20/04/2026

“ഇനി മുതൽ ഇവൻ ഇവിടെ കാണും ..” അച്ഛൻ എന്നോടും അമ്മയോടുമായി പറഞ്ഞു .

രചന – ബിന്ദു എൻ പി

ബന്ധങ്ങൾ
***********

അന്ന് വൈകുന്നേരം അച്ഛൻ വരുമ്പോൾ കൂടെ പത്തോ പണ്ട്രണ്ടോ വയസ്സ് തോന്നുന്ന ഒരു പയ്യനും ഉണ്ടായിരുന്നു ….

“ഇനി മുതൽ ഇവൻ ഇവിടെ കാണും ..” അച്ഛൻ എന്നോടും അമ്മയോടുമായി പറഞ്ഞു .

അതാരാണെന്ന് അമ്മ ചോദിച്ചു .. ഒന്നിരുത്തി മൂളിയതല്ലാതെ അച്ഛനൊന്നും പറഞ്ഞില്ല .. സ്വതവേ ഗൗരവക്കാരനായിരുന്നു അച്ഛൻ . ആ സംഭവത്തിന്റെ പേരിൽ അമ്മയും അച്ഛനും തമ്മിൽ എന്തൊക്കെയോ അസ്വാരസ്യങ്ങൾ
ഉണ്ടായി .

അതുകൊണ്ടാവണം അമ്മ ഒരിക്കലും അവനോട് മിണ്ടിയില്ല . ഞാൻ മിണ്ടുന്നത് അമ്മയ്ക്ക് ഇഷ്ടവുമായിരുന്നില്ല . അച്ഛൻ വീട്ടിലുള്ളപ്പോൾ എന്നെ അടുത്തു വിളിച്ച് “ഇവന്റെ പേര് ഗിരി എന്നാണെന്നും ഇവനെ നീ നിന്റെ ചേട്ടനെ പോലെ കാണണമെന്നും ഇനി മുതൽ ഗിരി ഇവിടെയാണ് താമസിക്കുന്നതെന്നും പറഞ്ഞു “…

അതുകേട്ട അമ്മ ദേഷ്യത്തോടെ എന്തോ പിറു പിറുത്തുകൊണ്ട് അകത്തേക്ക് പോയി.. അത് കണ്ട ഗിരിയേട്ടൻ സങ്കടത്തോടെ തല താഴ്ത്തി അച്ഛനരികിൽ നിന്നു . അച്ഛൻ വാത്സല്യത്തോടെ അവന്റെ മുടിയിൽ തലോടി ..

വീടിന്റെ മുറ്റത്തൊരു ഷെഡ് ഉണ്ടായിരുന്നു.. ഗിരിയേട്ടൻ എപ്പോഴും അവിടെയാണ് . അമ്മ കാണാതെ ഞാൻ അടുത്തു പോകും . അപ്പൊ ഗിരിയേട്ടൻ എന്നെ നോക്കിച്ചിരിക്കും . അമ്മ വഴക്ക് പറയുന്നത് കൊണ്ട് മിണ്ടാൻ പേടിയായിരുന്നു . എന്നാലും അമ്മയില്ലെങ്കിൽ ഗിരിയേട്ടൻ കഥകളൊക്കെ പറഞ്ഞു തരും .

അങ്ങനെ ഒരിക്കൽ പറഞ്ഞാണ് ഗിരിയേട്ടന്റെ കഥ ഞാൻ അറിഞ്ഞത് . ഗിരിയേട്ടന്റെ അമ്മ മരിച്ചുപോയതാണെന്നും അമ്മയുടെ മൃതദേഹത്തിനരികിലിരുന്ന് കരയുന്ന കുട്ടിയെ ആരും ഏറ്റെടുക്കാൻ തയ്യാറാവതത്തോടെ അച്ഛൻ കൂട്ടികൊണ്ട് വന്നതാണെന്നും . അത് പറഞ്ഞപ്പോ ഗിരിയേട്ടൻ കരഞ്ഞു . അമ്മ വരുന്നത് കണ്ടപ്പോൾ ഞാൻ വീട്ടിലേക്ക് ഓടിപ്പോയി .

എന്നാലും ഞാൻ ഓർത്തു ഈ അമ്മയ്ക്കെന്താ ഗിരിയേട്ടനോടൊന്ന് മിണ്ടിയാലെന്ന് . പക്ഷേ അമ്മ മിണ്ടാറേയില്ല .

