രചന – റോസാ തോമസ്
അത് വായിച്ചതും അന്ന ഞെട്ടികൊണ്ട് പെട്ടെന്ന് കൈവലിച്ചതും പേപ്പർ താഴെവീണു.. അവൾക്ക് ശരീരം മുഴുവൻ ഒരു വിറയൽ അനുഭവപ്പെട്ടു.. ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ഒന്ന്… അതാണ് ഇപ്പോൾ സംഭവിച്ചത്.. അതും എബിൻ സാറിനെ പോലെ ഒരാൾ.. സച്ചിൻ ഡോക്ടർ പറഞ്ഞ കാര്യം അവളുടെ ഓർമ്മയിൽ വന്നു.. ഫിറ്റാണ്….നാളെ ഒന്നും ഓർമ്മ കാണില്ല…പക്ഷേ ആ ഗാനം.. അതു മുഴുവൻ ശുദ്ധ പ്രണയമായിരുന്നു..ഒന്നും മനസ്സിൽ ഇല്ലെങ്കിൽ….ഫിറ്റ് ആയിട്ട്…ഇങ്ങനെയൊക്കെ കാണിക്കുമോ.. എത്രയോ പ്രണയ ആഭ്യർത്ഥനകൾ തനിക്ക് കിട്ടിയിരിക്കുന്നു… പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമാണിത്… അവൾ ഒരു നിമിഷം കണ്ണുകൾ അടച്ചു കട്ടിലിലിരുന്നു…അതിനുശേഷം എഴുന്നേറ്റ് നിലത്തുനിന്ന് ആ പേപ്പർ എടുത്തു.. ഒന്നുകൂടി ഒന്നു വായിച്ചു നോക്കി.. കണ്ണുകൾ ഇറുക്കി അടച്ചു… എന്നിട്ട് ആ പേപ്പർ കീറി കളഞ്ഞു.
ഒന്നും വേണ്ട.. എബിൻ ഡോക്ടറുടെ പ്രതികരണം നാളെ എന്തായാലും തന്നെ, അത് തന്നെ ബാധിക്കരുത്… തനിക്ക് വലുത് അമ്മയാണ്.. അമ്മ സഹിച്ച കഷ്ടപ്പാടുകൾ… തന്നെ ഇവിടം വരെ ആക്കാൻ അമ്മ സഹിച്ച വേദന.. തന്റെ സ്വപ്നം, അമ്മയുടെ കൂടെയുള്ള ലൈഫ്… എല്ലാവരുടെയും മുമ്പിൽവെച്ച് തന്നെ ചേർത്തുപിടിച്ച് സ്വാതന്ത്രത്തോടെ ജീവിക്കാൻ സാധിക്കുന്ന ഒരു ജീവിതം…അതിനിടയിൽ പ്രണയവും പ്രശ്നങ്ങളും ഒന്നും വേണ്ട എന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണ്… അമ്മ കാണിച്ചു തരുന്ന ആളായിരിക്കണം തന്റെ വരൻ.. അതാണ് തനിക്ക് അമ്മയ്ക്ക് കൊടുക്കാനുള്ള സന്തോഷം.. തനിക്കായി മാത്രം ജീവിക്കുന്ന തന്റെ അമ്മയെ ഓർക്കുമ്പോൾ മറ്റൊന്നും തന്നെ ബാധിക്കില്ല… മറ്റന്നാൾ അമ്മയുടെ പിറന്നാൾ ആണ്…..മറന്നിട്ടില്ല……എന്ത് സമ്മാനം കൊടുക്കും താൻ തന്റെ അമ്മയ്ക്ക്…
