രചന – ജാഫ്ന നിസാർ
നീളൻ ഇടനാഴിയിൽ കൂടി നടന്നു ചെന്ന് ആനി കയ്യിൽ ഉണ്ടായിരുന്ന താക്കോൽ എടുത്തു വാതിൽ തുറന്നു. മുകളിൽ ആയിരുന്നു അവൾ ടൂഷൻ നടത്തിയിരുന്നത്.. പത്തു മുപ്പതു കുട്ടികൾ ഉണ്ട്.. അത്യാവശ്യം നല്ല രീതിയിൽ കഴിഞ്ഞു പോവാൻ ഉള്ളത് അതിൽ നിന്നും കിട്ടിയിരുന്നു.. പ്രിൻസിന്റെ ചെങ്ങായി സമീർ ആയിരുന്നു അതിന്റെ ഓണർ.. അത് കൊണ്ട് തന്നെ വാടക വാങ്ങറില്ല. അവനറിയാം ആനിയുടെ അവസ്ഥ… അകത്തു കയറി ആനി ജനലുകൾ തള്ളി തുറന്നു.. ഇന്ന് ഇത്തിരി നേരത്തെ ഇറങ്ങി.. കൊച്ചൂട്ടനെ ഇവിടെ അടുത്തൊരു പ്ലേ സ്കൂളിൽ ചേർത്തു. വീട്ടിൽ നിർത്താൻ തോന്നിയില്ല.. ഇനി ഇന്നലെ പറഞ്ഞത് മനസ്സിൽ വെച്ചോണ്ട് കൊച്ചിനെ വീണ്ടും ഉപദ്രവിക്കണ്ട.. അവനും അതായിരിക്കും സന്തോഷം. അത് കൊണ്ട് ആവണം അവിടെ കൂട്ടുകാരെ കണ്ടപ്പോൾ തന്നെ കെട്ടിപിടിച്ചു ഉമ്മ തന്നത്..
മനസ്സിൽ ഉള്ളതൊന്നും അവൻ തന്നോട് പറയാറില്ല.. വേദനിച്ചാലോ എന്ന് വിചാരിച്ചു ആയിരിക്കും എന്റെ മോൻ… ആനി യുടെ ഉള്ളിൽ വാത്സല്യം നിറഞ്ഞു… ഇച്ചായൻ ഇത് പോലെ തന്നെ ആണ്.. തന്റെ വേദനകൾ തന്നേക്കാൾ ആഴത്തിൽ അറിയാം.. ആനിക്ക് ഹൃദയം വിങ്ങി.. കുട്ടികൾ എത്തിയിട്ടില്ല.. ഇനിയും അരമണിക്കൂർ കൂടി ഉണ്ട്… അവൾ മേശയിൽ തലവെച്ചു കിടന്നു.. മനസ്സറിഞ്ഞു ഒന്ന് സന്തോഷം അനുഭവിച്ച കാലം മറന്നു… കുഞ്ഞു നാളിൽ പോലും വല്ലാത്ത വാത്സല്യം ഒന്നും ആരും തന്നിട്ടില്ല. അപ്പച്ചൻ ഗൗരവം വിട്ട് ഒന്ന് ചേർത്ത് പിടിച്ചിട്ട് പോലും ഉണ്ടാവില്ല.. അമ്മച്ചി ആവാട്ടെ എപ്പോഴും എന്തേലും പണി ഒക്കെ ആയിട്ട് തിരക്കാവും.. പിന്നെ ഉള്ളത് ചേട്ടായി ആയിരുന്നു.. ഏറെ കൊതിച്ചത് ആ കൂടെ നടക്കാൻ ആയിരുന്നു.
