18/04/2026

ഓർമ്മക്കായ് : അവസാന ഭാഗം

രചന – ഭവ്യ ഭാസ്ക്കരൻ

മാനസി ഒരു നിമിഷം അവിടെ നിന്നു. പിന്നെ മുന്നോട്ടു നടന്നു. അവരെ അവിടെ കണ്ട ദേഷ്യത്തിൽ രുദ്രനും അവൾക്കു ഒപ്പം ചെന്നു. ആഹ്‌ മോൾ വന്നല്ലോ..? ശ്രീഹരിയുടെ അമ്മ ചിരിയോടെ പറഞ്ഞു. അവൾ അവരെ നോക്കി ചിരിച്ചു. മാനസിയുടെ കൂടെ രുദ്രനെ കണ്ട് ദേഷ്യത്താൽ ശ്രീഹരിടെ മുഖം ചുവന്നു . ദേഷ്യം കടിച്ചമർത്തി കൊണ്ട് അവനു നേരെ നോക്കി പുച്ഛത്തോടെ ചിരിച്ചു. രുദ്രൻ ദേഷ്യാത്താൽ മുഷ്ടി ചുരുട്ടി. അവനെ നോക്കി. ശ്രീഹരിയുടെ അമ്മ സംശയത്തോടെ രുദ്രനെ നോക്കി. രുദ്രൻ അവരെ നോക്കി ചിരിച്ചു. ദേവകി രുദ്രന്റെ അടുത്തേക്ക് വന്നു. കിച്ചു ഇരിക്ക്.. ദേവകി സ്നേഹത്തോടെ പറഞ്ഞു. ആഹ്‌ അമ്മാ. എന്താ ഇവിടെ.. മാനസി കൂളായി അവരോട് ചോദിച്ചു. ഞങ്ങൾ മോളെ കാണാൻ വന്നതാ. ശ്രീയുടെ അമ്മ പറഞ്ഞു. ആഹ്‌. മാനസി നേരെ ദേവകിയെ നോക്കി.

അമ്മാ.. ഇവർക്ക് കുടിക്കാൻ ചായ എടുക്ക്. ചായ ഒക്കെ ഇപ്പോ കുടിച്ചേ ഉള്ളൂ. ഞങ്ങൾ വന്നത് മോളെ കാണാനും സംസാരിക്കാനുമാണ്. ശ്രീഹരിയുടെ അമ്മ പറഞ്ഞു. ആഹ്‌. എന്താ വിശേഷിച്ചു. ശ്രീയേട്ടന്റെ വിവാഹം ക്ഷണിക്കാൻ വന്നതാണോ..? ശ്രീഹരിയുo അമ്മയും ഒന്ന് പതറി കൊണ്ട് അവളെ നോക്കി. അല്ല. കഴിഞ്ഞതെല്ലാം മോള് മറക്കണം. ഞങ്ങൾ വന്നത് മോളും ശ്രീക്കുട്ടനു തമ്മിലുള്ള വിവാഹകാര്യം സംസാരിക്കാനാ. മ്മ് . അപ്പോ അമ്മ ഇവരോടെ ഒന്നും പറഞ്ഞില്ലേ. മാനസി ദേവകിയെ നോക്കി കൊണ്ട് ചോദിച്ചു. ഇല്ല. അമ്മ ഞങ്ങളോട് ഒന്നും പറഞ്ഞില്ല. ശ്രീയുടെ അമ്മ പറഞ്ഞു. അതാന്റി .. എന്റെ വിവാഹം ഉറപ്പിച്ചു. ഈ നിൽക്കുന്ന കിച്ചേട്ടനുമായി. രുദ്രനോട് ചേർന്ന് നിന്നു കൊണ്ട് മാനസി പറഞ്ഞു.

അവർ ഞെട്ടലോടെ അവരെ നോക്കി. രുദ്രൻ മാനസിയെ കണ്ണുമിഴിച്ചു നോക്കി. ഇതു എപ്പോ.. രുദ്രൻ മനസ്സിൽ പറഞ്ഞു, അവന്റെ ഉള്ളം സന്തോഷത്താൽ തുടി കോട്ടി. രുദ്രന്റെ കണ്ണുകൾ തിളങ്ങി. മനസിയുടെ അമ്മയുടെ മുഖത്തു നിറഞ്ഞ പുഞ്ചിരി വിടർന്നു. രുദ്രൻ അവളുടെ തോളിൽ കൈ വച്ചു, അവളെ ചേർത്തു പിടിച്ചു. എല്ലാം പെട്ടന്ന് ആയിരുന്നു ആന്റി. ഈ വരുന്ന 15th നാണു മാര്യേജ്. രുദ്രൻ പെട്ടന്ന് പറഞ്ഞു. മാനസി കണ്ണുമിഴിച്ചവനെ നോക്കി. അവൻ അവളെ നോക്കി കണ്ണുറുക്കി കാണിച്ചു. ആഹ്‌. ഞങ്ങൾ അറിഞ്ഞില്ല. ശ്രീയുടെ അമ്മ പറഞ്ഞു. ശ്രീഹരി ഒന്നും പറയാനാവാതെ കേട്ട ഷോക്കിൽ തന്നെ നിൽക്കാണ്. ആരോടും പറഞ്ഞിട്ടില്ല ആന്റി. വിവാഹം ചെറിയ രീതിയിലാണ്. അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുക്കുന്നു ഉള്ളൂ.

