രചന – ഗംഗ ശലഭം
ചായയും കൊണ്ട് മുറിയിലേക്ക് ചെല്ലുമ്പോഴും അമ്മായി നിലവിളി നിർത്തിയിട്ടില്ല. എന്നെ കണ്ടതും അത് സ്വിച്ച് ഇട്ടത് പോലെ നിന്നു.
ഞാൻ ചായ ടേബിളിലേക്ക് വച്ച് മറുകയ്യിൽ കരുതിയിരുന്ന നനഞ്ഞ തുണി കൊണ്ട് അവരുടെ മുഖവും ചുണ്ടും ഒക്കെയൊന്ന് തുടച്ച് കൊടുത്തു.
കിടക്കുകയായിരുന്ന അമ്മായിയെ പിടിച്ച് എഴുന്നേൽപ്പിച്ച് എന്റെ മേത്തേയ്ക്ക് തന്നെ ചാരി ഇരുത്തി. കയ്യെത്തിച്ചു ടേബിളിൽ ഇരുന്ന ചായ എടുത്തു ചുണ്ടിലേക്ക് ചേർത്ത് വച്ച് കൊടുത്തു. ഒരെതിർപ്പും കൂടാതെ അവരത് മുഴുവനും കുടിച്ചു.
” എന്തിനാ അമ്മ ഇങ്ങനെ വിളിച്ചു കൂവന്നത്? ഞാൻ ഒന്നും തരുന്നില്ല എന്ന് നാട്ടുകാരെ അറിയിക്കാനാ? ”
അതേപടി ആളിനെ കട്ടിലിലേക്ക് തന്നെ കിടത്തിക്കൊണ്ട് ചോദിച്ചു. കുട്ടി മിണ്ടുന്നില്ല…. എന്തിന് എന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ല.
” ആരറിഞ്ഞാലും എനിക്കതൊരു വിഷയമേ അല്ല…. എന്നെ പറഞ്ഞിട്ടുള്ളതൊക്കെ ഓർത്താലേ പച്ച വെള്ളം തരാൻ പാടില്ലാത്തതാണ്. എന്നിട്ടും ഇതൊക്കെ ചെയ്യുന്നത് സ്നേഹം ഉണ്ടായിട്ടൊന്നും അല്ല… മനുഷ്യത്വം എന്നൊരു സാധനം ഉണ്ടായിപ്പോയത് കൊണ്ട് മാത്രമാണ്. ”
ചായ മുഴുവൻ കുടിച്ച് കഴിഞ്ഞാണ് അത്രേം പറഞ്ഞത്. ഇല്ലേൽ ചിലപ്പോ കുടിച്ചില്ലാന്ന് വരും. ഇപ്പോഴും വാശിക്ക് കുറവൊന്നും ഇല്ല… കൂടിയിട്ടുണ്ടെങ്കിലേ ഉള്ളൂ…
അവര് കുടിക്കാതിരുന്നാലും എനിക്ക് വിഷമം ഒന്നും ഉണ്ടാവാൻ പോണില്ല. പക്ഷെ ഇല്ലാത്ത നേരത്തിനു കഷ്ടപ്പെട്ട് ഇട്ടത് വെറുതെ കളയാൻ എനിക്ക് ഇച്ചിരി വിഷമമുണ്ട്.
എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത ഒരാളിനോടാണോ ഇങ്ങനെ പെരുമാറുന്നത്, അവരോട് സഹതാപം പോലും തോന്നുന്നില്ലേ എന്നൊക്കെ നിങ്ങൾക്ക് തോന്നുന്നുണ്ടാവും….
ചിലര് പറഞ്ഞ ചില വാചകങ്ങൾ ഉണ്ടല്ലോ….. നമ്മൾ മരണം വരെ മറക്കാൻ പറ്റാതെ, എത്ര തവണ വിഴുങ്ങി കളഞ്ഞാലും പിന്നെയും പിന്നെയും തികട്ടി തികട്ടി വരുന്ന ചില വാചകങ്ങൾ…. അത് പോലെ മറവി കവരാത്ത എത്ര വാചകങ്ങൾ അമ്മായി എനിക്ക് നേരെ നീട്ടി തുപ്പിയിട്ടുണ്ടെന്ന് അറിയാമോ?
എന്റെ അച്ഛനും അമ്മയും പുഴുത്തു ചാകും എന്ന് ശപിച്ചതും…. എനിക്ക് മാറ്റാരോ ആയിട്ടൊക്കെ ബന്ധമുണ്ട് എന്ന് പറഞ്ഞതും… എന്തിന് എന്റെ സഹോദരനായി ഞാൻ കാണുന്ന മധുവിനേം എന്നേം ചേർത്ത് പറഞ്ഞതുമൊന്നും മരിക്കുവോളം മറക്കാൻ എനിക്ക് പറ്റില്ല.
എന്നെ പറഞ്ഞത് മറന്നാലും എന്റെ മാതാപിതാക്കളെ പറഞ്ഞതൊക്കെ ഞാൻ എങ്ങനെ മറക്കാനാണ്….?
അതൊന്നും മറക്കാൻ പറ്റാത്തിടത്തോളം ഞാൻ അവരെ എങ്ങനെ സ്നേഹിക്കാനാണ്? എങ്ങനെ എനിക്ക് അവരോട് സഹതാപം തോന്നാനാണ്?
എന്റെ അച്ഛനും അമ്മയും… വേണ്ട…. അത് ഒന്ന് കൂടി ആവർത്തിക്കാൻ എനിക്ക് പറ്റുന്നില്ല…. നേരത്തെ പറഞ്ഞത് തന്നെ! അവരത് പറയാൻ ഉണ്ടായ കാരണം അറിയണ്ടേ?
🦋
ഞങ്ങൾ താമസിക്കുന്ന വീട് ഏതാണ്ട് പൊളിഞ്ഞു വീഴാനുള്ള പരുവം ആയിട്ടുണ്ട്. അത് കൊണ്ടൊരു പുതിയ വീട് വയ്ക്കാമെന്ന് ഹരിയേട്ടൻ ആലോചനയിട്ടു.
ഇപ്പോഴുള്ള വീടിന്റെ അടുത്ത് അമ്മയ്ക്ക് കുറച്ചു വസ്തുവുണ്ട്. വീടിന്റെ ആവശ്യത്തിനായി അതിൽ ഏഴു സെന്റ് ഹരിയേട്ടന്റെ പേരിലേക്ക് മാറ്റി എഴുതി കൊടുത്തു അമ്മായി.
ഇരുനില, ത്രീ ബെഡ്റൂം വീടിന് പ്ലാൻ വരച്ചു. ഒരു കുത്തിറക്കമാണ്.
വീട് വയ്ക്കാനുള്ള സാധനങ്ങൾ കൊണ്ട് വരാനുള്ള അസൗകര്യവും, തേരി ആയത് കൊണ്ട് കുറേ മണ്ണിടിച്ചു മാറ്റി താഴത്തെ നില പൊക്കി കെട്ടേണ്ടതൊക്കെ ഉള്ളത് കൊണ്ടും, കണക്ക് നോക്കി വന്നപ്പോ ഏതാണ്ട് നാല്പത്തിയഞ്ചു- അൻപതു ലക്ഷം രൂപയാകും വീടൊന്ന് കെട്ടി പൊക്കാൻ.
അത് മാത്രമോ? ഇതിന് പുറമെ ഇന്റീരിയറിനും മറ്റുമായി അതും കുറേ ആകില്ലേ? ഹരിയേട്ടന്റടുത്തു എല്ലാം കൂടി നുള്ളി പെറുക്കി എടുത്താൽ ഒരു ആറോ ഏഴോ ലക്ഷം ഉണ്ടാവും. ഓർണമെൻറ്സ് ആയിട്ട് എനിക്ക് അധികം ഒന്നും ഉണ്ടായിരുന്നില്ലല്ലോ? അത് കൊണ്ട് ആ വകയിലും ഒന്നും തരപ്പെടില്ല.
