രചന :ഗായത്രി സുരേന്ദ്രൻ
ഒരിയ്ക്കൽ ആഗ്രഹിച്ചതെന്തോ ലഭിക്കാതെ പോയതിന്റെ വാശി ആണോ തനിക്കയളോട്..
ഇപ്പോഴൊരു പ്രണയം മനസ്സിലില്ല ഉറപ്പ്…
പക്ഷേ നഷ്ടപ്രണയത്തിന്റെ മുള്ളുകൾ കുത്തി നോവിക്കുന്നിടത്തോളം തനിക്കയാളോട് സൗമ്യമായ് പെരുമാറാൻ കഴിയില്ല….അവൾ നിലത്തേയ്ക്ക് തളർന്നിരുന്നു. വെയിലിന്റെ ആധിക്യം അവളെ ഒന്നു കൂടി ദുർബലയാക്കി….”എവിടെയൊക്കെയോ തോൽപ്പിച്ചു കളഞ്ഞതല്ലേ തന്നെ…തോൽവിയുടെ കയ്പ്പു നീരുള്ളിൽ നിറയുവോളം ഞാൻ നിങ്ങളെ അകറ്റി നിർത്തും വിശ്വനാഥ്……”
തളർച്ച മിഴികളിൽ നിറയുവോളം അവൾ അവ്യക്തമായെങ്കിലും ആ വാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്നു…….ദിനങ്ങൾ പുലരിയിൽ വിരിഞ്ഞു വെയിൽ വരും മുന്നേയ്ക്കു കൂമ്പിയടയുന്ന പത്തുമണിപ്പൂവിന്റെ ആയുർദൈർഘ്യം പോലെ വളരെ വേഗം കടന്നു പോയ്ക്കൊണ്ടിരുന്നു….പാർവ്വതിയുടെ ആരോഗ്യം കണക്കിലെടുത്ത് അവളുടെ ഓപ്പറേഷൻ നടത്താനുള്ള ദിവസം വീണ്ടും മുന്നോട്ടു നീട്ടേണ്ടി വന്നു…അവൾക്കു ചെറുതായിട്ടു ശ്വാസതടസ്സം വന്നു തുടങ്ങിയിട്ടുണ്ട്…സ്പന്ദനയ്ക്കത് അറിയാമായിരുന്നു. പണ്ടേ ഉള്ളതാണ് ശ്വാസതടസ്സം അവൾക്ക്.
അവൾക്കു മാത്രമല്ല തനിക്കും പൊടി തട്ടുക പോലും വേണ്ട ജലദോഷം പിടിക്കുവാൻ….ആ തണുപ്പിനുള്ളിൽ കിടന്നാൽ വൈകാതെ അതു കൂടുകയേ ചെയ്യൂ……അവളെക്കുറിച്ചുള്ള ആധിയിൽ വെന്തു നീറുവാനും അവൾക്കു പരിമിതികളുണ്ടായി. ഉള്ളിൽ ഒരു കുഞ്ഞു ജീവൻ വളരുകയാണ്… മനസ്സിന്റെ അസ്ഥിരത അതിനെ ദോഷമായി ബാധിക്കും എന്ന് അറിയാവുന്നതു കൊണ്ട് കഴിയുന്നത്ര സംയമനം പാലിക്കുന്നു….
അയാളോടുള്ള അനിഷ്ടം എന്തിനാണ് ഒന്നുമറിയാതെ ഈ കുഞ്ഞിനോട് കാട്ടുന്നത്???
അവൾ ഒരോ ദിവസവും അനാഥത്വം എന്ന യാഥാർത്ഥ്യത്തെ അടുത്തറിയുകയായിരുന്നു…..
