ഭാഗം 13
അതും പറഞ്ഞു അവൾക്ക് ഒന്ന് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ അവൻ പെട്ടെന്ന് അവളുടെ ഇടുപ്പിൽ പിടിച്ച് അവനോട് ചേർത്തു നിർത്തി.. അവന്റെ ആ പ്രവർത്തിയിൽ ശരിക്കും അമ്പരന്നു പോയിരുന്നു മരിയ.. ഒച്ച വയ്ക്കാൻ അവൾ തുടങ്ങുന്നതിനു മുൻപേ അവൻ തന്റെ അധരങ്ങൾ കൊണ്ട് അവളുടെ അധരങ്ങളിൽ ഒരു ചുംബനം നൽകിയിരുന്നു… ഏറെ മൃദുലമായി..! അതിനുശേഷം അന്തിച്ച് നിൽക്കുന്നവളുടെ കാതോരം പറഞ്ഞു
ഐ ലവ് യു
ഒരു നിമിഷം ദേഷ്യവും നിസ്സഹായതയും വേദനയും എല്ലാം തന്നിൽ ആധിപത്യം ഉറപ്പിച്ചപ്പോൾ ഏതോ ഒരു വികാരത്തിൻറെ പുറത്ത് പെട്ടെന്ന് അവളുടെ കൈ അവൻറെ കവിളിൽ പതിഞ്ഞു പോയിരുന്നു. ഒരു നിമിഷം സൊളമനും അത്ഭുതപ്പെട്ടുപോയി..! ശേഷം നിറകണ്ണുകളോടെ അവൻറെ മുഖത്തേക്ക് അവൾ നോക്കി..
” ഇറങ്ങിപ്പോകു, റൂമിൽ നിന്ന് പോയില്ലെങ്കിൽ ഇപ്പൊൾ ഞാൻ ഒച്ച വയ്ക്കും… വെറുതെ പറയുന്നതല്ല
എന്തോ ആലോചിച്ചു ഉറപ്പിച്ചതു പോലെ അവൾ പറഞ്ഞപ്പോൾ അവന് അവളുടെ മുഖത്തെ ഭാവം പരിചിതമായിരുന്നില്ല… തന്റെ പ്രവർത്തി അവളെ തകർത്തു കളഞ്ഞു എന്ന് അവനെ ബോധ്യമായി.. അതുകൊണ്ടുതന്നെ അവളോട് കൂടുതൽ ഒരു സംസാരത്തിന് നിൽകാതെ അവൻ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിരുന്നു…
സ്വന്തം മുറിയിലേക്ക് വന്നതും അവൻ ആദ്യം കണ്ണാടിയിലേക്കാണ് നോക്കിയത്… കവിളിൽ തിണർത്തു കിടക്കുന്ന പാടിൽ അവൻ തലോടി, അവളോട് പ്രണയമായാണ് അപ്പോൾ തോന്നിയത്, അതോടൊപ്പം അവളുടെ ആ രീതി അവനെ ഇഷ്ടമാവുകയും ചെയ്തിരുന്നു… അനുവാദമില്ലാതെ ഒരുവൻ ശരീരത്തിൽ സ്പർശിച്ചാൽ ഒരു പെൺകുട്ടി ചെയ്യേണ്ടത് എന്തോ അതെ അവളും ചെയ്തിട്ടുള്ളൂ, അവളുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ അത് ശരിയാണ്. രണ്ടോ മൂന്നോ ദിവസം മാത്രം പരിചയമായ ഒരാൾ പ്രണയമാണെന്ന് പറഞ്ഞ് പുറകെ ചെല്ലുമ്പോൾ അവൾ വിചാരിക്കുന്നത് താൻ അവളെ മുതലെടുക്കാൻ ചെല്ലുകയാണ് എന്നായിരിക്കും, കാരണം ആദ്യനോട്ടത്തിൽ തന്നെ തൻറെ മനസ്സിൽ ഇടം നേടിയവൾ ആണ് എന്ന കാര്യം തനിക്ക് മാത്രം അറിയുന്ന ഒരു കാര്യമാണ്. അവളോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ എന്ന് അവൻ ചിന്തിച്ചു… ഒപ്പം ഒരല്പം ബഹുമാനം കൂ, ടി താൻ വിചാരിച്ചത് പോലെ അത്രയ്ക്ക് പാവം പെണ്ണ് ഒന്നുമല്ല അവൾ എന്ന് അവന് മനസ്സിലായി. അത്യാവശ്യം പ്രതികരണശേഷിയുള്ള കൂട്ടത്തിലാണ്. അവൾ അടിച്ച കവിളിൽ തലോടിക്കൊണ്ട് അവൻ ഇരുന്നു,
