രചന – അഞ്ജു തങ്കച്ചൻ
നിള പോയിട്ട് ഒരാഴ്ച്ചയായിരിക്കുന്നു.
ഗൗതം ഒരുപാട് നാളുകൾക്കു ശേഷം അവന്റെ സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുകയും, അവരോടൊപ്പം ചെറിയ ചെറിയ യാത്രകൾ പോകുകയും.ഓഫിസിൽ പോയി വന്നതിനു ശേഷം, ചിലപ്പോഴൊക്കെ അസ്തമയത്തിന്റെ ഭംഗി ആസ്വദിക്കാൻ കടൽത്തീരത്ത് അൽപ്പസമയം
ചിലവഴിക്കുകയും ചെയ്തു.
അവനിപ്പോൾ അവനെത്തന്നെ ഏറെ സ്നേഹിക്കുകയും, അവന് വേണ്ടി മാത്രം, അവന്റെ സന്തോഷങ്ങൾക്ക് വേണ്ടി മാത്രം സമയം കണ്ടെത്തുകയും ചെയ്തു.
എങ്കിലും ചിലനേരങ്ങളിൽ നിളയെ അവനോർമ്മ വരും.
അവളുടെ കുറുമ്പുകൾ, സ്നേഹം, കരുതൽ….
പക്ഷെ സ്നേഹക്കൂടുതലിന്റെ,
കടുത്ത കയറിൽ കുരുക്കി, അവളെന്റെ പ്രാണൻ ഇത്തിരി ഇത്തിരി ആയി എടുക്കുകയായിരുന്നില്ലേ?
ഒന്ന് മനസ്സ് തുറന്ന് ചിരിക്കാൻ പോലും കഴിയാതെ….
വേണ്ട… ഇനിയവളെ ഓർക്കേണ്ട.
അയാൾ കിച്ചണിൽ പോയി, തലേന്നത്തെ ദോശമാവ് ഫ്രിഡ്ജിൽ ഇരുന്നത് എടുത്ത്, ദോശ ഉണ്ടാക്കി കഴിച്ചു.
അത്യാവശ്യം വേണ്ടുന്ന അടുക്കളപ്പണികൾ ഒക്കെ സ്വയം ചെയ്യാൻ ശീലിച്ചിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ വലിയ ബുദ്ധിമുട്ടുകൾ ഒന്നും തോന്നുന്നില്ല.
ശനിയാഴ്ച്ച വൈകുന്നേരം അയാൾ അച്ഛന്റെ അടുത്തേക്ക് പോയി.ഫ്ലാറ്റിലെ താമസം മതിയാക്കി ഇനി അച്ഛനോടൊപ്പം കഴിയാനാണ് അവന് താല്പര്യമെങ്കിലും, അച്ഛൻ ,നിളയും താനും തമ്മിലുള്ള അകൽച്ച അറിയുമോ എന്ന് അയാൾക്ക് ഭയമായിരുന്നു.
അച്ഛന് അതൊന്നും താങ്ങാൻ കഴിയില്ല.
തല്ക്കാലം അച്ഛൻ ഒന്നും അറിയാതിരിക്കുന്നതാണ് നല്ലത്.
കുട്ടിക്കാലത്തെ ഒരുപാട് ഓർമ്മകളുമായി അവൻ തൊടിയിലൂടെ വെറുതെ നടക്കുമ്പോഴാണ് അച്ഛൻ അങ്ങോട്ട് വന്നത്.
ഗൗതം…. അച്ഛന്റെ വിളിയിൽ ഗൗരവംകലർന്നിരുന്നു.
എന്താ അച്ഛാ..?
നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ?
ഇല്ല.
ഞാൻ നിന്റെ അച്ഛനാണ് അതുകൊണ്ട് നിന്റെ നോട്ടത്തിന്റെ അർത്ഥം പോലും അച്ഛന് അറിയാം.
ഗൗതം തല കുനിച്ചു.
ഡാ… ഇങ്ങോട്ട് നോക്ക്, എന്റെ മുഖത്തേക്ക്.
അയാൾ പതിയെ തല ഉയർത്തി.
നിനക്കും നിളക്കും ഇടയിൽ എന്താ പ്രശ്നം?
അങ്ങനെ പ്രശ്നം ഒന്നും ഇല്ലച്ഛാ…
നീഎന്നോട് കള്ളം പറയാനും തുടങ്ങി അല്ലേ?
അങ്ങനെ അല്ല. അവൾ എനിക്ക് ഒരു സ്വാതന്ത്ര്യവും തരില്ല. രാവിലേ ഉണർന്നാൽ ഫ്ലാറ്റിൽ നിന്നും ഞങ്ങൾ ഒരുമിച്ചു ജോലിക്ക് ഇറങ്ങും.
