08/04/2026

നിനക്കായ് : ഭാഗം 54

രചന – കണ്ണന്റെ മാത്രം

പിറ്റേന്ന് രാവിലത്തെ ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ വല്യപ്പച്ചൻ ആനിയമ്മയെ വിളിച്ചിട്ട് അലക്സിനോട് വരാൻ പറയാൻ പറഞ്ഞു.

അലക്സേ നിന്നെ അപ്പച്ചൻ വിളിക്കുന്നുണ്ട്.. ആനിയമ്മ അത് വന്നു പറഞ്ഞപ്പോൾ തന്നെ അലക്സിന് മനസിലായിരുന്നു എന്തിനാ വിളിക്കുന്നത് എന്ന്. അവൻ പതിയെ ഹാളിലേക്ക് ചെന്നു. അവിടെ സോഫിയും അവനും ഒഴികെ ബാക്കി ഉള്ളവർ ഉണ്ടായിരുന്നു. അവൻ പതിയെ ചെന്ന്‌ ഒരു ഒറ്റ സീറ്റ്‌ സോഫയിൽ ഇരുന്നു. സോഫിയും അവന്റെ പിന്നിലായി ചെന്ന്‌ നിന്നു.

എന്തായി അലക്സ് നിന്റെ തീരുമാനം… വല്യപ്പച്ചൻ ചോദിച്ചു.

അത് നാളെ മുതൽ സൂപ്പർമാർക്കെറ്റിൽ പോയി തുടങ്ങാം എന്ന് കരുതുന്നു…. അലക്സ് വിക്കലോടെ പറഞ്ഞു…

മ്മ്.. പോയാൽ മാത്രം പോരാ. ഈ മാസത്തെ പോട്ടെ. അടുത്ത മാസം മുതൽ ഒരു സംഖ്യ എന്നെ ഏൽപ്പിക്കണം കുടുംബ ചിലവിലേക്ക്. കേട്ടല്ലോ.. വല്യപ്പച്ചൻ ഗൗരവത്തോടെ പറഞ്ഞു..

മ്മ്.. അലക്സ് നേർമയായി ഒന്ന് മൂളി..

ആ സമയത്താണ് ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്നതുപോലെ ഇരുന്നിരുന്ന ജോസഫിന്റെ ഫോൺ ബെല്ലടിച്ചത്. അതെടുത്ത് നോക്കിയതും അയാളുടെ മുഖം വിടർന്നു. അയാൾ വേഗം ഫോൺ എടുത്തു.
തറവാട്ടിലെ എല്ലാവരും അയാളുടെ മുഖത്തെ സന്തോഷം നോക്കി ഇരുന്നുപോയി.

പപ്പേ… വിളിച്ചിരുന്നോ.. ഞാൻ കണ്ടില്ല.

ഞാൻ ക്രിസ്റ്റി ഒക്കെ അവിടെ എത്തിയോ എന്നറിയാൻ വിളിച്ചതായിരുന്നു. എത്തിയില്ലേ അവർ..
അതുവരെ നിർവികാരം ആയിരുന്ന സോഫിയുടെ മുഖം വിളിച്ചത് ജെനി ആണെന്ന് മനസിലായതും ഇരുണ്ടു. അവൾ ദേഷ്യത്തോടെ അലക്സിനെ നോക്കിയപ്പോൾ അവനും വളരെ താൽപ്പര്യത്തോടെ ജോസഫിന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നതാണ് കണ്ടത്. അതോടെ അവൾക്ക് കലി കയറി. അവൾ അവളുടെ ദേഷ്യം കടിച്ചുപിടിച്ച് നിന്നു.

ഇച്ചായൻ വിളിച്ചിരുന്നു പപ്പേ. അവർ പുലർച്ചെ അവിടെ ഇറങ്ങി. ഇച്ചായന്റെ ഏതോ ഫ്രണ്ട് ചെന്നിട്ടുണ്ടായിരുന്നു പോലും. ഇനി നേരെ ട്രെയിനിങ് ക്യാമ്പിലേക്ക് പോണം എന്നാ പറഞ്ഞത്. ആറോ ഏഴോ മണിക്കൂർ യാത്ര ഉണ്ടെന്ന് ഡൽഹിയിൽ നിന്ന് ക്യാമ്പിലേക്ക്.

