17/04/2026

പ്രണയ വീഥിയിൽ : ഭാഗം 01

രചന – അമ്മൂസ്

സെൻട്രൽ ജയിലിന്റെ കുഞ്ഞു വാതിൽ പാറാവ് കാരൻ അകത്തുനിന്ന് വലിച്ചു തുറന്നതും ……. ഒരു ഗുഹക്കുള്ളിൽ നിന്ന് ഇറങ്ങി വരും പോലെ അവൾ അകത്തുനിന്നും പുറത്തേക്ക് ഇറങ്ങിവന്നു. വെളുത്തു മെലിഞ്ഞ് ഒരു ഇരുപത്തിമൂന്ന് ഇരുപത്തി നാല് വയസ്സ് വരുന്നൊരു പെൺകുട്ടി. നിറം മങ്ങിയൊരു കോട്ടൻ സാരിയാണ് അവളുടെ വേഷം. ഇടുപ്പ് വരെ നീണ്ടു സമൃദ്ധമായ മുടി ഒരു ഹെയർ ബാൻഡ് ഇട്ട് അലസമായ് പുറകിൽ കെട്ടിയിട്ടുണ്ട്. പുറത്തേക്ക് ഇറങ്ങിയതും അവൾ ചുറ്റും വീക്ഷിച്ചു…… തന്നെ കൊണ്ട് പോകാൻ ആരും വന്നില്ലേ…. അവൾ സ്വയം മനസ്സിൽ ചോദിച്ചു…. അച്ഛൻ വരുമെന്ന് അറിയാതെയെങ്കിലും ഒന്ന് പ്രധീക്ഷിച്ചിരുന്നു . ശ്വാസം ഒന്ന് ഉള്ളിലേക്ക് എടുത്ത് ഒരു നീണ്ട നെടുവീർപ്പാലെ അവൾ ഒന്ന് പിൻതിരിഞ്ഞു നോക്കി . ശേഷം തന്റെ മറ്റൊരു ജോഡി തുണി അടങ്ങുന്ന പ്ലാസ്റ്റിക് കവർ ചുരുട്ടി പിടിച്ച് തന്റെ വീട്ടിലേക്ക് പോകാൻ ഒരു കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിലേക്ക് അവൾ പതിയെ നടന്നു.

ഇതേ സമയം മറ്റൊരു സ്ഥലത്ത് അവനും ജയിൽ മോചിതനായിരുന്നു. അവളെ പ്പോലെതന്നെ അവനേയും കൂട്ടിക്കൊണ്ട് പോകാൻ ആരും എത്തിയിരുന്നില്ല. സ്വന്തം വീട്ടുകാരെ കാണാനുള്ള കൊതിയോടെ അവനും വീട്ടിലേക്ക് നടന്നു. 🥀 വീടിന്റെ മുൻവശത്തേ ഗേറ്റിന് അരികിൽ എത്തിയതും അവളൊന്ന് നിന്നു. നീണ്ട അഞ്ചു വർഷങ്ങൾ………… നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് താൻ ഇന്ന് ഈ വീടിന്റ മുൻപിൽ നിൽക്കുന്നത്. സങ്കടംകൊണ്ടും സന്തോഷം കൊണ്ടും അവളുടെ ഹൃദയം നിറഞ്ഞൊഴുകി. അവൾ സാരിയുടെ മുന്താണിയാൽ കണ്ണുകൾ തുടച്ച് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. ഇരുനിലയുള്ള മനോഹരമായ ഒരു വീട് വീടിന്റ മുൻവശത്തായ് മനോഹരമായ ഒരു പൂന്തോട്ടം……. താൻ പോയതിനു ശേഷം ഒത്തിരി പുതിയ ചെടികൾ ഇവിടെ സ്ഥാനം പിടിച്ചു എന്നവൾക്ക് മനസ്സിലായി. അവൾ മുന്നോട്ട് നടന്നു…… അപ്പോഴേക്കും വീടിനുള്ളിൽ നിന്നും ആരോ പുറത്തേക്ക് വന്നു.

