രചന – അഞ്ജു തങ്കച്ചൻ
എടാ നായെ….എന്റെ മകളെ നീ എവിടെയാടാ കൊണ്ടുപോയത്, എന്താടാ നീയവളെ ചെയ്തത്…..
അയാൾ നരേന്ദ്രന്റെ കഴുത്തിനു കുത്തിപ്പിടിച്ചു.
നരേന്ദ്രൻ ബലമായി മാധവന്റെ കൈകൾ പിടിച്ച് മാറ്റി.
ഞാൻ ഒന്നും ചെയ്തില്ല.അമ്മ ജീവനൊടുക്കിയിടത്തു തന്നെ മകളും പോയി, സ്വന്തം ജീവൻ കളയാൻ.
ചിന്നൂ… മാധവൻ ഇടർച്ചയോടെ അവളെ വിളിച്ചു.
മരിക്കാൻ പോയ നിങ്ങളുടെ മകളെ രക്ഷിക്കുകയാണ് ഞാൻ ചെയ്തത്.
അല്ലാതെ പെണ്ണിനെ കണ്ടാലുടൻ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന ചില വൃത്തിക്കെട്ടവന്മാരുടെ ചിന്താഗതിയല്ല എനിക്കുള്ളത്.
ഇടയ്ക്കൊക്കെ കണ്ണ് തുറന്ന് വീട്ടിലുള്ളവരെ കൂടി ഒന്ന് നോക്കണം.
നരേന്ദ്രൻ വെട്ടിത്തിരിഞ്ഞു നടന്നു പോയി.
ചിന്മയി അയാളെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു.
ഓഹ്…വന്നോ എവിടെ അഴിഞ്ഞാടാൻ പോയിട്ട് വന്നതാടി?
മേനക അവൾക്കരികിലേക്ക് പാഞ്ഞടുത്തു.
നിനക്ക് തോന്നുമ്പോൾ ഇറങ്ങി പോകാനും, കയറി വരാനും ഇത് സത്രമല്ല.
അറിയാം.ഇത് സത്രമല്ല എന്റെ വീടാണ്.ഇവിടെ എപ്പോൾ വരണം എപ്പോൾ പോകണം എന്ന് ഞാൻ തീരുമാനിക്കും.അതോർത്ത് ആരും വിഷമിക്കണ്ട.
അവളുടെ മുഖത്തെ കൂസലില്ലായ്മ മേനകയെ ഞെട്ടിച്ചു.
ചിന്മയി തന്റെ മുറിയിലേക്ക് നടന്നു.
ശരീരമാകെ നല്ല വേദന തോന്നുന്നുണ്ട്.കൈകളിലെ മുറിവ് അല്പം വലുതാണ്.
അവൾ മരുന്നെടുത്തു പുരട്ടി,വൃത്തിയുള്ള ഒരു തുണിയെടുത്തു മുറിവ് കെട്ടിവച്ചു.
കട്ടിലിലേക്ക് കിടന്നു.വയ്യാ ഇനിയൊന്നിനും വയ്യ. കിടന്നതും അവൾ ഉറങ്ങി പോയി.അത്രമേൽ അവൾ തളർന്നിരുന്നു.
**********
നേരം നന്നായി പുലർന്നിട്ടാണ് അവൾ എഴുന്നേറ്റത്.
ക്ഷീണമൊക്കെ നന്നായി മാറിയിട്ടുണ്ട്.ഒരുപാട് നാളുകൾക്കു ശേഷം ഇന്നലെയാണ് ഒന്നുമോർക്കാതെ ബോധം കെട്ടപോലെ കിടന്നുറങ്ങിയത്.
പല്ല് തേച്ച്,ഇളം ചൂടുവെള്ളത്തിൽ കുളിച്ച് കഴിഞ്ഞപ്പോൾ ഒരുന്മേഷം തോന്നുന്നുണ്ട്.
അവൾ അടുക്കളയിലേക്ക് നടന്നു
ഓഹോ തമ്പുരാട്ടി എഴുന്നെള്ളിയോ മേനക ദേഷ്യത്തോടെ ചോദിച്ചു.