അങ്ങനെയിരിക്കെ അച്ഛൻ ഗിരിയേട്ടനെ സ്കൂളിൽ ചേർത്തു . ഗിരിയേട്ടൻ പഠിക്കാൻ മിടുക്കനായിരുന്നു .. അമ്മ മിണ്ടാറില്ലെങ്കിലും ഭക്ഷണത്തിന്റെ ഒരു പങ്ക് ഗിരിയേട്ടന് കൊടുക്കാമായിരുന്നു . അതച്ഛനെ പേടിച്ചിട്ടാണെന്നെനിക്കറിയാം .

അങ്ങനെ വർഷങ്ങൾ കടന്നുപോയി . ഗിരിയേട്ടൻ നല്ല മാർക്കോട് കൂടി പത്താം ക്ലാസ്സ്‌ പാസ്സായി . അതറിഞ്ഞപ്പോ അച്ഛന് വല്ല്യ സന്തോഷമായിരുന്നു .എനിക്കും . അമ്മ മാത്രം എന്നത്തേയും പോലെ ഒന്നും മിണ്ടിയില്ല .. അങ്ങനെ ഗിരിയേട്ടൻ കോളേജിൽ ചേർന്നു . ഒഴിവ് നേരങ്ങളിൽ അച്ഛനെ സഹായിച്ചും കടകളിൽ പോയും തന്നാൽ ആവുന്ന ജോലികളൊക്കെ ഗിരിയേട്ടൻ ചെയ്യുമായിരുന്നു .കൂടെ രാത്രി കാലങ്ങളിൽ പാർട്ട്‌ ടൈം ജോബ് കൂടെ ചെയ്യാൻ തുടങ്ങിയിരുന്നു ഗിരിയേട്ടൻ .

അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു.. അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല .. ഞാൻ മുറ്റമടിക്കുമ്പോഴാണ് ഷെഡ്‌ഡിലിരിക്കുകയായിരുന്ന അച്ഛൻ കുഴഞ്ഞു വീണത് . എന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഗിരിയേട്ടൻ ഉടനെ കൃത്രിമ ശ്വാസം നൽകുകയും അച്ഛനെ കോരിയെടുത്ത് റോഡിലേക്കോടുകയും ചെയ്തു ..വേഗം തന്നെനാട്ടുകാരുടെ സഹായത്തോടെ ഒരു വണ്ടി വിളിച്ച് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു . അച്ഛനെ ഉടനെ ഐ സി യു വിൽ പ്രവേശിപ്പിച്ചു .. വിവരമറിഞ്ഞ അമ്മ നിലവിളിച്ചു കൊണ്ട് ആശുപത്രിയിൽ എത്തി .. അപ്പോൾ എല്ലാവരും ഐ സി യു വിന് മുന്നിൽ നിൽക്കുകയായിരുന്നു .പുറത്തു വന്ന ഡോക്ടർ പറഞ്ഞു .. ഇപ്പൊ പേടിക്കാനൊന്നുമില്ല .. അപകട നില തരണം ചെയ്തിട്ടുണ്ട് … ഇവിടെ എത്താൻ അല്പ്പം താമസിച്ചിരുന്നുവെങ്കിൽ .. ഡോക്ടർ അർദ്ദോക്തിയിൽ നിർത്തി ..

അതുകേട്ട അമ്മ കരഞ്ഞുകൊണ്ട് ഗിരിയേട്ടന്റെ നേരെ കൈകൂപ്പി .. എന്നിട്ട് പറഞ്ഞു “എന്നോട് ക്ഷമിക്കൂ മോനെ .. നീ ഇല്ലായിരുന്നുവെങ്കിൽ …”

അരുത് അമ്മേ എന്ന് പറഞ്ഞുകൊണ്ട് ഗിരിയേട്ടൻ അമ്മയെ ചേർത്ത് പിടിച്ചു .. ആ വിളി കേട്ടതോടെ ഗിരിയേട്ടനെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ പൊട്ടിക്കരഞ്ഞു . ആ കാഴ്ച കണ്ടു നിന്ന ഞാനും അപ്പോൾ കരയുകയായിരുന്നു …