12/03/2026

പാർവ്വതി പരിണയം : ഭാഗം 49

രചന – മഴ

ദേവൻ അവൾക്ക് പിന്നിലേക്ക് നോക്കുന്നത് കണ്ടാണ് അവളും തിരിഞ്ഞു നോക്കിയത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ദേവിയാണ് അവളുടെ കണ്ണിൽ ആദ്യം ഉടക്കിയത്. അക്കുവും കുട്ടനും പ്രിയയും നിശബ്ദമായി നിന്നു. അപ്പോഴേക്കും ജോഷി കയറിവന്നു. അക്കുവിനെയും ദേവിയേയും കണ്ടപ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകി. “ഇവനെയൊക്കെ ആരാ ഇവിടെ സൽക്കരിച്ച് ഇരുത്തിയിരിക്കുന്നത്…?” ജോഷി അലറി. “ജോ… നമ്മൾ കരുതും പോലെ അവർ തെറ്റുകാരല്ല…” ജോഷിയുടെ ചുമലിൽ പിടിച്ചുകൊണ്ട് മഹി പറഞ്ഞതും കത്തുന്ന കണ്ണുകളോടെ ജോഷി മഹിയെ നോക്കി അവന്റെ കൈ തട്ടിയെറിഞ്ഞു.

“പുതിയ കഥയുമായി ഇറങ്ങിയതാവും.. അതൊക്കെ വെള്ളം തൊടാതെ നീയൊക്കെ വിശ്വസിച്ചാൽ മതി…” “എടാ.. നീ ഇവിടെ ഇരുന്നു പറയുന്നത് കേൾക്ക്.. എന്നിട്ട് നമുക്ക് തീരുമാനിക്കാം..” പ്രിയ ജോഷിയെ പിടിച്ച് സോഫയിലിരുത്തി കാര്യങ്ങളൊക്കെ പറഞ്ഞു. “അതുകൊണ്ടൊന്നും നീ വിശ്വസിക്കില്ലെന്ന് അറിയാം ജോ… ഇതുകൂടി കാണ്.. എന്നിട്ട് തീരുമാനിക്കാം..” അക്കു അവനോടു പറഞ്ഞു കൊണ്ട് അന്ന് വിനു അയച്ച വീഡിയോകളും ഫോട്ടോസും കോൾ റെക്കോർഡ്സും ഒക്കെ കാണിച്ചു. എല്ലാം കണ്ട് തറഞ്ഞിരിക്കാൻ മാത്രെ ജോഷിക്ക് ആയുള്ളൂ. ആ നേരമത്രയും പാറുവിന്റെ സാന്നിധ്യം പോലും എല്ലാവരും വിസ്മരിച്ചിരുന്നു.

അവളുടെ തേങ്ങലുകൾ ശ്രദ്ധിച്ചപ്പോഴാണ് എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് കേന്ദ്രീകരിച്ചത്. ജോഷി എഴുന്നേറ്റ് വന്ന് അവളെ ചേർത്തു പിടിച്ചു. മഹി ഇരുകൈകളും മുടിയിൽ കൊരുത്ത് മുഖം കുനിച്ചിരുന്നു. കുട്ടനും പ്രിയയും എന്തുചെയ്യണമെന്നറിയാതെ മാറിമാറി എല്ലാവരെയും നോക്കി. “മഹീ… ഒരു പോറൽ പോലും ഏൽപ്പിക്കാതെ ദേവിയെ കൊണ്ടുനടന്നത് നിന്റെ കയ്യിൽ സുരക്ഷിതമായി ഏൽപ്പിക്കാനാണ്…….” “എന്നിട്ട് ഇത്രനാളും എവിടെയായിരുന്നു…? പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ വന്ന് സ്വീകരിക്കണമെന്ന് പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്….? പോട്ടെ കഴിഞ്ഞ മൂന്ന് വർഷത്തിന് ഇടക്ക് ഒരിക്കൽ പോലും വരാൻ തോന്നിയില്ലല്ലോ… പിന്നെ…. പിന്നെ എന്തിനാ ഇപ്പൊ….?” അക്കു പറഞ്ഞതും പാറു അവനു നേരെ ചീറി. ഏതാനും നിമിഷം നിശബ്ദത തളം കെട്ടി കിടന്നു. അവിടെ പാറുവിന്റെ തേങ്ങലുകൾ ഉയർന്നുവന്നു.

