രചന – കൃഷ്ണപ്രിയ
꧁✿നൈർമല്യം✿꧂
തന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതിയ മുഹൂർത്തമാണ് കുറച്ച് നിമിഷങ്ങൾക്ക് മുൻപ് നടന്നതെന്ന് ഓർത്തപ്പോൾ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആദ്യമായി ഹിമഗൗരിക്കൊരു അവകാശി വന്നിരിക്കുന്നു. ഒരു താലി ചരടിലൂടെ അവൾക്ക് മേലുള്ള അവകാശം കാശിനാഥന് മാത്രമായി ….
താൻ ഇനി അനാഥ അല്ല എന്ന കാര്യം അവളുടെ മനസ്സിൽ ഒരു കുളിർമഴ പെയ്യിച്ചു.
വലതുകാൽ കാൽ വച്ച് ആ വീട്ടിലേക്ക് കയറിയപ്പോൾ ആ വീടുമായി തനിക്ക് വർഷങ്ങളായുള്ള പരിചയം അവൾക്ക് അനുഭവപ്പെട്ടില്ല. ആദ്യമായി കയറി ചെല്ലുന്ന പോലെയാണ് അവൾ ആ വീടിനെ നോക്കി കണ്ടത്.
കുഴമ്പിന്റെയും കഷായത്തിന്റെയും ഗന്ധമുള്ള ആ മുറിയിലേക്ക് കയറിയപ്പോൾ നന്ദിയും സ്നേഹവും ആവോളം അവളുടെ മനസ്സിൽ നിറഞ്ഞു തുളുമ്പി…..
കട്ടിലിൽ കിടക്കുന്ന സാവിത്രിയമ്മയുടെ കാൽക്കൽ ചെന്നിരുന്നു. ആ കാലുകൾ തൊട്ട് അനുഗ്രഹം വാങ്ങിച്ചു.
കൈകൾ നിവർത്തി ഒന്നനുഗ്രഹിക്കാൻ പോലുമാവാതെ കിടക്കുന്ന സാവിത്രിയമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു. അവരുടെ കണ്ണുകൾ തന്നോടുള്ള നന്ദിയും സ്നേഹവും വിളിച്ചോതുന്നതു പോലെ തോന്നി ഗൗരിക്ക്.
വേഷം മാറാനായി അവൾ പോയത് തന്റെ കിടപ്പ് മുറിയായ അടുക്കള ചായ്പ്പിലേക്കായിരുന്നു. പക്ഷെ അവിടെ നിന്നും തന്റെ സാധനങ്ങളൊക്കെ മാറ്റപ്പെട്ടിരിക്കുന്നു.
മടിച്ച് മടിച്ചാണെങ്കിലും അവൾ കാശിനാഥന്റെ മുറിയിലേക്ക് കയറി. അവിടെ തനിക്കാവശ്യമുള്ള സാധനങ്ങൾ എല്ലാം തന്നെയുണ്ടെന്നുള്ള കാര്യം അത്ഭുതത്തോടെ അവൾ കണ്ടറിഞ്ഞു.
വേഷം മാറി അവൾ പതിവ് ജോലികൾ ചെയ്യാൻ തുടങ്ങി.
പക്ഷെ രാത്രിയായപ്പോൾ …
ഇത് തന്റെ ആദ്യരാത്രി ആണെന്ന് ഓർത്തപ്പോൾ അവളുടെ ശരീരം ഒന്ന് വിറച്ചു. പക്ഷെ ഇത് തന്റെ പുതിയ ജീവതത്തിന്റെ ആരംഭം ആണെന്ന് ഓർത്തപ്പോൾ അവളുടെ ചുണ്ടിൽ ഒരിളം പുഞ്ചിരി വിരിഞ്ഞു.
ജോലികൾ എല്ലാം ഒതുക്കി അവൾ വിറയലോടെ കാശിയുടെ മുറിയിലേക്ക് കയറി.
അവളെ കണ്ടതും വായിച്ചിരുന്ന പുസ്തകം മടക്കി വച്ച് അവൻ എഴുന്നേറ്റു.
താൻ കിടന്നോളു…. ഞാൻ ഒന്ന് പുറത്ത് പോവാ …വരാൻ വൈകും… കാത്തിരിക്കണ്ട …..