രുദ്രൻ പറഞ്ഞു. ആഹ്‌. രുദ്രൻ മനസിയെ വിട്ട് ശ്രീഹരിയുടെ അടുത്തേക്ക് നടന്നു. അവൻ ശ്രീഹരിയുടെ തോളിൽ തട്ടി. അവൻ ഞെട്ടികൊണ്ട് അവനെ നോക്കി. ശ്രീഹരി.. കല്യാണത്തിന് നീയും അമ്മയും വരണം. മ്മ്. ഞങ്ങളെ ഒന്ന് വിഷ് ചെയ്യടോ..? രുദ്രൻ ചിരിച്ചു കൊണ്ടു പറഞ്ഞു. കൺഗ്രേറ്റസ്.. ശ്രീഹരി താല്പര്യമില്ലാതെ പറഞ്ഞു. താങ്ക് യൂ. എന്നാ പിന്നെ ഞങ്ങൾ ഇറങ്ങാ. ശ്രീയുടെ അമ്മ പറഞ്ഞു. ആഹ്‌. മനസ്സിൽ ഒന്നും തോന്നരുത്, എന്റെ മോളെ അനുഗ്രഹിക്കണം. മാനസിയുടെ അമ്മ അവരുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു. മ്മ്. മോൾക്ക്‌ നല്ലതേ വരൂ. അറിഞ്ഞോ അറിയാതയോ മോളെ ഞങ്ങൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.

അവളുടെ കവിളിൽ തലോടി കൊണ്ട് ശ്രീയുടെ അമ്മ പറഞ്ഞു. എനിക്ക് ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. എന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എന്റെ കിച്ചേട്ടന്റെ കൂടെ ജീവിക്കാനാണ് എനിക്ക് ഇഷ്ടം. രുദ്രന്റെ കൈയിൽ കൈ ചേർത്തു കൊണ്ട് ശ്രീഹരിയെ നോക്കി മാനസി പറഞ്ഞു. അവളുടെ വാക്കുകൾക്ക് മുന്നിൽ ശ്രീഹരിയുടെ തല കുനിഞ്ഞു. രുദ്രൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു. ഒരിക്കലും തനിച്ചാകില്ല എന്ന് കണ്ണുകൾ കൊണ്ട് പറയാതെ പറഞ്ഞു അവൻ. മ്മ്. ശെരി എന്നാ ഞങ്ങൾ ഇറങ്ങാ. അതും പറഞ്ഞു ശ്രീയുടെ അമ്മ പുറത്തേക്ക് നടന്നു. പിറകെ ശ്രീഹരിയും. ശ്രീഹരി ഒരു മിനുട്ട്. അവൻ അവിടെ നിന്നു. അവളുടെ കൈ വിട്ട് രുദ്രൻ അവനരികിലേക്ക് ചെന്നു. നിന്നോട് ഞാൻ പറഞ്ഞതാ.. അവളുടെ പിറകെ ഇനി നടക്കരുതെന്ന്.

നീ കേട്ടില്ല. അവസാനമായി പറയാ… ഇനി നിന്റെ നിഴൽ എങ്ങാനും എന്റെ പെണ്ണിന്റെ മേലെ വീണാൽ.. ഈ രുദ്രൻ ആരാണെന്ന് നീ അറിയും. ഒരു താകീത്തോടെയവൻ പറഞ്ഞു. ഒന്നും പറയാതെ അവൻ അവിടെ നിന്നും ദേഷ്യത്തോടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി. രുദ്രൻ തിരികെ വന്നതും മാനസി നെറ്റി ചുള്ക്കി കൊണ്ട് അവനെ നോക്കി. ഞാൻ ഒന്നും പറഞ്ഞില്ല. കഴിഞ്ഞത് എല്ലാം മറന്ന് കല്യാണത്തിന് നേരത്തെ എത്തണമെന്ന് പറയാൻ പോയതാ. രുദ്രൻ ചുണ്ടുക്കോട്ടി കൊണ്ട് പറഞ്ഞു. മ്മ്. അല്ല ആരുടെ കല്യാണം. നീയല്ലേ പറഞ്ഞത്.. നമ്മുടെ കല്യാണം ആണെന്ന്. അവൻ അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു. ഞാൻ അങ്ങനെ പറഞ്ഞത്‌.. മോളെ.. അമ്മയുടെ കുട്ടി ഈ വിവാഹത്തിന് സമ്മതിക്കണം. കിച്ചു നല്ല പയ്യനാ. ദേവകി മാനസിയോടായി പറഞ്ഞു.

മാനസി അവനെ ചുണ്ടുകോട്ടി കൊണ്ട് നോക്കി. രുദ്രൻ നിഷ്ങ്കളകഭാവത്തിൽ അമ്മ പറയുന്നത് ശെരിയെന്ന പോലെ തലയാട്ടുന്നുണ്ട്. മാനസിക്ക് അത് കണ്ട് ചിരി വന്നെങ്കിലും പുറത്ത് കാണിക്കാതെ, ഗൗരവത്തോടെ നിന്നു. മോളെ.. അമ്മയുടെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ… എനിക്ക് സമ്മതമാണ്. മാനസി പറഞ്ഞു. ദേവകി അവളെ കെട്ടിപിടിച്ചു നെറുകയിൽ ഉമ്മ വച്ചു. ഞാൻ.. ഞാൻ.. ഇതു ഏട്ടനെ ഒന്ന് വിളിച്ചു പറയട്ടെ.. സന്തോഷത്തോടെ അവർ റൂമിലേക്ക് പോയി. അതേയ്.. ഒരു ചായ കിട്ടോ..? രുദ്രൻ അവളെ നോക്കി കൊണ്ട് ചോദിച്ചു. പോയി നിന്റെ കെട്ടിയോളോട് പറ. അതാ.. ഞാൻ നിന്നോട് പറഞ്ഞെ.. അവൻ കുസൃതിയോടെ അവളെ നോക്കി. അവൾ ബാഗ് എടുത്തു അവനെ നേരെ എറിഞ്ഞു. ക്യാച്ച്.. രുദ്രൻ ബാഗ് പിടിച്ചു കൊണ്ട് പറഞ്ഞു. അവൾ അവനെ നോക്കി, ചവിട്ടി തുള്ളി റൂമിലേക്ക് പോയി. ഞാൻ നിൽക്കണോ.. അതോ പോണോ.. അവൻ ഉറക്കെ ചോദിച്ചു.

