10/02/2026

പരിണയം : ഭാഗം 48

രചന – ആയിഷ അക്ബർ

തൂക്കിയിട്ടിരിക്കുന്ന ആ കയറിൽ അവൾ പിടിച്ചതും കയ്യിൽ പൊടി പറ്റിപ്പിടിച്ചിരുന്നു…..

പതിയെ അവൾ കോണി കയറി തുടങ്ങി……

അവന്റെ കാലടികൾക്ക് പിറകിൽ അവളും കാലു വെച്ച് നടന്നു…..മരത്തിന്റെ പടികളുടെ തണുപ്പ് തന്റെ ഹൃദയത്തിലേക്കും ഒരുവേള പരക്കുന്നത് പോലെയവൾക്ക് തോന്നി…..

മുകളിലെത്തിയതും അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നോക്കി ഒരു നിമിഷം അവനവളിലേക്കുമൊന്ന് നോക്കി……

എന്തോ ഒരു നനുത്ത കുളിര് തങ്ങളെ പൊതിയുന്നത് പോലെ……

അവൻ പതിയെ അവളുടെ കൈകളെ ചുറ്റി പ്പിടിച്ചു…..

ആ ചൂടിൽ അവളും അവനോട് ചേർന്ന് നിന്നു……

അവൻ ഒരു കൈ കൊണ്ട് ആ വാതിലൊന്ന് തുറന്നു…

ആ മുറിയും ജനാലകളും എല്ലാം കാൻകെ എന്തിനോ നന്ദയുടെ കണ്ണൊന്നു നിറഞ്ഞിരുന്നു….

അവനെ കാത്താ ജനാലയിൽ നിൽക്കുന്ന നന്ദയെ അവൾക്ക് വ്യക്തമായി കാണുന്നുണ്ടായിരുന്നു……

കളഞ്ഞു പോയെന്ന് തോന്നിയ എന്തൊക്കെയോ തനിക്ക് തിരിച്ചു കിട്ടിയത് പോലെവൾക്ക് തോന്നി….

അവൾ അവനെ കാത്ത് നിൽക്കാതെ അവന്റെ കൈകൾ വിടുവിച്ചു കൊണ്ട് പെട്ടെന്ന് അകത്തേക്ക് കയറി…

അവളവനിലേക്കൊന്ന് നോക്കി….

അവൾക്കാ മുറിയോടുള്ള ആത്മ ബന്ധം തന്നോടുള്ള പ്രണയത്തിൽ നിന്നാണെന്നോർക്കേ അവനിലൊരു പുഞ്ചിരി കലർന്നിരുന്നു…..

അവൾ വേഗം ആ ജനൽ കമ്പിയിലൊന്നു പിടിച്ചു…..

ആ ജന വാതിൽ തുറക്കാൻ അവൾ ശ്രമിക്കുമ്പോൾ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല….

സഞ്ജു അവൾക്കരികിലായി വന്നു നിന്ന് കൊണ്ട് പതിയെ ആ വാതിലൊന്ന് തട്ടിയതും അതൊരു ശബ്‍ദത്തോടേ തുറക്കപ്പെട്ടു…..

അവളുടെ മുഖം പെട്ടെന്ന് തെളിഞ്ഞു……

അവൾ പുറത്തേക്ക് നോക്കി…..

ആ ഇരുട്ടിലൂടെ അവന്റെ വണ്ടി വരുന്നുണ്ടോയെന്ന് അവളുടെ കണ്ണുകൾ തിരഞ്ഞു……

ഞാൻ…. ഞാൻ നിന്റെ അടുത്തിങ്ങനെ നിൽക്കുവല്ലേ…. പിന്നെങ്ങനെ അവിടെ നിന്ന് വരാൻ കഴിയും….

അവളുടെ കണ്ണുകളിലെ ഭാവം മനസ്സിലാക്കിയെന്ന വണ്ണം അവനതും പറഞ്ഞവളെ പിറകിലൂടെ പിടിച്ചു…..

അവളൊന്നു ചിരിച്ചു…..

ഈ മേശ ഇവിടെയല്ലല്ലോ ഇട്ടിരുന്നത്…..

ഇവിടെ കണ്ടോ…. ഇവിടെയാ ഞാൻ കിടന്നിരുന്നത്…..