അത്രയും പറഞ്ഞ് തന്നെ മറികടന്നുപോയ അവനെ അവൾ ദയനീയതയോടെ നോക്കി നിന്നു.
കട്ടിലിന്റെ ഒരു ഓരത്തായി അവൾ ചെരിഞ്ഞു കിടന്നു. ഉറക്കം കൺപോളകളെ തഴുകിയില്ല…
മനസ്സ് മുഴുവൻ അവളെ പഴയ ഓർമ്മകളിലേക്ക് വലിച്ചു കൊണ്ട് പോയി …
꧁꧁꧂꧂
ഏതോ തമിഴ് സ്ത്രീയിൽ ജനിച്ചതാണ് താൻ എന്ന അറിവ് ലഭിച്ചത് അവളെ വളർത്തിയ നമ്പൂരിച്ഛനിൽ നിന്നായിരുന്നു. ആരെല്ലാമോ ചേർന്ന് പിച്ചിചീന്തിയ തന്റെ അമ്മ അളകനന്ദയ്ക്ക് അഭയം കൊടുത്തത് നമ്പൂരിച്ഛനായിരുന്നു. തന്റെ അമ്മ അദ്ദേഹത്തിനു മകൾക്ക് തുല്യമായിരുന്നു. അവളുടെ ജനനത്തോടെ അമ്മ മരിച്ചു. ജനിച്ച പെൺകുഞ്ഞിന് ഹിമഗൗരി എന്ന് പേരിട്ട് വിളിച്ചു.
പിന്നീട് തന്നെ വളർത്തിയത് നമ്പൂരിച്ഛനാണ്.
പക്ഷെ …
അവളു പത്താം ക്ലാസ്സിലെ പരീക്ഷയുടെ സമയത്താണ് ഹൃദയാഘാതം വന്ന് നമ്പൂരിച്ഛൻ മരിച്ചത്. അതവളെ പാടെ തകർത്തു. പഠിപ്പ് നിലച്ചു. താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നിറങ്ങേണ്ടിവന്നു.
ആരുടെയൊക്കൊയോ സഹായം കൊണ്ട് ഒരു വീട്ടിൽ അടുക്കളക്കാരിയായി ജോലി കിട്ടി.
അതൊരു അധ്യാപകന്റെ വീടായിരുന്നു.
കൂടെ ഭാര്യയും… മക്കളില്ലായിരുന്നു അവർക്ക്.
ഉണ്ടായിരുന്നെങ്കിൽ തന്റെ പ്രായം വന്നേനെ .
പക്ഷെ ഒരു മകളുടെ സ്ഥാനത്തു കാണുന്നതിനു പകരം അയാൾ തന്നെ വെറും ഒരു ശരീരമായാണ് കണ്ടത്. പക്ഷെ മരിക്കേണ്ടി വന്നാൽ പോലും മാനം കളയരുത് എന്ന നമ്പൂരിച്ഛന്റെ ഉപദേശം കാതിൽ മുഴങ്ങിയതും സാധു സ്ത്രീയിൽ നിന്നും സംഹാരരുദ്രയായ ശ്രീഭദ്രകളിയെ പോലെ താൻ ആയെന്നുള്ള കാര്യത്തിൽ അവൾ അഭിമാനം കൊണ്ടു. അയാളുടെ തലയ്ക്ക് അടിച്ച് വീഴ്ത്തി .
അയാളുടെ ഭാര്യയെ വിവരം അറിയിച്ചു. സ്നേഹ നിധിയായ ഭർത്താവിൽ നിന്നും ഇങ്ങനൊരു പെരുമാറ്റം അവരും പ്രതീക്ഷിച്ചില്ല. അയാളെ പോലീസിന് പിടിച്ച് കൊടുത്തു.
പിന്നെ തനിക്കവിടെ നിൽക്കാൻ ആയില്ല.
അപ്പോഴാണ് ഇവിടെ ഒരമ്മ തളർന്നു കിടക്കുന്നുണ്ടെന്നും നോക്കാൻ ആളെ വേണമെന്നും അറിഞ്ഞത്. അങ്ങനെ തന്റെ പതിനേഴാം വയസ്സിൽ ഇവിടെയെത്തി.
