയറിയിരിക്കൂ, അവൾ ഇവിടെയുണ്ട്, ഞാൻ വിളിക്കാം. അന്ന് കോളേജിൽ നിന്നും വന്ന് മുറിയിൽ കയറിയതാണ്. അടുത്ത ദിവസമാണ് പിന്നെ മുറിയിൽ നിന്നും പുറത്തിറങ്ങിയത്, അതിന് ശേഷം അധികം മിണ്ടാട്ടമൊന്നും ഇല്ല. എന്തൊക്കെയോ വിഷമങ്ങൾ ഉണ്ടവൾക്ക് ഇപ്പോൾ വിഷാദംപിടിപെട്ടത് പോലെയാണ് അവളുടെ അവസ്ഥ .”

അവർ നനഞ്ഞ കണ്ണുകൾ ഒന്നമർത്തി തുടച്ചു കൊണ്ട് അവളെ വിളിക്കാനായി മുറിയിലേക്ക് നടന്നു. അല്പസമയത്തിനകം നതാര പുറത്തേക്ക് വന്നു. നിർജീവമായ കണ്ണുകളും പാറിപറന്ന മുടിയുമായി അവളെ കണ്ടതും അവന്റെയുള്ളം വിങ്ങി. തന്നെ ഇത്രമേൽ സ്നേഹിക്കുന്നവളെ വേദനിപ്പിച്ചല്ലൊയെന്ന കുറ്റബോധത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞു, ആരും കാണാതിരിക്കാൻ പെട്ടെന്നവൻ കണ്ണുകൾ തുടച്ചു. എറിക്കിനെ കണ്ടതും അവളുടെ മനസൊന്ന് കുളിരണിഞ്ഞു.ആ വരണ്ടുണങ്ങി നിറം മങ്ങിയ ചുണ്ടുകളിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു. എങ്കിലും എറിക് വന്നതെന്തിനെന്നറിയാതെ അവളിൽ ആ പുഞ്ചിരി മാഞ്ഞുപോയി.മൗനമായി എറിക്കിനെ നോക്കിയവൾ നിന്നു.

“നതാരാ നീയെന്താ കോളേജിൽ വരാത്തത്?”

അൽപനേരം കഴിഞ്ഞും അവളിൽ നിന്നും ഒന്നും കേൾക്കാത്തത് കൊണ്ടവൻ ചോദിച്ചു.എറിക്കിന്റെ ചോദ്യത്തിനവൾ മറുപടിയൊന്നും പറയാതെ അവനെത്തന്നെ നോക്കിനിന്നു.അവളുടെ ഈയവസ്ഥക്ക് കാരണം താനാണെന്ന ഓർമയിൽ അവന് സ്വയം പുച്ഛം തോന്നി.

“നമുക്കൊന്ന് മുറ്റത്തേക്കിറങ്ങിയാലോ?”

അതുകേട്ട് ശരിയെന്ന ഭാവത്തിൽ അവളൊന്നു തലയാട്ടി എന്നല്ലാതെ അവനോടൊന്നും മിണ്ടാൻ കൂട്ടാക്കിയില്ല.

“നിന്റെ ഈയവസ്ഥക്ക് കാരണം ഞാൻ ആണെന്ന് അറിയാം, നിനക്കെന്താ എന്നെ മനസിലാവാത്തത്, എനിക്കൊന്നുംതന്നെയില്ല, അതിലേക്ക് നിന്നെയും വലിച്ചിഴയ്ക്കാൻ വയ്യാത്തോണ്ടാ പെണ്ണെ അല്ലാതെ നിന്നോട് ഇഷ്ടമില്ലാതെ അല്ല.”

അവളിൽ നിന്നും മറുപടിയൊന്നുമില്ലെങ്കിലും അവൻ തുടർന്നു.

“ഇതെല്ലാം പ്രായത്തിന്റെ കുഴപ്പമാണെടോ.ഇപ്പോൾ നിനക്കെന്നോട് പ്രണയമാണ്. ഒരുപക്ഷെ നാളെ നമ്മൾ ഒരുമിച്ചൊരു ജീവിതം തുടങ്ങിയാൽ ചിലപ്പോൾ ഒരുപക്ഷെ ഇതൊന്നും വേണ്ടായിരുന്നു എന്ന് ചിന്തിക്കും.നമ്മൾ രണ്ടും രണ്ട് വിശ്വാസങ്ങൾ ഉള്ളവരാണ് സമ്പത്തിക സ്ഥിതിയും അങ്ങനെ തന്നെ. നിനക്കെന്നോടുള്ള സ്നേഹം സത്യമാണെങ്കിൽ നാളെ മുതൽ നീ കോളേജിൽ വരണം, പഠിച്ചു ഉയർന്ന മാർക്കൊടെ പാസായി നല്ലൊരു ജോലി കണ്ടെത്തണം. സ്വന്തം കാലിൽ നിൽക്കാനാകണം.അന്നും നീയെന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ആരൊക്കെ എതിർത്താലും അവരുടെയെല്ലാം പൂർണ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഞാൻ നിന്റെ കഴുത്തിൽ മിന്നുകെട്ടി നമ്മൾ ഒരുമിച്ച് ജീവിക്കും. ഇത് ഞാൻ നിനക്ക് തരുന്ന വാക്കാണ്.”

അവളിൽ നിന്ന് മറുപടിയൊന്നും കിട്ടിയില്ലെങ്കിലും അവളുടെ മുഖത്തെ തെളിച്ചവും ചുണ്ടിലെ പുഞ്ചിരിയിലും ഉണ്ടായിരുന്നു അവനുള്ള മറുപടി. അതുമനസിലാക്കി അവൻ അവിടെ നിന്നും പോകാൻ തുടങ്ങി.അപ്പോഴണ് ചായകുടിക്കാനായി വിളിക്കാൻ അവളുടെ അമ്മവന്നത്.അവളുടെ മാറ്റം അവരും ശ്രദ്ധിച്ചു.സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചു കൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ അവനുറപ്പുണ്ടായിരുന്നു അടുത്തദിവസം തൊട്ട് അവൾ കോളേജിൽ വരുമെന്ന്.

🌷🌷🌷🌷🌷അവസാനിച്ചു 🌷🌷🌷🌷🌷

അവരുടെ ഭാവി എന്താകുമെന്നറിയില്ല. എങ്കിലും അവരുടെ സ്നേഹം പവിത്രമാണെങ്കിൽ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്തു അവർ ഒന്നിക്കുകതന്നെ ചെയ്യും.