“സ്നേഹിച്ച പുരുഷനെ വിട്ടുകൊടുക്കാനുള്ള വിശാല മനസ്സ് ഒന്നും എനിക്കില്ല…. ദേവേട്ടൻ ന്റെയാ…” അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് ദേവന്റെ അരികിൽ ചെന്ന് തറയിൽ മുട്ടുകുത്തി ഇരുന്നു. അവന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ചു കരഞ്ഞു. “അവ….. അവരോട്…. പോവാൻ പറ ദേവേട്ടാ…… ദേവേട്ടൻ…. ന്റെയാ.. പറ… അവരോട്….” ദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മറ്റുള്ളവരെല്ലാം സ്തബ്ധരായി നിൽക്കുകയായിരുന്നു. “പറയെടാ… ഭീമാ… അവര്… ഇവിടെ നിക്കണ്ട…. പോവാൻ പറയ്….” അവന്റെ കൈകളിൽ പിടിമുറുക്കി അവൾ പറഞ്ഞു. “ഞാൻ….. ഞാൻ.. എങ്ങനെയാ….? എനിക്കുവേണ്ടി….ഇന്നും…… ഞാൻ.. താലികെട്ടിയ പെണ്ണല്ലേ……” മുഖം കുനിച്ച് അവൻ പറഞ്ഞതും പാറുവിന്റെ തലയിൽ ഇരുമ്പു കൂടം കൊണ്ട് അടിക്കുന്നതു പോലെ അനുഭവപ്പെട്ടു.

അവന്റെ വാക്കുകൾ അവളുടെ ഉള്ളിൽ ഒരായിരം മുള്ളുകൾ തറയ്ക്കുന്നതു പോലെ തോന്നി. തൊണ്ടക്കുഴിയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല. അവന്റെ കയ്യിലെ അവളുടെ പിടി അയഞ്ഞതും അവൻ മുഖമുയർത്തി അവളെ നോക്കി. ദേവൻ പാറു വിന്റെ കൈകളിൽ മുറുകെ പിടിച്ചു. അവൾ അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി “നീയെന്താ പറഞ്ഞത്…?” ജോഷി മഹിക്ക് നേരെ ചീറി കൊണ്ട് വന്നു. മഹി ഒന്നും മിണ്ടിയില്ല. അപ്പോഴും അവളുടെ കൈകൾ അവൻ മോചിപ്പിച്ചിരുന്നില്ല. “മഹീ…. നിന്നോടാ ചോദിച്ചത്….? ജോഷി പല്ലുകൾ ഞെരിച്ചു. “ഞാൻ പിന്നെ എന്തുവേണം…” മഹി ദേഷ്യത്തോടെ അവനെ നോക്കി. “&%#@% മോനേ…”ജോഷി മഹിയുടെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു എഴുന്നേൽപ്പിച്ചു. പാറു ശില കണക്കെയിരുന്നു. അക്കുവും കുട്ടനും പ്രിയയും ജോഷിയെയും മഹിയെയും പിടിച്ചുമാറ്റി. “ആഗ്രഹം നൽകിയിട്ട് ഇവളെ നീ കൈ ഒഴിഞ്ഞാൽ ഉണ്ടല്ലോ….വെച്ചേക്കില്ല നിന്നെ ഞാൻ…” ജോഷി മഹിക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു.

പ്രിയയുടെ കൈ കുടഞ്ഞെറിഞ്ഞ് ദേവൻ തറയിൽ ഇരിക്കുന്ന പാറുവിന്റെ അരികിലേക്ക് ഇരുന്നു. അവളുടെ ഇരു കൈകളും കൂട്ടിപ്പിടിച്ചു.അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. “പാറൂട്ടാ… എന്നോട് ക്ഷമിക്കടാ….” പാറുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകി. ഏതാനും നിമിഷം അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി അവൾ.. ശേഷം കൈ വലിച്ചെടുത്തു. “ജോഷിച്ചായാ…” എന്നെ ഇവിടുന്ന് കൊണ്ടുപോകുമോ.. ” അവൾ ജോഷിയോടായി ചോദിച്ചു. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ഒരിക്കൽ കൂടി ദേവനെ നോക്കി അവൾ ജോഷിക്കൊപ്പം കൈലാസത്തിൽ പടിയിറങ്ങി.