അന്ന് ഉച്ചക്കത്തെ സംഭവം വീണ്ടും അവളുടെ ഓർമ്മയിൽ വന്നു.. കണ്ണുകൾ ഇറുക്കി അടച്ചു കിടന്നിട്ടും അത് മായുന്നില്ല… ഉറങ്ങാൻ പോലും സാധിക്കുന്നില്ല… ഓർമ്മയിൽ ഇന്നേവരെ സന്തോഷമുള്ള മനസ്സ് നിറഞ്ഞ ഓണം ഉണ്ടായിട്ടില്ല.. ബോർഡിങ്കിലും ഹോസ്റ്റലിലും ഒക്കെ മാറി മാറി.. അതൊരു വലിയ വേദന തന്നെയാണ്.. അല്ലെങ്കിലും എന്താണ് തനിക്ക് വേദന അല്ലാത്തതായി ഉള്ളത്…. വേണ്ട..ഒന്നും ഓർക്കണ്ട… ഒരു സാധാരണ ലൈഫിൽ ഉണ്ടാവേണ്ട പല കാര്യങ്ങളും… ആഘോഷങ്ങളും… സന്തോഷങ്ങളും.. ഓരോരോ കൊച്ചു കാര്യങ്ങൾ പോലും… തന്നെ നോവിച്ചിട്ടുണ്ട്…. കൊതിപ്പിച്ചിട്ടുണ്ട്.. ഒരു പ്രായം വരെ.. അതിനുശേഷം അതെല്ലാം.. തന്റെ മനസ്സിൽ ഒതുക്കി തീർത്തു.. താൻ ആരാണ്.. എന്താണ്… എന്നത് തന്നെ മനസ്സിൽ പഠിപ്പിച്ചു. ഇനി അതൊന്നും തന്നെ ബാധിക്കില്ല.. എങ്കിൽപോലും അതിൽ നിന്നെല്ലാം വിപരീതമായി ഇന്നത്തെ ദിവസം… വീണ്ടും അവൾ കണ്ണുകൾ ഇറക്കി അടച്ചു.. എങ്കിലും ദദ്രൻ അങ്കിളിന്റെ ദയനീയമായ ആ മുഖം… അത് സത്യസന്ധമായിരിക്കുമോ ആത്മാർത്ഥമായിരിക്കുമോ.. ഒരിക്കൽ കൂടി ഇറുക്കി അടച്ച കൺപീലികൾക്കിടയി ലൂടെ കണ്ണുനീർ ഒലിച്ചു വന്നു…തനിക്കറിയാം..അമ്മയുടെ മനസ്സും ഇപ്പോൾ വേദനിക്കുന്നുണ്ടാവും..
” അമ്മ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു…”സുമി റീനയെ കുറ്റപ്പെടുത്തി. അന്ന് ഹോസ്പിറ്റലിൽ നടന്ന സംഭവത്തിന്റെ പേരിൽ, ആഘോഷമായി നടത്തേണ്ട തന്റെ ബർത്ത് ഡേ പാർട്ടി ടോമിച്ചൻ വേണ്ടാന്ന് വച്ചത് സുമിക്ക് വലിയ വിഷമമായി. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമൊന്നുമില്ലല്ലോ… എങ്ങനെയെങ്കിലും എബിനോട് കല്യാണക്കാര്യം സംസാരിക്കാൻ വേണ്ടി ആയിരുന്നു ഈ പ്ലാൻ എല്ലാം.. അമ്മേ അതൊന്നും ശരിയാവില്ല അങ്ങനെയൊന്നുമല്ല വിവാഹ കാര്യം സംസാരിക്കേണ്ടത്… സുമി പറഞ്ഞു. അതൊക്കെ ശരിതന്നെ.. പക്ഷേ എബിൻ സമ്മതിച്ചില്ലെങ്കിലോ.. അതുകൊണ്ട് നേരത്തെ ഒന്ന് സൂചിപ്പിച്ച് ഒക്കെ വെക്കണം.. നീ ഇവിടെ ഇങ്ങനെ അവധിക്ക് വരുമ്പോൾ ഒക്കെ അവന്റെ അടുത്ത് പോയി ഒന്ന് സംസാരിച്ച് ഒക്കെ ശ്രമിച്ചുനോക്കൂ.. പിന്നെ അങ്ങോട്ട് ചെന്നാലും മതി..പെണ്ണുങ്ങളെ കാണുന്നത് അല്ലേലും അങ്ങേർക്ക് കലിപ്പാ.. ഒന്ന് സംസാരിക്കാൻ അവസരം കിട്ടിയാൽ അല്ലേ സംസാരിച്ചു തുടങ്ങാൻ പറ്റു..
ഇത് എന്നെ കാണുമ്പോഴേ ഒഴിഞ്ഞുപോകും.. എടി അതവൻ എല്ലാവരോടും അങ്ങനെയാണ്… കെട്ടി കഴിയുമ്പോൾ അതൊക്കെ മാറിക്കോളും..നിന്റെ ഭാഗത്തുനിന്ന് നന്നായിട്ട് ഒന്ന് ശ്രമിച്ചാൽ ഞാനിങ്ങനെ കഷ്ടപ്പെടേണ്ട കാര്യം ഒന്നുമില്ല..ഒന്ന് പ്രേമിക്കാൻ പോലും അറിയില്ലാത്ത നിന്നെയൊക്കെ എന്താ ചെയ്യേണ്ടത്.. ഓഹോ..മകൾക്ക് പ്രേമിക്കാൻ ക്ലാസ് എടുത്തു കൊടുക്കുവാണോ കൊള്ളാം.. തള്ള വേലി ചാടിയാൽ മകളു മതില് ചാടും.. അങ്ങോട്ടുവന്ന ത്രേസ്യാമ്മ അമ്മച്ചി പറഞ്ഞു. ഓ.. ഈ തള്ളയെ ഞാനെന്താ ചെയ്യാ.. സ്വത്തെല്ലാം ഇവരുടെ പേരിൽ ആയിപോയി… അല്ലെങ്കിൽ പണ്ടേ ഇറക്കി വിട്ടേനെ.. എന്നെങ്കിലും പന്ത് എന്റെ കോർട്ടിലും വരും.. പി റു പിറുത്തു കൊണ്ട് ചാടുതുള്ളി റീന അകത്തേക്ക് പാഞ്ഞു.
മുറിയിൽ എത്തിയതും റീനയ്ക്ക് മറ്റൊരു ആശയം തോന്നി.. എങ്ങനെയെങ്കിലും ഒരു പാർട്ടി നടത്തണമെന്നേയുള്ളൂ.. സുമിയുടെ ബർത്ത് ഡേ ടോമിച്ചൻ ക്യാൻസൽ ആക്കി.. ഇനി മറ്റൊരു അവസരം ഉണ്ട്.. ത്രസിയമ്മച്ചിയുടെ പിറന്നാൾ.. പ്രായമായതുകൊണ്ട് ഇത് എന്തായാലും ടോമിച്ചൻ തള്ളിക്കളയില്ല… സ്വന്തം അമ്മയല്ലേ… സമ്മതിക്കാനുള്ള ചാൻസ് ഉണ്ട്… അന്ന് ഹോസ്പിറ്റലിൽ നടന്ന സംഭവമാണ് ഇത്രയും പ്രശ്നമായത്.. എല്ലാത്തിനും കാരണം അവളാണ്.. ആ അന്ന.. ആനിയുടെ റെക്കമെന്റേഷൻ ആണെന്നുള്ള ഒരു അഹങ്കാരം അവൾക്കുണ്ട്…അവസരം വരട്ടെ.. റീനക്കുള്ളിൽ അന്നയോടുള്ള പക വളർന്നു…പലതും ചിന്തിച്ച് ഉറപ്പിച്ചുകൊണ്ട് റീന കിടന്നു. ജോലികളെല്ലാം തീർത്ത് മടുത്തു കട്ടിലിലേക്ക് ചായാൻ നേരമാണ് റോയിച്ചൻ തന്റെ മുറിയിലേക്ക് വരുന്നത് മറിയാമ്മച്ചി കണ്ടത്.