ഈ സമയം കാലിൽ മുഖം ഒളിപ്പിച്ച് കരയുകയായിരുന്നു തൻറെ ജീവിതം എന്താണ് ഇങ്ങനെ എന്ന് അവൾ സ്വയം ചോദിക്കുകയായിരുന്നു. തന്നെ മാത്രം വിട്ടൊഴിയാത്ത വേദന. കുറെ നേരം കഴിഞ്ഞപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്. അമല ആയിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു.. മുഖം ഒന്ന് കഴുകി തിരികെ വന്ന് കണ്ണാടിയിൽ നോക്കിയപ്പോഴും വീങ്ങി ഇരിക്കുന്നുണ്ട്. അവൾക്ക് വല്ലാത്ത വേദന തോന്നിയിരുന്നു എന്തു പറ്റി എന്ന് ചോദിച്ചാൽ എന്തു പറയും, ഒരിക്കൽ കൂടി മുഖം ഒന്ന് കഴുകി വീണ്ടും നന്നായി ഒന്നു തുടച്ച് അവൾ വാതിൽ തുറന്നു എന്നാൽ പ്രതീക്ഷിച്ചത് പോലെ അമല ആയിരുന്നില്ല മുൻപിൽ, സോളമൻ ആയിരുന്നു. വീണ്ടും അവളിൽ ദേഷ്യവും ഭയവും ഒക്കെ നിറഞ്ഞു… അവൾ കതകടക്കാൻ തുടങ്ങിയപ്പോഴേക്കും അവൻ അകത്തേക്ക് കയറിയിരുന്നു… ആ ഒരു പ്രവർത്തിയിൽ അവൾ നന്നായി ഭയന്നു പോയിരുന്നു…
” പ്രശ്നമുണ്ടാക്കല്ലേ ഞാൻ പറയുന്നത് കേൾക്ക്… ഞാൻ ചെയ്തത് തെറ്റാണ്, തന്നെ ഞാൻ വല്ലാതെ വിഷമിപ്പിച്ചു… പെട്ടെന്ന് എന്റെ ഭാഗത്തു നിന്ന് അങ്ങനെയൊരു നീക്കം, പേടിച്ചു…. എനിക്കറിയാം… പക്ഷേ അപ്പോഴത്തെ ഒരു മൂഡിൽ അറിയാതെ സംഭവിച്ചു പോയത് ആണ്… പക്ഷേ ഞാൻ പറഞ്ഞതൊക്കെ സത്യമായിട്ടും ഉള്ളതാണ്, എനിക്കിഷ്ടമാണ്. ഒത്തിരി ഇഷ്ടമാണ് വെറുതെ പറയുന്നതല്ല… ശരിക്കും…
” ദയവു ചെയ്തു നിങ്ങളീ മുറിയിൽ നിന്നും ഇറങ്ങി പോകാമോ…?
താല്പര്യമില്ലാതെ അവൾ പറഞ്ഞു…
” ഇവിടെ നിന്നിറങ്ങി പോകാം, പക്ഷേ വൈകാതെ വരും, നിന്റെ മനസ്സിലേക്ക്, കുറിച്ചിട്ടോ…
അത്രയും പറഞ്ഞ് അവൻ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോഴും അവളിൽ വല്ലാത്തൊരു വേദനയാണ് നിറഞ്ഞു നിന്നത്, അവൻ പറയുന്ന കാര്യങ്ങൾ ഒരുവിധത്തിലും അവൾക്ക് അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല. കാരണം തൻറെ അവസ്ഥ മുതലെടുക്കുവാനുള്ള അവൻറെ തന്ത്രമാണ് ഈ രീതികളൊക്കെ എന്നാണ് അവൾ കരുതിയത്. അമലയിൽ നിന്നും തനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന് അവൻ മനസ്സിലാക്കിയിട്ടുണ്ടാവും, തന്നോട് എന്ത് കാണിച്ചാലും തനിക്ക് എന്ത് സംഭവിച്ചാലും ഒരു വ്യക്തിയും ഉണ്ടാവില്ല എന്ന് ധൈര്യം തോന്നിയത് കൊണ്ട് തന്നെയാണ് അവൻ ഇത്തരത്തിൽ തന്നോട് ഇടപെട്ടത് എന്ന് അവൾ ചിന്തിച്ചു. വല്ലാത്തൊരു വേദന അവളെ വരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ വീണ്ടും മുട്ട് കേട്ടു സോളമൻ ആയിരിക്കുമെന്ന് അവൾക്ക് തോന്നി. അവൾ ദേഷ്യത്തോടെ വാതിൽ തുറന്നപ്പോൾ മുന്നിൽ അമലയാണ്… അവരെ കണ്ടതും അവളുടെ മുഖം പെട്ടെന്ന് അവൾ അവരിൽ നിന്നും ഒളിപ്പിക്കാൻ ശ്രമിച്ചു…
” ഞാൻ കുറച്ചുനേരം ഉറങ്ങിപ്പോയി മോളെ, മോളെന്താ വിളിക്കാഞ്ഞത്…?