അവൾ കണ്ണു ഇറുക്കി അടച്ചു അവിടെ നിന്നു, അവനെ തിരിഞ്ഞു നോക്കി. ദേവകി റൂമിൽ നിന്നും ഇറങ്ങി വന്നു. ആഹ്‌ മോൻ ഇരിക്ക്. ഞാൻ ഇപ്പോ ചായ എടുക്കാം. ആഹ്‌ ശെരി അമ്മ. അവൻ സോഫയിൽ ഇരുന്നു. അവൾ മുഖം വീർപ്പിച്ചു കൊണ്ട് റൂമിലേക്ക് നടന്നു. അവൾ പോവുന്നത് നോക്കി നിൽക്കേ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അവൾ ഫോൺ എടുത്തു നീനുവിന് വിളിച്ചു ഹലോ ഡീ.. പറയടാ.. കിച്ചേട്ടൻ… എല്ലാം അറിഞ്ഞു അല്ലെ…? നീനു ചോദിച്ചു. മ്മ്. ഡീ ഇനിയും ആ മനസ് കണ്ടില്ലെന്ന് നടിക്കരുത്. നിന്നെ അത്രയധികം കിച്ചേട്ടൻ സ്നേഹിക്കുന്നുണ്ട്. വിവാഹത്തിനു നീ സമ്മതിക്കണം. മ്മ്. നിന്റെ കിച്ചേട്ടനുമായുള്ള വിവാഹത്തിന് എനിക്ക് സമ്മതമാണ്. ഡീ നീ സത്യാണോ പറയുന്നേ..? ആഹ്ടി. നിന്റെ കിച്ചേട്ടൻ എന്നെ സ്നേഹിക്കുന്ന പോലെ എനിക്ക് സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല. ഞാൻ ശ്രെമിക്കാം.

മാനസി നോവുകലർന്ന ചിരിയോടെ പറഞ്ഞു. മതിയടി.. എനിക്ക് സന്തോഷം ആയി. ഞാൻ ഇതു ഏട്ടനോട് പറയട്ടെ..? ആഹ്‌ ഓക്കേ. ഒക്കെ ടി. കാൾ കട്ട്‌ ആയതും, അവൾ ഫോൺ ടേബിളിൽ വച്ചു. കുറച്ചു മണിക്കൂറുകൾ ഞാൻ പോലുമറിയാതെ തന്റെ ജീവിതം മാറി മറഞ്ഞിരിക്കുന്നു. കിച്ചേട്ടന് എന്നോടുള്ള സ്നേഹം ഞാൻ അറിയാതെ പോയി. എല്ലാം മറന്ന് പുതിയ ഒരു ജീവിതത്തിലേക്ക് പോണം. കിച്ചേട്ടന്റെ മാത്രം മീനൂ ആവണം. ജീവിതത്തിലേക്ക് കടന്ന് വരുന്ന ഓരോ വ്യക്തിയും നമ്മുക്ക് ഓരോ പാഠങ്ങൾ നല്കും. ശ്രീയേട്ടൻ എനിക്ക് അങ്ങനെ ഒരു പാഠമായിരുന്നു. ഇന്ന് ഞാൻ അവരോടു പറഞ്ഞത് എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ ആണ്. കിച്ചേട്ടൻ കൂടെ ഉള്ളപ്പോൾ എന്തോ ധൈര്യമാണ്.

ഓരോന്ന് ഓർത്തു കൊണ്ട്, അലമാരയിൽ നിന്നും ഡ്രെസ്സും എടുത്തവൾ ബാത്‌റൂമിൽ കയറി. ഫ്രഷ് ആയി ഹാളിൽ വന്നപ്പോൾ അമ്മയോട് ഓരോന്നും പറഞ്ഞു പൊട്ടിച്ചിരിക്കുന്ന രുദ്രനെയാണ് കാണുന്നെ. ഒരു നിമിഷമവൾ അവരെ തന്നെ നോക്കി നിന്നു. അമ്മ.. അവൾ വിളിച്ചു. ചായ മേശ പുറത്ത് ഉണ്ട്. അവളെ നോക്കാതെ ദേവകി പറഞ്ഞു. മ്മ്. മരുമോനെ കിട്ടിയപ്പോൾ എന്നെ നോക്കാൻ പോലും സമയം ഇല്ല. അവൾ പിറുപിറുത്തു കൊണ്ട് മേശയിൽ വച്ചിരിക്കുന്ന ചായ കപ്പ്‌ എടുത്തു അവരുടെ അടുത്തേക്ക് ചെന്നു. മോനെ.. 15th എന്ന് പറയുമ്പോൾ ഒരു ആഴ്ച അല്ലെ ഉള്ളൂ. ഈ 15th ന് നല്ല മൂഹൂർത്തം ആണെന്നാ പണിക്കർ പറഞ്ഞത്. അത് കഴിഞ്ഞാൽ പിന്നെ 6 മാസത്തേക്ക് മൂഹൂർത്തം ഇല്ല. എന്റെ അഭിപ്രായത്തിൽ എത്രെയും പെട്ടെന്ന് നടത്താം എന്നാ. കൃഷ്ണേട്ടൻ വന്നിരുന്നു രാവിലെ.

