18/04/2026

നിന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന്?നിനക്ക് എത്രപറഞ്ഞാലും മനസിലാകില്ലേ,

രചന – മിഥിലാത്മജ മൈഥിലി

സ്പന്ദനം

“നിന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന്?നിനക്ക് എത്രപറഞ്ഞാലും മനസിലാകില്ലേ, നിന്നെയെനിക്ക് വെറുപ്പാണ്. ഈ ലോകത്തിൽ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരാൾ നീയാണ് നീ മാത്രം. ഇനിയെങ്കിലും എന്റെ ജീവിതത്തിൽ നിന്നൊന്ന് ഒഴിഞ്ഞു പൊയ്ക്കൂടേ?”

രുദ്രന്റെയാ വാക്കുകൾ പ്രതീക്ഷിച്ചിരുന്നതായിരുന്നിട്ടും നിരഞ്ജനയെ അത് വല്ലാതെ വേദനിപ്പിച്ചു. മിഴിനീർ തുള്ളികളെ വാശിയോടവൾ തുടച്ചുനീക്കി.

“ഇല്ല ഇനിയൊരിക്കലും ഒരു ശല്യമായി ഈ നിരഞ്ജന രുദ്രന് മുന്നിൽ വരില്ല, എങ്കിലും ഒന്നോർത്തോ നിന്നെ ഞാൻ പ്രണയിച്ചത് ആത്മാർത്ഥതയോടെ ആയത് കൊണ്ട് എന്റെ കണ്ണിൽ നിന്നൊഴുകുന്ന ഒരോതുള്ളി കണ്ണുനീരിനും താനൊരിക്കൽ കണക്ക് പറയേണ്ടി വരും, ഓർമയിൽ സൂക്ഷിച്ചു വെച്ചോ.”

അത്രയും പറഞ്ഞു കൊണ്ട് അവൻ അവളുടെ വിരലിൽ അണിഞ്ഞു കൊടുത്തിരുന്ന വിവാഹമോതിരമഴിച്ചു അവന് നേർക്കേറിഞ്ഞു കൊടുത്തു പിന്തിരിഞ്ഞു നോക്കാതെ അവൾ തിരിഞ്ഞു നടന്നു. അവൾ പോകുന്നത് പുച്ഛത്തോടെ നോക്കി നിന്നു അവൻ.അപ്പോഴാണ് അവന്റെ ഫോൺ റിങ്ങ് ചെയ്തത്. വിളിക്കുന്നത് ആവണിയാണെന്ന് കണ്ടതും അവൻ ഒരു പുഞ്ചിരിയോടെ ആ കാൾ അറ്റൻഡ് ചെയ്തു.

അതുവഴി പോയ ഒരു ഓട്ടോയിൽ കയറി നിരഞ്ജന ഹോസ്റ്റലിലേയ്ക്ക് പോയി.

യാത്രയിലുടനീളം അവളുടെ ചിന്ത രുദ്രനെ കുറിച്ചായിരുന്നു.

രണ്ട് വർഷങ്ങൾ പുറകിലേയ്ക്ക് അവളുടെ ഓർമ്മകൾ സഞ്ചരിച്ചു.

💙💙💙💙💙💙

അന്നാണ് നിരഞ്ജന ജോലിയ്ക്കായി പാലക്കാട്‌ നിന്ന് തിരുവന്തപുരത്ത് എത്തിയത്. അവൾ ജോലിയ്ക്ക് ജോയിൻ ചെയ്ത അതെ ഓഫീസിൽ തന്നെയായിരുന്നു രുദ്രൻ അന്ന് ജോലി ചെയ്തുകൊണ്ടിരുന്നത്.അവിടെ വെച്ചുതന്നെയായിരുന്നു അവർ തമ്മിൽ ആദ്യമായി കണ്ടുമുട്ടിയതും.

ആദ്യമൊക്കെ സൗഹൃദം മാത്രമായിരുന്നു അവർ തമ്മിലുണ്ടായിരുന്നതെങ്കിൽ പതിയെ പതിയെ രുദ്രന്റെ മനസ്സിൽ നിരഞ്ജനയോട് പ്രണയം മാത്രമായി.

“നിരഞ്ജന എനിക്ക് നിന്നോടല്പം സംസാരിക്കാനുണ്ട്.”

“അതിനെന്താ രുദ്രൻ, പറഞ്ഞോളൂ എന്താ കാര്യം?”

