11/05/2026

6

“ഞാനെന്റെ മോന് വേണ്ടിയല്ലെ മാഷെ ജീവിക്കുന്നത് തന്നെ” ഒരു ചിരിയുടെ ഇമോജി കൂടി അയച്ച് കൊണ്ടാണ് അനിത എന്നോട് അത് പറഞ്ഞത്. ഒന്നോ രണ്ടോ മാസം ആയിക്കാണും അവളെ പരിചയപ്പെട്ടിട്ട്. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിൽ വെച്ച് അമ്മയാണ് അവളെ എനിക്കു പരിചയപ്പെടുത്തി തന്നത്. ഞങ്ങളുടെ വളരെ അകന്ന ഒരു ബന്ധു കൂടിയാണത്രെ അവൾ. അമ്മയ്ക്ക് ഇങ്ങെനെ ഉള്ള ഓരോരുത്തരെയും അറിയാം എനിക്കാണെങ്കിൽ അടുത്ത ബന്ധുക്കളെ മാത്രമേ അറിയുള്ളൂ. ഓരോരുത്തരെ പറ്റി പറയുമ്പോഴും അവരെ കുറിച്ച് പറയാൻ ഓരോ കഥകളും ഉണ്ടാകും അമ്മയ്ക്ക്.

”അതിന്റെ കാര്യം വല്യ കഷ്ടാണെന്നേ.
വീട്ടിൽ അമ്മയും അവളും ആ കുഞ്ഞും മാത്രെ ഉള്ളൂ. അവൾക്കാണെ കുഞ്ഞുള്ളത് കൊണ്ട് ഒരു പണിക്ക് പോകാനും പറ്റുന്നില്ലല്ലോ” അവൾ ഞങ്ങളുടെ അടുത്തു നിന്നും പോയതേ അമ്മയോട് വേറൊരു പ്രായമുള്ള അമ്മായി പറയുന്നത് ഞാനും കേട്ടു. അപ്പൊൾ ഭർത്താവിനെ പറ്റി ഒന്നും പറയാതിരുന്നത് എന്താകും എന്ന് ഞാൻ ആലോചിച്ചു.

“ഇത് ആ പെണ്ണല്ലെ അന്നു കല്യാണ വീട്ടിൽ കണ്ടത് ”
അന്ന് പരിചയപ്പെട്ടു ഒരാഴ്ചയോളം കഴിഞ്ഞു കാണും ഞാൻ അമ്മയ്ക്ക് നേരെ ഫോൺ നീട്ടി. ഫേസ്ബുക്കിൽ അവളും കുഞ്ഞും നിൽക്കുന്ന ഒരു ഫോട്ടോ കണ്ടതോടെ ഒരു റിക്വസ്റ്റ് വിട്ടുകൊണ്ടാണ് ഞാൻ അമ്മയെ കാണിച്ചത്.

“ആ അവള് തന്നെ. എന്തൊരു നല്ല മോനാ അല്ലെ.” അമ്മയുടെ ശ്രദ്ധ അവളുടെ മോന്റെ നേർക്ക് ആയിരുന്നു. അല്ലേലും കുഞ്ഞുങ്ങളെ നോക്കുന്നതിലും അവരെ പറ്റിയുള്ള അഭിപ്രായം പറയുന്നതിലും അമ്മമാരുടെ കഴിവ് വേറെ തന്നെ ആണല്ലോ. അമ്മയും ആയുള്ള സംസാരത്തിനിടയ്ക്ക് അവളുടെ ഭർത്താവിനെ പറ്റിയുള്ള വിവരങ്ങളും കിട്ടി. ഒരു മനോജ്.
ഞങ്ങളുടെ അടുത്ത നാട്ടുകാരൻ ആണ്. അവനെ സഹിക്കാൻ പറ്റാതെ പിരിഞ്ഞതാണത്രെ. ആ പെണ്ണിന്റെ വിധി എന്നാണ് അമ്മ അവസാനം പറഞ്ഞത്.

