22/06/2026

ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരണപെട്ടു.

“ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരണപെട്ടു.കുളിമുറിയിൽ തലയിടിച്ചു വീണാണ് മരണമെങ്കിലും ശരീരത്തിലാകമാനം മുറിവുകളും ചതവുകളുമുണ്ടായിരുന്നു. സ്ത്രീധനം കുറഞ്ഞു പോയെന്നും ബിസ്സിനെസ്സ് ചെയ്യാനായി അഞ്ച്ലക്ഷം രൂപവേണമെന്നും പറഞ്ഞു നിരന്തരം വഴക്കും ദേഹോപദ്രവുമുണ്ടായിരുന്നുവെന്നുംമരിക്കുന്നതിന്റെ തലേ ദിവസവും ഇതുപറഞ്ഞു വഴക്കും ബഹളവും ഉണ്ടാക്കിയെന്നും അതുകൊണ്ട് തന്നെ മകളുടേത് കൊലപാതകമാണെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നത്.”

ടീവിയിൽ ഈ വാർത്ത കേട്ടാണ് അന്ന് രാജുവും രാധയും ഉണർന്നത്. അതുകേട്ട് വിഷമം തോന്നിയ അവർ ഉടനെ മായാവിയെ വിളിച്ചു. തലക്ഷണം കൂട്ടുകാർക്ക് മുന്നിൽ മായാവി പ്രത്യക്ഷനായി. എല്ലാം കേട്ട് അല്പസമയം കണ്ണുകളടച്ചു നടന്നതെല്ലാം മനസിലാക്കിയ ശേഷം അതൊരു കൊലപാതകമാണെന്നും “സാൻവി”യെ കൊലപെടുത്തിയത് ഭർത്താവായ “തനയ്” ആണെന്നും മായാവി രാജുവിനോടും രാധയോടും പറഞ്ഞു.

“ആ തനയ് ഒരിക്കലും രക്ഷപെടരുത് , അവന് നിയമം അനുശാസിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ തന്നെ കിട്ടണം. ഇനിയൊരു പെൺകുട്ടിയും സ്ത്രീധന പീഡനത്തിന്റെ പേരിൽ മരണപെടരുത്. അതിനായി എന്തെങ്കിലും ചെയ്യ് മായാവി.”

“എന്റെ കൂട്ടുകാരെ ഇതിൽ എനിക്കൊന്നും ചെയ്യാനില്ല. ഓരോ പെൺകുട്ടിയ്ക്കും ആവശ്യമായ വിദ്യാഭ്യാസം നൽകി ഒരു ജോലിയൊക്കെ നേടി സ്വന്തം കാലിൽ നിൽക്കനായതിനു ശേഷം മാത്രം വിവാഹം കഴിച്ചു കൊടുക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമയാണ്.വിവാഹം കഴിഞ്ഞെന്ന് കരുതി ആരോടും ഒന്നുംപറയാതെ ഭർത്താവിന്റെ വീട്ടിൽ എല്ലാം സഹിച്ചു കഴിയുന്ന പെൺകുട്ടികളും ചെയ്യുന്നത് തെറ്റാണ്. . ഇതെല്ലാം ശ്രദ്ധിച്ചാൽ ഒരുപരിധിവരെ നമുക്ക് ഇത്തരം മരണങ്ങൾ ഒഴിവാക്കാം.പിന്നെ ഇവിടുത്തെ നിയമം പറയുന്നുണ്ടല്ലോ “സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണെന്ന് ”.

“അതെ , പക്ഷെ ഈ കുട്ടിക്ക് നീതിവാങ്ങികൊടുക്കണം അത് ചെയ്യാൻ മായാവിക്ക് മാത്രമേ കഴിയുകയുള്ളു. സഹായിക്കില്ലേ?”

പ്രിയപ്പെട്ട കൂട്ടുകാരുടെ കണ്ണീരിനു മുൻപിൽ എന്തെങ്കിലും ചെയ്യാമെന്ന് സമ്മതിച്ചു കൊണ്ട് മായാവി അവിടെനിന്നും അപ്രത്യക്ഷനായി.

💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠

സാൻവിയുടെ മരണത്തിൽ തന്നെയാരും സംശയിക്കില്ലെന്ന ആത്മവിശ്വാസത്തോടെ തന്റെ മുറിയിൽ കിടക്കുകയായിരുന്നു തനയ്. അതുകണ്ടുകൊണ്ടാണ് മായാവി അവിടെ എത്തിയത്.പെട്ടെന്ന് തന്നെ മന്ത്രം ചൊല്ലിക്കൊണ്ട് കയ്യിലുള്ള മന്ത്രികവടി തനയ്ക്ക് നേരെ നീട്ടി.