കറവക്കാരൻ പാല് പിന്നാമ്പുറത്തെ വരാന്തയിൽ വച്ചിട്ടുണ്ട്.അത് വീടുകളിൽ കൊടുക്കാനുള്ളത് അളന്നു മാറ്റി വയ്ക്ക്.
അവർ പറഞ്ഞു.
അത് നിങ്ങൾക്ക് ചെയ്തു കൂടെ… അവൾ ചോദിച്ചു.
എന്നോട് എതിര് പറയാറായോ നീ
അതിന് നിങ്ങൾ ഏതാ?
പാടത്തെ പണിക്ക് വന്ന പണിക്കാരി വീട്ടിൽ ഭരണം നടത്തണ്ട.
അവൾ പറഞ്ഞത് കേട്ട് മേനകയുടെ കണ്ണ് മിഴിഞ്ഞു.
ചിന്മയി അവരെ ശ്രെദ്ധിക്കാനേ പോയില്ല.
രാധചേച്ചി ചൂടോടെ ഒരു ഗ്ലാസ്സ് കട്ടൻ തന്നേ.അടുക്കളയിൽ സഹായത്തിനു നിൽക്കുന്ന രാധയോട് അവൾ പറഞ്ഞു.
രാധേ… നിന്നെ ജോലിക്കു നിർത്തിയത് എന്നെ സഹായിക്കാൻ വേണ്ടിയാണ്.ഞാൻ പറയുന്നത് നീ കേട്ടാൽ മതി മേനക പറഞ്ഞു.എന്നോട് എതിര് പറഞ്ഞ അവൾക്ക് ഇന്ന് ചായ വേണ്ടാ
ഇതെന്റെ വീടാണ് ഇവിടെ ഞാൻ പറയുന്നതാണ് കേൾക്കേണ്ടത്.
അല്ലാത്തവർക്ക് ഇവിടുത്തെ ജോലി മതിയാക്കി തിരിച്ചു പോകാം.ചിന്മയി പറഞ്ഞു.
രാധ ചെറു ചിരിയോടെ ചായ അവൾക്കു കൊടുത്തു.
അത് കണ്ടതും മേനക ചവിട്ടിത്തുള്ളി മുറിയിലേക്ക് പോയി.
കലക്കി മോളേ. രാധ അവളോട് പറഞ്ഞു.ഇത് ഇച്ചിരി നേരത്തെ ആകാമായിരുന്നു.
ഓരോന്നിനും ഒരു സമയമുണ്ട് രാധേച്ചി.അവൾ പുഞ്ചിരിയോടെ പറഞ്ഞു.
ഗൗതം ഇരുന്ന് പഠിക്കുകയാണ്,ഗോകുൽ മോൻ മുറ്റത്തൂടെ ഓടിക്കളിക്കുകയാണ്.
ചിന്മയിയെ അവർക്ക് ജീവനാണ്.തിരിച്ചു് ചിന്മയിക്കും അങ്ങനെ തന്നെയാണ്.അമ്മ വേറെയെങ്കിലും അവരും തന്റെ അച്ഛന്റെ കുഞ്ഞുങ്ങളാണ്.മേനകയുടെ സ്വഭാവം ഒന്നും കുട്ടികൾക്കു കിട്ടിയിട്ടില്ല.അത് തന്നെ ഭാഗ്യം.
അവൾ ഗൗതമിനെ പഠിക്കാൻ സഹായിച്ചു.
ഗോകുൽ മോന് ഏത്തപ്പഴം നെയ്യിൽ വാട്ടി പഞ്ചസാര ചേർത്ത് നൽകി.
അവൾ കൊടുത്താലേ അവൻ കഴിക്കൂ…
രാവിലെ എന്താ രാധേച്ചി കഴിക്കാൻ?
ഇന്ന് ദോശയാ മോളേ ചഡ്ഡ്നിയും, സാമ്പാറും ഉണ്ട് മോൾക്ക് ഏതാ വേണ്ടത്.
രണ്ടും എടുത്തോ. ഞാൻ ഇപ്പോൾ വന്നേക്കാം.
