22/04/2026

അപ്പൊ ഉണ്ണിയേട്ടൻ പോകാൻ തന്നെ തീരുമാനിച്ചൂലേ….?അമ്മുവിന്റെ സ്വരം വിറച്ചു.അതെ, എനിക്കുവേണ്ടി കാത്തിരുന്ന് നിന്റെ ജീവിതം കൂടി തുലക്കണ്ട.

രചന: ജിഷസുരേഷ്

അപ്പൊ ഉണ്ണിയേട്ടൻ പോകാൻ തന്നെ തീരുമാനിച്ചൂലേ….?അമ്മുവിന്റെ സ്വരം വിറച്ചു.അതെ, എനിക്കുവേണ്ടി കാത്തിരുന്ന് നിന്റെ ജീവിതം കൂടി തുലക്കണ്ട.

നല്ല ആലോചന വന്നാൽ നീ സമ്മതിക്കണം.

എനിക്കു പോയേ പറ്റൂ.
നിനക്കറിയാലോ എന്റെ ഏറ്റവും വലിയ സ്വപ്നമാണ് അമേരിക്കയിലൊരു ജോലിയെന്നത്.

എനിക്കറിയാം എന്റെ പഠനത്തിനായി നീയൊരുപാടു കഷ്ടപ്പെട്ടിട്ടുണ്ടെന്ന്.

മറക്കില്ല ഞാനത്. അതിന്റെ പത്തിരട്ടിയായി ഞാനത് തിരിച്ചു തരും.

അവളെ നോക്കാതെയായിരുന്നു ഉണ്ണിയത് പറഞ്ഞത്.

നിറഞ്ഞ കണ്ണുകൾ അവൻ കാണാതെ തുടച്ച് അവൾ തിരിഞ്ഞു നടന്നു.
മുറിയിൽ വേദനയോടെ അപ്പച്ചി നിൽപ്പുണ്ടായിരുന്നു. അപ്പച്ചി പറഞ്ഞാൽ അനുസരിക്കുന്ന മകനിൽ നിന്ന് ഏറെ മാറിപ്പോയിരുന്നു ഉണ്ണിയേട്ടൻ.

പടിയിറങ്ങി നടക്കുമ്പോൾ കൂട്ടിൽ കിടന്ന് കൈസർ അവളെ നോക്കി ചിണുങ്ങിക്കുരച്ചു.

ഉണ്ണിയേട്ടനു വേണ്ടി തുലച്ച തന്റെ ജീവിതത്തെയോർത്ത് അപ്പോഴാദ്യമായി അവൾക്ക് നിന്ദ തോന്നി.

ഒരു മൃഗത്തിന് പോലും ഇത്രക്കും നന്ദികേട് ചെയ്യാനാവില്ല.

അമ്മൂ…. എനിക്ക് നിന്നെയൊന്നൊറ്റക്ക് കാണണമെന്നു പറഞ്ഞപ്പോൾ ഉണ്ണിയേട്ടൻ തങ്ങളുടെ വിവാഹക്കാര്യമായിരിക്കും പറയാൻ പോകുന്നതെന്നാണ് കരുതിയത്.

തളരുന്ന പാദങ്ങളോടെ വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ ഉമ്മറവാതിൽക്കൽ തന്നെ ശ്രീയേട്ടൻ നിൽക്കുന്നത് കണ്ടു. ആ മുഖത്ത് പരിഹാസമായിരുന്നില്ല. പകരം അനിയത്തിയോടുള്ള സഹതാപമായിരുന്നു.

അവൻ പോകാൻ തന്നെ തീരുമാനിച്ചൂലേ…..?

ഉം.. അമ്മു വേദനയോടെ മൂളി.

നീയവനുവേണ്ടി ജീവിതം ഹോമിക്കുന്നത് കണ്ടപ്പഴേ ഞാൻ പറഞ്ഞതല്ലേ… അവസാനം നീ കഷ്ടപ്പെടുന്നതു മാത്രമേ മിച്ചമുണ്ടാവൂന്ന്.