എന്താ റോയ് മോനേ.. ഉറക്കം ഒന്നും ഇല്ലേ.. എന്തു പറ്റി നിനക്ക്.. എന്താണെന്ന് അമ്മച്ചിക്ക് അറിയില്ലേ.. നമ്മുടെ വീട് ജപ്തി ആവുകയാണ് നാളെ.. മോനെ നീ എന്താ ഈ പറയുന്നത്… അത് നാളെ ആണെന്നോ.. മോളി പറഞ്ഞ അറിയാമായിരുന്നു ജപ്തി വരുമെന്ന്.. പക്ഷേ ഇത്ര പെട്ടെന്ന്… അതും നാളെ.. കുറച്ച് സമയത്തേക്ക് അവർ ഒന്നും മിണ്ടിയില്ല.. നാളെ ഈ പടി ഇറങ്ങണം എന്നുള്ളത് അവരെ തളർത്തി. ചങ്ക് പൊട്ടുന്നതുപോലെ അവർക്ക് തോന്നി.. പിള്ളേരുടെ അപ്പച്ചൻ ഉണ്ടായിരുന്നെങ്കിൽ… അമ്മച്ചി.. എനിക്കൊരു അബദ്ധം പറ്റിപ്പോയി.. എന്റെ അമ്മച്ചി എന്നോട് ക്ഷമിക്കണം.. അയാൾ അതും പറഞ്ഞ് ആ മടിയിലേക്ക് കിടന്നു.. കുറെ നേരം കടന്നുപോയി..വീണ്ടും എന്തോ ഓർത്തതും അയാൾ പെട്ടെന്ന് ചാടി എണീറ്റു.
അമ്മച്ചി പെട്ടെന്ന് ഒരു വാടകവീട് സംഘടിപ്പിക്കാൻ നോക്കിയിട്ട് കിട്ടിയിട്ടില്ല ഇതുവരെ.. വാടക വീട് തപ്പി ഇറങ്ങിയപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസിലാവുന്നേ…ഓരോന്നിന്റെയും വില കേട്ടപ്പോൾ ഞെട്ടി….. എല്ലാത്തിനും ഭയങ്കര റേറ്റണ് ചോദിക്കുന്നെ.. അതുകൊണ്ട് തൽക്കാലം മോളിയുടെ വീട്ടിലേക്ക് മാറാം എന്നാണ് വിചാരിക്കുന്നത്.. അമ്മച്ചി അതുകൊണ്ട് താൽക്കാലം സാബുവിന്റെ വീട്ടിലേക്ക് പോണം.. ഞാൻ സാബുവിനോട് എല്ലാം പറഞ്ഞിട്ടുണ്ട്.. ഞാൻ തന്നെ നാളെ കൊണ്ട് ആക്കിക്കോളാം.. പിന്നെ ആനി ഇതൊന്നും തൽക്കാലം അറിയണ്ട.. മോനെ ഞാനൊരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കുമോ.. എന്താ അമ്മച്ചി… മോനെ എന്നെ ഏതെങ്കിലുമൊരു അനാഥശാലയിൽ കൊണ്ട് വിട്ടേരെ… മോൻ അതിന് വിഷമം ഒന്നും വിചാരിക്കണ്ട.. നീ എന്നെക്കൊണ്ട് നിർബന്ധിച്ച് വിടുന്നത് അല്ലല്ലോ.. ഞാൻ അങ്ങോട്ട് ആവശ്യപ്പെടുന്നതല്ലേ.. അമ്മച്ചി അതിന്റെ ആവശ്യമൊന്നുമില്ല..
സാബുവിനോട് ഞാനെല്ലാം പറഞ്ഞിട്ടുണ്ട് അവന് കുഴപ്പമൊന്നുമില്ല പിന്നെന്താ… അനാഥശാലയിൽ പോകുന്നത് മക്കൾക്ക് നാണക്കേട് ആയതുകൊണ്ട് അവർ സമ്മതിക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയാം പക്ഷേ.. സാബുവിന്റെ വീട്ടിൽ ഒട്ടും പറ്റില്ല.. സാബുന്റെ ഭാര്യയുടെ സ്വഭാവം ഒരു പ്രത്യേക രീതിയാണ്..ഇവിടാണെങ്കിൽ കുറച്ച് വീടുപണിയും ചെയ്ത് എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാം.. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും.. റോയി ഒന്നും അറിഞ്ഞതായിട്ട് ഭാവിക്കില്ല…മിണ്ടാതെ നടക്കുകയുള്ളൂ.. പക്ഷേ അവിടെ അങ്ങനെയല്ല.. എങ്ങനെയെങ്കിലും ഒതുങ്ങി കൂടാമെന്ന് വിചാരിച്ചാലും സാബുവിന്റെ ഭാര്യ അതൊന്നും സമ്മതിക്കില്ല.. അവൾ ഇല്ലാത്ത കഥകൾ പറഞ്ഞ് സാബുവിനെ അമ്മയ്ക്കെതിരായി തിരിക്കും..