ആണോ അപ്പൊ ഡേവി ഇന്ന് വരില്ല അല്ലേ..

ഇല്ല പപ്പേ നാളെ ഉച്ച കഴിയുമ്പോഴേക്കും പ്രതീക്ഷിച്ചാൽ മതി എന്നാ പറഞ്ഞത്.

മ്മ്.. പിന്നെ മോൾക്ക് സുഖം ആണോ. കുഞ്ഞ് എന്ത് പറയുന്നു.

സുഖായിട്ട് ഇരിക്കുന്നു പപ്പേ. മോള് ദേ അപ്പച്ചന്റെ കൂടെ പറമ്പിലേക്ക് പോയിട്ടുണ്ട്.

മ്മ്.. എന്നാൽ ശരി മോളെ ഞാൻ പിന്നെ വിളിക്കാം..

ക്രിസ്റ്റി എങ്ങാട്ടാടാ പോയത്.. ജോസഫ് ഫോൺ വച്ചതും വല്യപ്പച്ചൻ ചോദിച്ചു.

അവൻ ട്രൈനിങ്ങിന് പോയതാ അപ്പച്ചാ ഡൽഹിക്ക്. ഡേവി അവനെ കൊണ്ടാക്കാൻ പോയിട്ടുണ്ട്.

മ്മ്… കൊച്ചിന് സുഖമാണോ ടാ.. വല്യമ്മച്ചി ചോദിച്ചു.

സുഖമാണ് അമ്മച്ചി. മോളുടെ സംസാരം കേട്ടാൽ അറിയാം അവൾ എത്രത്തോളം സന്തോഷവതി ആണ് എന്നുള്ളത്. അതുവരെ എല്ലാം ആകാംഷയോടെ കേട്ടിരുന്ന അലക്സിന്റെ മുഖം അവസാനം അയാൾ പറയുന്നത് കേട്ടതും മങ്ങി. മുഖത്താകെ നിരാശ നിറഞ്ഞു. അവനെ തന്നെ ശ്രദ്ധിച്ച് നിന്നിരുന്ന സോഫിയുടെ മുഷ്ടി ചുരുണ്ടു. അവൾക്ക് ദേഷ്യം അസൂയയും സങ്കടവും എല്ലാം ഒരുമിച്ച് തോന്നി. അവൾ വെട്ടിതിരിഞ്ഞു റൂമിലേക്ക് പോയി.

കുറച്ച് കഴിഞ്ഞ് അലക്സ് റൂമിലേക്ക് ചെല്ലുമ്പോൾ കാണുന്നത് ദേഷ്യത്തോടെ ഇരിക്കുന്ന സോഫിയെ ആണ്.

എന്തിനാടി ഇത്ര ദേഷ്യം. സ്വർണം മുഴുവൻ എടുത്തതിന് ആണോ. സൂപ്പർമാർക്കെറ്റ് ഒന്ന് ലാഭത്തിൽ ആയാൽ ഞാൻ വാങ്ങി തരാം. നീ ദേഷ്യപ്പെടല്ലേ.. അലക്സ് സോഫിയുടെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു.

സോഫി അവന്റെ കൈ ഊക്കോടെ തട്ടി എറിഞ്ഞുകൊണ്ട് ചാടി എഴുന്നേറ്റു.നിങ്ങൾക്ക് എന്താ ഇപ്പൊ അവളെ ആ ജെനിയെ കുറിച്ച് പറയുമ്പോ ഇത്ര ആകാംഷ… സോഫി ദേഷ്യത്തോടെ ചോദിച്ചു.

എൻ.. എന്ത് ആകാംഷ.. നിനക്ക് ചുമ്മാ ഓരോന്ന് തോന്നുന്നതാവും… അലക്സ് ഒരു പതർച്ചയോടെ പറഞ്ഞു നിർത്തി.

