20/04/2026

പ്രണയവർണ്ണങ്ങൾ : ഭാഗം 07

രചന – സിന്ധു അപ്പുക്കുട്ടൻ

“വാട്ടേ സർപ്രൈസ്..!!!

അങ്കിളും ഉണ്ടായിരുന്നോ ഈ കൂട്ടത്തിൽ. ശ്ശെ.. അറിയാൻ വൈകിപ്പോയല്ലോ.

വിഷ്ണു ഓടിവന്ന് കൃഷ്ണനുണ്ണിയുടെ കൈ കവർന്നു.

അയാൾ ഇടംകൈകൊണ്ട് അവനെ ചേർത്ത് പിടിച്ച് കവിളിൽ മെല്ലെ തലോടി.

“ആതുവിന്റെ ഫോട്ടോ കാണിച്ചപ്പോൾ അമ്മ എന്തോ ആലോചിച്ചു ആശ്ചര്യപ്പെടുന്ന കണ്ടിരുന്നു. അങ്കിളിന്റെ മുഖസാമ്യം കണ്ടിട്ടാകും.”

അല്ല ആതു എവിടെ?

“ദാ ഇരിക്കുന്നു..

കൃഷ്ണനുണ്ണി ചിരിച്ചുകൊണ്ട് കൈ ചൂണ്ടി.

അവൻ ആതുവിനെ നോക്കി കൈ ഉയർത്തിക്കാട്ടി.

അവളത് കാണാത്ത ഭാവത്തിൽ പുറത്തേക്ക് നോക്കിയിരുന്നു.

“ഹാ… എന്തായാലും നന്നായി. അമ്മക്ക് അവളെയൊന്നു കാണണമെന്ന് പറയുന്നുണ്ടായിരുന്നു.

കണ്ണ് നിറച്ച് കണ്ടോട്ടെ ഭാവി മരുമോളെ.

കവിത പുഞ്ചിരിയോടെ അവരുടെ സംസാരമെല്ലാം കേട്ട് നിന്നു.

“ആഹാ…കവിത വന്നല്ലോ. ഇനിയിപ്പോ പ്രാർത്ഥന ചൊല്ലാൻ വേറെ ആളെ നോക്കണ്ടല്ലോ ല്ലേ.

ടോമി ഓടി വന്ന് അവളുടെ തോളിൽ കയ്യിട്ടു.

“അയ്യോ… ഞാനോ…?? എനിക്കാവില്ല ട്ടോ..!!

കവിത ഒഴിഞ്ഞു മാറി.

“നീയൊന്നും പറയണ്ട. ഈശ്വര പ്രാർത്ഥന അനൗൺസ് ചെയ്യുമ്പോ കയറി വന്നങ്ങു ചൊല്ലിയെക്കുക.. അത് കഴിഞ്ഞു നിന്റെ “നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിലും”കൂടി പാടണം. ഇനിയീ ജന്മത്തു അതൊന്നും കേൾക്കാൻ പറ്റിയെന്ന് വരില്ല. അല്ലേ ഉണ്ണി.

അതേ.. കൃഷ്ണനുണ്ണി ചിരിയോടെ അത് ശരിവെച്ചു.

“ങേ..!! അപ്പൊ അമ്മ പാടുമായിരുന്നോ.?

വിഷ്ണു അവിശ്വസനീയതയോടെ കവിതയെ നോക്കി.

“പിന്നില്ലാതെ…സ്കൂളിൽ ടോപ് സിംഗർ അല്ലായിരുന്നോ.. നീലക്കുറിഞ്ഞികൾ പാടുമ്പോൾ ചിലരൊക്കെ കരയുന്ന കണ്ടിട്ടുണ്ട് ട്ടോ. ടോമി കൃഷ്ണനുണ്ണിയെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു.

കൃഷ്ണനുണ്ണി വല്ലായ്മയോടെ കവിതയെയൊന്നു പാളി നോക്കി. അവളും അവനെ നോക്കി നിൽക്കുകയായിരുന്നു.

“എനിക്ക് പകരം വിച്ചു പാടും. കവിത വിഷ്ണുവിനെ പിടിച്ച് മുന്നോട്ടു നീക്കി നിർത്തി.

“ഞാൻ പാടും.. പക്ഷേ അതിന് മുൻപ് അമ്മ പാടിയെ തീരു. എനിക്കത് കേൾക്കണം.

വിഷ്ണു സങ്കടം തിങ്ങുന്ന മിഴികളോടെ അവളെ നോക്കി. ആ കണ്ണുകളിൽ നീർ പൊടിയുന്നത് കണ്ടപ്പോൾ കവിതക്ക് നെഞ്ച് വിങ്ങി.