രണ്ടു ജാതകങ്ങളും തമ്മിൽ നല്ല ചേർച്ച ഉണ്ടെന്നു പറഞ്ഞു. എത്രെയും പെട്ടെന്ന് നടത്താം എന്നാ കൃഷ്ണേട്ടനും പറഞ്ഞത്. മാനസി കണ്ണു മിഴിച്ചവരെ നോക്കി. ഇത്ര പെട്ടന്നോ.. എന്നോട് ഒന്നും പറഞ്ഞില്ല. ഞാനറിയാതെ എന്തൊക്കെയാ ഇവിടെ നടക്കുന്നെ.. അവൾ പരിഭവത്തോടെയവൾ പറഞ്ഞു. അതു നിങ്ങളുടെ ജാതകം നോക്കിയപ്പോൾ ഡേറ്റ് കൂടെ നോക്കി എന്നെ ഉള്ളൂ. ദേവകി പറഞ്ഞു. നീട്ടി കൊണ്ട് പോയിട്ട് കാര്യമില്ല. രുദ്രൻ പറഞ്ഞു. മോനെ..എടി പിടി എന്നാ ആവുമ്പോൾ…? ദേവകി ചോദിച്ചു. അമ്മേ.. എനിക്ക് മാനസിയെ മാത്രം മതി. അമ്മ ഇവളെ ഇപ്പോ തന്നെ കൈപിടിച്ച് ഏല്പിക്കാണങ്കിൽ ഞാൻ കൊണ്ട് പോയ്കോളാം. അവൻ ചിരിയോടെ പറഞ്ഞു. ഡാ.. ദേവകി അവനു നേരെ കൈ ഓങ്ങി. അവളെ നാലു ആളു അറിയിച്ചു തന്നെ നിനക്ക് കൈ പിടിച്ചു തരും.

ദേവകി ചിരിയോടെ പറഞ്ഞു. ആഹ്‌ അത് മതി. ഞാൻ പറഞ്ഞു എന്നെ ഉള്ളൂ, അവൻ കുസൃതിയോടെ പറഞ്ഞു. മ്മ്. ഞാൻ ഏട്ടനോട് ചോദിച്ചു, മോനെ വിളിക്കാം. ആ അത്‌ മതിയമ്മേ.. രുദ്രൻ പറഞ്ഞു. അമ്മേ.. എന്താ മോനെ…? രുദ്രൻ ദേവകിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു, ” എനിക്ക് ഇപ്പോ സ്വന്തം എന്ന് പറയാൻ കൃഷ്ണമാമയെ ഉള്ളൂ. ഞാൻ അമ്മയെ കാണുന്നത് എന്റെ സ്വന്തം അമ്മയായിട്ടാ, വിവാഹം കഴിഞ്ഞാൽ അമ്മ ഞങളുടെ കൂടെ താമസിക്കണം. അഥിതിയായിട്ട് അല്ല. ആ വീട്ടിലെ ഗൃഹാനാഥായായിട്ട്. ദേവകിയുടെ കണ്ണുകൾ നിറഞ്ഞു, മോനെ.. അത്‌. അമ്മ എതിര് ഒന്നും പറയരുത്. അമ്മ ഞങളുടെ കൂടെ വേണം. ദേവകി അവന്റെ കവിളിൽ തലോടി. സന്തോഷത്താൽ ആ അമ്മ മനം നിറഞ്ഞു. നിറ കണ്ണുകളോടെ മാനസി രുദ്രനെ നോക്കി. അവൻ അവളെ നോക്കി കണ്ണു ചിമ്മി.

ഞാൻ എന്നാൽ ഇറങ്ങാ.. ഇപ്പോ തന്നെ ലേറ്റ് ആയി. അവൻ സോഫയിൽ നിന്നും എഴുന്നേറ്റു. ആഹ്‌. പോയിട്ട് വാ. ദേവകി പറഞ്ഞു. രുദ്രൻ മാനസിയോടെ കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു. അവൾ അവനൊപ്പം കാറിന്റെ അടുത്തേക്ക് നടന്നു. മീനൂ.. വിവാഹത്തിന് നീ ഓക്കേ പറഞ്ഞത്‌ അമ്മയെ വേദനിപ്പിക്കേണ്ട എന്ന് കരുതിയാണെന്ന് എനിക്കറിയാം. പെട്ടെന്ന് നിനക്ക് എന്നെ ഉൾകൊള്ളാൻ കഴിയില്ലന്നറിയാം. ഞാൻ കാത്തിരുന്നോളാം. വിവാഹം നടന്നോട്ടെ. നീ എപ്പോ എന്നെ സ്നേഹിക്കാൻ തുടങ്ങുന്നോ അന്ന് നമ്മുക്ക് ഒരുമിച്ച് ഒരു ജീവിതം തുടങ്ങാം അവൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു. മ്മ്. അവൾ തലയാട്ടി. അവൾ അവനെ യാത്രയാക്കി. തിരികെ അകത്തേക്ക് നടന്നു. മോളെ.. എന്താ അമ്മാ..? മോൾക്ക്‌ കിച്ചുനെ ഇഷ്ടം അല്ലെ.. ഈ വിവാഹത്തിന് സമ്മതം അല്ലെ..? അവൾ വന്നു ദേവകിയെ കെട്ടിപിടിച്ചു.

എന്റെ ദേവൂ.. എനിക്ക് കിച്ചേട്ടനുമായുള്ള വിവാഹത്തിന് പൂർണ്ണ സമ്മതം ആണ്. എന്നെ മനസിലാക്കാനും സ്നേഹിക്കാനും കിച്ചേട്ടന് കഴിയും. അവൾ ആൽമവിശ്വാസത്തോടെ പറഞ്ഞു. സന്തോഷത്താൽ ദേവകിയുടെ കണ്ണുകൾ നിറഞ്ഞു. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. എല്ലാവരുടെ അനുഗ്രഹത്തോടെ മഹാദേവന് മുന്നിൽ വച്ചു രുദ്രൻ മാനസിയുടെ കഴുത്തിൽ താലി ചാർത്തി, ഒരു നുള്ള് കുംങ്കുമത്താൽ അവളുടെ സിന്ദൂരരേഖ ചുവപ്പിച്ചു. മഹാദേവന് മുന്നിൽ പ്രാർത്ഥിച്ചു നിൽകുമ്പോൾ മരണവരെ ഈ താലി എന്റെ കഴുത്തിൽ ഉണ്ടാവാണേ എന്നവൾ മൗനമായി പ്രാർത്ഥിച്ചു. തന്റെ പ്രാണന്റെ പാതിയായി കിച്ചേട്ടനെ നൽകിയതിൽ അവൾ ഭഗവനോട് നന്ദി പറഞ്ഞു. അത്രമേൽ പ്രണയത്തോടെയവൾ അവനെ നോക്കി. തന്നെ തന്നെ നോക്കി നിൽക്കുന്ന പെണ്ണിനെ രുദ്രൻ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു, നെറുകിൽ ചുംബിച്ചു.

