14/02/2026

കാലചക്രം : ഭാഗം 03

രചന – അഞ്ജു തങ്കച്ചൻ

അയാളുടെ മുഖം ചുവന്നു.

എന്താ നീ പറഞ്ഞത്?

അല്ല അച്ഛന് ഭക്ഷണം കഴിക്കുക, വിശ്രമിക്കുക, വീണ്ടും കഴിക്കുക വിശ്രമിക്കുക ഇതൊക്കെ തന്നെയല്ലേ പണി.അപ്പോൾ ഒരു ചായ ഒക്കെ സ്വയം ഉണ്ടാക്കി കഴിക്കാവുന്നതേ ഉള്ളൂ…
കൂസലില്ലാതെ പറഞ്ഞു കൊണ്ട് അവൾ മുറിയിലേക്ക് കയറി പോയി.

ഓഹോ ഇതാണോ നിന്നെ വീട്ടിൽ നിന്നും പഠിപ്പിച്ചു വിട്ടത്. കാർന്നോന്മാരെ നോക്കാൻ പോലും ഇപ്പോഴത്തെ കുട്ടികൾക്ക് പറ്റില്ല കലികാലം.

ജ്വാല മുറിയിൽ ഇരുന്ന് അച്ഛന്റെ സംസാരം കേട്ടിട്ടും മറുപടി ഒന്നും പറഞ്ഞില്ല.

രണ്ടോ, മൂന്നോ മിനിട്ട് കഴിഞ്ഞതും ആദിത്യൻ മുറിയിലേക്ക് പാഞ്ഞു വന്നു.

എടീ…. നീ അച്ഛന് ചായ കൊടുക്കില്ലെന്ന് പറഞ്ഞോ?

അച്ഛന് ചായ ഉണ്ടാക്കി കൊടുക്കാൻ വേണ്ടിയാണോ ആദി എന്നെ വിവാഹം കഴിച്ചത്? അച്ഛന്റെ കാര്യം നോക്കാൻ അച്ഛന്റെ മകനായ ആദിയോളം ഉത്തരവാദിത്തം എനിക്കില്ല.

ഓഹോ അങ്ങനെയാണോ.

അതെ,അങ്ങനെതന്നെയാണ്.

അച്ഛാ വാ… ഇവളുടെയൊന്നും സഹായം ഇല്ലാതെ നമുക്ക് ചായ ഉണ്ടാക്കാം.
അയാൾ അച്ഛനെയും വിളിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു.

ഗ്യാസ് കത്തിച്ച്‌ വെള്ളം വച്ചിട്ട്, ആദിത്യൻ തേയിലപൊടി നോക്കിയിട്ടും കണ്ടില്ല.
വെള്ളം തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു.

ഒടുവിൽ ഓരോ കബോർഡും തുറന്നു നോക്കി ഒടുക്കം തെയിലപ്പൊടി കണ്ടുപിടിച്ചു വന്നപ്പോഴേക്കും വെള്ളം തിളച്ചു വറ്റിയിരുന്നു.

വേറെ വെള്ളമെടുത്തു വച്ച് അത് തിളച്ചു വന്നപ്പോൾ അയാൾ തെയിലപ്പാത്രം തുറന്നു.

അച്ഛാ നമുക്ക് രണ്ടാൾക്ക് ചായ എടുക്കാൻ എത്ര തെയിലപ്പൊടി ഇടണം.

എനിക്ക് നല്ല കടുപ്പം വേണം കേട്ടോടാ..

അതല്ലേ ചോദിച്ചത് എത്ര അളവിൽ പൊടി ഇടണം എന്ന്.

ഒരു കാര്യം ചെയ്യു. ഓരോ കപ്പ് ചായക്ക്‌ ഓരോ സ്പൂൺ പൊടി വച്ച്,നമുക്ക് രണ്ടാൾക്കും കൂടെ രണ്ട് സ്പൂൺ പൊടി ഇട്.