മുറ്റത്തു നിന്ന് സിറ്റ് ഔട്ട്‌ലേക്ക് കയറാൻ വന്നവളെ അവൾ ആശ്ചര്യത്തോടെ നോക്കിപ്പോയി. ഗാ…. ഗായത്രി ചേച്ചി…… അവൾ വിക്കി വിക്കി അവളുടെ പേര് വിളിച്ചു. ചാരു….. മോളെ…….. അവൾ സന്തോഷത്തോടെ പടികൾ കയറി അവളുടെ അടുത്തേക്ക് വരാൻ തുനിഞ്ഞതും….. നിൽക്കെടി അവിടെ!!!!! എന്ന അലർച്ച അവളെ അവിടെ പിടിച്ചു നിർത്തി. ഞെട്ടലോടെ അവൾ മുഖമുയർത്തി നോക്കി…….. അച്ഛൻ!!!!!!! അച്ഛനോ….. ആരുടെ അച്ഛൻ…… പട്ടാപ്പകൽ ഒരുത്തനെ വീട്ടിൽ വിളിച്ചു കയറ്റി. അവനെ വെട്ടിക്കൊന്ന് കുടുംബത്തിനു മുഴുവൻ നാണക്കേട് ഉണ്ടാക്കിയ നീ എന്ത് ധൈര്യത്തിലാടി ഇവിടെ കേറി വന്നത്. ഇവിടെ നിന്റ ആരാ ഉള്ളത്…… അച്ഛാ….. ഞാൻ പറയുന്നത്…… ഒരു അവസരമെങ്കിലും തന്നൂടെ… ഞാൻ പറയുന്നത് കേൾക്കാൻ…… ഇനി നീ എന്ത് പറയാനാ…. നാലഞ്ചു വർഷം ജയിലിൽ കിടന്നപ്പോ പറയാൻ പറ്റാത്തതാ ഇനി പറയാൻ പോകുന്നത്….. അച്ഛാ…. പ്ലീസ്!! നീ ഇനി എന്നെ അങ്ങനെ വിളിക്കണമെന്നില്ല .

നിന്റെ പേരിൽ അത്രയ്ക്ക് ഞങ്ങൾ നാണക്കേട്‌ അനുഭവിച്ചു കഴിഞ്ഞു . എനിക്കിനി ഒരു മോളെ ഉള്ളൂ…… ചാരു കൃഷ്ണകുമാർ എന്ന ഒരേ ഒരു മകൾ. അല്ലെങ്കിൽ പോലും നിനക്ക് ഞാൻ എപ്പോഴും രണ്ടാനച്ചൻ തന്നെയാണ്. നിന്നെ സ്വന്തം എന്ന്‌ അംഗീകരിക്കാൻ ഇനി ഒരിക്കലും ഞാൻ തയ്യാറാവുകയും ഇല്ല. പിന്നെ നിന്റെ അമ്മ …. അവൾ എന്റെ വാക്ക് ധിക്കരിച്ച് ഒരക്ഷരം മിണ്ടി നോക്കട്ടെ …. അപ്പോഴേക്കും അടുക്കളയിൽ ജോലിയിലായിരുന്ന അമ്മയെ ചാരു പോയി വിളിച്ചിരുന്നു. ഭർത്താവിന്റെ അലറിയുള്ള സംസാരം കേട്ട് ആധിയോടെയാണ് അവർ മുൻവശത്തേക്ക് വന്നത്…. ഉമ്മറപ്പടിയിൽ ഒരു അഭയാർത്ഥിയേ പോലെ നിൽക്കുന്ന തന്റെ മകളെ കണ്ടതും ആ അമ്മയുടെ നെഞ്ച്പൊടിഞ്ഞു…… മോളെ…… ഗായത്രി……. അമ്മേ….. അവരെ കണ്ടതും അവൾ വിതുമ്പി കരഞ്ഞു പോയി……. അപ്പോഴേക്കും അയാൾ നന്ദിനിയേ ഒന്ന് ദേഷ്യത്തോടെ നോക്കിയിട്ട് അകത്തേക്ക് കയറി പ്പോയി…… അവർ അവൾക്കടുത്തേക്ക് ചെന്നു…… അമ്മേ…….. എത്ര നാളായി അമ്മേ കണ്ടിട്ട്…… അവൾ അവരെ കെട്ടിപ്പിടിച്ചു.