” എന്താടാ മഹി ഇവിടെ നടക്കുന്നത്…? അവൾ… പാറൂ…? “കുട്ടൻ ചോദിച്ചു. “ഇവളോ….?” ദേവിയെ ചൂണ്ടി മഹി പറഞ്ഞതും കുട്ടൻ ഒന്നും മിണ്ടിയില്ല. “ഞാൻ കാരണം എന്തൊക്കെ വേദനകൾ സഹിച്ചു..? അവളുടെ ആഗ്രഹങ്ങൾ… സ്വപ്നങ്ങൾ… ഒക്കെ വിട്ട് നാടുവിടേണ്ടി വന്നില്ലേ…? ഒടുവിൽ എനിക്ക് വേണ്ടി മനോനില തെറ്റിയവരുടെ കൂട്ടത്തിൽ അവളും… അന്നും ഇന്നും മനസ്സിൽ എന്നെ മാത്രം പ്രതിഷ്ഠിച്ചിരിക്കുന്ന ഇവളെ ഞാൻ എങ്ങനെ തള്ളണം നീ പറയ്…” മഹി ആക്രോശിച്ചു. അവന്റെ ചോദ്യത്തിന് മറുപടി പറയാൻ ആർക്കും കഴിഞ്ഞില്ല. തിരികെ മാധവശ്ശേരിയിലെത്തിയ പാറു ആരോടും മിണ്ടാതെ റൂമിൽ കയറി വാതിലടച്ചു. മീരയെ ഒന്നും അറിയിക്കരുത് എന്നും പാറുവിന്റെ അരികിലേക്ക് ചെല്ലാനും ജോഷി അച്ചുവിനോട് പറഞ്ഞു. അച്ചു ചെല്ലുമ്പോൾ പാറു തലയണയിൽ മുഖമമർത്തി കരയുകയായിരുന്നു. അവൾക്ക് അരികിലേക്ക് ഇരുന്ന് നെറുകയിൽ തലോടി അച്ചു. പാറു എഴുന്നേറ്റ് അച്ചുവിനെ ചുറ്റിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

അതുകണ്ടു അച്ചുവും കരഞ്ഞു. ” എന്താ മോളെ..? എന്താ ഉണ്ടായത്…? ” കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ അച്ചു ചോദിച്ചു. അവൾ അവിടെ നടന്നതൊക്കെ പറഞ്ഞു. അച്ചു അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെയിരുന്നു. ഇന്നാണ് മീരയുടെ വയറു കാണൽ ചടങ്ങ്. തലേദിവസം തന്നെ മാധവശ്ശേരിയിൽ എല്ലാവരും എത്തിയിരുന്നു. പട്ടുസാരിയുടുത്ത് നിറയെ ആഭരണങ്ങളണിഞ്ഞ് മുല്ലപ്പൂവും ചൂടി മീര സുന്ദരിയായി വന്നു. അച്ചുവും പാറുവും മീനയും വിപഞ്ചിയും കൂടി അവളെ സ്റ്റേജിലെ സോഫയിലിരുത്തി. മഹിയും കുട്ടനും കുടുംബസമേതം വന്നു. പ്രിയയും അവർക്കൊപ്പം ഉണ്ടായിരുന്നു. പിന്നാലെ അക്കുവും ദേവിയും എത്തി. സുഭദ്രാമ്മ ഏഴു കുട്ട നിറയെ ഏഴുതരം പലഹാരങ്ങളുമായിട്ടാണ് വന്നത്.. പെണ്ണിന്റെ വീട്ടുകാർ ആണ് കൊണ്ടുവരേണ്ടത് എങ്കിലും മീര അവിടെ തന്നെ നിൽക്കുന്നതിനാൽ അമ്മ കൊണ്ടുവന്നു.