അന്നേരം നീ പറഞ്ഞു. അവൻ അന്യനൊന്നുമല്ലല്ലോ, നമ്മുടെ രക്തം തന്നെയല്ലേ അവന്റെ സിരകളിലൂടെയോടുന്നതെന്നല്ലേ.

അവൻ നമ്മുടെ അപ്പച്ചീടെ മോനൊക്കെത്തന്നെ , പക്ഷേ അവന്റച്ഛന്റെ തൽസ്വരൂപം തന്നെയാണവനും.

സ്വത്തും പണവും മോഹിച്ച് അപ്പച്ചിയെ മറന്ന് വേറൊരു സ്ത്രീക്കൊപ്പം അയാൾ പോയപ്പോൾ നമ്മുടെ അച്ഛനാണവരെ സംരക്ഷിച്ചത്.
അച്ഛൻ മരിച്ചശേഷം നീയും.

ഞാനും കുറേ സഹായിച്ചിട്ടുണ്ട്. പക്ഷേ അവനെ മനസ്സിലാക്കിയ അന്നു മുതൽ ഞാൻ നിർത്തി ആ പരിപാടി.

നിന്നോട് താക്കീതും നൽകി.

പക്ഷേ നിനക്കവനായിരുന്നു വലുത്.

ഏട്ടാ.. ദയവായി ഒന്നു നിർത്ത്. എനിക്കത് മനസ്സിലാക്കാൻ പറ്റിയില്ല. ഉണ്ണിയേട്ടന് ഡോക്ടറാവാനാണിഷ്ടം എന്നു പറഞ്ഞപ്പോൾ ഭാവിയിൽ എനിക്കു കൂടി പ്രയോജനപ്പെടുമെന്നു കരുതി.
കൊച്ചു നാളിലേ നീയവനുള്ളതാന്നു പറഞ്ഞ് എല്ലാവരും കൊതിപ്പിക്കയും ചെയ്തു. അമ്മു തേങ്ങിക്കരഞ്ഞു.

അച്ഛൻ മരിക്കുന്നതിനു മുൻപ് നിനക്കുവേണ്ടി ബാങ്കിലിട്ട പണവും, നിന്റെ കഠിനാദ്ധ്വാനത്തിന്റെ മൂക്കാൽപങ്കും നീയവനു നൽകി.

ഇന്നവൻ ഡോക്ടറായി.
അപ്പഴവന് നമ്മുടെ നാട്ടിലെ ജോലി പിടിക്കത്തില്ല പോലും. കൂട്ടത്തിൽ നിന്നേയും.
ഒരു പ്ലസ്ടു ടീച്ചർക്ക് ഡോക്ടറുടെ അത്രയും സ്റ്റാറ്റസ് ഇല്ലാലോ.

ഏട്ടാ മതിയാക്ക്. അമ്മ കേൾക്കും.

അമ്മുവെല്ലാം സഹിക്കും പക്ഷേ നമ്മുടമ്മ വേദനിക്കുന്നത് മാത്രം സഹിക്കൂല.
ഒന്നനങ്ങാൻ പോലുമാകാതെ കിടക്കയിൽ ജീവിതം ഹോമിക്കുകയാണാ പാവം.

ഞാൻ ചെല്ലട്ടെ. അമ്മയെ തുടപ്പിച്ച്, കഞ്ഞി കൊടുത്തിട്ട് വേണം സ്കൂളിലെത്താൻ.
കുട്ടികൾക്ക് എക്സാം തുടങ്ങാറായി.
കുറച്ച് പോർഷൻ കൂടി തീർക്കാനുണ്ട്.

എന്റെ ജീവിതദുഃഖങ്ങൾ അവരുടെ പഠിപ്പിനെ ബാധിക്കാൻ പാടില്ല.

ശ്രീക്കെന്നും ഒരൽഭുതം തന്നെയായിരുന്നു അമ്മുവെന്ന ആ അനുജത്തി. സ്വയമുരുകിക്കൊണ്ട് മറ്റുള്ളവർക്ക് വെളിച്ചമാവാൻ ശ്രമിക്കുന്ന അവളെക്കണ്ട് ഒരുപാട് പഠിക്കാനുണ്ടെന്ന് അയാൾക്കറിയാമായിരുന്നു. .