” ഞാനും ഉറങ്ങിപ്പോയിരുന്നു ആൻറി…
പെട്ടെന്ന് അവരുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..
” സാരമില്ല ഞാൻ വിചാരിച്ചു മോളെ എന്നെ വിളിക്കാതെ പോയതാണെന്ന്, മോൾ ഉറങ്ങുകയാണെങ്കിൽ ഞാൻ വന്നു വിളിക്കില്ലായിരുന്നു… ഉറക്കം കളഞ്ഞു അല്ലെ…
” അത് കുഴപ്പമില്ല ഞാനും വരാൻ തുടങ്ങുവാരുന്നു..
“എങ്കിൽ വാ.. വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ വല്ലതും കഴിക്കാം ഞാൻ ചപ്പാത്തി ചൂടാക്കിയിട്ടുണ്ട്….
” ഞാൻ വന്നോളാം ആന്റി..
അമല പോയപ്പോൾ അവൾ തോർത്തും എടുത്തു കൊണ്ട് ബാത്റൂമിലേക്ക് കയറി, ഒന്ന് കുളിച്ചിട്ട് ഇറങ്ങിയപ്പോൾ മനസ്സിന്റെക്കുറിച്ച് ഭാരം ഒഴിയുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു… അവൾ ഭക്ഷണം കഴിക്കാൻ ആയി ഡൈനിങ് റൂമിലേക്ക് വന്നപ്പോൾ സോളമനും ഉണ്ട്,
അവൻ അവളുടെ മുഖത്തേക്ക് നോക്കുന്നു പോലുമില്ല… അമല തന്നെയാണ് അവൾക്കും ഭക്ഷണം വിളമ്പിയത് മൂന്നുപേരും കൂടി ഭക്ഷണം കഴിക്കുന്ന സമയത്ത് തന്നെയായിരുന്നു സോളമനെ ശ്രദ്ധിച്ചത്, ഇടയ്ക്ക് അറിയാതെ തല ഉയർത്തി നോക്കിയ മരിയ കാണുന്നത് തന്നെ നോക്കിയിരിക്കുന്ന സോളമനയാണ്, അവൾ കൂർപ്പിച്ചു നോക്കിയപ്പോൾ അവൻ ചുണ്ടുകൊണ്ട് അവൾക്ക് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചു, അവൾക്ക് ദേഷ്യം വന്നിരുന്നു.. ഭക്ഷണം കഴിപ്പും മതിയാക്കി അവളെഴുന്നേറ്റ് പോയപ്പോൾ പുറകെ തന്നെ അവനും പ്ലേറ്റുമായി അടുക്കളയിലേക്ക് പോയിരുന്നു…
” എൻറെ കൊച്ചു കഴിക്കുന്നില്ലെങ്കിൽ പിന്നെ എനിക്കും വേണ്ട…!
അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു, വേസ്റ്റ് ബിന്നിൽ ബാക്കി ഭക്ഷണം ഇട്ട് അവൾക്ക് അരികിലേക്ക് നീക്കിവെച്ചു കൊണ്ട് പറഞ്ഞു.. അവൻ അടുക്കളയിൽ നിന്നും പോയി ഒരു നിമിഷം അവൾക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു.. എന്നാൽ അത് പ്രകടിപ്പിക്കുവാനും പറ്റാത്ത ഒരു അവസ്ഥ,
അന്ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ആയി സോളമൻ പോയപ്പോഴാണ് അവൾക്ക് സമാധാനം തോന്നിയത് പിറ്റേന്ന് രാവിലെ തന്നെ സണ്ണിയും അമലയും കൂടി അവളെയും വിളിച്ചുകൊണ്ട് പുസ്തകങ്ങളും മറ്റും വാങ്ങാനായി പോയിരുന്നു.. അതിനുള്ള പണം പ്രത്യേകമായി ബെറ്റി അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു.. എന്നാൽ പ്രത്യേകിച്ച് എന്തെങ്കിലും വേണമോ എന്ന് പല ആവർത്തി അമല ചോദിച്ചിട്ടും വേണ്ട എന്ന മറുപടിയായിരുന്നു മരിയയിൽ നിന്നും ഉണ്ടായിരുന്നത്. സാധനങ്ങളെല്ലാം വാങ്ങി തിരികെ വീട്ടിൽ വന്നപ്പോൾ കയ്യിൽ ബാക്കിയുണ്ടായിരുന്ന കുറച്ചു പണം അമല മരിയയെ ഏൽപ്പിക്കാനായി മുറിയിലേക്ക് എത്തിയിരുന്നു…
” ഇത് ബാക്കിയുള്ള കുറച്ചു പണം ആണ് മോളെ, കൈവെച്ചോ എന്തെങ്കിലും ആവശ്യമുണ്ടാവില്ലെ ഇനിയിപ്പോൾ ഡെയിലി വണ്ടിക്കൂലി ഒക്കെ വേണ്ട..?
