22/06/2026

അനശ്വരം

അനശ്വരം

“ശരി അമ്മേ ഞാനിനി പിന്നെ വിളിക്കാം, എനിക്ക് ഡ്യൂട്ടിക്ക് പോകാൻ സമയമായി.”

“ശരി മോനെ മോൻ പോയിട്ട് വാ, മോനൊപ്പം അമ്മയുടെ പ്രാർത്ഥന എന്നുമുണ്ടാകും.”

ഫോൺ കട്ട്‌ ചെയ്തതിനു ശേഷം തൊപ്പിയെടുത്ത് തലയിൽ വെച്ച്, തോക്കുമെടുത്ത് പുറത്തേക്കിറങ്ങി. അപ്പോഴേക്കും കൂടെ ഡ്യൂട്ടി ചെയ്യുന്നനാലുപേരും അവിടെ എത്തിയിരുന്നു.

“ആരോടായിരുന്നു ഫോണിൽ സംസാരം?”

കൂടെയുള്ള ആൾ ഒരുകള്ളചിരിയോടെ ചോദിച്ചു.

“അമ്മയോടായിരുന്നു, ചേച്ചിയുടെ വിവാഹം കഴിഞ്ഞു പോയശേഷം അമ്മ അവിടെ ഒറ്റയ്ക്കല്ലേ.”

“ശരി വാ നടക്കാം നമുക്ക്. ഇനിയെന്താ സിദ്ധാർഥ് നിന്റെ പ്ലാൻ, സ്വന്തമായി ഒരു വീട് വെച്ചു, ചേച്ചിയുടെ വിവാഹം നടത്തി. ഇനിയൊരു വിവാഹമൊക്കെ ആകാലോ?”

“മം വേണം, അവിടെ എന്നെക്കാത്തൊരു പെണ്ണിരിപ്പുണ്ട്,എന്നെ പ്രാണനായി കരുതുന്ന ഒരുവൾ.ഇനി ലീവിന് പോകുമ്പോൾ അവളുടെ വീട്ടിൽ പോയി സംസാരിക്കണം.”

“ആ ചോദിക്കാൻ വിട്ടു നീയിപ്പോൾ നാട്ടിൽപോയി വന്നിട്ട് കുറെ ആയില്ലേ ലീവ് കിട്ടാനായോ?”

“മിക്കവാറും അടുത്തമാസം ഉണ്ടാകും, അതുമാത്രമല്ല ഇനി ലീവ് കഴിഞ്ഞ് ജോയിൻ ചെയ്യുന്നത് ഡെരാടൂൺ ആണ്.ഒരുമാസം കഴിഞ്ഞാൽ കഴിഞ്ഞു ഈ ബോർഡറിലുള്ള ജോലി.”

അപ്പോഴേക്കും അവർ ബോർഡർ എത്തിരുന്നു, സംസാരമെല്ലാം നിർത്തി കർമബോധമുള്ളൊരു പട്ടാളക്കാരനായി പരിസരം മുഴുവൻ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി.സമയം കടന്നുപോയി കൊണ്ടിരുന്നു, അപ്പോഴുമവർ കൈയ്യിൽ തോക്കുമേന്തി മരം കോച്ചുന്ന തണുപ്പിനെ വകവെയ്ക്കാതെ അവരുടെ ജോലി തുടർന്നു കൊണ്ടിരുന്നു.

“അങ്ങോട്ടൊന്നു ശ്രദ്ധിച്ചേ എന്തെങ്കിലും ശബ്‍ദമോ അനക്കമൊ കേൾക്കുന്നുണ്ടോ?”