പറയുവാനും കേൾക്കുവാനും ആരുമില്ല എന്നുള്ളത് അവൾ അംഗീകരിച്ചു കഴിഞ്ഞു….എങ്കിലും ഒരു ചെറിയ ആശ്വാസം എന്ന നിലയ്ക്കു ഇടയ്ക്കൊക്കെയും വയറിൽ കൈകൾ വച്ചു പതുക്കെ അവളാ കുഞ്ഞിനോടു മനസ്സു തുറക്കുമായിരുന്നു….ഇടയ്ക്കൊക്കെ പാട്ടുകൾ പാടിയും കേൾപ്പിച്ചും ഇരിയ്ക്കുമ്പോൾ ആ തുടിപ്പ് തന്റെ ഉള്ളിൽ ഇരുന്നു തന്റെ ശബ്ദത്തിനായ് കാതോർക്കുന്നതായി തോന്നും….ഇടയ്ക്കെങ്കിലും ആ കുഞ്ഞിന്റെ മേൽ തനിയ്ക്കൊരിക്കലും അവകാശം ഉണ്ടാകുകയില്ല എന്ന യാഥാർത്ഥ്യം അവൾക്കുള്ളിൽ നിറയും പക്ഷേ അവളത് സൗകര്യപൂർവ്വം വിസ്മരിക്കുകയായിരുന്നു…രണ്ടു ദിവസം ആരും തന്നെ ഇങ്ങോട്ടേയ്ക്കു തന്നെ കാണാൻ ആയിട്ടു വന്നിട്ടില്ല…
അല്ലെങ്കിലും വരാനും കാത്തിരിയ്ക്കാനും ആരാണുള്ളത്??അവൾ ഇടനേരങ്ങളിൽ മുഴുവൻ എഴുതുവാൻ ആഗ്രഹിച്ചു. ഏറെയെന്തൊക്കെയോ പുസ്തകങ്ങളിൽകുറിച്ചിട്ടു….പഴയ കാലങ്ങളുടെ ഓർമ്മക്കുറിപ്പുകൾ പോലെ എന്തൊക്കെയോ..
അച്ഛനും പാറുവും അവളും ചേർന്ന ലോകം… അമ്മയുടെ സാന്നിധ്യം നിറയുന്ന മുറികൾ….ഓരോ വരികളും എഴുതുമ്പോൾ അവളിൽ കണ്ണീരു പൊടിഞ്ഞു….ജീവിതം ഇത്രമേൽ മാറിപ്പോയിട്ടും അവൾ ഭൂതകാലങ്ങളുടെ സുഖശീതളിമയിൽ തന്നെ കുടുങ്ങി കിടക്കാറുണ്ട് ചിലനേരം…..അന്നും എന്തൊക്കെയോ എഴുതിക്കൊണ്ട് ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു…ആരോ കതകു തുറന്നു അകത്തേയ്ക്കു പ്രവേശിക്കും പോലെ തോന്നി…
ഞൊടിയിടയിൽ തിരിഞ്ഞു നോക്കിയപ്പോൾ കണ്ണുകൾക്കു മുന്നിൽ അയാളായിരുന്നു. വിശ്വനാഥ്………
പഴയ നിസ്സംഗത തന്നെ ആയിരുന്നു ഇപ്പോഴും മുഖത്ത് നിറയുന്നത്.പതിവിനു വിപരീതമായി ഇത്തവണ വാതിൽക്കൽ നിന്നു അനുവാദം ചോദിക്കാതെ തന്നെ കടന്നു വന്നിരിക്കുന്നു…
കഴിഞ്ഞ തവണത്തെ വാഗ്വാദത്തിന്റെ ഓർമ്മയിൽ ആയിരിക്കണം….എങ്കിൽ പോലും തന്റെ വാശികൾക്കും ദേഷ്യങ്ങൾക്കും മുൻപിൽ ചെറുതായെങ്കിലും അയാൾ ഒന്നു കീഴടങ്ങുന്നുണ്ടെന്ന് അവൾക്കു തോന്നി….ആ ചിന്ത എന്തിനോ അവളുടെ മനസ്സു കുളിർപ്പിച്ചു……പഴയ പടി വിദ്വേഷമൊന്നും ഇപ്പോൾ തോന്നുന്നില്ല…ഒരോ നേരത്തും ഓരോരോ ചിന്തകളാണ് മനസ്സിനെ മഥിക്കുന്നത്.താനിപ്പോൾ എന്തിനാണ് ചിലസമയങ്ങളിൽ ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെടുന്നതും കരയുന്നതും എന്നത് ഓർത്തു പോകാറുണ്ട്. അറിയില്ല.