വൈകുന്നേരത്തെ ചായയൊക്കെ കഴിഞ്ഞ് മൊബൈലെടുത്തു നോക്കുമ്പോൾ ഒരു നോട്ടിഫിക്കേഷൻ ഉള്ളത് അവൾ എന്റെ റിക്വസ്റ്റ് സ്വീകരിച്ചതിന്റെ ആയിരുന്നു.

“ആളെ മനസിലായിട്ട് തന്നെ ആണോ റിക്വസ്റ്റ് സ്വീകരിച്ചത്” എന്റെ ആദ്യ മെസേജ് അവൾ അപ്പോൾ തന്നെ സീൻ ചെയ്തു.

“ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ഉടനെ പെൺകുട്ടികൾക്ക് മെസേജ് അയക്കുന്നത് അത്ര നല്ല സ്വഭാവം അല്ല കെട്ടോ” കൂടെ പുഛത്തിന്റെ രണ്ടു മൂന്ന് ഇമോജിയും ആയിരുന്നു അവളുടെ മറുപടി.

“അയ്യോ സോറി അതെനിക്കറിയില്ലായിരുന്നു എന്നാൽ ഞാൻ ഒരാഴ്ച്ച കഴിഞ്ഞ് വരാട്ടോ” അവൾക്കു മറുപടി ആയിട്ട് അയച്ചത് അതാരുന്നു. അതിനെ അവൾ ഒരു ചിരിയുടെ ഇമോജിയോടുകൂടി സ്വാഗതം ചെയ്തു. അതായിരുന്നു തുടക്കം.

“അപ്പൂന് എത്ര വയസായി?” ഇടയ്ക്ക് അവളും അവളുടെ മോൻ അപ്പുവും ചേർന്നു നിൽക്കുന്ന ഫോട്ടോ സ്റ്റാറ്റസായി ഇട്ടതുകണ്ടപ്പോൾ ഞാൻ അവളോട് ചോദിച്ചു. അവന് രണ്ടര ആയെന്നും ഇന്നലെ ടൗണിൽ പോകും മുൻപ് എടുത്ത ഫോട്ടോയാണ് അതെന്നും അവൾ പറഞ്ഞു.
ഒരു ഇളം നീല ജീൻസ് പാന്റും ബനിയനും ഒരു തൊപ്പിയും വെച്ച് കൺമഷി കൊണ്ട് പൊട്ടും തൊട്ട് നിൽക്കുന്ന അവന്റ ഫോട്ടോ അമ്മയെ കാണിക്കാൻ ഞാൻ മറന്നില്ല.

എനിക്കും അനിതയ്ക്കും ഇടയിലെ സൗഹാർദം പതുക്കെ വളരുകയായിരുന്നു.

“ഞാനൊരു കാര്യം ചോദിക്കട്ടെ?” അന്നു ഒരു ദിവസം ചാറ്റിക്കൊണ്ടിരിക്കവേ അവളും ഹസ്ബന്റും പിരിയാനുള്ള കാരണം അറിയാൻ വേണ്ടി ഒരു മുൻകൂർ ജാമ്യം എന്നത് പോലെ ഞാൻ അയച്ചു.

“ചോദിക്ക്. അതിനിപ്പൊ എന്തിനാ ഒരു മുൻകൂർ ജാമ്യം”

“നിനക്ക് വിഷമം ആകുമോ?” ചോദിക്കാൻ പോകുന്നത് അവളുടെ പേഴ്സണൽ കാര്യം ആയത് കൊണ്ട് ഞാൻ എന്റെ ആശങ്ക അവളെ ഒന്നൂടെ ഓർമിപ്പിച്ചു.
“എന്റെ മാഷെ എന്തു വേണേലും ചോദിച്ചോ ഒരു വിഷമോം ഇല്ല ഇനി ഞാൻ കരയുകയും ഇല്ല” അത് അവളുടെ ഉറച്ച മറുപടി ആയിരുന്നു.

“അപ്പൊൾ കരഞ്ഞിരുന്നു അല്ലേ” അവളുടെ മറുപടി കണ്ടതോടെ ഞാൻ ചോദിച്ചു.