പക്ഷേ ചേട്ടായി വല്ല്യ അടുപ്പം ഒന്നും കാണിക്കില്ല. അങ്ങോട്ട് ചെന്നാൽ പോലും ചിലപ്പോൾ മറുപടി കൂടി തരില്ല.. കൂട്ടുകാർ അവരുടെ ഏട്ടന്റെ കാര്യങ്ങൾ പറയുമ്പോൾ കൊതിയോടെ കേട്ട് നിന്നിട്ടുണ്ട്. ഇത്തിരി കൂടി വലുതായപ്പോൾ ആണ് ആ ചോദ്യം ഉത്തരം കിട്ടിയത്.. ചേട്ടായി എന്റെ അമ്മച്ചീടെ മോൻ അല്ല. അവന്റെ അമ്മ മരിച്ചു പോയതിനു ശേഷം കെട്ടിയതാ എന്റെ അമ്മച്ചിയെ.. ആ ഒരു ദേഷ്യം ചേട്ടായ്ക്ക് അമ്മച്ചിയോടു പോലും ഉണ്ടായിരുന്നു.. അത് അറിയുന്നത് കൊണ്ടായിരിക്കും അമ്മച്ചി തന്നെ മാറ്റി നിർത്തിയാലും ചേട്ടായിയെ ചേർത്ത് പിടിച്ചു നല്ലൊരു രണ്ടാനമ്മ ആയത്.. അതിനിടയിൽ അമ്മ ആവാൻ എന്റമ്മച്ചി പാടെ മറന്നു പോയത് പോൽ ആയിരുന്നു.. പിന്നെ അതിനൊക്കെ വെറുതെ സങ്കടം ഭാവിച്ചു നടന്നിട്ടില്ല.. പടിച്ചൊരു ജോലി വാങ്ങി ജീവിതത്തിൽ വിജയിക്കും എന്നത് മാത്രം മനസ്സിൽ ഉറപ്പിച്ചു..
അതിനിടയിൽ വീണു പോയത് ഇച്ചായന്റെ കൊല്ലുന്ന ചിരിക്ക് മുന്നിൽ മാത്രം ആയിരുന്നു.. എപ്പോഴും ആ ചിരി കണ്മുന്നിൽ ഉണ്ടായിരുന്നു… വെല്ലുവിളി പോലെ.. കാരണം ഒന്നും ഇല്ലാതെ ഒരാളെ എപ്പോഴും വെറുതെ ഓർത്തോണ്ടിരിക്കാൻ കഴിയുമോ.. കഴിയും.. അവൻ അത്രമേൽ ആഴ്ത്തിൽ തന്റെ ഉള്ളിൽ വെരുറപ്പിച്ചു എന്നത് അന്നറിഞ്ഞു… എന്നെങ്കിലും സ്വന്തം ആവുമോ എന്ന് പോലും അറിയാത്ത ഒരാളെ എന്തിന് ഇങ്ങനെ സ്നേഹിച്ചു എന്ന് മനസാക്ഷി ഇടയ്ക്കിടെ ഓർമിപ്പിച്ചു..ചോദിച്ചു.. മരിക്കുമെന്നറിഞ്ഞിട്ടും ജീവിക്കുന്നില്ലേ… അതായിരുന്നു ഉത്തരം… ബന്ധങ്ങൾ എപ്പോഴും ഒരനുഭൂതിയായിരിക്കണം.. മഴ നനഞ്ഞൊരു ഫീൽ ഉണ്ടായിരിക്കണം.. ഓർക്കുമ്പോ ചുണ്ടുകൾ അറിയാതെ വിടരണം.. ഹൃദയം മുറുകെ മിടിക്കാൻ ശ്രമിക്കണം..
