22/06/2026

അച്ഛന്റെയും അമ്മയുടെയും ഓമനയായിരുന്നു അവൾ എന്നിട്ടും

അച്ഛന്റെയും അമ്മയുടെയും ഓമനയായിരുന്നു അവൾ എന്നിട്ടും സുന്ദരനായൊരു പയ്യന്റെ കാപ്പിക്കണ്ണുകളിലും അവന്റെ സൗന്ദര്യത്തിലും അവൾ മയങ്ങിപ്പോയി, അവൻ അവളോട് ഇഷ്ടം പറയാൻ കാത്തിരിക്കുകയായിരുന്നു അവൾ അതുതന്നെ സംഭവിച്ചു. ആളൊഴിഞ്ഞ ഇടവഴിയിൽവെച്ച് മറ്റാരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയ അവൻ തന്റെ ഹൃദയം തൂലികയായി ഒരു കടലാസ്സിൽ എഴുതി അവൾക്ക് കൈമാറി.

വല്ലാത്ത പരവേശത്തോടെയാണ് അന്നവൾ വീട്ടിലെത്തിയത് കാരണം അതിന്റെ ഉള്ളടക്കം എന്തെന്ന് അറിയാനുള്ള ആകാംഷ. അതിലെ ഒരൊ അക്ഷരങ്ങളും ആഴ്ന്നിറങ്ങിയത് അവളുടെ ഹൃദയത്തിൽ ആയിരുന്നു അവന് തന്നോടുള്ള പ്രണയം അവൾക്കൊരു ലഹരിയായിരുന്നു.

സ്വന്തബന്ധങ്ങൾ ആരുമില്ലാത്ത സാമ്പത്തികമായി അവളെക്കാൾ താഴ്ന്ന നിലയിലുള്ള അവനോടുള്ള അവളുടെ പ്രണയം അച്ഛനും അമ്മയും പരമാവധി എതിർത്തുനോക്കി പക്ഷെ അവനോടൊപ്പം സ്വർഗതുല്യമായ ജീവിതം സ്വപ്നം കാണുന്നവൾ അതൊന്നും വകവെച്ചില്ല.

അവരോടൊക്കെ എതിർത്തുനിന്നു അവൾ പലപ്പോഴും വാക്കുകൾ കൊണ്ടവരോട് പടവെട്ടി നിരാഹാരം കിടന്നു പ്രതിഷേധിച്ചു. അവസാനം മകളോടുള്ള അഗാധസ്നേഹത്തിൽ അവർതന്നെ മുട്ടുമടക്കി.

അവനുമായുള്ള വിവാഹം നടത്തി,പ്രണയിച്ച പുരുഷനൊപ്പമുള്ള ആദ്യനാളുകൾ സന്തോഷത്തിലായിരുന്നു അവർ. അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് ഒരായിരം ആഗ്രഹങ്ങൾ പങ്കുവെച്ചു. അവനുതോന്നി ഈ ലോകത്തിലെ ഭാഗ്യവാൻ അവനാണെന്ന് കാരണം സ്നഹിചMളെത്തന്നെ സ്വന്തമാക്കിയല്ലോ.

ദിവസങ്ങൾ കടന്നുപോകെ അവൾ തിരിച്ചറിഞ്ഞു തുടങ്ങി പ്രണയിച്ച നാളുകൾപോലെ സുന്ദരമല്ല ദാമ്പത്യജീവിതം എന്ന്,അവിടെ പ്രണയം മാത്രം പോരെന്ന്.

മറ്റുള്ളവരുടെ സന്തോഷങ്ങളും സൗഭാഗ്യങ്ങളും അവളിൽ നിരാശ നിറച്ചു. പ്രണയത്തോടെയും സന്തോഷത്തോടെയും നേടിയെടുത്ത ജീവിതം തെറ്റായിരുന്നുവെന്ന് അവൾ ചിന്തിക്കാൻ തുടങ്ങി.

പ്രിയപ്പെട്ടവനു മുന്നിൽ സ്വയം സമർപ്പിച്ച സുന്ദരനിമിഷങ്ങൾ മായാണെന്നവൾ ഉറക്കെ അലറി, രാത്രിയിലെ രതിവേഴ്ചകൾ പോലും അവൾക്ക് അസഹ്യമായി, പതിയെ അവന്റെ സാമീപ്യം പോലും അവൾക്ക് വെറുപ്പായി.

