രചന – മഴ
“പാറൂട്ടാ…” ആർദ്രമായി ദേവൻ വിളിച്ചു. പക്ഷേ അവളിൽ നിന്നും തേങ്ങലുകൾ മാത്രമായി പുറത്തേക്ക് വന്നു. ദേവൻ അവളുടെ മുടിയിഴകളെ തഴുകി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ” അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ എത്ര വർഷമായി… ഇപ്പോൾ ആരും അതേക്കുറിച്ച് ചിന്തിക്കാറുപോലും ഇല്ല..” അവന്റെ വാക്കുകൾക്കൊന്നും അപ്പോൾ അവളെ ആശ്വസിപ്പിക്കാൻ ആയില്ല.. അവളുടെ ഉള്ളിലെ വിഷമത്തെ കണ്ണീരായി പുറത്തേക്ക് ഒഴുക്കി വിട്ടു. ഏറെ നേരത്തിനു ശേഷം അവൾ അവനിൽ നിന്നും അടർന്നുമാറി. ദേവൻ അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു നെറ്റിയിൽ ചുംബിച്ചു.
കണ്ണുകൾ അടച്ച് അവൾ അത് ഏറ്റുവാങ്ങി. തിരികെ അവന് മുഖം നിറയെ ചുംബനങ്ങൾ കൊണ്ട് മൂടി അവന്റെ നെഞ്ചിലേക്ക് വീണ്ടും ചായുമ്പോൾ ഒരു വിധം ദുഃഖങ്ങളെ അവൾ ഒഴുക്കിവിട്ടിരുന്നു. ” വേദനകൾ സമ്മാനിച്ച ഒരു ഭൂതകാലം ദേവേട്ടന് ഉണ്ടായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അതിന്റെ ആഴം ഇത്രത്തോളം ഉണ്ടായിരുന്നു എന്ന് ഞാൻ കരുതിയില്ല. വിവാഹത്തിലെത്തി നിന്ന ഒരു ബന്ധത്തെക്കുറിച്ച് എന്നോട് പറയാതിരുന്നപ്പോൾ ദേഷ്യം തോന്നി. അതുകൊണ്ടാണ് ഇത്ര ദിവസവും മിണ്ടാതെ നടന്നത്. പിന്നെ ദേവേട്ടനിൽ നിന്നും അറിയണമെന്ന് ആഗ്രഹിച്ച ഭൂതകാലത്തെ പറ്റി പ്രിയ ചേച്ചിയിൽ നിന്നും കേട്ടതിന്റെ പരിഭവവും. ഞാൻ ആയി ഒന്നും ചോദിക്കാൻ ഇരുന്നതും അതുകൊണ്ടാണ്…. ” “മ്മ്മ്… പോട്ടെ.. സാരമില്ല…..” വീണ്ടും അവർക്കിടയിൽ മൗനം വാചാലമായി.
“പിന്നീട് ഒരിക്കലും അവരെ കണ്ടിട്ടില്ലേ..?” മൗനത്തെ ഭേദിച്ച് അവൾ ചോദിച്ചു. “ഇല്ല….” പാറുവിന്റെ മനസ്സിൽ പല സംശയങ്ങളും ഉടലെടുത്തു. ” ഒരുപക്ഷേ…… ” അവളുടെ സംശയത്തെ വാക്കുകളായി പുറത്തേക്ക് കൊണ്ടുവരും മുന്നേ വാതിലിൽ ആരോ മുട്ടി. അവളെ അടർത്തിമാറ്റി ദേവൻ വാതിൽ തുറക്കുമ്പോഴും ചിന്തകളിൽ ആഴ്ന്ന് ഇരിക്കുകയായിരുന്നു പാറു. മഹി വാതിൽ തുറന്നതും ജോഷി എന്തായി എന്ന് ആംഗ്യത്തിൽ ചോദിച്ചു. ” കുറെ കരഞ്ഞു.. ഇങ്ങനൊരു പാസ്ററ് അവളും പ്രതീക്ഷിച്ചില്ല.. ഇപ്പോൾ കുഴപ്പമില്ല..” മഹി പറഞ്ഞതും ജോഷി റൂമിലേക്ക് കയറി. ” പാറു കുട്ടാ…. ” അവൾക്ക് അരികിലേക്ക് നിന്നുകൊണ്ട് ജോഷി വിളിച്ചു. മുഖമുയർത്തി അവനെ നോക്കി പാറു ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവനെ ചുറ്റിപ്പിടിച്ചു. “സോറി ജോഷിച്ചായാ… ” ” എന്തിനാ ഇപ്പോ സോറി… ” “മിണ്ടാതെ പിണങ്ങി നടന്നതിന്..” ” അതിന് എന്നാടി മോളെ… രണ്ടുദിവസം കുറച്ചു സ്വസ്ഥത ഉണ്ടായിരുന്നു…. ” ജോഷി മുഖം ചുളിച്ച് ചിരിയോടെ പറഞ്ഞു കൊണ്ട് മഹിയെ നോക്കി.