ഇവിടത്തെ അമ്മയിൽ അവൾ സ്വന്തം അമ്മയെ കണ്ടെത്തി.
പക്ഷെ വർഷം അഞ്ച് കഴിഞ്ഞിട്ടും കാശിയേട്ടനോട് മാത്രം അടുക്കാൻ കഴിഞ്ഞില്ല.
ഒരിക്കൽ ഇവിടത്തെ ബന്ധത്തിലുള്ള അമ്മാവന്മാരുടെയും വെല്യച്ഛന്മാരുടെയും മറ്റും മക്കൾ വീട്ടിലേക്ക് വന്നു…
എല്ലാം തന്നോളം പ്രായം വരുന്ന അല്ലെങ്കിൽ തന്നെക്കാളും മുതിർന്ന ആളുകൾ.
അവരെല്ലാരും കൂടെ പുറത്തേക്ക് പോവാൻ ആയി നിൽക്കായിരുന്നു. അനുവാദം ചോദിക്കാനായി സാവിത്രി അമ്മേടെ അടുത്ത് വന്നപ്പോൾ എങ്ങോട്ടാ പോവുന്നേ എന്ന് മറുചോദ്യം ചോദിച്ചു അമ്മ.
കേൾക്കാൻ തനിക്കും ആഗ്രഹം ഉണ്ടായിരുന്നു.
പാർക്കിലും ബീച്ചിലും സിനിമക്കും ഷോപ്പിങ്ങിനും ഒക്കെ പോവുന്നു എന്നു കേട്ടപ്പോൾ തന്റെ കണ്ണുകൾ വിടർന്നിരുന്നു. ഒരിക്കലെങ്കിലും ഇതെല്ലാം കാണണം എന്നുള്ള ആഗ്രഹം മനസ്സിൽ തിരതല്ലിയിരുന്നു.
ഗൗരിയെക്കൂടെ കൂടെ കൊണ്ടു പോവണം എന്ന് അമ്മ പറഞ്ഞപ്പോൾ ഞങ്ങൾ പോവുന്നില്ല എന്ന് ഒരു പെൺകുട്ടി പറഞ്ഞു.
കരി പിടിച്ച അടുപ്പിനും പാത്രങ്ങൾക്കും ഇടയിൽ കിടക്കുന്ന ഒരു അടുക്കളക്കാരി പെണ്ണിനോടുള്ള അവഞ്ജയോ വെറുപ്പോ എന്തെല്ലാമോ അവരുടെ മുഖത്ത് താൻ കണ്ടു.
നിറഞ്ഞു തുടങ്ങിയ കണ്ണുനീർ അവർ കാണാതെ മറച്ചു പിടുച്ചു … ഞാൻ പോണില്ല അമ്മേ …. ഇവിടെ നൂറ് കൂട്ടം പണിയുണ്ട്. അവൾ എങ്ങനെയോ പറഞ്ഞാെപ്പിച്ചു.
അവർ ഇറങ്ങാൻ നേരം കാശിയേട്ടന്റെ കണ്ണുകൾ തന്നെ തേടി വന്നിരുന്നു. നുരഞ്ഞു പൊന്തിയ സങ്കടത്തെ ഉള്ളിൽ ഒതുക്കി കൊണ്ട് നേർത്ത ഒരു പുഞ്ചിരി അവൾ അവനായി നൽകി.
പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു സാവിത്രി അമ്മ ഒരു ആഗ്രഹം പറഞ്ഞത്. അമ്മയുടെ കണ്ണടയുന്നതിനു മുൻപ് കാശിയേട്ടന്റെ കല്യാണം കാണണം എന്ന്. അതിനായി അമ്മാവന്മാരുടെയെല്ലാം പെൺമക്കൾ നേരത്തെ ഓടി പാഞ്ഞെത്തി. പക്ഷെ ആരെയും വകവെയ്ക്കാതെ അമ്മ പറഞ്ഞത് കാശിയേട്ടൻ ഗാരിയെ താലി ചാർത്തണം എന്നായിരുന്നു. എല്ലാവരും എതിർത്തെങ്കിലും കാശിയേട്ടന്റെ സമ്മതം എല്ലാ എതിർപ്പുകളെയും തുടച്ചുനീക്കിയിരുന്നു.