സാബു വന്ന് ചോദിച്ചു തന്നോട് കയർക്കും…സ്വന്തം മകൻ തന്നോട് സ്വരം ഉയർത്തി ദേഷ്യപ്പെടുന്നത് തനിക്ക് സഹിക്കാൻ പറ്റില്ല.. മാത്രമല്ല ഇനി വേറെ ഒരു വഴിയില്ലാന്ന് അവർക്ക് അറിയാവുന്നതുകൊണ്ട് ഇറക്കിവിടുകയുള്ളൂ.. മറിയാമ്മച്ചി ഓർത്തു. അവർക്ക് ബുദ്ധിമുട്ടാവും… അതുകൊണ്ട് അതൊന്നും വേണ്ട മോനെ.. അത് പറ്റില്ല അമ്മച്ചി… നാളെ നമ്മൾ എന്തായാലും ഇവിടുന്ന് ഇറങ്ങണം..അപ്പോൾ ഞാൻ അമ്മച്ചീനെ സാബുവിന്റെ അടുത്ത് കൊണ്ട് വിടും..വേറൊരു വീട് വാടകയ്ക്ക് ശരിയായി കഴിയുമ്പോൾ അമ്മച്ചീനെ വേണമെങ്കിൽ കൊണ്ടുവരാം.. അത്രയും പറഞ്ഞുകൊണ്ട് റോയി മുറിന്നു ഇറങ്ങിപ്പോയി.. മറിയാമ്മച്ചിക്ക് അയാളെ എതിർക്കാൻ സാധിച്ചില്ല. അന്ന രാവിലെ എണീറ്റ് ഫുഡ് കഴിച്ചു റെഡിയായി ഡ്യൂട്ടിക്ക് കയറാൻ വേണ്ടി പോയി. അവൾ സ്പീഡിൽ നടക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും എബിൻ ഡോക്ടർ വരുന്നതിനുമുമ്പ് സൈൻ ചെയ്തിട്ട് ഡ്യൂട്ടിക്ക് കയറണം..
രാവിലെ എല്ലാവരും രജിസ്റ്ററിൽ സൈൻ ചെയ്തതിനുശേഷം മാത്രമേ ഡ്യൂട്ടിക്ക് കയറാൻ പറ്റൂ. എബിൻ വരുന്നതിന് മുമ്പു വേണമെങ്കിലും കയറാം.. അതിനുമാത്രം അനുവാദം ചോദിക്കേണ്ട.. സൈൻ ചെയ്തിട്ട് പോകാം.. അതുകൊണ്ട് സാർ വരുന്നതിനുമുമ്പ് സൈൻ ചെയ്തിട്ട് പോകാം.. ഫെയ്സ് ചെയ്യാൻ പറ്റില്ല.. പക്ഷേ തല ഉയർത്തി നോക്കിയപ്പോൾ എബിൻ സാർ തനിക്ക് മുമ്പേ പോകുന്നതാണ് അവൾക്ക് കാണാൻ കഴിഞ്ഞത്. ശ്ശേ.. കഷ്ടമായിപ്പോയി.. ഇനി എന്തു ചെയ്യും.. എന്തായാലും ഒന്നുമറിയാത്തതുപോലെ സൈൻ ചെയ്തിട്ട് പോകാം.. എന്ന് മനസ്സിൽ വിചാരിച്ച് കൊണ്ട് അവൾ പോയി.. സൈൻ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ അവൾ ഒന്ന് പാളി അങ്ങോട്ടേക്ക് നോക്കി.. പക്ഷേ എബിന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ല.. അവൾ പെട്ടെന്ന് സൈൻ ചെയ്ത് ഇറങ്ങിപ്പോയി. എബിനും സച്ചിയും റൂമിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് ആനിയെ കാണുന്നത്..