ഒന്നിനും വേണ്ടി വിട്ട് കളയില്ലെന്ന് കണ്ണിൽ നോക്കി കണ്ടു പിടിക്കാൻ കഴിയണം.. അവിടെ ആയിരുന്നു അവന്റെ വിജയം.. കോളേജ് മൊത്തം അവജ്ഞയോടെ.. പുച്ഛത്തോടെ നോക്കിയപ്പോഴും ആ നെഞ്ചിൽ അമർത്തി പിടിച്ചു.. കൈകൾ പതിയെ തലോടി തണുപ്പിച്ചു.. തന്റെ കണ്ണുനീർ അവന്റെ നെഞ്ച് പൊള്ളിക്കുന്നുവെന്ന് ഉറക്കെ ആ ഹൃദയം തന്നെ വിളിച്ചു പറഞ്ഞു കാതോരം.. ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ല എന്നവൻ ഉറക്കെ വിളിച്ചു പറഞ്ഞു.. രമേഷും കൂട്ടരും കയറി പിടിച്ചു എന്നൊരു ചീത്ത പേര് തനിക്കു ചാർത്തി തരാൻ അവൻ ഒരുക്കാമായിരുന്നില്ല.. അതിനേക്കാൾ ഭേദം തനിക്കൊപ്പം അവൻ തന്നെ പിടിക്കപ്പെടുന്നതാണ് എന്നവൻ ഉറപ്പിച്ചു.. “ആനി എന്റെ പെണ്ണാ.. അത് ഞാൻ അവൾക്കു കൊടുത്ത വാക്കാണ്. പ്രിൻസിന്റെ മരണം കൊണ്ടല്ലാത്ത മാറ്റം സംഭവിക്കാത്ത വാക്ക്. എത്ര തന്നെ ഉച്ചത്തിൽ നിങ്ങൾ അലറി വിളിച്ചാലും ഞാനും എന്റെ പെണ്ണും തെറ്റ് കാർ ആവില്ല.
സത്യം അറിയാത്ത നിങ്ങൾ പറയുന്നത് കേട്ട് തളർന്നു പോവാൻ മാത്രം വിഡ്ഢിയല്ല ഞങ്ങൾ. ഇട്ടിരിക്കുന്ന ഡ്രസ്സ് ഒന്ന് പിന്നി കീറിയപ്പോൾ,അവളുടെ അഭിമാനം സംരക്ഷിക്കാൻ ഞാനാണ് ബാധ്യസ്ഥൻ.. അതാണ് നിങ്ങൾ കണ്ടത്.. അത് മുത ലാക്കി വാതിൽ അടച്ചു ഓടി മറഞ്ഞത് ഈ കൂട്ടത്തിൽ ആരായിരുന്നാലും… ഞാൻ ഒന്ന് കാണുന്നുണ്ട്..”ഉറക്കെ അലറി കൊണ്ട് പ്രിൻസ് പറയുമ്പോൾ മുന്നിലെ കൂവൽ നിന്നിരുന്നു.. മഴ തോർന്ന പോലെ.. അപ്പോഴും അവന്റെ കൈകൾ ആനിയെ മുറുക്കി പിടിച്ചു.. “എന്നെയും ഇവളെയും കുറിച്ച് എന്നതേലും തെറ്റായ വാർത്ത കേട്ടിട്ടുണ്ടോ നിങ്ങളിൽ ആരെങ്കിലും… ഉണ്ടാവില്ല.. അപ്പൊ ഇതും വിശ്വസിക്കുക.. എന്നെ നിങ്ങൾ എന്തും പറഞ്ഞോ.. പക്ഷേ എന്റെ പെണ്ണിനെ… അവളെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിച്ച… പിന്നെ ഈ കോലത്തിൽ ആയിരിക്കില്ല പ്രിൻസ്..”മുഴക്കത്തോടെ… ഗൗരവത്തോടെ പ്രിൻസ് പറയുമ്പോൾ മുന്നിലെ ആൾക്കൂട്ടം ചിതറി തുടങ്ങിയിരിക്കുന്നു.. അവർക്കറിയാം… പ്രിൻസ് വെറുതെ പറയാറില്ല.. പൊതുവെ ശാന്തമായ സ്വഭാവം ആണേലും.. അവനിടഞ്ഞ… അത് ആരും ആഗ്രഹിചില്ല.. നനഞ്ഞ പടക്കം പോലെ തിരിഞ്ഞു നടക്കുന്ന രമേശിനെ നോക്കവേ പ്രിൻസിന്റെ കണ്ണിൽ തീ ആയിരുന്നു.. കൂട്ടുകാരെ പറഞ്ഞു വിട്ട് പ്രിൻസ് ആനിയെയും കൊണ്ട് പുറത്തു ഇറങ്ങി..