ബാക്കി അത്രേം ലോൺ എടുക്കാന്ന് വച്ചാൽ മാസം എത്ര അടവ് വരുമെന്നാണ്?
ബന്ധുക്കളുമായിട്ടൊക്കെ വളരെ ‘നല്ല’ ടെംസിൽ ആയത് കൊണ്ട് ആരും കടമായി പോലും അഞ്ചിന്റെ പൈസ കൊടുക്കാനും പോണില്ല.
ഹരിയേട്ടന് തരക്കേടില്ലാത്ത സാലറി ഉള്ളത് കൊണ്ട് ലോൺ എടുക്കാം എന്ന് തന്നെ ഉറച്ചു. ആ ഇടയ്ക്കാണ് അമ്മായി മറ്റൊരു ഐഡിയയുമായിട്ട് വന്നത്.
വലിയൊരു തുകയൊക്കെ ലോൺ എടുത്താൽ ശമ്പളത്തിന്റെ പകുതി മുക്കാലും അതിന്റെ അടവിനു തന്നെ പോകില്ലേ?
അത് ഒഴിവാക്കാനുള്ള ബുദ്ധിപരമായ ഐഡിയ എന്നുള്ള രീതിയിൽ ആയിരുന്നു അമ്മായി സ്വന്തം തലയിൽ ഉദിച്ച കുരുട്ട് ബുദ്ധി അവതരിപ്പിച്ചത്..
മറ്റൊന്നുമല്ല… എന്റെ അമ്മയ്ക്ക് അപ്പൂപ്പൻ കൊടുത്തു എന്ന് പറഞ്ഞില്ലേ? ആ പ്രോപ്പർട്ടി അങ്ങോട്ട് വിൽക്കുക. അൻപതു സെന്റിനും മേലെയുണ്ടത്.
” സ്ത്രീധനമായിട്ട് ഞങ്ങൾ ഒന്നും ചോദിച്ചില്ലല്ലോ? നിങ്ങൾ ഒന്നും തന്നും ഇല്ല…. അപ്പൊ പിന്നെ മക്കള് പോയി ഇങ്ങനെ ഒരാവശ്യത്തിന് വേണ്ടി ചോദിക്കുന്നതിനു തെറ്റൊന്നും ഇല്ല…. ”
എന്ന് പറഞ്ഞു സ്നേഹത്തോടെയാണ് അമ്മായി എന്നോട് സംസാരിച്ചത്.
അത് ഇപ്പോഴും അമ്മേടെ പേരിൽ തന്നെയാണ്. എന്റെ പേരിലേക്ക് മാറ്റി എഴുതിയിട്ടൊന്നും ഇല്ല. അതിന്റെ ആവശ്യം ഇല്ലല്ലോ? ഞാൻ ഒറ്റ മോളായ സ്ഥിതിയ്ക്ക് അവർക്കുള്ളതെല്ലാം ഭാവിയിൽ എനിക്ക് തന്നെ അല്ലെ?
എന്നിട്ടും അമ്മായി പറഞ്ഞത് പോലെ അത് പോയി ചോദിക്കാനൊന്നും എന്റെ മനസ്സ് അനുവദിച്ചില്ല. നിങ്ങൾ എനിക്ക് സ്ത്രീധനം തന്നില്ലല്ലോ അത് കൊണ്ട് ഇത് എനിക്ക് തന്നേക്ക് എന്ന് പറയാൻ പറ്റുമോ?
ചോദിക്കണ്ട എന്ന് തന്നെ ഹരിയേട്ടനും പറഞ്ഞു. വിൽക്കാൻ എളുപ്പമാണ്. പിന്നീട് അത് പോലെ ഒരു പ്രോപ്പർട്ടി വാങ്ങാനാണ് പ്രയാസം എന്ന് പറഞ്ഞു ഹരിയേട്ടൻ. അതും അമ്മേടെ മുന്നിൽ വച്ച് തന്നെ. അതോടെ പ്രത്യക്ഷത്തിൽ അമ്മായി ആ വിഷയം വിട്ടു.
എങ്കിലും ഹരിയേട്ടൻ ഇല്ലാത്ത അവസരങ്ങളിൽ എന്നെ അവരതിന് സ്നേഹത്തോടെ നിർബന്ധിച്ചു കൊണ്ടിരുന്നു.
ഒരിക്കൽ എന്റെ വീട്ടിൽ പോയ അവസരത്തിൽ വീട് വയ്ക്കുന്നതിനെക്കുറിച്ചും ലോൺ എടുക്കുന്നതിനെക്കുറിച്ചും ഒക്കെ സംസാരിച്ച് വന്ന കൂട്ടത്തിൽ എന്റെ അച്ഛൻ പറഞ്ഞു അച്ഛന്റെ പേരിലുള്ള പത്തു സെന്റ് വിളിക്കാമെന്ന്. സെന്റിന് ഏതാണ്ട് മൂന്ന് ലക്ഷത്തിൽ കൂടുതൽ കിട്ടും. എങ്ങനെ പോയാലും അഞ്ച് സെന്റിനും കൂടി മുപ്പത് ലക്ഷം വരും.
ബാക്കി തുക എങ്ങനെ എങ്കിലും ഒക്കെ ഒപ്പിക്കാം. ഹരിയേട്ടൻ ആദ്യം എതിർത്തെങ്കിലും ” ഇതൊക്കെ അവളുടെ തന്നെ അല്ലെ ഹരീ? ” എന്ന് പറഞ്ഞ് അച്ഛൻ നിർബന്ധിച്ചപ്പോ ഒടുവിൽ ആളും സമ്മതിച്ചു.
അങ്ങനെ അച്ഛൻ തന്നെ വസ്തു വാങ്ങാൻ ഒരു പാർട്ടിക്കാരെ അന്വേഷിച്ചു കണ്ട് പിടിച്ചു. ഞങ്ങടെ വസ്തുവിന് അടുത്ത് കിടക്കുന്ന ഇരുപത്തി അഞ്ച് സെന്റ്റും ഞങ്ങടെ പത്തു സെന്റ്റും കൂടി ആകെ മുപ്പത്തിയഞ്ച് സെന്റ് ഒരുമിച്ചു വിൽക്കാമെന്നായി. ഏതോ വില്ല പ്രോജക്ട്ടുകാരാണ്.
അങ്ങനെ അഡ്വാൻസ് ഒക്കെ വാങ്ങിയ സമയത്താണ് നമ്മുടെ പ്രധാന മന്ത്രിയുടെ ഡിമോണിടൈസേഷൻ വരുന്നത്…. നോട്ട് നിരോധനമേ…
റിയൽ എസ്റ്റേറ്റ് ഒക്കെ ആ സമയം വല്ലാതെ തകർന്ന് പോയിരുന്നല്ലോ?
രെജിസ്ട്രേഷൻ പറഞ്ഞ തീയതിയക്ക് നടത്താൻ പറ്റിയില്ല. ഒരു വർഷത്തെ സാവകാശം കൂടി ആ വില്ല പ്രൊജക്റ്റ്‌കാർ ചോദിച്ചു.
ഇരുപത്തി അഞ്ച് സെന്റിന്റെ ഉടമസ്ഥർക്ക് അത് സമ്മതമായിരുന്നു. അച്ഛനും അത് സമ്മതിക്കാതെ തരം ഉണ്ടായിരുന്നില്ല.
വേറെ ആൾക്കാരെ കണ്ട് പിടിച്ചാലും ഇത് തന്നെയാകും അവസ്ഥ എന്ന് അന്വേഷിച്ചവരൊക്കെ പറഞ്ഞതോടെ അച്ഛനും സമ്മതം പറഞ്ഞു. അതോടെ അമ്മായി കലിപ്പിലായി. എന്റെ അച്ഛൻ മനപ്പൂർവം കാശ് തരാത്തതാണെന്ന് പറഞ്ഞു അമ്മായി തുടങ്ങിയില്ലേ?
നേരിട്ടല്ല കേട്ടോ? അന്ന് ‘നന്നായ’ ശേഷം നേരിട്ട് ഒന്നും പറയാറുണ്ടായിരുന്നില്ല. ഭയങ്കര സ്നേഹം ആണ്.