നിങ്ങൾ റൂമിലേക്ക് ആണോ.. ഞാനും അതേ..എന്ന് പറഞ്ഞ് ആനി അവരുടെ ഒപ്പം നടന്നു. ഇന്നലെ ഫിറ്റായിരുന്നു എന്ന് കേട്ടല്ലോ നേരാണോ.. ആനി അവരോടു ചോദിച്ചു. അത് പിന്നെ ആന്റി.. ഓണമായിട്ട്… ചെറുതായിട്ട്.. എബിൻ വിക്കി..സ്വന്തം അപ്പനും അമ്മയും കഴിഞ്ഞാൽ എബിൻ എവിടെയെങ്കിലും ബഹുമാനത്തോടെ സംസാരിക്കുമെങ്കിൽ അത് ആനിയുടെ അടുത്ത് മാത്രമാണ്.. ഉം…മനസ്സിലായി..സച്ചിൻ നീയോ.. ഞാനും അതെ ആന്റി…. അത് പിന്നെ എബിൻ നിർബന്ധിച്ചപ്പോൾ.. എപ്പോ…. എന്ന മട്ടിൽ എബിൻ സച്ചിയെ നോക്കി.. ആനിയുടെ മുഖത്തും അതേ ഭാവം.. അല്ലാന്റി..അത് പിന്നെ.. എബിൻ എന്നെ നിർബന്ധിച്ചപ്പോൾ.. ആ.. അല്ലാ…ഞാൻ അവനെ നിർബന്ധിച്ചപ്പോൾ… പിന്നെ അവൻ എന്നെ..നിർബ.. ഉം.. മതി മതി… അധികം കിടന്നു രണ്ടും ഉരുളണ്ട… എന്ന് പറഞ്ഞ് ആനി നടന്നു…കൂടെ അവരും.. അപ്പോഴാണ് അന്നയും മുമുവും പാചക പരീക്ഷണവുമായി അവിടെ നിൽക്കുന്നതു കണ്ടത്.. ആഹാ… അന്ന പുരോഗമിച്ചല്ലോ.. ഇതെന്താ കുക്കറൊക്കെ ആയിട്ട്…കുക്കറിൽ എന്താ..അങ്ങോട്ട് ചെന്നുകൊണ്ട് സച്ചിൻ ചോദിച്ചു.
അവർ മൂവരെയും പെട്ടെന്ന് കണ്ടപ്പോൾ അന്ന ഒന്ന് ചമ്മി.. എന്താ പറയേണ്ടത് എന്നറിയാതെ വീണ്ടും അവൾ നിന്നു. അന്നാന്റി കേക്ക് ഉണ്ടാക്കുവാണല്ലോ… ഏഹ്..എന്താ.. അന്നയോ….കേക്കോ.. സച്ചിനാണ് ചോദിച്ചതെങ്കിലും മൂന്നുപേരുടെയും മുഖത്ത് അമ്പരപ്പുണ്ട്.. ഹായ് മോളു.. ഹൗ ആർ യു.. സുഖമാണോ.. ആനി മുമ്മുവിനോട് ചോദിച്ചു.. അതേല്ലോ… ആന്റിക്ക് സുഖമാണോ.. അതേലോ… നാളെ ആനി ആന്റിയുടെ ഹാപ്പി ബർത്ത് ഡേ അല്ലേ? അന്നാന്റി, ആനി ആന്റിക്ക് തരാൻ കേക്ക് ഉണ്ടാക്കുവാ.. ആഹാ..അങ്ങനെയാണല്ലേ..ആനി ചിരിച്ചു. ഓ മറന്നുവല്ലോ.. ആനി ആന്റിയുടെ ബർത്ത് ഡേ ആണല്ലോ നാളെ അല്ലേ.. സച്ചിൻ ചോദിച്ചു. സച്ചിൻ എബിയുടെ മുഖത്തേക്ക് നോക്കി.. അവിടുത്തെ ഭാവം കണ്ടപ്പോൾ സച്ചിന് മനസ്സിലായി എബിനെ ഓർമ്മയുണ്ട് എന്ന്.. അല്ലെങ്കിലും ആ ബർത്ത് ഡേ ഒരിക്കലും എബിൻ മറക്കില്ല..
