രചന – ലക്ഷ്മി ലച്ചു
കഴിഞ്ഞുപോയ കുട്ടിക്കാലം ആദിയുടെ മനസ്സിലേക്ക് ഓടി വന്നു.
കുട്ടിക്കാലം മുതൽ ഞങ്ങൾ മൂന്നുപേരും ആയിരുന്നു കൂട്ട്. ഉണ്ണിയേട്ടൻ അപ്പോഴും എതിർപ്പു പ്രകടിപ്പിച്ചു മാറിനിൽക്കുകയായിരുന്നു പതിവ് .
മണ്ണപ്പംചുട്ടു കളിക്കാനും അച്ഛനുമമ്മയും കളിക്കുമ്പോഴും ഞാനും ഋതുവും ആയിരുന്നു ജോഡി.
മത്സരങ്ങളിൽ വിജയിച്ച രാജകുമാരന് രാജകുമാരിയുടെ ഇടംകൈ രാജകുമാരന്റെ വലം കൈയിൽ വച്ചു കൊടുത്തത് ജേഷ്ഠനായ ഇനിവരും രാജാവായിരുന്നു ( ശ്രീകുട്ടൻ.)
അന്നുമുതൽ ആണ് ഞാൻ അവളെ സിൻഡ്രല്ല കുട്ടി എന്ന് കളിയാക്കി വിളിക്കാൻ തുടങ്ങിയതു.
വീട്ടിൽ നിന്നും അമ്മ തരുന്ന സ്വാദുള്ള മധുരപലഹാരത്തിന്റെ ഒരു പങ്ക് ഞാൻ അവൾക്കായി മാറ്റിവെക്കും .അതിന്റെ പാതി ശ്രീക്കു മുറിച്ചു കൊടുക്കുമ്പോൾ എന്റെ ഉള്ളിൽ അല്പം അസൂയ മുളപൊട്ടും
സ്കൂളിൽ പോകുമ്പോഴും ശ്രീ അവൾക്ക് കൊടുക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ ഞാൻ ഋതുവിന് കൊടുക്കുമായിരുന്നു.
റോഡിന്റെ അരിക് ചേർത്ത് മാത്രമേ അവൾ നടക്കാൻ ഞാൻ സമ്മതിചിരുന്നുള്ളൂ.
പിന്നീട് എപ്പോഴോ ആ ഒരു ഇഷ്ടം പ്രണയമെന്ന പ്രതിഭാസത്തിലേക്ക് വഴിമാറി .
പിന്നീട് ഞാൻ അവളെ കാണുമ്പോൾ എന്റെ കണ്ണിൽ അവളോടുള്ള പ്രണയം മാത്രമായിരുന്നു.
വയസ്സറിയിച്ചു അവൾ ഋതുമതി ആയപ്പോൾ ഞങ്ങളോട് കളിക്കുന്നതിൽ അവൾക്ക് നിയന്ത്രണമേർപ്പെടുത്തി .
പുറത്തേക്ക് വിടാതെ ഒരു മുറിയിൽ അവൾ ബന്ധിക്കപ്പെട്ടു .
അവളെ കാണാതിരിക്കുക എന്നത് എന്റെ മരണത്തിന് തുല്യമായിരുന്നു.
അങ്ങനെയാണ് മേലേടത്ത് വീട്ടിലെ രണ്ടാമത്തെ കെട്ടിടത്തിനു മുകളിൽ വലിഞ്ഞു കയറി പൊട്ടിയ ഓടിനിടയിലൂടെ ഞാൻ ഋതുവിനെ മതിവരുവോളം നോക്കിയിരുന്നു.
മുണ്ടിനിടയിലൂടെ നുഴഞ്ഞുകയറിയ ചോണനുറുമ്പിന്റെ കടി സഹിക്കവയ്യാതെയാണ് ഞാൻ നിലത്തേക്ക് ചാടിയത് .ശ്രീക്കുട്ടന്റെ മുമ്പിലേക്ക് ആയിരുന്നു ആ എടുത്തുചാട്ടം.