ആ സ്പൂൺ ഇങ്ങ് എടുക്ക് അച്ഛാ..

അയാൾ സ്പൂൺ കൊടുത്തു.

രണ്ട് സ്പൂൺ നിറയെ പൊടിയിട്ട് ,
ചായപ്പാത്രം വാങ്ങി വച്ചു.

മധുരം എത്ര വേണം അച്ഛന്?

ഇത്തിരി ഇട്ടാൽ മതി.

അരസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി ചായ അച്ഛന് കൊടുത്തു.

എങ്ങനുണ്ട് അച്ഛാ

ചായ ഒരിറക്കു കുടിച്ചതും അയാൾ നിലത്തേക്ക് തുപ്പിയതും ഒരുമിച്ചായിരുന്നു.

ഇതാണോടാ ചായ… എന്തൊരു കയ്പ്പ്.

ഒരു ചായ ഉണ്ടാക്കാൻ പോലും അറിഞ്ഞൂടാ അവന്.

ഓഹോ അച്ഛൻ സ്വന്തമായി അങ്ങ് ഉണ്ടാക്കി കുടിച്ചോ.

അവൻ ദേഷ്യത്തിൽ ഇറങ്ങിപ്പോയി.

അയാൾ നേരെ മുറിയിലേക്ക് ചെന്ന് വസ്ത്രങ്ങൾ മാറ്റി.

പുറത്ത് നല്ല ഒന്നാന്തരം ചായക്കട ഉണ്ട്‌,വീട്ടിൽ നിന്ന് തന്നെ ചായ വേണം എന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല

അയാൾ ടീവി സ്റ്റാൻഡിന്റെ പുറത്തിരുന്ന, കാറിന്റെ ചാവി എടുത്തു പുറത്തേക്ക് നടന്നു.

അച്ഛാ…. ജ്വാല പിറകെ ചെന്നു.

എന്താ…?

അച്ഛാ എനിക്ക് ഒന്ന് രണ്ടിടങ്ങളിൽ പോകാൻ ഉണ്ട്‌. അതുകൊണ്ട് വണ്ടി എടുക്കല്ലേ.

ഓ… നിന്റെ അച്ഛൻ വാങ്ങി തന്ന കാറാണല്ലോ അല്ലേ.
അയാൾ കാറിന്റെ കീ സെറ്റിയിലേക്ക് ഇട്ടിട്ട്, നടന്നു പോയി.

ഉച്ചക്കത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കാനായി ജ്വാല അടിക്കളയിലേക്ക് ചെന്നു.

ഫ്രിഡ്ജിൽ അരപ്പുചേർത്ത് തിരുമ്മി വച്ചിരിക്കുന്ന മീൻ ഇരിപ്പുണ്ട്.
ഫ്രീസറിൽ എന്നും ചിക്കനോ, പോർക്കോ ഉണ്ടാവുന്നതാണ്. അതൊക്കെ തീർന്നിരിക്കുന്നു.

ഇന്ന് മിക്കവാറും ഇതെല്ലാം വാങ്ങി വയ്ക്കും അമ്മ.

എന്തായാലും മീൻ പുറത്തെടുത്തു വച്ചു. തണുപ്പ് മാറുമ്പോൾ വറുക്കാം.

ചോറിനുള്ള വെള്ളം വച്ച്, തിളച്ചപ്പോഴേക്കും അരി കഴുകി ഇട്ടു.ഒത്തിരി അടുക്കളപ്പണി അറിയില്ലെങ്കിലും ഇവിടെ അമ്മ ചെയ്യുന്നതെല്ലാം കണ്ട് പഠിച്ചിട്ടുണ്ട്.

മുറ്റത്തെ കപ്പളത്തിൽ നിന്നും ചെറിയൊരു പപ്പായ പറിച്ചെടുത്തു തോരൻ ഉണ്ടാക്കി.