എന്നെ കാണാൻ ഒന്ന് വരായിരുന്നില്ലേ അമ്മേ….. ആഗ്രഹിച്ചതാ മോളെ…. പക്ഷെ അദ്ദേഹം സമ്മതിച്ചില്ല. ഞാൻ തെറ്റൊന്നും ചെയ്തില്ലമ്മേ…. അമ്മയെങ്കിലും ഒന്ന് വിശ്വസിക്ക്…… അവൾ പറഞ്ഞു മുഴുമിക്കും മുൻപേ അകത്തേക്ക് പോയ അയാൾ ഒരു ബാഗ് എടുത്തുകൊണ്ട് വന്ന് മുറ്റത്തേക്ക് എറിഞ്ഞു. ഇവിടെ ഉണ്ടായിരുന്ന നിന്റെ സാധനങ്ങൾ എല്ലാം ഉണ്ട് ഇതിൽ ഇവിടെ കടിച്ചു തൂങ്ങാതെ ഇപ്പോ ഇറങ്ങിക്കോളണം. പെട്ടന്ന് അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിന്നു. നിങ്ങൾ എന്തായീ കാണിക്കുന്നത് നമ്മുടെ മോള് അല്ലെ അവൾ….. നമ്മുടെ അല്ല നിന്റെ നിന്റെ മാത്രം. എനിക്ക് ഒരേ ഒരു മകളെ ഉള്ളൂ എന്റെ ചാരു. അവളെ പഠിപ്പിച്ച് കല്യാണം കഴിച്ച് അയക്കണം എനിക്ക്. ഇതിനെ പോലെ ഒരു വിഴിപ്പ് ഈ വീട്ടിൽ നിന്നാൽ ശെരിയാകില്ല .ഇവിടം മുടിയും . അയാൾ ദേഷ്യത്തോടെ പറഞ്ഞു. അപ്പോഴേക്കും ചാരു കൈയിൽ ഒരു പൊതിയുമായി പുറത്തേക്കു വന്നു അതിൽ അഞ്ഞൂറിന്റ ഒരു കെട്ട് ആയിരുന്നു. അവൾ അത് അയാൾക്ക്‌ നൽകി.

ഇന്നാ ഇത് കൂടി കൊണ്ട് പൊക്കോ വല്ല ഹോസ്റ്റലിലോ വാടകയ്‌ക്കോ പോയി താമസിക്ക്. അയാൾ ആ പണം അവളുടെ മുന്നിലേക്ക് ഇട്ടതും. നന്ദിനി അയാളുടെ അരികിലേക്ക് വന്നു. നിങ്ങൾ എന്താ ഈ കാണിക്കുന്നത്. അവൾ…… അവളൊരു പെണ്ണ് അല്ലെ…. ആ മനുഷ്യത്വമെങ്കിലും കാണിക്ക്. ഓഹ് മനുഷ്യത്വം……അത് കൂടി പോയത് കൊണ്ട് ആണല്ലോ നിന്റെ മോൾ ഒരുത്തനെ കുത്തിമലർത്തിയത്. അവർ കണ്ണുനീർ തുടച്ച് അയാളെ നോക്കി. നിനക്ക് ഇവളുടെ കൂടെ പോകണമെങ്കിൽ പോകാം. പിന്നെ ഈ പടി നീ ചവിട്ടില്ല.എന്നെയും എന്റെ മോളെയും കാണുകയുമില്ല. പിന്നെ പോകുന്നതിനു മുൻപ് അകത്ത് മരണം കാത്തു കിടക്കുന്ന നിന്റെ തള്ളയെ കൂടി കെട്ടിച്ചുമന്ന് നിന്റ തോളത്ത് വച്ചുതരും ഞാൻ. ആലോചിക്ക് …… എന്തെ…. പോണോ നിനക്ക്…. അയാൾ ചോദിച്ചു… അവർ തലതാഴ്ത്തി. വേണ്ട ഞാൻ കാരണം എന്റെ അമ്മയെ കൂടി ഇറക്കി വിടണ്ട….. ഞാൻ പൊയ്ക്കോളാം…. എങ്ങോട്ടെങ്കിലും പൊയ്ക്കോളാം. മോളെ ഗായു….. വേണ്ടമ്മേ…. ഞാൻ പോകുവാ…. ഞാൻ നിന്നാൽ ഈ കുടുംബത്തിന് ഒരു സന്തോഷവും ഉണ്ടാകില്ല. പിന്നെ….. ഇവൾക്കൊരു നല്ല ജീവിതം കിട്ടുകയുമില്ല. അവൾ കുറച്ചു മാറി നിന്ന് എല്ലാം കണ്ടുകൊണ്ടിരുന്ന ചാരുവിനെ നോക്കി പറഞ്ഞു.

