രാധാമാധവം
“എവിടെയായിരുന്നു ഏട്ടാ ഇത്രയും നേരം? ഭക്ഷണം കഴിച്ചോ? അവിടെ തണുപ്പെങ്ങനെയുണ്ട്?”
“എന്റെ പെണ്ണെ നീയിങ്ങനെ എല്ലാംകൂടി ഒരുമിച്ചു ചോദിക്കല്ലേ, കുറച്ച് പണിയുണ്ടായിരുന്നെടി അതൊക്കെ തീർത്ത് ഭക്ഷണം കഴിച്ചു വന്നേയുള്ളു.നിനക്കറിയാലോ ഇവിടുത്തെ തിരക്കൊക്കെ.പിന്നെയിവിടെ നല്ല തണുപ്പാണ് പൊടിപൊടിയായി മഞ്ഞുവീണുകൊണ്ടിരിക്കുകയാ, കാണണോ നിനക്കത്?”
“കാണണമെന്നുണ്ട് പക്ഷെ ഇപ്പോൾ വേണ്ട ഏട്ടൻ കിടക്കുവല്ലേ, എണീക്കുമ്പോൾ കാണിച്ചാൽ മതി. ഇന്നിനി ഡ്യൂട്ടിയുണ്ടോ?”
“മം ഉണ്ട് മോളെ,എട്ടുമണിക്ക് പോകണം.എന്നെ വിളിച്ചിട്ട് കിട്ടാതായപ്പോ നീ പേടിച്ചു അല്ലേടി ”
“അതുപിന്നെ ഏട്ടനറിയില്ലേ, ഈ ജന്മം മനസ് കൊണ്ട് ഏട്ടന്റെ പാതിയായവളല്ലേ മാത്രവുമല്ല അതിർത്തിയിൽ രാത്രി പെട്രോളിംഗിനും പോകുന്നതല്ലേ? പിന്നെ ഒരു സന്തോഷവാർത്തയുണ്ട് ഏട്ടനോട് പറയാൻ.”
അതുപറയുമ്പോൾ രാധികയുടെ മുഖത്ത് വല്ലാത്ത സന്തോഷം ഉണ്ടായിരുന്നത് ഹരിമാധവ് ശ്രദ്ധിച്ചു. അവൾ പറയാൻ പോകുന്ന ആ വാർത്തയ്ക്കായി അവൻ കാതോർത്തു,
“ഇത്രയും നാളത്തെ നമ്മുടെ കാത്തിരിപ്പ് അവസാനിക്കാൻ സമയമായി ഏട്ടാ ഒരിക്കലും നമ്മളെ പിരിയ്ക്കാൻ ആകില്ലെന്ന് മനസിലായത് കൊണ്ടാകണം എന്റെ വീട്ടുകാർ ഇപ്പോൾ ഒരുവിധം സമ്മതിച്ചു, ഏട്ടൻ നാട്ടിൽ വരുമ്പോൾ അച്ഛനെയും അമ്മയെയും കൂട്ടി ഇങ്ങോട്ട് വരാൻ പറഞ്ഞു.”
ഒരുപാട് വർഷത്തെ പ്രണയത്തിനു വീട്ടുകാരുടെ സമ്മതം കിട്ടിയെന്ന
വാർത്ത കേട്ടപ്പോൾ അവനും അതിയായി സന്തോഷിച്ചു.അപ്പോഴാണ് ഡ്യൂട്ടിയ്ക്ക് പോകാനായുള്ള വിളിയെത്തിയത്.
“നമ്മുടെ സ്നേഹം സത്യമാണ് പെണ്ണെ, ഞാൻ ലീവിന് വന്നിട്ട് നിന്റെ വീട്ടിലേക്ക് ഉറപ്പായും വരും. ഇപ്പോൾ ഡ്യൂട്ടിക്ക് പോകാൻ സമയം ആയി ഞാൻ പോയിവന്നിട്ട് വിളിക്കാം നീ ഉറങ്ങിയില്ലെങ്കിൽ ഫോൺ എടുക്ക്.”
“ശരി ഏട്ടാ പോയിട്ട് വാ, ഏട്ടൻ വന്നിട്ട് വിളിക്ക്.”
