രചന – ശ്രുതി മോഹൻ
നീ ഒരു ഭാര്യ ആണോ???
അവൻ എനിക്ക് നേരെ വിരൽ ചൂണ്ടി അലറി…..
ആണോ ഞാൻ ഭാര്യ ആണോ?
നിനക്ക് തോന്നുന്നുണ്ടോ, ഞാൻ ഭാര്യ ആണെന്ന്??
ഞാൻ പുച്ഛത്തോടെ അവനോടു ചോദിച്ചു….
അവന്റെ മുഖം വിളറിയോ???
ഏയ്.. ഇല്ല …
നിന്റെ കഴുത്തിൽ കിടക്കുന്നത് ഞാൻ കെട്ടിയ താലി ആണെങ്കിൽ നീ എന്റെ ഭാര്യ ആണ്….. എന്റെ ഇഷ്ടം അനുസരിച്ചു ജീവിക്കേണ്ടവൾ….
അല്ലാതെ തോന്നുംപോലെ അഴിഞ്ഞാടാൻ ഞാൻ സമ്മതിക്കില്ല…..
അവൻ പറഞ്ഞുകൊണ്ട് ചുമരിൽ കൈ ചുരുട്ടി ഇടിച്ചു…
എന്തെ എന്നെ അടിക്കുന്നില്ലേ?? അതായിരുന്നല്ലോ നല്ലത് !
ഞാൻ അവനെ പ്രകോപിപ്പിച്ചു….
എന്നെ തുറിപ്പിച്ചു നോക്കി അവൻ അടുത്തു കിടന്ന കൗച്ചിലേക്ക് ഇരുന്നു….
ഒരു കൈകൊണ്ട് മുടിയിൽ പിടിച്ചു വലിച്ചു….
ഞാൻ പരിഹാസത്തോടെ അവന്റെ ഭാവം നോക്കി കണ്ടു…
അവൻ എന്റെ ഭർത്താവാണ്…. ശ്ശേ അല്ലാ എന്നെ വിവാഹം ചെയ്ത ആളാണ്…
നിങ്ങൾ തുറിച്ചു നോക്കണ്ടാ..
വിവാഹം കഴിച്ചു എന്ന് കരുതി ഭർത്താവാകുമെന്നാണോ??
വിവാഹം കഴിഞ്ഞു നീണ്ട ഏഴു വർഷങ്ങൾ കടന്നു.. ഞാൻ കുറച്ചു കൂടി മെലിഞ്ഞു എന്നല്ലാതെ, എന്റെ പ്രായം ഏഴു വയസ്സ് കൂടി എന്നല്ലാതെ എന്ത് മാറ്റം ആണുണ്ടായത്????
അല്ല മാറ്റം ഉണ്ട്… പറന്നു നടന്നിരുന്ന എന്റെ ചിറകുകൾ അരിഞ്ഞു മാറ്റപ്പെട്ടു..
അവൻ കെട്ടിയ താലിയുടെ ബന്ധനത്തിൽ ഞാൻ തളയ്ക്കപ്പെട്ടു…
അവനും വീടും മാത്രമായി എന്റെ ലോകം ചുരുങ്ങിപോയി… അല്ലാ..എന്നെ അതിൽ പിടിച്ചുകെട്ടി..
ഞാൻ അതിൽ സംതൃപ്തി കണ്ടെത്തിയേനെ..
അവൻ ആത്മാർത്ഥമായി എന്നെ സ്നേഹിച്ചിരുന്നെങ്കിൽ, എന്നെ ചേർത്തു നിർത്തിയിരുന്നെങ്കിൽ…
ഏഴുവർഷങ്ങൾക്കിപ്പുറവും ഞാൻ കന്യകയായി തുടരുന്നുണ്ടെങ്കിൽ….
അതെന്തുകൊണ്ടായിരിക്കും?
ഒരിക്കൽ ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ അവൻ പറഞ്ഞത് ഞാൻ കുലസ്ത്രീ അല്ലെന്നാണ്…
അവർ ഇങ്ങനെ അല്ലത്രേ…
അതെന്താ സ്ത്രീക്കും ശാരീരിക ആവശ്യങ്ങൾ ഉണ്ടാവില്ലേ?
ഉണ്ടാവാൻ പാടില്ലേ?
എനിക്ക് തെറ്റ് തോന്നിയില്ല..
വിവാഹിതയായ ഞാൻ എന്റെ ഭർത്താവിനോടാണ് എന്റെ ചിന്തകൾ പങ്കുവെച്ചത്….. അതും മൂന്നു വർഷങ്ങൾക്കപ്പുറം….
അതിൽ ഒരു തെറ്റും ഞാൻ അന്നും കണ്ടില്ല…. ഇന്നും കാണുന്നില്ല..
ഒരു സ്ത്രീയോട്, അല്ലാ സ്വന്തം ഭാര്യയോട് ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ പോലും നീതി പുലർത്താത്ത അവനോട് ഞാൻ ഇന്ന് തുറന്നു പറഞ്ഞു….
എനിക്ക് വിവാഹബന്ധം തുടരുവാൻ താല്പര്യമില്ല എന്ന്…
എന്നാൽ സമൂഹത്തിൽ ഉള്ള അവന്റെ സ്ഥാനമാണങ്ങൾക്ക് കോട്ടം തട്ടുമത്രേ…. !
അതിനു? അതിനു ഞാൻ എന്ത് ചെയ്യണം??
ഈ ഏഴു വർഷങ്ങളും ഞാൻ അവനോട് നീതി പുലർത്തി…. അവനെ മാറ്റിയെടുക്കാൻ പരമാവധി ശ്രെമിച്ചു..
അതിലെല്ലാം തോൽവി കണ്ടപ്പോഴാണ് ഞാൻ ഈ തീരുമാനം എടുത്തത്…
വിവാഹബന്ധം വേർപെടുത്താൻ അവന് സമ്മതമല്ലെന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു… ഈ അവസ്ഥയിൽ ജീവിച്ചാൽ എന്റെ മനസ്സ് കൈവിട്ടു പോകും. നിന്റെ താലിയും കഴുത്തിലിട്ടു മറ്റൊരാളെ ഞാൻ ഇഷ്ടപെട്ടാൽ അതു ഞാൻ എന്ന സ്ത്രീയോട് ചെയ്യുന്ന തെറ്റായിരിക്കുമെന്ന്…
അതിനാണ് അവനിത്ര കലി….
ഞാൻ പോയാൽ ഇല്ലാതാകുന്ന ഇമേജിനെ കുറിച്ചോർത്താണവന് വേവലാതി..
അല്ലാതെ എന്നോട് ചെയ്ത, ചെയുന്ന നീതികേടിനെ ഓർത്തല്ല.. !
എന്റെ തീരുമാനം തെറ്റിയിട്ടില്ലെന്ന ഉറച്ച വിശ്വാസത്തിൽ ഞാൻ അവനു നേരെ ഡിവോഴ്സ് പെറ്റീഷൻ നീട്ടി.

by