23/04/2026

നിലാവിന്റെ തോഴൻ : ഭാഗം 33 & 34

രചന – ജിഫ്ന നിസാർ

അറക്കൽ തറവാട്ടിൽ ആകെയൊരു അഴിച്ചു പണി നടത്തിയ ഫീലാണ് പാത്തുവിന് തോന്നിയത്.
ഉള്ളിൽ അമർഷമടക്കി പിടിച്ചിട്ടാണ് അവരെല്ലാം തന്നോട് ചിരിച്ചു കാണിക്കുന്നതെന്ന് നല്ലത് പോലെ അറിയാമായിരുന്നത് കൊണ്ട് തന്നെ.. അവൾ അതിലൊന്നും വല്ല്യ മൈന്റ് കൊടുത്തില്ല.

നിസ്സഹായമായൊരു അവസ്ഥയിൽ ഇവർക്ക് മുന്നിൽ പോയി നിന്നതോർക്കും അവളപ്പോഴൊക്കെയും.

ഒരു തെരുവ് പട്ടിയോട് കാണിക്കുന്ന ദയപോലും കാണിക്കാത്തവരാണ്.

വീഴ്ചയിൽ കൂടെ നിൽക്കാത്തവരെ ഒരിക്കലും വിശ്വസിക്കരുതെന്ന് അവൾക്ക് തോന്നി.

മുകളിലെ.. സ്വന്തം മുറിയിലെ ജനലോരം ചേർന്നു പുറത്തേക്ക് നോക്കി നിൽക്കുകയാണവൾ.

തനിക് മുന്നിലെ വിധിയെന്തെന്നും ഗതിയെന്തെന്നും യാതൊരു പിടിയുമില്ല.

വന്നവനുള്ളത്.. ചിരിച്ച മുഖമാണെങ്കിൽ കൂടിയും അതവളെ ഓർക്കുമ്പോഴൊക്കെയും അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.

ശ്വാസം മുട്ടിക്കുന്നൊരു ഫീൽ.

ഇനിയീ മുറിയിലേക്ക് അമീനെന്നല്ല… ജീവനപ്പേടിയുള്ള ആരും തനിക്ക് വില പറയാനായി കടന്ന് വരില്ലെന്നുറപ്പുണ്ട്.

അതിന്റെ ആശ്വാസവുമുണ്ട്.

പക്ഷേ… അപ്പോഴും.. അപ്പോഴും ആരുമല്ലാതിരുന്നിട്ടും.. അപകടത്തിലാണെന്നറിഞ്ഞ നിമിഷം മുതൽ.. ആരൊക്കെയോ ആയി മാറിയ ഒരുവന്റെ ഓർമ അവളെ പിടിച്ചുലച്ചു.

രണ്ടേ രണ്ട് രാത്രി കൊണ്ടവൻ തനിക്ക് മുന്നിൽ ദൈവത്തോളം പ്രിയപ്പെട്ടവനായവൻ .

അടിച്ചുറപ്പുള്ള മുറിയിൽ ആരെയും പേടിക്കാതെ ഇനിയുറങ്ങാം എന്നാ ചിന്തയിൽ സന്തോഷമാണ് തോന്നേണ്ടത്.
പക്ഷേ കരുതൽ കൊണ്ടും.. കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടും… ദൈവമങ്ങനെ… കൂടെയുണ്ട്.

അപ്പോഴൊക്കെയും എനിക്കവനെ അറിയാമെന്നു ഹൃദയം വീണ്ടും വീണ്ടും ഫാത്തിമയെ വെല്ലുവിളിച്ചു രസിച്ചു..

ഒരിക്കൽ കൂടി അവനെയൊന്ന് കാണാനും.. ആ കരുതലിന്റെ അനുഭൂതിയറിയാനും ഹൃദയം തുടി കൊട്ടുന്നുവോ?

അത്… ആ അനുഭവം അവൾകാദ്യമായി തോന്നുകയായിരുന്നു ആ നിമിഷം മുതൽ.

❣️❣️❣️

“എന്തോന്നെടി.. ഒന്ന് പെട്ടന്ന് വേണം. നേരമെത്രയായി നിന്റെ ഈ അഭ്യാസം കണ്ടിരിക്കുന്നു. ഇന്നെങ്ങാനും ഇവിടുന്ന് പോക്ക് നടക്കുവോ?”

എഴുന്നേറ്റു നിൽക്കാൻ പോലും ആവാതില്ലാതെ കിടക്കയിൽ തന്നെ ഇരുന്നുക്കൊണ്ട് വല്ല വിധേനയും ഡ്രസ്സ്‌ ചെയ്യുകയായിരുന്ന ദിൽന അവന്റെ മുഖത്തേക്ക് നോക്കി.

എത്ര പെട്ടന്നാണ് അവന്റെ ഭാവങ്ങളിലും സംസാരങ്ങളിലും.. വന്യത കടന്ന് വന്നത്.!!

വല്ലാത്തൊരു അധികാരം ചുവച്ചു തുടങ്ങിയത്.

വീണ്ടും തളർച്ചയോടെ ഡ്രസ്സ്‌ വലിച്ചിടുന്നതിനിടെ ദിൽന അതാണ്‌ ഓർത്തതും.

റോയ്സിന്റെ രണ്ടാംഘട്ട സ്നേഹം കൂടി അനുഭവിച്ചു തീർന്നത്തോടെ അവൾക്ക് ശ്വാസമെടുക്കാൻ കൂടി വയ്യാത്ത വിധം തളർന്നു പോയിരുന്നു.

നിർജീവമായ കണ്ണുകളിൽ ഭയം മാത്രമാണ്.

കല്ലിച്ച മുഖത്തും പുതിയ അടയാളങ്ങൾ.

“വീട്ടിൽ പോവണമെന്നൊന്നും ഇല്ലാത വിധം രസം പിടിച്ചോടീ നിനക്ക്?”

അവജ്ഞതയോടെ റോയ്സിന്റെ സ്വരം.

വീണ്ടും അവളുടെ കൈകൾ ചലിച്ചു.
ഇട്ടിരുന്ന ഡ്രസ്സ്‌ വലിച്ചു വാരി ചുറ്റിയത് പോലെ എടുത്തണിഞ്ഞു.

“പോകണമെന്ന് എനിക്കൊരു ധൃതിയുമില്ല കേട്ടോ”
അതും പറഞ്ഞു കൊണ്ട് അവനരികിലേക്ക് വന്നതും.. അവൾ വീണ്ടും ചുവരിൽ ചേർന്നു നിന്നു.

“തീർന്നില്ലേ?”