“എന്നാത്തിനാ ടി ഇങ്ങനെ ഒളിച്ചു നിൽക്കുന്നെ.. കല്ലെറിഞ്ഞു കൊല്ലാൻ വരുന്നവർ.. സഹതാപം തോന്നി പിന്മാറി പോവില്ല.. കാര്യം ഉള്ളത് പോൽ പറയാൻ കഴിയണം.. നമ്മുക്ക് വേണ്ടി നമ്മൾ തന്നെ സംസാരിക്കാൻ ശ്രമിക്കണം.. നീ തെറ്റ് ചെയ്തിട്ടില്ല പെണ്ണെ.. പിന്നെ നീ ആരെ പേടിക്കണം..”അവളെ അടർത്തി കൊണ്ട് പ്രിൻസ് പറയുമ്പോൾ ആനി മുഖം ഉയർത്തി പോലും നോക്കിയില്ല.. തോറ്റു കൊടുക്കാൻ വളരെ എളുപ്പമാണ് കൊച്ചേ.. പിടിച്ചു നിൽക്കാനാ പാട്.. പക്ഷേ മനസ്സിൽ വിജയിച്ച ഉണ്ടാവുന്ന ലഹരി നിറക്കാൻ കഴിയണം.. ഈ ലോകം മുഴുവനും നിനക്ക് എതിരെ പറഞ്ഞാലും ഈ ഞാൻ നിന്റെ കൂടെ ഉണ്ടല്ലോ..” കവിളിൽ കൈ ചേർത്ത് പ്രിൻസ് പറയുമ്പോൾ ആനി ഇറുക്കെ…… ഇറുക്കെ അവനെ കെട്ടിപിടിച്ചു..
പെട്ടന്ന് ആയത് കൊണ്ട് അവനൊന്നു പി ന്നോട്ടു ആഞ്ഞു.. എങ്കിലും ചിരിയോടെ അവളെ ഒന്നൂടെ ഒതുക്കി പിടിക്കുമ്പോൾ അവനുള്ളം പ്രണയം അലതല്ലി.. ഇത്തിരി നേരം അങ്ങനെ നിന്ന് പോയി രണ്ടാളും.. പിന്നെ ആനിയെ കൊണ്ട് പോയി മുഖം കഴുകാൻ പറഞ്ഞിട്ട് പ്രിൻസ് വണ്ടി എടുത്തു വന്നു.. “ഇന്നിനി ബസ്സിൽ പോവണ്ട.. ഈ ഡ്രസ്സ് ഒക്കെ ഇട്ട്.. കയറിക്കോ.. ഞാൻ കൊണ്ട് വിടാം “മയക്കുന്ന അതേ ചിരിയിൽ അവൻ പറഞ്ഞപ്പോൾ… തോന്നിയ ഇഷ്ടം ലോകത്തിലെ ഒന്നിനും തുല്യം ആവില്ല. ഇത്തിരി ശ്രമിച്ചിട്ടാണ് എങ്കിലും.. ഇനിയും രമേശിന്റെ പിറകിൽ പോയി പ്രശ്നം ഉണ്ടാക്കില്ലെന്ന് അവനിൽ നിന്നും ആനി ഉറപ്പ് വാങ്ങുമ്പോൾ…. ഒന്നിന് വേണ്ടിയും.. ലോകത്തിലെ ഏതൊന്നിന് പകരം ആയിട്ടാണേലും അവനെ നഷ്ടപെടാൻ വയ്യായിരുന്നു അവന്റെ ആനി കൊച്ചിന്.. അത്രമേൽ… അത്രമേൽ അവൾ അവനെ സ്നേഹിച്ചു പോയിരുന്നു… അവൻ അവളെയും…
“കേട്ടിടത്തോളം എനിക്ക് മനസ്സിലായി കാര്യങ്ങൾ.. അത് കൊണ്ട് തന്നെ ആണ് ഇനി പഠിക്കാൻ എന്ന് പറഞ്ഞു ഈ പടി ഇറങ്ങി പോകരുതെന്ന് ഞാൻ പറഞ്ഞത്. നിർത്തിക്കോ ഇന്നത്തോടെ.. പേര് ദോഷം കേൾക്കാൻ ഇനി നീ അങ്ങോട്ട് പോവണ്ട..”