ഒരുഭാഗത്തേക്ക് കൈചൂണ്ടി വളരെ പതുക്കെ ചോദിക്കുന്നത് കേട്ട് മറ്റുള്ളവരും അങ്ങോട്ടേക്ക് ശ്രദ്ധിച്ചുകൊണ്ട് തോക്കിൽ ഒന്നുകൂടി മുറുകെ പിടിച്ചു പതിയെ ചുവടുകൾ വെച്ചു.ബാഗും തോക്കുമൊക്കെയായി കുറച്ച് പേർ അതിർത്തി കടക്കാൻ ശ്രമിക്കുന്നതാണ് അവിടെ കാണാനായത്.ഭീകരരുടെ നുഴഞ്ഞുകയറ്റമാണതെന്ന് മനസിലായതും ഒരുനിമിഷം അവരൊന്നു പകച്ചുപോയി. ആ ഒരുനിമിഷം മതിയായിരുന്നു ഭീകരർക്ക് തോക്കെടുത്ത് വെടിയുതിർക്കാൻ, അടുത്ത നിമിഷംതന്നെ ആത്മധൈര്യത്തോടെ സിദ്ധാർഥിന്റെ തോക്കിൽ നിന്നും ഭീകരർക്കുനേരെ ആദ്യത്തെ വെടിയുതിരുന്നു.അത് കൃത്യമായി ഒരു ഭീകരന്റെ നെറ്റി തുളച്ചു തലയൊട്ടി തകർത്ത് കടന്നുപോയി.വെടിയുതിർക്കുന്ന ശബ്‍ദംകേട്ട് അടുത്തുള്ള മറ്റു സൈനികരും അങ്ങോട്ടേക്ക് ഓടിയെത്തി. പിന്നെയവിടെ നടന്നത് സൈന്യവും ഭീകരരുമായുള്ള വലിയൊരു അക്രമണമായിരുന്നു, സൈന്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ അവർ പിന്തിരിഞ്ഞോടിയെങ്കിലും അതിലെ ആറുപേർ അപ്പോഴേക്കും മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ സിദ്ധാർഥിനെയും മറ്റു മൂന്ന് ഓഫീസർമാരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

“ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു മലയാളി ഉൾപ്പെടെ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു.”

അതായിരുന്നു അടുത്ത ദിവസത്തെ പത്രവർത്ത.
നടപടികളെല്ലാം പൂർത്തിയാക്കി ദേശീയ പാതകയിൽ പുതപ്പിച്ചു സിദ്ധാർഥിന്റെ ശരീരം പിറന്ന നാട്ടിൽ വീട്ടിൽ എത്തിച്ചു, തന്റെ ഏക ആശ്രയമായിരുന്ന മകന്റെ നിർജീവമായ ശരീരത്തിലേക്ക് ആ അമ്മ ആർത്തു നിലവിളിച്ചുകൊണ്ട് മുന്നിലേക്കാഞ്ഞു. കൂടിനിന്നവരെപോലും കരയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. അടുത്ത് എല്ലാം തകർന്നവളെപ്പോലെ എങ്ങോട്ടോ മിഴികൾ പായിച്ചു തളർന്നിരിക്കുന്ന പെൺകുട്ടിയും.

ആചാര മര്യാദകളോടെ പുതപ്പിച്ച പാതകയും സിദ്ധാർഥിന്റെ യൂണിഫോമും അമ്മയെ ഏൽപ്പിക്കുമ്പോൾ അതേറ്റു വാങ്ങി നെഞ്ചോട് ചേർക്കുമ്പോഴേക്കും അവർ ബോധം മറഞ്ഞുവീണിരുന്നു. ആ കാഴ്ച കണ്ടു അതെല്പിച്ച ഓഫിസിറുടെ കണ്ണുകളും ഒരുവേള ഈറനണിഞ്ഞുവോ?ചിതയിലേക്ക് കൊണ്ടുപോകാനായി ശരീരം എടുക്കുമ്പോൾ അവിടെ ഒരായിരം ജയ് വിളികൾ മുഴങ്ങി കൊണ്ടിരുന്നു.

🌻🌻🌻🌻🌻

നമ്മുടെ നാട് മറ്റൊരു അഫ്ഗാൻ ആകാതിരിക്കാൻ ഓരോ പട്ടാളക്കാരനും സ്വന്തം ജീവൻ പണയം വെച്ചാണ് സേവനം അനുഷ്ടിക്കുന്നത്. സ്വന്തം നാടിനുവേണ്ടി ജീവൻ പോലും സമർപ്പിച്ച് കാവലാളകുന്ന ഓരോ പട്ടാളക്കാരനും, കർമഭൂമിയിൽ ജീവൻ പൊലിഞ്ഞ ഓരോരുത്തർക്കും ഹൃദയത്തിൽ നിന്നുമൊരു ബിഗ് സല്യൂട്.

ഇതൊരു കഥയായി എഴുതിയതല്ല,അതിർത്തിയിൽ ജീവൻ നഷ്ടമാകുന്ന ഓരോ സൈനികനും ഉള്ളിലൊരു നോവാണ്. അതുകൊണ്ട് മാത്രം…………..