കാൾ കട്ട് ചെയ്തതിനു ശേഷം വേഗംതന്നെ ഡ്യൂട്ടിക്ക് പോകാനായി ഇറങ്ങി.അതിർത്തിയിൽ ഭീകരർ നുഴഞ്ഞുകയറാനുള്ള സാധ്യതയുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്നു അതിർത്തിയിൽ കാവൽ കൂടുതൽ ശക്തിപ്പെടുത്തിയിരുന്നു,അതിനാൽ ഏതുനിമിഷവും ഒരു ആക്രമണം മുന്നിൽകണ്ടുകൊണ്ട് അത്രയും ജാഗരൂഗരായാണ് ഓരോ ജവാനും അവിടെ നിന്നിരുന്നത്.സമയം പൊയ്ക്കൊണ്ടിരുന്നു ഇടയ്ക്കൊക്കെ കണ്ണടഞ്ഞു പോകുന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും വകവെയ്ക്കാതെ ഹരി ഡ്യൂട്ടികഴിഞ്ഞു വന്നുവിളിക്കുന്നതും കാത്ത് രാധിക ഉറങ്ങാതെയിരുന്നു.
🌼🌼🌼🌼🌼🌼🌼🌼🌼🌼
“നുഴഞ്ഞു കയറ്റം തടയുന്നിടെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരുമലയാളി ജവാൻ ഉൾപ്പെടെ മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.”
ഈ വാർത്ത കേട്ടാണ് നാടുണർന്നത്, ടീവി യിലും സമൂഹമാധ്യമങ്ങളിലുമായി ഹരിയുടെ ഫോട്ടോയും വാർത്തയും നിറഞ്ഞുനിന്നു. ഇതറിഞ്ഞു ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടിരുന്ന രാധിക ആർത്തുകരഞ്ഞുകൊണ്ട് നിലത്തേയ്ക്കൂർന്നിരുന്നു. അവളെ സമാധാനിപ്പിക്കാനാകാതെ അവളുടെ അച്ഛനും അമ്മയും കണ്ണുനീരണിഞ്ഞു. ഇതേ അവസ്ഥയിലായിരുന്നു ഹരിയുടെ വീട്ടിലും, മകന് അപകടം സംഭവിച്ചതറിഞ്ഞപ്പോൾതൊട്ട് ആ വീട്ടിൽനിന്നും കണ്ണീരിന്റെ അലയൊലികൾ മാത്രമായിരുന്നു ഉയർന്നുകൊണ്ടിരിക്കുന്നത്.
തിരിച്ചടിക്കാനായി ഇന്ത്യൻ സൈന്യം തുനിഞ്ഞിറങ്ങി.ഭീകരർ ഉണ്ടാകാൻ സാധ്യതയുള്ള സകല ഇടങ്ങളിലും അരിച്ചുപെറുക്കി ആക്രമണം നടത്തി. അതിൽ ഇരുപതോളം ഭീകരരെ സൈന്യം വധിച്ചു, അവരുടെ പക്കൽ നിന്നും മാരകയുധങ്ങളും തോക്കുകളും കണ്ടെടുത്തു.
പിന്നീടുള്ള ദിവസങ്ങളിൽ രാധിക ആരോടും മിണ്ടാതെ ഭക്ഷണം പോലും കഴിക്കാൻ കൂട്ടക്കാതെ ആരോടും സംസാരിക്കാതെ അവളുടെ മുറിക്കുള്ളിൽ മാത്രം കഴിച്ചുകൂട്ടാൻ തുടങ്ങി. ഇടയ്ക്കൊക്കെ ഫോണിൽ ഹരിമാധവന്റെ ഫോട്ടോയും മുൻപയച്ച മെസേജും നോക്കി അവന്റെ ഓർമകളോട് കൂട്ടുകൂടിയിരിക്കാനായിരുന്നു അവൾ ആഗ്രഹിച്ചത്. ഇടയ്ക്കൊക്കെ “എന്റെ വീട്ടുകാർ നമ്മുടെ കല്യാണത്തിന് സമ്മതിച്ചതല്ലേ തിരിച്ചു വാ ഹരിയേട്ടാ, എന്നെതനിച്ചാക്കി പോകല്ലേ ഏട്ടനറിയാലോ ഏട്ടനില്ലാതെ ഈ രാധികയും ജീവനോടെ ഉണ്ടാകില്ലയെന്ന്”അവൾ സ്വയം പറഞ്ഞുകൊണ്ടിരുന്നു.
