26/05/2026

പാർവ്വതി പരിണയം : ഭാഗം 48

രചന – മഴ

അച്ഛനും അമ്മയും ലച്ചുവും കൂടി പുറത്തേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് കുട്ടന്റെ കാർ മുറ്റത്തേക്ക് എത്തിയത്. അവനൊപ്പം പ്രിയയും പുറത്തേക്കിറങ്ങി. പ്രിയയെ കണ്ടപ്പോൾ ലച്ചു ഓടി അവളുടെ അടുത്തേക്ക് ചെന്നു കയ്യിൽ തൂങ്ങി. “ചേച്ചി എന്റെ സ്വീറ്റ്സ് എവിടെ…?” “തരാം പെണ്ണേ…” “നിങ്ങൾ എവിടെ പോവാ…?” കുട്ടൻ ചോദിച്ചു. “മീര മോൾക്ക് കുറച്ച് സാധനം വാങ്ങണം മറ്റന്നാൾ പോകുമ്പോൾ കൊണ്ടുപോകാൻ…” അമ്മ പറഞ്ഞു. “ഞാൻ വരണോ..?” “വേണ്ടെടാ ഞങ്ങൾ പോയിട്ട് വരാം…” അവൻ ചോദിച്ചതിന് അച്ഛനാണ് മറുപടി പറഞ്ഞത്. അപ്പോഴേക്കും വണ്ടിയുടെ ശബ്ദം കേട്ട് മഹി പുറത്തേക്ക് വന്നിരുന്നു.

“ഓഹ്… മഹാൻ അപ്പോൾ ഇവിടെ ഉണ്ടായിരുന്നോ…?” പ്രിയ അവന്റെ വയറിൽ ഇടിച്ചു കൊണ്ട് ചോദിച്ചു. “ഹമ്മേ… ഇവൾക്ക് കാണുമ്പോ കാണുമ്പോമനുഷ്യനെ ഉപദ്രവിച്ചില്ലെങ്കിൽ ഉറക്കം വരില്ലേ…? അല്ല… നീ മറ്റന്നാളെ എത്തു ഉള്ളൂ എന്നല്ലേ പറഞ്ഞത്…? എന്താണ് നേരത്തെ…?” അവളെ കൂർപ്പിച്ചു നോക്കിക്കൊണ്ട് അവൻ ചോദിച്ചു. “അതെന്താ എനിക്ക് നേരത്തെ എത്താൻ പറ്റില്ലേ…?” “ചോദിച്ചെന്നേ ഉള്ളേ….” അവൻ തൊഴുകയ്യോടെ അവളോട് പറഞ്ഞു. “മക്കളെ എന്നാൽ ഞങ്ങൾ പോയിട്ട് വരാം…” എന്ന് പറഞ്ഞു അമ്മ വണ്ടിയിൽ കയറി. “കുട്ടേട്ടാ എന്നെ സ്വീറ്റ്സ് ഒന്നും എടുത്തു കഴിക്കരുത് കേട്ടോ…’ “നീ പോടി മാക്കാച്ചി….” ലച്ചു അവനെ കൊഞ്ഞനം കുത്തി വണ്ടിയിലേക്ക് കയറിയിരുന്നു.

അവർ പോയതും മഹിയും പ്രിയയും കുട്ടനും അകത്തേക്ക് കയറി. മൂന്നാളുടെയും കത്തി വെപ്പ് തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോഴാണ് കോളിംഗ് ബെൽ മുഴങ്ങിയത്. ” ജോഷി ആവും… വരുമെന്ന് പറഞ്ഞിരുന്നു…”എന്ന് പറഞ്ഞുകൊണ്ട് മഹി ചെന്ന് വാതിൽ തുറന്നതും ഞെട്ടി. ” അക്കു… ” ഉമ്മറത്തിരുന്ന് അച്ചുവുമായി സംസാരിച്ചിരിക്കുമ്പോൾ ആണ് പാറു എവിടെയോ പോവാൻ തയ്യാറായി വരുന്ന ജോഷിയെ കാണുന്നത്. പിന്നാലെ മീരയും ഉണ്ട്. “എവിടെ പോവാ ജോഷിച്ചായാ…?” അവൾ ചോദിച്ചു. ” ചെട്ടികുളങ്ങരയിലേക്ക്.. വരുന്നോ…?’ അവൻ ഒരു ചിരിയോടെ ചോദിച്ചു അവൾ അച്ചുവിനെയും മീരയും ഒന്ന് നോക്കി. “വരുന്നെങ്കിൽ വാടി വൈകിട്ടത്തേക്ക് തിരിച്ചുവരാം…” അവൾ വീണ്ടും അവരെ നോക്കിയപ്പോൾ അവർ ചിരിച്ചുകൊണ്ട് സമ്മതം അറിയിച്ചു.

“ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാമേ…” എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് ഓടി. “മാഷേട്ടൻ എന്നുവെച്ചാൽ ഭ്രാന്ത് ആണ് ഇവൾക്ക് അല്ലേ ജോഷിച്ചായാ….” അവളുടെ പോക്ക് കണ്ടിട്ട് മീര ചിരിയോടെ അവരോടായി പറഞ്ഞു. ഇരുവരും അവളെ അനുകൂലിച്ചുകൊണ്ട് ചിരിച്ചു. പാറു വേഗം തിരികെ വന്ന് കാറിലേക്ക് കയറാൻ തുടങ്ങി. “നീ ഡ്രസ്സ് ചേഞ്ച് ചെയ്യുന്നില്ലേ…?” ജോഷി അവൾക്ക് അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു. “ഈ ദാവണിയ്ക്ക് എന്താ കുഴപ്പം..? വണ്ടിയിൽ അല്ലേ.. സാരമില്ല…” അവൾ മുഖം കോട്ടി പറഞ്ഞുകൊണ്ട് വണ്ടിയിലേക്ക് കയറിയിരുന്നു. അവൾക്ക് എത്രയും വേഗം അവിടെ ചെന്നാൽ മതി എന്നായിരുന്നു. ജോഷി അവളെ നോക്കി ചിരിച്ചുകൊണ്ട് അവരോട് യാത്ര പറഞ്ഞു വണ്ടി എടുത്തു.

“മഹി ഏട്ടാ…” ഇടറിയ ശബ്ദത്തോടെ ദേവി വിളിച്ചപ്പോഴാണ് അക്കുവിനു പിന്നിലായി നിൽക്കുന്ന ദേവിയെ അവൻ കണ്ടത്. അപ്പോഴേക്കും കുട്ടൻ അവർക്കരികിലേക്ക് എത്തിയിരുന്നു. “നിങ്ങളോ…? നിങ്ങൾ എന്താ ഇവിടെ…?” “കുട്ടേട്ടാ.. ഞങ്ങൾക്ക് കുറച്ചു സംസാരിക്കണം.. അകത്തേക്ക് വന്നോട്ടെ പ്ലീസ്…” “ഇനിയും എന്ത് സംസാരിക്കാൻ…? നിങ്ങൾ കാരണം ഒരിക്കൽ നഷ്ടപ്പെട്ടു എന്ന് കരുതിയ ഞങ്ങളുടെ മഹിയെ തിരികെ കിട്ടിയതേ ഉള്ളൂ.. അത് ഇല്ലാതാക്കാൻ വന്നതാണോ…?” കുട്ടൻ അരിശത്തോടെ ചോദിച്ചു മഹി ഒന്നും മിണ്ടാതെ അകത്തേക്ക് വന്ന് സോഫയിൽ ഇരുന്നു. ” എന്തു പറ്റിയെടാ…? ആരാ വന്നത്…? ” പ്രിയ അവനോട് ചോദിച്ചു ചോദിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി. “കുട്ടേട്ടാ… പ്ലീസ് എനിക്ക് പറയാനുള്ളത് കേട്ടിട്ട് എന്നെ എന്തുവേണമെങ്കിലും പറഞ്ഞോ…” കരഞ്ഞുകൊണ്ട് തൊഴുകൈയോടെ അവൾ പറഞ്ഞതും കുട്ടനും പിന്തിരിഞ്ഞു നടന്നു.

“ഓ നിങ്ങളോ…? മതിയായില്ലേ നിങ്ങൾക്ക്…? വീണ്ടും എന്ത് കാര്യത്തിനാ ഇങ്ങോട്ട് വന്നത്..? “കുട്ടാ പ്ലീസ്..ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കൂ..” അക്കു പറഞ്ഞതും പ്രിയ ദേഷ്യത്തോടെ മുഖം വെട്ടി വെട്ടിച്ചു. അക്കു പ്രിയയുടെ ഇരു കൈകളും കൂട്ടിപ്പിടിച്ചു. “ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ് അറിയാം സമ്മതിച്ചു.. പക്ഷേ ഈ ഒരുതവണ എങ്കിലും ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കണം പ്ലീസ്…” പ്രിയ ഒന്നും മിണ്ടിയില്ല. അക്കു ദേവിയുടെ കൈപിടിച്ച് അവളെയും മറികടന്ന് അകത്തേക്ക് ചെന്നു. ദേവി വന്ന് മഹിയുടെ കാൽക്കൽ വീണു കരഞ്ഞു. മഹി ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. “എന്നോട് ക്ഷമി… ക്ഷമിക്കണം…മഹിയേട്ടാ.. എന്നെക്കൊണ്ട്… എന്നെക്കൊണ്ട്… ഒക്കെ ചെയ്യിക്കുകയായിരുന്നു…