എന്താടാ നിനക്ക് വീടിന്റെ മുകളിൽ ഒരു ചുറ്റിക്കളളി. കുറച്ചു നേരമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . ഇത്ര കഷ്ട്ടപ്പെട്ട് വലിഞ്ഞു കയറി അവിടെ നീ എന്ത് ചെയ്യുകയായിരുന്നു.
അത് ഞാൻ വെറുതെ…. ഇതിനു മുകളിൽ ഇരുന്നാൽ ഇവിടുത്തെ നെൽപ്പാടം മുഴുവനായി കാണാൻപറ്റും. എന്തു രസമാണ് ആ കാഴ്ച കാണാൻ .അത് കാണാനായി ഒന്ന് കയറിയതാണ് .
ഓഹോ അപ്പോൾ നെൽപ്പാടം ഓട് പൊട്ടിയ വിടവിലൂടെ അവളുടെ മുറിയിൽ നോക്കിയൽ കണമോ.? ആൺകുട്ടിയാണ് എന്നുപറഞ്ഞ് നടന്നാൽ പോരാ .അവളെ ഇഷ്ടമാണെങ്കിൽ അവളുടെ മുഖത്ത് നോക്കി ആ ഇഷ്ടം നീ പറയണം. അല്ലാതെ മനസ്സിൽ കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ല .
ശ്രീ അങ്ങനെ പറഞ്ഞപ്പോൾ നാണത്താൽ എന്റെ മുഖം ചുമന്നു. ഞാനറിയാതെ തന്നെ എന്റെ കാലിലെ തള്ളവിരൽ നിലത്ത് ചിത്രം വരച്ചു.
എടാ പൊന്ന അളിയാ… നിനക്ക് ഇഷ്ടമാണെങ്കിൽ ഒരു വാക്ക് എന്നോട് പറഞ്ഞൂടായിരുന്നോ. ഞാനവളോട് പറയില്ലേ…? നിന്നെപ്പോലെ നല്ലൊരു പയ്യനെ ഈ കാലത്ത് എന്റെ പെങ്ങൾക്ക് കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യമാണ് .എന്റെ മനസ്സിൽ ഒരു മോഹം ഉണ്ടായിരുന്നു .പിന്നെ നിന്റെ ഇഷ്ടം എന്താണെന്ന് അറിയില്ലല്ലോ .. ? അതുകൊണ്ടാണ് ഞാൻ പറയാതിരുന്നത്.
എനിക്കു ശ്രീയുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം സഹിക്കാൻ ആയില്ല.
ഒരു ജോലി കിട്ടിയിട്ട് അവളോട് ഈ കാര്യം പറഞ്ഞാൽ മതിയെന്ന് ഞാനാണ് ശ്രീയോട് പറഞ്ഞത്.
പിന്നീടങ്ങോട്ട് ചില്ലറയൊന്നുമല്ല സ്വപ്നങ്ങൾ നെയ്തു കൂട്ടിയത് .രാവും പകലും വേർതിരിവില്ലാതെ ഞാൻ സ്വപ്നങ്ങൾ നെയ്യ്തു കൊണ്ടേയിരുന്നു.
പത്തു പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം ഞാൻ വീണ്ടും ഋതുവിനെ കണ്ടു
അമ്പലത്തിന്റെ ആൽത്തറയിൽ ഞാനും ശ്രീയും ഇരിക്കുമ്പോഴായിരുന്നു അവൾ തൊഴാനായി അങ്ങോട്ടേക്ക് വന്നത്.
പെണ്ണാണെങ്കിൽ ആകെ മാറിപ്പോയി.
അൽപ്പം തടിച്ചിട്ടുണ്ട്. പൊതുവെ വെളുത്ത നിറമാണെങ്കിലും. ഇപ്പോൾ ഒന്നുകൂടെ വെളുത്തു ചുമന്ന നല്ല റോസാപ്പൂ പോലെ ആയി .
ഇപ്പോൾ കാണുമ്പോൾ പണ്ടത്തെ കുട്ടിത്തം ഒന്നും അവൾക്കു ഇല്ല.