“അതിവിടെ വെച്ചു പറഞ്ഞാൽ ശരിയാകില്ല, വൈകുന്നേരം ഇവിടെ നിന്നിറങ്ങിയിട്ട് പറയാം.”

അവളതിന് സമ്മതിച്ചു, അന്ന് വൈകുന്നേരം അവർ ഒരുമിച്ചാണ് ഓഫീസിൽ നിന്നിറങ്ങിയത്. അവർ നേരെ ചെന്നത് അടുത്തുള്ളൊരു കോഫീഷോപ്പിൽ ആണ്.

“എന്താ രുദ്രൻ കുറെ നേരമായി നമ്മൾ ഇവിടേയ്ക്ക് വന്നിട്ട് തനിക്കെന്തോ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞിട്ട്…..?”

നിരഞ്ജന സംശയ രൂപേണ അവനെ നോക്കി.

“നിരഞ്ജന…..അത് അത്….. പിന്നെ എനിക്ക്….നിന്നോട് പറയാനുള്ളത് പിന്നെ….. ഞാൻ…..”

രുദ്രൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.

“എന്താണെങ്കിലും പറയ്.”

“അത് നിരഞ്ജനാ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.”

“നോക്ക് രുദ്രാ ഞാൻ ഇങ്ങോട്ട് വന്നത് ജോലിയ്ക്ക് വേണ്ടിയാണ്, പ്രണയിച്ചു നടക്കാൻ എനിക്ക് താല്പര്യമില്ല,മാത്രവുമല്ല എന്റെ അച്ഛനും അമ്മയും കണ്ടെത്തുന്ന ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ.ഇതല്ലാതെ വേറെന്തെങ്കിലും എന്നോട് പറയാനുണ്ടോ?”

“അയ്യോ എനിക്കും പ്രണയിച്ചു നടക്കാൻ താല്പര്യമില്ല, എനിക്കിപ്പോൾ വീട്ടിൽ വിവാഹലോചന നടക്കുന്നുണ്ട് അതുകൊണ്ട്തന്നെ തനിക്ക് എന്നെ ഇഷ്ടമാണെങ്കിൽ ഞാൻ എന്റെ വീട്ടുകാരെയും കൂട്ടി തന്റെ വീട്ടിലേയ്ക്ക് വരാം. ”

രുദ്രന്റെ വാക്കുകൾ ആത്മാർത്ഥമാണെന്ന് തോന്നിയപ്പോൾ നിരഞ്ജന അവളുടെ അച്ഛന്റെ നമ്പർ അവന് കൊടുത്തു.

“എന്റെ അച്ഛനോട് സംസാരിക്ക് എന്നിട്ട് അച്ഛന് ഇഷ്ടമായാൽ നമുക്ക് ആലോചിക്കാം.”

അതുംപറഞ്ഞവൾ അവിടെനിന്നും ഹോസ്റ്റലിലേയ്ക്ക് തിരിച്ചു.

അന്ന് രാത്രി ഉറങ്ങാൻ കിടക്കാൻ തുടങ്ങുമ്പോഴാണ് നിരഞ്ജനയെ അച്ഛൻ വിളിക്കുന്നത്,

“ഹലോ അച്ഛാ ഉറങ്ങിയില്ലേ, സമയം പത്തുമണി ആയല്ലോ?”

“ഇല്ല മോളെ, മോൾ ആർക്കെങ്കിലും എന്റെ നമ്പർ കൊടുത്തിരുന്നോ?”

“ഉവ്വ്‌ അച്ഛാ എന്റെ ഓഫീസിൽതന്നെ വർക്ക്‌ ചെയ്യുന്ന രുദ്രന് ഞാൻ കൊടുത്തിരുന്നു.എന്നെ ഇഷ്ടമാണെന്ന്. ഞാൻ പറഞ്ഞു അച്ഛനോട് സംസാരിക്കാൻ, പക്ഷെ ഇന്നുതന്നെ വിളിക്കുമെന്ന് ഞാൻ കരുതിയില്ല.”

“ആ പയ്യൻ എന്നെയിപ്പോൾ വിളിച്ച് വെച്ചതേയുള്ളു.അവന്റെ അച്ഛനും സംസാരിച്ചു, സംസാരിച്ചപ്പോൾ നല്ല കൂട്ടരാണെന്ന് തോന്നി, ആ പയ്യനെ കുറിച്ച് മോളുടെ അഭിപ്രായം എന്താ?”