ആരോടോ ഫോണിൽ പറയുന്നത് കേട്ടതാണ് ഞാൻ.
ഞാൻ നന്നാവുന്നത് എന്റെ അച്ഛനമ്മമാർക്ക് ഇഷ്ടമില്ലത്രേ…. അവര് മനഃപൂർവം കാശ് തരാത്തതാണെന്ന്. ആ കാശ് കൊണ്ട് അവർക്ക് ജീവിക്കാൻ പറ്റില്ലത്രേ…. അവര്… പുഴുത്തു ചാവുംന്ന്….
ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റിയില്ല എനിക്ക്. അന്ന് ഞാൻ അത് അമ്മായിയോട് നേരിട്ട് ചോദിച്ചു. സമ്മതിച്ചു തന്നില്ല അമ്മായി. ” അയ്യോ…. നിന്റെ വീട്ടുകാരെക്കുറിച്ച് ഞാൻ അങ്ങനെ പറയോ മക്കളേ…. അവര് നമ്മടെ ബന്ധക്കാരല്ലേ? ” എന്ന് ചോദിച്ചു പറഞ്ഞത് നിഷേധിച്ചു കളഞ്ഞു. എങ്കിലും എന്റെ ചെവി കൊണ്ട് കേട്ടത് ഞാൻ എങ്ങനെ അവിശ്വസിക്കും?
രസം അതല്ല…. അതേ വസ്തു വിറ്റ് കിട്ടിയ കാശ് കൊണ്ടാണ് ഇന്ന് ഞങ്ങടെ വീട് പണി നടക്കുന്നത്. ഏതാണ്ട് പൂർത്തിയാകാറായി. രണ്ട് മാസത്തിനുള്ളിൽ പാല് കാച്ചൽ നടത്താം.
അതൊക്കെ ഞാൻ എങ്ങനെ മറക്കാനാണ്? ഇവരിനി ഏത് അവസ്ഥയിൽ ആയാലും എനിക്കിവരെ മനസ്സറിഞ്ഞു സ്നേഹിക്കാൻ ആവില്ല. എല്ലാം മറക്കാനും പൊറുക്കാനും ഞാൻ സീരിയൽ നായിക ഒന്നും അല്ലല്ലോ?
🦋
യൂറിൻ ബാഗ് നിറഞ്ഞിരുന്നു. അതെടുത്തു മാറ്റി വൃത്തിയാക്കി പുതിയത് വച്ചു. അപ്പോഴേക്കും സുമ ചേച്ചി വന്നു.
” മോള് പൊയ്ക്കോ… ഇന്ന് കുഞ്ഞിന്റെ പിറന്നാളല്ലേ? അമ്പലത്തിൽ പോണോന്ന് പറഞ്ഞിരുന്നല്ലോ? ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം. ”
സുമ ചേച്ചി പറഞ്ഞപ്പൊ ഞാൻ തലയാട്ടി സമ്മതിച്ചു കൊണ്ട് റൂമിൽ നിന്നും പുറത്തേക്കുറങ്ങി.
സുമ ചേച്ചി തനിയെ അമ്മായിയെ പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തും… ഡ്രസ്സ് ഒക്കെ മാറ്റി മേലൊക്കെ തുടച്ച് കൊടുക്കും… അമ്മായീടെ ഡ്രസ്സ് ഒക്കെ കഴുകി ഉണക്കി മടക്കി വയ്ക്കും. ഒന്നിനും ആൾക്ക് ഒരു കൈ സഹായം പോലും വേണ്ട. അതും കൂടാതെ വേണേൽ എന്നെ തൂക്കാനും തുടയ്ക്കാണും അടുക്കള പണിയിലും ഒക്കെ സഹായിച്ചു തരികേം ചെയ്യും. എങ്ങനെ ഒറ്റയ്ക്ക് ഇതെല്ലാം കൂടി സാധിക്കുന്നോ എന്തോ? എന്തായാലും ആള് എനിക്ക് വലിയ സഹായമാണ്.
വൈകിട്ട് ആറു മണിയൊക്കെ ആകുമ്പോ ചേച്ചി പോകും. പിന്നീട് വലിയ പണി ഒന്നുമില്ല. ആഹാരം കൊടുത്തു കിടത്തിയാൽ മാത്രം മതി. രാത്രിയിൽ വേറെ എന്തെങ്കിലും ആവശ്യം വന്നാൽ അച്ഛൻ ഞങ്ങടെ റൂമിൽ വന്ന് തട്ടി വിളിച്ചോളും.
ഞാൻ റൂമിലേക്ക് ചെല്ലുമ്പോ ഹരിയേട്ടൻ ഉണ്ണിയെ ഒരുക്കി നിർത്തിയിട്ട് തയാറാക്കുന്നുണ്ട്. ഞാനും പെട്ടെന്ന് തന്നെ തയാറായിറങ്ങി.
ബൈക്കിലാണ് അമ്പലത്തിലേക്ക് പോയത്.
🦋 🦋 🦋 🦋 🦋
മരുമകൾ 68
അമ്പലത്തിൽ തൊഴുതു വരുമ്പോ അമ്മയും അച്ഛനും മാമനും മാമിയും വന്നിരുന്നു. മധുവും മീനുവും ഒക്കെ പിന്നീടെ വരൂ…..
ബ്രെക്ക് ഫാസ്റ്റ് കഴിച്ചിട്ട് ഞങ്ങൾ മൂന്ന് പെണ്ണുങ്ങളും കൂടി അടുക്കളയിലേക്ക് കയറി. സുമ ചേച്ചിയും കൂടി സഹായത്തിന്. പക്ഷെ സുമ ചേച്ചി എപ്പോഴൊക്കെ അടുക്കളയിലേക്ക് വരുമോ അപ്പൊ അമ്മായീടെ വിളി വരും…
” സുമേ….
സുമേ….
സുമേ………….!!! ”
അവസാനം ഒരലർച്ചയാണ്…
കേട്ട് കേട്ട് നിർവൃത്തി ഇല്ലാതായപ്പോ എന്റെ അമ്മ പറഞ്ഞു “ഇനീപ്പോ ഞങ്ങൾക്ക് ചെയ്യാനുള്ളതല്ലേ ഉള്ളൂ സുമ അവിടെ നിന്നോ” ന്ന്….
എനിക്കും സുമ ചേച്ചിക്കും ഈ വിളി പുത്തരി അല്ല. എനിക്ക് ഒരു സഹായത്തിനും അമ്മായി സുമ ചേച്ചിയെ വിട്ട് തരാറില്ല. ” എന്നെ നോക്കാൻ എന്റെ മോൻ നിർത്തീതല്ലേ നിന്നെ. അപ്പൊ നീ എന്നെ നോക്കിയാ മതീ ” ന്ന് സുമ ചേച്ചിയോട് പറയും.
എന്നോട് പറയില്ലാട്ടോ…. അമ്മായീടെ കാര്യങ്ങൾ എല്ലാം മുടക്കം ഇല്ലാതെ എന്നാൽ കഴിയും വിധം നോക്കാറുണ്ടെങ്കിലും, എനിക്ക് ഇഷ്ടം ഇല്ലാത്തത് എന്തെങ്കിലും പറഞ്ഞാൽ ഞാൻ കേട്ട് നിക്കില്ല. നല്ല മറുപടി കൊടുക്കും. അത് കൊണ്ട് എന്നോട് നേരിട്ട് ഒന്നും പറയാറില്ല.
എന്റെ കുറ്റങ്ങൾ പറയുന്നത് മെയിൻ ആയിട്ട് സുമ ചേച്ചിയോടാണ്. പിന്നെ അമ്മയെ കാണാൻ വരുന്നവരോടും…
പ്രധാന കുറ്റം എന്താണെന്നോ? അമ്മായി ഈ അവസ്ഥയിൽ കിടന്നിട്ടും അവരെ ഇവിടെ ഇട്ട് ഞാൻ ജോലിക്ക് പോകുന്നത്രേ….!