കുനിഞ്ഞു മുഖം വലിച്ചു പിടിച്ചുയർത്തി അവൻ ചോദിക്കുമ്പോൾ വേദന കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ടവൾ മൂളി.

“എങ്കിൽ വാ.. ഇനിയല്ലേ ശെരിക്കുമുള്ള ഗെയിം ”

വികൃതമായൊരു ചിരിയോടെ അവൻ അവളുടെ മുഖം രണ്ടു സൈഡിലേക്കും പിടിച്ചു കുലുക്കി.

സഹിക്കാൻ വയ്യാത്ത വിധം വേദനിച്ചിട്ടും അവളാ കണ്ണുകൾ തുറന്നതേയില്ല.

❣️❣️❣️

ഹാളിലെ വാതിൽ പടിയിൽ ചാരി മുഖം കുനിഞ്ഞു നിൽക്കുന്നവളെ ഫൈസി നോക്കി.

“ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നതൊന്നുമല്ല ”
മീരയെ നോക്കി അവൻ പറഞ്ഞു.

“ഓ.. ഞാൻ ഇയാൾക്ക് പെണ്ണ് കാണാൻ വന്നു നിന്ന് തന്നതുമല്ല ”

അത് പറയുമ്പോൾ അവളുടെ മുഖം ഒന്നൂടെ വീർത്തു.

“മുഖം വീർത്തു പൊട്ടി തെറിച്ചു ജീവൻ പോയി എന്ന് പറയുന്നതൊക്കെ വല്ല്യ മോശമാവും ട്ടാ ”

ചിരി പിടിച്ചമർത്തി കൊണ്ടവൻ ഓർമ്മിപ്പിച്ചു.

“ഓഓഓ.. ഒരു കോമഡി..”

അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി.

“ദാ.. നിന്റെ പുന്നാര ചേട്ടൻ വാങ്ങി തന്നേൽപ്പിച്ചു വിട്ടതാ. ഭവതി ഇതൊന്ന് ഏറ്റെടുത്തെങ്കിൽ എനിക്കെന്റെ പാട് നോക്കി പോകാമായിരുന്നു ”

കയ്യിലുള്ള കവറുകൾ അവൾക്ക് നേരെ നീട്ടി കൊണ്ട് ഫൈസി പറഞ്ഞു.

പോരുമ്പോൾ വാങ്ങിയ കവറുകളെക്കാൾ ഒന്ന് രണ്ടെണ്ണം കൂടി കൂടുതൽ വന്നിരുന്നു ആ കൂട്ടത്തിൽ.

“അവന് ഒഴിച്ച് കൂടാനാവാത്ത ഒരു തിരക്ക്. അതാ വരാഞ്ഞത് ”

കവറുകൾ കൈ നീട്ടി വാങ്ങുമ്പോഴും തെളിയാത്ത മീരയുടെ മുഖത്തു നോക്കി ഫൈസി നേർത്തൊരു ചിരിയോടെ പറഞ്ഞു.

“അല്ലെങ്കിൽ നിന്റെയീ വീർത്ത മുഖം കാണാൻ ഞാൻ വരുവോ.. അവനെ വിടില്ലേ?”

വീണ്ടും അവനത് പറയുമ്പോൾ വെട്ടി തിരിഞ്ഞു കൊണ്ട് മീരാ അകത്തേക്ക് നടന്നു.

“നിക്ക് .. ഇതൂടെ കൊണ്ട് പോ.. അല്ലെങ്കിൽ അവനതും പറഞ്ഞേന്റെ തലയെടുക്കും. പുന്നാര പെങ്ങൾക്ക് കുറവൊന്നും വരരുതല്ലോ.”
പോക്കറ്റിൽ നിന്നും കാശെടുത്തു നീട്ടുമ്പോൾ ഫൈസി പറഞ്ഞു.

“ഇതെന്തിനായിപ്പോ ഇനി ഈ കാശ്?”

അവൻ നീട്ടി പിടിച്ച കാശ് വാങ്ങിക്കാതെ മീരാ ചോദിച്ചു.

“വല്ലാതെ വിശക്കുമ്പോൾ നിനക്ക് പുഴുങ്ങി തിന്നാൻ ”

അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് ഫൈസി പറഞ്ഞു.

“ഒരു വഴിക്ക് പോണതല്ലേ നീ. കയ്യിൽ വെച്ചോ. ഒപ്പമുള്ളവരെല്ലാം വല്ലതും വാങ്ങിക്കുമ്പോൾ വടി പോലെ നോക്കി നിക്കണ്ടല്ലോ..”

അവൾ തുറിച്ചു നോക്കുന്നത് കണ്ടതും ഫൈസി പറഞ്ഞു.

“വാങ്ങിക്ക്.. നിന്റേട്ടൻ തന്നതാ മീരാ ”
അവളനങ്ങാതെ നിൽക്കുന്നത് കണ്ടതും.. ഫൈസി വീണ്ടും ആവിശ്യപ്പെട്ടു.

“ഇച്ഛന് ബുദ്ധിമുട്ടായിട്ടുണ്ടാവും ”

നേർത്ത സ്വരത്തിൽ ആവലാതി പറയുന്നവളെ കാണെ.. “ഇത് നിന്റേട്ടനെ അറിയിച്ചു എന്നെ ബുദ്ധിമുട്ടിക്കല്ലേ “എന്ന് പറയണമെന്നുണ്ടായിട്ടും ഫൈസി മിണ്ടിയില്ല.

“കൊണ്ട് പോയിട്ട് എല്ലാം ഉണ്ടോ എന്നൊക്കെ നോക്ക് . ഇനി എന്തെങ്കിലും വേണമെന്നുണ്ടങ്കിൽ.. മാറ്റി വാങ്ങിക്കാൻ ദിവസമില്ല ”
അവനോർമിപ്പിച്ചതും മീരാ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.

അവൾക്ക് പിറകെ ശാരി ഒരു ഗ്ലാസ്സിൽ നാരങ്ങവെള്ളവുമായി അവനരികിലെത്തി.

“One day ട്രിപ്പ്‌ അല്ലേ ആന്റി?”
മീരാ പോയ വഴിയേ നോക്കുന്ന ശാരി ഫൈസിയുടെ ചോദ്യം കേട്ടതും അതേയെന്ന് തലയാട്ടി അവനെ നോക്കി.

“ഞാനിറങ്ങട്ടെ എന്നാ…”

വെള്ളം കുടിച്ചു തീർത്തു കൊണ്ട് അവൻ എഴുന്നേറ്റു.

“മ്മ്..”

ശാരി അവൻ നീട്ടിയ ഗ്ലാസ്സ് തിരികെ വാങ്ങിച്ചു കൊണ്ട് തലയാട്ടി.