എനിക്കറിയാം എന്റെ മഹി ഏട്ടൻ ഒരു തെറ്റും ചെയ്യില്ല എന്ന്…. പക്ഷേ അവര് മഹിയേട്ടനെ കൊല്ലും എന്ന് പറഞ്ഞപ്പോൾ….. അവര് പറയുന്ന പോലെ….. Bഒക്കെ ചെയ്യേണ്ടി വന്നു… എന്നോട്…. എന്നോട് ക്ഷമിക്ക്…മഹി ഏട്ടാ പ്ലീസ്….” അവളുടെ വാക്കുകൾ കേട്ടതും മഹിയും കുട്ടനും പ്രിയയും പരസ്പരം നോക്കി. “ആര് ചെയ്യിച്ചു എന്നു….?” “വിനു…. അന്ന് മീരയെ കൊണ്ടാക്കി തിരികെ വന്ന സമയത്ത് മഹിയുടെ വണ്ടിയിൽ കാർ കൊണ്ടുവന്നിടിച്ചത് അവനാ….” കുട്ടൻ ചോദിച്ചതിന് മറുപടി അക്കു പറഞ്ഞു. “എന്തിന്…?” കുട്ടൻ മഹിയെ ഒന്ന് നോക്കിയ ശേഷം അവളെ എഴുന്നേൽപ്പിച്ച് സോഫയിലിരുത്തി കൊണ്ട് ചോദിച്ചു. “പറയാം… എല്ലാം പറയാം….” അക്കു പറഞ്ഞു. ” അന്ന് മീരയെ റെയിൽവേ സ്റ്റേഷനിൽ ആക്കി തിരികെ വരുന്ന വഴി ഒരു ഇട റോഡ് എത്തിയപ്പോൾ ഒരു വണ്ടി വട്ടം വച്ചു.

അതിൽ മൂന്ന് നാല് ആളുകൾ ഇറങ്ങിവന്ന് എന്നെ പിടിച്ചു വണ്ടിയിൽ കയറ്റി കയറിയപാടെ എന്തോ മണപ്പിച്ചു. ബോധം തെളിയുമ്പോൾ മുന്നിൽ കാണുന്നത് വിനുവിനെ ആയിരുന്നു. ചുറ്റും കുറേ ആൾക്കാരും… എന്നെ ഒരു കസേരയിൽ കെട്ടിയിട്ട് ഇരിക്കുകയായിരുന്നു.. ഒന്നു മാത്രമായിരുന്നു അയാളുടെ ആവശ്യം ഞാൻ മഹി ഏട്ടന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണം….. ” ദേവി പറഞ്ഞു തുടങ്ങി. “ഇല്ല…. എന്റെ മഹിയേട്ടനെ വിട്ടു ഞാൻ പോവില്ല….” ദേവി ഉറക്കെ വിളിച്ചു പറഞ്ഞു മറുപടിയായി അവൻ ബെൽറ്റ് ഊരി തലങ്ങുംവിലങ്ങും അവളെ തല്ലി. വേദന കൊണ്ട് പുളഞ്ഞപ്പോഴും അവൾ പറയുന്നുണ്ടായിരുന്നു ‘എന്റെ മഹി ഏട്ടനെ വിട്ട് ഞാൻ പോവില്ല…’ഒടുവിൽ എപ്പോഴോ ബോധം മറഞ്ഞു. മുഖത്ത് ആരോ വെള്ളം തളിച്ചപ്പോൾ അവൾ വീണ്ടും കണ്ണു തുറന്നു.