“അങ്ങനെ കുഴപ്പമൊന്നും തോന്നിയിട്ടില്ല.”

“എങ്കിൽ നമുക്കിത് ആലോചിച്ചാലോ മോളെ?”

“അച്ഛന് ഇഷ്ടമായെങ്കിൽ ആലോചിച്ചോളൂ എനിക്ക് എതിർപ്പൊന്നുമില്ല.”

“എങ്കിൽ ശരി മോളെ മോളുറങ്ങിക്കോ, നാളെ ഓഫീസിൽ പോകേണ്ടതല്ലേ നാളെ അവർ വിളിക്കുമ്പോൾ ഞാൻ സമ്മതം അറിയിച്ചോളാം.”

“ശരിയച്ഛ അമ്മയോടും പറയണേ ഞാൻ നാളെ വിളിക്കാം.”

ഫോൺ ചാർജിലിട്ട് നിരഞ്ജന ഉറങ്ങാനായി കിടന്നു.

നിർത്താതെയുള്ള അലാറം ശബ്ദം കേട്ടാണ് അവൾ അടുത്ത ദിവസം ഉണർന്നത്. കുളിച്ച് റെഡിയായി അവൾ ഓഫീസിലേക്ക് തിരിച്ചു.ഓഫീസിനു മുന്നിൽതന്നെ നിരഞ്ജനയെയും പ്രതീക്ഷിച്ചു പുഞ്ചിരിയോടെ രുദ്രൻ നിൽപ്പുണ്ടായിരുന്നു. അവൾ അവനെനോക്കിയൊന്ന് പുഞ്ചിരിച്ചു

“എന്താ ഓഫീസിൽ കയറാതെ ഇവിടെത്തന്നെ നിൽക്കുന്നത്?”

“ഒന്നുമില്ല തന്നെയും കാത്ത് നിന്നതാ ഞാൻ. ഇന്നലെ രാത്രിതന്നെ ഞാൻ നിന്റെ അച്ഛനെ വിളിച്ചിരുന്നു.”

“അച്ഛൻ പറഞ്ഞിരുന്നു.”

അത് കേട്ടതും രുദ്രന്റെ കണ്ണുകൾ വിടർന്നു.

“എന്ത് പറഞ്ഞു, എന്നെ അവർക്ക് ഇഷ്ടമായോ?”

“അങ്ങനെ തോന്നി.എന്റെ അഭിപ്രായം ചോദിച്ചിരുന്നു.”

“എന്നിട്ട് താനെന്ത് പറഞ്ഞു?”

രുദ്രന് ആകാംഷ അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“എനിക്ക് കുറ്റം പറയാൻ ഒന്നുമില്ലല്ലോ?”

അവൾ അവനെ നോക്കി പുഞ്ചിരിയോടെയാണത് ചോദിച്ചത്.

“അപ്പൊ എന്നോടൊരു ഇഷ്ടമൊക്കെയുണ്ടല്ലേ?”

അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല.അപ്പോഴേക്കും അവർ ഓഫീസിനകത്തു എത്തിയിരുന്നു.

അവർ രണ്ടുപേരും അവരുടെ ജോലിതുടർന്നു.

അന്നുച്ചയ്ക്ക് ഭക്ഷണം കഴിക്കാനിരിക്കുന്ന നിരഞ്ജനയുടെ അരികിലായി രുദ്രൻ വന്നിരുന്നു.

“എന്റെ അച്ഛനിപ്പോൾ വിളിച്ചിരുന്നു നിന്റെ അച്ഛൻ നമ്മുടെ വിവാഹത്തിന് സമ്മതിച്ചുവെന്ന്.പിന്നെ എന്റെ അച്ഛനും അമ്മയ്ക്കും നിന്നെയൊന്നു കാണണമെന്ന്….”

അത്യധികം സന്തോഷമായിരുന്നു അവൾക്ക് അവന്റെ മുഖത്ത് കാണാനായത്.

“അതിനെന്താ അവരോട് പറഞ്ഞോളൂ നമുക്ക് ഈ സൺ‌ഡേ പുറത്തെവിടെയെങ്കിലും വെച്ച് കാണാമെന്ന്.”

“എങ്കിൽ നിന്റെയിഷ്ടം പോലെ ആകട്ടെ.”

ഞായറാഴ്ച്ച രാവിലെ കൃത്യസമയത്ത് തന്നെയവൾ അവൻ പറഞ്ഞ കോഫി ഷോപ്പിൽ എത്തി. അവിടെ അവളെ കാത്ത് അവനും അവന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.