അകത്തേക്ക് ഒന്ന് കൂടി നോക്കി സാവധാനമാണ് ഫൈസി മുറ്റത്തേക്ക് ഇറങ്ങിയത്.

ഷൂ ഇട്ട് തിരിഞ്ഞു നോക്കുമ്പോൾ ശാരിക്കരികിൽ മീരയുമുണ്ട്.
“എല്ലാം.. ഓക്കേയല്ലേ?”
അവൻ ചോദിക്കുമ്പോൾ അതേയെന്നവൾ തലയാട്ടി.

കൊണ്ട് വന്നതിലെല്ലാം ഒരുപാട് ഇഷ്ടമായെന്ന് ആ മുഖത്ത് തന്നെയുണ്ടായിരുന്നു.

ശെരിയെന്നാ.. ”

ഒന്ന് കൂടി അവരോട് യാത്ര പറഞ്ഞു കൊണ്ടവൻ ബൈക്ക് അവിടെയിട്ട് തിരിച്ചു കൊണ്ട് ഓടിച്ചു പോയി..

❣️❣️

“അതേയ്… ഇനിയുമിങ്ങനെ കിന്നാരിച്ചോണ്ടിരുന്നാ അങ്ങേര് ആ കുഴീന്ന് എഴുന്നേറ്റിങ്ങു പോരും. പിന്നെ പണിയാകുവേ.. പറഞ്ഞില്ലെന്നു വേണ്ട ”

ഒത്തിരി നേരമായിട്ടും മറിയാമ്മച്ചി കെട്ട്യോനോടുള്ള സ്വകാര്യം പറച്ചില് നിർത്തുന്നില്ലെന്ന് കണ്ടതും ക്രിസ്റ്റി അങ്ങോട്ട്‌ ചെന്നിട്ട് പറഞ്ഞു.

“ഒന്ന് പോയെടാ ചെർക്കാ.നിനക്കെ.. നിനക്കുണ്ടല്ലോ ഞങ്ങളോട് അസൂയയാണ് ”
അതും പറഞ്ഞിട്ട് അവര് വാ പൊത്തി ചിരിച്ചു.

“പിന്നേയ്… അസൂയ.അതും നിങ്ങളോട്.. ”

അവൻ ചുണ്ട് കോട്ടി.

“മതി.. എഴുന്നേറ്റു വന്നേ.നേരം ഇരുട്ടി തുടങ്ങി.എപ്പോ തുടങ്ങിയ പരിപാടിയാണ്.അങ്ങേർക്ക് അവിടെ കിടക്കാനും ഒരു സ്വസ്ഥത കൊടുക്കില്ലെന്ന് വല്ല നേർച്ചയുമുണ്ടോ?”

അവരെ പിടിച്ചെഴുന്നേൽപ്പിക്കുന്നതിന്റെ ഇടയിൽ തന്നെ അവൻ ചോദിച്ചു.

“നീ എന്റെ കയ്യീന്ന് വാങ്ങിക്കുവേ…”

മറിയാമ്മച്ചി അവനെ നോക്കി കണ്ണുരുട്ടി.

“പേടിക്കേണ്ട അച്ചായാ. ഈ സാധനനത്തിനെ ഇനി ഒരു മാസത്തിന് ഈ വഴി കാണിക്കൂല. ഇപ്രാവശ്യം ക്ഷമി…”

ക്രിസ്റ്റി കൈ കൂപ്പി കള്ളച്ചിരിയോടെ പറഞ്ഞത് കേൾക്കെ.. മറിയാമ്മച്ചി ഉറക്കെ പൊട്ടി ചിരിച്ചു പോയി.

ആ ചിരി കാണാനായി മനപ്പൂർവ്വമാണ് അവനങ്ങനെ പറഞ്ഞതും. ഇല്ലെങ്കിലിന്ന് മുഴുവനും ഇതും പറഞ്ഞിട്ട് തൂങ്ങി പിടിച്ചു നടക്കും.

അതവനും അറിയാം.

ഇങ്ങനാണേൽ ഇനി കൊണ്ട് പോവില്ലെന്നൊക്ക അവൻ ഭീക്ഷണിപ്പെടുത്താറുണ്ടേലും അത് വിജയിക്കാറില്ല പൊതുവെ.

കാരണം.. അവർക്കറിയാം… രണ്ടാഴ്ച കൂടുമ്പോ ഒരിക്കൽ എത്ര തിരക്കുണ്ടേൽ പോലും അവൻ മുടക്കാത്ത ശീലങ്ങളിൽ ഒന്നാണ് ഇതുമെന്നത്.

“പോയാലോ.. ഇനിയും ഇവിടെ നിന്നിങ്ങനെ ചിരിച്ച വല്ല പ്രേതവും ആണെന്ന് കരുത്തും ”

അതും പറഞ്ഞിട്ട് മറിയമ്മച്ചിയേയും ചേർത്ത് പിടിച്ചു കൊണ്ടവൻ തിരികെ നടന്നു.

“ഇത്രേം നേരമൊക്കെ ആയോടാ?”
കാറിലേക്ക് കയറാനൊരുങ്ങും മുന്നേ കനം വെച്ച് തുടങ്ങുന്ന ഇരുട്ടിനെ നോക്കി മറിയാമ്മച്ചി ചോദിച്ചു.

“പിന്നല്ലാതെ… ഇന്നലെ കെട്ട് കഴിഞ്ഞവർക്ക് കാണില്ല.. ഇത്രേം പറയാനായിട്ട് ”
ഡ്രൈവിംഗ് സീറ്റിലേക്കിരുന്ന് കൊണ്ട് ബെൽറ്റ് ഇടുന്നതിനിടെ ക്രിസ്റ്റി പറഞ്ഞു.

“ആണെങ്കിൽ.. നീ അങ്ങ് സഹിച്ചോ ”

പുച്ഛത്തോടെ അവനെ നോക്കിയിട്ട് മറിയാമ്മച്ചിയും കയറിയിരുന്നു.

“ഇവിടം വരെയും വന്നിട്ട്.. അച്ചനെ ഒന്ന് കണ്ടില്ല…”

ക്രിസ്റ്റി കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പറഞ്ഞു.

“അവിടെ കുറുകി കൊണ്ട് നിന്നപ്പോ ഓർക്കണമായിരുന്നു ഇതൊക്കെ. ഇനിയിപ്പോ അച്ചന്റെ കത്തി കൂടി കഴിയുമ്പോഴേക്കും… അർദ്ധരാത്രി കഴിയും. അത് കൊണ്ട് തത്കാലം നമ്മക്ക് അച്ചനെ കാണൽ നെക്സ്റ്റ് ടൈം ഡിയർ ”
മറിയമ്മാച്ചിയുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞിട്ട് അവൻ കണ്ണ് ചിമ്മി കാണിച്ചു.