സിറ്റിയിൽ പോയ അച്ഛൻ വന്നിട്ടുണ്ട്, ആദി ഇനിയും വന്നിട്ടില്ല.
അവൾ സമയം നോക്കി. പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു.

അവൾ ചോറ് വിളമ്പി, മീൻ വറുത്തതും, പപ്പായ തോരനും എടുത്ത് ഡൈനിങ് ടേബിളിൽ വച്ചപ്പോഴേക്ക് ആദിത്യന്റെ ബൈക്കിന്റെ ശബ്ദം കേട്ടൂ..

ആദിത്യൻ അവളെ നോക്കാതെ മുകളിലേക്ക് പോകാൻ തുനിഞ്ഞു.

ആദി ഫുഡ് കഴിക്കുന്നില്ലേ, ഇരിക്ക് കഴിക്കാൻ സമയം ആയതല്ലേ.

അയാൾ ഇരുന്നു.

അച്ഛാ… ജ്വാല നീട്ടി വിളിച്ചു.

ഉം… എന്താ… അയാൾ മുറിയിൽ നിന്നും പുറത്തേക്കു വന്നു.

അച്ഛാ വരൂ കഴിക്കാം.

അയാൾ കൈ കഴുകി ഇരുന്നു.

അവൾ രണ്ടാൾക്കും ചോറ് വിളമ്പി.

ഇതെന്നതാ കൊച്ചേ ഈ ഉണ്ടാക്കി വച്ചിരിക്കുന്നത്. ഇത് മനുഷ്യർക്ക്‌ കഴിക്കാൻ കൊള്ളുമോ, എനിക്കെങ്ങും വേണ്ടാ ഈ തോരൻ.

എനിക്കും മീൻ മാത്രം മതി.ആദിത്യൻ പറഞ്ഞു.

എന്റെ പോന്നുകൊച്ചേ നീ
മീര ചെയ്യുന്നത് കാണാറില്ലേ. ഒരു ചാറുകറിയും, നല്ല എണ്ണ കിനിയുന്ന മെഴുക്കുപുരട്ടിയും, പോർക്കോ അല്ലെങ്കിൽ ബീഫോ നല്ല എരുവിൽ ഉണ്ടാക്കിയതും അല്ലെങ്കിൽ ചിക്കൻ ചെറിയ കഷ്ണങ്ങൾ ആക്കി നല്ല മൊരിച്ചെടുത്തതോ ഒക്കെ കാണും ഉച്ചയൂണിന്.

ഇതെന്തോന്ന് ചുമ്മാ മീൻ വറുത്തതും പപ്പായയും.ഇതുകൂട്ടി എങ്ങനെ ചോറുണ്ണും?

രണ്ടാളും കഴിച്ച് കഴിയുന്നത് വരെ അവൾ ഒന്നും മിണ്ടിയില്ല.

കഴിച്ച് കഴിഞ്ഞ് രണ്ടാളും കൈ കഴുകിക്കൊണ്ട് നിന്നപ്പോൾ അവൾ അടുത്തേക്ക് ചെന്നു.

അച്ഛാ.. കറി വയ്ക്കാനുള്ള സാധനങ്ങൾ ഒക്കെ തീർന്നു.

അതിന്

അതിനെന്താ അച്ഛനോ അല്ലെങ്കിൽ ആദിയോ വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങണം.

അതിന് എന്റെ കയ്യിൽ കാശൊന്നും ഇല്ല. ആദി കൈ മലർത്തി.

എന്നാൽ അച്ഛൻ വാങ്ങണം.

ഞാൻ അല്ലല്ലോ സാദാരണ വാങ്ങാറ്. അതൊക്കെ മീര വാങ്ങിക്കോളും.