അവൾ മുറ്റത്തെ തുളസി ചെടിക്ക് വെള്ളം ഒഴിച്ചിട്ട് കയറി വന്നപ്പോഴേക്കും.
പതിവ് പോലെ മേനക അവൾക്കുള്ളത് വിളമ്പി അടുക്കളയിൽ വച്ചിരുന്നു.
സാദാരണ അവൾ അടുക്കളയിൽ തന്നെയിരുന്നാണ് കഴിക്കുന്നത്.
മേനക വിളമ്പി വച്ചത് അവൾ നോക്കിയത് പോലുമില്ല.
അച്ഛനൊപ്പം കസേര വലിച്ചിട്ടിരുന്നു.
രാധേച്ചി എനിക്കുള്ള ഭക്ഷണം എടുത്തോളൂ കേട്ടോ.
അവൾ വിളിച്ചു പറഞ്ഞതും.രാധ ഭക്ഷണം കൊണ്ടുവന്ന് വിളമ്പി അവൾക്കു കൊടുത്തു.
അത് കണ്ടതും മേനകയ്ക്ക് ദേഷ്യം ഇരച്ചുകയറി.
മാധവൻ ഇരിക്കുന്നത് കൊണ്ട് മാത്രം അവൾ ഒന്നും പറഞ്ഞില്ല.
നരന്ത് പെണ്ണിന് ഇപ്പോൾ എന്തൊരു ധൈര്യമാണ്.
അവൾ ഒന്നും ശ്രെദ്ദിക്കാതെ കഴിച്ചുകൊണ്ടിരുന്നു.
മാധവൻ തലയുയർത്തി അവളെ നോക്കി. അവൾ തന്നോട് സംസാരിച്ചിട്ട് എത്രയോ നാളുകൾ ആയി. അവളുടെ അമ്മ പോയതിൽ പിന്നെ അച്ഛാ എന്ന് തന്നെ വിളിച്ചിട്ട് പോലുമില്ല. തനായിട്ട് എന്തെങ്കിലും പറഞ്ഞാലും അവൾ ശ്രെദ്ദിക്കാറുമില്ല.
പലപ്പോഴും മേനക അവളെ ശക്കാരിക്കുന്നത് കേട്ടിട്ടും, അതൊക്കെ അവഗണിക്കുകയായിരുന്നു തന്റെ പതിവ്.
പക്ഷെ അവൾ സഹിക്കാവുന്നതിലും അപ്പുറം നോവുകൾ അനുഭവിക്കുന്നുണ്ടെന്നു താനറിഞ്ഞില്ല. മോൾ പറഞ്ഞതും ഇല്ല.
അവൾ അച്ഛാ എന്നൊന്ന് വിളിക്കുന്നത് കേൾക്കാൻ അയാൾക്ക് പെട്ടന്ന് കൊതി തോന്നി.
അവൾ വേഗം കഴിച്ചെഴുന്നേറ്റൂ…
അയാളുടെ മുഖത്ത് പോലും നോക്കാതെ അവൾ കഴിച്ച പാത്രവും എടുത്ത് അടുക്കളയിലേക്ക് നടന്നു.
മേനക അടുക്കളയിൽ രാധക്ക് നിർദേശങ്ങൾ കൊടുക്കുകയായിരുന്നു.
ഉച്ചക്കത്തേക്ക് പോർക്ക് റോസ്റ്റ് ചെയ്തതും, പുഴമീൻ കറിവച്ചതും വേണം. കൂടാതെ കുറച്ച് രസം കൂടി ഉണ്ടാക്കണം.
ശരി. രാധ പറഞ്ഞു.
രാധേച്ചീ…. ഇന്ന് ഈ പറഞ്ഞതൊന്നും ഉണ്ടാക്കേണ്ട. പച്ചക്കറി മാത്രം ഉണ്ടാക്കിയാൽ മതി. ഓരോ ദിവസവും വേണ്ടുന്നത് എന്താണെന്നു ഞാൻ പറഞ്ഞു തന്നോളാം.
അതനുസരിച്ചുണ്ടാക്കിയാൽ മതി.