“നിനക്കെന്താ ഇത്രേം ധൃതി. രാത്രി വല്ലോടത്തും പോകാനുണ്ടോ?”

മറിയാമ്മച്ചി ചോദിച്ചു.

“മ്മ്ഹ്ഹ്.. പോവാനല്ല.. വരാനുണ്ട് ”

അവനൊരു ചിരിയോടെ പറഞ്ഞു.

“വരാനോ..?അതാര്..?”

“അതൊക്കെയുണ്ട്.. സമയവുമ്പോ അങ്ങ് നേരിട്ട് വരുവല്ലോ.. അപ്പൊ കാണാട്ടാ ”

അതേ ചിരിയോടെ തന്നെ അവൻ പറഞ്ഞു.

“നിനക്കെന്താടാ മോനെ… ഒരു കള്ളലക്ഷണം?”

അവരുടെ നോട്ടം ക്രിസ്റ്റിയുടെ നേരെ കൂർത്തു.

“അത് നിങ്ങൾ കള്ളി ആയോണ്ട് തോന്നുന്നതാ ”

അവൻ അതേ ചിരിയോടെ പുരികം പൊക്കി കാണിച്ചു.

വഴി നീളെ… പലവിധ വെളിച്ചം പടർത്തി കൊണ്ട് നിരവധി ബഹളങ്ങൾ.

വഴിയരികിൽ വണ്ടി നിർത്തി… മറിയമ്മച്ചിക്ക് ചായയും സ്നാക്സും വാങ്ങിച്ചു കൊടുത്തിട്ടാണ് അവൻ തിരികെ കൊണ്ട് പോയത്.

❣️❣️

“ദേ മമ്മാ.. അവൾ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ?അങ്ങ് വന്നോളും. ദൈവത്തെയോർത്ത് ഇനി ഇതും പറഞ്ഞിട്ടെന്നെ ബുദ്ധിമുട്ടിക്കല്ലേ..പ്ലീസ്..”

കാരംസ്‌ ബോർഡിന്റെ മുന്നിൽ ഹരം പിടിച്ചിരിക്കുന്ന റിഷൻ ഡെയ്സിയുടെ കോൾ പെട്ടന്ന് തന്നെ കട്ട് ചെയ്തു.

ദേഹം വിറക്കുന്നത് പോലെ തോന്നിയപ്പോൾ ഡെയ്സി സോഫയിലിരുന്നു.

ഭയം കൊണ്ടവർ അങ്ങേയറ്റം തളർന്നു പോയിരുന്നു.

നാല് മണിക്ക് മുന്നേ എത്തേണ്ട മകളാണ്.

സമയം ആറ് കഴിഞ്ഞു. എന്നിട്ടും കാണുന്നില്ല.

ആരെയെങ്കിലും വിളിച്ചു അന്വേഷിച്ചു നോക്കണമെന്നുണ്ട്.
പക്ഷേ.. മക്കളുടെ സ്കൂളിലടക്കം പപ്പക്ക് മാത്രം പ്രവേശനമുള്ളു.

അവരുടെ കൂട്ടുകാർ ആരെന്ന് പോലുമറിയാത്ത ഗതികെട്ട ഒരമ്മയുടെ വേദന..!

പപ്പക്ക് മാത്രം എൻട്രിയുള്ളടത്തേക്ക് അറിയാതെ ഒരിക്കൽ കയറി പോയെന്ന് ആരോപണം പറഞ്ഞിട്ട് റിഷി തന്നെ പറയാത്തത് ഒന്നുമില്ലന്നതോർക്കേ വീണ്ടും വീണ്ടും അവർക്കുള്ളിലെ മുറിവിൽ നിന്നും രക്തം കിനിഞ്ഞു.

ദിലുവും ആ പതിവ് തെറ്റിക്കാറില്ല.

ഓരോന്നോർത്ത് കൊണ്ടവർക്ക് യാതൊരു സമാധാനവുമുണ്ടായിരുന്നില്ല.

മൂന്നോ നാലോ വട്ടം വിളിച്ചിട്ടും എടുക്കാത്ത വർക്കിയുടെ ഫോണിലേക്ക് വീണ്ടും അവർ കോൾ ചെയ്തു.

തുടരെ മൂന്നോ നാലോ പ്രാവശ്യം വീണ്ടും ശ്രമിച്ചിട്ടാണ് ആ ഫോൺ എടുത്തത്.

“എന്താടി.. ഞാൻ തിരക്കിലാണെന്ന് അറിഞ്ഞൂടെ? അതല്ലേ ഫോൺ എടുക്കാതിരുന്നത്. എന്നിട്ടും വിളിച്ചോണ്ടിരിക്കുവാ.. നാശം ”

ഫോൺ എടുത്തതും വർക്കിയുടെ പരുഷമായ വാക്കുകൾ.

“വാ തുറന്നു വല്ലോം പറയാനുണ്ടേൽ.. പറഞ്ഞിട്ട് വെക്കെടി..ഞാൻ നിന്നെ പോലെ ചുമ്മാ ഇരുന്നു വിഴുങ്ങി ജീവിക്കുകയല്ല.”

ഡെയ്സിയുടെ ഒച്ചയൊന്നും കേൾക്കാഞ്ഞതും വർക്കി വീണ്ടും ഒച്ചയിട്ടു.

“ദിലു.. മോള്..”

അത് പറഞ്ഞതും അവര് കരഞ്ഞു പോയിരുന്നു.

“ദിലു… മോൾക്ക്.. മോൾക്കെന്ത് പറ്റി?”

“അവള്… അവളിനിയും വന്നിട്ടില്ല ”

“വന്നിട്ടില്ലേ..? സമയമിത്രം ആയിട്ടും. വരാത്തെ പിന്നെ അവളെവിടെ പോയി?”

“എനിക്കറിയില്ല..”

ഡെയ്സിയുടെ കരച്ചിൽ കൂടി കേൾക്കാം ഉത്തരത്തിനൊപ്പം തന്നെ.

“നിനക്ക് പിന്നെ എന്തൊരു തേങ്ങയാ അറിയുന്നത്. നിന്ന് മോങ്ങാനും മൂത്ത മോനെ ഒലിപ്പിക്കാനുമല്ലാതെ. നീ അവളുടെ അമ്മയല്ലേടീ?”