പാവാടയുടുപ്പിൽ നിന്നും അവൾ ദാവണി യിലേക്ക് മാറിയിരുന്നു. ഞാൻ ആദ്യമായാണ് അവളെ ആവേശത്തിൽ കാണുന്നത് .എന്തോ എനിക്കപ്പോൾ ആ വേഷത്തിനോട് ഭ്രാന്തമായ ഒരു ഇഷ്ടം തോന്നി .
വെള്ളയും പച്ചയും ചേർന്ന ദാവണിയിൽ അവൾ കറുത്ത കുപ്പിവളകൾ ആയിരുന്നു ഇട്ടിരുന്നത്.
പിന്നെ ഒന്നും ആലോച്ചില്ല.
സൈക്കിളുമെടുത്ത് ഒരു പാച്ചിലായിരുന്നു രാമേട്ടന്റെ കടയിലേക്ക്.
പച്ചയും വെള്ളയും ഇടകലർത്തി ഉള്ള കുപ്പിവളകൾ വാങ്ങി ശ്രീയുടെ കൈയിൽ ഞാൻ കൊടുത്തു .
തൊഴുതു ഇറങ്ങിയ അവളുടെ കൈയിൽ അപ്പോൾ തന്നെ അവൻ വള അണിയിക്കുകയും ചെയ്തു .
എല്ലാവർക്കും അത് വെറും കുപ്പിവളകൾ ആണെങ്കിലും എനിക്ക് അതു എന്റെ പെണ്ണാണെന്ന് സ്ഥിരീകരിക്കാനുള്ള ഒരു മുദ്രയായിരുന്നു.
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അങ്ങനെ നീണ്ടു പോയി .എന്റെ പഠിത്തമൊക്കെ ഏകദേശം കഴിഞ്ഞു.
എങ്ങനെയും ഒരു ജോലി നേടിയെടുക്കുക എന്നതായിരുന്നു പിന്നീടുള്ള എന്റെ ലക്ഷ്യം .
അപ്പോഴേക്കും അവൾ ഡിഗ്രി സെക്കൻഡ് ഇയർ കഴിഞ്ഞിരുന്നു.
ഓരോ തവണ അവളെ കാണുമ്പോഴും എന്റെ ഇഷ്ടം ഒരുപാട് കൂടി വന്നതേയുള്ളൂ .
കാവിലെ പൂരത്തിന് അവൾക്കായി ഞാൻ വാങ്ങിയ സെറ്റുമുണ്ട് ശ്രീയുടെ കൈയിൽ കൊടുത്തു വിടുമ്പോൾ അതിനു സാക്ഷിയായി എന്റെ അനുജത്തി ആരതിയും ഉണ്ടായിരുന്നു.
ഞങ്ങൾ ഒന്നാവണം എന്ന് ശ്രീയെ പോലെ ആഗ്രഹിച്ച ഒരാളായിരുന്നു ആരതിയും.
ലോകത്തിലെ ഏറ്റവും വലിയ കുശുമ്പി പാറു ആയിട്ടും ഋതുവിനു സെറ്റും മുണ്ടും വാങ്ങി കൊടുത്തതിൽ യാതൊരു പരിഭവവും എന്നോട് പറഞ്ഞിരുന്നില്ല.
വെള്ളയിൽ സ്വർണ്ണ ഇഴകളും വയലറ്റും ചേർന്ന് കസവ് ആയിരുന്നു ആ സെറ്റുംമുണ്ടിൽ. അത് അവൾക്ക് പതിമടങ്ങ് സൗന്ദര്യം വർധിപ്പിച്ചു. കാവിലെ ഭഗവതി യെക്കാളും ഭംഗി അവൾക്ക് തോന്നി.
ഒരുപാട് ടെസ്റ്റുകൾ എഴുതിയതിനും ദൈവങ്ങൾക്ക് കൈക്കൂലി കൊടുത്തതിന് ഫലമുണ്ടായി എന്നു പറയുന്നപോലെ എനിക്കും ഒരു ജോലി കിട്ടി .
അഗ്രികൾച്ചർ അസിസ്റ്റൻറ് ഓഫീസറായി .