വർഷങ്ങൾക്ക് ശേഷം. മാനസി പുറത്ത് നിൽക്കുന്നവരെ കണ്ട് തലയിൽ കൈ വച്ചു. സാരി തുമ്പു ഇടുപ്പിൽ കുത്തി അവൾ മുറ്റത്തേക്ക് ഇറങ്ങി വന്നു. ചെളിയിൽ കുളിച്ചു നിൽക്കുന്ന രുദ്രനെയും, അവരുടെ മക്കളായ എട്ടു വയസുക്കാരൻ കണ്ണനെയും അഞ്ചു വയസുകാരിനന്ദൂട്ടിയെയും മാനസി മാറി മാറി നോക്കി. കണ്ണാ.. എന്താ ഇതു…? കണ്ണുരുട്ടി ഗൗരവത്തോടെ മാനസി ചോദിച്ചു. അതു മീനൂ… രുദ്രൻ എന്തോ പറയാൻ വന്നതും. അച്ഛാ… കണ്ണന്റെ വിളിക്കേട്ട് രുദ്രൻ അങ്ങോട്ടു നോക്കി. പറയല്ലേ.. എന്നർത്ഥത്തിൽ തലയാട്ടി കണ്ണൻ. എന്താ.. അവിടെ അച്ഛനും മോനും കൂടി.. മാനസി രുദ്രനെ കൂർപ്പിച്ചു നോക്കി. ഒന്നുമില്ല.. അമ്മാ.. നിഷ്ങ്കളതയോടെ കണ്ണൻ പറഞ്ഞു. നന്ദൂട്ടി… മാനസി വിളിച്ചു. അമ്മാ… ഞാനല്ല അച്ഛനും കണ്ണേട്ടനും ആണ്. രുദ്രനും കണ്ണനും ഒരുപോലെ അവളെ നോക്കി. അതു പിന്നെ മീനൂ… അതും പറഞ്ഞു കൊണ്ടവൻ അവളുടെ അടുത്തേക്ക് വന്നു. എങ്ങോട്ടാ… അവിടെ നിൽക്ക്. മാനസി രുദ്രനെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു.

മൂന്ന് പേരും കുളിച്ചു, ഇട്ടിരിക്കുന്ന ഡ്രസ്സ്‌ അലക്കിയിട്ട്, അകത്തു കയറിയാൽ മതി. ഞാൻ അപ്പോഴേ പറഞ്ഞതാ.. ഒന്നും വേണ്ടന്ന് കേട്ടില്ല. രുദ്രൻ തല ചൊറിഞ്ഞു കൊണ്ട് കണ്ണനെ നന്ദുവിനെ നോക്കി. വാ.. രണ്ടാളുടെ കൈയിൽ പിടിച്ചു, അലക്കു കല്ലിന്റെ അടുത്തേക്ക് നടന്നു രുദ്രൻ. ഒന്ന് നിന്നേ…? മാനസി വിളിച്ചു. അവർ മൂവരും ഒരുമിച്ച് തിരിഞ്ഞു നോക്കി. ഈ ബോൾ ഇനി ആര് എടുത്തു കൊണ്ട് പോവും. മാനസി താഴേ കിടക്കുന്ന ബോൾ ചൂണ്ടി കൊണ്ട് പറഞ്ഞു. ഭദ്രകാളി രുദ്രൻ പിറുപിറുത്തു. പോയി ബോൾ എടുത്തു വാടാ.. രുദ്രൻ കണ്ണനെ നോക്കി പറഞ്ഞു. അവൻ ഓടി പോയി ബോൾ എടുത്തു കൊണ്ടു അവരുടെ അടുത്തേക്ക് ഓടി. അവർ പോവുന്നത് മാനസി ചിരിയോടെ നോക്കി നിന്നു. അച്ഛാ.. നമ്മൾ അലക്കിയാൽ ചളി പോവില്ല. അമ്മയെ എങ്ങനെങ്കിലും ഒന്നു സോപ്പിട്. ആഹാ.. അങ്ങോട്ടു ചെന്നാൽ മതി. നിന്റെ അമ്മാ എപ്പോഴാ ഭദ്രകാളിയാവുന്നെ എന്ന് പറയാൻ പറ്റില്ല.

ഇനി എന്ത് ചെയ്യും. കണ്ണൻ താടിക്ക് കൈ കൊടുത്തു തിട്ടിൽ ഇരുന്നു. ഇതു ചളിയുള്ള ഗ്രൗണ്ടിലേക്ക് ഓടി ഇറങ്ങുമ്പോൾ ആലോചിക്കണമായിരുന്നു. രുദ്രൻ പറഞ്ഞു. അച്ഛനും നന്ദുവും ഉണ്ടായിരുന്നില്ലേ.. എന്നെ ഒറ്റക്ക് കുറ്റം പറയണ്ട. ഇനി അതിന് കുറിച് പറഞ്ഞിട്ട് കാര്യമില്ല. നിന്റെ അമ്മാ സോപ്പ് പൊടി എവിടെയാ വച്ചിരിക്കുന്ന.. എന്ന് നോകിയെ..? കണ്ണനും രുദ്രനും ചുറ്റും നോക്കി. ഇവിടെ കാണാൻ ഇല്ലല്ലോ.. കണ്ണൻ പറഞ്ഞു. നന്ദൂട്ടി നീ പോയി അമ്മയോട് സോപ്പ് പൊടി എവിടെ എന്ന് ചോദിക്ക്. ഞാൻ പോവില്ല. അമ്മ എന്നെ വഴക്കു പറയും. അവൾ കൊഞ്ചലോടെ പറഞ്ഞു. എല്ലാം കണക്കാ.. രുദ്രൻ പിറുപിറുത്തു. അച്ഛാ നമുക്ക് ഇതെല്ലാം വാഷിങ് മെഷീനിൽ ഇടാം. കണ്ണൻ രുദ്രനെ നോക്കി പറഞ്ഞു. എന്നിട്ട് വേണം നിന്റെ അമ്മയുടെ വായിൽ നിന്നും അതിന് കേൾക്കാൻ. രുദ്രൻ കണ്ണനെ നോക്കി കൊണ്ട് പറഞ്ഞു. വേഗം.. അലക്ക്.. എനിക്ക് വിശക്കുന്നു. കൊഞ്ചലോടെ നന്ദു പറഞ്ഞു.