ആ മുറിയിലൂടെ അവളുടെ മിഴികൾ നടന്നു നീങ്ങി കൊണ്ട് വളരേ നിഷ്കളങ്ക മായി ഒരോന്നു പറയുന്നവളെ അവനൊരു പുഞ്ചിരിയോടെ നോക്കി യിരുന്നു…….

സഞ്ജുവേട്ടന് ഇതെല്ലാം ഓർമ്മയുണ്ടോ…

അവളുടെ ചോദ്യം തന്നോടായിരുന്നു…..

തന്നെ ഓർത്തിരുന്നോ എന്നൊരു ചോദ്യം ആ കണ്ണുകൾ തന്നോട് ചോദിക്കും പോലെ….

അവൻ അവളുടെ കൈകൾ രണ്ടും ചേർത് പിടിച്ചു……

ഈ നാല് വർഷവും ഇതേ ഞാൻ ഓർത്തിരുന്നതുള്ളൂ എന്ന് പറഞ്ഞാൽ എത്രത്തോളം നീ വിശ്വസിക്കുമെന്നറിയില്ല …
പക്ഷെ സത്യം അതാണ് നന്ദാ…..
ജീവിച്ചതത്രയും നിന്റെ ഓർമകളിലായിരുന്നു…..

അവൻ ഏറെ വികാരാദീതനായി അതും പറഞ്ഞു കൊണ്ട് അവളുടെ കൈ വിരലുകൾ ചുംബിച്ചു….

അവളുടെ കണ്ണുകളും എന്തിനോ നിറഞ്ഞു…….

പൊടി പിടിച്ച ആ മുറി അവരെ സംബന്ധിച്ച് സ്വർഗമായിരുന്നു…..

എത്ര നേരം അവരങ്ങനെ അവിടെയിരുന്നെന്നറിയില്ല….

സ്വപ്നത്തിന്റെ തേരിലേറി അവരാ പഴയ നന്ദയും സഞ്ജുവും ആയി മാറിയിരുന്നു…..

അവന്റെ കൈ പിടിയിലൊതുങ്ങി അവളങ്ങനെ യിരിക്കുമ്പോഴാണ് കട്ടിലിനരികിലെ ജനൽ അവളുടെ കണ്ണുകളിൽ തടഞ്ഞത്…..

അവൾ പെട്ടെന്നൊന്നെഴുന്നേറ്റു….

അവനെന്തെന്ന അർത്ഥത്തിൽ നോക്കി നിൽക്കെ അവൾ ആ ജനൽ പതിയെ തുറന്നിരുന്നു…..

അതാ….വിചാരിച്ചത് പോലെ തന്നെ ആ ഉമ്മറത്തു  ലയ യിരിപ്പുണ്ട്…

നമുക്ക്….. ലയയുടെ അടുത്ത് കൂടി ഒന്ന് പോയാലോ…….

അവളത് പറഞ്ഞതും പെട്ടെന്ന് അവന്റെ മുഖമൊന്നു മാറിയെങ്കിൽ കൂടി അവൻ സമ്മതമെന്നോണം ഒന്ന് തല കുലുക്കി…….

അങ്ങനെ അവർ വീണ്ടും ആ മുറിയോട് യാത്ര പറയുകയായി…..

കണ്ണുകളെന്തിനോ ഈറനണിഞ്ഞിരുന്നു..

നമ്മുടെ ഈ മുറിയിലെ ഓർമകളോട് മാത്രമേ നമ്മൾ വിട പറയുന്നുള്ളു…..

ഇനി ഉണ്ടാകാൻ പോകുന്ന നല്ല ഓർമ്മകൾക്കായി പുതിയൊരിടവും നമ്മളെ കാത്തിരിക്കുന്നുണ്ടാവും….

അവളുടെ നെഞ്ചിലെ പിടപ്പറിഞ്ഞെന്ന വണ്ണം ആ മിഴികൾ തുടച്ചു കൊണ്ടവന്നത് പറഞ്ഞതും അവളുടെ അധരങ്ങൾ മനോഹരമായൊരു പുഞ്ചിരിയെ കൂട്ട് പിടിച്ചു…..