ചാരുവിന്റെ ചുണ്ടുകളിൽ പുച്ഛമായിരുന്നു. അത് അവൾക്ക് പകൽപോലെ വ്യക്തമായിരുന്നു. തന്റെ കാൽച്ചുവട്ടിൽ കിടന്ന പണവും പുറത്തെ പൂഴിമണ്ണിൽ കിടന്ന ബാഗും കൈയ്യിൽ ഉണ്ടായിരുന്ന കവറുമെടുത്ത് മുറുക്കേ പിടിച്ച് അവൾ മുന്നോട്ട് നടന്നു……. പക്ഷേ മുന്നിൽ അവൾക്കൊരു ശൂന്യതയായിരുന്നു….. എവിടെപോകും എങ്ങോട്ട് പോകും…???? ഒന്നും അറിയില്ല….. 🥀 ഇതേ സമയം തന്റെ വീടിന്റ മുന്നിലായി എത്തിയ അവനും അവസ്ഥ ഇതുതന്നെ യായിരുന്നു. 🥀 നിനക്ക് താഴെ ഒരു അനിയനും ഒരു പെങ്ങളും ഉണ്ടെന്ന് അറിയോ നിനക്ക്….. ഒരു ചേട്ടൻ വന്നിരിക്കുന്നു …… കൂലിതല്ലും കൊട്ടേഷനുമായി നടക്കുന്ന ഒരുത്തനല്ലേ നിങ്ങളുടെ ചേട്ടനെന്ന് അവരോട് ഓരോരുത്തർ ചോദിച്ചു നാണം കെടുത്തുവാ. ഇപ്പോ എല്ലാത്തിനും ഉപരിയായി കൊലക്കേസിലെ പ്രതിയും. മതിയല്ലോ … അച്ഛാ….. അമ്മേ….. ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്. ഞാൻ ആരെയും കൊന്നിട്ടില്ല. അത്രയ്ക്ക് ക്രൂരൻ ഒന്നുമല്ല ഞാൻ…… ഓഹ് എന്നിട്ടായിരിക്കും തെളിവുകൾ എല്ലാം എതിരായി ജയിലിൽ കിടന്നത്.

നിന്നോട് അപേക്ഷയോടെ പറയുകയാ ഇനിയും ഞങ്ങൾക്ക് അനുഭവിക്കാൻ വയ്യ. അതുകൊണ്ട് ഇപ്പോൾ തന്നെ ഇവിടുന്ന് ഇറങ്ങണം . ഈ അപേക്ഷ മറ്റൊന്നും കൊണ്ട് അല്ല . നിന്നെ പൊതിഞ്ഞു പിടിക്കാൻ നോക്കുമ്പോൾ എന്റെ ബാക്കി രണ്ട് മക്കളുടെ ഭാവി തുലാസിൽ വയ്ക്കുന്നതു പോലെയാണ്. അത് കൊണ്ട് ദയവ്ചെയ്ത്….. അയാൾ അവനു നേരെ കൈകൂപ്പി….. അവന്റ അമ്മ…… ഒന്നും പറയാനാകാതെ വിങ്ങിപ്പൊട്ടി വേണ്ടാ……. സൂര്യൻ …..ഇറങ്ങുവാ……. ആരും എന്നെ ഓർത്ത്‌ വിഷമിക്കണ്ട……. ആർക്കും എന്നെ ക്കൊണ്ട് ഒരു ശല്യവും ഉണ്ടാകില്ല . അവൻ ഉമ്മറപ്പടിയിലേക്ക് ഇറങ്ങി മുന്നിലേക്ക്‌ നടന്നു…. പെട്ടന്ന് ഒന്ന് നിന്ന് തിരിഞ്ഞുനോക്കി എന്നാലും അച്ഛാ……. തിരുത്താൻ ഒരു അവസരം താരമായിരുന്നു….. എനിക്ക്…. നിറഞ്ഞ കണ്ണുകൾ ഷോൾഡർ കൊണ്ട് തുടച്ച് അവൻ തിരിഞ്ഞ് നോക്കാതെ നടന്നു. കർക്കശമായ അയാളുടെ മുഖം ഒന്ന് അയഞ്ഞു….. ശേഷം മകനെ തന്നെ നോക്കി നിന്നു…..