പാറു അവനെ കൂർപ്പിച്ചു നോക്കി വയറ്റിൽ ഒരു ഇടി കൊടുത്തു. ” ഹമ്മേ……. ” ജോഷി വയറു പൊത്തിപ്പിടിച്ചു. ചെറുചിരിയോടെ അവളെ ചേർത്തു പിടിച്ചു. ” നീ എന്റെ കൊച്ചു കാന്താരി അല്ലേടീ പെണ്ണേ…. ” അവളും തിരികെ പുഞ്ചിരിച്ചു. ” പോവണ്ടേ നമുക്ക്.. വേഗം റെഡിയായി വാ… ” അതുകേട്ടതും പാറുവിന്റെ മുഖം പിന്നെയും വാടി. അവൾ ദേവനെ നോക്കി. അവന്റെ നോട്ടവും അവളിൽ തന്നെയായിരുന്നു. ‘ ഞാൻ താഴെ നിൽക്കാം.. വേഗം അങ്ങോട്ടേക്ക് വാ…” പാറുവിന്റെ കവിളിൽ തട്ടി ജോഷി പറഞ്ഞിട്ട് താഴേക്ക് പോയി. ദേവൻ അവളുടെ അടുത്തേക്ക് വന്നു. ഇരു കൈകളും അവളുടെ കവിളിൽ ചേർത്തു. “എന്തേ…?” ” പോവണ്ട…. ” അവന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു. അവളുടെ മിഴികൾ സജലം ആവാൻ തുടങ്ങിയിരുന്നു.
” അതൊന്നും പറ്റില്ല.. വേഗം റെഡി ആവ്… നിന്റെ പാക്കിംഗ് ഒക്കെ കഴിഞ്ഞിരുന്നോ…? ” അവളെ വിട്ട് ബാഗെടുത്തു ബെഡിലേക്ക് വെച്ചുകൊണ്ട് അവൻ ചോദിച്ചു. പാറു ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൻ തന്നെ ചുറ്റും നോക്കി. ബെഡിലെ ഒരു അറ്റത്തായി മടക്കി വെച്ചിരിക്കുന്ന ഡ്രസ്സ് കൂടി അവൻ ബാഗിലേക്ക് ആക്കുമ്പോൾ പിന്നിൽ നിന്നും രണ്ടു കൈകൾ അവനെ ചുറ്റിപ്പിടിച്ചിരുന്നു. ” നാളെ പോവാമെന്നു പറ ജോഷിച്ചായനോട്… ഇന്ന് ഒരു ദിവസം കൂടി ഇവിടെ നിന്നോട്ടെ ഞാൻ.. നാളെ രാവിലെ പൊയ്ക്കോളാം….’ പ്രതീക്ഷയോടെ അവൾ ചോദിച്ചതും കയ്യിൽ പിടിച്ചു വലിച്ചു മുൻപിലേക്ക് നിർത്തിയിരുന്നു അവനവളെ. ” മറ്റന്നാൾ എനിക്കും ജോഷിക്കും കോളേജിൽ പോകണം.. നാളെ ഇവിടുന്ന് അങ്ങോട്ട് പോയി മറ്റന്നാൾ വെളുപ്പിന് ഇങ്ങോട്ടുള്ള വരവും ബുദ്ധിമുട്ടാകും… ചടങ്ങിന് കുറച്ചു ദിവസം മുന്നേ ഞങ്ങൾ അങ്ങ് എത്തിയേക്കാം… ”
രണ്ടു കൈകളും അവളുടെ ചുമലിൽ താങ്ങി കവിളിൽ അമർത്തി ഒരു മുത്തം നൽകി ദേവൻ അത് പറഞ്ഞപ്പോൾ മുഖം വീർപ്പിച്ചു കെട്ടി കൈകൾ തട്ടി മാറ്റി തിരിഞ്ഞു നടന്നിരുന്നു അവൾ. ” ഒരു ഉമ്മ തന്നേച്ചും പോടീ… ” അവളുടെ പോക്ക് കണ്ടു ചിരിയോടെ ദേവൻ പറഞ്ഞു. ” ഇയാളുടെ മറ്റവളോട് പോയി ചോദിക്ക്.. ” തിരിഞ്ഞുനോക്കാതെ വാതിൽ കടന്നു കൊണ്ട് അവൾ പറഞ്ഞു. ” എന്നാ ഈ ബാഗ് എങ്കിലും കൊണ്ടുപോ… ” അവൾക്കു പിന്നാലെ ബാഗെടുത്തു നടന്നുകൊണ്ട് ദേവൻ പറഞ്ഞു “വേണമെങ്കിൽ കൊണ്ടുവാ….” നഖവും കടിച്ച് പ്രിയ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. മീരയും കുട്ടനും അമ്മുവും ലച്ചുവും അവിടെ ഉണ്ട്.
അവളുടെ നടത്തം കണ്ടുകൊണ്ടാണ് ജോഷി അവിടേക്ക് വന്നത്. “ഇത് ഇതുവരെ കഴിഞ്ഞില്ലേ…? കുറെ നേരമായല്ലോ തുടങ്ങിയിട്ട്…” അവന്റെ ശബ്ദം കേട്ട് പ്രിയ അരികിലേക്ക് ചെന്നു.. ” എന്തായി…? ” “എന്താവാൻ…? ഒരു കുഴപ്പവുമില്ല.. മിണ്ടാതെ നടന്നതിൽ ആണ് അവൾക്കിപ്പോൾ സങ്കടം…” ” ഹോ… ഇപ്പഴാ ശ്വാസം നേരെ വീണത്… ” പ്രിയ നെഞ്ചിൽ കൈവെച്ചു കൊണ്ട് പറഞ്ഞു. “നീ എപ്പോഴാ പപ്പയുടെ അടുത്ത് പോകുന്നത്…?”ജോഷി പ്രിയയോട് ചോദിച്ചു. “ഇന്നുതന്നെ പോണം.. വിളിച്ചിരുന്നു.. ദുബായിലെ ബിസിനസ് ഒക്കെ അവസാനിപ്പിക്കുകയാണെന്ന്.. അതിന്റെ പേപ്പറും കാര്യങ്ങളും ഒക്കെ ശരിയാക്കാൻ അടുത്തയാഴ്ച എനിക്കും പോകേണ്ടിവരും പപ്പയോടൊപ്പം…” “അപ്പോ പ്രിയചേച്ചി ചടങ്ങിന് വരില്ലേ…?” മീര ചോദിച്ചു.
“അവിടെ ചെന്നാൽ കുറച്ചു ദിവസത്തെ കാര്യമേ ഉണ്ടാവൂ… ചടങ്ങിനു ഞാൻ എത്തിക്കോളാം..” ഓരോരുത്തരോടായി യാത്ര പറഞ്ഞു കെട്ടിപ്പിടിച്ചും ഉമ്മവച്ചും കളിയാക്കിയും ഒക്കെ ഉമ്മറത്ത് നിൽക്കുമ്പോഴും പാറു ദയനീയമായി ദേവനെ നോക്കി. ചൂണ്ടുവിരൽ ഉയർത്തി പുറത്തേക്ക് കാണിച്ചതും മുഖം വീർപ്പിച്ച് ആദ്യം തന്നെ കാറിൽ സ്ഥാനം പിടിച്ചിരുന്നു അവൾ. എല്ലാവരെയും കൈവീശി കാണിക്കുമ്പോൾ ദേവനെ മാത്രം അവൾ മനപൂർവ്വം അവഗണിച്ചു. കുറച്ചു ദൂരം ചെന്ന് കഴിഞ്ഞപ്പോൾ അവളുടെ ഫോൺ ഡിസ്പ്ലേയിൽ ദേവേട്ടൻ എന്ന് തെളിഞ്ഞപ്പോഴും അതേ ദേഷ്യത്തോടെ തന്നെ കട്ടാക്കി വിട്ടിരുന്നു. പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്ന പാറു പെട്ടെന്ന് എന്തോ ഓർത്ത പോലെ ജോഷിയുടെ ചോദിച്ചു. “ജോഷിച്ചായാ… അന്ന് കോളേജ് ഡേ ക്ക് മീര ചേച്ചിയെ പിടിച്ചുകൊണ്ട് പോയവരെ പിന്നീട് കിട്ടിയിരുന്നോ…?” അത് കേട്ട് മീരയും ജോഷിയും പരസ്പരം നോക്കി പുഞ്ചിരിച്ചു.