അവൾ അവർക്കടുത്തായുള്ള കസേരയിൽ ഇരുന്ന് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.

ആദ്യകാഴ്ച്ചയിൽ തന്നെ അവർക്കും അവളെ ഇഷ്ടമായി.

പിന്നെ അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല രുദ്രനും നിരഞ്ജനയ്ക്കും. എല്ലാവരുടെയും സാന്നിധ്യത്തിൽ അവളുടെ നാട്ടിലെ ഒരു ഓഡിറ്റോറിയത്തിൽ വെച്ചുതന്നെ പരസ്പരം മോതിരമണിഞ്ഞു വിവാഹം നിശ്ചയിച്ചു വെച്ചു.

ഓഫീസിലും അവരുടെ കാര്യമറിഞ്ഞു, എല്ലാവർക്കും സന്തോഷമായി.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി. അപ്പോഴാണ് അവിടെയ്ക്ക് എച് ആർ മാനേജർ ആയി പുതിയൊരു പെൺകുട്ടി വരുന്നത്, അവൾ ആവണി.

എല്ലാവരോടും പെട്ടെന്ന്തന്നെ കൂട്ടായെങ്കിലും രുദ്രനോട് അവൾക്ക് ഒരു പ്രതേക താല്പര്യം ഉണ്ടായിരുന്നു. ഓഫീസിലെ പലരും രുദ്രന്റെയും ആവണിയുടെയും ബന്ധം മറ്റൊരു രീതിയിലാണെന്ന് നിരഞ്ജനയോട് പറഞ്ഞെങ്കിലും അവളതെല്ലാം ഒരു ചെറുചിരിയിൽ തള്ളികളഞ്ഞു, കാരണം അവൾക്ക് അവനോട് അത്രയും വിശ്വാസമായിരുന്നു.

പതിയെ പതിയെ രുദ്രൻ നിരഞ്ജനയിൽ നിന്നകന്നുതുടങ്ങി, അവളെ അവഗണിച്ചു തുടങ്ങി. കാര്യങ്ങളുടെ ഗതി നിരഞ്ജനയ്ക്ക് മനസിലായിതുടങ്ങി, ആവണിയും രുദ്രനും തമ്മിലുള്ള പാലക്കൂടികഴ്ചകളുടെയും തെളിവുകൾ അവൾക്ക് കിട്ടി. ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നിയെങ്കിലും അവൾ സംയമനം പാലിച്ചു.

“രുദ്രൻ എനിക്ക് നിന്നോട് സംസാരിക്കണം.”

“പ്ലീസ് നിരഞ്ജനാ നീ കാണുന്നില്ലേ ഞാൻ തിരക്കിലാണ്.”

“നിന്റെ തിരക്ക് എനിക്ക് മനസ്സിലാകുന്നുണ്ട്. ഇനിയും ഇങ്ങനെ പോയാൽ ശരിയാകില്ല, നമ്മുടെ കാര്യത്തിൽ ഒരു തീരുമാനമെടുത്തേ മതിയാകുള്ളൂ.”

അതുംപറഞ്ഞു നിരഞ്ജന പെട്ടെന്ന് അവിടെ നിന്ന് പോയി.

“എന്താണ് നിനക്ക് സംസാരിക്കാനുള്ളത്, വേഗം പറയ് എനിക്ക് പോയിട്ട് കുറച്ച് തിരക്കുണ്ട്. ”

വൈകുന്നേരം കോഫിഷോപ്പിൽ നിരഞ്ജനയെ കണ്ടതും രുദ്രൻ ചോദിച്ചു.

“ശരി പോയിട്ട് തിരക്കല്ലേ അതുകൊണ്ട് നേരിട്ട് കാര്യത്തിലേയ്ക്ക് വരാം ഞാൻ ആവണിയുമായി നിനക്കെന്താണ് ബന്ധം?”

“എന്ത് ബന്ധം അവളെന്റെ നല്ലൊരു സുഹൃത്താണ്. ”

“സുഹൃത്തോ? ആ ബന്ധത്തിന്റെ അർത്ഥം അറിയുമോ നിനക്ക്?”

പെട്ടെന്ന് നിരഞ്ജനയ്ക്ക് സ്വയം നിയന്ത്രിക്കാനായില്ല. അവളുടെ മാറ്റം രുദ്രനെ തെല്ലൊന്ന് ഞെട്ടിച്ചെങ്കിലും അവനത് പുറത്ത് കാണിച്ചില്ല.