എല്ലാ കർത്തവ്യവും നിർവഹിച്ച് സ്കൂളിലേക്കോടുന്ന അനുജത്തിയെ നോക്കി അയാൾ ചിന്താഭാരത്തോടെ നിന്നു.

വൈകീട്ട് ഉണ്ണിയേട്ടന്റെ വീട്ടിൽ ചെറിയൊരു ഫംങ്ഷൻ വെച്ചിരുന്നു.
നാളത്തെ അമേരിക്കൻ യാത്രയുടെ വകയായി കൂട്ടുകാർക്കുള്ള ട്രീറ്റ്.
ഉണ്ണിയേട്ടൻ വീട്ടിലും വന്നിരുന്നു തന്നേയും, ശ്രീയേട്ടനേയും ക്ഷണിക്കാൻ.

താൻ വരുന്നില്ലെന്ന് പറഞ്ഞ് ശ്രീയേട്ടൻ ആദ്യമേയൊഴിഞ്ഞു.

തനിക്കും പോകാൻ തോന്നിയില്ല. രാത്രി പാടത്തിനക്കരെയുള്ള ഉണ്ണിയേട്ടന്റെ വീട്ടിൽ നിന്നുമുയർന്നു കേട്ട ആഹ്ളാദത്തിമർപ്പുകൾ കേട്ടുകൊണ്ട് അമ്മു ജാലകത്തിനരികെ ഇരുട്ടിലേക്കും നോക്കി ഹൃദയവേദനയോടെ നിന്നു.

രാത്രിയവൾ പല പ്രാവശ്യം ഞെട്ടിയുണർന്നു.
എത്ര നിയന്ത്രിച്ചിട്ടും നിലക്കാത്ത കണ്ണീർപ്രവാഹം അവളുടെ കിടക്കയെ നനച്ചുകൊണ്ടേയിരുന്നു.

പിറ്റേന്ന് സ്കൂളിലേക്ക് പോകവെ ആരവങ്ങളൊഴിഞ്ഞ് നിശബ്ദമായിക്കിടക്കുന്ന ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് നോക്കി അമ്മുവോർത്തു. ഉണ്ണിയേട്ടൻ പോയ്ക്കാണണം. രാവിലെ ഒൻപത് മണിക്കാണല്ലോ ഫ്ലെയ്റ്റ്. ആറുമണിക്കെങ്കിലും പുറപ്പെട്ടു കാണണം. ഉപരിപഠനവും ജോലിയുമൊക്കെയായി എത്രയോ വർഷങ്ങൾ അവിടെതന്നെയാണെന്നാണ് പറഞ്ഞത്.

പോവട്ടെ. ഉണ്ണിയേട്ടൻ നന്നാവട്ടെ. പാവം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

ഓരോന്നോർത്ത് കവലയിലെത്തിയപ്പോൾ ആളുകൾ അടക്കം പറഞ്ഞ് നിൽക്കുന്നത് കണ്ടു.
തനിക്കു മുൻപെ കട തുറക്കാൻ കവലയിലെത്തിയ ശ്രീയേട്ടനേയും അമ്മു അവർക്കരികിൽ കണ്ടു.
കട അടച്ച നിലയിൽ തന്നെയായിരുന്നു.

വല്ല സ്ട്രൈക്കുമാണോ ഭഗവാനേ..?
വേവലാതിയോടെ അമ്മു അവർക്കരികെയെത്തി.
അപ്പോഴാണ് അപ്പുറത്ത് ആക്സിഡന്റായിക്കിടക്കുന്ന വാഗണർ അവളുടെ കണ്ണിൽപ്പെട്ടത്.

ഉണ്ണിയേട്ടനെ യാത്രയാക്കാൻ അദ്ദേഹത്തിന്റെ കൂട്ടുകാരൻ കൊണ്ടു വന്ന വാഗണർ ഇന്നലെ മുറ്റത്ത് കിടന്നത് അവൾ കണ്ടിരുന്നു.