നാണമുണ്ടോ ആറടി പൊക്കോം, അതിനൊത്ത വണ്ണോം ഉണ്ടല്ലോ രണ്ടാൾക്കും, ഒരു ജോലിയും കൂലിയും ഇല്ലാതെ, ഒരു സ്ത്രീ ഒറ്റയ്ക്ക് കഷ്ട്ടപ്പെട്ടു സാമ്പത്തിക്കുന്നത് തിന്നു മുടിക്കാൻ ഒരുളുപ്പും തോന്നുന്നില്ലേ നിങ്ങൾക്ക്. ജ്വാല രോഷത്തോടെ ചോദിച്ചു.

നിന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നതൊന്നും അല്ലല്ലോ? ആദി ചോദിച്ചു.

അല്ല എന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്നതല്ല. ശരിയാണ്. പക്ഷെ നിങ്ങൾ രണ്ടാളും ഉണ്ടാക്കിയതാണോ അല്ലല്ലോ.

അമ്മ ഇങ്ങനെ കിടന്ന് കഷ്ട്ടപ്പെടുന്നത് കണ്ടിട്ടും. നിങ്ങൾക്ക് എങ്ങനെ കഴിയുന്നു, ഒന്നും കണ്ടില്ലെന്ന് നടിക്കാൻ??

നീ നിന്റെ കാര്യം നോക്ക് കൊച്ചേ, അച്ഛൻ മുറിയിലേക്ക് പോയി.

ആദി ദേഷ്യത്തോടെ അവളെ നോക്കിയിട്ട് മൊബൈലിലേക്ക് മുഖം പൂഴ്ത്തി.

ജ്വാലയുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു.

**************
ടെക്സ്റ്റയിൽ ഷോപ്പിൽ എത്തിയപ്പോഴേക്കും മീര വല്ലാതെ തളർന്നിരുന്നു. ആരോഗ്യകേന്ദ്രത്തിൽ രാവിലെ മുതൽ ഉച്ചവരെ നല്ല തിരക്കായിരുന്നു. കാലാവസ്ഥ മാറ്റം കാരണം ആകണം മിക്കവർക്കും പനിയും ചുമയും.

അവിടുത്തെ ജോലി കഴിഞ്ഞ്, കിട്ടിയ ബസിൽ കയറി ഇവിടെ എത്തുമ്പോഴേക്കും മടുക്കും.

ഷോപ്പിൽ അഞ്ച് സ്റ്റാഫ് ഉണ്ട്‌. അതിൽ ബിൻസി തുടക്കം മുതൽ കൂടെയുള്ള ആളാണ്.ബില്ലിന്റെയും, ക്യാഷിന്റേയും കാര്യങ്ങൾ അവൾ നോക്കും.കൃത്യമായി കണക്കുകൾ സൂക്ഷിക്കുകയും പണം ഏൽപ്പിക്കുകയും ചെയ്യും.

അവളാണ് എല്ലാം നോക്കി നടത്തുന്നത്.
കഴിവുള്ള കുട്ടിയാണ് അതുകൊണ്ട് എല്ലാം അവളെ ഏൽപ്പിച്ചിരിക്കുകയാണ്.

ബാക്കിയുള്ള മൂന്ന് സെയിൽസ് ഗേൾസ്‌ ഈയിടെ വന്നവരാണ്.

സ്വന്തം ഷോപ്പ് പോലെ അവരൊക്കെ നോക്കി നടത്തുന്നുണ്ട് എന്നത് വല്യ ആശ്വാസം തന്നെയാണ്.

മീര കസേരയിലേക്ക് ഇരുന്നു.വല്ലാത്ത തല വേദന തോന്നുന്നു. എന്ന് തീരുമോ എന്തോ ഈ ഓട്ടം.

കടയിൽ അത്യാവശ്യം തിരക്കുണ്ട്.

ഏഴ് മണിക്കുള്ള ബസിൽ പോയാലെ വീട്ടിൽ എത്തി ബാക്കിയുള്ള വീട്ട് ജോലികൾ ചെയ്യാൻ ഒക്കൂ.