“ഹോസ്പിറ്റലിൽ നിന്നും എന്നെ വീട്ടിലേക്ക് കൊണ്ടു പോരുമ്പോൾ അച്ഛൻ കേസ് ഒന്നും വേണ്ട എന്ന് പറഞ്ഞിരുന്നു.. വീട്ടിലും അറിയില്ലായിരുന്നല്ലോ.. പക്ഷേ ഇച്ചായനും മാഷേട്ടനും കുട്ടേട്ടനും അത് വിട്ടിരുന്നില്ല. അവിടെയുള്ള കോൺടാക്ട് ഒക്കെ വെച്ച് അവരെ അന്വേഷിച്ചുകൊണ്ടിരുന്നു..” മീര പറഞ്ഞു. “അക്കുവിന്റെയും ദേവിയുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ആഴ്ച തന്നെ ഞങ്ങൾ ഇവിടേക്ക് താമസം മാറിയിരുന്നു. ഇവിടെ വന്ന് ആ മുറിക്കുള്ളിൽ തന്നെ അവൻ കഴിച്ചു കൂട്ടി. മദ്യവും സിഗരറ്റും അവന്റെ സന്തതസഹചാരിയായി മാറി. കളിയും ചിരിയും തമാശയും എന്തിന്… അവന്റെ ശ്വാസമായിരുന്ന പാട്ടുപോലും നിർത്തി… ആ അവസ്ഥയിലും അവൻ ഞങ്ങളോട് ഒന്നേ ചോദിച്ചിരുന്നുള്ളൂ അവന്മാരെ കിട്ടിയോ എന്ന്….” “ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് അവരെക്കുറിച്ച് വിവരം കിട്ടിയത്.
പിറ്റേന്നുതന്നെ തിരുവനന്തപുരത്തേക്ക് പോയി. അവിടുത്തെ ഏതോ ലോക്കൽ കൊട്ടേഷൻ ടീം ആണ്. മഹിയെ കുടുക്കാൻ വേണ്ടി തന്നെയായിരുന്നു. പക്ഷേ അവരെ ഏർപ്പാടാക്കിയ ആളെ നേരിട്ട് കണ്ടിട്ടില്ല. ഫോണിലൂടെയുള്ള ഡീൽ ആയിരുന്നു എന്നാണ് അവർ പറഞ്ഞത്. പണം എത്തിച്ചിരുന്നത് ആൾമാറാട്ടത്തിലൂടെയും.. അവർക്ക് കാശ് കിട്ടിയാൽ മതിയായിരുന്നല്ലോ അതുകൊണ്ട് കൂടുതൽ അന്വേഷിക്കാനും പോയിരുന്നില്ല…” ” അന്ന് പകൽ മുഴുവൻ ഞങ്ങൾ അവർക്ക് പിന്നാലെ ഉണ്ടായിരുന്നു.. രാത്രി ആവാൻ നോക്കിയിരുന്നു.. അന്നുരാത്രി തന്നെ അവരുടെ സങ്കേതത്തിൽ ചെന്ന് കേറി അങ്ങ് മേഞ്ഞു.. നല്ല ഇടി കിട്ടിയപ്പോൾ അറിയാവുന്ന വിവരങ്ങൾ ഒക്കെ പറഞ്ഞു.. മൂന്നാലെണ്ണം ഓടി രക്ഷപ്പെടുകയും ചെയ്തു… ഇവളെ ഉപദ്രവിച്ചവനെ കയ്യിൽ കിട്ടിയത് മഹിക്കും കൊടുത്തു ആവശ്യത്തിലേറെ… ” ” അവൻ ഉണ്ടല്ലോ..നിന്റെ മറ്റവൻ മഹി… ആ തെണ്ടി എനിക്ക് അവനെ ഒന്ന് എടുക്കാൻ അവസരം തന്നില്ല.. ഞാൻ ഇവളുടെ കെട്ടിയവൻ അല്ലേ..? അവനെ ഒരു ഇടിക്കാൻ എനിക്കും അവകാശമില്ലേ…? തല്ലുകൊണ്ട് അവശനായി അവൻ മഹിയുടെ കാല് പിടിച്ചിട്ടും മഹി നിർത്താൻ തയ്യാറായില്ല..
