Karimizhi

The World of Malayalam Stories

ചെറുകഥകൾ

നിന്നോടാര് പറഞ്ഞു അവര് ഭാര്യ ഭർത്താക്കന്മാർ ആണെന്ന്..

രചന – രച്ചൂസ് പപ്പൻ

#മകളുടെഅമ്മ

പത്ത് നാല്പത്തെട്ട്‍ വയസുള്ള ഈ പെണ്ണുമ്പിള്ളക്ക് നാണമില്ലേ ഒരു കൊച്ചുചെറുക്കനേം കെട്ടി ജീവിക്കാൻ….

അതിനു നിന്നോടാര് പറഞ്ഞു അവര് ഭാര്യ ഭർത്താക്കന്മാർ ആണെന്ന്..

അതുപിന്നെ… ആ കൊച്ച് അവരെ അച്ഛാന്നും അമ്മെന്നും വിളിക്കുന്നത് ഞാൻ നേരിട്ട് കേട്ടതാ….

ഹോസ്പിറ്റൽ റിസപ്ഷനിലെ പെൺകുട്ടികൾ ഞങ്ങളെ നോക്കി അത് പറയുന്നത് കേട്ട് മറുപടി പറയാൻ തിരിഞ്ഞപ്പോഴേക്കും…
മോള് കരഞ്ഞുകൊണ്ട് അച്ഛാ… മോളുന് തല വേദനിക്കുന്നു എന്ന് പറഞ്ഞു കരഞ്ഞിരുന്നു…

മോളെ….എന്റെ കൈയിലേക്ക് വാങ്ങുമ്പോൾ പലരും ഞങ്ങളെ നോക്കുന്നതായി എനിക്കും തോന്നിയിരുന്നു…

അതൊന്നും വക വെക്കാതെ ഡോക്ടറുടെ മുറിയിലേക്ക് കടക്കുമ്പോൾ അവൾ അമ്മ എന്നെ എടുത്താൽ മതി എന്ന് വാശി പിടിച്ചു ആ കൈകളിലേക്ക് ചാടിയിരുന്നു…

മുറിയിലേക്ക് കടന്നതും ഡോക്ടർ എന്റെ മുഖത്ത് നോക്കി… കുട്ടിയുടെ അമ്മ വന്നില്ലേ എന്ന് ചോദിക്കുമ്പോൾ ഞാൻ… ഞാനാണ് മോളുടെ അമ്മ എന്ന് പറഞ്ഞു അമ്മ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു…

അപ്പോൾ നിങ്ങളാര… എന്ന ഡോക്ടറുടെ ചോദ്യത്തിന് അവളുടെ അച്ഛൻ എന്ന എന്റെ മറുപടിക്ക് തികച്ചും അത്ഭുതത്തോടെ മാത്രം ഞങ്ങളെ മാറി മാറി നോക്കുകയാണ് അദ്ദേഹം ചെയ്തത്….

മോളെ അഡ്മിറ്റ് ചെയ്യണം എന്നും കുട്ടിക്ക് വൈറൽ ഫീവർ ആണെന്നും ബ്ലഡ്‌ ചെക്ക് ചെയ്യണം എന്നും പറഞ്ഞു ഡോക്ടർ പറയുമ്പോൾ മോൾ ഒന്നുടെ അമ്മയെ ചേർന്നിരുപ്പുണ്ടായിരുന്നു…

അവളുടെ കൈയിൽ നിന്ന് രക്തം എടുക്കുമ്പോൾ വാവിട്ട് കരയുന്ന കുഞ്ഞിനേയും നോക്കി അമ്മയും കണ്ണ് നിറച്ചപ്പോൾ അവൾ കരച്ചിൽ നിറുത്തിയിട്ട് പറഞ്ഞത് അമ്മ കരയല്ലേ മോൾക്ക് വേദനിക്കുന്നില്ല മോള് ഇനി കരയില്ല അമ്മ കരഞ്ഞാൽ മോൾക് സങ്കടം ആവും എന്നായിരുന്നു…

അവളുമായി ആശുപത്രി കിടക്കയിൽ കഴിയുന്ന ഓരോ നിമിഷങ്ങളിലും ഞാൻ തിരിച്ചറിഞ്ഞിരുന്നു ചുറ്റുമുള്ളവർ ഞങ്ങളെ കാണുന്നത് തെറ്റായ കണ്ണീലൂടെ ആണെന്ന്…

കുഞ്ഞിനെ അമ്മയെ ഏല്പിച്ചു വൈകിട്ടത്തെ ഭക്ഷണം വാങ്ങാൻ പുറത്ത് പോകുന്ന എന്നെ നോക്കി ഒരു തരം വഷളൻ ചിരി പലരും സമ്മാനിച്ചപ്പോളും തിരിച്ചു നിറചിരി നൽകിയത് എന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ലന്ന് ഉറപ്പുള്ളത് കൊണ്ടായിരുന്നു…

തിരിച്ചു മുറിയിലേക്ക് വരുന്ന എന്നെയും കാത്ത് വാതിലിൽ നിൽക്കുന്ന അമ്മയോട് മോളുടെ അച്ഛനെയും കാത്ത് നില്കുകയാവും അല്ലേ…. എന്ന് ചോദിച്ച ആശുപത്രി ജോലിക്കാരിയോട്…

അതേ…. മോളുടെ അച്ഛനെ നോക്കി നിൽക്കുകയാണ് കാരണം അവൻ എന്റെ മകൻ ആണ് എന്ന് അമ്മ പറയുമ്പോൾ ആണ് ഞാൻ കയറി വന്നതും…

ഭിത്തിയുടെ മറവിലേക്ക് ഞാൻ നീങ്ങി നിന്നത് അമ്മ എന്നെ കാണണ്ട എന്ന് കരുതി തന്നെ ആണ്…

അവൾ എന്റെ മകന്റെ മകളാണ്..അവളുടെ ജനനത്തോടെ തന്നെ… അമ്മ മരിച്ചു പോയ കുഞ്ഞാണ്..അത്… അവൾക്കറിയില്ല അമ്മ ഇല്ലാത്ത കാര്യം അവൾക്കു അമ്മ ഞാൻ തന്നെ ആണ്… അമ്മ.. എന്ന് വിളിച്ച കുഞ്ഞിനെ തിരുത്തിയിട്ടും ഇല്ല ഞാൻ ഇതുവരെ ദയവു ചെയ്തു ആ കുഞ്ഞിന്റെ മുന്നിൽ വെച്ച് നിങ്ങളാരും ഇനിയും അവളുടെ അമ്മയെ തിരക്കരുത്… അവൾ
എന്റെ മകൾ തന്നെയാണ് ന്റെ മകന്റെ ചോര…
അവിടെ നിന്നവരോടായി അമ്മ അത് പറയുമ്പോൾ അവരുടെ തലയും കുനിഞ്ഞിരുന്നു….

അവർക്ക് മുന്നിലൂടെ നിറഞ്ഞ കണ്ണുകൾ മറച്ചുകൊണ്ട് അമ്മയുടെ കൈ പിടിച്ചു മുറിയിലേക്ക് നടക്കുമ്പോൾ ഞാൻ തിരിച്ചറിഞ്ഞിരുന്നു..
കൂടെ ഉള്ളത് എന്റെയും എന്റെ മകളുടെയും ജീവവായു ആണ് എന്നും . അമ്മക്ക് അല്ലാതെ മറ്റൊരാൾ ഇനി അവളുടെ അമ്മക്ക് പകരം ആവില്ലന്നും……

 

LEAVE A RESPONSE