അപ്പോയിമെന്റ് ലെറ്റർ എന്റെ കൈയ്യിൽ കൊണ്ട് തന്ന പോസ്റ്റുമാനെ സന്തോഷം കൊണ്ട് ഞാൻ എടുത്ത പൊക്കി കറക്കി .അയാളുടെ തെറിവിളി കൊണ്ട് മാത്രമാണ് ഞാൻ അപ്പോൾ നിലത്ത് നിറുത്തിയത്.
ഈ സന്തോഷം ശ്രീയോട് പങ്കുവയ്ക്കുമ്പോൾ വല്ലാത്ത ആത്മവിശ്വാസമായിരുന്നു എനിക്ക് .
ആദ്യത്തെ പോസ്റ്റ് ഇടുക്കിയിൽ ആയതുകൊണ്ട് പിറ്റേന്ന് തന്നെ ഞാൻ ഇടുക്കിയിലേക്ക് പുറപ്പെട്ടു.
വരുമ്പോഴേക്കും ശ്രീ എന്റെ കാര്യം എല്ലാവരോടും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഇടുക്കിയിലേക്ക് പോകാൻ മനസ്സ് ഉണ്ടായിട്ടല്ല.എന്റെ പെണ്ണിനെ കാണാതെ എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് നന്നായി അറിഞ്ഞിട്ടും. ഒരു ജോലി അനിവാര്യമായത് കൊണ്ടാണ് ദൂരേക്ക് ഞാൻ പോയത്.
ഒരു മാസത്തിനു ശേഷം ഞാൻ നാട്ടില്ലേക് എത്തിയപ്പോൾ ശ്രീ ആൽത്തറയിൽ തന്നെയുണ്ടായിരുന്നു വല്ലാത്ത സന്തോഷത്തോടെയാണ് ഞാൻ അവന്റെ അടുത്തേക്ക് ഓടിച്ചെന്നതു.
എന്നാൽ അവന്റെ നിറഞ്ഞ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയാൻ നിൽക്കുന്നത് പോലെ എനിക്ക് തോന്നി.
സങ്കടം കടിച്ചമർത്തി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് അവൻ എന്നോട് പറഞ്ഞു .
എന്നോട് ക്ഷമിക്കണം എനിക്ക് നിന്റെ കാര്യം വീട്ടിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല അതിനു മുൻപേ അച്ഛൻ ഋതുവിന്റെ കല്യാണം തീരുമാനിച്ചു.
ഞങ്ങൾ ആരോടും ഒരു വാക്ക് ചോദിക്കാതെ. അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകനാണ് പയ്യൻ .അടുത്ത മാസം 28 നാണ് കല്യാണം
ആദ്യമൊക്കെ അത് അവന്റെ തമാശയായിട്ടാണ് എനിക്ക് തോന്നിയത് എന്നാൽ അവന്റെ കണ്ണിൽനിന്നും ഇറ്റുവീണ കണ്ണീർ എനിക്കത് സത്യമാണെന്ന് മനസ്സിലാക്കി തന്നു.
എന്നാൽ ഞാനവനോട് പരിഭവമൊന്നും പറഞ്ഞില്ല എനിക്ക് ഋതുവിനെ കാളും വലുതായിരുന്നു എന്റെ ശ്രീ.
പിന്നീട് കാണാഡാ
വീട്ടിൽ ഒന്നു മുഖം കാണിച്ചിട്ട് വന്നത് ആണ് . ഒന്നും കഴിച്ചിട്ടില്ല വിശന്നിട്ടു കണ്ണ് കാണാൻ വയ്യ അതും പറഞ്ഞു അവന്റെ അടുത്ത് നിന്നും നടന്നു നീങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. കാഴ്ചതന്നെ നഷ്ടപ്പെട്ട പോലെയായിരുന്നു.
റൂമിലേക്ക് കയറി വാതിൽ അടച്ചു ബാത്റൂമിൽ കയറി പൈപ്പ് തുറന്നുവിട്ടു ചങ്കുപൊട്ടി അതിനുള്ളിൽ ഇരുന്ന് ഞാൻ കരഞ്ഞു .വിളിച്ച് ദൈവത്തെ ഒക്കെ ഞാൻ പഴിച്ചു. എത്രനേരം അതിൽ ഇരുന്നു കരഞ്ഞു എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു.