“ഇഷ്ടം പോലെ” അവളുടെ മറുപടിയുടെ കൂടെ ചിരിയുടെ ഇമോജിയും ഉണ്ടായിരുന്നു.

“ആദ്യമായി ഹസ് എന്നോട് തെറി പറഞ്ഞപ്പോൾ പിന്നിട് ഒരിക്കൽ എന്റെ മുഖത്ത് അടി കിട്ടിയപ്പോൾ , ഒരു കാര്യവും ഇല്ലാതെ അമ്മായി അമ്മ എന്നെ കുറ്റപ്പെടുത്തിയപ്പോൾ അങ്ങനെ കൊറേ കരഞ്ഞിട്ടുണ്ട് . ആ പിന്നേ അന്നൊരിക്കൽ അമ്മായി അമ്മ എന്തോക്കെയോ പറഞ്ഞതിന് എന്നെ അടുക്കളേൽ വച്ചു ഹസ് തല്ലിയിരുന്നു അപ്പൊഴത്തേ ദേഷ്യത്തിനു പുള്ളിക്കാരൻ എന്റെ മേലേക്ക് ഗ്യാസിനു മേലെയുള്ള ചായ പാത്രം എടുത്ത് അടിച്ചതാ അതിൽ ചൂടുവെള്ളം ഉള്ളത് പുള്ളീം കണ്ടു കാണില്ല എന്നാ തോന്നുന്നേ ആകെ എന്റെ ദേഹം മുഴുവൻ പൊള്ളിയെന്നേ അന്നാണ് ഞാൻ ശെരിക്കും കരഞ്ഞത്. അന്ന് അവിടുന്ന് ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ഞാൻ തീരുമാനിച്ചതാ ഇനി ഞാനും എന്റെ മോനും അവിടേക്ക് പോവില്ല എന്നും കരയില്ല എന്നും. അതു കൊണ്ട് മാഷ് എന്തു വേണേലും ചോദിച്ചോ” അവളുടെ നീണ്ട മെസേജിലേക്ക് ഞാൻ കണ്ണോടിച്ചു. എനിക്കുള്ള ഉത്തരങ്ങളെല്ലാം അതിലുണ്ടായിരുന്നു.

“മാഷെന്താ മിണ്ടാത്തെ? എന്തോ ചോദിക്കണം എന്നു പറഞ്ഞിട്ട്?” എന്റെ മൗനം കണ്ടിട്ട് അവൾ വീണ്ടും മെസേജ് അയച്ചു. എനിക്ക് ഇനി ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ഞാൻ ആ വിഷയം തന്നെ അവസാനിപ്പിച്ചു.

“മാഷേ എനിക്കൊരു ജോലി ശെരിയായി കെട്ടോ” രണ്ടു ദിവസത്തിനു ശേഷം അവൾ സന്തോഷത്തോടെ വന്നു പറഞ്ഞു.
“അടുത്തുള്ള ഒരു തുണിക്കടയിലാണ്. മാസം ഒരു നാലായിരം രൂപ കിട്ടും. വെറുതെ നിൽക്കണ്ടല്ലോ അപ്പുവിനെ നോക്കാൻ അമ്മയുണ്ടല്ലോ.” അവൾ സന്തോഷത്തോടെ മെസേജ് ഇട്ടു.
അവളുടെ അമ്മ ഇപ്പൊ തീരെ വയ്യാതെ ആയി ജോലിക്കൊന്നും പോകാതെ വീട്ടിൽ തന്നെയാണ്. സാമ്പത്തീക കാര്യങ്ങൾ അവൾ പറയാതെ തന്നെ വളരെ കഷ്ടമാണെന്ന് എനിക്കും അറിയാമായിരുന്നു. അപ്പുവിനു മൂന്ന് വയസാവാറായി ഇപ്പൊ അവളില്ലേലും അങ്ങനെ കരച്ചിലൊന്നും ഇല്ല. കടയിലേക്ക് നടന്നു പോകാനുള്ള ദൂരമേ ഉള്ളൂ. അങ്ങനെ കടയിലേക്ക് പോകാൻ തുടങ്ങിയതിൽ പിന്നെ അവളിലും ഒരു ആത്മവിശ്വാസമൊക്കെ കണ്ടു.