ദേവിയും അക്കുവും ഒഴികെ ബാക്കിയെല്ലാവരും സ്റ്റേജിൽ കയറി മീരയ്ക്ക് മധുരവും സമ്മാനങ്ങളും നൽകി. “പാറു എവിടെ..?’ പ്രിയ അച്ചുവിനോട് ചോദിച്ചു. “ഇത്രനേരം ഇവിടെ ഉണ്ടായിരുന്നു.. വല്യമ്മാമ്മ വിളിച്ചപ്പോൾ അകത്തേക്ക് പോയതാ…” അവൾ മറുപടി പറഞ്ഞു വല്യമ്മാമ്മയുടെ അടുത്ത് പോയി തിരികെ റൂമിൽ വന്ന് ഫോണെടുക്കാൻ നേരമാണ് പാറു ദേവന്റെ വണ്ടിയുടെ ഹോൺ കേൾക്കുന്നത്. ജനലിൽ കൂടി നോക്കിയതും കാറിൽ നിന്നും ഇറങ്ങുന്ന ദേവനെ കണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു. പിന്നാലെയുള്ള വണ്ടിയിൽ നിന്നും അക്കുവും ദേവിയും ഇറങ്ങി. ദേവി മഹിക്ക് അരികിലേക്ക് നടക്കുന്നതും അവർ തമ്മിൽ സംസാരിക്കുന്നതും മഹി ആശ്വസിപ്പിക്കും പോലെ ദേവിയുടെ ചുമലിൽ തട്ടുന്നതും ഒക്കെ കണ്ടു പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഇടയ്ക്കെപ്പോഴോ ദേവന്റെ കണ്ണുകൾ പാളി പാറുവിന്റെ റൂമിന്റെ ജനാലയിൽ എത്തി നിന്നപ്പോൾ പാറു മറഞ്ഞുനിന്നു. ഒഴുകിയിറങ്ങിയ കണ്ണുനീരിനെ അമർത്തി തുടച്ചു ഉറച്ച തീരുമാനത്തോടെ പാറു താഴേക്കു നടന്നു. സ്റ്റേജിലേക്ക് കയറി വരുന്ന അക്കുവിനെയും ദേവിയെയും കണ്ടു മീര ഞെട്ടി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അതുകണ്ടപ്പോൾ മഹി അവൾക്കരികിൽ ഇരുന്നു കണ്ണുകൾ തുടച്ചു കൊടുത്തു. ” ചടങ്ങ് ഒക്കെ കഴിഞ്ഞ് കാര്യങ്ങൾ വിശദമായി പറഞ്ഞുതരാം.. ഇപ്പോൾ സന്തോഷത്തോടെ അവരെ സ്വീകരിക്ക്….” മഹി പറഞ്ഞതും മീരയുടെ കണ്ണുകൾ വീണ്ടും ദേവിയിൽ തങ്ങിനിന്നു. നിറകണ്ണുകളോടെ കയറിവന്ന ദേവി മീരയ്ക്ക് അരികിലിരുന്ന് അവളുടെ കാലിൽ തൊട്ടു. രണ്ടു തുള്ളി കണ്ണുനീർ അവളുടെ കാലിൽ വീണുചിതറി മീര അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു.

“മാപ്പ്…..” ദേവി പറഞ്ഞതും മീര അവളെ ഇറുകെ പുണർന്നു. ഈ നിമിഷങ്ങൾക്കൊക്കെയും സാക്ഷിയായി ഉമ്മറത്ത് പാറു നിൽക്കുമ്പോഴാണ് സുഭദ്രാമ്മ അവൾക്കരികിൽ എത്തി അവളെ ചേർത്തു പിടിച്ചത്. “എന്താ എന്റെ മോൾക്ക് ഒരു വിഷമം…? ഞാൻ കരുതി വന്നു എന്നറിയുമ്പോൾ ഓടി എന്റെ അരികിൽ വരുമെന്ന്….” പരിഭവത്തോടെ അവർ പറഞ്ഞതും അവൾ അമ്മയെ ഇറുകെ പുണർന്നു. “ഒന്നുല്ല എന്റെ സുഭദ്രകുട്ടിയെ… ബിസിയായി പോയി… ഓരോന്നൊക്കെ നോക്കിയും കണ്ടും ഞാൻ തന്നെ വേണ്ടേ ചെയ്യാൻ… ഇവിടെ ആർക്കും ഒരു ഉത്തരവാദിത്വവും ഇല്ലെന്നേ….” “അയ്യടാ… രാവിലെ മുതൽ തെക്കുവടക്ക് നടക്കുകയായിരുന്നു പെണ്ണ്.. ഒരു ഇല എടുത്തു വെച്ചിട്ടില്ല… എന്നിട്ട് പറയുന്നത് കേട്ടില്ലേ…” മുത്തശ്ശൻ അവളുടെ ചെവിയിൽ നുള്ളി കൊണ്ട് പറഞ്ഞു.