ഇപ്പോൾ ജ്വാല വീട്ടിൽ ഉള്ളതാണ് ആശ്വാസം. പണികൾ മിക്കതും അവൾ ചെയ്ത് വയ്ക്കും. എങ്കിലും നന്ദേട്ടന് കറികൾ ഒക്കെ ഞാൻ തന്നെ ഉണ്ടാക്കി കൊടുക്കണം. അതും എത്ര കൂട്ടം ഉണ്ടാക്കണം. ചിലപ്പോൾ തോന്നും എങ്ങോട്ടെങ്കിലും ഇറങ്ങി പോകാൻ.

തല പെരുക്കുന്നത് പോലെ അവൾ നെറ്റിയിൽ തിരുമ്മി.

എന്ത് പറ്റി മേഡം തല വേദന ഉണ്ടോ? ബിൻസി ചോദിച്ചു.

ഉം ചെറുതായി തലവേദനിക്കുന്നു.

എങ്കിൽ മേഡം വീട്ടിൽ പൊയ്ക്കോ, ഞാൻ ഒരു എട്ടര ഒൻപത് ഒക്കെ ആകുമ്പോഴേക്കും ഷോപ്പ് അടച്ചോളാം.

എന്നാൽ അങ്ങനെ ആകട്ടെ.

മീര ബസ് നോക്കി നിന്നപ്പോഴേക്കും, ഒരു കാർ അടുത്തു വന്ന് നിർത്തി

അമ്മേ… വാ… ജ്വാല ഗ്ലാസ്സ് തഴ്ത്തി വിളിച്ചു

ആഹാ മോളാണോ? കാർ കണ്ടിട്ട് എനിക്ക് മനസിലായില്ല കേട്ടോ.

എന്ത് പറ്റി അമ്മയുടെ മുഖത്ത് ഒരു വാട്ടം?

ഹേയ് ഒന്നുമില്ല.

അതെ…. എന്നും ഈ ഓട്ടം അല്ലേ. റസ്റ്റ്‌ ഇല്ലല്ലോ അമ്മക്ക്.

പോടീ കൊച്ചേ അവിടുന്ന്.

നമുക്കെ കടയിൽ കയറണം കേട്ടോ. വീട്ടിലെ സാധനങ്ങൾ ഒക്കെ തീർന്നിരിക്കുവാ. മീര പറഞ്ഞു.

സാധനങ്ങൾ ഒന്നും വാങ്ങണ്ട. ഇപ്പോൾ നമുക്ക് പോയി ഓരോ ജ്യൂസ്‌ കുടിക്കാം.എന്നിട്ട് നമുക്ക് ഇവിടൊക്കെ ഒന്ന് കറങ്ങാം. രാത്രിയിൽ ഇങ്ങനെ കറങ്ങി നടക്കാൻ എന്ത് രസമാണെന്നോ.

അയ്യോ അപ്പോൾ വീട്ടിലെ കാര്യങ്ങളോ?

വീട്ടിൽ ഞാൻ ചോറും മീൻവറുത്തതും, പപ്പായ തോരനും വച്ചിട്ടുണ്ട്. വേണമെങ്കിൽ അതവർ കഴിച്ചോളും.

അപ്പോൾ മോൾ അവർക്കിട്ടുള്ള പണി തുടങ്ങി അല്ലേ?

ഇതൊക്കെ നേരത്തെ നോക്കണ്ടതായിരുന്നു എന്റെ അമ്മക്കുട്ടി… അവൾ അവരുടെ മൂക്കിൽ പിടിച്ചു .
ഈ പാവത്തിനെ ഇട്ട് പറ്റിച്ചവർ സുഖിച്ചു ജീവിക്കുവല്ലേ, ഇനി ഇത്തിരി കഷ്ടപ്പെടട്ടെ.

ഉം…. മോളേത്ര നോക്കിയാലും അവർ മാറില്ല.

നമുക്ക് നോക്കാംന്നേ…

പിന്നെ,ഇന്നൊരു സംഭവം ഉണ്ടായികേട്ടോ.