അത്താഴം കഴിക്കാൻ വിളിച്ചപ്പോഴും വിശപ്പില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി .
എന്റെ കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണുനീരിനെ തലയണ ഒപ്പിയെടുത്തു.
പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേൽക്കുമ്പോൾ മനസ്സിൽ ചിലതൊക്കെ കരുതിയിരുന്നു.
അങ്ങനെയാണ് കൂട്ടുകാരനെ വിളിച്ച് ഒരു ജോലി വേണമെന്ന് ആവശ്യപ്പെട്ടതു
അതിനെന്താടാ നിനക്ക് ജോലി ഞാൻ ശരിയാക്കിത്തരാം. അല്ലെങ്കിൽ പിന്നെ ഫ്രണ്ട് എന്ന് പറയുന്നതിൽ അർത്ഥമില്ല .
എന്ന് അവൻ പറഞ്ഞപ്പോൾ മനസ്സിനൊരു ആശ്വാസമായിരുന്നു.
എനിക്കു കിട്ടിയ ജോലി വേണ്ടന്നും. ഇടുക്കി യിൽ ജീവിച്ചു മടുത്തു എന്നു പറഞ്ഞു ആ ജോലി രാജി വച്ചതും.
പിന്നീട് എല്ലാം പെട്ടന്നായിരുന്നു.
ആരോടും ഒന്നും പറയാതെ എല്ലാം രഹസ്യം ആയി വച്ചു ശ്രീയോട് പോലും പറഞ്ഞില്ല
ആശിച്ച പോലെ തന്നെ ഋതുവിന്റെ കല്യാണത്തിന്റെ അന്ന് തന്നെ. എനിക്ക് ഇവിടെനിന്നും പോകാൻ സാധിച്ചു. ചങ്ക് പറിച്ചെടുത്ത വേദനയോടെയാണ് ഞാൻ ഈ നാട് വിട്ടത്.
ആദി …ആദിമോനേ ഇതെന്തു ഉറക്കമാ എഴുന്നേറ്റെ .സമയം എന്തായെന്നുവെച്ചാ.
അമ്മയുടെ വിളിയിലാണ് ഞാൻ ചാടിയെഴുന്നേറ്റ്.
ഇരിത്തിരി നേരം കൂടി ഉറങ്ങിക്കോട്ടെ അമ്മേ…. എത്രനാളായി നന്നായി ഉറങ്ങിയിട്ട് എന്നറിയുമോ.
പിന്നീട് ആയാലും ഉറക്കം ആവാം. ഇപ്പോൾ നീ എഴുന്നേൽക്ക് .ഇന്നലെ അമ്മ നിന്നോട് പറഞ്ഞത് മറന്നോ. എഴുന്നേറ്റ് കുളിച്ചൊരുങ്ങി ആ ഷർട്ടും മുണ്ടും ഒക്കെ ഇസ്തിരിയിട്ട് വച്ചിട്ടുണ്ട് പെട്ടെന്ന് അതൊക്കെ ഇട്ടു ഒരുങ്ങു. എന്റെ മോന് അടുത്തറിയാവുന്ന കുട്ടിയാണ്. അതുകൊണ്ട് ഒരു പേടിയും മോനു വേണ്ട.
അതും പറഞ്ഞ് രുഗ്മിണിയമ്മ താഴേക്ക് പോയി.
കാറിൽ ഇരുന്നപ്പോഴും ആദിയുടെ മനസ്സ് മറ്റെവിടെയോ പാറി പറന്നു നടക്കുവായിരുന്നു.
കാർ വലിയൊരു ഇരുനില വീടിൻറെ മുന്നിൽ കാർ ചെന്നുനിന്നു.
ആദിക്ക് ഏത് വീടാണ് എന്നൊന്നും മനസ്സിലായില്ല
പണ്ട് ഇവിടെയൊക്കെ പാടങ്ങൾ ആയിരുന്നു.
ഇപ്പോൾ അതൊക്കെ നിഗത്തി വീടുകൾ ആയിരിക്കുന്നു.
അമ്മേ ഏതാ ഈ വീട്…?
( തുടരും )

by