അവൾ അവരെ ഇളിച്ചു കാട്ടി അപ്പോഴേക്കും ലച്ചുവും അമ്മുവും എത്തി. അവൾ അവരെ ചെന്ന് കെട്ടിപ്പിടിച്ചു. “ഇനി നിങ്ങൾ ഓൾഡ് ടീംസ് സംസാരിച്ചിരിക്ക്… ഞങ്ങൾ പോയി കളക്ഷൻ എടുത്തിട്ട് വരാം….” പാറു അതും പറഞ്ഞ് അവർക്കൊപ്പം പുറത്തേക്ക് നടന്നു. “കളക്ഷനോ…?” “വായിനോട്ടം….” സുഭദ്രാമ്മയുടെ സംശയം നിറഞ്ഞ ചോദ്യത്തിന് ആ വഴിവന്ന ജോഷിയാണ് മറുപടി പറഞ്ഞത്. ഭക്ഷണശേഷം ഒരു വിധം എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഫ്രഷായി മീര റൂമിലേക്ക് വന്നതും ദേവി അവളെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. മീര അവൾക്ക് അരികിലേക്ക് വന്നിരുന്നതും മഹിയും കുട്ടനും അക്കുവും ജോഷിയും പ്രിയയും അവിടേക്ക് എത്തിയിരുന്നു. അന്ന് അങ്ങനെയൊക്കെ പെരുമാറാൻ ഉണ്ടായ സാഹചര്യം ഒക്കെ പറഞ്ഞു.

മഹിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും അക്കുവും ദേവിയും ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിട്ടില്ല എന്നും അന്ന് കൈലാസത്തിൽ നടന്ന സംഭവങ്ങളും ഒഴികെ മീരയോട് പറഞ്ഞു. ഒരുപക്ഷേ പാറുവിനോടുള്ള മഹിയുടെ അകൽച്ച അവളെ വേദനിപ്പിക്കും എന്നും അത് കുഞ്ഞിനെ ബാധിക്കുമെന്നും അവർക്ക് അറിയാവുന്നതുകൊണ്ടാണ്.. പരിഭവങ്ങളും പരാതികളും പറഞ്ഞുതീർത്തു പഴയ സൗഹൃദത്തെ മീര വീണ്ടും നെഞ്ചോടുചേർത്തു. മഹിക്ക് ഒരു കോൾ വന്നപ്പോൾ അവൻ പതിയെ റൂമിന് പുറത്തേക്കിറങ്ങി. സംസാരിച്ചു ഡിസ്കണക്റ്റ് ചെയ്തു തിരികെ വരുമ്പോഴാണ് പടിക്കെട്ട് ഇറങ്ങിവരുന്ന പാറുവിനെ കാണുന്നത്.. രാവിലെ വന്നതിനുശേഷം ഇതുവരെ അവൾ ദേവനു മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