ജോലിക്കിടയിൽ ഒരു പത്തിരുപതു വട്ടമെങ്കിലും ഫോൺ വിളിക്കും.
ജോലി കഴിഞ്ഞ് ഇറങ്ങിയാൽ നിശ്ചിത സമയത്ത് ഫ്ലാറ്റിൽ എത്തണം.
എന്റെ സുഹൃത്തുക്കൾ ഫോൺ വിളിച്ചാൽ പോലും കാൾ എടുക്കാൻ അവൾ സമ്മതിക്കില്ല.
എപ്പോഴും എന്റെ കൂടെ ഇരിക്കും.
എങ്ങാനും പുറത്തുപോകാം എന്ന് വച്ചാൽ എന്റെ കൈയിൽ നിന്നും പിടിത്തം വിടുക പോലുമില്ല.
ഒരുമാതിരി കുഞ്ഞ്പിള്ളേരെ കൊണ്ടുനടക്കുമ്പോലെയാ എന്നെ കൊണ്ട്നടക്കുന്നത്.
ഞാനൊരു മനുഷ്യൻ അല്ലേ അച്ഛാ…
അയാളുടെ ശബ്ദം ഇടറിയിരുന്നു.
നോക്ക് ഗൗതം… അവൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഇവിടെ നിന്നപ്പോൾ നിന്റെ സ്നേഹം എനിക്ക് കൂടെ പകുത്തുപോകുമല്ലോ എന്ന് കരുതിയാണ് മാറിത്താത്താമസിക്കണം എന്ന് ആ കുട്ടി വാശി പിടിച്ചത്.
അൽപ്പം സ്വാർത്ഥത ഉണ്ടെങ്കിലും അവൾ നിന്നെ ഒരുപാട് സ്നേഹിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.
ഇതാണോ അച്ഛാ സ്നേഹം? അല്ല അത് സ്നേഹമല്ല.അച്ഛനത് പറഞ്ഞാൽ മനസിലാകില്ല.
മനസിലാകും മോനേ… നമുക്ക് പ്രായമേറുമ്പോൾ മാത്രം മനസിലാകുന്ന ചില കാര്യങ്ങൾ ഉണ്ട്.അതൊന്നും പറഞ്ഞാൽ ഈ ചോരത്തിളപ്പിന്റെ പ്രായത്തിൽ നിങ്ങൾക്കൊന്നും മനസിലാക്കാൻ കഴിയില്ല.
അവനവനെ മറന്നിട്ടുള്ള ജീവിതം, അതെന്തിനാ അച്ഛാ?
നിങ്ങൾ ചെറുപ്പമാണ്. ഇതത്ര വലിയ വിഷയം അല്ല ഗൗതം. നിളയെ പറഞ്ഞ് മനസിലാക്കാവുന്നതേ ഉള്ളൂ…
ഞാനെത്ര വട്ടം പറഞ്ഞിട്ടുണ്ട് എന്നിട്ട് അവൾ മാറിയില്ല.
നിനക്കവൾ ഇല്ലാതെ ജീവിക്കാൻ കഴിയുമോ?
പൂർണ്ണമായി അവളിൽ നിന്നും മോചനം വാങ്ങി ജീവിക്കാൻ നീ ഒരുക്കമാണോ?
ഗൗതം ഞെട്ടലോടെ അച്ഛനെ നോക്കി.
അതായത് രണ്ടാളും പരസ്പരം പിരിഞ്ഞ്.
നീ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുമോ?
അച്ഛാ…. അയാൾ ഉറക്കെ വിളിച്ചു.
പറ്റില്ല അല്ലേ?
നീ നല്ലോണം ഒന്ന് ആലോചിച്ചു നോക്ക്…ഏതാണ് ശരി, ഏതാണ് നല്ലത് എന്ന്.
ജീവിതം ഒന്നേയുള്ളൂ അത് മറക്കരുത്.അയാൾ തിരിഞ്ഞു നടന്നു.
ഗൗതം അവിടെത്തന്നെ നിന്നു.
നിള അല്ലാതെ മറ്റൊരു പെണ്ണിനെ ആലോചിക്കാൻ പോലും ആവില്ല.
എന്നെന്നേക്കുമായി അവളെ വിട്ടുകളയാൻ തനിക്കു സാധിക്കുമോ?
കയ്ച്ചിട്ട് ഇറക്കാനും, മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥ ഇതാണോ? അയാൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
പെട്ടന്നാണ് മുറ്റത്തേക്ക് ഒരു കാർ വന്ന് നിന്നത് അയാൾ കണ്ടത്.
അതിൽ നിന്നും, നിളയുടെ അച്ഛനും അമ്മയും ഇറങ്ങി.
***************
തുടരും.

by