“നിനക്ക് എന്താ സംശയരോഗം തുടങ്ങിയോ? ഇങ്ങനെ ആണെങ്കിൽ നമ്മൾ തമ്മിലുള്ള വിവാഹം വേണോ വേണ്ടയോ എന്ന് എനിക്കൊന്ന് ചിന്തിക്കേണ്ടിവരും.”

അവനത് പറഞ്ഞതിൽ അവൾക്കൊട്ടും ഞെട്ടൽ ഉണ്ടായില്ല, കാരണം നിരഞ്ജനയത് പ്രതീക്ഷിച്ചിരുന്നു.

“സംശയരോഗം എനിക്കല്ലെന്ന് ഇത് കാണുമ്പോൾ മനസിലാകും.”

അത്രയും പറഞ്ഞു നിരഞ്ജന തന്റെ ഫോണിലെ ആവണിയ്ക്കൊപ്പമുള്ള രുദ്രന്റെ ഫോട്ടോകൾ അവനെ കാണിച്ചു.

“ഇനി പറയ് എനിക്ക് നിന്നെ സംശയമാണോ,പരസ്പരം ശരീരങ്ങൾ പങ്കുവെയ്ക്കുന്നതാണോ ഇവളുമായി നിനക്കുള്ള സൗഹൃദം?”

അതുകണ്ടതും രുദ്രന്റെ മുഖം വിളറി വെളുത്തു.പെട്ടെന്നവൻ മുഖത്ത് ദേഷ്യം വരുത്തി.

“ഓഹ് അപ്പൊ നീയെന്റെ പുറകെ നടന്ന് ഓരോന്ന് അന്വേഷിക്കുകയായിരുന്നുവല്ലേ?

“ഞാൻ ആരുടെയും പുറകിൽ അന്വേഷണവുമായി വന്നിട്ടില്ല, ഇത് നിന്റെ ആവണി തന്നെയാണ് എനിക്കയച്ചു തന്നത്. ”

“എന്തായാലും നീയെല്ലാം അറിഞ്ഞല്ലോ അതുകൊണ്ട് ഇനിയൊന്നും എനിക്ക് നിന്നോട് പറയാനില്ല.”

പിന്നെയവൾക്ക് ഒന്നും കേൾക്കാനോ പറയാനോ ഇല്ലായിരുന്നു. ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ അവൾ തിരിഞ്ഞു നടന്നു.

💙💙💙💙💙💙

“മാഡം നിങ്ങൾ പറഞ്ഞ സ്ഥലമെത്തി.”

ഓട്ടോ ഡ്രൈവറുടെ വിളികേട്ടാണ് അവൾ ചിന്തയിൽ നിന്നുണർന്നത്.

കണ്ണുകൾ അമർത്തി തുടച്ച് വണ്ടിയിൽ നിന്നിറങ്ങി പൈസ കൊടുത്ത് അവൾ മുറിയിലേയ്ക്ക് നടന്നു.

‘ഇല്ല ഇനിയൊരിക്കലും കരയരുത്, കഴിഞ്ഞതെല്ലാം ഒരു ദുഃസ്വപ്നം മാത്രമാണ്.’

അവൾ സ്വയം മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.

അവൾ ബാഗെല്ലാം പാക്ക് ചെയ്തു വെച്ച് അച്ഛനെ ഫോൺ ചെയ്തു,

“എന്താ മോളെ നിനക്കിന്നു ഡ്യൂട്ടിയില്ലേ?”

“ഇല്ലച്ഛാ ഞാൻ പോയില്ല, ഇന്ന് ഞാൻ വീട്ടിലേയ്ക്ക് വരികയാണ് വൈകുന്നേരം എന്നെ വിളിക്കാൻ സ്റ്റേഷനിൽ വരുമോ?”

“എന്താ മോളെ പെട്ടെന്ന് ഇങ്ങനെ? എന്തെങ്കിലും കുഴപ്പമുണ്ടോ?”

“ഒന്നുമില്ല, ബാക്കിയൊക്കെ ഞാൻ വന്നിട്ട് സംസാരിക്കാം, അമ്മയോടും പറയണേ.”