അവളൊരു നടുക്കത്തോടെ ഏട്ടനെ നോക്കി. ഏട്ടന്റെ പരിഭ്രാന്തമായ മുഖഭാവം അവളെ കൂടുതൽ പേടിപ്പെടുത്തി.

ഏട്ടാ.. ഉണ്ണിയേട്ടനെന്താ പറ്റിയേ…?
കരഞ്ഞുകൊണ്ടവളാ നെഞ്ചിലേക്ക് വീണു.

ഒന്നൂല്ലെടീ…… ചെറിയൊരാക്സിഡന്റ്.
നമുക്കാശുപത്രിലേക്ക് പോകാം. അയാളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.

അവരാശുപത്രിയിൽ ചെല്ലുമ്പോൾ അവനെ ഓപ്പറേഷൻ കഴിഞ്ഞ് , ഒബ്സർവേഷനിൽ വെച്ചിരിക്കയായിരുന്നു.
തലക്ക് നല്ല പരിക്കുണ്ട്. വലതു കൈ മുഴുവനും ചതഞ്ഞു പോയിരുന്നു. അത് മുറിച്ചു മാറ്റേണ്ടി വന്നുമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.

ഡോക്ടറുടെ മുൻപിൽ അമ്മു പൊട്ടിക്കരഞ്ഞു.
എന്റുണ്യേട്ടനെ എനിക്കു തിരികെത്തരണേന്നു പറഞ്ഞ്.

അവളുടെ കരച്ചിൽ ഹൃദയഭേദകമായിരുന്നു.

ശ്രീയും പ്രാർത്ഥിക്കയായിരുന്നു ആ ജീവനു വേണ്ടി.
അമ്മു പറഞ്ഞ പോലെ സ്വന്തം ചോരയെ അങ്ങനങ്ങ് ഉപേക്ഷിക്കുവാൻ ഒക്കുമോ.

നിസ്വാർത്ഥമായ സ്നേഹം ഈശ്വരനങ്ങനെ കണ്ടില്ലെന്ന് നടിക്കും…

പതിയെ പതിയെ ഉണ്ണി ജീവിതത്തിലേക്ക് തിരികെ വന്നു കൊണ്ടിരുന്നു.
അവന്റെ കൈകളിൽ ഡോക്ടർക്ക് നിരവധി മിനുക്കു പണികൾ നടത്തേണ്ടി വന്നെങ്കിലും, മുറിക്കേണ്ട അവസ്ഥ മാറി.

അവന്റെ ഓരോ ചലനത്തിനു പിന്നിലും അമ്മുവിന്റെ ത്യാഗത്തിന്റെ സമർപ്പണമായിരുന്നു.

മൂന്നു മാസത്തെ ആശുപത്രി വാസത്തിനൊടുവിൽ
അമ്മുവിന്റെ ചുമലിൽ പിടിച്ച് ആശുപത്രി വിടുമ്പോൾ ഉണ്ണി ശരിക്കും നീറിപ്പിടയുന്നുണ്ടായിരുന്നു. അവനവളുടെ കൈകൾ തന്റെ നെഞ്ചിലമർത്തി വിങ്ങിപ്പൊട്ടി…

അമ്മൂ മാപ്പ്.. എന്റെ അഹങ്കാരത്തിന് ഞാനതിനർഹനല്ലെങ്കിലും എന്നോട് ക്ഷമിക്ക്.

അമ്മുവിന്റെ നിറഞ്ഞ മിഴികളിൽ അവനൊരു കാരുണ്യക്കടൽ തന്നെ കണ്ടു.

ഉമ്മറത്ത് നിലവിളക്കുമായി നിന്ന അപ്പച്ചിയെക്കണ്ട് ഇരുവരും നിറഞ്ഞ മിഴികളോടെ നിന്നു.

ഇരുവരേയും ചേർത്ത് പിടിച്ച് അവരാ നിറുകയിൽ ചുംബിച്ചു. അനുഗ്രഹത്തിന്റെ ആശിർവാദത്തോടെ..