18/04/2026

മനോമി : ഭാഗം 05

രചന – വൈദേഹി വൈഗ

“എന്റെ വീട്ടിലേക്കോ… എന്തിനി ” ഇങ്ങേരു ഇതെന്തിനുള്ള പുറപ്പാടാണാവോ.. “എന്തിനാന്നു അറിഞ്ഞാലേ താൻ കയറത്തുള്ളൊ… ” “പിന്നല്ലാതെ… ഞാനെന്തിന് കണ്ടവരുടെ ബൈക്കിൽ കയറണം… ” “ഓ.. അങ്ങനാണെല്ലേ… എന്നാൽ താൻ വരണ്ട…. ” “ആയിക്കോട്ടെ… എന്നാ സാർ ചെല്ല്…. ” “എന്നാ പിന്നെ മോള് മെല്ലെ നടന്നു വാ… ഏട്ടൻ വീട്ടിൽ കാത്തു നിക്കാം….” ഏഹ് അപ്പൊ ഇങ്ങേരു അത്‌ വിട്ടില്ലേ…. “ആരുടെ വീട്ടിലേക്കു…. നിങ്ങക്കെന്താ പ്രാന്താണോ…. ”

“മോൾടെ സ്വഭാവോക്കെ അച്ഛനെ ഒന്ന് അറിയിക്കേണ്ട…. പാർട്ടിയിൽ കളിക്കുന്നതും പോലീസുകാര് പൊക്കിയതും ഒക്കെ…. ” ഈശ്വരാ… ഇത് കുരിശായല്ലോ… “സാറൊന്നു പോയെ…. എന്റെ വീട്ടിലേക്കു ആരും വരണം എന്നില്ല.. ” “എന്തായാലും ഞാൻ ഇന്നു തന്റെ വീട്ടിൽ പോകും…. അതുകൊണ്ട് മോള് മര്യാദക്ക് വന്നു ബൈക്കിൽ കയറു…. ” എന്തായാലും അയാളെന്നെം കൊണ്ടേ പോവൂ…. ആ പിന്നെ വെറുതെ ഓട്ടോ കാശു കളയണ്ടല്ലോ… കേറിയേക്കാം..

“ഒന്നങ്ങോട് നീങ്ങിയിരിക്കുവോ… എനിക്ക് കയറണം… ” “ആ ഇത്രയൊക്കെ സ്ഥലേ ഉള്ളു.. വേണെകിൽ കയറിയാമതി… ” ശോ… ഇതിപ്പോ നിറത്തിൽ ബേബി ശാലിനി പറഞ്ഞപോലെ കൈപ്പോളജി കാരണം ഇറക്കാനും… മധുരിഫിക്കേഷൻ കാരണം തുപ്പാനും പറ്റാത്ത അവസ്ഥയായല്ലോ ദൈവമേ… എങ്ങനെയോ ഒരുവിധം വീട്ടിലെത്തി… ഇനി എന്താവുവോ എന്തോ…. “ഇറങ്…. ഇനി പോയി തന്റെ അച്ഛനെ വിളിക്ക്…” “നിങ്ങളിതെന്ത് കണ്ടിട്ടാ… ദേ അച്ഛനോടെന്തെങ്കിലും പറഞ്ഞാൽ…എന്റെ സ്വഭാവം മാറും.. പറഞ്ഞേക്കാം…. ”

“ഡയലോഗ് അടിക്കാതെ കേറി പോടീ… ” ദേഷ്യം വന്ന ഞാൻ ചവിട്ടിത്തുള്ളി അകത്തേക്ക് പോയി.. “അച്ഛാ… അച്ഛാ… ” “എന്തിനാടി ഇങ്ങനെ വിളിച്ചു കൂവുന്നേ… ” “ദേ അച്ഛനെ അന്വേഷിച്ചു ഒരാള് പുറത്ത് നിൽക്കുന്നു ” “എന്നെയോ… ആരാ മോളെ…. ” “എന്റെ കെട്ടിയോൻ…അമ്മായി അച്ഛനെ ഒന്ന് കാണാൻ വന്നതാ.. എന്തെ…. ” “തർക്കുത്തരം പറയുന്നോടി കാന്താരി…. ” ഇതും പറഞ്ഞു അച്ഛൻ എന്റെ ചെവി പിടിച്ചു തിരിച്ചു…

