രചന – ശ്രുതി മോഹൻ
അമ്മൂ….നിന്റെ മറുപടി അത് നീ പറഞ്ഞില്ല….
അമ്മ അവളോട് ഉച്ചത്തിൽ ചോദിച്ചു….
അമ്മു ജനലിന്റെ മര അഴികളിൽ പിടിച്ചു തൊടിയിൽ ചിതയെരിഞ്ഞു ചാരം മൂടിയ മണ്ണിനു മേൽ വീണ കരിയിലകളിൽ മിഴിയൂന്നി….
അമ്മ അമ്മുവിന്റെ തോളിൽ പിടിച്ചു കുലുക്കി.
അവൾ തല തിരിച്ചു അമ്മയെ നോക്കി….
കണ്ണീരൊഴുകി പാടു വീണ മുഖം അവളുടെ ഹൃദയവേദന വിളിച്ചോതി..
അമ്മൂ… അമ്മക്ക് വിഷമം ഇല്ലെന്നാണോ..?
എന്റെ വയറ്റിൽ ആദ്യം കുരുത്തവളാണ് ഓർമയായി മാറിയത്..
എന്റെയും നിന്റെ അച്ഛന്റെയും ഒരുപിടി സ്വപ്‌നങ്ങളുടെ ആദ്യഫലം..
അവളില്ലാതായപ്പോൾ നിന്നെ പോലെ അല്ലാ…നൂറിരട്ടി വേദന ഉണ്ട് ഞങ്ങൾക്ക്…
എങ്കിലും ആ കുഞ്ഞിനെ നീ ഓർക്കണം മോളെ.. നിന്റെ ചേച്ചിക്ക് പകരം മറ്റൊരാൾ വന്നാൽ ആ കുഞ്ഞിന്റെ കാര്യം എന്താവും… നീ ഓർത്തു നോക്ക്…
അമ്മു മറുപടി നൽകാതെ ചുമരിലൂടെ ഊർന്നു താഴെക്കിരുന്നു….
നിന്റെ വാക്കിന്മേലാണ് ആ കുഞ്ഞിന്റെ ജീവിതം…അതു നീ മറക്കരുത്…
സാരിത്തലപ്പ് കൊണ്ട് കണ്ണും മുഖവും തുടച്ചു അമ്മ മുറിയിൽ നിന്നും ഇറങ്ങി പോയി…
അമ്മു മുട്ടിലേക്ക് മുഖമമർത്തി..
എന്റെ ചേച്ചി നന്ദു.. എന്റെ ജീവൻ ആയിരുന്നു..
ആ ചേച്ചിയാണ് പ്രസവത്തോടെ ഓർമയായത്.
അവളുടെ കുഞ്ഞു എന്റെയും കുഞ്ഞാണ്..
ഞാൻ നോക്കിക്കോളാം…
പക്ഷെ അവന്റെ അച്ഛനുമായുള്ള വിവാഹത്തിന് സമ്മതിക്കാനാണ് അമ്മ പറയുന്നത്…
എന്റെ നന്ദുവിന്റെ ഭർത്താവിനെ ഞാൻ എങ്ങിനെ ആ സ്ഥാനത്തു കാണും….
ചിന്തകൾ കാടുകയറിയപ്പോൾ ഞാൻ തലമുടി പിടിച്ചു വലിച്ചു….
സമ്മതിക്കേണ്ടി വന്നു എനിക്ക്… എനിക്കു മാത്രമല്ല… സച്ചുവേട്ടനും…
സച്ചുവേട്ടന്റെ താലി കഴുത്തിൽ വീണു എങ്കിലും മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞങ്ങൾ അകന്നു തന്നെ കഴിഞ്ഞു…
അല്ലെങ്കിലും എന്റെ നന്ദുവിന്റെ ഭർത്താവിനെ എനിക്ക് എങ്ങിനെ എന്റെ ഭർത്താവായി കാണാനാവും?? എന്നിൽ നിന്നും ഒളിച്ചോടുന്നതിനായി സച്ചുവേട്ടൻ വിദേശത്തേക്ക് പോയി….
ദിവസങ്ങളും മാസങ്ങളും കടന്നു പോയി…
എന്റെ മോൻ വളർന്നു… എന്നെ അമ്മേ എന്ന് വിളിച്ചു….
പ്രസവിച്ചില്ലെന്നല്ലേ ഉള്ളൂ…
ഞാൻ തന്നെയാണവന്റെ അമ്മ….
എന്റെ രാവുകളും പകലുകളും അവനിൽ നിറഞ്ഞു നിന്നു….അവന്റെ ഓരോ ചലനത്തിന്റെ അർത്ഥം പോലും എനിക്ക് മനസിലാകും… ഞാൻ ഒരമ്മയായി മാറിക്കഴിഞ്ഞു ..
എല്ലാവരെയും തിരിച്ചറിഞ്ഞു തുടങ്ങിയ അവനോട് വിദേശത്തു നിന്നും മടങ്ങിയെത്തിയ സച്ചുവേട്ടൻ നന്ദുവിന്റെ ഫോട്ടോ കാണിച്ചു അമ്മ എന്ന് പറഞ്ഞു കൊടുത്തു അവനെ കൊണ്ട് അമ്മ എന്ന് വിളിച്ചപ്പോൾ തകർന്നുപോയത് എന്റെ ഹൃദയമാണ്..