“നിന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടോ…?” “ഇല്ല…” ശരീരം വിങ്ങുന്നു ഉണ്ടെങ്കിലും അവൾ വീറോടെ പറഞ്ഞു. പെട്ടെന്ന് അയാൾ ഫോണെടുത്ത് ഒരു വീഡിയോ പ്ലേ ചെയ്ത് അവളെ കാണിച്ചു. ട്രെയിനിൽ മഹിയുടെ ചുമലിൽ തല ചായ്ച്ചു കിടക്കുന്ന മീര. അവർക്ക് അരികിലും ഓപ്പോസിറ്റ് സീറ്റിലും ബർത്തിലും ഒക്കെയായി ഒളിപ്പിച്ച ആയുധങ്ങളുമായി കുറേ ആളുകളും. കൂട്ടത്തിൽ ചില സ്ത്രീകളും ഉണ്ട്. അവൾ ഞെട്ടി തരിച്ചു വിനുവിനെ നോക്കി. വന്യമായ ചിരിയോടെ ഫോൺ ഓഫ് ചെയ്ത് പോക്കറ്റിലിട്ടു തിരികെ കസേരയിൽ ചെന്നിരുന്നു. കാലിന്മേൽ കാൽ കയറ്റി വെച്ച് ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ചു. “നിന്റെ തീരുമാനത്തിന് മാറ്റമില്ലാത്ത സ്ഥിതിക്ക് മഹാദേവന് ഇനി ഒരു മടങ്ങി വരവ് ഉണ്ടാകില്ല….

അവർക്ക് ചുറ്റും ഇരിക്കുന്നത് എന്റെ ആളുകളാണ്…” “എന്റെ മഹി ഏട്ടനെ ഒന്നും ചെയ്യരുത്.. പ്ലീസ്….. ഞാൻ നിങ്ങളുടെ കാലു പിടിക്കാം….” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. അയാളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരി പടർന്നു. “ഞാൻ പറയുന്നത് അനുസരിച്ചാൽ മഹാദേവൻ ജീവനോടെ എങ്കിലും ഇരിക്കും.. മറിച്ച് അതിബുദ്ധി കാണിക്കാൻ ശ്രമിച്ചാൽ പിന്നെ ഒരു സംസാരം ഉണ്ടാവില്ല.. തീർത്തിരിക്കും അവനെ..” “ഇല്ല… ഞാൻ എന്തുവേണമെങ്കിലും ചെയ്യാം.. എന്റെ മഹി ഏട്ടനെ ഒന്നും ചെയ്യരുത്…” അത്രയും പറഞ്ഞ് അവർ അവളെ പിടിച്ചുകൊണ്ടുവന്ന് സ്ഥലത്ത് ഇറക്കിവിട്ടു. വീട്ടിലേക്ക് കയറും നേരം അവൾ കണ്ടിരുന്നു പരിസരത്തായി നിൽക്കുന്ന അയാളുടെ ആൾക്കാരെ.

അവൾ ആകെ തകർന്നു പോയിരുന്നു എന്തിനുവേണ്ടി എന്നറിയാതെ അവളുടെ പ്രാണനെ ഉപേക്ഷിക്കേണ്ട അവസ്ഥ അവളെ വല്ലാതെ തളർത്തി. കരഞ്ഞുകരഞ്ഞ് അവൾ എപ്പോഴോ ഉറങ്ങി. നിർത്താതെയുള്ള ഫോണിന്റെ ശബ്ദം കേട്ടാണ് അവൾ കണ്ണു തുറന്നത്. മഹിയാണ്.. അവൾ എന്തുചെയ്യണമെന്നറിയാതെ നിന്നു.. ഫോൺ എടുത്താൽ താൻ കരഞ്ഞു എന്ന് മഹി ഏട്ടനു മനസ്സിലാകും.. കാരണം പറയേണ്ടിവരും.. അല്ലെങ്കിൽ ഇവിടെ വന്ന് പറയിപ്പിക്കും.. അവൾ ഫോൺ എടുത്തില്ല.. എന്ത് ചെയ്യുമെന്ന് ആലോചിച്ച് ആരാത്രി തള്ളിനീക്കി… പിറ്റേന്ന് എന്തും വരട്ടെ എന്ന് ഉറപ്പിച്ച് മഹിയെ കണ്ട് സംസാരിക്കാനായി അവൾ ഇറങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു അവൾ തുറന്നു നോക്കിയതും തല കറങ്ങുന്നതായി തോന്നി. മഹിയുടെ വണ്ടിയിൽ പിന്നിൽ നിന്നും ഒരു കാർ വന്ന് ഇടിക്കുന്നതും മഹി വീഴുന്നതും ഒക്കെയുള്ള ഒരു വീഡിയോ.. പെട്ടെന്ന് തന്നെ ഒരു കോൾ വരികയും ചെയ്തു. അവൾ വിറയലോടെ ഫോൺ അറ്റൻഡ് ചെയ്തു ചെവിയിൽ വച്ചു. “ഞാൻ പറഞ്ഞതല്ലേ മോളെ അതിബുദ്ധി കാണിക്കാൻ ശ്രമിക്കരുതെന്ന്…. ഇപ്പോൾ അവന്റെ ജീവന് ഒന്നും സംഭവിച്ചിട്ടില്ല.. പക്ഷേ ഇനി നീ ഒരടി മുന്നോട്ട് വെച്ചാൽ അവൻ ഈ ഭൂമിയിൽ ഉണ്ടാവില്ല….” മറുപടിക്ക് കാത്തു നിൽക്കാതെ ഫോൺ കട്ട് ആവുകയും ചെയ്തു. അവൾ നിലത്തേക്ക് പിടഞ്ഞു ഇരുന്നു ഉറക്കെ കരഞ്ഞു.