ഒത്തിരി ഉഴറി ഒടുക്കം മനസ്സിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടു പോയിട്ടുണ്ടാകും…”സർ…..”ആൾക്ക് അടുത്തേയ്ക്ക് നടന്നു കൊണ്ട് അവൾ സംഭാഷണത്തിനു തുടക്കമിട്ടു.ആ സ്പന്ദനാ…..
ഞാൻ….. ഞാൻ രണ്ടു ദിവസം വരാതിരുന്നത്, മനസ്സ് ശരിയല്ലായിരുന്നെന്ന് തോന്നി…വെറുതേ ഇവിടെ തന്നെക്കൂടി പ്രയാസത്തിൽ പെടുത്തേണ്ടെന്ന് തോന്നി.പിന്നെ ഞാൻ ഇല്ലെങ്കിലും ഇവിടെ യാതൊരു കുറവുംഉണ്ടാവില്ലഎന്ന്അറിയാംഎങ്കിലും…….ഡോക്ടർ ജീവ അദ്ദേഹം ഞങ്ങളുടെ അടുത്ത ബന്ധം കൂടെയാണ്.അദ്ദേഹം വിളിച്ചു പറഞ്ഞിരുന്നു എന്റെ സാമീപ്യം ഈ ഒരു ഘട്ടത്തിൽ ആണെങ്കിൽ പോലും കുഞ്ഞിനു തിരിച്ചറിയാൻ സാധിക്കും എന്ന്….അത് കുറച്ചു ആത്മബന്ധം ലഭിക്കാൻ സഹായിക്കും….
സിങ്കിൾ പാരെന്റ് അല്ലേ അപ്പോൾ എന്നോടെങ്കിലും അതിനു ഒരു അടുപ്പം കിട്ടിയില്ലെങ്കിൽ പിന്നെ എന്താണ് കാര്യം???…..”
അത്രയും ഇടവേളകൊളൊന്നും അനുവദിക്കാതെ അയാൾ പറഞ്ഞു തീർത്തു ഒരു ദീർഘനിശ്വാസത്തോടെ ഇരിപ്പിടത്തിലേക്കു അമർന്നു.അവൾക്കു തെല്ലൊന്നുമല്ല അത്ഭുതം തോന്നിയത്…..ഇന്നേവരെ സാധാരണ പോലെ തന്നോടു സംസാരിക്കാത്ത,
ഒരു നോക്കോ വാക്കോ പുഞ്ചിരിയോ തനിക്കു വേണ്ടി മാറ്റി വയ്ക്കാത്ത എല്ലായ്പ്പോഴും തന്നെ അവഗണിച്ചിരുന്ന ഒരു മനുഷ്യനാണ് ഇത്രത്തോളം മനസ്സു തുറന്നു ഇന്നു സംസാരിച്ചിരിയ്ക്കുന്നത്……
അവൾക്കു തന്റെ ഉള്ളിന്നുള്ളിൽ നിന്നും ചെറിയ സന്തോഷത്തിന്റെ മുകുളങ്ങൾ വിരിയും പോലെ തോന്നി.വേനലിൽ വീശിയ ചെറുതൊരു തെന്നൽ പോലെ……
അവളുടെ മനസ്സും ഒട്ടൊന്നു തണുത്തു. “സർ വരുന്നതിന് എനിക്കു പ്രയാസം ഉണ്ടെന്നു കരുതേണ്ട.
എപ്പോൾ വേണമെങ്കിലും കുഞ്ഞിനു വേണ്ടി ഇങ്ങോട്ടു വരാം.സർ എന്തുകൊണ്ടാണ് ഇപ്പോഴും എനിയ്ക്കടുത്തേക്ക് വരുവാൻ മടിക്കുന്നത് എന്നത് നമുക്കു രണ്ടു പേർക്കും നന്നായി അറിയാവുന്ന കാര്യമാണല്ലോ…….ഇനിയാ പ്രയാസം കരുതരുത്…..എനിക്ക് അടുത്തേയ്ക്കു വരുമ്പോൾ മനപ്രയാസം വയ്ക്കേണ്ടതില്ല. പക്വതയില്ലാത്ത പ്രായത്തിൽ…..എന്റെ ചിന്തകൾ…..അത് ഒരിക്കലും ഞാൻ ഇനി ന്യായീകരിക്കാൻ ശ്രമിക്കുന്നതല്ല.