എന്നിൽ സ്വാർത്ഥത ഉടലെടുത്തു എന്ന് എനിക്ക് ബോധ്യം വന്നു…
ഇല്ലാ കണ്ണൻ അവനെന്റെ മകനാണ് . അവന്റെ അമ്മ അത് ഞാൻ മാത്രമാണ്…
അവൻ മറ്റാരെയും അമ്മ എന്ന് വിളിക്കുന്നത് എനിക്ക് സഹിക്കാനായില്ല….
സച്ചുവേട്ടനിൽ നിന്നും കുഞ്ഞിനെ ഞാൻ തട്ടിപറിച്ചെടുത്തു….
ഇവൻ എന്റെ മോനാണ്….. ഞാനാണ് ഇവന്റെ അമ്മ. ഞാൻ മാത്രം…
ഇവൻ എന്റെ മകനായി വളർന്നാൽ മതി…..
കരണം പുകച്ചൊരു അടിയായിരുന്നു സച്ചുവേട്ടൻ…
ഇവൻ എന്റെയും നന്ദുവിന്റെയും മകനാണ്. നിനക്കൊരിക്കലും കണ്ണന്റെ അമ്മയാവാൻ പറ്റില്ല…. എന്റെ നന്ദു പ്രസവിച്ച ഞങ്ങളുടെ ചോരയാണിവൻ.. എന്നും പറഞ്ഞു സച്ചുവേട്ടൻ കുഞ്ഞിനെ എന്നിൽ നിന്നും പിടിച്ചു വാങ്ങി……
എനിക്കെങ്ങനെ സഹിക്കാനാവും…
ഒരിക്കലുമില്ല… അവൻ എന്റെ മകനാണ്…
ജനിച്ചപ്പോൾ മുതൽ എന്റെ നെഞ്ചിന്റെ ചൂട് പകർന്നു നൽകിയല്ലേ അവനെ ഉറക്കിയത്…
പ്രസവിച്ചില്ലെന്നല്ലേയുള്ളു…. അമ്മയാവാൻ കുഞ്ഞിന് ജന്മം നല്കണമെന്നുണ്ടോ…
ഇല്ലാ…. ഒരു ന്യായവും എനിക്ക് കേൾക്കണ്ടാ….
എനിക്ക് മുന്നിൽ സച്ചുവേട്ടൻ കൊട്ടിയടച്ച വാതിലിൽ തലയിടിച്ചു ഞാൻ കരഞ്ഞു…
കണ്ണൻ എന്റെ മോനാണ്.. എന്റെ മാത്രം… എന്നിൽ നിന്നും അകറ്റല്ലേ സച്ചുവേട്ടാ…
കരഞ് തളർന്നു ഞാൻ തറയിലേക്കിരുന്നു….
ഞാനില്ലാതെ എന്റെ മോനു പറ്റില്ല…. അതേന്നേക്കാൾ മറ്റാർക്കറിയാം….
അല്പസമയം കഴിഞ്ഞപ്പോൾ കണ്ണന്റെ കരച്ചിൽ കേട്ടു. ഏറെ നേരമായിട്ടും കുഞ്ഞിന്റെ തേങ്ങൽ നിലക്കാതായപ്പോൾ എന്നിലെ അമ്മയുടെ നെഞ്ചു വിങ്ങി…
വാതിൽ തുറന്നു പുറത്തു വന്ന സച്ചുവട്ടന്റെ കയ്യിൽ നിന്നും കണ്ണൻ എന്റെ ദേഹത്തേക്ക് ചാടി…
അവനെ വാരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടവേ അവന്റെ കരച്ചിൽ നിന്നു അവൻ എന്റെ മാറിലേക്ക് പറ്റിച്ചേർന്നു…….
എന്റെ എല്ലാ വേദനകളും മറന്നു ഞാൻ കണ്ണന് ഭക്ഷണം നൽകി എന്റെ തോളിൽ കിടത്തി ഉറക്കി…
എന്റെ സ്നേഹത്തിനുമുന്നിൽ അവന്റെ വാശിയും കരച്ചിലും മാഞ്ഞുപോയതു കണ്ട് സച്ചുവേട്ടന്റെ കണ്ണൊന്നു നിറഞ്ഞോ….
അറിയില്ല… എങ്കിലും ഒന്നു ബോധ്യമായി…..
ഇനി എന്നെ കണ്ണനിൽ നിന്നും അകറ്റില്ലെന്നു…….
എന്നാൽ അപ്പോൾ എനിക്കറിയില്ലായിരുന്നു….
ആ മനസ്സിൽ ഉടലെടുത്ത മാറ്റം…
കണ്ണന്റെ അമ്മയായി മാത്രമല്ല, നന്ദുവിന്റെ സ്ഥാനത്തേക്ക് കൂടി് എന്നെ കാണാൻ ശ്രെമിക്കുകയാണെന്നു….

by