Karimizhi

The World of Malayalam Stories

Malayalam short stories

ഇന്നാളൊരൂസം അവൻ പറഞ്ഞതാ,

അല്പ ദിവസത്തെ പരിചയം കൊണ്ട് ഉറ്റ
ചങ്ങാതിയായി മാറിയ ആ ചെക്കൻ
മരിച്ചൂന്ന് കേട്ടപ്പോ എനിക്ക് നെഞ്ചിന് ഒരു
പെടപ്പായിരുന്നു….വിരലൊക്കെ വിറച്ച് വല്ലാണ്ടായി….

ആ ചെക്കനെ വല്യ തോതില് അറിയില്ല…
അവൻ പറഞ്ഞത് മാത്രം കേട്ടിട്ടുള്ള
അവൻ്റെ കുഞ്ഞി ജീവിതം മാത്രം അറിയാം….

ഇന്നാളൊരൂസം അവൻ പറഞ്ഞതാ,

” എൻ്റെ അമ്മയ്ക്ക് താലി കോർക്കാൻ
ഒരു മാലയില്ലടാ…അച്ഛൻ ഒരൂസം കുടിച്ച്
വന്നിട്ട് പൊട്ടിച്ചോണ്ട് പോയി….പൊന്നിൻ്റെ
മാല വാങ്ങാൻ ഞാൻ കൂലി പണിക്ക്
പോവാണ്ട്രാ….”

“എല്ലാരോടും ബുധനാഴ്ച കളറ് കുപ്പായം
ഇടാൻ പറഞ്ഞോണ്ട് എൻ്റെ അനിയത്തി
സ്കൂളില് പോണില്ലടാ…. ഉള്ളൊരു നല്ല
കുപ്പായം പള്ള കാണണ മാതിരി കീറി…
അവൾക്കും ഒരു നല്ല കുപ്പായം വാങ്ങണം….”

“അയലത്തെ വല്യ വീട്ടുകാര് ചെലപ്പോ
ബിരിയാണി വെയ്ക്കണ മണം വരും….
അമ്മ പറഞ്ഞ് കേട്ടതാ അത് ബിരിയാണീടെ
മണാത്രെ…. ഇന്ന് വരെ തിന്നിട്ടില്ല….”

” നല്ല മഴ പെയ്യണ രാത്രീല് അമ്മ കണ്ണ് കലങ്ങി,
പ്രാകി കൊണ്ട് പാത്രവും കൊണ്ട് ചോർച്ച
പിടിക്കാൻ നടക്കണ കണ്ടിട്ട് വല്ലാണ്ടായിട്ടുണ്ട്….
എങ്ങനേലും ചോരാത്ത ഒരു വീട് വെയ്ക്കണം
എനിക്ക്….”

“ഉമ്മറത്ത് ചാണകം മെഴുകണ കണ്ടിട്ട്
അപ്പുറത്തെ വീട്ടിലേക്ക് എത്തി നോക്കിയിട്ടുണ്ട്….
വല്ലാണ്ട് തെളങ്ങണ കല്ലാണത്രെ അവര്ടെ
ഉമ്മറത്ത്….”

“വല്ലപ്പോഴും കുടിച്ചോണ്ട് വരണ അച്ഛനും ഇപ്പൊ
വരാണ്ടായിടാ….”

ആ ചെക്കൻ വല്ലപ്പോഴും പറയണ ഇങ്ങനത്തെ
കാര്യങ്ങളെ എനിക്കും അറിയുള്ളു….

ആ ചെക്കൻ്റെ വീട്ടിലേക്ക് അടുക്കും തോറും
അവൻ്റെ അമ്മേടെ അലർച്ച കൂടി വരുന്നു…. അവസാനായിട്ട് ആ ചെക്കനെ ഇങ്ങനെ
കാണണ്ട എന്ന് തോന്നി….

തിരിച്ച് നടന്നപ്പോ വെറുതെ അങ്ങനെ
ഓർത്തു ഞാൻ,

“ആ ചെക്കൻ എന്തോരം ആഗ്രഹങ്ങളും,
സ്വപ്നങ്ങളുമാണ് വെറുതെയിട്ടിട്ട് പോയത്….
ആ ചെക്കനെ പരിചയപ്പെട്ടത് ഓർത്ത്
എന്തിനാ പിന്നേം വല്ലാണ്ടാവണത്….”

Jishnu Ramesan

LEAVE A RESPONSE