“പിന്നീടുള്ള എന്റെ ഓരോ പെരുമാറ്റവും അയാളുടെ നിർദ്ദേശപ്രകാരമായിരുന്നു. മഹി ഏട്ടന് എന്നോടുള്ള വിശ്വാസം ആണ് മീരയ്ക്ക് നേരെ അങ്ങനെ ഒരു ആക്രമണം ഉണ്ടാവാൻ കാരണമായതും…” പൊട്ടിക്കരഞ്ഞുകൊണ്ട് ദേവി പറഞ്ഞു. പ്രിയ വന്ന് അവൾക്ക് അരികിലേക്ക് ഇരുന്നു. മഹിയും കുട്ടനും വിശ്വസിക്കാനാവാതെ പരസ്പരം നോക്കി. ” പിറ്റേന്ന് മഹിയെ ജയിലിൽ നിന്നും ഇറക്കിയ ശേഷം ഞാൻ കാണാൻ പോയത് ഇവളെ ആയിരുന്നു.. ചോദിച്ചിട്ട് ഒന്നും പറയാതെ ആയപ്പോൾ ദേഷ്യം തീരുന്നതുവരെ തല്ലി.. എന്നിട്ടും ഒന്നും വിട്ടു പറയാൻ ആദ്യം ഇവൾ തയ്യാറായിരുന്നില്ല. ഒടുവിൽ മഹിയുടെ അവസ്ഥ പറഞ്ഞു കഴിഞ്ഞാണ് അവൾ എല്ലാം എന്നോട് തുറന്നു പറഞ്ഞത്.

പെട്ടെന്ന് എന്തുചെയ്യണമെന്ന് എനിക്കും ഒരു പിടി കിട്ടിയില്ല.ഏറെനേരം കഴിഞ്ഞ് മഹി അവിടെ സേഫ് ആണെന്ന് ഉറപ്പിച്ചിട്ടാണ് ഞാൻ അവളെയും കൂട്ടി അവിടെ നിന്നും ഇറങ്ങിയത്. പക്ഷേ….. ” ” പക്ഷേ…. ” പ്രിയ ചോദിച്ചു. “ബാംഗ്ലൂരിലായിരുന്ന അജുവിനെ അവർ അവിടെയുള്ള അവരുടെ ആളുകൾ തട്ടിക്കൊണ്ടുപോയി.. അവനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കെട്ടിയിട്ട് അവന്റെ കഴുത്തിനു കുറുകെ കത്തിവെച്ച വീഡിയോ അതിനകം ദേവിയുടെ ഫോണിൽ എത്തിയിരുന്നു. പിന്നാലെ മാർക്കറ്റിൽ ഉണ്ടായിരുന്ന എന്റെ അച്ഛന്റെയും അമ്മയുടെയും ചുറ്റിനും നിൽക്കുന്ന ആയുധധാരികളായ ഗുണ്ടകളുടെ ഫോട്ടോ… അങ്ങനെ ഒരു അവസ്ഥയിൽ എന്ത് ചെയ്യാനാ..? അവരുടെ ആവശ്യപ്രകാരം തന്നെയാണ് വീട്ടുകാർക്ക് താൽപര്യമില്ലാതിരുട്ടുകൂടി നിർബന്ധിച്ചു ഞാൻ ദേവിയെ വിവാഹം ചെയ്തത്…”