‌ കടയിൽ ഒഴിവു സമയങ്ങളിൽ ഓടി വന്നു മെസേജിടാൻ അവൾ മറക്കാറില്ല.
അപ്പുവിനെ പറ്റി ചോദിക്കുമ്പോൾഅവൾക്ക് ഇപ്പൊ പരാതിയാണ്. അവന് ഇപ്പോൾ അവളെ വേണ്ടെന്നും അമ്മയെ മതിയെന്നും ഒക്കെ. അവളുടെ സങ്കടങ്ങൾ എല്ലാം ഒരു ചിരിയോടെ കേൾക്കുന്ന എന്നെ കാണുമ്പോൾഅവൾക്ക് കലിവരും.

“എന്റെ മാഷേ മോനൊരു സൈക്കിൾ വേണം അതിനു കൊറേ പൈസ ആകുമോ” ഉച്ച ആയപ്പോൾ അവൾ എന്നോട് അന്വേഷിച്ചു. കുട്ടികളുടെ സൈക്കിളിന് മൂവായിരത്തോളം വേണം എന്നു ഞാൻ പറഞ്ഞു.

“ഈശ്വരാ ആ ചെറിയ സൈക്കിളിനോ” അവൾക്ക് അമ്പരപ്പ്. അവൾ പ്രതീക്ഷിച്ചത് ഒരു അഞ്ഞൂറൊക്കെ ആണത്രെ. അപ്പുവാണെങ്കിൽ ഇപ്പൊ എന്നും കരച്ചിലാണ്. അവളുടെ വീടിനടുത്ത വീട്ടിലെ കുട്ടിക്ക് സൈക്കിൾ വാങ്ങി കൊടുത്തിട്ടുണ്ട്. അതു കണ്ടതിൽ പിന്നെയാണ് അവനും ആഗ്രഹം.

“അപ്പൂനും വേണം” ഓരോ തവണ ആ സൈക്കിൾ കാണുമ്പോഴും അവനു പറ്റുന്നത് പോലെ അവളെ ഓർമ്മിപ്പിക്കും. ഒടുവിൽ “അമ്മ മോന് പിറന്നാളിനു വാങ്ങിതരാം” എന്നു പറഞ്ഞാണ് അവനെ അവൾ സമാധാനിപ്പിക്കുന്നത്.

“മാഷേ ഇതു കണ്ടോ” ചില്ലറ പൈസ ഇട്ടു വെക്കുന്ന ഒരു ഭരണിയുടെ ഫോട്ടോ തെളിഞ്ഞു.

“ഇതെന്താ?” ഞാൻ ചോദിച്ചു.

” ആ ഇതൊരു സംഭവം ആ ഇതിനുള്ളിൽ ഒരു സൈക്കിൾ ഉണ്ട്” ഒരു ചിരിയോടെ അവൾ പറഞ്ഞു.
എല്ലാ ദിവസവും വീട്ടിലെത്തുമ്പോൾ അപ്പു അവളെയും നോക്കി ഉമ്മറത്ത് ഉണ്ടാകും സൈക്കിൾ ഇന്നു വാങ്ങും നാളെ വാങ്ങും എന്നു പറഞ്ഞ് കൊണ്ട് അവനെ സമാധാനിപ്പിക്കുകയാണ് അവളും അമ്മയും. സൈക്കിൾ കൊണ്ടുവരുന്നുണ്ടോ എന്നറിയാനുള്ള ആകാംക്ഷയാണ് അവന് അതുകൊണ്ട് അവൾ ഒന്നിച്ച് എടുക്കാൻ പൈസ ഉണ്ടാവില്ലല്ലോ എന്നു കരുതി അങ്ങനെ ഒരു കുടുക്ക വാങ്ങിച്ചതാണ്. എല്ലാ ദിവസവും വൈകുന്നേരം അപ്പുവിന് അവൾ ഒരു മിഠായിയും പത്തു രൂപയും കൊടുക്കും അതിലിടാൻ പിറന്നാൾ ആകുമ്പോഴേക്കും കുറച്ച് പൈസ ആകുമല്ലോ ബാക്കി കൈയിൽ നിന്നും എടുത്ത് അവന് സൈക്കിൾ വാങ്ങിക്കും അതാണ് ലക്ഷ്യം ചിരിയോടെ അവൾ ഓരോന്നും പറഞ്ഞു.