തോന്നൽ ഒന്നും അല്ലാന്ന് എനിക്കും അറിയാം നിങ്ങൾക്കും അറിയാം. ദേ ഒരു കാര്യം പറഞ്ഞേക്കാം ജെനിഫർ അല്ല സോഫിയ. എന്നെ ചതിക്കാൻ ആണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ മുചൂടും മുടിപ്പിച്ചേ ഞാൻ പോകൂ. അവള് പോയതുപോലെ ഒരു സുഖമായ രക്ഷപ്പെടൽ എന്റെ കൈയിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കേണ്ട… ഇത്രയും പറഞ്ഞുകൊണ്ട് സോഫി ചാടി തുള്ളി പുറത്തേക്ക് പോയി.
അലക്സ് സോഫി പോയ വഴിയേ പകച്ചു നോക്കി നിന്നു.

……….

രാത്രിയിൽ എല്ലാവരും കൂടി ഇരുന്ന് സംസാരിക്കുമ്പോ ആണ് ജോൺ ഡേവിയുടെ കാര്യം എബിയോട് ചോദിച്ചത്.

നാളെ എപ്പോഴാ ഡേവി എത്തുന്നത് എബി.

ഉച്ച കഴിയും അപ്പേ. ഞങ്ങൾ നേരെ ചേട്ടത്തിയുടെ വീട്ടിൽപോയി അവരെയും കൂട്ടിയിട്ടേ വരൂ..

ആ അവർ ഇങ്ങോട്ട് വന്നാൽ ഒരേനക്കം ഒക്കെ വക്കും ഇവിടെ. മോളില്ലാതെ ഒരു സുഖവും ഉണ്ടായിരുന്നില്ല അല്ലേ ചേട്ടത്തി.. എൽസി റീനാമ്മയെ നോക്കി ചോദിച്ചു.

അത് ശരിയാ.. മോള് ഇതുവരെ ഇവിടെ നിന്ന് മാറി നിന്നിട്ടില്ലല്ലോ. അതുകൊണ്ടാ.. റീനാമ്മയും പറഞ്ഞു.

ഇനിയിപ്പോ ഇതൊക്കെ കുറേശ്ശേ ശീലിച്ചോ. ജാനിമോൾക്ക് ഇനി ഇടക്ക് അവളുടെ അമ്മ വീട്ടിലും പോയി നിൽക്കണ്ടേ.. വല്യമ്മച്ചി ചിരിയോടെ പറഞ്ഞു.

പിന്നെ വേണ്ടേ. അവർക്ക് ജാനിമോള് അവരുടെ സ്വന്തം പേരകുട്ടിയുടെ പോലെ തന്നെ ആണ്. എന്തൊരു സ്നേഹം ആണ് അവർക്ക് മോളോട്. ഈ കല്യാണം എല്ലാ രീതിയിലും നന്നായി അല്ലേ അമ്മച്ചി. എന്റെ ഡേവിയെ ഇത്രയും സന്തോഷിച്ച് ഞാൻ കണ്ടിട്ട് കൊല്ലം കുറച്ചായി. ഇപ്പൊ എന്തൊരു സന്തോഷം ആണ് അവന്റെ മുഖത്ത്..റീനാമ്മ നിറഞ്ഞ കണ്ണോടെ പറഞ്ഞു

അത് കേട്ടതും എബി ഒരു കള്ളച്ചിരി ചിരിച്ചു. അത് കറക്റ്റ് ആയി അലൻ കാണുകയും ചെയ്യതു. അപ്പോഴാണ് അലന് അന്ന് ദിയയുടെയും ക്രിസ്റ്റിയുടെയും കല്യാണം ഉറപ്പിച്ച അന്ന് എബിയും ഡേവിയും തമ്മിൽ ഉള്ള സംസാരം ഓർമവന്നത്.

ചേട്ടായി ഞാൻ ഒരു കാര്യം ചോദിക്കട്ടെ… അലൻ എബിയോട് ചോദിച്ചു.

എന്താടാ…

വല്യേട്ടായിയുടെ കല്യാണത്തിൽ ഞങ്ങൾ അറിയാത്ത വല്ല ട്വിസ്റ്റും ഉണ്ടോ.. അലൻ കണ്ണുക്കൂർപ്പിച്ചു എബിയെ നോക്കികൊണ്ട്‌ ചോദിച്ചു.