കഴിവതും ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു. അവനെ കണ്ടപ്പോൾ അവളുടെ കാലുകളും നിശ്ചലമായി. ഇരുവരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു. ഹൃദയങ്ങൾ ശക്തമായി പിടച്ചുകൊണ്ടിരുന്നു. അവളുടെ കണ്ണിൽ തളം കെട്ടി കിടക്കുന്ന നോവ് അവൻ അറിഞ്ഞു. “മഹിയേട്ടാ…” ദേവിയുടെ വിളിയാണ് ഇരുവരുടെയും നോട്ടം പിൻവലിക്കാൻ കാരണമായത്. “മഹിയേട്ടാ… വന്നേ ഒരു കാര്യം…” എന്നുപറഞ്ഞ് മഹിയുടെ കണ്ണുകൾ പാഞ്ഞിടത്തേക്ക് നോക്കിയപ്പോഴാണ് ദേവി പാറുവിനെ കാണുന്നത്. ഇരുവരെയും ഒന്ന് നോക്കിയ ശേഷം പാറു വീണ്ടും പടിക്കെട്ടുകൾ കയറി മുകളിലേക്ക് പോയി. കുട്ടൻ ഫോണിൽ ആരോടോ ആക്രോശിക്കുന്നത് കേട്ടുകൊണ്ടാണ് മഹി അടുത്തേക്ക് ചെന്നത്. “എന്താടാ…?എന്തുപറ്റി…?” മഹി ചോദിച്ചു. “കമ്പനിയിൽ ഒരു പ്രശ്നം…” “അത് എന്താണെന്നല്ലേ നിന്നോട് ചോദിച്ചത്…” നമ്മുടെ കമ്പനിയുടെ മെയിൻ കസ്റ്റമർ ആണ് സി കെ ഗ്രൂപ്പ്.

അവർ നമ്മുടെ കോൺട്രാക്ടർ ക്യാൻസൽ ചെയ്യുകയാണെന്ന്. അവർ പോയാൽ അത് വലിയ നഷ്ടം ആകും നമുക്ക്.. അപ്പച്ചൻ ഉണ്ടായിരുന്ന സമയത്തെ അവർക്ക് നമ്മളും ആയിട്ടായിരുന്നു ഡീൽ… കുട്ടൻ നെറ്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു. “കുട്ടാ….” ജോഷി അവിടേക്ക് വന്നു “തോമസേട്ടൻ വിളിച്ചിരുന്നു.. നീ ഫോൺ എടുക്കുന്നില്ല എന്ന് പറഞ്ഞു.. സി കെ ഗ്രൂപ്പ്…..” “ഞാൻ ഇപ്പോൾ തോമസ് ഏട്ടനെ വിളിച്ചിരുന്നു.. ഞാൻ അങ്ങോട്ടേക്ക് പോവുകയാ…” “ഞാനും വരാം…” ജോഷി പറഞ്ഞു. “വേണ്ടടാ ഇവിടെ എപ്പോഴും ആളു വേണം…” “സാരമില്ലെടാ ചന്ദ്രകുമാർ അങ്കിളിനെ കണ്ടിട്ട് ഞാൻ തിരിച്ചു വരാം…” രണ്ടുപേരും റെഡിയാവാൻ പോയി. മഹിയും ദേവിയും അക്കുവും പ്രിയയും ഗാർഡനിൽ ഇരിക്കുകയായിരുന്നു. കുട്ടനും ജോഷിയും റെഡിയായി അവർക്കരികിലേക്ക് എത്തി.

ജോഷി കൈയിലുണ്ടായിരുന്ന ഫയലിൽ നിന്നും ഒരു പേപ്പർ എടുത്ത് മഹിക്കു നേരെ നീട്ടി. ര”ജിസ്റ്റർ മാരേജിനുള്ള ആപ്ലിക്കേഷൻ ഫോം ആണ്.. എത്രയും വേഗം വിവാഹം നടത്തണം… ” ഗൗരവത്തോടെ ജോഷി പറഞ്ഞതും എല്ലാവരും ഞെട്ടി അവനെ നോക്കി. “ഇത്ര പെട്ടെന്നോ….?”പ്രിയ ചോദിച്ചു “വേണം…” “ജോ… പാറു…” മഹി മുഴുവിപ്പിച്ചില്ല. “സംസാരിച്ചിരുന്നു ഞാൻ… ഇത് അവളുടെയും കൂടി ആവശ്യമാണ്.. എല്ലാത്തിനോടും പൊരുത്തപ്പെട്ട് വരണമെങ്കിൽ നിങ്ങളുടെ വിവാഹം കഴിയണമെന്നും അതിനുവേണ്ട കാര്യങ്ങൾ ചെയ്തു തരാനും പറഞ്ഞു എന്നോട്.. ആലോചിച്ചപ്പോൾ അതുതന്നെയാണ് നല്ലത് എന്ന് തോന്നി.. ഇവൻ കൈയ്യൊഴിഞ്ഞതുപോലെ എനിക്ക് അവളെ കയ്യൊഴിയാൻ പറ്റില്ലല്ലോ… എന്റെ അനിയത്തി അല്ലേ…” മുഖത്ത് നോക്കാതെ ജോഷി പറഞ്ഞു.