പിന്നെ ഇതു കൂട്ടണ്ട അല്ലാതെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആന്റിയോട് പറഞ്ഞാൽ മതി, അതിനു മടി വിചാരിക്കേണ്ട…
ആ പണം വാങ്ങി കൊണ്ട് അവൾ തലയാട്ടി കാണിച്ചിരുന്നു… അമല തിരികെ പോയതിനു ശേഷം കയ്യിലുണ്ടായിരുന്ന പണം അവൾ ഭദ്രമായി ബാഗിലേക്ക് എടുത്തുവച്ചു… പണത്തിന് എല്ലാം കണക്കു അവൾക്ക് കൃത്യമായിരുന്നു… അമ്മയാണ് അയക്കുന്നത് എങ്കിലും അത് എന്തിനൊക്കെ ചിലവഴിക്കുന്നു എന്ന് കൃത്യമായി പപ്പയ്ക്ക് അറിയണം. അതിനുവേണ്ടി പപ്പാ വരുമ്പോൾ ഓരോ സാധനങ്ങളുടെയും ലിസ്റ്റ് എടുത്തു നോക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.. തനിക്ക് വേണ്ടി അമ്മ ചിലവഴിക്കുന്ന ഓരോ പണത്തിനും പപ്പാ കണക്ക് വയ്ക്കുന്നത് പതിവാണ്.. അതുകൊണ്ടുതന്നെ അവൾ പണം സൂക്ഷിച്ചു…
നൈറ്റ് ഡ്യൂട്ടി ആയതുകൊണ്ട് തന്നെ അന്ന് രാത്രിയിൽ സോളമനെ കണ്ടിരുന്നില്ല.. അത് വലിയൊരു ആശ്വാസമായിരുന്നു. അവനെ കാണുമ്പോഴൊക്കെ മുഖം അവനിൽ നിന്നും ഒളിപ്പിച്ച് രണ്ടുമൂന്നുദിവസം കൂടി ആ വീട്ടിൽ മരിയ പിടിച്ചു നിന്നു.. അന്നത്തെ സംഭവത്തിന് ശേഷം അവനിൽ നിന്നും മോശമായിട്ടുള്ള അനുഭവങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല… ഒരുപക്ഷേ താനത് അമലയോട് പറയും എന്ന ഭയമായിരിക്കാം അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചത് എന്ന് അവൾക്ക് തോന്നിയിരുന്നു….
പിറ്റേന്ന് മുതലാണ് കോളേജിൽ പോകേണ്ടത്.. അന്ന് രാത്രി ഒരു പ്രാർത്ഥനയോടെയാണ് കിടന്നത് തന്നെ, സന്തോഷവും പ്രതീക്ഷയും ഒക്കെ മനസ്സിൽ നിറഞ്ഞു നിന്നു. ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.. ഇവിടെ നിന്ന് വേണം ഇനിയും പിടിച്ച കയറാൻ. രക്ഷപ്പെടാനുള്ള അവസാന മാർഗ്ഗമാണ്. രാവിലെ സണ്ണിയങ്കിളിന്റെ ഒപ്പമാണ് ആശുപത്രിയിലേക്ക് പോയിരുന്നത്. തന്നെ ക്ലാസ്സിൽ കൊണ്ടുചെന്നാക്കി അവിടെയുള്ള ആളിനോട് തനിക്ക് വേണ്ടപ്പെട്ട ആളാണെന്ന് പറഞ്ഞിട്ടാണ് അങ്കിൾ പോയത്. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം എന്ന് പറയാനും മറന്നില്ല. അങ്ങനെയൊക്കെ ഒരാൾ പറയുന്നത് ആദ്യമാണ്. സ്കൂളിൽ ചേർക്കാൻ പോലും ആദ്യമായി ആരും ഒപ്പം വന്നിരുന്നില്ല. അടുത്ത വീട്ടിലെ കുട്ടികൾക്കൊപ്പം ആണ് ആദ്യമായി സ്കൂളിൽ പോകുന്നത്.. കുട്ടികളെല്ലാം അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് സ്കൂളിലേക്ക് വന്നപ്പോൾ താൻ മാത്രം