കൃഷ്ണനുണ്ണി മെല്ലെ ആതിര ഇരിക്കുന്നിടത്തേക്ക് നടന്നു.

“കഴിഞ്ഞോ കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും ??

ജയൻ നസീറിനെ കാണുമ്പോൾ ഓടി വന്നു കെട്ടിപ്പിടിക്കുംപോലെ ഉണ്ടായിരുന്നു….

ആതിര അയാളെ നോക്കി ചുണ്ട് കോട്ടി.

ഞാനൊരാൾ ഇവിടെയിരിക്കുന്നുണ്ടെന്ന ഓർമ്മപോലുമില്ല. ഇങ്ങനെയാണെൽ ഇതിനു വരണ്ടായിരുന്നു. എന്തായിരുന്നു സെന്റി. എല്ലാരും ഫാമിലി ആയി വരുമ്പോൾ ഞാൻ മാത്രം….തനിച്ച്…..ഹും….തേങ്ങാക്കൊല, മാങ്ങാത്തൊലി

“ന്റെ ആതൂട്ട്യേ… പിണങ്ങല്ലേടാ മുത്തേ.. ഞാൻ നിന്നെയങ്ങോട്ട് വിളിക്കാൻ തുടങ്ങിയപ്പോഴല്ലേ ആ ടോമിക്കഴുവേറി വന്ന് സീൻ കുളമാക്കിയേ.

ഉം.. ഉവ്വ്വ്വ്.. ഞാൻ കാണുന്നുണ്ടായിരുന്നു ഒരു കള്ളനോട്ടമൊക്കെ.

ഹഹഹ… ഒന്ന് പോയേടി കുശുമ്പിക്കോതേ…

അയാൾ ഉറക്കെ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ നുള്ളി.

അയാളുടെ കളി ചിരികളും അത്യാഹ്ലാദവും കണ്ട് ആതുവിന്റെ മനസ്സ് നിറഞ്ഞു. അച്ഛൻ ഹാപ്പിയാണ്.. അവൾ സംതൃപ്തിയോടെ മനസ്സിൽ ചിരിച്ചു.

“എന്തായിവിടെ അച്ഛനും മോളും കൂടി ഒരു കശപിശ.??

വിഷ്ണു അവർക്കരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു.

“എന്ത് പറയാനാ മോനേ.. കഴുത്തിനു ചുറ്റും നാക്കാ..എന്നെയിട്ട് കൊല്ലാക്കൊല കൊല്ലുന്നു. ഞാൻ നോക്കിയിട്ട് രക്ഷപെടാൻ ഒരു മാർഗ്ഗവുമില്ല.

“ഹഹഹ… വിഷ്ണു അത് കേട്ട് പൊട്ടിച്ചിരിച്ചു.

ഇനിയങ്ങോട് ഞാൻ പെടും എന്നൊരു വാണിങ് തന്നതല്ലേ അങ്കിൾ.

ഹഹഹ… അത് തന്നെ…

അവരുടെ കളിചിരികൾക്കിടയിൽ കപട ദേഷ്യം ഭാവിച്ചു വീർത്തു മുട്ടിയ മുഖത്തോടെ ആതിര നിന്നു.

**********************************

“നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു
ഒരു കൃഷ്ണതുളസി കതിരുമായി നിന്നെ ഞാൻ ഇന്നും പ്രതീക്ഷിച്ചു നിന്നു…നീയിത് കാണാതെ പോകയോ നീയിത് ചൂടാതെ പോകയോ….

ചുവന്ന ബോർഡുള്ള പച്ചപട്ടുപാവാടയുമിട്ട് കുട്ടിത്തം തുളുമ്പുന്ന മുഖചലനങ്ങളോടെ കവിത പാടുകയാണ്.ചുണ്ടിലെ മായാത്ത പുഞ്ചിരി, ഹാളിന് ഏറ്റവും പിറകിലുള്ള വാതിലിനരികിൽ ചാരിനിൽക്കുന്ന കൃഷ്ണനുണ്ണിയുടെ മിഴികളിൽ കൊരുത്തിട്ട്.

അവന്റെ കണ്ണുകളും ഇമ ചിമ്മാൻപോലും മറന്ന്‌ ആ പുഞ്ചിരിയിൽ തൊട്ട് കിടന്നു. ആർദ്രമാകുന്ന മനസ്സോടെ.