കലിയോടെ അപ്പച്ചൻ പറയുമ്പോൾ ശ്വാസം വിടാൻ മറന്നു നിന്ന് പോയി ആനി… എന്റെ രാജ കുമാരനെ ഞാൻ എങ്ങനെ കാണും പിന്നെ… എനിക്ക് ജോലി വേണം.. അതങ്ങനെ പിന്നെ.. അവളുടെ ഉള്ളം ഉറക്കെ അലറി.. പക്ഷേ ശബ്ദം പുറത്ത് വന്നില്ല.. അതൂടെ അറിഞ്ഞ പിന്നെ…. ഇപ്പൊ തന്നെ ശെരിക്കും എന്തെന്ന് അറിഞ്ഞിട്ടില്ല ഇവിടെ… ആരും അന്വേഷിച്ചു നോക്കിയതും ഇല്ല.. പറഞ്ഞിട്ടും കേൾക്കാൻ നിന്നതുമില്ല.. അപ്പച്ചൻ പറയുന്നത് കേട്ട് പ്രതിമ പോലെ നിൽക്കുന്ന അമ്മച്ചിയെ അവൾ ദയനീയമായ് നോക്കി.. പക്ഷേ ആ മുഖത്തു പ്രതേകിച്ചു ഭാവം ഒന്നും തന്നെ ഇല്ല… അടിച്ചമാര്ത്തിയിട്ടുന്ദ് പണ്ടേ അപ്പച്ചൻ.. എന്നിട്ട് അതിനെ അവൾക്ക് തന്നോടുള്ള സ്നേഹം എന്നൊരു ഓമന പേരും ഇട്ട് കൊടുത്തു.. ചേട്ടായി പോലും ഒന്നും മിണ്ടാതെ നിൽപ്പുണ്ട്..
“ഞാൻ… ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അപ്പച്ചാ.. എനിക്ക് പഠിക്കാൻ പോവണം.. എനിക്ക് ഒരു കുഞ്ഞു ജോലി വേണം.. വീട്ടിലിരുന്നു ഞാൻ എങ്ങനെ അതൊക്കെ നേടും “ആനി പതിയെ പറഞ്ഞു… “പെൺപിള്ളേർക്ക് കിട്ടുന്നൊരു ജോലി ഉണ്ട് കൊച്ചേ.. ഒരുത്തന്റെ ഭാര്യ പതവി.. നല്ല ജോലിയാ.. കൂലി മോഹിക്കാതി രുന്ന വെച്ചടി കയറ്റവ.. എന്റെ മോൾക്ക് അപ്പച്ചൻ ഇനി ആ ജോലി മേടിച്ചു തന്നേക്കാം.. അതിന് വലിയ പഠിപ്പൊന്നും വേണ്ടന്നെ “കളിയാക്കി കൊണ്ട് അപ്പച്ചൻ പറയുമ്പോൾ ആനിക്ക് ദേഷ്യം വിറഞ് കയറി.. “അത് ജോലി അല്ല.. വിൽപ്പന അല്ലേ.. കൈപ്പറ്റിയ സാധനം തിരിച്ചെടുക്കില്ല എന്നൊരു എ ഗ്രിമെന്റ് കൂടി ഉണ്ടല്ലോ അതിനു. പഠിക്കാൻ മോഹിക്കുന്ന പലരുടെയും ജീവിതം നരകം ആക്കുന്ന ജോലി അല്ലേ അത്.. പട്ടിയെ പോലെ ജോലി എടുത്താലും നിനക്കെന്താ ഇത്ര മല മറിക്കാ ൻ എന്ന് പുച്ഛിച്ചു തള്ളുന്ന ജോലി.. എന്നെ തത്കാലം അതിന് പ്രതീക്ഷിക്കണ്ടാ.. ഞാനും കണ്ടിട്ടുണ്ട് ഒത്തിരി.. അമ്മച്ചി പലതും ഇരന്നു വാങ്ങുന്നത്.. അതിനെനിക്ക് മനസ്സില്ല “ആനി വീറോടെ പറയുമ്പോൾ അയാളുടെ പരുക്കൻ കൈകൾ ആനിയുടെ കവിളിൽ പതിഞ്ഞിരുന്നു..