തിരിച്ചവരാ കോണിപ്പടികളിറങ്ങുമ്പോൾ രണ്ട് പേരുടെ മനസ്സിലും ഒരു പോലെ ആശ്വാസം തളം കെട്ടി നിന്നു….

എങ്കി ഞങ്ങളിറങ്ങുവാണ്…..

സഞ്ജു അതും പറഞ്ഞു കൊണ്ട് അവിടെ നിന്നിറങ്ങുമ്പോൾ പോക്കറ്റിൽ നിന്നും കുറച്ചു രൂപയെടുത് ഭാനുമതിയുടെ കയ്യിൽ കൊടുത്തിരുന്നു…..

അതോടെ മങ്ങലേറ്റിരുന്ന ആ മുഖം പ്രകാശിച്ചു….

അവരോട് തനിക്കുള്ള കടപ്പാടുകളൊന്നും മനസ്സിലേക്ക് വരുന്നില്ലെങ്കിൽ കൂടി തന്റെ ഉത്തര വാദിത്യങ്ങളിൽ ഒളിച്ചോടാൻ മനസ്സ് സമ്മതിക്കുന്നില്ലെന്നതാണ് സത്യം…..

അത് പണ്ടും അങ്ങനെയായിരുന്നല്ലോ….
ആരൊക്കെയോ പറയുന്നത് കേട്ട് ആർക്കൊക്കെയോ വേണ്ടിയങ്ങനെ ജീവിച്ചു….

എന്നാൽ ജീവിതമെന്തെന്നും സന്തോഷമെന്തെന്നും തന്നെ പഠിപ്പിക്കാൻ അവൾ വരേണ്ടി വന്നു….

അവൻ അവളുടെ മുഖത്തേക്കൊന്ന് നോക്കി…..

താനേറെ പുഞ്ചിരിയോടെയാണ് അവളിലേക്ക് നോക്കിയതെങ്കിലും ആ മുഖത്ത് എന്തോ ഒരു ആശങ്ക കടന്ന് പിടിച്ചത് പോലെയവന് തോന്നി….

മ്മ്…..

അവൻ അവൾക്ക് നേരെ പുരികമുയർത്തി….

ലയ….
അവൾ അതും പറഞ്ഞു കൊണ്ട് അവരുടെ ആ വീട്ടിലേക്കൊന്ന് നോക്കി…..

അതിനെന്താ നമുക്ക് പോകാം….
അവളെ കാണാം….

സഞ്ജു ഭാവ ഭേതങ്ങളെത്തുമില്ലാതെ അത് പറയുമ്പോഴും നന്ദയുടെ മുഖം തെളിഞ്ഞിരുന്നില്ല…..

ഞങ്ങൾ നല്ല സുഹൃത്താക്കളായിരുന്നിട്ട് കൂടി താനവളോടൊന്നും തുറ ന്ന് പറയാത്തത്തിൽ അവൾക്കൊരു പക്ഷെ തന്നോട് ഏറെ പരിഭവമുണ്ടാകും….

അവളെന്നോട് എല്ലാം പറഞ്ഞിരുന്നു…..
ഞങ്ങൾക്കിടയിൽ സഞ്ജു അവളുടേതായിരുന്നു..

എന്റേതെന്നു പറയാൻ മടിച് ശ്വാസം വിലങ്ങിയായിരുന്നു ഞാൻ നിന്നിരുന്നത്…..

നന്ദ അത് പറയുമ്പോൾ ലയയോട് എല്ലാം പറയാത്തതിലുള്ള കുറ്റ ബോധവും അവളെങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും എല്ലാം ഉണ്ടെന്ന് കാൻകെ അവനു മനസ്സിലായിരുന്നു അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം……

ചിന്തിച്ചു കൂട്ടി വെറുതെ തലക്ക് ഭാരം നൽകേണ്ട…
നമ്മളങ്ങോട്ടല്ലേ പോകുന്നത്… വാ…..

അതും പറഞ്ഞു കൊണ്ട് സഞ്ജു അവളുടെ കൈ പിടിച്ചു നടന്നു……

ഓടിട്ട ആ ചെറിയ വീടിനു മുമ്പിലെത്തിയപ്പോൾ തങ്ങളെ കണ്ട് അവളുടെ അമ്മയുടെ കണ്ണുകൾ തിളങ്ങി…..