“ഈ തവണ അപ്പുവിന്റെ പിറന്നാളിനു നീ ആ കുടുക്കപൊട്ടിക്കേണ്ടി വരില്ല” ഞാൻ മനസിൽ പറഞ്ഞു. അവന് ഒരു സൈക്കിൾ എന്തായാലും വാങ്ങിച്ചു കൊടുക്കണം എന്നു ഞാൻ മനസിലുറപ്പിച്ചിരുന്നു. അതു കൊണ്ട് തന്നെയാണ് ഞാൻ അങ്ങനെ കരുതിയത്. അത് ഞാൻ വീട്ടിൽ എന്റെ അമ്മയോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എനിക്ക് പൈസ ചിലവാക്കാൻ പെങ്ങളൊന്നും ഇല്ലല്ലോ അതു കൊണ്ട് അമ്മയ്ക്കും നൂറുവട്ടം സമ്മതം.

‌ ******

‌ മൊബൈൽ,കൈയ്യിൽ കെട്ടിയ കറുത്ത ചരട് ഫാൻസി കമ്മൽ തിരൂർ പൊന്നിന്റെ മാല ഒരു പേഴ്സും. അതു ഞാൻ തുറന്നു നോക്കി. ചതഞ്ഞരഞ്ഞ ഒരു ചോക്ലേറ്റും ഒരു പത്ത് രൂപയും. അതായിരുന്നു അടുത്ത ദിവസം ആശുപത്രിയിൽ നിന്നും നേഴ്സ് എനിക്കുനേരെ നീട്ടിയത്. ബസിനു മുന്നിലേക്ക് ചാടിയതാണെന്നും വീണതാണെന്നും പറയുന്നു.

‌ “മാഷേ എനിക്കൊരു ജ്യൂസ് കുടിക്കാൻ കൊതിയാകുന്നു” ഇന്ന് ഉച്ചയ്ക്ക് കടയിൽ നിന്നും അവളയച്ചതാണ് അത്. അപ്പൊതന്നെ പോയി കുടിക്കാൻ പറഞ്ഞെങ്കിലും
‌ “അയ്യട മാസാവസാനം ആണ് ഒന്നാം തീയതിയേ പൈസ കിട്ടുള്ളൂ അമ്മേടെ കൈയ്യിൽ നിന്നാ രാവിലെ അമ്പതു രൂപ വാങ്ങിയേ” അതായിരുന്നു അവളുടെ മറുപടി.

ബോഡി ആബുലൻസിലേക്ക് മാറ്റുമ്പോൾ അവിടെ ഉള്ള ആരുടെയോ കൈയ്യിലേക്ക് ഞാൻ ആ സാധനങ്ങൾ കൈമാറി. എന്തോ അവളുടെ ബോഡിയും ആയി അവിടേക്ക് പോകാനോ അപ്പുവിനെ കാണാനോ തോന്നിയില്ല. വീട്ടിൽ തിരിച്ചെത്തി കൊറേ നേരം കരഞ്ഞു. എവിടെയോ വല്ലാത്തൊരു വിങ്ങലായിരുന്നു.

xxx

ഓട്ടോ നിർത്തി അമ്മയും ഞാനും ഇറങ്ങി. മുറ്റത്തൊക്കെ ആകെ ചപ്പുചവറുകൾ വീണിരിക്കുന്നു. ഓട്ടോയുടെ ശബ്ദം കേട്ടതു കൊണ്ടാവാം അനിതയുടെ അമ്മ അപ്പുവിന്റെ കൈ പിടിച്ച് പുറത്തേക്കു വന്നു. വാഹനങ്ങളെയും അതിന്റെ ശബ്ദത്തേയും വല്ലാത്ത പേടിയാണ് ഇപ്പൊൾ അവർക്ക്. അപ്പുവിന് ഇപ്പോൾ പണ്ടത്തെ ഉഷാറില്ല.
ക്ഷീണിച്ചിരിക്കുന്നു അവൻ.