അതെന്താടാ നീ അങ്ങനെ ചോദിച്ചത്.. എബി സംശയത്തോടെ ചോദിച്ചു.

അത് അന്ന് ദേ ഇവളുടെ കല്യാണം തീരുമാനിച്ച അന്ന് നിങ്ങൾ രണ്ടാളും തമ്മിൽ പിറുപിറുത്തത് ഞാൻ കേട്ടു. സത്യം പറഞ്ഞോ എന്തോ ഉണ്ടല്ലോ..

അതു.. പിന്നെ.. എബി നിന്ന് വിക്കി.

എന്നാടാ കൊച്ചനെ അങ്ങനെ വല്ലതും ഉണ്ടോ.. വല്യമ്മച്ചിയും ചോദിച്ചു

എബി കുറച്ചുനേരം ഒന്നും മിണ്ടിയില്ല. പിന്നെ ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ട് പറഞ്ഞു..
ചേട്ടായിയുടെ പത്തുകൊല്ലത്തിനും മുകളിൽ ഉള്ള പ്രണയം ആണ് ചേട്ടത്തി…

എന്താ.. എബി അത് പറഞ്ഞതും എല്ലാവരും ഞെട്ടി. അന്നക്ക് ആയിരുന്നു ഏറ്റവും ഞെട്ടൽ.

എന്താ എബി നീ ഈ പറയുന്നത്. പത്തുകൊല്ലത്തിൽ അധികം ഉള്ള പ്രണയമോ. എന്നിട്ട് എന്താ അവൻ അത് വീട്ടിൽ പറയാഞ്ഞത്. നീ ഒന്ന് തെളിച്ചു പറഞ്ഞേ കാര്യങ്ങൾ… റീനാമ്മ ആകാംഷയോടെ പറഞ്ഞു.

എല്ലാവരും ഡേവിയുടെ പ്രണയകഥ കേൾക്കാൻ തയ്യാറായി ഇരിക്കാണ് എന്ന് എബിക്ക് മനസിലായി.
അവൻ പതിയെ ഡേവി അവനോട് പറഞ്ഞത് മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. ജെനിയെ പിരിഞ്ഞപ്പോ ഡേവി അനുഭവിച്ച വിഷമം കേട്ട് അവിടെ ഉള്ള ഓരോരുത്തരുടെയും കണ്ണുകൾ നിറഞ്ഞു.

ഹാ.. എന്തായാലും ആദ്യം കുറേ  പരീക്ഷിച്ചെങ്കിലും കർത്താവ് അവരെ അവസാനം ഒന്നിപ്പിച്ചല്ലോ.. അതിന് കർത്താവിന് നന്ദി. അല്ലെങ്കിൽ എന്റെ കൊച്ചൻ ഈ വിഷമവും പേറി ജീവിക്കേണ്ടി വന്നേനില്ലേ.. എല്ലാം കേട്ട് കഴിഞ്ഞതും ഒരു ദീർഘ നിശ്വാസത്തോടെ വല്യമ്മച്ചി പറഞ്ഞു.

മ്മ്.. അതുതന്നെ കഴിഞ്ഞുപോയതെല്ലാം ഇനി ആലോചിട്ടോ പറഞ്ഞിട്ടോ കാര്യം ഇല്ല. അതൊക്കെ അവരുടെ തലയിൽ കർത്താവ് വരച്ചതായിരുന്നു. ഇനി അതിനെ കുറിച്ച് ഒരു ചർച്ച വേണ്ട. പിന്നെ നമ്മൾ ഇതെല്ലാം അറിഞ്ഞത് തല്ക്കാലം ഡേവി അറിയണ്ട.. കേട്ടല്ലോ.. ജോൺ എല്ലാവരോടും ആയി പറഞ്ഞു.

എല്ലാവരും അതിന് സമ്മതത്തോടെ മൂളി..

എന്റെ ദിയെ അപ്പൊ നീ എട്ടിൽ പഠിക്കുമ്പോൾ വായിനോക്കിയതിൽ കുറ്റം പറയാൻ പറ്റില്ല പെണ്ണേ. അങ്ങേരുടെ അല്ലേ അനിയത്തി. ഇതൊക്കെ പ്രതീക്ഷിക്കാം അല്ലേടാ.. അലൻ ആ ശോകമൂകമായ അന്തരീക്ഷം മാറ്റാൻ എന്നോണം ദിയയോട് കളിയോടെ പറഞ്ഞുകൊണ്ട് ഏദനെ തട്ടി.