ഏതെങ്കിലും മരുമക്കൾ ചെയ്യുമോ ഇങ്ങനെ ഒരു ക്രൂരത! അതും എന്നെ ‘ പ്രാണനെപ്പോലെ സ്നേഹിച്ച ‘ എന്റെ അമ്മായിയോട് ഞാൻ ഇങ്ങനെ ചെയ്യാൻ പാടുണ്ടോ?
വരുന്നവരോടൊക്കെ അവർ അങ്ങനെ തന്നെ പറയാറുണ്ടായിരുന്നേ….
എന്നെ മകളെപ്പോലെ കരുതി സ്നേഹിച്ചിരുന്നതാണ്. എന്നിട്ടിപ്പോ വയ്യാതെ കിടപ്പിലായപ്പോ എനിക്കവരെ നോക്കാൻ വയ്യാന്ന്… എനിക്ക് കാശിനോട് വല്ലാത്ത ആർത്തി ആണെന്ന്… സ്നേഹം എന്താണെന്ന് കൂടി അറിയില്ലാന്ന്…..
അവരങ്ങനെയൊക്കെ പരാതി പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വരാറുള്ളത്.
🦋
സൺഡേയ്സിൽ സുമ ചേച്ചി സാധാരണ വരാറില്ല. അന്ന് ചേച്ചിയുടെ മക്കളും കൊച്ച് മക്കളുമൊക്കെ വീട്ടിൽ വരും…. മക്കളും കൊച്ച് മക്കളും ഒത്തുള്ള സന്തോഷം അവർ എങ്ങനെ വേണ്ടാന്ന് വയ്ക്കും?
അന്നേ ദിവസം അമ്മായിയുടെ കാര്യങ്ങൾ ഒക്കെ ഞാൻ തന്നെയാണ് നോക്കുന്നത്. അത് പോലും ചെയ്യാൻ പാടില്ലാത്തതാണെന്ന്, പഴയത് പലതും ആവർത്തിച്ചു ഓർമിപ്പിച്ചു കൊണ്ട് എന്റെ മസ്തിഷ്കം എന്നോട് ആജ്ഞാപിക്കാറുണ്ട്. എന്നിട്ടും ഞാൻ അത് അനുസരിക്കാത്തത് അത്ര വിശാല മനസ്‌ക ആയോണ്ടൊന്നും അല്ല… നേരത്തെ പറഞ്ഞില്ലേ? മനുഷ്യത്വം…. അത്ര തന്നെ!
🦋
മുൻപ് മറ്റുള്ളവർ എന്ത് പറയും എന്ന് കരുതി ഒന്നും മിണ്ടാതെ നിന്നിട്ടുണ്ട്. പലതും കേട്ടിട്ടും കേട്ടില്ല എന്ന് നടിച്ചിട്ടുണ്ട്. ഇപ്പൊ എനിക്ക് ആരെന്തു കരുതിയാലും ഒന്നുമില്ല. നാട്ടുകാരുടെ ചിലവിൽ അല്ലല്ലോ ഞാൻ കഴിയുന്നത്?
അത് കൊണ്ട് അമ്മായി ആരോട് എന്ത് പറഞ്ഞാലും അതൊന്നും എനിക്ക് ഏശില്ല എന്ന് ഞാൻ എന്നെത്തന്നെ വിശ്വസിപ്പിച്ച് വച്ചിട്ടുണ്ട്.
ജീവിതാനുഭവങ്ങളോളം മികച്ച അദ്ധ്യാപകനില്ല എന്ന് പറയാറില്ലേ? എന്റെ ജീവിതം എന്നെ പഠിപ്പിച്ച ചില പാഠങ്ങളുണ്ട്. അതിൽ ഒന്ന് എന്റെ സന്തോഷങ്ങൾ മറ്റാർക്കും മുന്നിലും അടിയറവു വയ്ക്കേണ്ടതില്ല എന്നതാണ്.
അമ്മായി എന്ത് പറയും എങ്ങനെ പെരുമാറും എന്നൊക്കെ ഭയന്ന് എന്റെ പല സന്തോഷങ്ങളും ഞാൻ ഉപേക്ഷിച്ചു കളഞ്ഞിട്ടുണ്ട്. അമ്മായി ഇതൊക്കെ നാട്ടുകാരോട് പറഞ്ഞാൽ അവരൊക്കെ എന്നെ എങ്ങനെ കാണും എന്നോർത്തു വേവലാതിപ്പെട്ടിട്ടുണ്ട്. പറയണമെന്ന് തോന്നിയ പലതും പറയാതെ അടക്കി പിടിച്ചിട്ടുണ്ട്.
അതേ അമ്മായി തന്നെയാണ് എന്നെ പ്രതികരിക്കാൻ പഠിപ്പിച്ചതും…. മുൻപ് മറ്റുള്ളവർക്ക് മുന്നിൽ ഒന്ന് തല ഉയർത്തി നടക്കാൻ പോലും മടിച്ചിരുന്ന ഞാൻ…. ആകെ ഷൈ ആയിരുന്ന ഞാൻ.. ഇന്ന് എനിക്ക് ശരി എന്ന് തോന്നുന്ന അഭിപ്രായങ്ങൾ തുറന്ന് പറയുന്നുണ്ട്. ആർക്ക് മുന്നിലും അത് പറയാൻ എനിക്ക് മടി തോന്നാറില്ല.
അക്കാര്യത്തിൽ ഞാൻ അവരോട് എന്നും കടപ്പെട്ടിരിക്കും…..!
🦋
എന്നിട്ടും ഉണ്ണി എൽ കെ ജി യിൽ പോയി തുടങ്ങും വരെ ഞാൻ ജോലിക്ക് പോയിരുന്നില്ല.
ഞാൻ ഗർഭിണി ആയ സമയത്തു…. കൊച്ച് സ്കൂളിൽ പോയി തുടങ്ങിയ ശേഷം ഞാൻ ജോലിക്ക് പോയാൽ മതിയെന്ന്… അമ്മായിക്ക് കുഞ്ഞിനെ നോക്കാനുള്ള ആരോഗ്യം ഇല്ല എന്നും ഒക്കെ അവര് പറഞ്ഞിരുന്നു.
അമ്മായി ‘നന്നായ’ ശേഷം അല്ല കേട്ടോ? നന്നാവുന്നതിനും മുൻപ്….
അത് കൊണ്ട് അവൻ സ്കൂളിൽ പോയി തുടങ്ങുന്നത് വരെയും ഞാൻ ഒരിടത്തും ജോലിക്ക് ശ്രമിച്ചിട്ടില്ല. അത് അമ്മായിയെ പേടിച്ചിട്ടല്ല. എന്നോടുള്ള ദേഷ്യത്തിന് അവരെന്റെ കുഞ്ഞിനെ നേരാം വണ്ണം ശ്രദ്ധിച്ചില്ലെങ്കിലോ എന്നുള്ള പേടി കൊണ്ടാണ്.
പുറമെ നല്ലോണം സ്നേഹം കാണിക്കുന്നുണ്ട് എങ്കിലും ഉള്ളിൽ അത് ലവലേശം ഇല്ലല്ലോ? ഹരിയേട്ടന്റെ കണ്ണിൽ പൊടിയിടാനുള്ള നന്നാവൽ ആണെന്ന് എനിക്കല്ലേ അറിയൂ?
അത് കൊണ്ട് മോനെ സ്കൂളിൽ വിടുന്നത് വരെ ഞാൻ ജോലിക്ക് പോകണ്ട എന്ന് വച്ചു.
മോന് മൂന്ന് വയസൊക്കെ ആയ സമയത്താണ് വീട്ടിൽ നിനും ഏതാണ്ട് രണ്ട് കിലോമീറ്റർ വെത്യാസത്തിൽ ഉള്ള ഗവണ്മെന്റ് സ്കൂളിൽ ഗസ്റ്റ് വേക്കൻസി വന്നത്. ആറു മാസത്തേയ്ക്കാണ്. ഏതോ ടീച്ചർ മെറ്റേർണിറ്റി ലീവിന് പോയതിന്റെ വേക്കൻസി ആണ്.