ഒറ്റയ്ക്ക്… ആ നിമിഷങ്ങൾ ഒക്കെ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു. അമ്മയ്ക്ക് വരണമെന്ന് ഉണ്ടെങ്കിൽ പോലും പപ്പ അനുവദിക്കില്ലായിരുന്നു. അന്ന് കുഞ്ഞു മനസ്സിൽ അതൊന്നും അറിയാനുള്ള പ്രായവും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ആലോചിക്കുമ്പോൾ അതൊക്കെ എത്ര വലിയ വേദനകൾ ആയിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്… നെടുവീർപ്പോടെ ഓരോന്ന് ചിന്തിക്കുന്നതിനിടയിലാണ് ഒരാൾ തോളിൽ പിടിച്ചത് അറിഞ്ഞത്, തിരിഞ്ഞു നോക്കിയപ്പോൾ കാപ്പിപ്പൊടി നിറമുള്ള വിടർന്ന കണ്ണുകൾ ഉള്ള ചന്ദനക്കുറി തൊട്ട ഒരു പെൺകുട്ടിയാണ്, തന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു കാണിച്ചു…
“മലയാളിയാണോ..?
ആ ചോദ്യത്തിൽ നിന്ന് തന്നെ ഒരു വല്ലാത്ത ആശ്വാസം തോന്നിയിരുന്നു… അതെ എന്ന് തലയാട്ടി കാണിച്ചപ്പോൾ അവളും മലയാളിയാണെന്ന് പറയുന്നു… തൃശ്ശൂർകാരിയ അപർണ, പരിചയപ്പെട്ടപ്പോൾ നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ്. വീട്ടിൽ കുറച്ച് അധികം ബുദ്ധിമുട്ടുകൾ ഉണ്ട്. പെട്ടെന്ന് ജോലി കിട്ടും വീട്ടിലെ ബുദ്ധിമുട്ടുകൾ ഒക്കെ മാറ്റാൻ സാധിക്കുമെന്നും അറിഞ്ഞു കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും സ്വന്തം വീട് പോലും പണയം വെച്ച് അവളെ നഴ്സിംഗ് പഠിക്കാൻ വേണ്ടി വിട്ടതാണ് അതുകൊണ്ടു തന്നെ ജനറൽ നഴ്സിംഗ് പഠിച്ചതിനു ശേഷം പോസ്റ്റ് ബിഎസ്സി എടുക്കാൻ ആണ് പ്ലാൻ. അതും ഇവിടെ തന്നെയാണ് എടുക്കുന്നത് എന്ന് അവൾ പറയുന്നു.
“താൻ ഉണ്ടാവുമോ…? നമ്മുടെ ബാച്ചിലുള്ള കുറേ പേരുണ്ടാവും,
ഞാനിപ്പോ എല്ലാവരോടും ചോദിച്ചു…
അവൾ ക്ലാസിലുള്ള എല്ലാവരെയും പരിചയപ്പെട്ടു എന്ന് മനസ്സിലായി…
“ഇത് കഴിയട്ടെ, കഴിഞ്ഞുള്ള കാര്യം തീരുമാനിച്ചിട്ടില്ല…
അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..
” തീരുമാനിക്കണം ഇല്ലെങ്കിൽ ഒരു ഗുണവുമില്ല… ജനറൽ മാത്രം കൊണ്ട് ഇന്ന് വിദേശത്ത് ഒന്നും ജോലി കിട്ടില്ല. നമ്മളൊക്കെ ഒരു ജോലി സ്വപ്നം കണ്ടല്ലേ ഈ കോഴ്സിന് ഇറങ്ങി തിരിച്ചിരിക്കുന്നത് അപ്പൊ പിന്നെ പോസ്റ്റ് ബിഎസ്സി കൂടി ചെയ്യുന്നതാണ് നല്ലത്…
ഒന്ന് ചിരിച്ചു, അപ്പോഴേക്കും കുറച്ച് അധികം ഡോക്ടർസ് റൂമിലേക്ക് കയറി വരുന്നുണ്ടായിരുന്നു.. അവരിൽ പരിചിതമായ ഒരു മുഖം കണ്ടപ്പോൾ ശരീരത്തിൽ നിന്നും വിറയൽ ഉത്ഭവിച്ചു തുടങ്ങി..
തുടരും

by