അവൾ റെയിൽവേ സ്റ്റേഷന്റെ ഇരുമ്പ് കസേരയിൽ ചാരിയിരുന്ന്…… എന്തോ ആലോചനയിലാണ്…….. ഇനി എന്ത് എന്നുള്ള ചോദ്യം മാത്രമാണ് അവൾക്കുള്ളിൽ……… ഹൃദയം പൊടിയുന്ന വേദനയാണ് ഉള്ളിൽ…… എല്ലാവരാലും ഉപേക്ഷിക്കപെട്ട് ഒറ്റപ്പെട്ട് ഒരു ലോകത്ത്……. കണ്ണുനീർ വറ്റിവരണ്ട കണ്ണുകളെ അവൾ മെല്ലെ ഒന്ന് ചിമ്മി. പീലികൾ നിറഞ്ഞ ആ കണ്ണുകൾ എന്തോ ഒന്ന് പരസ്പരം പറഞ്ഞു…… ഇനി അടുത്ത ട്രെയിൻ എത്താൻ നാല് മണിക്കൂർ എടുക്കുമെന്ന് പറയുന്നത് കേട്ടു…… എവിടേക്ക് പോകണമെന്ന് അറിയില്ല. ചിന്തകൾ വല്ലാത്ത കുത്തൊഴുക്കിലേക്ക് തന്നെ തള്ളിവിടുന്നത് പോലെ ….. അപ്പോഴാണ് തന്റെ അടുത്തായി ആരോ വന്ന് ഇരിക്കുന്നത് പോലെ അവൾക്കുതോന്നിയത്. അവൾ തല ചരിച്ച് ഒന്ന് നോക്കി. ഒരു ചെറുപ്പക്കാരൻ….. തന്നെ പോലെ എവിടെയോ പോകാൻ ഇരിക്കുകയാണ്. കൈയിൽ ഒരു ബാഗും ഉണ്ട്….. ദൂരേക്ക് നോക്കിയിരുന്നപ്പോൾ തന്നെ അവൾക്ക് മനസ്സിലായി ഈ ലോകത്തൊന്നുമല്ല…..മനസ്സ് മറ്റെവിടയോ ആണ്. ആ കണ്ണുകളും നിർവികാരമാണ്… പ്രിയപ്പെട്ട ആരെയോ ഓർത്ത്‌ ഒന്ന് രണ്ട് തവണ അത് കരഞ്ഞിരിക്കുന്നു എന്ന് മനസ്സിലായി.

തന്നെ ആരോ ഉറ്റുനോക്കുന്നെന്ന് മനസ്സിലായതും അവൻ ഒന്ന് ചരിഞ്ഞു നോക്കി. ഒരു പെൺകുട്ടിയാണ്…… അവൻ ഒന്ന് പുഞ്ചിരിച്ചു…… എന്തുകൊണ്ടോ…. ഉള്ളിലെ സങ്കടങ്ങൾ മറന്ന് അവളും അവനെ നോക്കി ഒരു നിമിഷം പുഞ്ചിരിച്ചു…… അവന് അവളെ എവിടെയോ കണ്ടൊരു ഓർമ്മപോലെ തോന്നി അവൻ നിമിഷനേരം അവളുടെ മുഖത്തേക്കു നോക്കിയിരുന്നു തന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ….. അവൻ സംശയത്തോടെ ചോദിച്ചു. എന്നെയോ….. അതേ….. ഈ അടുത്തൊന്നും അല്ല….. മുന്നേ എപ്പോഴോ….. ഈ അടുത്തൊന്നും എന്നെ കാണാൻ വഴിയില്ല. അവൾ മെല്ലെ പറഞ്ഞു . നിങ്ങളെയും ഞാൻ എവിടെയോ വച്ച് കണ്ട് മറന്നപോലെ…. ഇപ്പോഴൊന്നും അല്ല. അവൻ മെല്ലെ പുഞ്ചിരിച്ചു… ഈ അടുത്തൊന്നും എന്നെ കാണാൻ ഒരു സാധ്യതയുമില്ല. അല്ലാ…… തന്റെ പേര് എന്താ …. “”ഗായത്രി “” അവൾ നേർമയിൽ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു . തന്റെ പേരോ?? “”””സൂര്യൻ”””'” അവൻ മെല്ലെ പുഞ്ചിരിച്ചു. ഗായത്രി എവിടെപോകുവാ? അത്…….. ഞാൻ….. അവൾ മെല്ലെ ഒന്ന് വിക്കി….. തുടരും.