ഹരിയേട്ടനാണത് അറിഞ്ഞിട്ട് വന്ന് എന്നോട് പറഞ്ഞത്.
ഞാൻ കേട്ട പാടേ ഹരിയേട്ടനോട് നോ പറഞ്ഞു. മോനെ സ്കൂളിൽ വിട്ടിട്ടില്ല. പിന്നെങ്ങനെ പോകാനാണ്?
ഹരിയേട്ടൻ അപ്പോൾ തന്നെ അതിനൊരു സൊല്യൂഷനും കണ്ട് പിടിച്ചു. അവന് മൂന്ന് വയസ്സായില്ലേ ഇനിയിപ്പോ പ്ളേസ്കൂളിൽ വിടാമെന്ന്….
എന്തായാലും ഇന്റർവ്യൂ അറ്റൻഡ് ചെയ്യ്, കിട്ടുവാണേൽ മോന്റെ കാര്യം ഒക്കെ ആള് തന്നെ സെറ്റാക്കാം എന്ന് ഉറപ്പ് തന്നപ്പോ എന്നാൽപ്പിന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു കളയാമെന്ന് ഞാനും തീരുമാനിച്ചു.
ഇന്റർവ്യൂ നല്ല രീതിയിൽ തന്നെ അറ്റൻഡ് ചെയ്തു. എന്നെ തന്നെ സെലക്ട് ചെയ്യേം ചെയ്തു.
ഉണ്ണിക്ക് വീടിന് അടുത്തുള്ള കിൻഡർഗാർട്ടനിൽ അഡ്മിഷൻ ശെരിയാക്കി. ഒൻപത് മുതൽ മൂന്ന് മണി വരെ ആണെങ്കിലും, എട്ട് മുതൽ അഞ്ച് മണിവരെ അവര് നോക്കിക്കോളാമെന്ന് ഉറപ്പ് തന്നു. എക്സ്ട്രാ കാശ് കൊടുത്താൽ മതി. അങ്ങനെ അതും സെറ്റാക്കി സ്കൂളിൽ ജോയിൻ ചെയ്യാനുള്ള ദിവസവും കാത്തിങ്ങനെ ഇരിക്കുമ്പോഴാണ് ആ സംഭവം നടക്കുന്നത്…..
🦋
അന്ന് പുലർച്ചെ ഏതാണ്ട് അഞ്ച് മണിയൊക്കെ ആയിട്ടുണ്ടാകും… ഞങ്ങടെ റൂമിന്റെ വാതിലിൽ ശക്തിയായി മുട്ട് കേട്ട് ഞാനാണ് ആദ്യം എഴുന്നേറ്റത്. അച്ഛൻ ” ഹരീ ഹരീ ” ന്ന് വല്ലാതെ പേടിച്ചത് പോലെ വിളിക്കുന്നതും കേട്ടു. ഹരിയേട്ടനേം വിളിച്ചുണർത്തി വെപ്രാളപ്പെട്ടു വാതിൽ തുറന്നു.
അച്ഛൻ ആകെ പേടിച്ചു വിറച്ചു വിയർത്തു കുളിച്ച് വല്ലാത്ത ഭാവത്തിൽ പുറത്ത് നിൽക്കുന്നു…..!
” ഹരീ…. കുമാരി താഴെ വീണു കിടക്കുന്നെടാ…. വിളിച്ചിട്ട് എണീക്കണില്ല…. ”
കരയുന്നുണ്ടായിരുന്നച്ഛൻ….
ഹരിയേട്ടൻ റൂമിലേക്ക് ഓടിയാണ് കയറിയത്… പിറകെ ഞാനും….
അച്ഛൻ പറഞ്ഞത് പോലെ അമ്മായി തറയിൽ വീണു കിടപ്പുണ്ട്. തലയ്ക്കു ചുറ്റും തളം കെട്ടിയത് പോലെ ചോര…! വസ്ത്രം മുഴുവൻ മൂത്രത്തിൽ കുതിർന്നിരിക്കുന്നു….!
ഞാനും വല്ലാതെ ഷോക്ക് ആയിപ്പോയി.
ശത്രുക്കൾ ആയാൽപ്പോലും അങ്ങനെ കിടക്കുന്നത് കണ്ടാൽ ആരുമൊന്ന് ഭയന്ന് പോവില്ലേ?
ഹരിയേട്ടൻ അലറിക്കൊണ്ട് അമ്മാ എന്ന് വിളിക്കുന്നത് കേട്ടപ്പഴാണ് ഞാൻ സ്വബോധത്തിലേക്ക് മടങ്ങി വന്നത് തന്നെ.
തൂക്കി എടുത്തു കട്ടിലിലേക്ക് കിടത്താൻ ഞങ്ങൾ നല്ലോണം പാട് പെട്ടു. ഹരിയേട്ടൻ ആകെ തളർന്നു പോയിരുന്നു.
ഞാനും ഹരിയേട്ടനും മാറി മാറി വിളിച്ചിട്ടും മ്മ് എന്നൊരു മൂളൽ അല്ലാതെ വേറെ അനക്കം ഒന്നും ഇല്ലാത്തത് ഞങ്ങളെ കൂടുതൽ ഭയപ്പെടുത്തി. പേടിയും സങ്കടവും നിറഞ്ഞ ഹരിയേട്ടന്റെ മുഖം കാണവേ കുറ്റബോധം തോന്നിപ്പോയെനിക്ക്…
തലേ നാൾ പകൽ എപ്പോഴോ അമ്മ പറഞ്ഞത് ഓർത്തു. തല ചുറ്റൽ ആണെന്നോ, ശർദ്ദിക്കാൻ തോന്നുന്നെന്നോ ഒക്കെ…. പനി ഒന്നും ഇല്ലാത്തത് കൊണ്ട് എപ്പോഴത്തെയും പോലെ കളവാണ് എന്ന് തന്നെയാണ് കരുതിയത്.
എനിക്ക് നല്ല പനിയും ചുമയും ഉണ്ടായിരുന്നേ… എനിക്ക് എപ്പോഴൊക്കെ വയ്യാതെ വരുമോ അപ്പോഴൊക്കെ അമ്മയ്ക്കും അസുഖം വരും. ഇല്ലെങ്കിൽ വീട്ടിലെ ബാക്കി പണികളൊക്കെ ചെയ്യുകയും കുഞ്ഞിനെ നോക്കുകയും ഒക്കെ വേണ്ടേ? സ്നേഹനിധിയായ അമ്മായി ആയത് കൊണ്ട് എനിക്ക് കുഞ്ഞിനെ നോക്കാൻ പറ്റില്ല എന്ന് നേരിട്ട് പറയാനും വയ്യല്ലോ? അത് കൊണ്ട് ആള് അടവെടുക്കും…. വയ്യെങ്കിൽ ആശുപത്രിയിൽ പോകാം അമ്മ എന്ന് ഹരിയേട്ടൻ വിളിച്ചാൽ കൂടെ ചെല്ലുകേം ഇല്ല. എനിക്ക് അസുഖം മാറുമ്പോ അതിനൊപ്പം ആളിനും മാറിയിട്ടുണ്ടാകും…..
ഇത് സ്ഥിരം പരിപാടി ആയത് കൊണ്ട് അത് പോലെ ആകുമെന്നേ കരുതിയുള്ളൂ…. അത് കൊണ്ട് തന്നെ അധികം ശ്രദ്ധ കൊടുത്തതുമില്ല.
പുലി വരുന്നേ പുലി വരുന്നേ എന്ന് വിളിച്ചിട്ട് പുലി വന്നപ്പോ സഹായിക്കാൻ ആരും ഇല്ലാതെ പോയ ആട്ടിടയന്റെ കഥ കേട്ടിട്ടില്ലേ? അതേ അവസ്ഥയാണ് അമ്മായിക്ക് എന്ന് തോന്നിപ്പോയി എനിക്ക്. നുണ പറഞ്ഞു നുണ പറഞ്ഞു ഒടുവിൽ നേര് പറഞ്ഞപ്പോഴും ഞങ്ങൾ നുണ ആണെന്ന് കരുതിപ്പോയി…..!