“ആ… വിടച്ഛാ… ഏതോ പോലീസുകാരനാ പുറത്ത്… ” പോലീസ് എന്ന് കേട്ടതും അച്ഛൻ ഉമ്മറത്തേക്കോടി… ഉമ്മറ വാതിലിന്റെ സൈഡിൽ നിന്ന് ഞാൻ അവരുടെ സംസാരം നോക്കി… പക്ഷെ അങ് മാറി നിന്ന് സംസാരിക്കുന്നത് കൊണ്ട് ഒന്നും കേൾക്കാൻ വയ്യ…. ശോ ഇങ്ങേരു എല്ലാം കൊളമാക്കും… പോലീസ് സ്റ്റേഷനിലേക് വിളിപ്പിച്ചതെങ്ങാനും പറഞ്ഞാൽ എന്നേ ഇന്ന് തന്നെ വീട്ടിൽ നിന്ന് പുറത്താക്കും.. ഉറപ്പ്….

“മനൂ….. ” “ആ കുഞ്ഞാ.. നിയോ…. ” “എന്താടി പുറത്ത് വരുൺ സാറും നിന്റച്ഛനും… ഇനി ഇന്ന് പോലീസ് കൊണ്ടോയത് പറയാനാണോ… ” “അതെന്നാ തോന്നുന്നേ… ഇന്നത്തോടെ എന്റെ കാര്യത്തിൽ തീരുമാനം ആയി… ” കുഞ്ഞനോട് സംസാരിക്കുമ്പോൾ കുറച്ചു ആശ്വാസം ഉണ്ട്.. എന്നാലും അച്ഛൻ വരാൻ താമസിക്കുമ്പോൾ പേടിയും… “മനൂ….. ” ദേഷ്യത്തോടെ ഉള്ള അച്ഛന്റെ വിളിയിൽ ഞാൻ ഒന്ന് ഞെട്ടി…. “എ.. എന്താ അച്ഛാ… ”

“അച്ഛന്റെ മോള് എന്തിനാണാവോ കോളേജിലെക് പോകുന്നത്.. രാഷ്ട്രീയം കളിക്കാനോ. ഇന്നത്തോടെ നിർത്തിക്കോണം പഠിപ്പ്….” ഈശ്വരാ.. അയാള് പണി തന്നു ല്ലോ…. “അച്ഛാ.. അച്ഛനെന്തൊക്കെയാ ഈ പറയുന്നേ… പഠിപ്പ് നിർത്താനോ ” “അതെ… ഒന്നേ ഉള്ളു എന്ന് കരുതി കുറച്ചു സ്വാതന്ത്ര്യം തന്നപ്പോ…. ” അച്ഛന്റെ ആ സംസാരം മതിയായിരുന്നു പിടിച്ചു നിന്ന കണ്ണുനീർ പുറത്തേക്കൊഴുകാൻ…. “വല്യച്ചാ… എന്താ ഈ പറയുന്നേ… മനുവിന്റെ പഠിപ്പ് നിർത്താനോ… ”

