08/04/2026

പ്രിയേ പ്രാണനേ : ഭാഗം 12

രചന – ജിഫ്ന നിസാർ

സുജ വന്നു കുലുക്കി വിളിക്കുമ്പോഴാണ് പ്രിയ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്.

“എന്തുറക്കമാ പെണ്ണെ.. സമയം മൂവന്തിയായി. എഴുന്നേറ്റേ.. ഇനി രാത്രിയിൽ എന്തോ ചെയ്യും നീ?”
നടുവിന് കൈ കുത്തി തന്റെ അരികിൽ നിന്ന് പറയുന്ന അമ്മയെ നോക്കി പ്രിയ പിന്നെയും അതേ കിടപ്പ് തുടർന്നു.

“വയ്യേ നിനക്ക്.. ഈ കിടത്തമൊന്നും പതിവില്ലാത്തതാണല്ലോ?”
ആധിയോടുള്ള ചോദ്യത്തോടൊപ്പം തന്നെ തണുപ്പുള്ള ആ കൈകൾ കൂടി നെറ്റിയിൽ അമർന്നു.

“ഒന്നുമില്ലമ്മേ.. വല്ലാത്തൊരു ക്ഷീണം.ഉറങ്ങാൻ വേണ്ടി കിടന്നതൊന്നുമല്ല. അങ്ങുറങ്ങി പോയതാ”

പ്രിയ എഴുന്നേറ്റു കൊണ്ട് അസ്‌ജിഞ്‌ലഞ്ജ് കിടക്കുന്ന മുടിയിഴകൾ വാരി പിടിച്ചു കെട്ടി കൊണ്ട് പറഞ്ഞു.

“ഓടി പാഞ്ഞു നടന്നിട്ട് കണ്ണ് തട്ടിയതാവും. ഇങ്ങട് എഴുന്നേറ്റു വന്നേ നീ. ഞാനിച്ചിരി ഉപ്പും മുളകും ഉഴിഞ്ഞിടട്ടെ ”

എല്ലാ അമ്മമാരെയും പോലെ… സുജ മകളുടെ മാറ്റത്തെ മറ്റുള്ളവരരുടെ കരിങ്കണ്ണിന്റെയും നാവിന്റെയും പറ്റിലേക്ക് ചേർത്തെഴുതി.

“ഇനിയും മടി പിടിച്ചു കിടക്കാതെ വാ..”
വീണ്ടും കിടക്കയിൽ അനങ്ങാതെയിരിക്കുന്ന പ്രിയയെ നോക്കി ഒന്നൂടെ ഓർമ്മിപ്പിച്ചിട്ടാണ് സുജ മുറിയിൽ നിന്നിറങ്ങി പോയത്.

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു വെറുതെയൊന്ന് കയറി കിടന്ന താൻ ഇത്രേം നേരം കിടന്നുറങ്ങി പോയോയെന്ന് പ്രിയ ജനലിൽ കൂടി കാണുന്ന പുറത്തെ ഇരുട്ടിലേക്ക് നോക്കിയാണ് വിലയിരുത്തിയത്.

അമ്മ പറഞ്ഞത് ശരിയാണ്.

ഉച്ചമയക്കമൊന്നും ശീലമില്ലാത്തതാണ്.

ലീവുള്ള ദിവസങ്ങളിൽ പോലും ഓരോന്നും ചെയ്തു കൊണ്ട് നടക്കും.

അടുക്കളയിൽ നിന്നും സുജ വീണ്ടും നീട്ടി വിളിക്കുന്നത് കേട്ടാണ് പ്രിയ കിടക്കയിൽ നിന്നും താഴെക്കിറങ്ങിയത്.

ആകെയൊരു മന്ദതയുണ്ട്.
അത് ഉറക്കം സമ്മാനിച്ചതാണ്.
അതത്ര പെട്ടന്നൊന്നും വിട്ടോഴിഞ്ഞു പോവുകയുമുണ്ടാവില്ല എന്നുറപ്പുണ്ട്.

പുറത്തേക്കിറങ്ങി മുഖവും കയ്യും കാലും കഴുകി വന്നവളെ പിടിച്ചു നിർത്തി എന്തൊക്കെയോ മന്ത്രിച്ച് കൊണ്ട് ഉഴിഞ്ഞിടുന്ന അമ്മയെ പ്രിയ ചിരിയോടെയാണ് നോക്കിയത്.

“വളഞ്ഞ നെല്ലിലേക്കിനി വെള്ളം തിരിച്ചിട്ടെന്തിനാ അമ്മാ”

പ്രിയ ചിരിയോടെ സുജയെ നോക്കി പറഞ്ഞു.