🦋
മൂത്രത്തിൽ കുതിർന്ന് കിടന്ന സാരി എങ്ങനെയൊക്കെയോ ഊരി മാറ്റി, അച്ഛന്റെ ഒരു ഷർട്ട് ഇടീപ്പിച്ചു. താഴ് ഭാഗത്ത് ഒരു കൈലി ചുറ്റി വച്ചു. എന്നെക്കൊണ്ട് അതിനൊന്നും ഒറ്റയ്ക്ക് പറ്റുമായിരുന്നില്ല. ഹരിയേട്ടനാണ് താങ്ങി പിടിച്ചു തന്നത്.
ബ്ലോസും സാരിയും ഒന്നും ഉടുപ്പിക്കാനുള്ള അവസ്ഥയിൽ അല്ലല്ലോ ആള്….
അച്ഛൻ പിന്നേ ബ്ലഡ് കണ്ടപ്പോഴേ ” അയ്യോ…. എന്റെ കുമാരി പോയേ ” എന്നും പറഞ്ഞു നിലവിളിയാണ്. അതിനിടേൽ ഒരു ഗ്യാപ്പ് കിട്ടീട്ട് വേണ്ടേ വേറെ എന്തെങ്കിലും ചെയ്യാൻ?
ഞാൻ അവർക്ക് വസ്ത്രം മാറി കൊടുക്കുമ്പോ കരഞ്ഞു കൊണ്ട് കണ്ണടച്ച് ഇരിക്കുന്നത് കണ്ടു ഹരിയേട്ടൻ….
ഹരിയേട്ടൻ രാജേഷ് ചേട്ടനെ വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് ആളപ്പോഴേക്കും കാറുമായിട്ട് എത്തിയിരുന്നു.
വീട്ടിലേക്ക് കാറ് വരില്ലല്ലോ? കുത്ത് കയറ്റം മുഴുവൻ അമ്മയെ കയ്യിൽ കോരി എടുത്തു കയറ്റിയത് രാജേഷ് ചേട്ടനാണ്. അമ്മേടെ കിടപ്പ് കണ്ടപ്പോഴേ ഹരിയേട്ടൻ ഒന്നിനും കഴിയാത്ത വിധം തളർന്ന് പോയിരുന്നു.
കണ്മുന്നിൽ ഒരാൾ മരണാസന്നയായി കിടക്കുന്നത് കാണുമ്പോ അത് വരെ തോന്നിയിരുന്ന വിദ്വേഷം ഒക്കെ മാഞ്ഞേ പോകുമെന്ന് എനിക്ക് ആ നിമിഷം തോന്നി…..
🦋
ഉണ്ണിയുടെ അഞ്ചാം പിറന്നാൾ ഭംഗിയായിതന്നെ ആഘോഷിച്ചു. സദ്യയും കേക്ക് കട്ടിങ്ങും ഒക്കെയായി… അവനും നന്നായി എൻജോയ് ചെയ്തു.
മധു കൂടുതൽ ഗൗരവക്കാരനായത് പോലേ… ആവശ്യത്തിന് മാത്രമാണ് സംസാരം. വലിയ പോലീസുകാരനല്ലേ?
മീനുവിന്റെ മോളെക്കാളും അവളാണ് ഉണ്ണീടെ കൂടെ കളിച്ചതത്രയും…. ഇവളുടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോ എന്ന് ഞാൻ ഇടയ്ക്ക് പറയുകേം ചെയ്തു.
ഇടയ്ക്ക് ” ഉണ്ണിയേട്ടനോട് പോയി കളിക്ക് മക്കളേ… ഭാവിയിൽ നമുക്ക് ഉണ്ണിയേട്ടനെ തന്നെ അങ്ങ് കെട്ടാം…. ” എന്ന് മീനു പറഞ്ഞപ്പോ മാത്രം ഞാൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി.
എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളോട് ഇത്തരത്തിൽ ഓരോന്ന് പറഞ്ഞു കൊടുക്കുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല… കുഞ്ഞ് മനസ്സിലേക്ക് അത്തരം ചിന്തകൾ ഇൻജക്റ്റ് ചെയ്തു വയ്ക്കും പോലെ…
കണ്ണേട്ടനും ഹരിയേട്ടനും കൂടി അവളാ പറഞ്ഞത് ശെരിയല്ല എന്ന് പറഞ്ഞതും ആശാത്തി മുഖവും വീർപ്പിച്ചു പിണങ്ങി ഒറ്റ പോക്ക്….
” എങ്ങനെ സഹിക്കുന്നു കണ്ണേട്ടാ ഇതിനെ? ”
ഞാൻ കൈ മലർത്തി കണ്ണേട്ടനെ നോക്കി.
” പറ്റിപ്പോയില്ലേ? ”
കണ്ണേട്ടൻ ഇല്ലാത്ത കണ്ണീരും തുടച്ച് കൊണ്ട് പറഞ്ഞതും ഞങ്ങൾ ഒക്കെക്കൂടി കൂട്ടച്ചിരി ചിരിച്ചു.
🦋
ചായയും കുടിച്ച് കഴിഞ്ഞു ആറു മണിയോടെയാണ് എല്ലാരും പോകാൻ ഇറങ്ങിയത്. ആക്കൂടെ സുമ ചേച്ചിയും ഇറങ്ങി.
രാത്രിയിലേക്ക് ഞാൻ ഉപ്പ് മാവാണ് ഉണ്ടാക്കിയത്. ഉച്ചയ്ക്കലത്തെ ചോറും കറികളും ഒക്കെ ബാക്കി ഇരിപ്പുണ്ട് എങ്കിലും രാത്രിയിൽ ഇവിടെ ആർക്കും ചോറ് പതിവില്ല.
ഒരു പ്ളേറ്റിലേക്ക് കുറച്ചു പകർന്നെടുത്തു അമ്മയുടെ റൂമിലേക്ക് ചെന്നു. അമ്മയെ എങ്ങനെ ഒക്കെയോ പിടിച്ചു എഴുന്നേൽപ്പിച്ച് ഇരുത്തി. ഹരിയേട്ടനും കൂടി സഹായിച്ചു. അല്ലാതെ എന്നെക്കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല.
അരയ്ക്ക് കീഴ്പ്പോട്ടാണ് തളർന്ന് പോയത്. പിന്നേ വലം കൈക്കും സ്വാധീനക്കുറവുണ്ട്. ഇടത് കൈക്ക് സ്വാധീനം ഉണ്ടെങ്കിലും അത് കുത്തി ഒന്ന് പൊങ്ങാൻ ശ്രമിക്കുകയൊന്നും ഇല്ല. നമ്മൾ തന്നെ മുഴുവൻ ബലവും പ്രയോഗിച്ചു എണീപ്പിച്ചു ഇരുത്തണം….
ഞാൻ പറഞ്ഞില്ലേ? എല്ലാ കാര്യത്തിലും ഒരുതരം വാശിയാണ്.
ഉപ്പു മാവ് കയ്യിൽ എടുത്തു വായിലേക്ക് വയ്ക്കാൻ ഒരുങ്ങിയതേ വായും പൂട്ടി മുഖവും ചുളുക്കി ഇരിപ്പായി. ഈ സാധനം ആളിന് പിടിക്കില്ല.
അമ്മായീടെ ഇഷ്ടവും കൂടി നോക്കിയിട്ടേ സാധാരണ ഞാൻ അത്താഴത്തിനു ഉണ്ടാക്കാറുള്ളൂ…..
ഇന്നിപ്പോ എനിക്ക് വേറെ ഒന്നും ചെയ്യാൻ വയ്യായിരുന്നേ…. ആകെ tired ആയി പോയിരുന്നു. ഉപ്പ് മാവാകുമ്പോ എളുപ്പപ്പണി അല്ലെ? വെജിറ്റബിൾ ചോപ്പർ ഉള്ളോണ്ട് ആ പണിയും ഇല്ല. ഒരു പത്ത് മിനിറ്റിൽ ഉപ്പ് മാവ് റെഡിയാകും….