“അതെ…. നാളെ തന്നെ ബ്രോക്കർ രവിയോട് പറ്റിയൊരാലോചന കൊണ്ട് വരാൻ പറയും… ഇങ്ങനാണ് കളിയെങ്കിൽ കെട്ടി പോവുന്നതാ നല്ലത്… ” എത്ര പറഞ്ഞു നോക്കിയിട്ടും അച്ഛന്റെ അഭിപ്രായത്തിനു മാറ്റം ഉണ്ടായില്ല…. “മനു… ഇതാ അയാളുടെ ഫോൺ നമ്പർ… വിളിച്ചു നാലു വർത്തമാനം പറ…. ” അപ്പൊ അയാളോടുള്ള എന്റെ ദേഷ്യത്തിന് കണക്കുണ്ടായിരുന്നില്ല… അത് കൊണ്ട് തന്നെ കുഞ്ഞൻ നമ്പർ തന്നപ്പോ ഒരു വാശിക്ക് അങ് കേറി വിളിച്ചു…

അങ്ങേതലക്കൽ അങ്ങേരുടെ ശബ്‍ദം കേട്ടപ്പോ തന്നെ എന്റെ മനസ്സിൽ പഞ്ചാരി മേളം തുടങ്ങി…. “ഇത് ഞാനാ.. മനോമി… ” “മനോമിയോ.. യേത് മനോമി… ” “ദേ.. എന്നെക്കൊണ്ട് പറയിപ്പിക്കല്ലേ…. താൻ എന്താ എന്റച്ഛനോട് പറഞ്ഞത്…. ” “ഓഹ് നീയായിരുന്നു.. പാർട്ടിക്കാരി….. നിന്റച്ഛനോട് ഞാൻ പറയേണ്ടതൊക്കെ പറഞ്ഞിട്ടുണ്ട്.. അത്‌ ഇനി നിന്നോട് പറയാൻ താല്പര്യം ഇല്ല…. ” “ഇയാളൊരു പോലീസ് ഉദ്യോഗസ്ഥൻ ആയതു കൊണ്ടാ ഇത്രെയെങ്കിലും മാന്യതയിൽ ഞാൻ സംസാരിക്കുന്നെ… എന്റെ പഠിപ്പ് നിർത്തി എന്നേ കെട്ടിക്കാൻ പോവുവാ…. ”

“അതിനു ഞാൻ എന്ത് വേണം…. ” അയാളുടെ ഒരു മാതിരി ആളെ കളിയാക്കുന്ന വർത്തമാനം എനിക്ക് തീരേ പിടിച്ചില്ല… “എന്നേ എങ്ങാനും എന്റെ അച്ഛൻ കെട്ടിക്കാൻ നോക്കിയാൽ…. ” “നോക്കിയാൽ….? ” “ഞാൻ തന്നേം കൊണ്ടേ പോവു…. ” “എന്ന് വച്ചാൽ…. ” “ഇനി കെട്ടുണെങ്കിൽ തന്നെയേ കേട്ടു എന്ന്…. ” “ഇതു നല്ല കഥയായി… ഞാൻ മറ്റൊരു പെണ്ണുമായി ഇഷ്ട്ടത്തിലാ…. താൻ വച്ചിട്ട് പോവാൻ നോക്ക്…” ഇതും പറഞ്ഞു അയാള് ഫോൺ വച്ചിട്ട് പോയി… ഞാനാണെങ്കിൽ പച്ചമാങ്ങാ കടിച്ച അണ്ണാക്കൊട്ടനെ പോലെയായി…. എല്ലാം കൊണ്ടും സങ്കടം വന്നു… കരഞ്ഞു തളർന്ന് എപ്പഴോ ഉറങ്ങി പോയി…