നിരഞ്ജന വരുന്നതും കാത്ത് അവളുടെ അച്ഛൻ സ്റ്റേഷനിൽ അവളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

മകളെ കണ്ടതും ആ അച്ഛന്റെയും മുഖത്തൊരു സന്തോഷം തെളിഞ്ഞു.പക്ഷെ അവളുടെ കയ്യിലുണ്ടായിരുന്ന ലഗേജ്‌ കണ്ടപ്പോൾ അയാൾക്കെന്തോ തോന്നിയെങ്കിലും പുറത്ത് കാണിചില്ല.

വീട്ടിലെത്തിയ അവൾ മുറിയിൽ കയറി ഒന്ന് ഫ്രഷ് ആയിവന്നു. രാത്രി എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.

“എനിക്ക് നിങ്ങളോട് ഒരു പ്രധാനപെട്ടകാര്യം പറയാനുണ്ട്.”

അച്ഛനും അമ്മയും കിടക്കാനായി മുറിയിലേയ്ക്ക് പോകുമ്പോഴാണ് നിരഞ്ജനയത് പറഞ്ഞത്.

“എന്താ മോളെ എന്തെങ്കിലും പ്രശ്നമുണ്ടോ വന്നപ്പോൾ മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്തോ ഒരു വിഷമം ഉള്ളത് പോലെ.”

“അത് അമ്മേ വിഷമം ഉണ്ട്, നിങ്ങളോട് കാര്യങ്ങൾ എങ്ങനെയാണ് പറയേണ്ടത് എന്നോർത്തിട്ട്..”

“എന്ത് പറ്റി നിനക്ക്, എന്ത് വിഷമം ഉണ്ടെങ്കിലും ഈ അച്ഛനില്ലേ നിനക്ക്, നീ കാര്യം എന്താണെന്ന് പറയ്.”

“അത് അച്ഛാ ഞാൻ പറയുന്ന കാര്യങ്ങൾ കേട്ട് നിങ്ങൾ വിഷമിക്കരുത്. ”

“എന്റെ മോളെ നീയിങ്ങനെ ഞങ്ങളെ ആധികേറ്റാതെ കാര്യം പറയ് ഓഫീസിൽ എന്തെങ്കിലും…”

“ഓഫീസിൽ അല്ലമ്മാ എന്റെ ജീവിതത്തിലാണ്, രുദ്രൻ ആളാകെ മാറി, ഞാനിപ്പോൾ അയാൾക്ക് ആരുമല്ല.”

“മോളെന്തൊക്കെയാ ഈ പറയുന്നത്,എന്തായാലും തെളിച്ചു പറയ് അച്ഛൻ അവനോട് സംസാരിക്കാം.”

ആവണിയുമായുള്ള രുദ്രന്റെ ബന്ധത്തെകുറിച്ചും താനുമായുള്ള അവസാനകൂടിക്കാഴ്‌ചയുമെല്ലാം നിരഞ്ജന അവരോട് തുറന്നു പറഞ്ഞു.

“എന്റെ ദേവി ഞാനെന്തൊക്കെയാ ഈ കേൾക്കുന്നത്, അവൻ ഇങ്ങനെയൊരു ചതിയാനായിരുന്നോ?”

അവളുടെ അമ്മ നെഞ്ചിൽ കൈവെച്ച് കരയാൻ തുടങ്ങി.

“അച്ഛനെടുത്ത തീരുമാനം തെറ്റായി പോയല്ലോ മോളെ?”

“അതൊന്നും ആലോചിച്ച് അച്ഛൻ വിഷമിക്കേണ്ട, ഒരുതരത്തിൽ പറഞ്ഞാൽ ഇപ്പോഴിങ്ങനെ നടന്നത് നന്നായി എന്ന് തോന്നുന്നു, വിവാഹത്തിന് ശേഷമായിരുന്നെങ്കിലോ?”

“മോൾ പറഞ്ഞത് ശരിയാ, പക്ഷെ അമ്മയ്ക്കിത് സഹിക്കാൻ വയ്യ, എന്നിട്ടും നീയെങ്ങനെ……”

“വിഷമം ഇല്ലെന്ന് പറയുന്നില്ല, ആത്മാർഥമായി സ്നേഹിച്ചതല്ലേ ഞാൻ. പക്ഷെ അയാൾക്ക് വേണ്ടി ഞാൻ കരയില്ല അമ്മ.”

അവളുടെ വാക്കുകൾ ദൃഢമായിരുന്നു.

“മോളെ ഇതൊക്കെ അവന്റെ അച്ഛനും അമ്മയ്ക്കും അറിയുമോ?”