” എനിക്കിനി ഒന്നും ഉണ്ടാക്കാൻ വയ്യമ്മാ…. ദോശ മാവൊന്നും ഇരിപ്പില്ല. ഒന്നുകിൽ ഇത് കഴിക്ക്. ഇല്ലേൽ ഉച്ചയ്ക്കലത്തെ ചോറുണ്ട്. അതും വേണ്ട എന്നാണേൽ പട്ടിണി കിടക്ക്….! ഇന്നിത്ര നേരമായിട്ടും ഒരു മിനിറ്റ് ഇരുന്നിട്ടില്ല ഞാൻ…. ”
ഒരല്പം ദേഷ്യത്തോടെ പറഞ്ഞതും വായ തുറന്നു. ഇല്ലെങ്കിൽ ഞാൻ ഇതൊക്കെ എടുത്തോണ്ട് പോകുമെന്നും പട്ടിണി കിടക്കേണ്ടി വരുമെന്നും അറിയാം…
കിടപ്പിലായ ശേഷം എന്നോട് മൗനവൃതമാണ്. ഒന്നും മിണ്ടാറില്ല….. അവരിങ്ങനെ കിടപ്പിലായതിനും കാരണം ഞാൻ ആണ് എന്നൊരു ഭാവമാണ്. എന്നാലും നേരിട്ട് വഴക്കിനൊന്നും വരാറുമില്ല. അവരുടെ കാര്യങ്ങൾ ഒക്കെ മുടക്കം ഇല്ലാതെ നടന്ന് പോകണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണ്ടേ?
പ്ളേറ്റിൽ എടുത്ത ഉപ്പുമാവ് മുഴുവൻ ഒരു വാശിയും കാണിക്കാതെ കഴിച്ചു തീർത്തു. വായിലേക്ക് വച്ച് കൊടുത്ത ഉപ്പ് മാവ് അവര് ചവച്ചിറക്കുന്നത് നോക്കി ഇരിക്കുമ്പോ എനിക്ക് ഓർമ്മ വന്നത് പഴയത് പലതുമാണ്….
മുൻപ്, എന്റെ അടുക്കളയിൽ ഞാൻ ആരെയും കേറ്റില്ല എന്നും പറഞ്ഞ് എന്നെ ആഹാരം ഒന്നും ഉണ്ടാക്കാൻ അനുവദിക്കാതിരുന്നവരാണ്. ഞാൻ തിളപ്പിക്കുന്ന വെള്ളം പോലും കുടിക്കാതെ മാറ്റി വച്ചിരുന്നവർ….
ഉണ്ണി എന്തെങ്കിലും ഒക്കെ കഴിക്കാൻ തുടങ്ങിയ ശേഷം അമ്മായിയുടെ ഇഷ്ടക്കേട് വക വയ്ക്കാതെ അവന് വേണ്ടി ഞാൻ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു. അന്ന് അമ്മായി കിടപ്പിലായിട്ടൊന്നും ഇല്ല. ചോറും കറിയും ഒക്കെ അവര് തന്നെ സ്വയം ഉണ്ടാക്കിയിരുന്ന സമയം….
ഞാൻ ഉണ്ടാക്കുന്നതൊന്നും അമ്മായി കൈ കൊണ്ട് തൊട്ട് നോക്കാറു കൂടി ഉണ്ടായിരുന്നില്ല. അത് മാത്രമോ എണ്ണ തീർന്ന് പോയി ഗ്യാസ് തീർന്ന് പോയി എന്നൊക്കെയുള്ള പറച്ചിലും….
നേരിട്ട് കുറ്റം ഒന്നും പറയാറില്ല എങ്കിലും ” ഞാൻ സാധാരണ പോലേ എണ്ണയും ഗ്യാസും ഒക്കെ എടുത്തോളൂ… എന്നിട്ടും എങ്ങനെ എന്തോ ഇത്രേം പെട്ടെന്ന് തീർന്ന് പോയത്? എണ്ണയ്ക്കും ഗ്യാസിനും ഒക്കെ ഇപ്പൊ എന്താ വില എന്നാ? ” എന്നൊക്കെ ഹരിയേട്ടനോട് പറഞ്ഞിട്ട് , നീ ഇതൊക്കെ ഉപയോഗിക്കുന്നത് കൊണ്ടാണ് പെട്ടെന്ന് തീർന്ന് പോയത് എന്ന് പറയാതെ പറയുമായിരുന്നു അമ്മായി.
ഞാൻ ഉണ്ടാക്കുന്ന ആഹാരം കഴിച്ച് കൊണ്ടിരിക്കുന്ന ഉണ്ണിയോട് പറയും… ” ഇത് എന്തോന്ന്… ഇങ്ങനെ ആണോ ഇത് ഉണ്ടാക്കണത്? മക്കക്ക് ഞാൻ നല്ലതായിട്ട് ഉണ്ടാക്കി തരാം … ഇത് അങ്ങനെ തിന്നണ്ട. വയറിന് അസുഖം വരും ” എന്ന്…..
ഒരിക്കൽ വയറ് വേദന വന്നപ്പോ അവൻ എന്നോട് പറഞ്ഞു…
” മ്മ ഊന്ന് വയ തന്നിറ്റാ… ”
എന്ന്….. അന്നവന് മൂന്ന് വയസ്സേ ഉള്ളെന്ന് ഓർക്കണം…..
” ഇതൊക്കെ വാവയോട് ആരാ പറഞ്ഞേ… ”
എന്ന എന്റെ ചോദ്യത്തിന്….
” അമ്മമ്മ പയഞ്ഞ്… ”
എന്നവൻ മറുപടിയും തന്നു.
നിങ്ങൾ ഒന്ന് ഓർത്ത് നോക്ക്… ഞാൻ ഉണ്ടാക്കുന്ന ആഹാരം കഴിച്ചാൽ വയറിന് അസുഖം വരുമെന്ന് ഞാൻ കേൾക്കാതെ അവരെന്റെ കുഞ്ഞിനോട് പറയും. അവനത് എന്നോട് വന്ന് പറഞ്ഞപ്പോ എനിക്ക് എത്രയധികം സങ്കടം ഉണ്ടായെന്നോ?
🦋
അങ്ങനെ…… ഞാൻ കൈ കൊണ്ട് തൊടുന്ന സാധനങ്ങൾ ഒക്കെ പാഷാണം പോലെ കണ്ടിരുന്നവരാണ്, എന്റെ കുഞ്ഞിനോട് പോലും അങ്ങനെ പറഞ്ഞിരുന്നവരാണ്….. ഞാൻ എന്ത് എടുത്താലും അതിന് കുറ്റം പറഞ്ഞിരുന്നവരാണ്…. ഇന്ന് ഞാൻ ഉണ്ടാക്കി വാരി കൊടുക്കുന്നതൊക്കെ ഒരു തരി പോലും ഇല്ലാതെ കഴിച്ച് തീർക്കുന്നത്. അന്നത്തെ അയിത്തം ഇന്ന് തോന്നാറില്ലേ ആവോ?
ഇന്ന് ശെരി എന്ന് തോന്നുന്നത് നാളെ ചിലപ്പോൾ തെറ്റായി മാറുമായിരിക്കും അല്ലെ?
🦋
ഞാൻ എന്റെ കുഞ്ഞിനേയും കൊണ്ട് വീട്ടിൽ പോയി നിന്നിട്ടൊക്കെ നാളൊരുപാടായി. പോയി നിൽക്കണമെങ്കിൽ സുമ ചേച്ചി കനിയണം…. എന്റെ വിഷമം മനസ്സിലാക്കിയിട്ടാകണം ഈ ഒന്നര വർഷത്തിന് ഇടയ്ക്ക്, മൂന്ന് മാസം മുൻപ് രണ്ട് ദിവസം സുമ ചേച്ചി രാത്രിയിലും കൂടി ഇവിടെ നിന്നിരുന്നു. ഞാനും ഉണ്ണിയും കൂടെയാണ് അന്ന് എന്റെ വീട്ടിലേക്ക് പോയത്. അച്ഛനും ഹരിയേട്ടനും കൂടി ഞങ്ങടെ മുറിയിലും സുമ ചേച്ചി അമ്മയുടെ മുറിയിലും കിടന്നു.