വിശക്കുന്നുണ്ടെങ്കിൽ പോയി അമ്മയോട് പറ. രുദ്രൻ നന്ദുവിന് നോക്കി പറഞ്ഞു. കുളിക്കാതെ ചെന്നാൽ അമ്മ ചീത്ത പറയും. രുദ്രൻ തലക്കു കൈ കൊടുത്തു കൊണ്ട് അവളെ നോക്കി. എല്ലാം മറഞ്ഞു നിന്നു കേട്ട് മാനസി ചിരിച്ചു. നന്ദൂ.. എന്ന് വിളിച്ചു മാനസി അവരുടെ അടുത്തേക്ക് വന്നു. അമ്മാ.. കുളിക്കാൻ വാ. ആഹ്‌. കണ്ണാ…നീ ആ സോപ്പ് ഇങ്ങോട്ടു എടുക്കടാ.. നമ്മക്കും അലക്കാൻ അറിയാം. രുദ്രൻ ചുണ്ടുകോട്ടി കൊണ്ട് പറഞ്ഞു. കണ്ണാ.. നന്നായി അലക്കണം. ഇനി അങ്ങോട്ടു സ്വന്തം വസ്ത്രം സ്വയം അലക്കാൻ ഉള്ളതാ. രുദ്രൻ കൂർപ്പിച്ചു അവളെ നോക്കി. അവനെ നോക്കി ചുണ്ടു കോട്ടി കൊണ്ടു നന്ദുവിന്റെ കൈയും പിടിച്ചു നടന്നു. രുദ്രൻ തുണിയിലേക്കും കല്ലിലേക്കും മാറി മാറി നോക്കി. കുറച്ചു നേരം നടന്ന് മാനസി തിരിഞ്ഞു നിന്നു. കണ്ണാ.. ഡ്രസ്സ്‌ എല്ലാം ആ ബക്കറ്റിൽ ഇട്ടേക്ക്.

ഞാൻ അലക്കികോളാം. അറിയാത്ത പണിക്ക് പോയി തുണി കേടു വരുത്തണ്ട. രണ്ടു പേരും കുളിച്ചു വാ. മാനസി പറഞ്ഞു. താങ്ക്സ് അമ്മാ.. കണ്ണൻ ചിരിയോടെ പറഞ്ഞു. അച്ഛനെ പോലെ തന്നെ മക്കളും ചിരിച്ചു കൊണ്ട് ആളെ വീഴ്ത്തിക്കോളും. മാനസി മനസ്സിൽ പറഞ്ഞു കൊണ്ട് നന്ദുവിന്റെ കൈയും പിടിച്ചവൾ നടന്നു. മൂന്നു പേരും കുളിച്ചു വന്നപ്പോഴേക്കും മാനസി. അവർക്കു കഴിക്കാൻ ഉള്ളതും എല്ലാം ഡൈനിoഗ് ടേബിളിൽ കൊണ്ട് വന്ന് വെച്ചിരുന്നു. അച്ഛാ.. ഞാൻ വീണ കാര്യം നന്ദൂട്ടി അമ്മയോട് പറയോ..? തീർച്ചയായും. ഇനി എന്ത് ചെയ്യും. നോക്കാം.. അവന്റെ തോളിൽ പിടിച്ചു കൊണ്ട് ചെയറിൽ വന്നിരുന്നു. മാനസി അടുക്കളയിൽ നിന്നും വന്നു. അമ്മേ… മാനസി വിളിച്ചു. എന്താ മോളെ.. ചായ കുടിക്കാൻ വാ. ഇതാ വരുന്നു മോളെ.

ദേവകി അങ്ങോട്ടു വന്നു. അല്ല മാമ എവിടെ..? മാനസി ചോദിച്ചു. പുറത്ത് പോയി.. എന്തോ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞു. ദേവകി പറഞ്ഞു. ആഹ്‌. എല്ലാവർക്കും ചായയും കഴിക്കാൻ ഉള്ളതും നൽകി. മാനസി തുണി അലക്കാൻ പോയി. മാനസി തുണി അലക്കി കൊണ്ടിരിക്കുമ്പോൾ രുദ്രൻ തിട്ടിൽ വന്നിരുന്നു. മീനൂ.. കണ്ണൻ വീണു അല്ലെ..? മ്മ്. ചെറുതായി ഒന്നു മുറിഞ്ഞിട്ടുണ്ട്, പേടിക്കാൻ ഒന്നുമില്ല. ഓയ്ലമെന്റ് തേച്ചു കൊടുത്തിട്ടുണ്ട്. മ്മ്. അലക്കിയ തുണികൾ ഓരോന്നായി രുദ്രനും മനസിയും അലയിൽ വിടർത്തി ഇട്ടു. കിച്ചേട്ടാ.. മോനെ കൊണ്ട് ഹോസ്പിറ്റലിൽ പോണോ..? രാത്രിക്ക് അങ്ങാനും പനിച്ചാലോ..? മാനസി വേവലാതിയോടെ ചോദിച്ചു. എന്റെ മീനൂ.. അതിനു മാത്രം ഒന്നുമില്ല. നീ ഇങ്ങനെ ടെൻഷൻ ആവണ്ട കാര്യമില്ല. കളിക്കുമ്പോൾ വീഴുന്നതും മുറിവുണ്ടാവുന്നതും സാദാരണയല്ലേ.. അവളുടെ തോളിൽ കൈ ഇട്ടു കൊണ്ടവൻ പറഞ്ഞു. കഴിഞ്ഞ തവണ ഇതുപോലെ മുറിവായിട്ടാ, രാത്രി ഹോസ്പിറ്റലിൽ കൊണ്ട് പോയതു.