“എന്നെ വെല്ലുവിളി നടത്താൻ മാത്രം വളർന്നോ എന്റെ മോള്.. എന്ന അത് വേണ്ട.. നീ അല്ല.. ഞാനാ അപ്പൻ.. നീ എപ്പോ കെട്ടണം എന്ന് ഞാൻ ആണ് തീരുമാനം എടുക്കുന്നത്.. മനസ്സിലായോടി “അലറും പോലെ അപ്പച്ചൻ പറയുമ്പോൾ ആനിയുടെ ഉള്ളിലെ അവസാന പ്രധീക്ഷയും മരിച്ചു വീണിരുന്നു പുറത്തേക്ക് പൂട്ടിയ വാതിലിൽ നോക്കി ഇരിക്കെ അവൾക്ക് ആ ചാര കണ്ണുകൾ കാണാൻ മോഹം തോന്നി.. ആ കള്ള ചിരി കൊത്തി വലിക്കും പോൽ തോന്നി.. ചേട്ടായീടെ കൂട്ടുകാരൻ സാം കാണാൻ വന്നപ്പോൾ നിന്ന് കൊടുത്തില്ല എന്നതായിരുന്നു ആ അടച്ചിടലിനു കാരണം.. ചേട്ടനും ചേട്ടത്തിയും ശത്രു വിനെ പോലെ വലിചിഴക്കുന്നത് അപ്പച്ചൻ നോക്കി നിന്നു. അമ്മച്ചി മാത്രം ശബ്ദം ഇല്ലാതെ.. ആരും അറിയാതെ വേദനിച്ചു..
സാമിനെ അറിയുന്നവർ ആരും അവനെ വീട്ടിൽ പോലും കയറ്റില്ല.. പിന്നല്ലേ പെണ്ണ് കൊടുക്കുന്നത്.. പേര് ദോഷം വരുത്തിയ ഇവൾക്ക് രാജ കുമാരൻ വരുമോ എന്ന് ചോദിച്ച ചേട്ടത്തിയെ കൊല്ലാൻ തോന്നിയ നിമിഷം.. വരും.. എന്റെ രാജകുമാരൻ ജീവനോടെ ഉണ്ടങ്കിൽ എന്നെ തിരഞ്ഞു വന്നിരിക്കും.. ഹൃദയം പ്രതികാരം പോലെ അലറി പറഞ്ഞു… പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് തേടി വന്നത്..ഇച്ചായൻ അവൻ പറഞ്ഞത് കൊണ്ടായിരിക്കും തന്നെ പുറത്തേക്ക് കൂട്ടിയത്.. കാണാൻ ഹൃദയം കാലുകൾക്ക് മുന്നേ ഓടി പിടഞ്ഞു.. കാണുമ്പോൾ ആ കൊല്ലുന്ന ചിരി അപ്പോഴും ഉണ്ട്… ഹൃദയം നീറുമ്പോൾ മരുന്നാവുന്ന അവന്റെ ചിരി.. തന്നെ കണ്ടപ്പോൾ ആ കണ്ണിൽ സൂര്യൻ ഉദിച്ചു.. തനിക്കും.. “ഞാൻ ഇവളെ സ്നേഹിക്കുന്നു.. അവളെന്നെയും.. ഇട്ട് മൂടാൻ അപ്പൻ അപ്പൂപ്പൻമാർ സമ്പാദിച്ചു വെച്ച സ്വത്തുക്കൾ ഒന്നും തന്നെ ഇല്ല.. ചെറിയൊരു ജോലി ഉണ്ട്. പക്ഷേ എന്റെ ചങ്കിൽ ജീവൻ ഉള്ളടത്തോളം എന്റെ ആനി കൊച്ചിന് അന്നത്തിനും സ്നേഹത്തിനും മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ലെന്ന് ഉറപ്പ് പറയാൻ എനിക്ക് കഴിയും..