“അവള് പോയില്ലേ ഇനി എന്തിനാ” അനിതയുടെ അമ്മ ആരോടെന്നില്ലാതെ സംസാരിച്ചു. ആരും മറുപടി ഒന്നും പറഞ്ഞില്ല.
ഞങ്ങൾക്കിടയിൽ മൗനമാണ് കൂടുതൽ സംസാരിച്ചത്. കുറച്ചു നേരം അവിടിരുന്നതിനു ശേഷം ഞാനാണ് ആദ്യം ഉമ്മറത്തേക്ക് ഇറങ്ങിയത്. അമ്മ അവരുടെ കൈയ്യിലേക്ക് ചിലവിന് എന്നും പറഞ്ഞ് നിർബന്ധിച്ച് കുറച്ച് പൈസ കൈമാറി. വാങ്ങാൻ സമ്മതിക്കാതിരുന്ന അവരുടെ കൈയ്യിലേക്ക് നിർബന്ധപൂർവം വെച്ചു കൊടുക്കുകയായിരുന്നു. എനിക്കു പിന്നാലെ ഉമ്മറത്തേക്ക് ഓട്ടോ നോക്കാൻ വേണ്ടി വന്ന അപ്പുവിന്റെ കൈയ്യിൽ ഞാൻ പേഴ്സിൽ നിന്നും “മുട്ടായി വാങ്ങിച്ചോ മോൻ” എന്നും പൈസയെടുത്തു കൊടുത്തു. അവൻ അതും വാങ്ങി അകത്തേക്ക് നടക്കുന്നത് ഞാൻ നോക്കുകയായിരുന്നു. ഉമ്മറത്തേക്ക് വരാൻ തുടങ്ങുന്ന അമ്മയ്ക്ക് മുന്നിലൂടെ നടന്നു പോയ അവൻ ആ പൈസ കുടുക്കയിലേക്കാണ് ഇട്ടത്.

“അല്ല മാമൻ മുട്ടായി വാങ്ങിക്കാൻ തന്ന പൈസ കുടുക്കയിലാണോ ഇട്ടേ” അമ്മയുടെ ചോദ്യം കേട്ട് അവൻ ഒന്നു ഞെട്ടി. ചെയ്തത് തെറ്റായോ എന്ന ഭാവത്തോടെ അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി കുറച്ചു നേരം നിന്നു.

“അത് അമ്മ അപ്പൂന് ശൈക്കില് …മേടിക്കാൻ” അവൻ വിക്കി വിക്കി പറഞ്ഞു.
നിശബ്ദത നിറഞ്ഞ ആ അന്തരീക്ഷത്തിൽ എന്റെ അമ്മയും കരയുകയായിരുന്നു. “അപ്പൂസിനു ശൈക്കില് വാങ്ങാൻ പോയതല്ലേ അമ്മ” ഇടയ്ക്ക് അമ്മയുടെ ഓർമ്മകൾ വരുമ്പോൾ അവൻ അങ്ങനെ പറയുമത്രെ. ആരോ പറഞ്ഞ കള്ളം അവനിപ്പൊഴും മറന്നിട്ടില്ല. പിടിച്ചു നിൽക്കാൻ ആവില്ല എന്നറിയുന്നത് കൊണ്ട് ഞാൻ വേഗം ഓട്ടോയ്ക്ക് നേരെ നടന്നു.

നിങ്ങളിലാരെങ്കിലും അതുവഴി പോകുമ്പോൾ അപ്പൂസിനു ഒരു സൈക്കിൾ വാങ്ങി കൊടുക്കുമോ എനിക്കു വേണ്ടി?

മണ്ടശിരോമണി