ആ അവസ്ഥയിലും അവരെ കുറ്റപ്പെടുത്തി സംസാരിക്കാനാണ് അയാൾ വ്യഗ്രത കാണിച്ചത്.

“അവള്… അവള് അകത്തു വല്ലോം ഉണ്ടോ.?നീ ശെരിക്കും നോക്കിയോ?”

വർക്കി വീണ്ടും ചോദിച്ചു.

“ഇല്ല.. വന്നിട്ടില്ല. ഞാൻ നാല് മണി തൊട്ടേ കാത്തിരിപ്പാണ് ”
കരച്ചിലിനിടെ ഡെയ്സി പറഞ്ഞു.

“അവളുടെ കൂട്ടുകാരെ ആരെങ്കിലും വിളിച്ചു നോക്കിയോ നീ?”

അതൊന്നും അവർക്കറിയില്ലെന്നു നല്ല വ്യക്തമായി അറിയാമായിരുന്നിട്ടും വേദനിപ്പിച്ചു രസിക്കാം എന്നുള്ള ഒരൊറ്റ ഉദ്ദേശത്തോടെ വർക്കി വീണ്ടും ചോദിച്ചു.

ഡെയ്സി ഉത്തരമൊന്നും പറയാതെ മൗനമായി കരഞ്ഞു.

“ഫോൺ വെച്ചിട് പോയി മോങ്ങിക്കോ.. നിന്നെ അതിന് കൊള്ളാം ”

അത് പറഞ്ഞിട്ട് അയാൾ ഫോൺ ഓഫ് ചെയ്തു പോയി.

കട്ടായ ഫോണും കയ്യിൽ പിടിച്ചു കൊണ്ട് ഡെയ്സി ആ സോഫയിൽ മരവിച്ചിരുന്നു.

കടന്നു പോകുന്ന ഓരോ നിമിഷവും അവരെ വീണ്ടും വീണ്ടും ഭയപ്പെടുത്തി.

ശ്വാസം പോലും കിട്ടാതെ അവർ അവിടിരുന്നു ഉരുകി….

തുടരും..

“ഇയ്യെന്താ ഷാദി ഒന്നും പറയാത്തെ ?”
ഹമീദിന്റെ സ്വരത്തിൽ നിറയെ ആശങ്കയാണ്.

അതേ ഭാവം തന്നെയാണ് നിയാസിനും.

വാലിന് തീ പിടിച്ചത് പോലെ ഷാഹിദിന്റെ മനസ്സിലിരിപ്പ് എന്തെന്നറിയാൻ ഓടി വന്നവരാണ്.

എന്നാൽ മുന്നിലിരിക്കുന്നവന്റെ ചിരി മായാത്ത മുഖം.
കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ടവൻ ഏതോ പ്രണയഗാനത്തിന് കാതോർത്തു കിടക്കുന്നു.

കയ്യും കാലും പാട്ടിനൊപ്പം താളം പിടിക്കുന്നുമുണ്ട്.

പത്തു മിനിറ്റോളമായി ഹമീദും നിയാസും അവന്റെ മുന്നിൽ നിൽക്കുന്നു.

ഷാദിയെന്ന് വിളിച്ചപ്പോൾ ഒന്ന് മൂളി എന്നതൊഴിച്ചാൽ അവർക്കായ് അവനാ കണ്ണുകൾ പോലും തുറന്നില്ല.

ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് ഹമീദ് രണ്ടോ മൂന്നോ പ്രാവശ്യം ഒരേ ചോദ്യം ആവർത്തിച്ചു ചോദിച്ചിട്ടും അവനൊരു മാറ്റവുമില്ല.

“മനുഷ്യന് ഇത്രേം അഹങ്കാരം പാടില്ല.”

ഹമീദ് കേൾക്കാൻ പാകത്തിന് നിയാസ് അയാളുടെ കാതിനരികിൽ പോയി മന്ത്രിച്ചു.

അതേ ഭാവം അയാളുടെ മുഖത്തും ഉണ്ടായിരുന്നു.

ഷാഹിദ് വരും വരെയും ഒരു പ്രതീക്ഷയുണ്ടായിരുന്നു.

അറക്കൽ വീട്ടിലുള്ളവർക്കൊപ്പം ഫാത്തിമയെ വരുതിയിലാക്കാൻ അവനുണ്ടാവും ഏറ്റവും മുന്നിലെന്നുള്ള വളരെ വലിയൊരു പ്രതീക്ഷ.

ആ വിശ്വസം തകർന്നെന്ന് മാത്രമല്ല.. അവൾക്കൊപ്പം അവൻ കൂടി ചേരുകയാണുണ്ടായത്.

എന്നാലും എന്തോ ഒന്ന് അവന്റെ മനസ്സിലുണ്ടെന്ന് തീർച്ചയാണ്.

കൗശലത്തോടെ പിടക്കുന്ന കണ്ണിൽ.. അവനെന്തോ മറച്ചു പിടിച്ചുണ്ടാവും.

ഷാഹിദിന്റെ ചെയ്തികളെ നേരിട്ട് അറിയാവുന്ന ഹമീദിന്റെ നിഗമനം തന്നെയാണ് നിയാസിനും.

എന്നിട്ടും അവന് മുന്നിൽ വന്ന് നിൽക്കുന്നത് അടക്കാൻ കഴിയാത്ത ജിജ്ഞാസ കൊണ്ടാണ്.
അപ്പോഴാണ് അവന്റെയൊരു ഒടുക്കത്തെ പാട്ട് ആസ്വദനം.

ഹമീദിന്റെ കടപല്ലുകൾ ഞെരിഞ്ഞു.

“വാ.. ഇപ്പൊ പോയിട്ട് അവന്റെ പാട്ട് കേൾക്കൽ തീർന്നിട്ട് വരാം ”

പല്ല് കടിച്ചു പിടിച്ചു കൊണ്ട് തന്നെ ഹമീദ് നിയാസിനോട് പറഞ്ഞു.

ഷാദിയെ ഒന്ന് കൂടി നോക്കിയതിനു ശേഷം രണ്ടാളും പോവാൻ വേണ്ടി തിരിഞ്ഞു.

“വല്ലിക്ക ഒന്ന് നിന്നേ..”

പിന്നിൽ നിന്നും ഷാഹിദിന്റെ മുഴക്കമുള്ള സ്വരം.

തിരിഞ്ഞു നോക്കും മുന്നേ അറിയാതെ തന്നെ ഹമീദും നിയാസും നിന്നു പോയി.

ഷാദി കൈ എത്തിച്ചിട്ട് പാട്ട് ഓഫ് ചെയ്തു കൊണ്ട് എഴുന്നേറ്റു.