എടീ… നീയാരാടി ഇതൊക്കെ പറയാൻ. ഞാൻ പറയുന്നതേ ഇവിടെ നടക്കൂ
മേനക ഉറഞ്ഞു കൊണ്ട് അവൾക്കു മുന്നിൽ നിന്നു.
ചിന്മയി കൈകൾ കെട്ടി അവർക്ക് മുന്നിൽ നിന്നു.
ഇതൊക്കെ പറയാൻ നിങ്ങൾ ആരാ?അവൾ ചോദിച്ചു.
ഞാൻ നിന്റെ അച്ഛന്റെ ഭാര്യയാണ്.
ചിന്മയി ഉറക്കെ പൊട്ടിച്ചിരിച്ചു. അതിന് നിങ്ങളെ എന്റച്ഛൻ വിവാഹം കഴിച്ചിട്ടുണ്ടോ? എന്ററിവിൽ അങ്ങനൊരു വിവാഹം നടന്നിട്ടില്ല.
വിവാഹം നടന്നില്ലെങ്കിലും ഞാൻ മാധവേട്ടന്റെ ഭാര്യയാണ്.അവർ ഉറക്കെ പറഞ്ഞു.
നിങ്ങൾ ഭാര്യയല്ല. വെറും വെപ്പാട്ടിയാണ്.ചിന്മയി മേനകയുടെ ചെവിക്കരുകിൽ പതിയെ പറഞ്ഞു
മേനകയുടെ മുഖം വിവർണ്ണമായി.
അതുകൊണ്ട് നിങ്ങൾ മംഗലത്തുതറവാട്ടിൽ കയറി കൊച്ചമ്മ ചമയണ്ട മനസിലായില്ലേ….
ചിന്മയി മുറിയിലേക്ക് നടന്നു.
കട്ടിലിൽ ഇരുന്നതും അവൾ ഒരു ദീർഘനിശ്വാസം വിട്ടു. ഇത്രയൊക്കെ ഒരാളോട് പറയാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നോ. ഇല്ല ഇത് മറ്റൊരാൾ പകർന്നു തന്ന ധൈര്യമാണ്.
മരണത്തിൽ നിന്ന് പോലും കൈപിടിച്ച് കയറ്റാൻ മാത്രം അയാൾക്ക് താൻ ആരായിരുന്നു?
അറിയില്ല.
പക്ഷെ അയാളെ ഓർക്കുമ്പോൾ,
മഴനനഞ്ഞു തൂവൽ കുതിർന്ന കുഞ്ഞിക്കിളിക്ക് വെയിൽ കായുമ്പോൾ തോന്നുന്നു ആ ഒരു സുഖംതോന്നുന്നു , തൂവലുകൾ ചിക്കിയുണക്കി അകലേക്ക് പറക്കാൻ മോഹിക്കുന്ന ആ കുഞ്ഞിക്കിളിയാണ് താനെന്ന് അവൾക്ക് തോന്നി.
****************
മേനക മുറിയിലൂടെ ഉഴറി നടക്കുകയായിരുന്നു.
ചിൻമയിയെ ഇങ്ങനെ വിട്ടാൽ ശരിയാകില്ല. എല്ലാം തന്റെ കൈവിട്ടു പോകും.
പാടില്ല. ഒന്നും നഷ്ട്ടപ്പെടാൻ പാടില്ല. ഇന്നലെ കൊണ്ട് അവളുടെ ശല്യം തീർന്നെന്നു കരുതി. പക്ഷെ….
എന്റെ കുഞ്ഞുങ്ങൾക്ക് മാത്രമുള്ളതാണ് മംഗലത്തു തറവാടും സ്വത്തുക്കളും, അതിന് മറ്റൊരു അവകാശി വേണ്ടാ.
അതിന് വേണ്ടി എന്ത് വേണമെങ്കിലും താൻ ചെയ്യും
വഴിയരുകിലെ കണ്ണായസ്ഥലത്തെ പതിനാല് ഏക്കർ സ്ഥലം മാധവേട്ടന്റെ അമ്മ മരിക്കും മുൻപ് ചിന്മയിയുടെ പേരിൽ എഴുതി വച്ചിട്ടുണ്ട്.