“മിണ്ടാതെയിരിയെടി..”
സുജ കണ്ണുരുട്ടി കയ്യിലുള്ളത് കനലുള്ള അടുപ്പിലേക്കിട്ട് അവളെ നോക്കി കണ്ണുരുട്ടി.

അടുക്കള മൊത്തത്തിലൊന്ന് പുകഞ്ഞതും മകളുടെ മേലുള്ള ദൃശ്ടി ദോഷം മാറിയെന്നു ആശ്വാസിക്കുന്ന സുജയുടെ മുഖം.

പ്രിയക്കപ്പോഴും ചിരി വന്നു.

“ചേച്ചി എവിടെ.. ഒച്ചയെന്നും കേൾക്കുന്നില്ലല്ലോ?”
ഒരു ഗ്ലാസ് എടുത്തിട്ട് അതിലേക്ക് ചായയെടുത്തു കൊണ്ട് പ്രിയ ചോദിച്ചു.

“അവളാ തയ്യൽ മെഷീനിനരികിൽ കാണും. അത് നോക്കി ഇരുന്നാ അവൾക്ക് മതിയാവില്ലല്ലോ?”

സുജയുടെ സ്വരം ഇടറി.

“ഒരു കറന്റിന്റെ മെഷീൻ കിട്ടിയാ കാല് വയ്യെങ്കിലും തയ്ച്ചെടുക്കാ ന്ന് കുറെയായി അവള് പറയുന്നുണ്ട്..”

എന്തോ ജോലിക്കിടയിൽ സുജ പ്രിയയെ നോക്കി പറഞ്ഞു.

“എനിക്കറിയാം അമ്മേ. എന്നോടും പറഞ്ഞിരുന്നു ”
പ്രിയയും പതിയെ പറഞ്ഞു.

“അതങ്ങു വാങ്ങിച്ചു കൊടുത്താ അതിന്റെ ഒറ്റപ്പെടൽ കുറേ കുറഞ്ഞു കിട്ടുമല്ലോ..?”
സുജ പ്രിയക്ക് നേരെ തിരിഞ്ഞു.

“അതിനത്ര ലക്ഷങ്ങളൊന്നും വേണ്ടമ്മേ. ഇനി വേണമെങ്കിലും ചേച്ചിക്ക് സന്തോഷമാവുമെങ്കിൽ ഞാനത് എങ്ങനേലും വാങ്ങിച്ചു കൊടുക്കുകയും ചെയ്യുമെന്ന് അമ്മക്കറിയാലോ?”

സുജ പ്രിയയെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
“ആ വയ്യാത്ത കാലും വെച്ചവള് ജോലിയൊന്നും ചെയ്യേണ്ടന്ന് കരുതിയല്ലേ ഞാൻ..”

പ്രിയയുടെ സ്വരത്തിലും സങ്കടം നിറഞ്ഞു.
“നല്ലൊരു ഡോക്ടറെ കാണിച്ചാ മാറാവുന്ന അസുഖമുള്ളു ഇപ്പോഴവൾക്ക്.. ഞാനതിനു ആവതും ശ്രമിക്കുന്നുമുണ്ട്. ഇനിയും ഓരോന്നും ചെയ്തു ആ മാറുമെന്നുള്ള പ്രതീക്ഷ.. അത് തകർക്കാൻ വയ്യാഞ്ഞിട്ടാ അമ്മേ.. അതാണ്‌ ഞാൻ അവളുടെ ആ ആവിശ്യം അംഗീകരിച്ച് കൊടുക്കാത്തത്..”

പ്രിയ ഒരു നെടുവീർപ്പോടെ പറഞ്ഞു.

“ഈ അമ്മയ്ക്ക് ഇതെന്താ.. അവൾക്കിപ്പോ തന്നെ സഹിക്കാവുന്നതിന്റെ അതികം ബാധ്യതകളുണ്ട്.. അതിനിടയിൽ..”
അവരുടെ സംസാരമെല്ലാം കേട്ട് അങ്ങോട്ട്‌ വീൽ ചെയർ ഉരുട്ടി വന്ന പത്മ പറഞ്ഞത് കേട്ട് രണ്ടു പേരും തിരിഞ്ഞു നോക്കി.

പ്രിയ എഴുന്നേറ്റു കൊണ്ടവളുടെ വീൽചെയർ അടുക്കള വാതിൽപടിയിൽ നിന്നും അൽപ്പം പൊക്കി അവരുടെ അരികിലെത്തിച്ചു.