മോളെ….. ലയാ…. ഇതാരൊക്കെയാ വന്നിരിക്കുന്നതെന്ന് നോക്കിയേ…….

അവർ അകത്തേക്ക് നോക്കി വിളിച്ചു പറയുന്നതോടൊപ്പം തങ്ങളെ സ്വീകരിച്ചിരുത്താൻ തിരക്ക് കൂട്ടി……

മുൻപ് കണ്ടിരുന്ന ആ സഞ്ജുവാണെന്ന് വിശ്വസിക്കാനെ പറ്റുന്നില്ല….

അവർ അവനെ നോക്കി തടിക്ക് കൈ വെച്ച് കൊണ്ടാണത് പറഞ്ഞത്….

സഞ്ജു പതിയെയൊന്ന് പുഞ്ചിരിച്ചു…..

കഥകൾ പലതും കേട്ടറിഞ്ഞു…..
നിങ്ങള് രണ്ട് പേരും സന്തോഷമായിരുന്നാൽ മതി….. അതിനേക്കാൾ ആരുടെ വാക്കിനും ഒരു വിലയുമില്ലെന്നേ…..

അത്ര മനോഹരമായി അവരെല്ലാതിനെയെല്ലാം കൂടി ഒരു വരിയിലൊതുക്കുമ്പോൾ എന്തോ അവരോടൊരു ബഹുമാനം തോന്നിയിരുന്നു……

നന്ദയും സഞ്ജുവും പരസ്പരം നോക്കി പുഞ്ചിരിച്ചു……

അപ്പോഴേക്കും ആരോടാണ് അമ്മ സംസാരിക്കുന്നതെന്ന ഭാവത്തിൽ ലയ പുറത്തേകക്കൊന്നെത്തി നോക്കി…

ഒരു നിമിഷം ലയയുടെ കണ്ണുകൾ പിടച്ചു…..

സഞ്ജുവിനെ കണ്ടത്തിനാലാണോ അതോ അവനോടൊപ്പം നന്ദയെ കണ്ടതിനാലാണോ അതെന്ന് അവൾക്കറിയില്ലായിരുന്നു…..

ലയയെ കണ്ടതും നന്ദ വേഗം ഇരുന്നിടത് നിന്നെഴുന്നേറ്റു…..

ലയാ….

അവൾ പതിയെ വിളിച്ചതും ലയ ഒന്നും പറയാതെ അകത്തേക്ക് നടന്നിരുന്നു….

എന്തോ നന്ദയുടെ ഉള്ളൊന്ന് നൊന്തു….

അവൾ നോവോടെ സഞ്ജുവിനെ നോക്കി…….

അവളുടെ കൂടെ ചെല്ലാൻ അവൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചിരുന്നു……

നന്ദ പതിയെ അകത്തേക്ക് കയറി…..

ലയ അടുക്കളയുടെ പടിയിലായി നിൽക്കുക യാണ്……

ലയാ…. ഞാൻ…
ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്….
പക്ഷെ…… അവൻ നിന്നേ സ്നേഹിച്ചിരുന്നു എന്ന് പറയാൻ നിനക്ക് ധൈര്യമുണ്ടായിരുന്നു…
പക്ഷെ…. എനിക്കതുണ്ടായിരുന്നില്ല…അത് കൊണ്ടാണ് ഞാൻ….

നന്ദ അതും പറഞ്ഞു അവളുടെ തോളിൽ പതിയെ യൊന്നു കൈ വെച്ചു…..

സാരമില്ല നന്ദാ..തെറ്റ് എന്റെ ഭാഗത്താണ്…..
വെറുതെ ഒരോന്നു പറഞ്ഞു സ്വയം  മണ്ടിയായത് ഞാനാണ്….
പ്രണയിച്ചത് ശെരിക്കും നിങ്ങൾ തമ്മിലായിരുന്നു…..

ലയ അവൾക്ക് നേരെ തിരിഞ്ഞത് പറയുമ്പോൾ നന്ദയുടെ ഉള്ളിലൊരു കുറ്റബോധം തോന്നയെങ്കിൽ കൂടി ലയക്ക് തന്നോട് ദേഷ്യമില്ലെന്നോർക്കേ അവൾക്കല്പം ആശ്വാസം തോന്നി …..