അധികം വൈകാതെ അവൾ ഇല്ലാത്ത പ്രശനങ്ങളുണ്ടാക്കി ചെയ്യാത്ത കുറ്റത്തിന് അവനെ ശിക്ഷിച്ചുകൊണ്ട് ആ ബന്ധം എന്നെന്നേക്കുമായവൾ ഉപേക്ഷിച്ചു.

ആ വേദനയിൽ അവൻ തകർന്നുപോയി അവൾ സ്നേഹിച്ചത് തന്നെയല്ല എന്നവൻ തിരിച്ചറിഞ്ഞു, അവളുമൊത്തുള്ള ഒരൊ സന്തോഷ നിമിഷങ്ങളും അവനെ കുത്തിനോവിക്കാൻ തുടങ്ങിയപ്പോൾ മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടിയ അവൻ ഏതോ രാത്രിയുടെ യാമത്തിലൊരിക്കൽ ആ നാടുവിട്ടു മറ്റൊരിടത്തേയ്ക്ക് പോയി പ്രിയപ്പെട്ടവൾ നൽകിയ ഉണങ്ങാത്ത മുറിവുമായി.

ആദ്യമൊക്കെ വീട്ടുകാർ അവളെ കുറ്റപ്പെടുത്തിയെങ്കിലും പിന്നീടവർ അവൾക്കൊപ്പം നിന്നു കാരണം അവൾ അവരോടു പറഞ്ഞ കഥയിൽ അവനായിരുന്നല്ലോ വില്ലൻ മാനസികയും ശാരീരികവുമായി അവളെ പീഡിപ്പിച്ചു കൊണ്ടിരുന്നവൻ.

മാസങ്ങൾക്കകംതന്നെ അവൾ മറ്റൊരാളോട് അടുത്തു തുടങ്ങി വീടിനടുത്തു പുതിയതായി വന്നൊരാൾ.അവൾ അവനോടും അതെ നുണക്കഥകൾ ആവർത്തിച്ചു. അതുവിശ്വസിച്ച അവന് അവളോട് സഹതാപം തോന്നി പിന്നീടത് പ്രണയമായി പിരിയാൻ വയ്യെന്ന നിലയിൽ അവർ വിവാഹിതരായി, ഇപ്പോഴൊരു കുഞ്ഞ് വേണ്ടെന്നും ജീവിതം കുറച്ച് ആസ്വദിച്ചതിന് ശേഷം അതിനെക്കുറിച്ചു ചിന്തിച്ചാൽ മതി എന്നുള്ള അവളുടെ അഭിപ്രായത്തോട് അവൻ യോജിച്ചില്ല അതുകൊണ്ടുതന്നെ മനസില്ലാ മനസോടെ അവളൊരു കുഞ്ഞിന് ജന്മം നൽകി.

ലോകത്തെ തകർക്കാൻ വന്നൊരു മഹാമാരിയുടെ താണ്ഡവത്തിൽ തോറ്റുകൊടുക്കാൻ മനസ്സില്ലാതെ ലോകജനത പൊരുതാൻ തുടങ്ങി.അതിനിടയിൽ പലർക്കും വലിയ നഷ്ടങ്ങളുണ്ടായി, ജീവിതമാർഗമായ ജോലിപോലും കൈവിട്ടുപോയി. അതിൽ അവനും ഒരാളായി.

ഇതുവരെയുള്ള ആഡംഭരജീവിതം അതോടെ ദാരിദ്ര്യത്തിലേയ്ക്ക് കൂപ്പുകുത്തി അപ്പോഴൊക്കെ ഭാര്യയെയും കുഞ്ഞിനേയും പട്ടിണിക്കിടാതിരിക്കാനുള്ള വഴികൾ ചിന്തിക്കുകയായിരുന്നു അവൻ.

എന്നാൽ അവൾക്ക് അവനോട് വെറുപ്പായി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ നിൽക്കാൻ അവളാഗ്രഹിച്ചില്ല.