“അമ്മ പറയുന്നതൊന്നും നീ കാര്യമാക്കണ്ട പ്രിയേ.. ഞാൻ.. ഞാൻ വെറുതെ പോയിരിക്കുന്നതാ മെഷീനിനരികെ ”

പത്മ പ്രിയയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“എനിക്കറിയാം ചേച്ചി. അമ്മ പറഞ്ഞില്ലേലും എനിക്കറിയാലോ ഈ മനസ്സ് ”
പ്രിയ പത്മയെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

പത്മ ഒന്നും പറയാതെ സുജയെ നോക്കി.

അവരെ രണ്ടു പേരെയും നോക്കി നിൽപ്പാണവർ.

“പക്ഷേ എനിക്ക് പേടിയായിട്ടാ ചേച്ചി. ഇപ്പൊ നല്ലൊരു ഡോക്ടറെ കണ്ട് ചികിത്സാ നടത്തിയ ചേച്ചിക്കും പഴയ പോലെ നടക്കാലോ. നമ്മടെ അനാസ്ഥ കൊണ്ട് ഇനിയും വേറെ വല്ല വയ്യാ വേലിയും. സത്യമായും ഞാൻ അതോർത്തിട്ടാ ചേച്ചി ”

പ്രിയ പത്മയുടെ കയ്യിൽ അമർത്തി പിടിച്ചു.

“ഹാ.. നീയത് വിടടി.”

പത്മ സങ്കടം മറച്ചു വെച്ച് കൊണ്ടവളെ നോക്കി ചിരിച്ചു.

ഉള്ളിലെ കരച്ചിൽ മറച്ചു പിടിച്ചു ചിരിക്കുന്ന മക്കളെ നോക്കവേ സുജയുടെ ചങ്കിലൊരു കരച്ചിൽ ചുവച്ചു.

“വെറുതെയിരുന്നിട്ട് നീയിങ്ങനെ ഓടി പാഞ്ഞു നടക്കുന്നത് കാണുമ്പോഴുള്ള ഒരു സങ്കടം. അത്രേം ഉള്ളു പ്രിയേ..”

പത്മ വീണ്ടും സ്വയം പിടഞ്ഞു കൊണ്ട് അനിയത്തിയെ ആശ്വാസിപ്പിച്ചു.

“പക്ഷേ.. ഞാനിനി എണീക്കുമെന്നും നടക്കുമെന്നൊന്നും വെറുതെ നീ സ്വപ്നം കാണരുത്. അതിന് വേണ്ടി എടുത്താൽ പൊങ്ങാത്ത ഭാരം തലയിൽ കയറ്റി വെക്കുകയും ചെയ്യണ്ട.ഇതിങ്ങനെ തന്നെ പോട്ടെ. എണീറ്റ് നടന്നാലും ഇല്ലേലും എന്റെ ജീവിതത്തിലിനി എനിക്ക് വല്ല്യ പ്രതീക്ഷകളൊന്നും തന്നെയില്ല ”

വിളറിയ ഒരു ചിരിയുണ്ടായിരുന്നു അത് പറയുമ്പോൾ പത്മയുടെ മുഖം നിറയെ.

പ്രിയ അവളോട് എന്ത് പറയണം എന്നറിയാതെ സുജയെ നോക്കി.
സുജയാവട്ടെ നിറഞ്ഞ കണ്ണുകൾ അവർ കാണാതിരിക്കാൻ വേഗം തിരിഞ്ഞ് നിൽക്കുകയാണ് ചെയ്തത്.

“പക്ഷേ നിനക്കൊരു ജീവിതം വേണം പ്രിയേ. ഈ നരകത്തിൽ നിന്നും നീ രക്ഷപെട്ടു പോയിട്ട് വേണം എനിക്കും അമ്മക്കുമൊന്ന് സമാധാനത്തോടെ ശ്വാസമെടുക്കാൻ. അല്ലേ അമ്മേ?”

കുഞ്ഞൊരു ചിരിയോടെ പത്മ സുജയോടെ വിളിച്ചു ചോദിച്ചു.

അവരപ്പോഴും മക്കളെ നോക്കിയില്ല.

“ഇങ്ങനൊന്നും പറയല്ലേ ചേച്ചി. നിന്റെ ജീവിതമല്ല പോയത്. നിന്നെ ചുറ്റി വരിഞ്ഞ ആ ഇത്തിൾകണ്ണിയില്ലേ.. അതാണ്‌ പിഴുതു മാറ്റേണ്ടത്…”
പ്രിയയുടെ മുഖത്തു നിറയെ അനൂപിനോടുള്ള ദേഷ്യം നിറഞ്ഞു.