നിങ്ങൾ എതിർത്താലും എന്റെ മരണം വരെയും ഇവൾക്ക് വേണ്ടി കാത്തിരിക്കാൻ ഞാൻ റെഡിയാണ്..” എല്ലാവർക്കും അതൊരു തമാശ ആയിരുന്നു.. കളിയാക്കി ചിരിച്ചു എന്റെ ഇച്ചായനെ.. എന്നിട്ടും എന്നെ പ്രണയത്തോടെ മാത്രം നോക്കവേ ആ കൈകൾ പിടിച്ചിറങ്ങാൻ വീണ്ടും ഒന്നൂടെ ആലോചിച്ചു നിൽക്കേണ്ട അവസ്ഥ വേണ്ടെന്നു അന്ന് തോന്നി.. കാത്തിരിക്കും.. എത്ര നാൾ വേണമെങ്കിലും.. പക്ഷേ അതിനു കൂടി സമ്മതിച്ചു തരില്ല..ഇവിടെ ഉള്ളവർ സാമിന്റെ മിന്ന് കഴുത്തിൽ മുറുക്കി കൊന്നു കളയും.. താനെന്ന പെണ്ണിനെ.. തന്റെ നിറമുള്ള സ്വപ്നങ്ങളെ.. അത് പാടില്ല.. പെണ്ണും സ്വപ്നം കാണാറുണ്ട്.. അവരും ജീവിതം ആസ്വദിച്ചു കഴിയാൻ ആഗ്രഹിക്കുന്നു എന്നിവർ അറിയട്ടെ… “നിങ്ങളുടെ വാക്കിനെ മറികടന്നു പോവാൻ ഞാൻ വെറുതെ പോലും ചിന്തിച്ചു നോക്കിയിട്ടില്ല.. ഇങ്ങനെ ഒരു ഒളിച്ചോട്ടം…
അത് നിങ്ങൾ ഉണ്ടാക്കിയതാ..ഇനിയും ഇവിടെ നിന്ന നിങ്ങളെന്നെ വെറും പെണ്ണാണ് എന്ന് പറഞ്ഞു നിസാരാമായി കൊന്നു കളയും… കല്യാണം എന്ന നാടകം നടത്തി.കൊണ്ട്… അതിനു ഞാൻ നിന്ന് തരില്ല.. ഈ ലോകം എന്റേത് കൂടി ആണ്.. എനിക്കുമുണ്ട് അവകാശം.. നിങ്ങൾ അപ്പനാണ് എന്ന് അഹങ്കാരം ഉണ്ടെങ്കിൽ ഞാൻ പെണ്ണാണ് എന്നത് എന്റെ അഭിമാനം ആണ് അപ്പച്ചാ.. എന്നെക്കാൾ ഞാൻ എന്റെ ഇച്ചായനെ വിശ്വസിക്കുന്നു.. പോവാണ്.. ആ കൈകൾ എന്നെ ചേർത്ത് പിടിച്ചോളും.. എന്റെ സ്വപ്നം എത്തി പിടിക്കാൻ..”പറഞ്ഞിറങ്ങുമ്പോൾ ഇച്ചായന്റെ ചുണ്ടിൽ തനിക്കു മാത്രം സ്വന്തം ആയൊരു ചിരി ഉണ്ടായിരുന്നു.. അതേ…. കള്ളച്ചിരി.. ഇനി നീ എന്റെ സ്വപ്നം അല്ല.. സ്വന്തം ആണെന്ന് ആ നെഞ്ചിൽ ചേർത്ത് പിടിച്ചു പറയുമ്പോൾ അവനിൽ മാത്രം ചുരുങ്ങി പോയിരുന്നു ആനിയുടെ ലോകം.. രജിസ്റ്റർ ചെയ്തു കൊണ്ട് അവന്റെ വീട്ടിൽ കയറുമ്പോൾ ചേട്ടായി വന്നിരുന്നു എന്നതാണ് ഒരേ ഒരു ആശ്വാസം.. കൂടെ എല്ലാം വിട്ട് കളഞ്ഞെന്ന പോലെ ചേട്ടായിയെ കൊണ്ട് വന്നതായിരുന്നു സാം.. ആദ്യം വിശ്വാസം വന്നില്ല.. പിന്നെ ആശ്വാസം തോന്നി.. അവർക്കെങ്കിലും മനസ്സിലായല്ലോ.. ഇച്ചായന്റെ അമ്മച്ചിയും ഏട്ടനും സന്തോഷത്തോടെ സ്വീകരിച്ചു.. ഏട്ടന്റെ ഭാര്യ ആലീസ് പ്രസവം അടുത്തത് കാരണം അവരുടെ വീട്ടിൽ ആയിരുന്നു..