എന്താ? അവർ ആകാംഷയോടെ ചോദിച്ചു.

അച്ഛനും മോനും കൂടെ രാവിലെ ചായ ഉണ്ടാക്കി. അതും തേയിലപ്പൊടി ഇട്ടതാണ് രസം, നമ്മൾ തോരനൊക്കെ വിളമ്പുന്ന സ്പൂൺ ഇല്ലേ, അതിന് രണ്ട് സ്പൂൺ നിറയെ പൊടിയൊക്കെ ഇട്ട് ഒരു ഗ്ലാസ്സ് വെള്ളമേ എടുത്തുള്ളൂ കേട്ടോ എന്നിട്ട് അത്രേം പൊടിയുമിട്ട് അരസ്പൂൺ പഞ്ചസാര ഒക്കെയിട്ട് ഒരു കറുകറുത്ത മിശ്രിതം…

അച്ചൻ കുടിക്കുന്നതും കണ്ടു, തുപ്പുന്നതും കണ്ടു.

അച്ഛൻ എന്നിട്ട് ചായക്കടയിൽ പോയാണ് കുടിച്ചത്.

മീര വാ പൊത്തി ചിരി അടക്കിപിടിക്കാൻ നോക്കിയിട്ടും ചിരിയുടെ ഒരു ചീള് പുറത്തേക്ക് തെറിച്ചു.
പിന്നെ പിടിവിട്ടവർ ഉറക്കെ ചിരിച്ചു. ചിരിച്ചു ചിരിച്ചു കവിളുകൾ ചുവന്നു, കണ്ണുകൾ നിറഞ്ഞു.

അയ്യോ എന്റെ പൊന്നു മോളേ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു.

നീയൊരു മിടുക്കി തന്നെയാ.

ഉം… അങ്ങനെ പറ.

ഇപ്പോൾ തലവേദന എങ്ങനുണ്ട് അമ്മേ

അതൊക്കെ നിന്നെ കണ്ടപ്പോൾ തന്നെ പോയി.

അവർ പുറത്തേക്കു നോക്കി… വെളിച്ചത്തിൽ കുളിച്ച നഗരം. ഒറ്റക്കും,കൂട്ടമായിട്ടും, പെൺകുട്ടികളും,ആൺകുട്ടികളുമൊക്കെ നടക്കുന്നു.

സൗഹൃദത്തിന്റെ, പങ്ക് വയ്ക്കലിന്റെ ഒക്കെ ലോകത്തിൽ അവരൊക്കെ എന്തൊരു സന്തോഷത്തിൽ ആണ്.

അമ്മേ….

എന്താ മോളേ.?

ഞാനൊരു കാര്യം പറഞ്ഞാൽ അമ്മ സമ്മതിക്കുമോ?

എന്താ കുട്ടീ… കാര്യം പറ.

എനിക്കിപ്പോൾ ജോലി ഇല്ലല്ലോ. ഞാൻ ഷോപ്പിൽ, അവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കട്ടെ.?

ഞാനിത് മോളോട് ചോദിക്കാൻ ഇരിക്കുവായിരുന്നു.

ഉവ്വോ?

അതേന്ന്…
ആദിത്യനോടും, നന്ദേട്ടനോടും പറഞ്ഞു മടുത്തു. രണ്ടാളും അത് നോക്കി നടത്തില്ല.

മോൾക്ക്‌ പറ്റുമെങ്കിൽ മോള് നോക്കി നടത്തു. അമ്മക്ക് അത് വല്യ ആശ്വാസം ആകും.

എങ്കിൽ നാളെ മുതൽ ഞാൻ വന്നോളാം അമ്മേ.

പിന്നെ ഒരു കാര്യം

ന്താ

ശമ്പളം എന്നോട് ചോദിക്കരുത് കേട്ടോ.

ഓ… ശരി മേഡം. അവൾ ചിരിച്ചു.

കൂടെഅമ്മയും.

**********
തുടരും