നമ്മളെഴുതിയ പലതും കാലം മായ്ച്ചു കളയും. പുതിയ വരികൾ കുറിച്ചിടും..അങ്ങനെ ഒരേടാണ് അന്ന് എന്റെ മനസിന്റെ തോന്നലുകൾ.
അതിനെ കുറിച്ച് ഇനിയും സർ പഴയപടി എന്നോടു പെരുമാറരുത്.എനിക്ക് അതു വല്ലാത്ത വ്യഥയാണ് നൽകുന്നത്.മറക്കാൻ ശ്രമിക്കുന്ന പലതും ഉള്ളിൽ നിന്നും തികട്ടി വരും പോലെ….എന്നോടു തന്നെ അവജ്ഞ തോന്നും എനിക്ക്…..”വളരെ സംയമനത്തോടെ കരുതലോടെ സരളമായ് അവൾ അവൾക്കു പറയാനുള്ളത് പറഞ്ഞു തീർത്തു.ആ സമയം അവളുടെ സ്വരം വളരെയധികം നേർത്തു പോയിരുന്നു.
അവളുടെ കണ്ണുകളെ വിദഗ്ദ്ധമായി അയാളിൽ നിന്നും മറച്ചു വെച്ചു. അവൾ ഇമകൾ അനുസരണക്കേടു കാട്ടുമോയെന്നു ഭയന്നിരുന്നു….അത്രയെങ്കിലും അയാളുടെ മനസ്സിൽ നിന്നും പിരിമുറുക്കം അകന്നു പോകട്ടെ എന്നു കരുതി. താൻ കാരണം വിഷമിക്കരുത്.
പറയുന്നതത്രയും ഉള്ളിൽ നിന്നും തികട്ടി വന്നതു തന്നെ ആണ് എങ്കിലും തന്റെ മാത്രമായ ആ പഴയ പ്രണയം,അതൊരിക്കലും കൗമാരത്തിന്റെ ചാപല്യം മാത്രമായിരുന്നില്ല. അതിന് അതിനേക്കാളേറെ വ്യാപ്തി ഉണ്ടായിരുന്നു.പക്ഷേ അതിനെ ചൊല്ലി നാളിത്ര ആയിട്ട് അയാൾക്ക് ഒരു വേദന തോന്നരുതെന്നേ ആശിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്റെ ഉള്ളിന്നുള്ളിൽ നിറഞ്ഞ ഒന്നിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്…..
അവൾ തനിക്കായുള്ള കട്ടിലിന്റെ ഓരത്ത് അയാൾക്ക് അഭിമുഖമായി ഇരുന്നു.അയാളുടെ മുഖം കാറൊഴിഞ്ഞ വാനം പോലെ ശാന്തമായതായ് തോന്നി. തന്നിൽ നിന്നും വീണ്ടും ഒരു പ്രണയം കടന്നു വരുമോ എന്ന് അയാൾ ഇത്ര നേരവും ഭയപ്പെട്ടിരുന്നുവെന്ന് അവൾക്ക് തോന്നി…..അയാൾ ആദ്യമായി അവൾക്കായി അവൾക്കു നേർക്കു ദൃഷ്ടി പതിപ്പിച്ചു പുഞ്ചിരിച്ചു.ഏറെക്കാലം ആഗ്രഹിച്ചതാണാ പുഞ്ചിരിയ്ക്ക് അതാണിന്ന് തന്നിലേക്ക് എത്തിയത്. പക്ഷേ ഇന്ന് അതു ലഭിച്ചിട്ടും നിർവ്വികാരത മാത്രമാണ് തന്നിൽ…..അവളിൽ നിന്നും ജീവനില്ലാത്ത മന്ദസ്മിതം അയാൾക്കു തിരികെ ലഭിച്ചു…..”സർ,സാറിപ്പോഴും പഴയ കോളേജിൽ തന്നെ അല്ലേ….”വിഷയം മാറ്റാനെന്നോണം അവൾ ചോദ്യം തൊടുത്തു വിട്ടു.