പത്മ അതിനുത്തരമൊന്നും പറഞ്ഞില്ല.

അനൂപിനെ ഓർക്കുമ്പോൾ അവളുടെ ദേഹം മൊത്തത്തിൽ വേദനിച്ചു നീറുന്നുണ്ടായിരുന്നുവപ്പോഴും…

❣️❣️

“ഇന്നെന്താണ് മുത്തച്ഛ… കഴിക്കാനൊന്നും വരുന്നില്ലേ?”
ആദി അതും ചോദിച്ചു കൊണ്ടാണ് മുറിയിൽ കിടക്കുകയായിരുന്നു മാധവൻ മാഷിന്റെ അരികിലെത്തിയത്.

“എന്തേ..ഈ നേരത്തൊരു കിടപ്പ്. വയ്യേ?”
മാഷ് കിടക്കുകയാണെന്ന് കണ്ടതും ആദി അയാളുടെ അരികിലിരുന്നു കൊണ്ട് നെറ്റിയിൽ കൈ വെച്ച് നോക്കി.

“ഒരു സുഖമില്ലെടാ ആദി. ചെറിയൊരു പനിക്കോള് വരുന്നുണ്ടോ ന്നൊരു സംശയം ”

മാഷിന്റെ ശബ്ദം ചെറുതായി അടഞ്ഞു പോയിരുന്നു.

“നല്ല തലവേദനയുണ്ട് ”

മാഷ് നെറ്റിയിൽ തടവി കൊണ്ട് പറഞ്ഞു.

“ശോ.. ഇതിപ്പോ എന്താ ഇത്രയും പെട്ടന്ന്. വൈകുന്നേരം യാതൊരു കുഴപ്പവുമില്ലായിരുന്നല്ലോ?”
ചെറിയ ചൂടിൽ പനി വരവാറിയിച്ചു കഴിഞ്ഞെന്ന് ആദിക്ക് മനസ്സിലായി.

“അസുഖം വരുന്നത് മുന്നേ നോട്ടീസ് അടിച്ചിട്ടാണോടാ..?”

മാഷ് ചിരിയോടെ ആദിയെ നോക്കി.

“നമ്മുക്ക് ഹോസ്പിറ്റലിലൊന്നു പോയി നോക്കിയാലോ?”
ആദി മാഷിനെ നോക്കി.

“ഓഓഓ ഇതത്രയൊന്നും ഇല്ലെടാ.. ആദ്യം ഇച്ചിരി കഞ്ഞി കുടിച്ചിട്ട് എന്റെ കയ്യിലുള്ള ഗുളിക കഴിച്ചു നോക്കട്ടെ. കുറഞ്ഞില്ലേ നമ്മുക്ക് നാളെ രാവിലെ പോവാം ”

മാധവൻ മാഷ് കിടക്കയിൽ എഴുന്നേറ്റിരുന്നു.

ആദിയൊന്നും മിണ്ടാതെ മാഷിനെ കൈ പിടിച്ചു കൊണ്ട് കിടക്കയിൽ നിന്നിറങ്ങാൻ സഹായിച്ചു.

രണ്ടു പേരും കൂടിയാണ് ഊണ് മുറിയിലേക്ക് നടന്നത്.

രാത്രിയിൽ മാധവൻ മാഷിന് കഞ്ഞിയാണ് പതിവ് ഭക്ഷണം.

കുറേ കാലമായിട്ട് നിർത്താതെ കൊണ്ട് നടക്കുന്ന ആ ശീലം പതിയെ ആദിയിലേക്കും പകർന്ന് പിടിച്ചിരുന്നു.

തുടക്കത്തിൽ ആ കഞ്ഞി അവനൊരു വലിയ ശത്രുവായിരുന്നു.

അവനിഷ്ടമുള്ളത് ഉണ്ടാക്കി കൊടുക്കാൻ അവിടുള്ള ജോലികാരിയോട് മാഷ് പറഞ്ഞിട്ടും അവൻ കഞ്ഞിയിൽ തന്നെ ഉറച്ചു നിന്നു.

കൂടാതെ ഉച്ചക്ക് ശേഷം ജോലി ഒതുക്കി രാത്രിയിലേക്കുള്ളത് കൂടി ഒതുക്കി അടുക്കളയൊഴിഞ്ഞു പോകുന്ന ജോലികാരി പോയി കഴിഞ്ഞാൽ പിന്നെ മുത്തച്ഛന്റെയും കൊച്ചു മോന്റെയും പാചകപരീക്ഷണങ്ങളാണ് അവിടെ അരങ്ങേറിയിരുന്നത്.