അവസാനം അവൻ ചാവാതിരിക്കാൻ ഇവനെ പിടിച്ചു കൊണ്ട് വരണ്ട ഗതികേട് ആയിരുന്നു എനിക്ക്….. ” ജോഷി ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി. കണ്ണുകൾ നിറഞ്ഞെങ്കിലും ചിരിയോടെ പാറു അത് കേട്ടിരുന്നു. പുറത്തേക്ക് മിഴികൾ പായിച്ചപ്പോൾ ബീച്ച് റോഡിലേക്ക് വണ്ടി കയറിയിരുന്നു. സംശയത്തോടെ ജോഷിയെ നോക്കിയപ്പോൾ ഫ്രണ്ട് മിററിലൂടെ അവളെ നോക്കി അവൻ ചിരിച്ചു. ” കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോവാം… ” തണൽ നോക്കി ഒരു സിമന്റ് ബെഞ്ചിൽ മൂവരും സ്ഥാനമുറപ്പിച്ചു. “അക്കു നൽകിയ ആഘാതം ഞങ്ങൾക്ക് വളരെ വലുതായിരുന്നു എങ്കിലും പിന്നീടുള്ള മഹിയുടെ അവസ്ഥയായിരുന്നു ഞങ്ങളെ ഏറെ ഭ്രാന്ത് പിടിപ്പിച്ചത്.. മദ്യപാനവും പുകവലിയും അവനെ അത്രമേൽ കീഴ്പ്പെടുത്തിയിരുന്നു. ആ വർഷം അവൻ എക്സാം പോലും എഴുതിയിരുന്നില്ല.
അവൾ തിരികെ നൽകിയ താലിയും കെട്ടിപ്പിടിച്ചു ഇരിക്കും എപ്പോഴും ആ മുറിക്കുള്ളിൽ… ചില സമയത്ത് കുഞ്ഞുങ്ങളെപ്പോലെ കരയുമായിരുന്നു… ഒന്നരവർഷം അങ്ങനെ തന്നെ തുടർന്നു… എല്ലാവരും കൂടി കരഞ്ഞു കാലുപിടിച്ച് ആ വർഷം അവനെ കൊണ്ട് എക്സാം എഴുതിപ്പിച്ചു..” ” അതിനുശേഷവും ലക്ഷ്യബോധമില്ലാതെ കറങ്ങി നടക്കുകയായിരുന്നു അവൻ… അവൻ ഒന്ന് നേരെ ആകുന്നതുവരെ ഒറ്റയ്ക്ക് വിടാൻ കഴിയില്ല എന്ന് പറഞ്ഞ ആ പ്രിയയും അവന്റെ ഒപ്പം കൂടി. ആ സമയത്ത് ഞാനും കുട്ടനും പപ്പയുടെ ബിസിനസ് ഏറ്റെടുത്തത്. ബിസിനസ് കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് ചെയ്യാം എന്നൊരു ബോധം വന്നപ്പോൾ ഞാൻ എല്ലാം കുട്ടന്റെ തലയിൽ ആക്കി യുജിസിക്ക് പ്രിപ്പയർ ചെയ്യുമ്പോഴാണ് മീരക്ക് വീട്ടിൽ കല്യാണം ആലോചിക്കുന്നത്.. ” “ജോഷിച്ചായന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ അച്ഛൻ ഒഴികെ ബാക്കി എല്ലാവർക്കും എതിർപ്പായിരുന്നു..