അത് കൈവിട്ട് പോയതിൽ താൻ ഒത്തിരി വിഷമിച്ചിട്ടുണ്ട്.
പക്ഷെ അത് പോട്ടേ, ഈ വീടും ചുറ്റിലുമുള്ള സ്ഥലവും കോടികൾ വിലമതിക്കുന്നതാണ്. അതിന് അവകാശം തന്റെ രണ്ട് മക്കൾക്കും മാത്രമുള്ളതാണ്.
അതിൽ അവൾ പിടിമുറുക്കൻ പാടില്ല.വേണമെങ്കിൽ അവളെ തീർത്തു കളയാനും താൻ മടിക്കില്ല.
എന്തോ വീഴുന്ന ശബ്‌ദം മേനകയെ ചിന്തയിൽ നിന്നുണർത്തി. പണിക്കാർ തേങ്ങ കൊണ്ടുവന്ന് പിന്നാമ്പുറത്ത് കൂട്ടിയിടുന്ന ശബ്‌ദമാണ്.
പണിക്കാർക്ക് നിർദേശങ്ങൾ നൽകിക്കൊണ്ട് തന്റെ സഹോദരൻ രഘു നിൽപ്പുണ്ട്. അവനാണ് തെങ്ങിൻതോപ്പിലെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങൾ ആയി അവൻ ഇവിടെയുണ്ട്.
പിന്നിലെ വരാന്തയിൽ നിന്ന ചിന്മയിയോട്
ദേ… പെണ്ണേ ഈ കൊണ്ടുവന്ന് ഇടുന്ന തേങ്ങ എണ്ണി എത്രയുണ്ടെന്ന് എന്നോട് പറയണം.ഞാനൊന്നു കുളിച്ചിട്ട് വരാമെന്ന് പറഞ്ഞു രഘു മുഖത്തെ വിയർപ്പ് ഒപ്പിക്കൊണ്ട് കിണറ്റിൻ കരയിലേക്ക് നടന്നു
അതേ.. നിങ്ങൾ അവിടൊന്നു നിന്നേ.
അവൾ ഉറക്കെ പറഞ്ഞു.
എന്താടി…
എന്നെ എടീ പോടീ എന്ന് വിളിക്കാൻ തനിക്ക് എന്തവകാശം. മേലിൽ ആവർത്തിക്കരുത്.
പിന്നെ നിങ്ങൾ ഈ തേങ്ങകൾ എത്രയുണ്ടെന്ന് എണ്ണി എന്നോട് പറയണം. മാത്രമല്ല കഴിഞ്ഞ പ്രാവിശ്യത്തെ കണക്കുകൾ എല്ലാം എന്നെ കാണിക്കുകയും വേണം.
അതൊക്കെ ഞാൻ എന്റെ ചേച്ചിയെ കാണിച്ചോളാം.അയാൾ ദേഷ്യത്തോടെ പറഞ്ഞു.
ഇതൊന്നും നിന്റെ ചേച്ചിയുടെ അല്ല. കണക്കുകൾ എന്നെ കാണിച്ചാൽ മതി.
അത് പറയാൻ നീയാരാടീ…
അവൾ വരാന്തയിൽ ഇരുന്ന വാക്കത്തി കൈയിൽ എടുത്തു.
ഇനിയൊരിക്കൽ കൂടെ എന്നെ എടീ എന്ന് വിളിച്ചാൽ തന്റെ നാവ് ഞാൻ അരിയും.
ഇറങ്ങി പൊക്കോണം ഇവിടുന്ന്. അതല്ല മര്യാദക്കാണെങ്കിൽ മൂക്ക് മുട്ടെ നാല് നേരം തിന്നിട്ട് പറയുന്ന ജോലി ചെയ്‌തോളണം.
ഒച്ചയും ബഹളവും കേട്ട് മാധവനും, മേനകയും ഇറങ്ങി വന്നു.
എന്താ…. എന്തായിവിടെ?
ചേച്ചീ ഇവൾ എന്നോട് ഇറങ്ങി പോകാൻ പറയുന്നു.