“ഇല്ല, മാറി….അവിടെ…..പുതിയ ജോലി കിട്ടി നേരത്തെ എഴുതിയ പരീക്ഷയിൽ ഇവിടെ അടുത്തു തന്നെഗവൺമെന്റ്കോളേജിൽആണ്….സ്പന്ദനയോ?”ഡിഗ്രീ കഴിഞ്ഞു ബിഎഡ് ചെയ്തിരുന്നു. അച്ഛനും അതായിരുന്നു ഇഷ്ടം.കുറച്ചു ദൂരം ഉണ്ടായിരുന്നു കോളേജിലേക്ക്.ഹോസ്റ്റലിൽ ആയിരുന്നു.പിന്നെ അതു കഴിഞ്ഞു കുറച്ചു നാൾ പഠിപ്പിക്കാൻ പോയിരുന്നു വീടിനു അടുത്തുള്ള യു. പി സ്കൂളിൽ…..അത് ഇപ്പോ നിന്നു….”അവസാന വാക്കുകളിലേയ്ക്ക് എത്തുമ്പോഴേയ്ക്കും അവളുടെ ശബ്ദം ഇടറിപ്പോയി.വിശ്വനാഥിനും ഒരു വല്ലായ്മ തോന്നാതിരുന്നില്ല.അവന്റെ മുഖം സംശയങ്ങളാൽ നിറഞ്ഞു നിന്നു.
“അപ്പോ ഒരു സ്കൂളിൽ ടീച്ചർ ആയി കയറിയിരുന്ന താൻ എങ്ങനെ പിന്നെ ഇവിടെ….ഈ ഒരു പ്രവൃത്തിക്കു സന്നദ്ധത അറിയിച്ചു എന്ന് എനിക്ക് മനസിലാകുന്നില്ല സ്പന്ദനാ….”അവന്റെ ആകാംഷയോടെ ഉള്ള ചോദ്യത്തിൽ അവളുടെ ഭൂതകാലത്തിന്റെ ദുഖച്ഛവികൾ അവളിൽ വീണ്ടും നിറഞ്ഞു. ആ പെണ്ണിന്റെ കണ്ണുകളിൽ നീരു പൊടിഞ്ഞു….നോവോടെ ഇടവേളകളില്ലാതെ,
അവൾ അവളുടെ ജീവിതം പിടിച്ചുലച്ചു മറ്റൊരു തീരത്തേയ്ക്കു തിരിച്ച ജീവിത്തിന്റെ ചുഴിയെ, അവനു മുന്നിൽ അനാവരണം ചെയ്തു….ഓരോ വാക്കുകളിലും എങ്ങനെയോ അവളനുഭവിച്ച നോവും കലർന്നിരുന്നു. ഇടയ്ക്കെവിടെയൊക്കെയോ ഗദ്ഗദത്താൽ വാക്കുകൾ അവ്യക്തമാക്കപ്പെട്ടിരുന്നു.
എങ്കിൽപ്പോലും അവനെന്തെങ്കിലും പറയാനായി വാക്കുകൾക്കിടയിൽ അവൾ അവസരം നൽകിയില്ല.
പറഞ്ഞു തുടങ്ങിയപ്പോൾ അവൾക്കത് എങ്ങനെയെങ്കിലും ഒരു ചെവിയോടു പറഞ്ഞു തീർക്കണം എന്നു തോന്നി.അവളത് പറഞ്ഞവസാനിപ്പിച്ചപ്പോഴേയ്ക്ക് കാറൊക്കെയും പെയ്തു തോർന്നതു പോലെ മനസ്സിനു സ്വൽപം ആശ്വാസം തോന്നി.പറഞ്ഞു തീരും വരേയ്ക്കും അവൾ മറ്റൊന്നിനെപ്പറ്റിയും ചിന്തിച്ചില്ല. ഒരു നെടുവീർപ്പോടെ അവന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ ആണ് അവൾക്ക് ഇത്രമാത്രം പറയണമായിരുന്നോ എന്നു തോന്നിയത്….
വിശ്വനാഥ് പകച്ചിരിയ്ക്കുകയായിരുന്നു. അയാള് മുഖഭാവത്തിൽ നിന്ന് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവൾക്ക് തീരേ മനസിലായില്ല…..