ജാതിയായിരുന്നു മെയിൻ പ്രശ്നം.. പിന്നെ കുടുംബം.. ബിസിനസ് ഒരു കൂട്ടുകാരന്റെ കയ്യിൽ.. മറ്റൊരു കൂട്ടുകാരന്റെ വീട്ടിലെ താമസം… അധ്യാപകജോലി… എന്നൊക്കെ തുടങ്ങി പ്രശ്നങ്ങൾ.. സംഗതി അച്ഛന്റെ കയ്യിൽ ഒതുങ്ങാതെ വന്നു. അന്ന് മാഷേട്ടൻ വന്ന് വീട്ടിലും മാധവശ്ശേരിയിലും സംസാരിച്ചു. മാഷേട്ടന്റെ വാക്കുകളിൽ എല്ലാവരും മൂക്കും കുത്തി വീണു. അതിനുശേഷമാണ് അവിടുന്ന് അച്ഛനും അമ്മയും ഒക്കെ വന്നത്… മീര പറഞ്ഞു. “എല്ലാവരുടെയും ഭാഗത്തുനിന്നും പച്ചക്കൊടി കാട്ടിയപ്പോൾ മഹിക്ക് മുന്നിൽ മീര ഒരു നിബന്ധന വെച്ചു.. അവളെ വിവാഹ വേഷത്തിൽ കാണണമെങ്കിൽ മറ്റൊരാളുടെ ഭാര്യയെ അവളുടെ മാഷേട്ടൻ ഇനി മനസ്സിൽ കൊണ്ട് നടക്കരുതെന്നും ആ താലി ഉപേക്ഷിക്കണമെന്നും…. അവളുടെ ആ വാശിയിൽ കല്യാണം ഒരു വർഷത്തോളം നീണ്ടു പോയപ്പോൾ അവസാനം മഹി തോൽവി സമ്മതിച്ചിരുന്നു. അവളെയും കൂട്ടി കടൽ ആഴങ്ങളിലേക്ക് താലി നിക്ഷേപിക്കുമ്പോൾ അവനും മാറി തുടങ്ങിയിരുന്നു..
ദുശീലങ്ങൾ എല്ലാം ഉപേക്ഷിച്ച് ജോലിക്കായി ശ്രമിച്ചു തുടങ്ങിയിരുന്നു…” ” മതംമാറ്റവും പപ്പയെയും മമ്മിയെയും ജെസ്സിമോളെയും അടക്കിയ പള്ളിയിൽ വെച്ചുതന്നെ മിന്നുകെട്ട് നടത്തണമെന്നും അവരുടെ ഓർമ്മകൾ നിറഞ്ഞ വീട്ടിലേക്ക് തന്നെ എന്റെ കൈ പിടിച്ച് കയറണമെന്നും അവളുടെ ആഗ്രഹമായിരുന്നു. ഒരിക്കൽ എല്ലാം ഉപേക്ഷിച്ചു പോന്ന അവിടേക്ക് തിരികെ മഹി വന്നതും മീരയുടെ ആഗ്രഹത്തെ നടത്തിക്കൊടുക്കാൻ വേണ്ടിയായിരുന്നു പക്ഷേ വിവാഹത്തിന്റെ അന്നായിരുന്നു അവന്റെ ഇന്റർവ്യൂ ഒരുപാട് നിർബന്ധിച്ചാണ് അവനെ അന്ന് പറഞ്ഞു വിട്ടത്… ” “ഞാൻ പ്രഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ മാഷേട്ടന്റെ മുഖത്തെ തിളക്കമാണ് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചത്… വർഷങ്ങൾക്കുശേഷം തെളിഞ്ഞ മനസ്സോടെ ചിരിക്കുന്ന എന്റെ മാഷേട്ടന്റെ മുഖം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്….”