കാന്തശക്തി യുള്ള ആ കണ്ണുകൾ തൊട്ടടുത്തു കണ്ടപ്പോൾ പൊള്ളി പിടഞ്ഞപോലെ.. അത് കണ്ടു ഇച്ചായൻ ഉറക്കെ പൊട്ടിച്ചിരിച്ചു…. കുറുമ്പോട് അവന്റെ നെഞ്ചിൽ പല്ലുകൾ ആഴ്ത്തുമ്പോൾ കുഞ്ഞു നാളിൽ മറന്നു വെച്ച കുസൃതി കാരി പുറത്ത് ചാടിയിരുന്നു. “കൊല്ലാതെടി പെണ്ണെ.. കണ്ടു കൊതി തീർന്നില്ല എനിക്ക് നിന്നെ..”നെഞ്ചിൽ കൈ ചേർത്ത് ചിരിയോടെ ഇച്ചായൻ പറയുമ്പോൾ നാണം കൊണ്ട് പൂത്തുലഞ്ഞു.. കല്യാണരാത്രി… ചടങ്ങെന്ന പോൽ പാൽഗ്ലാസ് പാതി കുടിച്ചു തനിക്കു നേരെ നീട്ടുമ്പോൾ കൈകൾ വിറച്ചത് അവനും അറിഞ്ഞിരിക്കണം.. ചേർത്ത് പിടിച്ചിരുത്തി ഒരുപാട് സംസാരിച്ചു.. താൻ പറയുന്നത് ഏറെ കൗതുകത്തോടെ കേട്ടിരുന്നു.. മനസ്സിൽ നിന്നും പേടി വിട്ടോഴിഞ്ഞു എന്ന് അവന് തോന്നിയ നിമിഷം അവന്റെ കൈകൾ കുസൃതി കാണിക്കാൻ തുടങ്ങി.. എതിർക്കാൻ പോലും തോന്നാതെ അവന്റെ ചിരിയിൽ മയങ്ങി പോയിരുന്നു അവളും..
ഒടുവിൽ അവൻ പകർന്ന പ്രണയം അപ്പാടെ ഏറ്റു വാങ്ങി ആ നെഞ്ചിൽ വാടി കിടക്കുമ്പോൾ ഇനിയെന്നും ഈ നെഞ്ചിൽ കിടക്കാനുള്ള ഭാഗ്യം തരണേ കർത്താവെ എന്ന് മനസ്സറിഞ്ഞു പ്രാർത്ഥിച്ചു.. അവനും…. അവളും.. കാറ്റിനു പോലും കടക്കാൻ കഴിയാത്ത അത്രയും ഇറുക്കെ കെട്ടിപിടിച്ചു കിടക്കുമ്പോൾ അവളും അവളുടെ രാജ കുമാരനും അറിഞ്ഞില്ല… മനസമാധാനം നിറഞ്ഞ അവസാനത്തെ ഉറക്കം ആണത് എന്നുള്ളത്. ഇനി ഇങ്ങനൊന്നു എല്ലാം മറന്നുറങ്ങാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന് അറിയാതെ… ചുണ്ടിൽ നിർവൃതിയുടെ പുഞ്ചിരി അണിഞ്ഞു അവരുറങ്ങുമ്പോൾ… വിധി അവർക്ക് വേണ്ടി ചതി ഒരുക്കുന്ന തിരക്കിൽ ആയിരുന്നു… തുടരും…

by