“ഞാനെന്തിനാണ് ഫാത്തിമയെ പ്രൊട്ടക്ട്ട് ചെയ്യുന്നതെന്നറിയണം.. അതല്ലേ വേണ്ടത്?”

നേർത്തൊരു ചിരിയോടെ അവൻ അവർക്ക് മുന്നിൽ വന്നു നിന്നിട്ട് ചോദിച്ചു.

കൃത്യമായ വർക്ക്ഔട്ട്‌ കൊണ്ട് ദൃഡപെടുത്തിയ അവന്റെ നക്നമായ മേനിയിലൂടെ നിയസിന്റെ കണ്ണുകൾ അസൂയയോടെ ഉഴറി നടന്നു.

കയ്യില്ലാത്ത ഒരു ബനിയനും മുട്ടോളമിറങ്ങി കിടക്കുന്ന ഒരു ബെർമുഡയുമാണ് അവന്റെ വേഷം.

ക്ളീൻ ഷേവ് ചെയ്ത മുഖത്തെ ഏറ്റവും വലിയ ആകർഷണം അവന്റെ ചിരിയാണ്.

“നിയാസിക്ക വളർത്തുന്ന ആ കോഴി ഒരുപാട് മൂത്തു പോയിട്ടുണ്ട് കേട്ടോ. ഇനി പിടിച്ചു അറുക്കുന്നതാണ് നല്ലത് ”

നിയസിന്റെ നോട്ടം കണ്ടതും ഷാഹിദ് കളിയായ് പറഞ്ഞു.

വിളറി വെളുത്ത മുഖത്തേക്ക് മങ്ങിയൊരു ചിരി വാരി തേച്ചിട്ട് നിയാസ് തല ചൊറിഞ്ഞു.

“അപ്പൊ നമ്മൾ പറഞ്ഞു വന്നത്… ഫാത്തിമ.. അവളെ കുറിച്ചല്ലേ?”
താടി ഉഴിഞ്ഞു കൊണ്ട് ഷാഹിദ് അവരെ നോക്കി.

അതേയെന്ന് ഹമീദ് തലയാട്ടി.

“കൊല്ലാനാണോ വളർത്താനാണോ ഷാഹിദ് കൂടെ കൂട്ടിയതെന്ന് സംശയം ഉണ്ടല്ലേ?”

ചിരിച്ചു കൊണ്ട് അവൻ വീണ്ടും ചോദിച്ചു.

അതിനുത്തരം പറയാതെ രണ്ടാളും പരസ്പരം നോക്കി.

“ഈ ഇട്ടാ വട്ടത്തിൽ കളിച്ചു തഴഞ്ഞെന്ന് കരുതി… ലോകം മുഴുവനും ആ അഹങ്കാരത്തോടെ നോക്കി കാണാൻ പാടുണ്ടോ വല്ലിക്കാ.. പൊട്ടത്തരമാവില്ലേ അത്?”

പരിഹാസത്തോടെയാണ് ഷാഹിദിന്റെ ചിരി.

വീണ്ടും സ്വന്തം പല്ലുകൾ കടിച്ചമർത്തി ദേഷ്യം ഒതുക്കാനെ ഹമീദിനും നിയാസിനും ആയുള്ളൂ.

“അതേ കണ്ണോടെ എന്നെയും കാണരുത്. കാരണം എനിക്ക് മുന്നിൽ നിങ്ങൾക്കറിയാമെന്ന് പറയുന്ന കളികളുടെ ഏറ്റവും മുന്തിയ ഇനങ്ങളുണ്ട്. പലയിടത്തും പഴറ്റി തെളിഞ്ഞു കോടികൾ നേടിയിട്ടുമുണ്ട് ഞാൻ .”

അൽപ്പം അഹങ്കാരത്തോടെ ഷാഹിദ് അവരെ നോക്കി.
രണ്ടാളും മിണ്ടിയില്ല. അവനെ നോക്കിയതുമില്ല.

“വ്യക്തമായ ഒരു പ്ലാൻ വേണം ഫാത്തിമയോട് ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ. നിങ്ങൾ കരുതിയത് പോലെ.. അവഗണിച്ചു മാറ്റി നിർത്തിയാലും ഒച്ചയിട്ട് പേടിപ്പിച്ചാലും കയ്യിലുള്ള കോടികൾ യാതൊരു എതിർപ്പുമില്ലാതെ വിട്ട് തരുന്നൊരു വിഡ്ഢിയാണ് ഫാത്തിമയെന്ന് ഞാൻ കരുതുന്നില്ല.. അങ്ങനെ കരുതാൻ നിങ്ങളെ പോലെ ഞാൻ വിഡ്ഢിയുമല്ല.”

അവന്റെ ചുണ്ടുകൾ കോടി.
ഹമീദ് നിയാസിനെയും ഷാഹിദിനെയും മാറി മാറി നോക്കി.

“എല്ലായിടത്തും കൈ കരുത്തു കൊണ്ട് മാത്രം ജയിക്കാനാവില്ല ഗയ്സ്.അങ്ങനെയുള്ളിടത്ത് ബുദ്ധി കൊണ്ട് ജയിക്കാൻ കഴിയണം. അത് ബുദ്ധിയുള്ളവരോട് പറഞ്ഞിട്ടല്ലേ കാര്യം? നിങ്ങൾക്കാർക്കും അതുണ്ടെന്ന് തോന്നുന്നില്ല. ഉണ്ടെങ്കിൽ.. ആ പെണ്ണിനോട്‌ ചേർന്ന് നിന്ന് വിശ്വസം നേടിയെടുക്കാൻ ശ്രമിക്കുന്നതിനു പകരം… അതിനെ പരമാവധി മാറ്റി നിർത്തുവോ ”

ഇപ്രാവശ്യം അവന്റെ മുഖം നിറഞ്ഞതത്രെയും ദേഷ്യമായിരുന്നു.

ഇനി അതിന്റെ തീവ്രത എത്രത്തോളം കൂടുമെന്ന് പടച്ചോന് മാത്രം അറിയാം.ദേഷ്യം പിടിച്ചു കഴിഞ്ഞാൽ ഷാഹിദിനെ പിന്നെ അടക്കാൻ വല്ല്യ പാടാണെന്ന് രണ്ടാളും ഭയത്തോടെയോർത്തു.
അവന്റെ അരികിലേക്ക് വരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി.. ഹമീദിനും നിയാസിനും.