“ആ സമയത്താണ് നിന്നെ കാണുന്നതും നിന്റെ വരവോടുകൂടി ഞങ്ങൾക്ക് ഞങ്ങളുടെ പഴയ മഹിയെ തിരിച്ചുകിട്ടിയതും….” ഒരു ചിരിയോടെ പാറുവിനെ ചേർത്തുപിടിച്ച് ജോഷി പറയുമ്പോൾ മൂവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു. നടക്കണം എന്ന് പറഞ്ഞപ്പോൾ ജോഷി മീരയുടെ കൈയും പിടിച്ച് തീരത്തുകൂടി നടന്നു. അപ്പോഴും ആ ബെഞ്ചിൽ അതേ ഇരുപ്പ് തുടരുകയായിരുന്നു പാറു. ദേവന്റെ ഭൂതകാലത്തിലൂടെ ഒരിക്കൽ കൂടി സഞ്ചരിച്ച് ഇന്നിലെത്തി നിൽക്കുമ്പോൾ അവളുടെ ഹൃദയം അവനാ യി തുടച്ചു കൊണ്ടിരുന്നു. അവളുടെ മിഴികൾ അവനെ ഒപ്പിയെടുക്കാൻ പിടഞ്ഞുകൊണ്ടിരുന്നു.
ഫോൺ എടുത്ത് അവന്റെ നമ്പർ ഡയൽ ചെയ്തു ഒന്നുരണ്ട് റിങ്ങിനു ശേഷം അവൻ കോൾ കട്ട് ആക്കിയത് അവളുടെ മുഖത്ത് നിരാശ പടർന്നു. ദേവൻ വിളിച്ചപ്പോൾ താൻ കട്ട് ആക്കിയ നിമിഷത്തെ അവൾ പഴിച്ചു.. നിറഞ്ഞൊഴുകിയ കണ്ണുകളെ അമർത്തി തുടച്ചു ചുറ്റും ഒന്ന് നോക്കിയപ്പോഴാണ് കുറച്ച് അകലെയായി കൈകൾ മാറി പിണച്ചു വെച്ച് തന്നെ തന്നെ ഉറ്റു നോക്കുന്ന ദേവനെ അവൾ കണ്ടത്.. ഒരു നിമിഷം കണ്ണുകളെ വിശ്വസിക്കാനായില്ല.. ചിരിയോടെ കൈകൾ വിടർത്തി ക്ഷണിക്കുമ്പോൾ കാലുകളെ വലിച്ചിടാൻ ശ്രമിക്കുന്ന മണലിനെ വകവെക്കാതെ അവനിലേക്ക് അവൾ ഓടി അടുത്തിരുന്നു.. നെഞ്ചോരം ചേർന്ന് ഇറുകെ പുണർന്നു നിൽക്കുമ്പോൾ ചുറ്റുമുള്ള ഒന്നിനെയും അവൾ കണ്ടിരുന്നില്ല…
ആ കാഴ്ച കണ്ടു നിറഞ്ഞ മനസ്സോടെ വരുന്ന ജോഷിയെയും മീരയും നിറഞ്ഞ ചിരിയോടെ കണ്ണുചിമ്മി കാണിച്ചു മഹി. പിന്നീട് നാലുപേരും മാധവശ്ശേരിയിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെയാണ് അവർ മാധവശ്ശേരിയിൽ എത്തിയത്. മൂന്നുമാസത്തെ സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവെച്ചു കളിയും ചിരിയുമായി ആ വൈകുന്നേരവും കടന്നുപോയി. രാത്രിയിൽ ടെറസിൽ പാറുവിന്റെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു ദേവൻ. അവളുടെ കൈകൾ അവന്റെ മുടിയിഴകളെ തഴുകുന്നുമുണ്ട്.. പുഞ്ചിരിയോടെ അവനിൽ തന്നെ നോട്ടം ഉറപ്പിച്ച അവളെ നോക്കി അവൻ പുരികമുയർത്തി.. അവന്റെ നെറുകയിൽ നനുത്ത ചുംബനം നൽകി ആണ് അവൾ മറുപടി പറഞ്ഞത്.. ചിരിയോടെ അവളെ ചുറ്റിപ്പിടിച്ച് കിടക്കുമ്പോഴും മനസ്സിൽ ഒരു ഭയം നിഴലിച്ചിരുന്നു.. വരാൻ ഇനിയും ഏറെ അപകടങ്ങൾ ബാക്കിയുണ്ടെന്ന ഭയം…

by