അവനോടിത്ര പറഞ്ഞതു ബുദ്ധിമോശം ആയോ എന്ന് അവൾ സംശയിച്ചു.അപ്പോഴേയ്ക്കും അവൻ അവിടെ നിന്നും എഴുന്നേറ്റു ബാൽക്കണിയിലേക്കു നടന്നിരുന്നു…അവൾ ചിന്തകളും സംശയങ്ങളും ഒതുക്കി ഒന്നു കിടന്നു. അത്രയും ദിവസങ്ങളിൽ അവൾ അനുഭവിച്ച കണ്ടറിഞ്ഞതൊക്കെയും ഏറ്റു പറഞ്ഞു തീർത്തത് പോലെ അവളുടെ ഉള്ളം ശാന്തത കൈവരിച്ചു….നേർത്ത മയക്കത്തിലേയ്ക്ക് സ്പന്ദന പതിയെ ചാഞ്ഞു.അവളിൽ നിന്നും അകന്നു മാറാൻ ബാൽക്കണിയിലേക്ക് നടന്ന അയാളുടെ മിഴികൾ ചുവന്നു തുടങ്ങിയിരുന്നു.അതിൽ നേരിയ നനവു പടരും മുന്നേ ഇമകളടച്ച് മരക്കസേരയിലേക്ക് ചാഞ്ഞ്, വന്നു ചേർന്ന നോവിനെ തരണം ചെയ്യാൻ തന്നാലാവും വിധംഅയാൾശ്രമിക്കുകയായിരുന്നു…..
❤️❤️❤️
അൽപം അധികം സമയം ഉറങ്ങിപ്പോയതായി അവൾക്ക് തോന്നി…..കുറേനാൾ കൂടി സമാധാനമായി ഒന്നും ചിന്തിക്കാതെ മയങ്ങിയതാണ്.
അതിന്റെ ആശ്വാസം ഒത്തിരി ഉണ്ട്.വിടർന്ന കണ്ണുകളോടെ അവൾ ചുറ്റും മിഴിയയച്ചു.
കഥയും കേട്ടു ഒന്നും പറയാതെ ആൾ പോയോ??!!
കണ്ണുകൾക്ക് അയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.”താൻ എഴുന്നേറ്റോ?ഭക്ഷണം കഴിക്കേണ്ട സമയമൊക്കെ കഴിഞ്ഞു. ഉറങ്ങുക ആയതുകൊണ്ട് വിളിക്കാഞ്ഞതാണ്. ഭക്ഷണം ഞാൻ മേടിച്ചു വച്ചിട്ടുണ്ട്.എഴുന്നേറ്റു മുഖം കഴുകീട്ടു വാ…..”പിറകിൽ നിന്നും വാതിൽ തുറന്നു വരിക ആയിരുന്നു വിശ്വനാഥ്. കയ്യിൽ പാർസലുകൾ ഉണ്ട്.
അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു….
നൊടിയിൽ മുഖം കഴുകി തിരിച്ചു വന്നു അപ്പോഴേക്കും ആൾ എല്ലാം വിളമ്പിയിരുന്നു.”ഞാനും ഒന്നും കഴിച്ചിട്ടില്ല. ഒരുമിച്ചു കഴിക്കാം…
താൻ ഇരിക്കൂ…ഞാൻ ഈ കൈ ഒന്നു കഴുകി വരാം.”വാഷ് ബേസിനിനരികിലേയ്ക്ക് നടക്കാനൊരുങ്ങിയ അവന്റെ മുന്നിൽ തടസ്സം ആയി സ്പന്ദന കയറി നിന്നു.എന്താണെന്ന് അറിയാതെ അവൻ അവളെ നോക്കി…..”സഹതാപം ആണോ???അതു വേണ്ട സർ എനിക്ക്, അതെന്നെ കൂടുതൽ ദുർബലയാക്കും.ഒരു തളർച്ച വന്നാൽ താങ്ങു കിട്ടില്ല എന്ന് മനസ്സിലായാൽ പിന്നെ തളരില്ല.