കുടുംബത്തിലും നാട്ടിലും അവനെയൊരു കഴിവ് കെട്ടവനാക്കി, അവൻ വാങ്ങിനൽകിയ മുഴുവൻ ആഭരങ്ങളും കുഞ്ഞുമായി അവിടെ നിന്നിറങ്ങി.അവന്റെ വിയർപ്പിന്റെ വിലയാണ് കൈയ്യിലിരിക്കുന്ന സ്വർണം എന്നവൾക്ക് അറിയാമെങ്കിലും ദുരാഗ്രഹം കാരണം സൗകര്യപൂർവം കണ്ണടച്ചു.

അവനൊപ്പം ഇനി ജീവിക്കില്ലെന്നും ആബന്ധത്തിൽ നിന്നൊരു മോചനം വേണമെന്നും അവൾ കട്ടായം പറഞ്ഞു. അതിനവൻ സമ്മതിച്ചില്ല കാരണം അവളോടുള്ള പ്രണയവും തന്റെ രക്തത്തിൽ പിറന്ന കുഞ്ഞും.

അവസാനം അവൾതന്നെ അതിന് മുൻകൈ എടുത്തു, മ്യൂച്ചൽ അല്ലാത്തതിനാൽ കേസ് കോടതിയിലായി. മാസങ്ങൾ കടന്ന് പോകുകയല്ലാതെ അതിലൊരു തീരുമാനം ഉണ്ടായില്ല.

അപ്പോഴും അവളോർത്തില്ല അവളായി ഈഭൂമിയിലേയ്ക്ക് കൊണ്ടുവന്ന കുഞ്ഞിനെ കുറിച്ചു, തന്റെ സ്വാർത്ഥതയ്ക്കുവേണ്ടി ആകുഞ്ഞിന്റെ അച്ഛനെയാണ് അവളിൽനിന്ന് പിരിക്കുന്നതെന്ന്. ജനിപ്പിച്ച അച്ഛൻ ജീവിച്ചിരിക്കെ അയാളുടെ കരുതലും സ്നേഹവും ആകുഞ്ഞിന് നഷ്ടപ്പെടുത്തുകയാണ് അവളെന്ന്.

ഒരു പാവം പെണ്ണിനെ ജീവിക്കാൻ അനുവദിക്കാത്ത ക്രൂരനായ ഭർത്താവിന്റെ കഥ നാട്ടിൽ പരന്നു.

ആരെയും വലയിലാക്കാൻ സഹതാപം നല്ലൊരു വഴിയാണെന്ന് അവൾക്കറിയാമായിരുന്നു അതിനൊപ്പം പണവും. വീണ്ടും മറ്റൊരാൾ അവളുടെ വലയിലായി. അവളെയും കുഞ്ഞിനേയും നോക്കാമെന്ന വ്യവസ്ഥയിൽ അവളവനെ വിലയ്ക്കെടുത്തു. കാരണം അവൻ സുന്ദരനായിരുന്നു തന്നെക്കാൾ ചെറുപ്പവും അതുമാത്രമല്ല ഇന്നല്ലെങ്കിൽ നാളെ അവന്റെ സാമ്പത്തികസ്ഥിതി മാറുമെന്നും താൻ ആഗ്രഹിക്കുന്ന ജീവിതം കൈയ്യെത്തി പിടിക്കാമെന്നും അവൾക്കുറപ്പുണ്ടായിരുന്നു.

കുറുക്കന്റെ കൗശലത്തോടെ ആ പെൺചിലന്തിയുടെ വലയിൽ അവൻ അകപ്പെട്ടു.

അപ്പോഴും അവൾ കാരണം ജീവിതം നഷ്ടപ്പെട്ട രണ്ട് പുരുഷന്മാർ ഇനിയെന്ത് എന്നറിയാതെ ഇരുട്ടിൽ തപ്പുകയായിരുന്നു.

NB : വെറുമൊരു കഥയായി മാത്രം കാണേണ്ട അതിനൊപ്പം എല്ലാ സ്ത്രീകളും ഇങ്ങനെയാണ് എന്നുമല്ല അർത്ഥമാക്കുന്നത്, ഇതുപോലുള്ളവരും ഒരുപാടുണ്ട്. ഇക്കാര്യത്തിൽ പുരുഷന്മാരും മോശക്കാരല്ല. ✌️