“ഒന്നും രണ്ടും ലക്ഷമല്ല. നമ്മക്കൊന്നും ഊഹിക്കാൻ കൂടി കഴിയാത്ത അത്രയും വലിയൊരു തുക മകളുടെ പേരിൽ.. ഷെയർ മാർക്കറ്റിൽ നിഷേപിച്ചിട്ടാണ് അവളുടെ തന്ത പോയത്. വർഷങ്ങൾ കൊണ്ട് അത് പത്തോ പതിനഞ്ചോ ഇരട്ടി ആയിട്ടുണ്ടെന്നാണ് എനിക്ക് കിട്ടിയ അറിവ്.ഞാനത് വളരെ രഹസ്യമായി അറിഞ്ഞതാണ്. നിങ്ങളോട് എനിക്കത് പറയേണ്ട യാതൊരു ആവിശ്യവുമില്ലായിരുന്നു. ശെരിയല്ലേ?”

കൗശലത്തോടെ ഷാഹിദ് ചോദിച്ചു.

“ഫാത്തിമക്ക് അറിയില്ല ഈ കാര്യം. ഏതെങ്കിലും നുണ പറഞ്ഞവളുടെ അരികിലെത്തി ആ കാശ് മുഴുവനും എനിക്ക് സ്വന്തമാക്കാൻ ഷാഹിദിന് ഒരു പൂ പറിക്കുന്നത്രയും സിമ്പിളാണെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ നിങ്ങൾക്ക്?”

ഇല്ലെന്ന് തലയാട്ടി കൊണ്ട് ഏട്ടനും അനിയനും പരസ്പരം നോക്കി.

“കിട്ടുന്നത് നിങ്ങൾക്ക് കൂടി ഷെയർ ചെയ്യാനുള്ള എന്റെ പ്ലാൻ.. നിങ്ങളായിട്ട് തകർക്കാൻ നോക്കരുത്. നഷ്ടം എനിക്ക് കൂടിയാണ്. അറിയാലോ.. നഷ്ടപെടലിനെ ഞാനൊട്ടും ഇഷ്ടപ്പെടുന്നില്ലെന്ന്.. അതിന് കാരണക്കാരായവരെ വെറുതെ വിടാറുമില്ല”

ഷാഹിദ് പറഞ്ഞു കേട്ടപ്പോൾ.. അത്രയും തുക സ്വന്തമാവുന്നത് ഓർത്തിട്ട് ഏട്ടനും അനിയനും കുളിര് കോരുന്നുണ്ടായിരുന്നു.

“ഇതിനെ കുറിച്ച് അവൾക്കൊരു നേരിയ അറിവ് പോലുമില്ല. അവൾ ഇതറിയുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കിക്കേ..? ഇപ്പോഴത്തെ സാഹചര്യം വെച്ചു അതിലൊരു ചില്ലി കാശ് പോലും പിന്നെ നമ്മൾക്കു സോറി.. നിങ്ങൾക്ക് സ്വപ്നം കാണാൻ ആവുമോ?”
ഷാഹിദിന്റെ ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടി കാണിക്കാൻ രണ്ടാൾക്കും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.

“ഇനി.. ഇനി എന്ത് ചെയ്യും മോനെ?”

കാശ് നഷ്ടപ്പെടുമോ എന്നോർത്ത് കൊണ്ടാവണം.. ഹമീദിന്റെ സ്വരം വിറച്ചു.

“ഇനി നിങ്ങൾക്ക് പ്രതേകിച്ചു ഒന്നും ചെയ്യാനും പറയാനുമൊന്നുമില്ല. പക്ഷേ എനിക്കങ്ങനെയല്ല. എനിക്ക്… എനിക്ക് ചെയ്യാൻ ഒരുപാടുണ്ട് ”

ഗൂഡമായൊരു ചിരിയോടെ ഷാഹിദ് അവരെ നോക്കി.

“സ്നേഹം… സ്നേഹമാണെന്റെ ആയുധം. മുറിവേൽപ്പിക്കാനും തോൽപ്പിച്ചു തളർത്താനും ആയിരം വഴികൾ ഉണ്ടന്നിരിക്കെ.. മനുഷ്യൻ എന്തിനാണ് കൃതമായി സ്നേഹത്തെ തന്നെ കൂട്ട് പിടിക്കുന്നതറിയുവോ നിങ്ങൾക്ക്?അതിന്റെ പിന്നിലൊരു ലോജിക്കുണ്ട്.. എന്തെന്നറിയുവോ..?”

ക്രൂരമായൊരു ചിരിയോടെ ഷാഹിദ് അവരെ തുറിച്ചു നോക്കി.

“തകർക്കാനും തളർത്താനും സ്നേഹത്തിനോളം മികച്ചൊരു ആയുധവും ഇന്നേ വരെ ആരും കണ്ട് പിടിച്ചിട്ടില്ല… ഇനി കണ്ടു പിടിക്കാനും പോകുന്നില്ല..”

അവന്റെ കഴുകൻ കണ്ണുകളിൽ വല്ലാത്തൊരു ഭാവം.

“ഞാനവളെ സ്നേഹിക്കും.. സ്നേഹം കൊണ്ടങ്ങു വീർപ്പു മുട്ടിക്കും. ഒടുവിൽ… ഒടുവിലീ ഷാദിക്ക എന്ത് പറഞ്ഞാലും അവളനുസരിക്കുന്ന വിധം.. ഞാനവളെ എന്റെ സ്നേഹം കൊണ്ട് കെട്ടിയിടും…”

കൈകൾ വിരിച്ചു… കണ്ണടച്ചു കൊണ്ട് ഷാഹിദ് പതിയെ പറഞ്ഞു..

പിന്നെ.. ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു..

❣️❣️

“നിങ്ങളല്ലേ എല്ലാത്തിനും അവളെ അനാവശ്യമായി സപ്പോർട്ട് ചെയ്യാറുള്ളത്.?ഞാൻ പറയുന്നത് കേൾക്കാൻ പോലും കൂട്ടാക്കാത്ത വിധം എന്റെ മക്കളെ പറഞ്ഞു തിരിച്ചതും നിങ്ങളല്ലേ?”

മുന്നിൽ നിന്നും പരിധി വിട്ട് വർക്കി ഉറഞ്ഞു തുള്ളിയപ്പോൾ ഡെയ്സി ദേഷ്യത്തോടെ ചോദിച്ചു.

വർക്കി അവരെ തുറിച്ചു നോക്കി.

അവളുടെ കൂട്ടുകാരിയെയും സ്കൂൾ പ്രിൻസിപ്പളിനെയും വിളിച്ചിട്ട് ദിൽനയെ അന്വേഷിച്ചപ്പോൾ മാത്രമാണ് അവൾ അന്നങ്ങോട്ട് ചെന്നില്ലെന്ന് വർക്കിയും.. അയാൾ പറഞ്ഞിട്ട് ഡെയ്സിയും അറിയുന്നത്.