ഇതു അതിനു മാത്രം ഒന്നുമില്ല ഡീ. ഉണ്ടങ്കിൽ ഞാൻ അപ്പോ തന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോവില്ലേ..? മ്മ്. നീ ഇനി ഇതിന്റെ പേരിൽ അവനോടു പിണങ്ങണ്ടാ.. മ്മ്. രുദ്രനും മാനസി അകത്തേക്ക് ചെല്ലുമ്പോൾ, കണ്ണനും നന്ദുവും ദേവകിയും ഇരുന്നു ടീവി കണ്ടു കൊണ്ടിരിക്കാണ്. മാനസിയെ കണ്ടതും രണ്ടുo ബുക്ക്‌ എടുത്തു വായിക്കാൻ തുടങ്ങി. അത് കണ്ട് കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. പിറകെ രുദ്രനും. അച്ഛന്റെ അല്ലെ മക്കൾ, അച്ഛന്റെ എല്ലാ കുരുത്തകേടും കിട്ടിയിട്ടുണ്ട് എന്നെ കാണിക്കാൻ വേണ്ടി ബുക്കും തുറന്നു പിടിച്ചു ഇരിക്കുന്നു, അവൾ പിറുപിറുത്തു. അതു നേരെ രുദ്രൻ കേൾക്കുകയും ചെയ്തു. രുദ്രൻ അവളുടെ ഇടുപ്പിൽ പിടിച്ചു തന്നോട് ചേർത്തു നിർത്തി. അവൾ കണ്ണുമിഴിച്ചവനെ നോക്കി. ഡീ.. എന്റെ മക്കൾ എന്നെപോലെ തന്നെ ഉണ്ടാവാ. അവൻ മീശ പിരിച്ചു കൊണ്ടു അവളുടെ കാതിൽ പറഞ്ഞു. കിച്ചേട്ടാ.. വിട്.. മക്കൾ കാണുട്ടോ.. അവൾ അവനിൽ നിന്നും അകന്ന് മാറി കൊണ്ട് പറഞ്ഞു.

അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു, ഇറുകെ പുണർന്നു. കിച്ചേട്ടാ.. വിട്, അവനെ തള്ളി കൊണ്ടവൾ പറഞ്ഞു. മീനൂ.. ഈ ഇടയായി നിനക്ക് എന്നോട് തീരെ സ്നേഹം ഇല്ല. അവൻ പരിഭവത്തോടെ പറഞ്ഞു. ദെയ് മനുഷ്യാ.. കളിക്കാതെ മാറി നിൽക്ക്. ഇല്ല. ഇതിനു തീരുമാനം ഉണ്ടാക്കിയിട്ടു മതി. ദെയ് അമ്മാ… അവൾ പെട്ടന്ന് പറഞ്ഞു. അവൻ പിടി വിട്ട് മാറി നിന്നു. ആ ഗ്യാപ്പിൽ അവൾ മുന്നോട്ടു നടന്നു. അവൾക്കു പുറകെ വന്നവൻ അവളുടെ വയറിൽ പിച്ചി. നിന്നെ ഞാൻ പിന്നെ എടുത്തോളാം.. കേട്ടോടി ഭദ്രകാളി.. പതിയെ പറഞ്ഞു കൊണ്ടവൻ കണ്ണുറുക്കി കാണിച്ചു, ചിരിയോടെ നടന്നവൻ സോഫയിൽ പോയിരുന്നു. മാനസി ചുറ്റും ഒന്ന് നോക്കി, പതിയെ അവളുടെ അധരത്തിൽ പുഞ്ചിരി വിടർന്നു. കണ്ണാ.. നന്ദു.. ടീവീ കണ്ടോ.. നാളെ ക്ലാസ്സ്‌ ഇല്ലല്ലോ. അതും പറഞ്ഞു മാനസി അടുക്കളയിലേക്ക് നടന്നു. കണ്ണേട്ടാ ഡോറ വക്ക്.. അവന്റെ കൈയിൽ പിടിച്ചു കൊണ്ട് നന്ദു പറഞ്ഞു. ടോം ജെറി കഴിയട്ടെ.. കണ്ണൻ റിമോട്ട് കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

അച്ഛാ.. ഏട്ടനോട് ഡോറ വക്കാൻ പറ.. എന്താ.. അവിടെ..കറിക്കുള്ള പച്ചക്കറിയുമായി മാനസി ടേബിളിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു. ഒന്നുമില്ല.. അമ്മാ.. കണ്ണൻ പറഞ്ഞു. മ്മ്. മാനസി പച്ചക്കറി അരിയാൻ തുടങ്ങി. ഇടക്ക് കണ്ണൻ മാനസിയെ നോക്കുന്നുണ്ട്. ഡോറ വച്ചു റിമോട്ട് നന്ദുവിന്റെ കൈയിൽ കൊടുത്ത്, കണ്ണൻ എഴുനേറ്റ് അവൾക്കു അരികിലേക്ക് വന്നു. രുദ്രൻ ചെറു ചിരിയോടെ എല്ലാം ശ്രെദ്ധിക്കുന്നുണ്ട്. അമ്മാ… മ്മ്. അമ്മാ.. ഞാൻ വീണു. ഗൗരി മുഖമുയർത്തി അവനെ നോക്കി. അവൻ തല കുനിച്ചു നിന്നു. സോറി അമ്മാ.. അവൻ പതിയെ പറഞ്ഞു. മാനസി അവന്റെ കൈയിൽ പിടിച്ചു കൊണ്ട് അവനെ അവളുടെ മടിയിൽ ഇരുത്തി. കണ്ണാ.. സാരമില്ലട്ടോ.. അവന്റെ നെറുകിൽ തലോടി കൊണ്ടവൾ പറഞ്ഞു. മുറി വേദനിക്കുന്നുണ്ടോ..? മാനസി ചോദിച്ചു.