രാവിലേ ഒന്നും അറിയാത്ത പോലെ ഞാൻ കോളേജിലെക് പോവാൻ കുളിചൊരുങ്ങി…. ഹാളിൽ എത്തി… “മം.. എങ്ങോട്ടാ… ” “അത്‌… അച്ഛാ.. കോളേജിലെക്…. ” “അത്‌ ഞാൻ ഇന്നലെ പറഞ്ഞതല്ലേ… നിന്നെ കാണാൻ ഒരു കൂട്ടർ ഇപ്പോ എത്തും… നീ പോയി ഒരുങ്ങി നിക്ക്…. ” “ഇല്ല… ഞാൻ സമ്മതിക്കില്ല…. ” അന്നാത്യമായി ഞാൻ അച്ഛനോട് പൊട്ടിത്തെറിച്ചു… “പറഞ്ഞത് കേൾക്കുനതാ നല്ലത്.. അല്ലെങ്കിൽ അച്ഛന്റെ കയ്യിലെ ചൂട് മോളറിയും…. ” കരഞ്ഞുകൊണ്ട് ഞാൻ റൂമിലേക്കോടി…. കുറേസമയം അങ്ങനെ കിടന്നു…

“മോളേ.. ദാ അവരെത്തി… താഴേക്കു വാ…. ” വല്ലാത്തൊരു അവസ്ഥയായിരുന്നു എന്റേത്…. ഇപ്പോ ഉള്ള അതേ കോലത്തിൽ ഞാൻ താഴെ അടുക്കളയിലേക് ചെന്നു… ഹാളിൽ ആരൊക്കെയോ ചേർന്ന് സംസാരിക്കുന്നുണ്ട്.. “ദാ മോളെ.. ചായ കൊണ്ട് കൊടുക്ക്‌…. ” “അമ്മ തന്നെ കൊണ്ട് കൊടുത്താൽ മതി…. ” “ദേ അച്ഛന്റെ സ്വഭാവം അറിയാലോ… ” പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല… ചായയും എടുത്തു ഹാളിലേക്കു നടന്നു… ആരുടെയും മുഖം പോലും നോക്കിയില്ല.. ചായ ടീപ്പോയിൽ വച്ചു തിരിഞ്ഞു നടന്നു….

“ഹാ.. ചെക്കനെ ഒന്ന് നോക്കടോ…. ” പരിചയം ഉള്ള ശബ്ദം കേട്ടു ഞാൻ ഞെട്ടി തരിച്ചു തിരിഞ്ഞു നോക്കി… വരുൺ സാർ… ഒരു നിമിഷം സന്തോഷം ആണോ അതിലുപരി എന്നേ വെറും പൊട്ടിയാക്കിയതിലുള്ള ദേഷ്യം ആണോ.. ഞാൻ പരിസരം മറന്ന് പൊട്ടിത്തെറിച്ചു.. “എന്താ ഇവിടെ നടക്കുന്നെ… വല്ല നാടകത്തിന്റെ റിഹേഴ്‌സലോ മറ്റോ ആണോ… ” “ആ അതെ.. ഏട്ടൻ പറഞ്ഞു താരല്ലോ നാടകത്തിന്റെ കഥ…. ” ഇതും പറഞ്ഞു വരുൺ സാർ എണിറ്റു എന്റെ കൈയ്യിൽ പിടിച്ചു പുറത്തേക്കു നടന്നു…

“എടി മനൂ.. ഇന്നലെ ഞാൻ നിന്റെ അച്ഛനെ കണ്ടത് എനിക്ക് നിന്നെ കെട്ടിച്ചു തരുവോ ന്നു ചോദിക്കാനാ…. പിന്നെ ഇത് അത്‌ പോലെ നിന്നോട് പറഞ്ഞാൽ നിന്റെ ഇപ്പോഴുള്ള അവിഞ്ഞ മുഖം ഞങ്ങൾക്ക് കാണാൻ പറ്റില്ലാലോ.. ഹഹ… ” “പോടാ.. കള്ള പോലീസേ…. ” ആ നെഞ്ചിൽ ഒരു നുള്ളും കൊടുത്തു ഞാൻ അകത്തേക്കോടി… അതെ.. ഇന്നും ഞാനും വരുൺ സാർ.. അല്ല വരുൺ ഏട്ടനും തമ്മിലുള്ള കല്യാണം ആണു… അനുഗ്രഹിക്കണേ…

അവസാനിച്ചു.