ഇതു പോലെ സഹതാപം ചൊരിഞ്ഞാൽ മനസ്സിന്റെ ധൈര്യം ചോർന്നു പോകും. തളർന്നു പോകും.
അതുകൊണ്ട് പഴയപടി ഒന്നും മിണ്ടാതെ അകന്നു മാറി നിന്നാലും എനിക്ക് വിരോധമില്ല. പക്ഷേ സഹതാപത്തിന്റെ കണ്ണിലൂടെയുള്ള നോട്ടം അതെന്നെ പൊള്ളിക്കും…..”അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു എങ്കിലും ഉറച്ച ശബ്ദത്തോടെ തന്നെ പറഞ്ഞു നിർത്തി.മറുപടിക്കു പകരം അവനിൽ ആദ്യം ലഭിച്ചത് നിറഞ്ഞ പുഞ്ചിരി ആയിരുന്നു.
ഒന്നും മനസിലാകാതെ അവൾ അയാളെ നോക്കി.
അയാൾ അവളെ മറി കടന്നു കൈ കഴുകി വന്നു ഇരുന്നു അവളോടും ഇരിക്കാൻ കണ്ണുകൾ കൊണ്ടു കാട്ടി.അവളത് നിശബ്ദമായി അനുസരിച്ചു.”ഞാൻ എന്തിനാണെടോ തന്നോട് സഹതാപം കാണിക്കേണ്ടത്??ഇത് തന്റെ ജീവിതം അല്ലേ….ഏതൊരു ജീവിതത്തിലും കല്ലും മുള്ളും ഒത്തിരി ഏറെയുണ്ടാകും. അതിനെയൊക്കെ നമ്മൾ ഒറ്റയ്ക്കു തന്നെ നേരിടണം. കാരണം അത് നിന്റെ മാത്രം ജീവിതം ആണ്. നിന്റെ മാത്രം….നമ്മൾ ഓരോരുത്തരും ജനിച്ചു വീഴുന്നതു തന്നെ ഒക്കെയും സഹിക്കുവാനുള്ള കഴിവോടെ തന്നെയാ..
പക്ഷേ ചിലരത് ബോധപൂർവ്വം മറക്കും. അവിടെ ആണ് പ്രശ്നം.ഞാൻ തന്നോട് ഒരിയ്ക്കലും സഹതാപം കാട്ടില്ല. കാരണം താനത് അർഹിക്കുന്നില്ല തന്നെ.പിന്നെ ഇപ്പോ….എന്റെ പെരുമാറ്റം ആണ് നിന്റെ സംശയം എങ്കിൽ അത് മറ്റൊന്നും കൊണ്ടല്ല.
പഴയതെന്തൊക്കെയോ ഓർത്തു ഇനിയും സംസാരിക്കാതെ ഇരിക്കുന്നതു ശരിയല്ലെന്ന് തോന്നി.
തനിക്കും ഏറെക്കുറെ എനിക്കും ഇപ്പോൾ സംസാരിക്കുക എന്നത് വളരെ വലിയ ആശ്വാസം ആയിരിക്കും.ചെറിയ ജീവിതം അല്ലേ….തിരുത്തേണ്ടത് അപ്പപ്പോൾ തിരുത്തണം വൈകാൻ മാത്രം സമയം കിട്ടിയെന്ന് വരില്ല.സംസാരിക്കണം പക്ഷേ ഇനിയും ഈ ഭക്ഷണത്തിന്റെ മുന്നിൽ നിന്നു വെറുതെ സംസാരിച്ചാൽ അതു വല്ലാതെ തണുത്തു പോകും….എനിക്കു വിശപ്പുണ്ടേ…..”അവളുടെ ചുണ്ടുകൾ വിടർന്നു. കണ്ണുകളിൽ പ്രകാശം നിറഞ്ഞു.
ഏറെ നാളുകൾക്കു ശേഷം അവൾ മറ്റൊന്നും ആലോചിക്കാതെ സമാധാനമായി സന്തോഷത്തോടെ ഭക്ഷണം കഴിച്ചു…..അവളുടെ മനസ്സും അതിനകം നിറഞ്ഞിരുന്നു
………തുടരും…………
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)
©

by