പക്ഷേ ഇവള് കൊള്ളാം ചേട്ടായിടെ പോലെ മിണ്ടാതെ നടന്നില്ല. ഒൻപതിൽ പഠിക്കുമ്പോൾ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുന്ന ആളെ പോയി പ്രൊപ്പോസ് ചെയ്യ്തു..ഏദനും അവളെ കളിയാക്കാൻ കൂടി.

അതോടെ അതുവരെ സങ്കടത്തോടെ ഇരുന്നിരുന്ന എല്ലാവരും ചിരിയോടെ മൂന്നിന്റെയും തല്ലുപിടിത്തം നോക്കിയിരുന്നു. അപ്പോഴും അവർ അറിഞ്ഞിരുന്നില്ല അവരുടെ സന്തോഷങ്ങൾക്ക് മുകളിൽ കരി നിഴൽ വീഴ്ത്താൻ തയ്യാറായി ഒരു രാക്ഷസൻ നാളെ അവരുടെ നാട്ടിൽ എത്തും എന്ന്.

…………….

ആൽവി നാളെ അല്ലേ അൽഫ്രഡ്‌ വരുന്നത്. നീ അവരെ പിക്ക് ചെയ്യാൻ പോകുന്നുണ്ടോ…

ഏയ്യ് ഇല്ല ആൻസി. ചേട്ടായി ചെല്ലേണ്ട എന്ന് പറഞ്ഞു. അവർ ടാക്സി എടുത്ത് ഫ്ലാറ്റിലേക്ക് പൊക്കോളാം എന്ന്…

ആണോ.. ഇനിയിപ്പോ എന്ന അവനെ ഒന്ന് കാണുക. എനിക്ക് ഇനിയും ഡേവിഡിന്റെ സന്തോഷം കാണാൻ വയ്യാ..

ഹാ നീ ഇങ്ങനെ ധൃതി വെക്കല്ലേ. മറ്റന്നാൾ ചേട്ടായി ഇങ്ങോട്ട് എത്തിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്. അവിടെ അങ്ങേരുടെ ഫ്ലാറ്റിൽ ആ ഭ്രാന്തൻ ഉണ്ടാവും. എപ്പോഴാ അയാൾ വയലന്റ് ആവുക എന്നറിയില്ല എന്നാ ചേട്ടായി പറഞ്ഞത്.

ഓഹ്.. ആ വട്ടനേയും കൊണ്ട് വരുന്നുണ്ടോ..

ഉവ്വെന്നാ ചേട്ടായി പറഞ്ഞത്…

മ്മ്.. എന്തായാലും മറ്റന്നാൾ കാണാലോ.. എന്നിട്ട് വേണം അവന്റെ ആ ഡേവിഡിന്റെ തകർച്ചക്കുള്ള വഴി ഒരുക്കാൻ… ആൻസി പകയോടെ പറഞ്ഞു.

………………..

പിറ്റേന്ന് ഉച്ച കഴിഞ്ഞു ഡേവിഡ് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ. അവനെ കാത്തുനിൽക്കുന്ന എബിയുടെ അടുത്തെത്തി കാറിന്റെ അവിടേക്ക് പോകാൻ തിരിഞ്ഞപ്പോൾ ആണ് ആരോ തന്റെ പേര് വിളിക്കുന്നത് പോലെ ഡേവിഡിന് തോന്നിയത്..

ഡേവിഡ് ജോൺ കൊട്ടാരത്തിൽ..

ഡേവിഡ് തിരിഞ്ഞുനോക്കിയപ്പോൾ കാണുന്നത് തന്റെ നേരെ ഒരു ചിരിയോടെ വരുന്ന അൽഫ്രഡിനെ ആണ്. അവനെ കണ്ടപ്പോൾ ഡേവിഡിന്റെ ചുണ്ടിൽ ഒരു വന്യമായ ചിരി വിരിഞ്ഞു

എന്താണ് ഡേവിഡ് പഴയ ശത്രുവിനെ കണ്ടപ്പോൾ നീ ഞെട്ടിയോ..