“അല്ലാതെ നിനക്ക് അവളെ ഇഷ്ടമായിരുന്നിട്ടല്ല… ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടുനടക്കുന്ന അവളെ ഗതികേടുകൊണ്ട് കെട്ടിയതാണ് എന്നാണോ പറഞ്ഞു വരുന്നത്…?” കുട്ടൻ ദേഷ്യത്തോടെ ചോദിച്ചു. ദേവി ഞെട്ടി അക്കുവിനെ നോക്കി. അവൾക്ക് അതൊരു പുതിയ അറിവ് ആയിരുന്നു. അക്കുവിന്റെ മുഖം വിളറി. അവന്റെ മറുപടിക്കായി അവർ കാതോർത്തു. ” അതേടാ.. അത് തന്നെയാ സത്യം.. നീ പറഞ്ഞത് ശരിയാ ചെറുപ്പംമുതൽ എന്റെ പെണ്ണായി കരുതി സ്നേഹിച്ചതാ ഇവളെ.. പക്ഷേ മഹി ഇവളെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ മറക്കാൻ ശ്രമിക്കുകയായിരുന്നു. അന്നുമുതൽ മഹിയുടെ പെണ്ണായിട്ടേ കണ്ടിട്ടുള്ളൂ. ഗതികേടുകൊണ്ട് തന്നെയാ ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയത്.. പ്രശ്നങ്ങൾ ഒരുവിധം അവസാനിപ്പിച്ച് സാവധാനം പറഞ്ഞു തിരുത്താം എന്ന് കരുതി.

അപ്പോഴത്തെ സാഹചര്യത്തിൽ വിവാഹം കഴിഞ്ഞ ദിവസം തന്നെ നാട് വിടണം എന്ന് അവരുടെ ആവശ്യം അനുസരിക്കാനേ കഴിഞ്ഞുള്ളൂ… ” അക്കുവിന്റെ വാക്കുകളിൽ ദേഷ്യം കലർന്നിരുന്നു. ” ബാംഗ്ലൂരിൽ ചെന്ന് അജുവിന്റെ ഫ്രണ്ട് വഴി ഒരു ഫ്ലാറ്റ് റെഡിയാക്കി താമസം തുടങ്ങുമ്പോഴേക്കും ദേവിയിൽ ചില മാറ്റങ്ങൾ ഉണ്ടായി തുടങ്ങി. ആദ്യം ഒന്നും കാര്യമാക്കിയില്ല എങ്കിലും പിന്നീട് ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചപ്പോഴാണ് അവളുടെ താളംതെറ്റിയ മനസ്സിനെ തിരിച്ചറിയുന്നത്. പിന്നീട് മൂന്ന് വർഷമെടുത്തു ആ യൂണിഫോംധാരികൾക്കിടയിൽ നിന്നും അവളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ.. അതിന് കാരണമായത് മഹാദേവൻ എന്നൊരു പേരും.. അന്നും ഇന്നും അവർ ഒരാളെയെ സ്നേഹിച്ചിട്ടുള്ളൂ…

ഈ മഹാദേവനെ… അവളുടെ മഹി ഏട്ടനെ… ” അക്കു കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞതും അവർ മൂന്നുപേരും ഞെട്ടി ദേവിയെ നോക്കി. അവൾ മുഖം പൊത്തി കരയുകയാണ്. അവൾ അനുഭവിച്ച വേദനകൾ ഓർത്തപ്പോൾ മഹിയുടെ ഉള്ള നൊന്തു. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു. അവൻ എഴുന്നേറ്റ് അവളുടെ അരികിലേക്ക് നടന്നു. കൈലാസത്തിന്റെ മുറ്റത്തേക്ക് കാർ എത്തിയതും ജോഷിയെ കാത്തുനിൽക്കാതെ പാറു ഡോർ തുറന്ന് ഇറങ്ങി അകത്തേക്ക് ഓടി. വാതിലിനു നേരെയുള്ള സോഫയ്ക്ക് അരികിലായി തിരിഞ്ഞു നിൽക്കുന്ന ദേവനെ അവൾ പിന്നിൽ നിന്നും കെട്ടി പിടിച്ചു. ഒരു നിമിഷം ദേവൻ ഞെട്ടിയെങ്കിലും അവളുടെ കയ്യിൽ പിടിച്ചു വലിച്ച് മുന്നിലേക്ക് നിർത്തി. പ്രണയത്തോടെ… പുഞ്ചിരിയോടെ… നിൽക്കുന്ന പാറു… അവൾക്ക് പിറകിലായി പ്രതീക്ഷയോടെ ഇന്നും തന്നെ കാത്തു നിൽക്കുന്ന ദേവി….. തുടരും