അങ്ങനെ കാശിനാഥന്റെ താലിക്ക് ഗൗരി അവകാശി ആയി.
꧁꧁꧂꧂
ഓർമ്മകളിൽ നിന്നും തിരിച്ചെത്തുമ്പോൾ കട്ടിലിന്റെ ഒരു ഓരത്തായി അവളുടെ നല്ലപാതിയും സ്ഥാനമുറപ്പിച്ചിരുന്നു.
അവന്റെ സ്നേഹത്തോടെയുള്ള ഒരു നോട്ടം പോലും അവൾ കൊതിച്ചിരുന്നു… പ്രണയത്തോടെ തന്നെ ചേർത്തുപിടിക്കുന്ന അവനെ അവൾ ആഗ്രഹിച്ചു പോയിരുന്നു.
പക്ഷെ അതെല്ലാം വെറും ആശകൾ മാത്രമായി മാറ്റിക്കൊണ്ട് ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസമായും മാറി.
ഒരു ദിവസം രാത്രി താൻ ഉറങ്ങിയതിനു ശേഷം മാത്രം വന്നു കിടന്നുറങ്ങുന്ന കാശിനാഥനെ അവൾ ഉറങ്ങാതെ കാത്തിരുന്നു.
അവനോടായി പറയാൻ കുറെയേറെ കാര്യങ്ങൾ അവളുടെ മനസ്സിലുണ്ടായിരുന്നു.
കാശിയേട്ടാ !!!!…
അവളുടെ നൈർമല്യമാർന്ന ആ വിളി കേൾക്കാതിരിക്കാൻ അവനായില്ല.
എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് … വിരോധം ഇല്ലെങ്കി കേൾക്കാമോ ….
അവളുടെ ആ ചോദ്യത്തിനു മുൻപിൽ സമ്മതം എന്ന വണ്ണം അവൻ തലയാട്ടി.
എനിക്കറിയാം ഏട്ടനെന്നെ ഭാര്യയായി ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന്. എനിക്ക് അർഹിക്കാത്ത സ്ഥാനം ആണ് കാശിയേട്ടന്റെ ഭാര്യ എന്നുള്ളത്. അതിനുള്ള പഠിപ്പോ സൗന്ദര്യമോ ഒന്നും എനിക്കില്ല. അമ്മയുടെ ആഗ്രഹത്തിനു മുൻപിൽ എതിരു പറയാൻ കഴിയാത്തത് കാശിയേട്ടന്റെ നിസഹായത ആയിരുന്നെന്ന്. മനസ്സിനിഷ്ടപ്പെടുന്ന ജീവിതപങ്കാളിയുമൊത്ത് കുടുംബവും കുട്ടികളും ആയി ജീവിക്കാൻ ഏതൊരും ആളും കൊതിക്കും. കാശിയേട്ടനും അങ്ങനൊരു ആഗ്രഹമില്ലേ …
ഞാൻ കാരണം ഏട്ടന്റെ ജീവിതം നശിക്കുന്നത് എനിക്ക് കാണാൻ വയ്യ. പക്ഷെ ഇപ്പോൾ നമ്മൾ പിരിയുന്നത് ആ അമ്മക്ക് സഹിക്കില്ല. കുറച്ച് നാൾ കൂടെ കഴിഞ്ഞാൽ നമുക്ക് ബന്ധം വേർപെടുത്താം. ഭാര്യയായിട്ടല്ല ഇവിടുത്തെ പഴയ അടുക്കളക്കാരീടെ സ്ഥാനം മതിയെനിക്ക് . ഇവിടന്നു എന്നെ പറഞ്ഞു വിടരുത്. ഇവിടന്ന് ഇറങ്ങേണ്ടി വന്നാൽ പിന്നെ എനിക്ക് പോകാൻ ഒരിടമല്ല.
കാശിയേട്ടൻ മറ്റൊരു വിവാഹം കഴിക്കണം.
എനിക്ക് കാശിയേട്ടന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ കഴിഞ്ഞിലെങ്കിലും അടുക്കളക്കാരീടെ സ്ഥാനത്ത് നിന്ന് ഏട്ടന്റെ കുഞ്ഞുങ്ങളെ താലോലിക്കാലോ… അത് മതിയെനിക്ക് …
ഗൗരിയുടെ വാക്കുകൾ ഇടറിയിരുന്നു.