“ജോ നീ എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്..” “എനിക്ക് മനസ്സിലാവില്ലടാ… നീ എന്തൊക്കെ ന്യായം പറഞ്ഞാലും എനിക്ക് അതു മാത്രം മനസ്സിലാവില്ല….” ജോഷിയുടെ വാക്കുകളിൽ ദേഷ്യം നിറഞ്ഞുനിന്നു. “ഞാൻ… ഞാൻ കാരണമാ… ഇതൊക്കെ ഞാൻ ഒഴിഞ്ഞു പോയേക്കാം മഹിയേട്ടാ…. ഞാൻ കാരണം ആരും……” ” മതി ദേവി.. ഇനി നീ പോയാലും പാറു മഹിയെ സ്വീകരിക്കില്ല.. അവൻ തള്ളിപ്പറഞ്ഞ നിമിഷം അവളുടെ ഉള്ളിൽ അവൻ മരിച്ചു… ” “ജോ……” ജോഷിയുടെ വാക്കുകൾ കേട്ട് മഹിയുടെ ശബ്ദമുയർന്നു. “എടാ നമുക്ക് ഒന്നുകൂടി ആലോചിച്ചു തീരുമാനിച്ചാൽ പോരെ…?” കുട്ടൻ ചോദിച്ചു. “ഇനി ഒന്നും ആലോചിക്കാനില്ല.. എത്രയും വേഗം കല്യാണം നടത്തണം.. ഞാനൊക്കെ ചെയ്തോളാം.. രണ്ടുപേരും വേഗം സൈൻ ചെയ്തു താ…” മഹി വിറയ്ക്കുന്ന കയ്യോടെ പേന എടുത്തു. ഒപ്പിടും മുന്നേ ആയി അവന്റെ നോട്ടം പാറുവിന്റെ ജനാലയിലേക്ക് പോയി.

എടുത്ത തീരുമാനങ്ങൾ ഒന്നും തെറ്റാവരുതേ എന്ന ഉള്ളറിഞ്ഞ് പ്രാർത്ഥിച്ചുകൊണ്ട് ഒപ്പിട്ടു.ശേഷം അരികിലിരിക്കുന്ന ദേവിക്ക് പേന കൈമാറി. അവളും ഒപ്പിട്ടു പേപ്പറും പേനയും ജോഷിക്ക് കൈമാറി. ഇരുളിനെ കൂട്ടുപിടിച്ച് പാറു എല്ലാത്തിനും സാക്ഷിയായി നിന്നു. പേപ്പർ വാങ്ങി ജോഷി അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ പ്രിയ പിന്നിൽ നിന്നും വിളിച്ചു. “നിങ്ങൾ പോവരുത്.. ഒരു അഞ്ചു മിനിറ്റ് ഞാനും റെഡിയായി വരാം…” “നീ എങ്ങോട്ടാ…?” കുട്ടൻ ചോദിച്ചു. “ഞാൻ പപ്പയുടെ അടുത്തേക്ക് പോവുകയാണ്.. നിങ്ങൾ എന്നെ തമ്പാനൂരിൽ വിട്ടാൽ മതി…” “ഇതെന്താ പെട്ടെന്ന് ഒരു മനംമാറ്റം…?” ജോഷി ചോദിച്ചു. “ഒന്നുമില്ലെടാ… ജോയിൻ ചെയ്യും മുൻപ് പപ്പയുടെ അടുത്ത് കുറച്ചു ദിവസം നിൽക്കണം എന്ന് തോന്നി…” എന്നു പറഞ്ഞ് അവൾ അകത്തേക്ക് പോയി. ജോഷിയും കുട്ടനും മഹിയും പരസ്പരം നോക്കി. തുടരും