പെട്ടെന്ന് തന്നെ എന്തോസംഭവിച്ചത് പോലെ തനയ് മുറിയിൽ നിന്നും എഴുന്നേറ്റ് മുറ്റത്തിറങ്ങി കാറുമെടുത്ത് പോയി. അപ്രത്യക്ഷനായി മായാവിയും അയാളെ പിന്തുടർന്നു. വണ്ടി നേരെ ചെന്ന് നിന്നത് പോലീസ്സ്റ്റേഷൻ മുറ്റത്തായിരുന്നു. പെട്ടെന്ന് തന്നെ എസ്ഐ യുടെ മുറിയിലേക്ക് ചെന്നു ,

“സർ എനിക്കൊരു പ്രധാനകാര്യം പറയാനുണ്ട്.”

“എന്താടോ ആകെപ്പാടെയൊരു വെപ്രാളം.താൻ ആദ്യം ഈ വെള്ളം കുടിക്ക് എന്നിട്ട് പറയാനുള്ളത് പറയ്. ”

“വെള്ളം ഒന്നും വേണ്ട സർ , എന്റെ ഭാര്യയുടേത് അപകടമരണമല്ല. ഞാൻ കൊന്നതാണ്. മരിക്കുന്ന ദിവസവുംഅഞ്ച്ലക്ഷം രൂപ വേണമെന്ന് പറഞ്ഞു ഞാൻ പക്ഷെ അവളത് സമ്മതിച്ചില്ല അങ്ങനെ ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി. അവസാനം അവൾ കുളിക്കാനായി കുളിമുറിയിലേക്ക് കയറിയതുകണ്ട് ദേഷ്യം സഹിക്കാവയ്യാതെ ഞാൻ തലയിൽ പിടിച്ചു ചുവരിലിടിച്ചു. ”

എന്തായാലും ഇനിയാ പെൺകുട്ടിയുടെ മരണത്തിന് നീതിലഭിക്കുമെന്ന വിശ്വാസത്തോടെ അവിടെനിന്നും തന്റെ കൂട്ടുകാരുടെ അടുത്തേക്ക് യാത്രയായി. പോകുന്ന വഴിയിൽ ഒരുവീട്ടിൽ പെണ്ണുകാണൽ ചടങ്ങ് കണ്ടു .

“അപ്പൊ പെൺകുട്ടിക്കും ചെറുക്കനും ഇഷ്ടമായ സ്ഥിതിക് നമുക്ക് മറ്റുകാര്യങ്ങൾ തീരുമാനിക്കാമല്ലേ. ചെക്കന്റെ പെങ്ങളെ കല്യാണം കഴിച്ചു കൊടുക്കുമ്പോൾ നൂറു പവനും മൂന്ന് ലക്ഷം രൂപയും കൊടുത്തിട്ടുണ്ട് മാത്രമല്ല ഇവനൊരു സർക്കാർ ജോലിക്കാരനുമല്ലെ അതുകൊണ്ട് …..”

അത്രയും പറഞ്ഞുകൊണ്ട് ചെറുക്കനൊപ്പം വന്ന ഏതോ ഒരു കാരണവർ തലചൊറിഞ്ഞു. ഇത്രയും കേട്ട് പെൺകുട്ടിയുടെ അച്ഛൻ ഒരല്പം വിഷമത്തിലായി. അത്കണ്ട് ദേഷ്യം വന്ന മായാവി വേഗംതന്നെ മന്ത്രം ചൊല്ലിക്കൊണ്ട് മാന്ത്രികവടി ആ പെൺകുട്ടിക്ക് നേരെ നീട്ടി.

“എടൊ എഴുന്നേൽക്കേടോ താൻ എന്നെയാണോ കെട്ടുന്നത് അതോ എന്റെ സമ്പത്തിനെയോ , എന്റെ അച്ഛൻ എനിക്ക് ആവശ്യത്തിന് വിദ്യാഭ്യാസം തന്നിട്ടുണ്ട് ശ്രമിച്ചാൽ നല്ലൊരു ജോലിയും കിട്ടും. തനിക്ക് ഒരു സർക്കാർ ജോലി ഉണ്ടല്ലോ അതുപോരെ ജീവിക്കാൻ, എന്നിട്ടും തന്റെ വീട്ടുകാർ സ്ത്രീധനം ചോദിക്കുമ്പോൾ വേണ്ടെന്ന് പറയാൻ നാവില്ലേ തനിക്ക്. നാണമില്ലല്ലോ തനിക്കൊന്നും ഇപ്പോൾ ഇറങ്ങിക്കോണം ഇവിടെനിന്നും അല്ലെങ്കിൽ സ്ത്രീധനം മോഹിച്ചു വന്ന നിന്നെയൊക്കെ അടിച്ചോടിക്കും ഞാൻ.”