മാധവൻ മാഷ് നല്ല അടിപൊളിയായി പാചകം ചെയ്യുമായിരുന്നു.

ആദ്യം മാഷിന്റെ സഹായിയായി നിന്ന ആദി പതിയെ പതിയെ പാചകം ആസ്വദിച്ചു ചെയ്യാൻ തുടങ്ങി.

അത്യാവശ്യം വേണ്ടതെല്ലാം ഇന്ന് നല്ലത് പോലെ വെച്ചുണ്ടാക്കി കഴിക്കാനും കഴിപ്പിക്കാനും അവനും ഇഷ്ടമാണ്.

പതിവിലും കുറച്ചു മാത്രം കഴിച്ചു കൊണ്ട് മാഷ് എണീക്കുമ്പോൾ ആദിക്കും പിന്നെ കഴിക്കാൻ തോന്നിയില്ല.

“അത് മുഴുവനും കഴിച്ചിട്ട് എണീറ്റാൽ മതി നീ. എനിക്ക് വയ്യാതോണ്ടാ ഞാൻ എന്നീറ്റത് ”

തനിക്ക് പിറകെ എഴുന്നേൽക്കാൻ തുടങ്ങുന്ന ആദിയെ നോക്കി മാഷ് ഓർമപ്പെടുത്തി.

താല്പര്യമില്ലാതെയാണ് അവനത് മുഴുവനും കുടിച്ചു തീർത്തത്.

മാഷ് കഴിച്ചു കഴിഞ്ഞ പാത്രം കൂടി എടുത്ത് അടുക്കളയിൽ കൊണ്ട് പോയി കഴുകി സ്റ്റാൻഡിൽ കമിഴ്ത്തി..

രാണ്ടാണുങ്ങൾ മാത്രമുള്ളയിടമാണെന്ന് അവിടെ കാണുന്ന ആരും പറയില്ല.

അത്രേം വൃത്തിയായും വെടിപ്പായും സൂക്ഷിച്ചു കൊണ്ട് നടക്കുന്നുണ്ട് അവരാ വീട്.

“എന്റെ മകനെയൊരു വേലക്കാരനെ പോലെയാക്കി “യെന്ന് ദേവൻ ഇടയ്ക്കിടെ മാഷിനെ കുറ്റപ്പെടുത്തി പറയാറുണ്ട്.

“ഒരു ജോലിയും ആരും ആർക്കും വീതിച്ചു കൊടുത്തിട്ടില്ല ദേവാ. കുടുംബം സമാധാനത്തോടെ.. സന്തോഷത്തോടെ ആരോഗ്യത്തോടെ മുന്നോട്ട് കൊണ്ട് പോണം ന്നുണ്ടെങ്കിൽ ആൺകുട്ടികൾ എന്നുള്ള അഹന്ത മാറ്റി വെക്കേണ്ടത് ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യമാണെന്ന് “മാഷ് ഉറപ്പോടെ മറുപടി കൊടുത്തിട്ടും അതിന്റെ അർഥം ഗ്രഹിക്കാൻ മാത്രം വിശാലതയൊന്നും ദേവന്റെ മനസ്സിന് ഇല്ലാത്തതിനാൽ അതെന്നും ഒരു പരാതിയായി തന്നെ അയാളുടെ മനസ്സിൽ നിലിച്ചു കിടന്നു.

തനിക്കറിയാവുന്നതെല്ലാം കൊച്ചു മകനും പകർന്നു കൊടുക്കുന്ന തിരക്കിൽ മാധവൻ മാഷും ആ ആരോപണം കണ്ടില്ലെന്ന് നടിച്ചു.

ഒരു ജഗിൽ വെള്ളം കൂടി എടുത്തിട്ടാണ് ആദി ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് അടുക്കള വിട്ടിറങ്ങിയത്.

മാഷിന്റെ മുറിയിലെ അലമാരയിൽ നിന്നും അവനാണ് ഗുളികയെടുത്തു കൊടുത്തത്.

പക്ഷേ അത് കൊണ്ടൊന്നും തന്നെ തോൽപ്പിക്കാൻ കഴിയില്ലെന്ന് വാശിയുള്ളത് പോലെ പാതിരാത്രിയ്യെത്തിയതോടെ പനി അതിന്റെ രൗദ്രഭാവത്തിലേക്ക് മാറിയിരുന്നു.

വെട്ടിവിറച്ചു പനിക്കുന്ന മാഷിനരികിൽ എന്ത് വേണമെന്നറിയാതെ ആദി പകച്ചിരുന്നു പോയി..

തുടരും..