പറഞ്ഞു കഴിഞ്ഞതിനുശേഷം അവന്റെ കണ്ണുകളിലേക്ക് നോക്കിയ അവൾ സംശയിച്ചു നിന്നു. ആ കണ്ണുകളും കലങ്ങിയിരിക്കുന്നു.
ഒരിക്കലും വിട്ടുകളയാൻ അല്ല പെണ്ണേ നിന്നെ ഞാൻ കൂടെ കൂട്ടിയത്. നീ വന്നു കയറിയത് ഈ വീട്ടിലേക്ക് അല്ല. കാശിനാഥന്റെ മനസ്സിലേക്കാ. വന്ന നാൾ തൊട്ട് നിന്നെ നെഞ്ചിലേറ്റിയതാ കാശി… പക്ഷെ നിന്നെ ഒന്നും അറിയിക്കാൻ തോന്നിയില്ല.
അമ്മയോട് നിന്നോടെനിക്ക് ഉള്ള ഇഷ്ടം പറഞ്ഞപ്പോൾ നൂറ് വട്ടം സമ്മതം ആയിരുന്നു അമ്മക്ക്.
കല്യാണതലേന്ന് എന്റെ പ്രണയം പറയാൻ ഞാൻ വന്നിരുന്നു നിന്റെ മുറിയിൽ . പക്ഷെ അവിടെ എന്നെ കാത്തിരുന്നത് നിന്റെ ഡയറി ആയിരുന്നു.
അതിൽ മുഴുവൻ നിന്റെ പ്രണയമായിരുന്നു. പേരില്ലാതെ ഇരുന്നെങ്കിലും ആരെയോ നീ പ്രണയിക്കുന്നുണ്ടെന്ന് നീ പ്രണയത്തെ കുറിച്ചിച്ചെഴുതിയ വരികൾ എന്നോട് പറഞ്ഞു.
നിന്നോട് ചോദിക്കാൻ എനിക്ക് ഭയമായിരുന്നു. ഇത്രയും നാൾ ഞാൻ നിന്റെ പ്രണയത്തെ തേടി അലയുകയായിരുന്നു.
കാശിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവൾ വേഗം പോയി ആ ഡയറി എടുത്തു.
അതിൽ അവൾ അവസാനം എഴുതിയ ഏട് അവനു തുറന്നു കാട്ടി.
ആ അക്ഷരങ്ങളിലൂടെ അവൻ കണ്ണോടിച്ചു.
“”ഹിമഗൗരിയുടെ ഹൃദയം മിടിക്കുന്നുണ്ടെങ്കിൽ അത് കാശിനാഥന്റെ പ്രണയത്തിനു വേണ്ടി മാത്രമാണ് !!!””
അവൻ അത്ഭുതത്തോടെ അവളെ നോക്കി. ആ നിറഞ്ഞ കണ്ണുകളിൽ അവനോടുള്ള പ്രണയം മാത്രമാണ് അവനു കാണാൻ കഴിഞ്ഞത്. അവളെ വാരിപുണർന്ന് മുഖമാകെ ചുംബിച്ചപ്പോഴും ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. പക്ഷെ അതവരുടെ ആനന്ദത്തിന്റേതായിരുന്നു.
”””നിന്നോളം നൈർമല്യമുള്ള പെണ്ണിനെ എങ്ങനെ പ്രണയിക്കാതിരിക്കും പെണ്ണേ …”””
അവന്റെ നെഞ്ചിൽ തല ചായ്ച്ച് കിടന്ന ഗൗരിയുടെ ചെവിയിൽ അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
കുറുകിക്കൊണ്ട് അവൾ ഒന്നുകൂടെ അവനിലേക്ക് ചേർന്നു
ഹിമഗൗരിയിൽ കാശിനാഥൻ അലിയുമ്പോൾ പുറത്ത് ഭൂമിയുടെ പ്രണയമായി മഴ ഭൂമിയിൽ അലിഞ്ഞു കൊണ്ടിരുന്നു…
✿✿✿അവസാനിച്ചു✿✿✿

by