അമ്മ ഇത്രയും മനോഹരമായി പാടും എന്നറിയാതെ പോയി ഇത്രയും കാലം. അച്ഛൻ മരിച്ചതിൽപ്പിന്നെ അമ്മയൊന്നു ചിരിച്ചു പോലും കണ്ടിട്ടില്ല എന്നാ അമ്മമ്മ പറയാറ്. ഒരുപാട് സന്തോഷം തോന്നുന്നു അങ്കിൾ.

വിഷ്ണു ഒരേങ്ങലോടെ തന്റെ തോളിലേക്ക് മുഖം ചായ്ച്ചപ്പോൾ കൃഷ്ണനുണ്ണി ഞെട്ടലോടെ ചുറ്റിലും പകച്ചു നോക്കി.

കവിത അപ്പോഴും പാടിക്കൊണ്ടിരിക്കുകയാണ്. കസവുകരയുള്ള സാരിയിൽ, വിഷാദം നിറഞ്ഞ കണ്ണുകൾ കണ്ണടയാൽ മറച്ച്, വറ്റിപ്പോയ പുഞ്ചിരിയെ വീണ്ടെടുക്കാൻ ശ്രമിച്ച്..

************************************

ഞാൻ നോക്കിയിട്ട് ഈ ബന്ധം എല്ലാംകൊണ്ടും നമുക്ക് ചേരും. നാട്ടിൽ ആ കുട്ടിയെപ്പറ്റി നല്ല മതിപ്പാ. അമ്മയും മോനും മാത്രേ ഉള്ളു. അച്ഛൻ അവന്റെ ചെറുതിലേ മരിച്ചു പോയ്‌.

പ്രഭാകരൻ പറഞ്ഞു തുടങ്ങി..

കൃഷ്ണനുണ്ണിയുടെ ആളുകൾ എന്ന നിലയിൽ വിഷ്ണുവിന്റെ വീട് കാണാൻ പോയതായിരുന്നു അയാളും, ഭാര്യയും, അമ്മയും, വകയിലുള്ള രണ്ടമ്മാവൻമാരും.

‘ചെറിയ വീടാണെങ്കിലും നിറയെ പൂക്കളുള്ള ഒരു പൂന്തോട്ടമുണ്ട്.കണ്ടിട്ട് കൊതിയായി . ഒക്കെ നട്ടു നനച്ചു വളർത്തുന്നതും അവനാത്രേ.

ചെറിയമ്മ സുമിത്ര പറഞ്ഞു.

പിന്നെ, അമ്മയും മോനും നല്ല പാട്ടുകാരാ. പണ്ടത്തെ ഓഡിയോ കാസ്സെറ്റുകളും, പഴയ മോഡൽ ടേപ്പ് റെക്കോർഡറും എല്ലാമുണ്ട് ഒരു മുറി നിറയെ. എനിക്കതൊക്കെ വല്യ ഇഷ്ടായി.

ആതു ഭാഗ്യവതിയാ.

ചെറിയമ്മ അവളുടെ മുടിയിൽ തഴുകി.

എന്നാലിനി നല്ലൊരു ദിവസം കുറിച്ച് വെക്കാം. എന്തിനാ നീട്ടിക്കൊണ്ട് പോകുന്നെ.

മുത്തശ്ശി പറയുന്ന കേട്ടപ്പോൾ ആതിരയുടെ മുഖം വാടി.

എന്താ ആതു നിനക്കൊരു സന്തോഷമില്ലാത്തെ..?

അവളുടെ വിഷാദ ഭാവം കണ്ട് മുത്തശ്ശി ആകുലപ്പെട്ടു.

എനിക്ക് ഉടനെ കല്യാണം വേണ്ട മുത്തശ്ശി.എല്ലാം ഉറപ്പിച്ചു വെച്ചിട്ട് കുറച്ചു സമയം കൂടി താ എനിക്ക്. ഞാൻ കൂടി പോയാൽ അച്ഛനിവിടെ തനിച്ചാകും ഇത്ര പെട്ടന്ന് അച്ഛനെ തനിച്ചാക്കാൻ എനിക്ക് കഴിയില്ല.

അവളുടെ സങ്കടംപറച്ചിൽ കേട്ട് എല്ലാരും ഒരു നിമിഷം മൗനമായ്.

കൃഷ്ണനുണ്ണി ഒരു വിങ്ങലോടെ അവളെ ചേർത്തു പിടിച്ചു. അവളാകട്ടെ രണ്ടു കൈകൾ കൊണ്ടും അയാളെ കെട്ടിപ്പിടിച്ചു.

തുടരും..