ആഹാ എന്നാ പിന്നെ എബിനെ..നീ നാളെ കേക്ക് ഓർഡർ ചെയ്യേണ്ട കേട്ടോ ഇതു മതിയല്ലോ.. സച്ചിൻ അന്നയെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. യ്യോ …അതൊന്നും വേണ്ട.. ഓർഡർ ചെയ്തത് ക്യാൻസൽ ആക്കുകയൊന്നും വേണ്ട..ഇത് ആനി ആന്റിക്കുള്ള എന്റെ ബർത്ഡേ ഗിഫ്റ്റ് ആണ്.. നിങ്ങൾ ചെയ്യുന്നതൊന്നും മാറ്റി വയ്ക്കേണ്ട.. അന്ന താഴ്മയോടെ പറഞ്ഞു. ആ.. എന്നാ പിന്നെ എബിൻ ഓർഡർ ചെയ്യേണ്ട മോനെ….അന്ന കേക്കു ഉണ്ടാക്കുന്നുണ്ടല്ലോ അതുമതി.. ആനി പറഞ്ഞതും എബിൻ ഓക്കേ പറഞ്ഞു. യ്യോ.. ആന്റി അതുവേണ്ട… ഇത് ഞാൻ കുക്കറിൽ ഉണ്ടാക്കുന്നതാണ് ബർത്ത്ഡേക്ക് മുറിക്കാൻ ഒന്നും കൊള്ളില്ല.. അതൊന്നും സാരമില്ല നമുക്ക് നോക്കാം എന്ന് പറഞ്ഞ് ആനി പോയി. ഇതെന്താ ഈ പാത്രത്തിൽ ഇരിക്കുന്നത്… തൊട്ടടുത്ത ഇരിക്കുന്ന പാത്രം ചൂണ്ടി കാണിച്ചുകൊണ്ട് സച്ചിൻ ചോദിച്ചു..
അതെന്തിനാ ഇപ്പൊ അറിയുന്നത്? അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ….മുമ്മു വിത്ത് കലിപ്പ്. ഒന്നു മിണ്ടാതിരിക്ക് എന്നും പറഞ്ഞുകൊണ്ട് അന്ന അവളെ നോക്കി.എന്നിട്ട് സച്ചിനോട് പറഞ്ഞു.. വിപ്പിംഗ് ക്രീം ആണ്. ആഹാ അതൊക്കെ അറിയാമല്ലോ.. എന്നാലും ഇത്രയും വലിയ ഒരു സാഹസ ത്തിനൊക്കെ നിൽക്കണോ… എന്ന് ചോദിച്ചതും മുഖത്തേക്ക് എന്തോ വരുന്നത് കണ്ട അവൻ പെട്ടെന്ന് കണ്ണുകൾ അടച്ചു.. കണ്ണ് തുറന്നു നോക്കിയപ്പോൾ എബിനും അന്നയും ചിരിക്കുന്നു.. മുമ്മു മാത്രം വിത്ത് കലിപ്പ്. പിന്നെയാണ് മനസ്സിലായത് വിപ്പിംഗ് ക്രീമിന്റെ ഒരു ഭാഗം തന്റെ മുഖത്തുണ്ട്… ഡി കുറുമ്പിക്കുട്ടി… നീ എന്റെ മുഖത്ത് വിപ്പിംഗ് ക്രീം തേച്ചു അല്ലേ.. നാളെ കേക്ക് മുറിക്കുമ്പോൾ നോക്കിക്കോ..മുഴുവനും ഞാൻ നിന്റെ മുഖത്ത് തേക്കും.. ആണോ.. എന്നാൽ ഞാൻ ആനി ആന്റിയോട് പറഞ്ഞു കൊടുക്കും.. എന്റെ അന്നാന്റിയെ പറഞ്ഞതു കൊണ്ടല്ലേ.. എന്നും പറഞ്ഞ് മുമ്മുവിന്റെ കൈ വീണ്ടു വിപ്പിംഗ് ക്രീമിലേക്ക് ചെന്നതും സച്ചി ഓടി.