“എണീച്ചു വാടാ മോനെ ഇവൾ മാത്രമേ പെണ്ണായിട്ടുള്ളോ ഇതിനേക്കാൾ നല്ലപെണ്ണിനെ എന്റെ മോന് കിട്ടും ”

ഇത്രയും പറഞ്ഞുകൊണ്ട് പുച്ഛത്തോടെ ചെറുക്കന്റെ കൂടെവന്നവർ എഴുന്നേറ്റു പോയി. ഒന്നും മിണ്ടാതെ ചെറുക്കനും. അവർ പോയികഴിഞ്ഞിട്ടും മകളുടെ പെട്ടെന്നുള്ള ഭവമാറ്റത്തിൽ അമ്പരന്ന് നിൽക്കുകയായിരുന്നു അവളുടെ അച്ഛനും അമ്മയും.

“സാരമില്ല അച്ഛാ , എന്നെങ്കിലും പണത്തെ സ്നേഹിക്കാതെ എന്നെമാത്രം സ്നേഹിക്കുന്ന ഒരാൾ വരും, അതുവരെ നമുക്ക് കാത്തിരിക്കാം. അല്ലാതെ ഇവരെപോലുള്ളവരുടെ കുടുംബത്തിൽ ചെന്നുകേറിയാൽ ചിലപ്പോൾ ഞാനും സ്ത്രീധനത്തിന്റെ പേരിൽ ക്രൂശിക്കപെടുകയോ, മരണപെടുകയോ ചെയ്യും.”

തങ്ങൾ ശ്രദ്ധിക്കാതെ പോയ മകളുടെ പക്വതയും കാര്യബോധവും കണ്ട് ആ മാതാപിതാക്കളുടെ കണ്ണുനിറഞ്ഞു. ഒരു പെൺകുട്ടിയെ സ്ത്രീധനമോഹികളിൽ നിന്നും രക്ഷപ്പെടുത്തിയ സന്തോഷത്തോടെ മായാവി അവിടെനിന്നും തന്റെ കൂട്ടുകാരുടെ അടുത്തേക്ക് യാത്രയായി . എല്ലാം കേട്ടുകഴിഞ്ഞു രാജുവിനും രാധയ്ക്കും ഒരുപാട് സന്തോഷമായി.

“മായാവി നീ പറഞ്ഞത് ശരിയാണ്. എന്റെമകളും പഠിക്കട്ടെ അവൾക്കിഷ്ടമുള്ളത്രയും എന്നിട്ട് ഒരുജോലി വാങ്ങിയ ശേഷമേ ഇവളെ ഞാൻ വിവാഹം കഴിപ്പിക്കൂ.”

രാധയുടെ അമ്മയുടെ കണ്ണിൽ ആനന്ദ കണ്ണീർ നിറഞ്ഞു.

“എങ്കിൽ എനിക്ക് ഇപ്പോൾ വന്ന ആലോചന അമ്മതന്നെ വേണ്ടെന്ന് വെയ്ക്കുമല്ലോ അല്ലെ. ”

രാധയുടെ സംസാരം കേട്ടതും അവിടെയൊരു കൂട്ടച്ചിരി മുഴങ്ങി.

🔶🔶🔷ശുഭം 🔷🔶🔶

സ്ത്രീധനം കൊടുത്ത് മകളുടെ വിവാഹം നടത്തില്ലെന്നു പെൺകുട്ടികളുടെ വീട്ടുകാരും , സ്ത്രീധനം ചോദിച്ചു വരുന്ന കുടുംബത്തിലേക്ക് ചെന്ന് കയറില്ലെന്ന് പെൺകുട്ടികളും തീരുമാനിക്കുന്ന നാൾ സ്ത്രീധന പീഡനവും മരണവും ഇല്ലാതാകും. അതുപോലെ സ്ത്രീയാണ് ധനമെന്നും അതുകൊണ്ട്തന്നെ സ്ത്രീധനം വാങ്ങില്ലെന്ന് ചെറുക്കന്റെ വീട്ടുകാരും , വന്നുകേറുന്ന പെൺകുട്ടികൾ സ്വന്തം മക്കളാണെന്നും ചിന്തിക്കുന്നിടത്ത് എല്ലാപ്രശ്നങ്ങളും അവസാനിക്കും.സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ഓരോ വഴക്കും മരണവും നമുക്കൊരു വാർത്ത മാത്രമായിരിക്കും. എന്നാൽ അനുഭവിക്കുന്നവർക്കേ അതിന്റെ വേദന മനസിലാകൂ.

തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. ഇഷ്ടമായാലും ഇല്ലെങ്കിലും എനിക്കായ് ഒരുവരി……..