ചെറുതായിട്ട്. എവിടെ നോക്കട്ടെ..? അവൻ കാല് കാണിച്ചു കൊടുത്തു. ചെറിയ മുറിവ് ആണ്. നാളേക്ക് മാറുട്ടോ.. മാനസി വാത്സ്യല്യത്തോടെ അവന്റെ നെറുകിൽ തലോടി. കവിളിൽ ഉമ്മ വച്ചു. രുദ്രൻ അവർക്കരികിൽ വന്നിരുന്നു. നന്ദൂട്ടി ഓടി വന്ന് രുദ്രന്റെ മടിയിൽ കയറി ഇരുന്നു. കണ്ണാ.. നന്ദു വാ.. നാമം ജപിക്കാം. ദേവകി അവരെ വിളിച്ചു. ആഹ്‌.. രണ്ടു പേരും ദേവകിയുടെ കൂടെ ഉമ്മറത്തേക്ക് പോയി. കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിൽ ദേവകി ഇരുന്നു. ദേവകിയുടെ രണ്ടു വശത്തുമായി, നന്ദുവും കണ്ണനും ഇരുന്നു. ഓം നമഃശിവായ ഓം നമോ നാരായണയാ ഓം അച്യുതായാ നമഃ ഓം അനന്തായ നമഃ ഓം അമൃതായ നമഃ ഓം ഗോപാലയാ നമഃ ഓം ഗോവിന്ദായാ നമഃ ഓം ശ്രീരാമായ നമഃ ഓം വിഘനേശ്വരായ നമഃ വിഷ്ണുവേ ഹരേ… സിറ്റ് ഔട്ട്‌ ൽ രുദ്രനൊപ്പം മാനസിയും വന്നിരുന്നു. അവർ ചെല്ലുന്നതും നോക്കിയവർ ഇരുന്നു. രുദ്രൻ തോളിൽ തല ചായ്ച്ചു കൊണ്ടവൾ ഇരുന്നു. രുദ്രൻ അവളെ ചേർത്തു പിടിച്ചു.

പിറ്റേന്ന് രുദ്രനും മാനസിയും മക്കളെയും കൂട്ടി മഹാദേവ ക്ഷേത്രത്തിലേക്ക് പോയി. നല്ലൊരു ജീവിതം ഞങ്ങൾക്ക് നൽകിയതിന് അവർ ഭഗവാനോട് ഒരേ മാനസാൽ നന്ദി പറഞ്ഞു. തൊഴുതു ഇറങ്ങിയതും നന്ദുവും കണ്ണനും കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറി ഇരുന്നു. മാനസി കാറിന്റെ ബാക്ക് ഡോർ തുറന്നു കയറാൻ നോക്കുമ്പോൾ ആണ്, മിഴികൾ ആൽത്തറയിൽ ഇരുന്നു കുഞ്ഞിനെ കളിപ്പിക്കുന്ന ശ്രീഹരിയിൽ പതിഞ്ഞത്. കുഞ്ഞിന്റെ നെറ്റിയിലും ശ്രീഹരിയുടെ നെറ്റിയിലും ശ്രീഹരിയുടെ ഭാര്യ ചന്ദനം തൊടുന്നത് അവൾ പുഞ്ചിരിയോടെ നോക്കി നിന്നു. രുദ്രൻ അവളുടെ തോളിൽ കൈ വച്ചു. മാനസി പുഞ്ചിരിയോടെ അവനെ നോക്കി. എന്താടോ.. പോയി സംസാരിക്കാണോ..? പുഞ്ചിരിയോടെ അവൻ ചോദിച്ചു. വേണ്ട കിച്ചേട്ടാ… ശ്രീയേട്ടന് ഇപ്പോ നല്ലയൊരു ജീവിതം ഉണ്ട്. ഞാനും അതെ ആഗ്രഹിച്ചിട്ടുള്ളൂ. അവർ സന്തോഷമായി ജീവിക്കട്ടെ.. അവൾ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.

രുദ്രൻ അവളെ ചേർത്ത് പിടിച്ചു. പോവാം.. രുദ്രൻ ചോദിച്ചു. അവൾ പുഞ്ചിരിയോടെ തലയാട്ടി. അവൾ ബാക്ക് ഡോർ തുറന്നു കാറിൽ കയറി, രുദ്രൻ ഫ്രണ്ട് ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. കാർ മുന്നോട്ടു നീങ്ങി. കാർ അവരുടെ അടുത്ത് എത്തിയതും മാനസി കാറിൽ ചാരി ഇരുന്നു. നിറ കണ്ണുകളോടെ കാർ പോയ വഴിയേ ശ്രീഹരി നോക്കി നിന്നു. എന്നും വേദനിപ്പിച്ചിട്ടേ ഉള്ളൂ. നിന്നെ മനസിലാക്കാൻ ഞാൻ വൈകി പോയി മാനസി. എവിടെയായാലും നീ സന്തോഷമായിരിക്കണം. എന്നും എന്റെ മനസ്സിൽ നീ ഉണ്ടാവും. എന്റെ ദേഷ്യo തന്നെയായിരുന്നു എനിക്ക് നിന്നോടുള്ള എന്റെ പ്രണയo. അവൻ മനസ്സിൽ പറഞ്ഞു. “നിനക്കായ് തോഴി പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്ന് ചേരാം ” ശ്രീയേട്ടാ.. പോവാo.. കാർത്തിക അവനടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു. മ്മ്. കുഞ്ഞിനെ കാർത്തികയുടെ കൈയിൽ കൊടുത്തു, പിന്തിരിഞ്ഞു നോക്കി കൊണ്ട് അവൻ അവർക്കൊപ്പം നടന്നു. അവസാനിച്ചു….