ഓ ആ കുരുപ്പിന്റെ ഒരു കാര്യം..എന്ന് പറഞ്ഞുകൊണ്ട് എബിന്റെ റൂമിലെ സെറ്റിലേക്ക് സച്ചിൻ ഇരുന്നു. ഡാ.. ആരെങ്കിലും ആ കുഞ്ഞു കുട്ടിയോട് വഴക്കുണ്ടാക്കാൻ പോകുമോ.. എബിൻ ചോദിച്ചു. പിന്നെ ഒരു കുഞ്ഞു കുട്ടി.. അതിനെ അവരെല്ലാവരും കൂടി കൊഞ്ചിച്ച് വച്ചിരിക്കുകയാ.. പിന്നെ..നീ വലിയ നല്ലപിള്ള ഒന്നും ചമയണ്ട.. ഇന്നലെ എന്തായിരുന്നു..പെർഫോമൻസ്.. നിന്നെയൊക്കെ വിശ്വസിച്ച ഓരോന്നും വിളിച്ചു പറഞ്ഞ എന്നെ പറഞ്ഞാൽ മതി. ഒന്ന് പോ സച്ചി.. ഞാനെന്തു പറഞ്ഞുന്നാ.. ഓ.. ഒന്നുമറിയാത്ത ഒരു കുഞ്ഞു കൊച്ച്…..മിണ്ടരുത് നീ എന്നോട്.. ഇന്നലെ എന്തായിരുന്നു.. എന്തൊക്കെയാണ് നീ വിളിച്ചു പറഞ്ഞത്.. എന്റെ മാനം പോയി. 🥵 ഡാ.. അത്..അറിയാതെ… ഒന്നും ഓർമ്മയില്ലടാ.. നിനക്ക് അങ്ങനെ അങ്ങ് പറഞ്ഞു ഒഴിയാം… ഓർമ്മയില്ലെന്ന്… എന്തൊക്കെയാണ് നീ ഇന്നലെ പറഞ്ഞത്..
ഞാൻ കൂടെ ഉള്ളതുകൊണ്ട് പിടിച്ചു മാറ്റി അല്ലെങ്കിൽ എന്റെ മാനം.. ഹോ..ആ നേഹ എന്തു വിചാരിച്ചു കാണുമോ.. ഒന്നുമറിയാത്ത പോലെ ഇരിക്കുന്ന ഇരിപ്പു കണ്ടില്ലേ.. ഇപ്പോൾ എല്ലാം കേൾക്കും.. ഒന്നും മിണ്ടില്ല..ഫിറ്റായി കഴിയുമ്പോൾ എല്ലാം പുറത്തോട്ട് വരും… എന്റെ വിധി…….ആ അതൊക്കെ പോട്ടെ ഇന്നലെ ഞാൻ ഫോൺ എടുക്കാൻ വേണ്ടി പോയപ്പോൾ നീ അന്നയോട് എന്തെങ്കിലും പറഞ്ഞോ.. ഇല്ല.. അതെന്താ അങ്ങനെ ചോദിച്ചേ.. അല്ലടാ.. നമ്മൾ ഇപ്പോൾ അവരുടെ അടുത്ത് നിന്നപ്പോൾ അന്നയുടെ മുഖം ശ്രദ്ധിച്ചോ.. എന്തോ ഒരു പതർച്ച പോലെ.. നിന്റെ മുഖത്തേക്ക് നോക്കുമ്പോൾ എന്തോ ഒരു വെപ്രാളം പോലെ. ഒന്നു പോ സച്ചി നിനക്ക് തോന്നുന്നതായിരിക്കും.. ആ… ആയാൽ നിനക്ക് കൊള്ളാം.. ഒന്നുമില്ലെങ്കിലും ആനി ആന്റിയുടെ റെക്കമെന്റേഷൻ ആണെന്ന് നിനക്ക് ഓർമ വേണം.. എനിക്കോ ഒരു അബദ്ധം പറ്റി.. അതുകൊണ്ട് ഇനി മേലാൽ നിന്റെ കൂടെ ഞാൻ കുടിക്കില്ല. തുടരും…

by