“എനിക്കതൊന്നും അറിയില്ല അച്ഛേ.”

“എന്തായാലും ഞാൻ നാളെ അവരെ വിളിച്ച് സംസാരിക്കാം, ഇതിൽ നിന്നും തലയൂരണമല്ലോ. മോൾ പോയി കിടന്നോളു.”

“അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം നിങ്ങളോട് ചോദിക്കാതെ ഞാൻ ജോലി രാജിവെച്ചിട്ടാണ് വന്നത്.”

അവൾ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞത്.

“ഒരുകണക്കിന് അത് നന്നായി മോളെ.”

അവൾ മുറിയിലേയ്ക്ക് പോയി, വെട്ടമണച്ചു കിടന്നു.

“ഏട്ടാ എന്നാലും നമ്മുടെ മോൾക്ക് ഈ ഗതി വന്നല്ലോ?”

“നീ വെറുതെ കരയാതെ ഉറങ്ങാൻ നോക്ക്, എന്തായാലും ഒരുകണക്കിനിതു ഇപ്പൊ അറിഞ്ഞത് നന്നായി അല്ലെങ്കിലോ.”

പിന്നെ അവരൊന്നും പറഞ്ഞില്ല. മകളുടെ അവസ്ഥയോർത്തു അവർ മിഴിവാർത്തു കിടന്നു.

അടുത്ത ദിവസം തന്നെ അയാൾ രുദ്രന്റെ അച്ഛനെ വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു.

ആദ്യമൊന്നും അവരത് വിശ്വസിച്ചില്ലെങ്കിലും തെളിവുകൾ കാണിച്ചപ്പോൾ അവരും തകർന്നുപോയി.

ദിവസങ്ങൾ പിന്നെയും കടന്നുപോയി, അവളുടെ കാര്യങ്ങളെല്ലാം മനസിലാക്കിയ ഒരു സുഹൃത്തിന്റെ സഹായത്തോടെ അവൾ മറ്റൊരു രാജ്യത്ത് ജോലി നേടി.

എപ്പോഴോ അറിഞ്ഞു രുദ്രൻ ആവണിയേ വിവാഹം കഴിച്ചുവെന്ന്, അപ്പോഴവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.

വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് ജോലിചെയ്ത ഓഫീസിലെ ഒരു സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനായാണ് പിന്നെ നിരഞ്ജന തിരുവനന്തപുരത്തേയ്ക്ക് വന്നത്.അന്ന് ഒപ്പം ജോലി ചെയ്ത എല്ലാവരും അവിടെയുണ്ടായിരുന്നു, എല്ലാവരോടും സംസാരിച്ചു പഴയ സൗഹൃദം പുതുക്കി.

വരനും വധുവിനും സമ്മാനവും നൽകി തിരികെയിറങ്ങുമ്പോഴാണ് രുദ്രനെ കാണുന്നത്, പണ്ടത്തെ രുദ്രനിൽ നിന്നും ഒരുപാട് മാറിപ്പോയിരുന്നു അയാൾ, കണ്ണുകളിൽ പഴയ തിളക്കമോ ചുണ്ടിലെ പുഞ്ചിരിയോ ഇന്നില്ല, പകരം തളംകെട്ടി നിന്നത് വിഷാദം മാത്രം.

“നിരഞ്ജനാ….”

രുദ്രനെ കണ്ടിട്ടും കാണാത്തത് പോലെ പോകാനൊരുങ്ങുമ്പോഴാണ് പുറകിൽ നിന്നൊരു വിളി.തിരിഞ്ഞു നോക്കാതെതന്നെ അവൾക്ക് മനസിലായിരുന്നു വിളിച്ചത് ആരാണെന്ന്.അവൾ തിരിഞ്ഞുനോക്കാതെ നടന്നു.

“നിരഞ്ജനാ പ്ലീസ് ഒന്ന് നിൽക്ക്…”

ഇത്തവണ അവൾ നിന്നു.

“നിരഞ്ജനാ നീയെന്താ എന്നെ കണ്ടിട്ടും മിണ്ടാതെ പോകുന്നത്?”

“മിണ്ടാൻ മാത്രം എന്താണ് നമുക്കിടയിൽ ഉള്ളത് രുദ്രൻ, പറയാനൊരു സൗഹൃദമെങ്കിലും ഉണ്ടോ?”

അവളുടെ മുഖത്ത് പുച്ഛമായിരുന്നു.