വന്നു കയറിയപ്പോൾ തുടങ്ങിയ പ്രഹസനമാണ് അയാൾ.

എതിർത്തൊന്നും പറയാൻ കഴിയാത്ത വിധം തളർന്നു പോയ ഡെയ്സിയുടെ നിറഞ്ഞ കണ്ണുകളപ്പോഴും ഗേറ്റിലേക്ക് തന്നെ നീണ്ടു.
ഒട്ടും സഹിക്കാൻ വയ്യാതെയായപ്പോഴുള്ള ആ മറുപടിക്ക്.. കൈ വീശി അടിച്ചു കൊണ്ടാണ് വർക്കി ദേഷ്യം തീർത്തത്.

“നീ അമ്മയല്ലേ? നീയല്ലേ ശ്രദ്ധിക്കേണ്ടത്?”

കലിയോടെ അയാൾ മുരണ്ടു.

“എന്റെ മക്കളുടെ കാര്യം നോക്കാൻ തത്കാലം എനിക്കറിയാം. നീ ഒന്നിലും ഇടപെട്ട് നശിപ്പിക്കാതിരുന്നാ മതി.”യെന്ന് മക്കളുടെ മുന്നിൽ വെച്ചു ഡെയ്സിയോട് പറഞ്ഞതെല്ലാം സൗകര്യപൂർവ്വം അപ്പോൾ അയാൾ മറന്നു കളഞ്ഞിരുന്നു.

“ഞാനെന്ന അമ്മയ്ക്ക് മക്കളുടെ മുന്നിൽ വിലയില്ലാതെയാവുന്നത് നിങ്ങളെന്ന അച്ഛൻ കാരണമാണ് ”

വീണ്ടും അടി കിട്ടുമെന്ന് ഉറപ്പുണ്ടായിട്ടും ഡെയ്സി പറഞ്ഞു.

പ്രതീക്ഷിച്ചത് പോലെ വർക്കിയുടെ കൈകൾ ഡെയ്സിയുടെ കഴുത്തിൽ മുറുകി..

ആ കാഴ്ചയും കണ്ടു കൊണ്ടാണ് ക്രിസ്റ്റി അകത്തേക്ക് കയറി വന്നത്.

ഊക്കോടെ പിന്നിലുള്ള വാതിലിനൊരു ചവിട്ട് കൊടുത്തു അവൻ.
ഞെട്ടി കൊണ്ട് വർക്കി നോക്കിയതും ദേഷ്യം കൊണ്ട് കലങ്ങിയ അവന്റെ കണ്ണുകളാണ് ആദ്യം കണ്ടത്.

അറിയാതെ തന്നെ വർക്കിയുടെ കൈകൾ അയഞ്ഞു.

ഡെയ്സിയുടെയും കണ്ണുകൾ അവന്റെ കല്ലിച്ച മുഖത്തേക്കാണ്.

വർക്കിക്ക് നേരെയാണ് അവന്റെ നോട്ടം.

“മറിയാമ്മച്ചി… ദിലു… അവള് വന്നില്ല ”

നെഞ്ചിൽ നിന്നുമുയരുന്ന ഡെയ്സിയുടെ വാക്കുകൾ കേട്ടതും ക്രിസ്റ്റിയുടെ കണ്ണുകൾ പിടച്ചു.

“വന്നില്ലേ..? വരാതെ പിന്നെയെവിടെ പോയി?”

മറിയാമ്മച്ചി ക്രിസ്റ്റിയെ കടന്ന് ഡെയ്സിയുടെ അരികിൽ ചെന്നു കൊണ്ട് ചോദിച്ചു.

“എനിക്കറിയില്ല. സ്കൂളിലും എത്തിയിട്ടില്ലെന്ന് ”

പാതി കരച്ചിലോടെയാണ് പറയുന്നത്.

രാവിലെ തനിക്ക് മുന്നിൽ നിന്നിരുന്ന ദിൽനയുടെ മുഖം ക്രിസ്റ്റിയുടെ ഉള്ളിലേക്ക് ഇരച്ചെത്തി.

അവളുടെ മുഖത്തു കണ്ട ആ പതർച്ച..

അവന്റെ ഹൃദയം അതിശക്തമായി മിടിച്ചു.

അന്നത്തെ ദിവസം അവനെ പൊതിഞ്ഞു നിന്നിരുന്ന ആ അസ്വസ്ത്ഥത വീണ്ടും അവനിലേക്ക് വലിഞ്ഞു കയറി ശ്വാസം മുട്ടിച്ചു.

തൊട്ടരികിൽ നിന്നുള്ള ഡെയ്സിയുടെ ച്ചങ്ക് പൊട്ടിയുള്ള കരച്ചിൽ.

അകത്തേക്ക് കയറിയവൻ.. തിരിച്ചിറങ്ങി.

“ഞാൻ.. ഞാൻ നോക്കിയിട്ട് വരാം.. പേടിക്കേണ്ട..”

ആടോടെന്നില്ലാതെ അത്രയും പറഞ്ഞു കൊണ്ടവൻ മുറ്റത്തേക്ക് തന്നെ ഓടിയിറങ്ങി.

“ഓഓഓ… എന്റെ മോളെ അന്വേഷിച്ചു കണ്ടു പിടിക്കാൻ എനിക്കൊരു വരത്തന്റെയും സഹായം വേണ്ടടി. വെറുതെ ഷോ കാണിക്കാൻ നിൽക്കാതെ കയറി പോകാൻ പറ നീ ”

മുറ്റത്തേക്കിറങ്ങിയ ക്രിസ്റ്റിയെ നോക്കി വർക്കി ഡെയ്സിയോട് പറഞ്ഞു.

കൈകൾ ചുരുട്ടി പിടിച്ചു കൊണ്ട് ക്രിസ്റ്റി ദേഷ്യമൊതുക്കി.
ഈ സമയം അയാളുടെ വാക്കുകൾക്ക് മറുപടി കൊടുത്തു കളയാനുള്ളതല്ലെന്ന് അവന് നന്നായി അറിയാമായിരുന്നത് കൊണ്ട് തന്നെ ധൃതിയിൽ കാറിന്റെ നേരെ ഓടി

ഡോർ തുറക്കും മുന്നേ ഗേറ്റ് കടന്നൊരു കാർ കടന്നു വന്നിരുന്നു.

മുഖത്തേക്ക് വെളിച്ചം വീണതും ക്രിസ്റ്റി കൈകൾ കണ്ണിന് മീതെ വെച്ച് കാറിന് നേരെ സൂക്ഷിച്ചു നോക്കി.

തുടരും.