ദിവസങ്ങൾ അതിവേഗം മാറികൊണ്ടിരുന്നു. കർമഭൂമിയിൽ സ്വന്തം നാടിനായി പൊരുതിയ ആ മൂന്നുപേരും വേഗം സുഖം പ്രാപിക്കണമേയെന്ന ഓരോ ഭാരതീയന്റെയും, അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും കണ്ണുനീരും പ്രാർത്ഥനയും ദൈവം കേട്ടത്കൊണ്ടായിരിക്കും പതിയെ അവർ സുഖം പ്രാപിച്ചുകൊണ്ടിരുന്നു. പക്ഷെ എന്നിട്ടും വിധി അവിടെയൊരു ക്രൂരത കാണിച്ചു. ചികിത്സയെല്ലാം പൂർത്തിയാക്കി ശരീരം പൂർണമായും തളർന്ന അവസ്ഥയിലാണ് ഹരിയെ നാട്ടിലേക്ക് കൊണ്ടുവന്നത്.
വീട്ടിലെത്തിയ ഹരിയുടെ അരികിലേക്ക് അവൾ ഓടിയെത്തി. നിർജീവമായ കണ്ണുകളും കുഴിഞ്ഞ കവിളുകളും ശോഷിച്ച ശരീരത്തോടെയും അവളെ കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.തന്റെ പ്രിയപ്പെട്ടവളുടെ അവസ്ഥയിൽ അവന്റെ ഹൃദയം വേദനയാൽ പിടഞ്ഞു.അടുത്ത് ആളുകൾ ഉള്ളതുപോലും വകവെയ്ക്കാതെ കണ്ണീരോടെ അവൾ നിശ്ചലമായ അവന്റെ ശരീരത്തിലേക്ക് ചാഞ്ഞു.
അവനിൽ ജീവന്റെ ഒരംശമെങ്കിലും ബാക്കിയുള്ളിടത്തോളം അവളൊരിക്കലും അവനെ ഉപേക്ഷിക്കാൻ തയ്യാറാവില്ലെന്ന തിരിച്ചറിവ് അവളുടെ വീട്ടുകാർക്ക് ഉള്ളതുകൊണ്ടാവും അവരവളെ അവിടെ അവനൊപ്പം നിൽക്കാൻ അനുവദിച്ചു.അവനെ എങ്ങനെയെങ്കിലും എഴുന്നേൽപ്പിക്കണമെന്ന ആഗ്രഹത്തോടെ അവരെല്ലാം ഓരോ വഴികൾ തേടിക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് നാടൻ ചികിത്സ രീതിയിലൂടെ രോഗങ്ങൾ ഭേദമാക്കുന്ന ഒരു വൈദ്യനെക്കുറിച്ചറിഞ്ഞത്. ഒട്ടും സമയം പാഴാക്കാതെ ഹരിയെക്കാണാൻ വൈദ്യനെത്തി. പരിശോധനകൾക്ക് ശേഷം ആറുമാസം കൊണ്ട് പൂർണമായും സുഖപെടുത്താനാകും എന്ന വൈദ്യരുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ കേട്ട് ഇവരിലും ആശ്വാസത്തിന്റെ പൂത്തിരികൾ കത്തി. പിന്നെയുള്ള നാളുകൾ ചികിത്സയുടേതായിരുന്നു.ചികിത്സയുടെ ഓരോദിവസം ചെല്ലുന്തോറും അവനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി.ഒടുവിൽ പഴയത് പോലെ പൂർണ ആരോഗ്യവനായിമാറി.
🌼🌼🌼🌼🌼🌼🌼🌼🌼🌼
അവളുടെ സഹനത്തിന് അവസാനമേന്നോണം അവരുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. ഏറ്റവും അടുത്തശുഭമുഹൂർത്തത്തിൽതന്നെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി അവൻ അവളെ താലിച്ചാർത്തി. അവന്റെ വിരലുകൊണ്ട് അവളുടെ സീമന്ദരേഖയിൽ കുങ്കുമചുവപ്പ് പകർന്നു.
വീണ്ടും ഒരു പട്ടാളക്കാരനായി നാടിനെ കാവലായി ജോലിയിൽ വീണ്ടും ചേരണമെന്നവൻ ആഗ്രഹിച്ചു. അവന്റെ ആഗ്രഹമറിഞ്ഞപ്പോൾ അവളും അവനോടൊപ്പം നിന്നു. ഒരിക്കൽ എല്ലാം നഷ്ടപെട്ടെന്ന് കരുതിടത്തു നിന്നും ജീവിതം തിരികെപിടിച്ച അവൻ വീണ്ടും യൂണിഫോം അണിഞ്ഞു കൈയിൽ തോക്കുമേന്തി കർമനിരതനായി. അവനൊപ്പം അവന്റെ ബലമെന്നോണം അവളും………..
🌼🌼അവസാനിച്ചു 🌼🌼

by