സ്വന്തം വീട്ടിൽ പോയി നിൽക്കുന്നത് പോലേ സന്തോഷം തരുന്ന വേറെ എന്തുണ്ട് നമ്മൾ പെണ്ണുങ്ങൾക്ക്? പക്ഷെ ആ സന്തോഷം അനുഭവിച്ചിട്ട് തിരികെ വരുമ്പോ ഇവിടെ ഉള്ളവരുടെ മുഖം വീർത്തിരുന്നാലോ? അത് വരെ അറിഞ്ഞ സന്തോഷം പോകുന്ന വഴി അറിയില്ല.
ഇതും അമ്മായി കിടപ്പിലാക്കുന്നതിന് മുൻപുള്ള കാര്യമാണ്.
നേരിട്ട് വഴക്ക് കൂടുകയോ ദേഷ്യം പ്രകടിപ്പിക്കുകയോ ചെയ്തില്ലെങ്കിലും ഞാൻ ഉണ്ണിയേം കൊണ്ട് എന്റെ വീട്ടിൽ പോയിട്ട് വരുന്ന ദിവസങ്ങളിൽ ഒക്കെ അമ്മായീടെ മുഖം ഒരു കൊട്ട കണക്ക് വീർത്തിരിക്കും.
ഇനി വീട്ടിൽ പോയി വന്ന ശേഷം അവന് വല്ല ജലദോഷമോ ചുമയോ പനിയോ വല്ലോം പിടിച്ചാലോ? പിന്നെ പറയേം വേണ്ട….
” അയ്യോ… എന്ത് പറ്റി എന്റെ കൊച്ചിന്? ഞാനൊരു പൊട്ടും പൊടിയും പുരളാതെ നോക്കീരുന്നതാ… ഇത് എന്തോ ചെയ്തിട്ടാണോ? മക്കള് തണുത്തത് വല്ലോം കഴിച്ചാ? വൈകിട്ട് കുളിപ്പിച്ചാ? തല നേരെ തോർത്തീല്ലേ? തണുപ്പടിച്ചാ? ”
തുടങ്ങി…. അവനെ പ്രസവിച്ചത് വരെ അമ്മായി ആണ് എന്നുള്ള തരത്തിൽ പറഞ്ഞു കളയും….
ഞാൻ എന്റെ വീട്ടിൽ പോയിട്ട്, എന്റെ അമ്മ അവനെ ശ്രദ്ധിക്കാത്തത് കൊണ്ടാണ് അവന് അസുഖം വന്നത് എന്ന് പറയാതെ പറയുകയാണ്….
എന്നാലോ? അവൻ ഇവിടെ ഉള്ളപ്പോ അവന് ഒരു ഗ്ലാസ്സ് വെള്ളം പോലും അമ്മായി എടുത്തു കൊടുക്കാറുമില്ല….!
കുഞ്ഞിനെ ഒരു പൊട്ടോ പൊടിയോ പറ്റാത്തെ നോക്കും എന്ന് പറഞ്ഞവരുടെ അരികിൽ എന്റെ കുഞ്ഞിനേയും ഇരുത്തി ഒരിക്കൽ അടുക്കള ഒതുക്കാൻ പോയ ഞാൻ തിരികെ വരുമ്പോൾ കണ്ടത് എന്താണെന്നോ?
സ്റ്റോർ റൂമിൽ വച്ചിരുന്ന കുറ്റി ചൂലിന് നടുവിൽ ഇരിക്കുന്ന എന്റെ കൊച്ചിനെ…..!
അന്നവന് രണ്ട് രണ്ടര വയസ്സേ ഉള്ളൂ…….
സ്റ്റോർ റൂമിൽ കയറി അവൻ ചൂല് വലിച്ചിഴച്ച് കൊണ്ട് വന്നതാവണം… അത് മുഴുവനായി അവന്റെ ചുറ്റിനും പൊളിച്ചിട്ടിരിക്കുന്നു. അതിന്റെ രണ്ടോ മൂന്നോ ഈർക്കിൽ അവൻ വായിലാക്കി കടിച്ച് പിടിച്ചിരിക്കുന്നു. അമ്മായി അതും നോക്കി മിണ്ടാതിരിക്കുന്നു…..!
നിറയെ അഴുക്കും പൊടിയും പിടിച്ച, വീടിനു പുറമൊക്കെ തൂക്കുന്ന ചൂലാണ് എന്ന് ഓർക്കണം…..
ഒരുപാട് നാളുകൾക്ക് ശേഷം അന്ന് ഞാൻ അമ്മായിയോട് ചൂടായി.
ഹരിയേട്ടൻ അന്നവരോട് പറഞ്ഞ കാര്യം ഒന്ന് കൂടി അവരെ ഓർമിപ്പിച്ചു. അവര് ഒരക്ഷരം മിണ്ടാതെ എഴുന്നേറ്റ് പോയി.
അങ്ങനെ ഉള്ള ഒരാളാണ് എന്റെ വീട്ടിൽ പോയിട്ടാണ് അവന് അസുഖം വന്നത് എന്ന് പറയാതെ പറഞ്ഞത് എന്നോർക്കണം….
അങ്ങനെ എന്തൊക്കെ പുകിലുണ്ടാക്കിയവരാണ്…..
അവര് എന്ത് പ്രവർത്തിച്ചാലും ആരോട് എങ്ങനെ പെരുമാറിയാലും ദൈവം അവരെ ഒരിക്കലും കൈ വിടില്ല എന്നവർ അന്ധമായി വിശ്വസിച്ചിരുന്നു. നാരായണീയവും മറ്റ് പുരാണങ്ങളും മുടങ്ങാതെ പാരായണം ചെയ്തിരുന്നത് കൊണ്ട് ഉടലോടെ സ്വർഗ്ഗത്തിൽ പോകുമെന്ന് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. അവർക്ക് ഒരിക്കലും ആരെയും ആശ്രയിക്കേണ്ടി വരില്ല എന്ന് അഹങ്കരിച്ചിരുന്നു.
എന്നിട്ട് ഇപ്പോഴോ? എല്ലാ കാര്യത്തിലും അവർക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു… പ്രത്യേകിച്ച് അവര് ഏറ്റവും വെറുത്തിരുന്ന എന്നെ!
ഞാനും ഒരു ഭക്തയാണ്. പക്ഷെ അമ്മായിയെപ്പോലെ ഭക്തി എന്തിനുമുള്ള ലൈസൻസ് ആണെന്ന് കരുതുന്നില്ല. ഞാൻ പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാം ശെരിയാണ് എന്ന് വിശ്വസിക്കുന്നുമില്ല….
നാളെ എന്റെ അവസ്ഥ എന്താകുമെന്ന് എനിക്കറിയില്ല…. ഞാനും തെറ്റുകൾ ചെയ്തിട്ടുണ്ട്. അതിനുള്ള ശിക്ഷ ഇന്നല്ലെങ്കിൽ നാളെ കിട്ടുമെന്നും അറിയാം. എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചാലും ചില അവസരങ്ങളിൽ ദേഷ്യം ഇങ്ങനെ പൊട്ടി പുറത്ത് വന്ന് പോകും…..
അമ്മ കരുതിയിരുന്നതു പോലെ ഭക്തി ഉള്ളത് കൊണ്ട് ഞാൻ ദൈവ തുല്യ ആണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല…. എന്നെ സംബന്ധിച്ച് ഭക്തി മനസ്സിനും ശരീരത്തിനും ശാന്തി നൽകുന്ന സന്തോഷം പ്രധാനം ചെയ്യുന്ന ഒന്നാണ്. ഭക്തി ഉള്ളത് കൊണ്ട് എന്തും ചെയ്യാമെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നുമില്ല….
🦋 🦋 🦋 🦋 🦋
അഭിപ്രായം മറക്കല്ലേ…. 😁

by