ശത്രുവോ നീയോ… ഹഹഹ നല്ല തമാശ …ഡേവിഡിന് ശത്രുതക്ക് ഉള്ളത് ഒക്കെ നീയുണ്ടോ അൽഫ്രഡ്‌… ഡേവിഡ് ഒരു പരിഹാസചിരിയോടെ അവനോട് ചോദിച്ചു.

ഡേവിഡിന്റെ പരിഹാസത്തോടെ ഉള്ള സംസാരം കേട്ടതും അതുവരെ ഒരു ചിരിയോടെ നിന്നിരുന്ന അൽഫ്രഡിന്റെ മുഖം മാറി.
നീ എന്റെ അനിയനോട് ചെയ്തതിനുള്ളത് നിനക്ക് ഞാൻ തന്നിരിക്കും ഡേവിഡ് ഓർത്തുവച്ചോ നീ..

ഓഹ്.. പിന്നെ എന്താ ഞാൻ ഡയറിയിൽ കുറിച്ച് വച്ചിരിക്കും പോരെ. പകരം ഒരു കാര്യം നീയും ആലോചിച്ചോ നീ ചെയ്തതിനും ഇപ്പൊ ചെയ്തുകൊണ്ടിരിക്കുന്നതിനും ഇനി ചെയ്യാൻ പോകുന്നതിനും കൂടി ഡേവിഡ് ഒരു സമ്മാനം എടുത്ത് വച്ചിട്ടുണ്ട്. അത് സമയം ആകുമ്പോൾ ഞാൻ അങ്ങ് തരും. രണ്ടു കൈയും നീട്ടി നീ അതങ്ങു സ്വീകരിച്ചോണം. അപ്പൊ വരട്ടെ.. നമുക്ക് ഇനിയും കാണാം. കാണണം.. ഡേവിഡ് അവന്റെ കൂടെ നിൽക്കുന്നവരെ കൂടി ഒന്ന് നോക്കികൊണ്ട്‌ തിരിഞ്ഞുപോയി.

ഇച്ചായാ… ഡേവി പോയ വഴിയേ നോക്കി നിൽക്കുന്ന ആൽഫ്രഡിനെ കൂടെ ഉള്ള അവന്റെ ഭാര്യ ലിഡിയ പതിയെ വിളിച്ചു.

എന്താടി.. അയാൾ അവരെ നോക്കി ദേഷ്യത്തിൽ അലറി.

പോകാം ഇച്ചായാ. ദേ ലിബി എന്തൊക്കെയോ ബുദ്ധിമുട്ട് കാട്ടുന്നു.

അതുകേട്ടപ്പോ ആൽഫ്രഡ്‌ തിരിഞ്ഞ് ലിബിനെ നോക്കി. ചുറ്റും നോക്കി എന്തൊക്കെയോ ബുദ്ധിമുട്ടുകൾ കാട്ടുന്ന ലിബിനെ കണ്ടതും അവന്റെ മുഖത്ത് ഒരു അവജ്ഞ നിറഞ്ഞ നോട്ടം നിറഞ്ഞു.

നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇവനെ അവിടെ ആക്കാം എന്ന്. അപ്പൊ നിനക്ക് അല്ലായിരുന്നോ അവനെ കെട്ടി എടുക്കാതെ വല്യ വിഷമം.

അതെങ്ങനെയാ ഇച്ചായാ അവൻ ഞാൻ ഇല്ലാതെ നിൽക്കില്ലല്ലോ… അതല്ലേ.

നിന്നോട് ഞാൻ പറഞ്ഞോ എന്റെ കൂടെ വരാൻ.. ഹും..

ഇച്ചായാ അതുപിന്നെ ഇച്ചേച്ചി…

ഓഹ് മതി നടക്ക് പോകാം. എനിക്ക് കേൾക്കണ്ട നിന്റെ ഒന്നും.. അവൻ അത് പറഞ്ഞ് മുന്നിൽ പോയി. പിന്നാലെ ലിബിനെ കൂട്ടി ലിഡിയയും.