“എന്നോട് ക്ഷമിക്ക് നിരഞ്ജനാ എനിക്ക്…. എനിക്കൊരു തെറ്റ് പറ്റി അത് തിരിച്ചറിയാൻ എനിക്ക് രണ്ടുവർഷം വേണ്ടിവന്നു. നിരഞ്ജനാ നിന്റെ സ്നേഹമായിരുന്നു സത്യം അത് കാണാതെ ഞാൻ അവൾക്കൊപ്പം പോയി അവസാനം അവൾക്ക് എന്നെ മടുത്തു.അതിന്റെ ശിക്ഷ ഞാനിപ്പോൾ അനുഭവിക്കുന്നു.ഇപ്പോൾ ഞാൻ തനിച്ചാണ് എല്ലാവർക്കും മുന്നിൽ ഒരുകോമാളിയെപ്പോലെ.തന്റെ വിവാഹം കഴിഞ്ഞിട്ടില്ലല്ലോ ഇപ്പോഴും അതുകൊണ്ട് കഴിഞ്ഞതെല്ലാം മറന്ന്……”

“മതി നിർത്ത്,താൻ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് മനസിലായി, എല്ലാം മറന്ന് ഞാൻ തന്നെ വീണ്ടും സ്നേഹിക്കണം എന്നല്ലേ, അതിനി നടക്കില്ല.താൻ പറഞ്ഞത് സത്യമാണ് ഒരിക്കൽ തന്നെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. പിന്നെ ഇപ്പോഴത്തെ തന്റെ അവസ്ഥ അതിന് കാരണം താൻ തന്നെയാണ്, തന്റെ കഴിവില്ലായ്മ. പിന്നെ തന്നെ ഓർത്ത് വിഷമിച്ചിരുന്നതല്ല ഞാനിത്രയും കാലം, എന്നെ മനസിലാക്കി സ്നേഹിക്കുന്ന ഒരാൾ വരാൻ വേണ്ടി കാത്തുനിന്നതാണ്.”

“അപ്പൊ നീ വേറെ വിവാഹം കഴിക്കാൻ പോകുകയാണോ?”

രുദ്രന്റെ കണ്ണിൽ നിരാശയായിരുന്നു.

“ഞാനെന്തിന് വിവാഹം കഴിക്കാതിരിക്കണം, ആർക്ക് വേണ്ടി? എന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണ്,അടുത്ത്തന്നെ വിവാഹവും ഉണ്ടാകും.”

നിരഞ്ജന ഇടതു കൈയ്യിലെ മോതിരവിരൽ രുദ്രന് നേർക്ക് നീട്ടി.

“ നിഖിൽ മാധവ് ”

രുദ്രൻ മോതിരത്തിലെ പേര് വായിച്ച് എന്തോ ആലോചിച്ചു നിന്നു.

“ആലോചിക്കുന്നത് ശരിതന്നെയാണ്, ഇപ്പോൾ ഇവിടുത്തെ ഓഫീസിലെ മാനേജർ തന്നെ.”

അത് കേട്ടതും ഉമിനീർ വറ്റി രുദ്രന്റെ തൊണ്ടവരണ്ടു എന്നാൽ ഒരു വിജയിയുടെ ഭാവമായിരുന്നു നിരഞ്ജനയുടെ മുഖത്ത്.അവൾ തുടർന്നു,

“ദൈവം വിധിച്ചതെ നടക്കൂ, എനിക്ക് വിധിച്ചത് തന്നെപോലൊരുത്തനെയല്ല, അതുകൊണ്ട് ഞാൻ രക്ഷപെട്ടു. ഇനിയൊരിക്കലും തമ്മിൽ കണ്ടുമുട്ടാതിരിക്കട്ടെ.”

അത്രയും പറഞ്ഞു അവിടെനിന്നും അവൾ പോകുമ്പോൾ രുദ്രന്റെ തകർച്ച പൂർണമായിരുന്നു, അപ്പോൾ അതെല്ലാം കണ്ട് ഒരു പുഞ്ചിരിയോടെ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. മാറ്റാരുമല്ല നിഖിൽ മാധവ്.

💙💙💙💙💙💙

നഷ്ടപ്പെട്ടുപോയതിന്റെ വിലയറിയണമെങ്കിൽ നമുക്ക് അത്രമേൽ പ്രിയപ്പെട്ട ഒന്ന് നഷ്ടമാകണം….