അവൻ എന്റെ സഹോദരനാണ് അവനോടു പോകാൻ പറയാൻ നീയാരാ.
ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയില്ലേ?നിങ്ങളുടെ സ്ഥാനമെന്താണെന്ന് ഞാൻ പറഞ്ഞത് നിങ്ങൾ മറന്നിട്ടില്ലല്ലോ.
ഇയാളോട് ഇറങ്ങി പോകാനാണ് പറഞ്ഞത്.ചിന്മയി വിരൽ ചൂണ്ടി.
ഞാൻ പോകുവാ ചേച്ചി…. എന്റെ സാധനങ്ങൾ എടുക്കട്ടെ അയാൾ അകത്തേക്ക് കയറാൻ ഭാവിച്ചു.
നിൽക്ക്….നിങ്ങൾ വന്ന ദിവസം ഞാൻ ഓർക്കുന്നുണ്ട്. അന്ന് ഇട്ട വസ്ത്രമല്ലാതെ ഒന്നും കൊണ്ടുവന്നിട്ടില്ലായിരുന്നു. ഇറങ്ങുമ്പോഴും അങ്ങനെ തന്നെ മതി.അവൾ പറഞ്ഞു.
എടീ…. മേനക അലറിക്കൊണ്ട് അവൾക്കരികിലേക്ക് വന്നു.
ചിന്മയി കൈയിലിരുന്ന വാക്കത്തി ഉയർത്തി.
ഇവിടെ മര്യാദക്ക് നിൽക്കാൻ പറ്റുമെങ്കിൽ നിങ്ങൾ നിന്നാൽ മതി. ഇല്ലെങ്കിൽ സഹോദരനൊപ്പം ഇറങ്ങിക്കോണം.
മേനക തറഞ്ഞുനിന്നു.
ഉം… കടന്നു പോകാനാ പറഞ്ഞത്.അവൾ രഘുവിനോട് പറഞ്ഞു
അണപ്പല്ലുകൾ ഞ്ഞെരിച്ചമർത്തി അവളെ ഒന്ന് നോക്കിയിട്ട് അയാൾ നടന്നു പോയി.
ഒരു പുഞ്ചിരിയോടെ ചിന്മയി അകത്തേക്കും.
ദേ… നോക്കിക്കേ അവളുടെ അഹങ്കാരം. ഇത് കണ്ട് നിന്നിട്ടും നിങ്ങൾ ഒരക്ഷരം മിണ്ടിയില്ലല്ലോ മേനക മാധവനെ നോക്കി കണ്ണുനിറച്ചു.
ചിന്നു ചെയ്തത് തന്നെയാണ് ശരി. കഴിഞ്ഞ മൂന്ന് വർഷമായിട്ട് നാളികേരം വിറ്റ വകയിൽ അവൻ എന്നെ ഏൽപ്പിക്കുന്നത് ചെറിയ തുകയാണ്. ബാക്കി അവൻ കൈക്കലാക്കും.
മാത്രമോ,എണ്ണയാട്ടുന്നതിൽ നിന്നും അവൻ മറിച്ചു വിൽക്കും.
എല്ലാം അറിഞ്ഞിട്ടും ഞാൻ ക്ഷമിച്ചു നിന്നതാണ്.
അതുകൊണ്ട് നീ കൂടുതൽ ഒന്നും പറയണ്ട.
മാധവൻ അകത്തേക്ക് കയറി പോയി.
എടീ ചിന്മയി… നിന്റെ സമയം അടുത്തു. അണയാൻ പോകുന്ന തിരി ആളിക്കത്തുമെന്നാണല്ലോ.അതാണ് നിനക്കിത്ര നെഗളിപ്പ്.
അതവസാനിപ്പിക്കാൻ ഈ മേനകയ്ക്ക് അറിയാം.
നീ നോക്കിക്കോ… മേനക മനസ്സിൽ എന്തോ ഉറപ്പിച്ചു .
മേനകയുടെ മുഖത്ത് ഒരു ഗൂഡ്ഢമായൊരുചിരി വിരിഞ്ഞു.
****************
തുടരും

by