അപ്പോഴേക്കും ശബ്ദം കേട്ട് മുറിയിൽ നിന്നും പുറത്തേക്ക് വന്ന ലച്ചു സഞ്ജുവിനെ കണ്ട് മിഴിച്ചു നിന്നു….

ചേച്ചി….സഞ്ജയ്‌ ദേവ……

ലച്ചു ലയയുടെ കൈകളിലമർത്തി….

മ്മ്….. നന്ദയുടെ ഭർത്താവാണ്……

ലയ അവളോട് അങ്ങനെ പരിചയപ്പെടുത്തുമ്പോൾ നന്ദക്ക് വല്ലാത്തൊരു സമാധാനം തോന്നി…..

സഞ്ജുവേട്ടാ….. ലച്ചു…. ഭയങ്കര ഫാൻ ആണ്…..

നന്ദ ലച്ചുവിന്റെ കൈ പിടിച്ചു പുറത്തേക്ക് വന്നു കൊണ്ടത് പറയുമ്പോൾ സഞ്ജു അവളെ നോക്കി പുഞ്ചിരിച്ചു….. സംസാരിച്ചു….
കൂടെ നിർത്തി ഫോട്ടോയെടുത്തു….

അവളുടെ കണ്ണുകൾ അങ്ങേയറ്റം തിളങ്ങിയിരുന്നു…

ലയയും അമ്മയും നന്ദയുമെല്ലാം ഒരു പുഞ്ചിരിയോടെ അവരെ ഒപ്പിയെടുത്തു കൊണ്ടിരുന്നു….

ഞാൻ…. ഞാനെന്താ വിളിക്കേണ്ടത്…..

എന്നെ ലച്ചു എന്താ വിളിക്കാറുള്ളത്….

ലച്ചു സഞ്ജുവിനെ നോക്കിയത് ചോദിക്കുമ്പോൾ നന്ദയായിരുന്നു ഇടക്ക് കയറിയത് ചോദിച്ചത്….

നന്ദ ചേച്ചി…..

അപ്പൊ സഞ്ജുവേട്ടനെന്ന് വിളിച്ചോ…..

ലച്ചു അത് പറഞ്ഞതും നന്ദ ഒരു ചിരിയോടെയാണത് പറഞ്ഞത്…..

എല്ലാവരുടെയും മുഖം ഒരു പോലെ തിളങ്ങി….

പഠിക്കാനൊന്നും ഉഴപ്പരുത്…. നിനക്കെത്ര വേണമെങ്കിലും പഠിക്കാം….
ഞങ്ങള് കൂടെയുണ്ട്….
ചേച്ചിയെ ബുദ്ധിമുട്ടിപ്പിക്കരുത്…..

നന്ദ ലച്ചുവിനെ ചേർത്ത് പിടിച്ചതും കൂടി പറഞ്ഞതും  ലയയുടെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു….

ആ വീട്ടിലെ അവസ്ഥ അറിഞ്ഞെന്ന വണ്ണം തന്നെ കൊണ്ടാകുന്നത് ചെയ്യണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു നന്ദയത് പറഞ്ഞത്….

അവൾ സഞ്ജുവിലേക്കൊന്ന് നോക്കി…

സഞ്ജു വിന്റെ മുഖത്ത് അവളെ ഓർത്തു അഭിമാന തിളക്കം…..

ഞങ്ങൾ… ഞങ്ങൾ നാളെ പോകും….
എന്നോട് നീ ദേഷ്യമൊന്നും മനസ്സിൽ വെക്കരുത്….

ഇറങ്ങാൻ നേരം നന്ദ ലയയെ പിടിച്ചു കൊണ്ടത് പറഞ്ഞതും ഇരുവരും കെട്ടി പ്പിടിച്ചു കരഞ്ഞിരുന്നു…..

ആ വീട്ടിൽ നിന്നിറങ്ങുമ്പോളെന്തോ അവളുടെ മനസ്സ് വല്ലാതെ ശാന്തമായിരുന്നു….

അവൾ പതിയെ അവന്റെ തോളിലൊന്ന് ചാരി ക്കിടന്നു……

(തുടരും)